ജപ്പാനിലേക്ക് ‘ട്രമി’ ചുഴലിക്കാറ്റ്; വിമാന, ട്രെയിൻ ഗതാഗതം റദ്ദാക്കി

ടോക്കിയോ∙ മണിക്കൂറിൽ 216 കിലോമീറ്റർ വേഗത്തിൽ ജപ്പാനു നേരെ പാഞ്ഞടുക്കുന്ന ‘ട്രമി’ ചുഴലിക്കൊടുങ്കാറ്റ് ജപ്പാന്റെ നിയന്ത്രണത്തിലുള്ള ഒക്കിനാവ ദ്വീപിൽ ആഞ്ഞടിച്ചു. തെക്കൻ ജപ്പാനിൽ ഇന്നെത്തുന്ന ചുഴലി നാളെ കൂടുതൽ ശക്തിപ്രാപിച്ചേക്കും.

അതേസമയം കിഴക്ക്, പടിഞ്ഞാറൻ ജപ്പാനിൽ ശക്തമായ മഴ തുടരുകയാണ്. പുഴകൾ കരകവിഞ്ഞു. പടിഞ്ഞാറൻ ജപ്പാനിൽ 390 വിമാനസർവീസുകൾ റദ്ദാക്കി. ഒസാക്ക മേഖലയിലേക്കുള്ള ട്രെയിൻ ഗതാഗതവും നിർത്തിയതായി റെയിൽവേ അറിയിച്ചു. മുൻകരുതലായി കൻസായ് രാജ്യാന്തര വിമാനത്താവളം ഇന്നു മുതൽ അടച്ചിടും.

ഒക്കിനാവ ദ്വീപിൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള അപകടങ്ങളിൽ 17 പേർക്കു പരുക്കേറ്റു. 700 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. രണ്ടുലക്ഷം കുടുംബങ്ങൾക്കുള്ള വൈദ്യുതിബന്ധം സുരക്ഷാകാരണങ്ങളാൽ വിച്ഛേദിച്ചു. കൊടുങ്കാറ്റിൽ മരങ്ങൾ വീഴുകയും പെരുമഴയിൽ രാക്ഷസത്തിരകൾ തീരത്തേക്ക് അടിച്ചുകയറുകയും ചെയ്യുന്നുണ്ട്.