ജക്കാർത്ത ∙ ഇന്തൊനീഷ്യയിൽ ഒരാഴ്ച മുൻപുണ്ടായ ഭൂകമ്പത്തിലൂം സൂനാമിയിലും മരിച്ചവരുടെ എണ്ണം 1571 ആയി. ബലറോവയിൽ സർക്കാർ ഭവനസമുച്ചയത്തിലെ ആയിരത്തോളം വീടുകളാണു മണ്ണിനടിയിലായത്. ചെളി മൂടിയ ഇവിടെ കാണാതായ ആയിരക്കണക്കിനാളുകളെ കണ്ടെത്തിയിട്ടില്ല. അവശിഷ്ടങ്ങൾക്കടിയിൽനിന്ന് ഇനി ആരെയെങ്കിലും ജീവനോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ മങ്ങി. വാരിപ്പുണർന്നു കിടക്കുന്ന നിലയിൽ സ്ത്രീയുടെയും പെൺകുഞ്ഞിന്റെയും മൃതദേഹങ്ങൾ സുലവേസി ദ്വീപിൽനിന്നു കണ്ടെടുത്തു.
തകർന്ന ദ്വീപുകളിൽ ദുരിതാശ്വാസത്തിനായി കാത്തിരിക്കുന്നത് രണ്ടു ലക്ഷം പേരാണ്. സംഘം ചേർന്നുള്ള കൊള്ള വ്യാപകമാണ്. വിദേശ സഹായം സ്വീകരിക്കാൻ സർക്കാർ ആദ്യം തയാറായില്ലെങ്കിലും ദുരന്തത്തിന്റെ വ്യാപ്തി ഭീകരമാണെന്നു വ്യക്തമായതോടെ വഴങ്ങുകയായിരുന്നു. ഇന്നലെ മുതൽ കൂടുതൽ രാജ്യാന്തര സഹായം എത്തിത്തുടങ്ങി. ദ്വീപുകളിൽ ചിലയിടങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. ബാങ്കുകളും കടകളും തുറന്നുതുടങ്ങി.