ഇന്തൊനീഷ്യ: മരണം 1944

ജക്കാർത്ത∙ ഇന്തൊനീഷ്യയിലെ സുലവെസി ദ്വീപിൽ സെപ്റ്റംബർ 28നുണ്ടായ ഭൂകമ്പത്തിലും സൂനാമിയിലും മരിച്ചവരുടെ എണ്ണം രണ്ടായിരത്തോട് അടുക്കുന്നു. 1944 മൃതദേഹങ്ങൾ വീണ്ടെടുക്കാനായെങ്കിലും 5000 പേരെ ഇനിയും കണ്ടെത്താനുണ്ട്. 11 വരെ തിരച്ചിൽ തുടരും. പൂർണമായി തകർന്ന പാലു നഗരത്തിലെ റോവ ഹോട്ടലിനടിയിൽനിന്ന് കഴിഞ്ഞദിവസം 27 മൃതദേഹങ്ങൾ കൂടി കിട്ടി. ദുരന്തസമയം ഹോട്ടലിൽ 50ലേറെ പേർ താമസമുണ്ടായിരുന്നു.

ദുരന്തത്തിനുശേഷം സ്കൂളുകൾ തുറന്നുവെങ്കിലും കുറച്ചു കുട്ടികൾ മാത്രമാണു ഹാജരായത്. പാലുവിൽ 9 സ്കൂളുകൾ തകർന്നു. 22 അധ്യാപകർ മരിച്ചു. 14 പേരെ കാണാതാവുകയും ചെയ്തു. തകർന്ന സ്കൂളുകൾക്കു പകരം 140 കൂടാരങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ദുരിതബാധിതർ 2 ലക്ഷത്തിലേറെവരും.