ഫെയ്സ്ബുക്: 12 കോടി വ്യക്തിവിവരങ്ങൾ ചോർന്നു; 81000 പേരുടെ സ്വകാര്യസന്ദേശങ്ങൾ പരസ്യപ്പെടുത്തി

ന്യൂയോർക്ക്∙ സെപ്റ്റംബറിൽ നടന്ന വ്യാപക നുഴഞ്ഞുകയറ്റത്തിൽ 12 കോടി പേരുടെ ഫെയ്സ്ബുക് അക്കൗണ്ടുകളിലെ മെസേജിങ് സൗകര്യത്തിലേക്കു കടന്നുകയറാൻ ഹാക്കർമാർക്ക് അവസരം ലഭിച്ചെന്നു റിപ്പോർട്ട്. യുക്രെയ്ൻ, റഷ്യ,യുകെ, യുഎസ്, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ അക്കൗണ്ടുകളാണു കൂടുതലായും ചോർന്നത്. ഇവയിൽ 81000 അക്കൗണ്ടുകളുടെ സ്വകാര്യചാറ്റ് സന്ദേശങ്ങൾ ഹാക്കർമാർ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയും ചെയ്തു.

തങ്ങളുടെ സുരക്ഷാസംവിധാനങ്ങളുടെ പിഴവു കൊണ്ടല്ല മറിച്ച് ബ്രൗസർ എക്സ്റ്റൻഷനുകൾ ഉപയോഗിച്ചാണു ഹാക്കിങ് നടന്നതെന്നു ഫെയ്സ്ബുക് വ്യക്തമാക്കി. ഇത്തരം എക്സ്റ്റൻഷനുകളെ ഒഴിവാക്കാൻ ബ്രൗസർ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫെയ്സ്ബുക് വൈസ് പ്രസിഡന്റ് ഗൈ റോസ് പറഞ്ഞു.