വെല്ലിങ്ടൻ∙ രണ്ടു വർഷം മുൻപുണ്ടായ ഭൂകമ്പത്തിന്റെ ആഘാതത്തിൽ ന്യൂസീലൻഡിലെ ദ്വീപുകൾക്കു സ്ഥാനചലനം. സൗത്ത് ഐലൻഡും നോർത്ത് ഐലൻഡും തമ്മിലുള്ള അകലം 35 കുറഞ്ഞു. സൗത്ത് ഐലൻഡിലെ നെൽസൻ നഗരം 20 മില്ലിമീറ്റർ കടലിൽ താണു. നോർത്ത് ഐലൻഡ് മെല്ലെ വടക്കോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നാണു ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. ദ്വീപുകൾ തമ്മിൽ 5 മീറ്ററോളം അടുത്തെന്ന് ആദ്യം കണ്ടെത്തിയിരുന്നു. സൗത്തിലെ മുനമ്പായ കേപ്പ് കാംബെലും നോർത്തിൽ രാജ്യതലസ്ഥാനമായ വെല്ലിങ്ടനും തമ്മിലുള്ള അകലം 35 സെന്റീമീറ്റർ കൂടി കുറഞ്ഞുവെന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ.
നോർത്തിലെ കൈകുറയിൽ 2016 നവംബറിലുണ്ടായ ഭൂകമ്പമാണു ഭൗമമാറ്റങ്ങൾക്കു കാരണമെന്നു സർക്കാർഗവേഷണ സ്ഥാപനമായ ജിഎൻഎസ് സയൻസിലെ ശാസ്ത്രജ്ഞർ പറയുന്നു റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം നോർത്ത് ഐലൻഡിന്റെ മധ്യം മുതൽ കുക്ക് സ്ട്രെയ്റ്റ് വരെയുള്ള 170 കിലോമീറ്റർ പ്രദേശത്താണ് അനുഭവപ്പെട്ടത്. 2 പേർ മരിക്കുകയും ഒട്ടേറെ പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഭൂകമ്പം 25 വിള്ളലുകളാണുണ്ടായത്. ദ്വീപുകളെ അടുപ്പിക്കാൻ തക്കവണ്ണം ആഘാതമുണ്ടാക്കിയത് ഇവയിൽ ഏതെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല.