ടോക്കിയോ∙ കൊഴുപ്പു കലകളിലെ മൂലകോശങ്ങളിൽനിന്ന് രക്തത്തിലെ പ്രധാന ഘടകങ്ങളിലൊന്നായ പ്ലേറ്റ്ലറ്റ് വികസിപ്പിച്ചെടുക്കാമെന്നു ശാസ്ത്രജ്ഞർ കണ്ടെത്തി. അർബുദ ചികിൽസയിൽ ഉൾപ്പെടെ വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിവയ്ക്കുന്നതാണ് ഈ കണ്ടുപിടിത്തം. ജപ്പാനിലെ കിയോ സർവകലാശാലയിലെ യുമികോ മാറ്റ്സുബാരയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് കണ്ടെത്തലിനു പിന്നിൽ.
രക്തം കട്ടപിടിക്കുന്നതിനു സഹായിക്കുന്ന ഘടകമായ പ്ലേറ്റ്ലറ്റ് ഇപ്പോൾ രക്തദാതാക്കളിൽനിന്നാണു ശേഖരിക്കുന്നത്. കീമോതെറപ്പിക്കു വിധേയരാകുന്നവർ ഉൾപ്പെടെയുള്ള അർബുദ രോഗികൾ, കരൾ രോഗികൾ തുടങ്ങിയവർക്കാണു പ്ലേറ്റ്ലറ്റ് കുത്തിവയ്ക്കേണ്ടി വരുന്നത്. എന്നാൽ, അണുബാധ മൂലവും കുത്തിവയ്ക്കുന്ന പ്ലേറ്റ്ലറ്റ് രോഗിയുടെ ശരീരം സ്വീകരിക്കാത്തതു കാരണവും ഒട്ടേറെ പ്രശ്നങ്ങൾ നിലവിൽ അഭിമുഖീകരിക്കുന്നുണ്ട്.
കൊഴുപ്പു കോശത്തിൽനിന്നു പരീക്ഷണ ശാലയിൽ വികസിപ്പിച്ചെടുക്കുന്ന പ്ലേറ്റ്ലറ്റിന് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. എലികളിൽ നടത്തിയ ആദ്യഘട്ട പരീക്ഷണം വിജയകരമായെന്നും സാധാരണ പ്ലേറ്റ്ലറ്റുകളെപ്പോലെ ഇവ പ്രവർത്തിച്ചെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.
പ്രതിവർഷം ലോകമെമ്പാടും കൈമാറ്റം ചെയ്യപ്പെടുന്നത് 45 ലക്ഷം പ്ലേറ്റ്ലറ്റ് യൂണിറ്റുകളാണ്. ഇവ മുഴുവൻ മനുഷ്യദാതാക്കളിൽനിന്നാണു കണ്ടെത്തുന്നത്.