ടെഹ്റാൻ ∙ ഇറാനെതിരെയുള്ള ഉപരോധത്തിൽ അമേരിക്ക ഇളവു വരുത്തിയില്ലെങ്കിൽ ഗൾഫിൽ നിന്നുള്ള എണ്ണ വ്യാപാരം തടയുമെന്ന ഭീഷണിയുമായി വീണ്ടും ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി. ഇറാന്റെ എണ്ണ കയറ്റുമതി തടയാൻ അമേരിക്കയ്ക്കാവില്ല എന്ന് അവർ മനസ്സിലാക്കണം. അതിനു ശ്രമിച്ചാൽ പേർഷ്യൻ ഗൾഫിൽ നിന്നുള്ള എണ്ണ കയറ്റുമതി പൂർണമായി നിലയ്ക്കും. – സെമ്നാൻ പ്രവിശ്യയിൽ റാലിയിൽ റൂഹാനി പറഞ്ഞു.
2015 ലെ ആണവക്കരാറിൽ നിന്ന് കഴിഞ്ഞ മേയിൽ പിന്മാറിയ യുഎസ് ഇറാനെതിരെ ഉപരോധം ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യ ഉൾപ്പെടെ 8 രാജ്യങ്ങൾക്കു ചെറിയ ഇളവ് അനുവദിച്ചിട്ടുണ്ടെന്നു മാത്രം. ഉപരോധത്തെ തുടർന്ന് ഇറാനിൽ നാണ്യപ്പെരുപ്പം 56% ആയി വർധിച്ചിട്ടുണ്ട്. യുഎസ് ഉപരോധം ഇറാൻ സർക്കാരിനെയല്ല ഇറാനിലെ പാവങ്ങളെയാണ് ബാധിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് ഇസാക്ക് ജഹാംഗിരി പറഞ്ഞു.