ടോക്കിയോ ∙ ജപ്പാൻ തീരത്തു പരിശീലനത്തിനിടെ അമേരിക്കൻ പോർവിമാനങ്ങൾ കൂട്ടിയിടിച്ചു കടലിൽ വീണ് 5 യുഎസ് മറീനുകളെ കാണാതായി. 2 പേരെ രക്ഷിച്ചു. ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കുന്നതിന്റെ പരിശീലനത്തിനിടെയാണ് എഫ്/എ 18 പോർവിമാനവും കെസി–130 റീഫ്യൂവലിങ് ടാങ്കറും കൂട്ടിയിടിച്ചു വീണത്. പോർവിമാനത്തിൽ 2 പേരും ടാങ്കറിൽ 5 പേരുമാണുണ്ടായിരുന്നത്.
തെക്കുപടിഞ്ഞാറൻ ജപ്പാനിലെ മുറോതോയിൽനിന്ന് 100 കിലോമീറ്റർ അകലെ കടലിൽ പ്രാദേശിക സമയം ഇന്നലെ പുലർച്ചെ 2 നായിരുന്നു അപകടം. പോർവിമാനത്തിലെ 2 പേരെയാണു രക്ഷിച്ചതെന്നു ജപ്പാൻ സൈനിക അധികൃതർ വ്യക്തമാക്കി. കാണാതായ 5 മറീനുകൾക്കായി ജപ്പാന്റെ 9 വിമാനങ്ങളും 3 കപ്പലുകളും തിരച്ചിൽ നടത്തുന്നുണ്ട്. തീരസേനയും രക്ഷാപ്രവർത്തനത്തിനുണ്ട്. കടലിൽ വീണ വിമാനവും ടാങ്കറും പിന്നീടു കണ്ടെത്തി തീരത്ത് തിരിച്ചെത്തിച്ചു.
ജപ്പാൻ സർക്കാർ ടിവിയായ എൻഎച്ച്കെ അപകടസ്ഥലത്തേക്ക് ഒരു ഹെലികോപ്റ്റർ അയയ്ച്ചെങ്കിലും കനത്ത മഞ്ഞും മഴയും മൂലം മടങ്ങിപ്പോന്നു. അരലക്ഷം യുഎസ് സൈനികരാണു ജപ്പാനിൽ തമ്പടിച്ചിട്ടുള്ളത്. 2013 നും 2017 നുമിടയിൽ യുഎസ് സൈനികർ അപകടത്തിൽ പെടുന്നത് 40% വർധിച്ചുവെന്നാണു കണക്ക്. ഇക്കാലയളവിൽ ആകെ 133 സൈനികർക്കു ജീവഹാനി സംഭവിച്ചു.