ജറുസലം ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച് ഓസ്ട്രേലിയയും; എംബസി മാറ്റം ഉടനെയില്ല

സിഡ്നി ∙ ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ ഓസ്ട്രേലിയയും അംഗീകരിച്ചു. എന്നാൽ എംബസി ടെൽ അവീവിൽനിന്ന് ഉടനെ അവിടേക്കു മാറ്റുന്നില്ലെന്നും പ്രധാനമന്ത്രി സ്കോട് മോറിസൻ വ്യക്തമാക്കി. കിഴക്കൻ ജറുസലം തലസ്ഥാനമായി പലസ്തീൻ രാഷ്ട്രം വരുന്നതിനെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ‍–പലസ്തീൻ സമാധാന കരാറുണ്ടായശേഷം എംബസി മാറ്റാനാണ് ഓസ്ട്രേലിയ ലക്ഷ്യമിടുന്നത്. അതുവരെ പ്രതിരോധ, വ്യാപാര ആവശ്യങ്ങൾക്കുള്ള ഓഫിസ് മാത്രം അവിടെ തുറക്കുമെന്നും മോറിസൻ പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയമാറ്റത്തെത്തുടർന്ന് യുഎസ് എംബസി കഴിഞ്ഞ മേയിൽ ജറുസലമിലേക്കു മാറ്റിയിരുന്നു. ജറുസലം തർക്കപ്രദേശമായതിനാൽ മറ്റു രാജ്യങ്ങളുടെ എംബസികളെല്ലാം പ്രവർത്തിക്കുന്നത് ടെൽ അവീവിലാണ്. ഓസ്ട്രേലിയയുടെ പ്രഖ്യാപനം നിരുത്തരവാദപരവും രാജ്യാന്തര നിയമങ്ങളുടെ ലംഘനവുമാണെന്ന് പലസ്തീൻ നേതൃത്വം പ്രതികരിച്ചു. ഓസ്ട്രേലിയയുടെ നയമാറ്റം സ്ഥിതിഗതികൾ കൂടുതൽ വഷളാകാനേ സഹായിക്കൂ എന്നാണ് അറബ് രാഷ്ട്രങ്ങളുടെ പ്രതികരണം.