Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോണൾ‍ഡ് ട്രംപിന്റെ ‌സ്ഥാനാരോഹണം പ്രമീള ജയപാലും ബഹിഷ്കരിക്കും

pramila-jayapal

വാഷിങ്ടൻ ∙ ജനപ്രതിനിധി സഭാംഗമായ ആദ്യ ഇന്ത്യൻ വംശജയും മലയാളിയുമായ പ്രമീള ജയപാൽ യുഎസ് പ്രസിഡന്റിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കില്ല. അമേരിക്കയുടെ ചരിത്രത്തെയും ജനാധിപത്യത്തെയും തകിടം മറിക്കുന്ന ഭാഷയും പ്രവൃത്തിയുമാണു നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റേതെന്നു പ്രമീള കുറ്റപ്പെടുത്തി. ട്രംപിന്റെ വിദ്വേഷപ്രസംഗരീതിയെ ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയായ പ്രമീള നേരത്തേയും വിമർശിച്ചിരുന്നു. കോൺഗ്രസിന്റെ സംയുക്ത സമ്മേളനം ഈമാസം ആദ്യം ചേർന്നപ്പോൾ ട്രംപിന്റെ വിജയപ്രഖ്യാപനത്തെ ചോദ്യംചെയ്തതു പ്രമീള മാത്രമായിരുന്നു.

തിരഞ്ഞെടുപ്പിനു ശേഷമെങ്കിലും ശൈലി മാറ്റി അമേരിക്കൻ ജനതയെ ട്രംപ് ഒന്നിപ്പിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാൽ അദ്ദേഹം നടത്തിയ കാബിനറ്റ് നിയമനങ്ങളും പ്രഖ്യാപനങ്ങളും അമേരിക്കൻ സാമൂഹികഘടനയെയും മൂല്യങ്ങളെയും ശിഥിലമാക്കുന്നതാണ്. പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിനു കക്ഷിഭേദമില്ലാതെ പങ്കെടുക്കുന്ന പരമ്പരാഗതരീതിയിൽനിന്നു താൻ പിന്മാറുന്നത് ഇത് അസാധാരണ സാഹചര്യമായതുകൊണ്ടാണെന്നും ഭരണഘടനാ മൂല്യങ്ങളെ മാനിക്കാത്ത ആളാണു ഭരണഘടനയെ സംരക്ഷിക്കുമെന്നു പറഞ്ഞ് 20നു സത്യവാചകം ചൊല്ലുന്നതെന്നും അവർ വിശദീകരിച്ചു.

ഇതിനകം രണ്ടു ഡസനോളം ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധികൾ വെള്ളിയാഴ്ച നടക്കുന്ന ചടങ്ങു ബഹിഷ്കരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. സിയാറ്റിലിൽനിന്നു വിജയിച്ച പ്രമീള പാലക്കാട് ഈശ്വരമംഗലം മുടവൻകാട് പുത്തൻവീട്ടിൽ എം.പി.ജയപാലിന്റെയും എഴുത്തുകാരി മായാ ജയപാലിന്റെയും മകളാണ്.

Your Rating: