Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലപാട് കടുപ്പിച്ച് ട്രംപ്; ഏഴ് ഇസ്‌ലാമിക രാഷ്ട്രങ്ങളിൽ നിന്നുള്ളവരെ വിലക്കിയേക്കും

trump-

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റതിനു പിന്നാലെ ദേശീയ നയങ്ങളിൽ അഴിച്ചുപണി നടത്തുന്ന ഡോണൾഡ് ട്രംപ്, യുഎസിലെത്തുന്ന അഭയാർഥികൾക്ക് വിലക്കേർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. സിറിയ ഉൾപ്പെടെ ഏഴു മുസ്‍ലിം രാജ്യങ്ങളിൽനിന്നുള്ളവരെ യുഎസിൽ പ്രവേശിക്കുന്നതിൽനിന്ന് സമ്പൂര്‍ണമായി വിലക്കുന്ന കാര്യം ട്രംപ് പരിഗണിക്കുന്നതായാണ് റിപ്പോർട്ട്.

ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ മുഖ്യമായ യുഎസ്-മെക്സിക്കോ അതിർത്തിയിൽ മതിൽ പണിയുന്നതിനും അദ്ദേഹം ഉടൻ തുടക്കം കുറിക്കുമെന്നാണ് വിവരം. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ചില സുപ്രധാന തീരുമാനങ്ങൾ ഉടനുണ്ടാകുമെന്ന് അടുത്തിടെ ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി അഭയാർഥികൾ യുഎസിലേക്ക് പ്രവേശിക്കുന്നത് നീണ്ട കാലത്തേക്കു വിലക്കുമെന്നാണ് സൂചന. ഇതിനു മുന്നോടിയായി നാലു മാസത്തേക്ക് അഭയാർഥികൾക്ക് അടിയന്തര വിലക്കേർപ്പെടുത്തും. അതേസമയം, മാതൃരാജ്യങ്ങളിൽനിന്നും പീഡനം നിമിത്തം രക്ഷപ്പെട്ടെത്തുന്ന ന്യൂനപക്ഷവിഭാഗക്കാർക്ക് യുഎസ് ആശ്രയമേകും.

ഏഴ് ഇസ്‌ലാമിക രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർക്ക് യുഎസിൽ വിലക്കേർപ്പെടുത്തുമെന്നും റിപ്പോർട്ടുണ്ട്. ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഉൾപ്പെടെയുള്ള ഭീകരർക്ക് ശക്തമായ വേരോട്ടമുള്ള സിറിയ, ഇറാഖ്, ഇറാൻ, സുഡാൻ, സൊമാലിയ, ലിബിയ, യെമൻ എന്നീ രാജ്യക്കാരെയാണ് വിലക്കുക. മെക്സിക്കോ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ക്കും ട്രംപ് ഉടൻ തുടക്കമിടും.

ചില സുപ്രധാന തീരുമാനങ്ങൾ ഉടൻ വരുന്നുവെന്ന സൂചന നൽകി ഡോണൾഡ് ട്രംപ് ചൊവ്വാഴ്ച രാത്രി ട്വിറ്ററിൽ ഒരു പോസ്റ്റിട്ടിരുന്നു. ‘ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് നാളെ പ്രധാന ദിവസമായിരിക്കും. മതിൽ പണിയുന്നതുൾപ്പെടെ ഒട്ടേറെ കാര്യങ്ങളിൽ തീരുമാനമെടുക്കും’ എന്നായിരുന്നു കുറിപ്പ്.

Your Rating: