മണ്ടേലയുടെ നാട്ടില്‍ അക്രമത്തിന്റെ അഴിഞ്ഞാട്ടം
അഹിംസയുടെ ആള്‍രൂപമായിരുന്ന രാഷ്ട്രപിതാവ് നെല്‍സന്‍ മണ്ടേലയുടെ ജന്മദിനം (ജൂലൈ 18) ദക്ഷിണാഫ്രിക്ക ഇത്തവണ അടയാളപ്പെടുത്തിയത് മുന്നൂറില്‍പ്പരം ആളുകളുടെ രക്തംകൊണ്ടാണ്. അതിനു മുന്‍പുള്ള ഒന്‍പതു ദിവസം രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ അക്രമവും അരാജകത്വവും അഴിഞ്ഞാടുകയായിരുന്നു. മണ്ടേലയുടെ ഒരു പിന്‍ഗാമിതന്നെ
അഹിംസയുടെ ആള്‍രൂപമായിരുന്ന രാഷ്ട്രപിതാവ് നെല്‍സന്‍ മണ്ടേലയുടെ ജന്മദിനം (ജൂലൈ 18) ദക്ഷിണാഫ്രിക്ക ഇത്തവണ അടയാളപ്പെടുത്തിയത് മുന്നൂറില്‍പ്പരം ആളുകളുടെ രക്തംകൊണ്ടാണ്. അതിനു മുന്‍പുള്ള ഒന്‍പതു ദിവസം രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ അക്രമവും അരാജകത്വവും അഴിഞ്ഞാടുകയായിരുന്നു. മണ്ടേലയുടെ ഒരു പിന്‍ഗാമിതന്നെ
അഹിംസയുടെ ആള്‍രൂപമായിരുന്ന രാഷ്ട്രപിതാവ് നെല്‍സന്‍ മണ്ടേലയുടെ ജന്മദിനം (ജൂലൈ 18) ദക്ഷിണാഫ്രിക്ക ഇത്തവണ അടയാളപ്പെടുത്തിയത് മുന്നൂറില്‍പ്പരം ആളുകളുടെ രക്തംകൊണ്ടാണ്. അതിനു മുന്‍പുള്ള ഒന്‍പതു ദിവസം രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ അക്രമവും അരാജകത്വവും അഴിഞ്ഞാടുകയായിരുന്നു. മണ്ടേലയുടെ ഒരു പിന്‍ഗാമിതന്നെ
അഹിംസയുടെ ആള്‍രൂപമായിരുന്ന രാഷ്ട്രപിതാവ് നെല്‍സന്‍ മണ്ടേലയുടെ ജന്മദിനം (ജൂലൈ 18) ദക്ഷിണാഫ്രിക്ക ഇത്തവണ അടയാളപ്പെടുത്തിയത് മുന്നൂറില്‍പ്പരം ആളുകളുടെ രക്തംകൊണ്ടാണ്. അതിനു മുന്‍പുള്ള ഒന്‍പതു ദിവസം രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ അക്രമവും അരാജകത്വവും അഴിഞ്ഞാടുകയായിരുന്നു. മണ്ടേലയുടെ ഒരു പിന്‍ഗാമിതന്നെ ഇതിനു കാരണക്കാരനായി എന്നതായിരുന്നു ദൗര്‍ഭാഗ്യകരമായ മറ്റൊരു വൈരുധ്യം.
പക്ഷേ, ഇത് ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍റെയും രാജ്യത്തിന്‍റെയും പ്രസിഡന്‍റായിരുന്ന ജേക്കബ് സൂമ കഴിഞ്ഞ മാസാവസാനത്തില്‍ കോടതിയലക്ഷ്യത്തിനു 15 മാസത്തെ തടവിനു ശിക്ഷിക്കപ്പെട്ടപ്പോള്‍തന്നെ കുഴപ്പം മണക്കാന്‍ തുടങ്ങിയിരുന്നു (ജൂലൈ മൂന്നിലെ വിദേശരംഗം-'നിയമക്കുരുക്കില്‍ ജേക്കബ് സൂമ'-കാണുക).
സൂമയെ അറസ്റ്റ് ചെയ്യാനെത്തുന്ന പൊലീസുകാരെ തടയുമെന്ന മട്ടില്‍ അദ്ദേഹത്തിന്‍റെ വസതിക്കു സമീപം അനുയായികള്‍ തടിച്ചുകൂടുകയായിരുന്നു.
സൂമ ജയിലിലായാല്‍ രാജ്യം തങ്ങള്‍ കത്തിക്കുമെന്നുവരെ അവരില്‍ ചിലര്‍ ഭീഷണി മുഴക്കിയിരുന്നുവത്രേ.
ശിക്ഷ അനുഭവിക്കുന്നതിനുവേണ്ടി അഞ്ചു ദിവസത്തിനകം ജോഹാന്നസ്ബര്‍ഗിലോ ക്വാസുലു-നറ്റാല്‍ പ്രവിശ്യയില്‍ അദ്ദേഹത്തിന്‍റെ വസതി സ്ഥിതിചെയ്യുന്ന എന്‍കാന്‍ഡ്ല പട്ടണത്തിലോ പൊലീസിനു മുന്‍പാകെ ഹാജരാകാനാണ് ജൂണ്‍ 29നു ഭരണഘടനാ കോടതി ആവശ്യപ്പെട്ടിരുന്നത്. ഹാജരാകാത്തപക്ഷം തുടര്‍ന്നുള്ള മൂന്നു ദിവസത്തിനകം അറസ്റ്റ് ചെയ്യാന്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അനുനിമിഷം സംഘര്‍ഷാവസ്ഥ മൂര്‍ഛിച്ചുകൊണ്ടിരിക്കേ എട്ടാം ദിവസമാണ് (ജൂലൈ ഏഴ്) സൂമ പൊലീസിനു കീഴടങ്ങിയത്. അടുത്ത ദിവസംതന്നെ ലഹള തുടങ്ങുകയും ചെയ്തു.
മുഖംമൂടി ധരിച്ച ആയുധധാരികള്‍ ക്വാസുലു-നറ്റാലിലും മറ്റൊരു പ്രവിശ്യയായ ഗോട്ടെങ്ങിലും റോഡുകളില്‍ ടയറുകള്‍ കത്തിച്ചിട്ട് ഗതാഗതം സ്തംഭിപ്പിക്കുകയും വാഹനങ്ങള്‍ക്കു തീവയ്ക്കുകയും ചെയ്തു. കടകമ്പോളങ്ങള്‍ പരക്കെ കൊള്ളയടിക്കപ്പെട്ടു. സൂപ്പര്‍മാര്‍ക്കറ്റുകള്‍ കയ്യേറിയവര്‍ ഭക്ഷണ സാധനങ്ങളും ടിവിയും കംപ്യൂട്ടറും ഫ്രിഡ്ജും ഫര്‍ണിച്ചറും മറ്റും ചുമന്നുകൊണ്ടു പോകുന്നത് പൊലീസുകാര്‍ നിസ്സഹായരായി നോക്കിനിന്നു. പല സ്ഥലങ്ങളിലും പൊലീസിന്‍റെ പൊടിപോലും ഉണ്ടായിരുന്നുമില്ല. ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്കൂളുകള്‍, ഫാക്ടറികള്‍, വേര്‍ഹൗസുകള്‍ എന്നിവയുടെ നേരെയും ആക്രമണമുണ്ടായി.
ഉത്തര മധ്യഭാഗത്തെ ഗോട്ടെങ് പ്രവിശ്യയിലാണ് രാജ്യത്തെ ഏറ്റവും വലിയ നഗരവും വാണിജ്യകേന്ദ്രമായ ജോഹാന്നസ്ബര്‍ഗും തലസ്ഥാനമായ പ്രിട്ടോറിയയും സ്ഥിതിചെയ്യുന്നത്. ഇന്ത്യാ സമുദ്ര തീരത്തുള്ള ക്വാസുലു-നറ്റാല്‍ പ്രവിശ്യയിലെ ഡര്‍ബാന്‍ ആഫ്രിക്കയിലെതന്നെ ഏറ്റവും വലിയ തുറമുഖമാണ്. ഈ നഗരങ്ങള്‍ അഭൂതപൂര്‍വമായ ആക്രമണങ്ങളില്‍ വിറകൊണ്ടു.
ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ വംശജരില്‍ ഭൂരിഭാഗവും (പത്തു ലക്ഷത്തിലേറെ) തലമുറകളായി താമസിക്കുന്നതു ഡര്‍ബാനിലാണ്. അവിടെ കൊല്ലപ്പെടുകയോ തങ്ങളുടെ ബിസിനസ് സ്ഥാപനങ്ങള്‍ കൊള്ളയടിക്കപ്പെടുന്നതിനു സാക്ഷ്യം വഹിക്കേണ്ടിവരികയോടെ ചെയ്തവരിലും ഒട്ടേറെ ഇന്ത്യക്കാരുണ്ട്. ഒന്നേകാല്‍ നൂറ്റാണ്ടു മുന്‍പ് ഗാന്ധിജി അഭിഭാഷകനായി പ്രവര്‍ത്തിച്ചിരുന്ന ഡര്‍ബാനില്‍ ഇന്ത്യക്കാര്‍ ആക്രമിക്കപ്പെടുന്നത് ഇതാദ്യവുമല്ല.
ക്രമസമാധാനം പാലിക്കാനായി പ്രസിഡന്‍റ് സിറില്‍ റാമഫോസയുടെ ഗവണ്‍മെന്‍റിനു പട്ടാളത്തെ വിളിക്കേണ്ടിവന്നു. കാല്‍ലക്ഷം ഭടന്മാരാണ് കുഴപ്പ ബാധിത പ്രദേശങ്ങളില്‍ അണിനിരന്നത്. 1994ല്‍ ദക്ഷിണാഫ്രിക്കയില്‍ കറുത്ത വര്‍ഗക്കാരുടെ ഭൂരിപക്ഷഭരണം നടപ്പായശേഷം ഒരിക്കലും ഇത്രയധികം പട്ടാളക്കാരെ സമാധാന പാലനത്തിനായി രംഗത്തിറക്കേണ്ടിവന്നിരുന്നില്ല. 2500 പേര്‍ അറസ്റ്റിലായി.
ആക്രമണം ഉണ്ടാകുമെന്നു ഭയന്നു പല സ്ഥലങ്ങളിലും തദ്ദേശവാസികള്‍ ഒത്തുകൂടി ആയുധങ്ങളുമായി ചെറുക്കാന്‍ ഒരുങ്ങിനിന്നിരുന്നു. അക്രമികളും അവരും തമ്മിലുള്ള സംഘട്ടങ്ങളിലും കവര്‍ച്ചയ്ക്കിടയിലെ അപകടങ്ങളിലും പൊലീസുമായുള്ള ഏറ്റുമുട്ടലിലുമായി മൊത്തം 337 പേര്‍ മരിച്ചുവെന്നാണ് ഏറ്റവും ഒടുവിലത്തെ ഔദ്യോഗിക വിവരം. 100 കോടിയിലേറെ ഡോളറിന്‍റെ നാശനഷ്ടങ്ങള്‍ ഉണ്ടായതായി കണക്കാക്കപ്പെടുന്നു.
ആഫ്രിക്കയിലെ ഏറ്റവും വ്യവസായവല്‍കൃതമായ രാജ്യമായിട്ടും ജനങ്ങള്‍ക്കിടയില്‍ ദാരിദ്ര്യവും, തൊഴിലില്ലായ്മയും വന്‍തോതില്‍ നിലനില്‍ക്കുകയാണ് ദക്ഷിണാഫ്രിക്കയില്‍. കോവിഡ് മഹാമാരിയുടെ വ്യാപനവും ആശങ്കയുണ്ടാക്കുന്നു. ലഹള മൂലമുണ്ടായ നാശനഷ്ടങ്ങള്‍ ഇതിന്‍റെയെല്ലാം സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കാനിടയുണ്ട്.
മണ്ടേലയുടെ നാട്, സദാ ഇളകിമറിഞ്ഞുകൊണ്ടിരിക്കുന്ന ആഫ്രിക്കയില്‍ സമാധാനത്തിന്‍റെയും ഭരണസ്ഥിരതയുടെയും പച്ചത്തുരുത്ത്, രാജ്യാന്തര നിക്ഷേപകര്‍ക്കു ധൈര്യപൂര്‍വം തങ്ങളുടെ പണം മുതല്‍മുടക്കാന്‍ പറ്റിയ സ്ഥലം എന്നിങ്ങനെയുള്ള ദക്ഷിണാഫ്രിക്കയുടെ പ്രതിഛായക്കുണ്ടായ ക്ഷതത്തിന്‍റെ കണക്കും വരാനിരിക്കുന്നതേയുള്ളൂ.
ജനാധിപത്യ ഭരണം നടപ്പായതിനുശേഷമുള്ള 27 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഈ കലാപം പെട്ടെന്നുണ്ടായ വികാര പ്രകടനമല്ലെന്നും ആസൂത്രിതമായ ഒരു പരിപാടിയുടെ ഭാഗമാണെന്നുമാണ് പ്രസിഡന്‍റ് സിറില്‍ റാമഫോസ കരുതുന്നത്. മൂന്നു വര്‍ഷം മാത്രം പ്രായമായ തന്‍റെ ഗവണ്‍മെന്‍റിനെ അട്ടിമറിക്കുകയായിരുന്നു ഇതിന്‍റെ ഉദ്ദേശ്യമെന്നും അദ്ദേഹം ആരോപിക്കുന്നു. മുന്‍ പ്രസിഡന്‍റ് സൂമയുടെ പേര് അദ്ദേഹം എടുത്തുപറഞ്ഞില്ലെങ്കിലും പ്രതിസ്ഥാനത്ത് അദ്ദേഹം കാണുന്നതു സൂമയെയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
എഴുപത്തൊന്‍പതുകാരനായ സൂമ ഒന്‍പതു വര്‍ഷം (2009-2018) പ്രസിഡന്‍റും അതിനുമുന്‍പ് ഡപ്യൂട്ടി പ്രസിഡന്‍റുമായിരുന്നു. അക്കാലത്തു നടന്നതായി ആരോപിക്കപ്പെടുന്ന അഴിമതികളെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടന്നുവരികയാണ്. ഗുപ്ത സഹോദരന്മാര്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ വംശജരായ വ്യവസായികളെ വഴിവിട്ടു സഹായിക്കുകയും അവരില്‍നിന്നു പ്രത്യുപകാരങ്ങള്‍ സ്വീകരിക്കുകയും ചെയ്തു, രാജ്യത്തിനുവേണ്ടിയുള്ള ആയുധ ഇടപാടില്‍ കമ്മിഷന്‍ വാങ്ങി, എന്‍കാന്‍ഡ്ലയിലെ സ്വന്തം വീട്ടിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി പൊതൂഖജനാവില്‍നിന്നു വന്‍തുക ചെലവാക്കി എന്നിവ ആരോപണങ്ങളില്‍ ഉള്‍പ്പെടുന്നു. ബലാല്‍സംഗക്കേസും ഉണ്ടായിരുന്നുവെങ്കിലും അതു തള്ളിപ്പോയി.
ആരോപണങ്ങള്‍ സൂമ നിഷേധിക്കുന്നു. എങ്കിലും, തന്‍റെ ഭരണത്തിന്‍റെ അവസാന ഘട്ടത്തില്‍ പ്രതിപക്ഷത്തിന്‍റെയും സ്വന്തം പാര്‍ട്ടിയുടെതന്നെയും സമ്മര്‍ദ്ദത്തിനു വഴങ്ങി അദ്ദേഹം അഴിമതിയാരോപണങ്ങള്‍ ജുഡീഷ്യല്‍ അന്വേഷണത്തിനു വിട്ടു. പക്ഷേ, ജസ്റ്റിസ് റെയ്മന്‍ഡ് സോണ്‍ഡോയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷനുമായി സഹകരിച്ചില്ല.
കമ്മിഷന്‍ മുന്‍പാകെ ഒരു തവണ ഹാജരായി കുറ്റം നിഷേധിച്ചശേഷം വീണ്ടും ഹാജരാകാന്‍ സൂമ വിസമ്മതിക്കുകയായിരുന്നു. കമ്മിഷന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നു ഭരണഘടനാ കോടതി ഇടപെട്ടപ്പോള്‍ കോടതിയില്‍ ഹാജരായി തന്‍റെ ഭാഗം വിശദീകരിക്കാനും കൂട്ടാക്കിയില്ല. ജുഡീഷ്യല്‍ അന്വേഷണത്തെയും കോടതിയുടെ നിഷ്പക്ഷതയെയും ചോദ്യം ചെയ്യുന്ന പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. ഇതിന്‍റെ പേരിലാണ് ജൂണ്‍ 29നു കോടതി അദ്ദേഹത്തെ കോടതിയലക്ഷ്യക്കുറ്റത്തിനു ശിക്ഷിച്ചത്.
സൂമയെ 15 മാസത്തെ തടവിനു ശിക്ഷിച്ചപ്പോള്‍തന്നെ ഇത്രയും ഭീകരമായ ലഹള പൊട്ടിപ്പുറപ്പെട്ട സ്ഥിതിക്ക് അഴിമതിക്കേസുകളില്‍ കുറ്റക്കാരനായി കാണുകയും ദീര്‍ഘകാലത്തെ തടവുശിക്ഷ വിധിക്കുകയും ചെയ്താലുള്ള അവസ്ഥയോര്‍ത്ത് ദക്ഷിണാഫ്രിക്ക ഇപ്പോള്‍തന്നെ നടുങ്ങുന്നുണ്ടാവണം. ലഹളയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഉദ്ദേശിച്ചതും അതുതന്നെയാണെന്നു കരുതുന്നവരുണ്ട്.
നെല്‍സന്‍ മണ്ടേല നേതൃത്വം നല്‍കിയിരുന്ന ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിലെ രണ്ടു പ്രബല വിഭാഗങ്ങള്‍ തമ്മിലുള്ള വടംവലിയും ഈ സംഭവവികാസങ്ങള്‍ക്കു പിന്നില്‍ പലരും കാണുന്നു. ഈ വിഭാഗങ്ങളെ പ്രതിനിധീകരിക്കുകയാണ് സൂമയും അദ്ദേഹത്തെ തുടര്‍ന്നു 2018ല്‍ പ്രസിഡന്‍റായ റാമഫോസയും. ഇരുവരും മണ്ടേലയുടെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകരായിരുന്നു.
ട്രേഡ് യൂണിയന്‍ നേതാവായിരുന്ന റാമഫോസ (68) കുറച്ചുകാലം പൊതുരാഗത്തുനിന്നു മാറിനില്‍ക്കുകയും ബിസിനസുകാരനാവുകയും അങ്ങനെ കോടികള്‍ സമ്പാദിക്കുകയും ചെയ്തു. രാഷ്ട്രീയത്തില്‍ തിരിച്ചെത്തിയശേഷം പാര്‍ട്ടിയുടെയും രാജ്യത്തിന്‍റെയും വൈസ്പ്രസിഡന്‍റായി. അന്നുമുതല്‍ക്കേ സൂമയുമായി ഇടയുകയായിരുന്നു. മുഖ്യകാരണം സൂമയ്ക്കെതിരായ അഴിമതിക്കേസുകള്‍തന്നെ.
രാജ്യത്തിന്‍റെ പ്രസിഡന്‍റാകുന്നതിനു മുന്നോടിയായി 2017ല്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്കു മല്‍സരിച്ചപ്പോള്‍ റാമഫോസ ഏറ്റുമുട്ടിയത് സൂമയുടെ മുന്‍ഭാര്യയും മുന്‍മന്ത്രിയുമായ ഡോ. എന്‍കോസസാന ദ്ളാമിനി സൂമയുമായിട്ടാണ്. അവര്‍ സൂമയുടെ ബെനാമിയാണെന്നായിരുന്നു ആരോപണം. പ്രസിഡന്‍റായിരുന്ന സൂമ നാടുനീളെ സഞ്ചരിച്ചു അവര്‍ക്കുവേണ്ടി പ്രചാരണം നടത്തുകയും ചെയ്തു. നേരിയ ഭൂരിപക്ഷത്തോടെയാണ് റാമഫോസ ജയിച്ചത്.
റാമഫോസയെ പോലുള്ളവര്‍ ജനങ്ങളില്‍ ഭൂരിപക്ഷമായ കറുത്ത വര്‍ഗക്കാരുടെ പ്രശ്നങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നും അതേസമയം അവരുടെ കുറ്റങ്ങള്‍ പെരുപ്പിച്ചു കാണിക്കുന്നുവെന്നും സൂമപക്ഷക്കാര്‍ കുറ്റപ്പെടുത്തുന്നു. മുന്‍പ് രാജ്യം ഭരിച്ചിരുന്ന വെള്ളക്കാരുടെ ചൂഷണം ഇപ്പോഴും നിര്‍ബാധം തുടരുകയാണെന്ന പരാതിയും അവര്‍ക്കുണ്ട്. ഇതൊന്നും ഇനി അനുവദിക്കില്ലെന്ന് അവര്‍ ആണയിടുന്നു.
സൂമയുടെ അഴിമതിക്കു വെള്ളപൂശാനുള്ള ശ്രമമാണ് ഈ ആരോപണങ്ങളെന്നു മറുപക്ഷവും വാദിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്‍റെ പരിസമാപ്തി എന്തായിരിക്കുമെന്ന ചിന്തയില്‍ ശ്വാസമടക്കിപ്പിടിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്ക.
ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
Content Summary : Videsharangom - What is happening in South Africa riots after Jacob Zuma's arrest