നാവിലൂടെ അറിയാൻ കഴിയുന്ന ആഹാരത്തിന്റെ അനുഭവമാണ് രസം അഥവാ രുചി. കാലം മുന്നോട്ടു കടന്നാലും ന്യൂജനറേഷൻ രസക്കൂട്ടുകൾ പിറവിയെടുത്താലും മിക്കവർക്കും പ്രിയം തനിനാടൻ രുചിക്കൂട്ടുകളോടാണ്. അതിനു ഉത്തമ ഉദാഹരണമാണ് നഗരത്തിൽ ഉയർന്നുപൊങ്ങുന്ന നാടൻ ഭക്ഷണശാലകളും രുചിയൊരുക്കുന്ന ഷാപ്പുകളും. നല്ല എരിവും പുളിയും ഒരുമിക്കുന്ന വിഭവങ്ങൾ ഉൾപ്പെടെ നാടൻ രുചിക്കൂട്ടുകൾക്കെല്ലാം ആരാധകരേറെയുണ്ട്. പഴമയും പാരമ്പര്യവും കോർത്തിണക്കിയ വിഭവങ്ങളാണ് ഇന്നത്തെ ട്രെൻഡ്.
സസ്യാഹാരപ്രേമികളെക്കാൾ നോൺവെജ് പ്രിയരാണ് മിക്കവരും. ഇറച്ചി കഴിക്കാത്തവർ വിരളമാണ്. വിവാദമായി വാർത്തകളിൽ ചൂടു പിടിച്ച പോത്തിറച്ചി രുചിക്കാത്തവര്‍ ചുരുക്കമാണ്. ശരിയല്ലേ? കുരുമുളകിന്റെയും വെളുത്തുള്ളിയുടെയുമൊക്കെ രുചിയിൽ വെന്തുവേവുന്ന പോത്തിറച്ചിക്ക് വായിൽ വെള്ളമൂറിക്കുന്ന സ്വാദാണ്. പോത്തിറച്ചിയുടെ രുചിയിൽ ഏത്തക്കായയുെട സ്വാദു കൂടി ഒരുമിച്ചാലോ, രുചിച്ചറിയുന്നവർക്ക് ഒന്നേ പറയാനുണ്ടാകൂ- കിടിലൻ കോമ്പിനേഷന്‍. ഇന്നത്തെ സ്പെഷൽ ഐറ്റം ബീഫും ഏത്തക്കായയും ചേർന്ന രുചിയാണ്. വിഭവത്തിന്റെ വിവരണത്തിലൂടെത്തന്നെ വായിൽ കപ്പലോടും. രുചിമുകുളങ്ങളെ രസിപ്പിക്കുന്ന സ്പെഷൽ ബീഫ് റോസ്റ്റ് തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
പോത്തിറച്ചി – 500 ഗ്രാം
പച്ച ഏത്തക്കായ – ഒന്ന്
വെളിച്ചെണ്ണ – ആവശ്യത്തിന്
കടുക് – ഒരു ടീസ്പൂൺ
ഉണക്ക മുളക് – 3 എണ്ണം
കറിവേപ്പില – 3 തണ്ട്
സവാള – 3 എണ്ണം (ചെറുതായി അരിഞ്ഞത്)
ഇഞ്ചിയും വെളുത്തുള്ളിയും– ഒരു ടീസ്പൂൺ (പേസ്റ്റ് പരുവത്തിൽ അരച്ചെടുത്തത്)
പച്ചമുളക് – ചെറുതായി അരിഞ്ഞത് 3 എണ്ണം
മഞ്ഞൾപ്പൊടി – ഒരു ടീസ്പൂൺ
മുളകുപൊടി – ഒരു ടീസ്പൂൺ
മല്ലിപ്പൊടി – ഒരു ടീസ്പൂൺ
കുരുമുളകുപൊടി – ഒരു ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
നാരങ്ങ – ഒന്നിന്റെ പകുതി
വെള്ളം – ആവശ്യത്തിന്
പാൻ ചൂടാകുമ്പോൾ വെളിച്ചെണ്ണ ചേര്‍ത്തു കൊടുക്കാം. എണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ കടുകും എടുത്തു വച്ചിരിക്കുന്ന ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കിക്കൊടുക്കാം. മൂപ്പു കൂടി കരിഞ്ഞുപോകാതെ നോക്കണം. ശേഷം ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കാം. സവാള എളുപ്പത്തിൽ വഴന്നുകിട്ടാനായി അൽപം ഉപ്പും ചേർക്കാം. സവാള ലൈറ്റ് ബ്രൗൺ നിറമാകുമ്പോൾ കുഴമ്പു പരുവത്തിന് അരച്ചുവച്ചിരിക്കുന്ന ഇഞ്ചി–വെളുത്തുള്ളി മിശ്രിതം ചേര്‍ത്ത് തവ കൊണ്ട് ഇളക്കിക്കൊടുക്കാം. വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും പച്ചമണം മാറുന്നിടം വരെ ഇളക്കാം. ശേഷം ചെറുതായി അരിഞ്ഞ പച്ചമുളകും ഒരു ടീസ്പൂൺ വീതം മുളക്പൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും കുരുമുളകുപൊടിയും ചേർത്ത് സവാള വഴറ്റിയെടുക്കാം.
മസാലയുടെ പച്ച മണം മാറി സവാളക്കൂട്ട് പാകമാകുമ്പോൾ അതിലേക്ക് കഴുകി വൃത്തിയാക്കിയ ബീഫ് കഷ്ണങ്ങൾ ചേർക്കാം. മസാലക്കൂട്ട് ബീഫ് കഷ്ണങ്ങളിൽ നന്നായി പിടിക്കുന്നതു വരെ ഇളക്കി യോജിപ്പിക്കാം. ഗ്രേവി കട്ടി കൂടാതിരിക്കാനും ബീഫ് വേവാനുമായി ആവശ്യത്തിന് വെള്ളവും സ്വാദിനായി ഒരുമുറി നാരങ്ങാ നീരും ചേർത്ത് ഇരുപത് മിനിറ്റു നേരം പാൻ അടച്ചു വച്ച് വേവിക്കാം. ബീഫ് മസാലയിൽ വെന്ത് തിളയ്ക്കുമ്പോൾ ചെറുതായി അരിഞ്ഞ പച്ച ഏത്തക്കായ ചേർത്ത് ഇളക്കി പതിനഞ്ച് മിനിറ്റു നേരത്തേക്ക് പാൻ അടച്ചു വച്ച് വേവിക്കാം. നിമിഷനേരം കൊണ്ട് ബീഫ് കായ റോസ്റ്റ് റെഡി. ആവി പറക്കുന്ന മണത്തോടൊപ്പം കുരുമുളകിന്റെയും വെളുത്തുള്ളിയുെടയും ഗന്ധം മൂക്കിലേക്ക് തുളച്ചുകയറും. രുചിലഹരിയിലാഴ്ത്തുന്ന ബീഫ് കായ റോസ്റ്റ് വീട്ടിൽ പരീക്ഷിച്ചു നോക്കൂ.