ഒരു മെക്സിക്കൻ രുചിക്കൂട്ട്, നാച്ചോസ് വിത്ത് സല്‍സ

കറുമുറെക്കൊറിക്കാൻ വറുത്തെടുത്ത നാച്ചോസ് ഒപ്പം തക്കാളിപ്പഴവും മാങ്ങാപ്പഴവും മുളകിന്റെ എരിവും ചേർന്നൊരു സൽസയും. പപ്പടം പൊള്ളിച്ചെടുക്കുന്നത്ര എളുപ്പത്തിൽ നാച്ചോസ് തയാറാക്കാം. മെക്സിക്കയാണ് നാച്ചോസിന്റെ ജന്മദേശം. സൽസയ്ക്കു വേണ്ടി പച്ചക്കറികൾ മുറിച്ചെടുക്കുന്ന ജോലിമാത്രം...നാലുമണിപ്പലഹാരമായി ചൂടൊടെ കഴിയ്ക്കാവുന്നൊരു സൂപ്പർ പലഹാരമാണിത്.

നാച്ചോസ് തയാറാക്കാൻ

മൈദ – 2 കപ്പ്
പാപ്രിക പൗഡർ – 1 ടീസ്പൂൺ
ഉപ്പ് – 1 ടീസ്പൂൺ
ബട്ടര്‍ – 25 ഗ്രാം
കോണ്‍പൗഡര് – അര കപ്പ്
സ്വീറ്റ് കോൺ – ഒരു കപ്പ് (അരച്ചെടുത്തത്)

സല്‍സ തയാറാക്കാൻ

സവോള – 1
തക്കാളി – 1
മാങ്ങാപ്പഴം – 1
ചുവന്നമുളക് – 2
പച്ചമുളക് – 2
മല്ലിയില
ജീരകപ്പൊടി – അര ടീസ്പൂൺ
ഉപ്പ് – 1 ടീസ്പൂൺ
നാരങ്ങാ നീര് – അര മുറി
ടോബാസ്കോ സോസ് – 5 തുള്ളി
ഒലിവ് ഓയിൽ – ആവശ്യത്തിന്

ഒരു പാത്രത്തില്‍ 2 കപ്പ് മൈദ എടുത്ത് അതില്‍ ഒരു ടീസ്പൂണ്‍ പാപ്രിക പൗഡര്‍, ഒരു ടീസ്പൂണ്‍ ഉപ്പ്, 25 ഗ്രാം ബട്ടര്‍ അര കപ്പ് കോണ്‍പൗഡര്‍, മിക്‌സിയില്‍ അരച്ചെടുത്ത ഒരു കപ്പ് സ്വീറ്റ്കോണ്‍ ഇവ ചേര്‍ത്ത് കുഴയ്ക്കുക. ഈ മാവ് പരത്തി ത്രികോണാകൃതിയില്‍ മുറിച്ച് എണ്ണയില്‍ വറുത്ത നാച്ചോസ് തയ്യാറാക്കാം.

സല്‍സ തയാറാക്കാനായി ഒരു പാത്രത്തില്‍ ചെറുതായരിഞ്ഞ ഒരു സവാള, ഒരു തക്കാളി, ഒരു മാങ്ങാപ്പഴം, 2 ചുവന്നമുളകും പച്ചമുളകും, മല്ലിയില, അര ടീസ്പൂണ്‍ ജീരകപ്പൊടി, ഒരു ടീസ്പൂണ്‍ ഉപ്പ്, അര മുറി നാരങ്ങാ നീര്, 5 തുള്ളി ടോബാസ്‌കോ സോസ്, ഒലിവ് ഓയില്‍ എന്നിവ ചേര്‍ത്ത് ഇളക്കുക.