നാല് കർക്കടക വിഭവങ്ങൾ

ആടി തിമിർത്തു പെയ്യുന്ന മഴ മണ്ണിനും മനസിനും കുളിരേകുമ്പോൾ തന്നെ മഴക്കാലത്തു കഴിക്കാൻ പറ്റിയ ചില ഭക്ഷണക്കൂട്ട് പരിചയപ്പെടാം.

   പൊതീന പക്കാവട

1. പൊതീന ഇല – ഒരു പിടി
2. കടലമാവ് – 150 ഗ്രാം
3. മുളക് പൊടി, ഉപ്പ്,
കായപ്പൊടി – പാകത്തിന്
4. അയമോദകം – ഒരു നുള്ള്
5. എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം: ഒന്നു മുതൽ നാലുവരെയുള്ള ചേരുവകൾ അൽപം വെള്ളം തളിച്ച് കുഴയ്ക്കുക. എണ്ണ ചൂടാകുമ്പോൾ രണ്ട് സ്പൂൺ എണ്ണയും അയമോദകവും ചേർത്തു നന്നായി കുഴയ്ക്കുക. കുഴച്ച മാവ് എണ്ണ ചൂടായതിൽ ചെറിയ ഉരുളകളായി എടുത്ത് വറുത്തു കോരി ഉപയോഗിക്കുക.

മുള്ളൻ ചീര മുളകൂട്ടൽ

1. ചെറുപയർ പരിപ്പ് – അര കപ്പ്
2. മുള്ളൻ ചീര നുറുക്കിയത് – 5 കപ്പ്
3. നാളികേരം ചുരണ്ടിയത് – മുക്കാൽ കപ്പ്
4. വറ്റൽ മുളക് വറുത്തത്, മഞ്ഞൾപ്പൊടി, ഉപ്പ്,
ജീരകം – പാകത്തിന്
5. ജീരകം – ഒരു നുള്ള്
6. കടുക്, ഉഴുന്ന്, വെളിച്ചെണ്ണ – താളിക്കാൻ

തയാറാക്കുന്ന വിധം: ചെറുപയർ പരിപ്പ് വെന്തു തുടങ്ങുമ്പോൾ മുള്ളൻ ചീര, മഞ്ഞൾപ്പൊടി, ഉപ്പ് ചേർത്തു വേവിക്കുക. ഇതിലേക്ക് നാളികേരം, ജീരകം, വറ്റൽ മുളക് എന്നിവ അരച്ച് വെന്ത കൂട്ടിലേക്ക് ചേർത്ത് ഇളക്കി തിളപ്പിക്കുക. ഉഴുന്നും കടുകും വെളിച്ചെണ്ണയിൽ താളിച്ചു ചേർത്ത് ഉപയോഗിക്കുക.

 കൊടങ്ങൽ (മുത്തിൾ) കിച്ചടി

1. കൊടങ്ങൽ ഇല – ഒരു കപ്പ്
2. നാളികേരം – അര കപ്പ്
3. കടുക് – അര സ്പൂൺ
4. പച്ചമുളക് – 3 എണ്ണം
5. തൈര് – കാൽ കപ്പ്
6. ഉപ്പ്, കറിവേപ്പില, എണ്ണ – പാകത്തിന്

തയാറാക്കുന്ന വിധം: കൊടങ്ങൽ, പച്ചമുളക്, നാളികേരം, ഒരു നുള്ള് കടുക്, ഉപ്പ് എന്നിവ ചേർത്തു നന്നായി അരയ്ക്കുക. കടുകും കറിവേപ്പിലയും താളിച്ച് അരച്ച ചേരുവയിലേക്ക് ചേർത്ത് തൈരും ചേർത്തിളക്കി കൊടങ്ങൽ കിച്ചടി തയാറാക്കുക.

പഞ്ചദള പായസം

1. പനിക്കൂർക്ക, കറുകപ്പുല്ല്, തഴുതാമ, ചെറൂള,
മുള്ളൻചീര എന്നിവ അരച്ച് അതിന്റെ നീര് എടുത്തത് – 3 കപ്പ്
2. നുറുക്ക് ഗോതമ്പ് – കാ‍ൽ കപ്പ്
3. ബദാം, കശുവണ്ടി എന്നിവ കുതിർത്ത് അരച്ചത് – കാൽ കപ്പ്
4. ശർക്കര – രണ്ടര കപ്പ്
5. നെയ്യ് – 25 ഗ്രാം
6. കശുവണ്ടി നെയ്യിൽ മൂപ്പിച്ചത്, ചുക്കും ജീരകവും പൊടിച്ചത്
– പാകത്തിന്
7. നാളികേരത്തിന്റെ ഒന്നാം പാൽ – ഒരു കപ്പ്,
രണ്ടാം പാൽ – 2 കപ്പ്, മൂന്നാം പാൽ – മൂന്നര കപ്പ്

തയാറാക്കുന്ന വിധം: ഗോതമ്പിലേക്ക് ഇലയുടെ നീരൊഴിച്ചു വേവിക്കുക. നെയ്യും ശർക്കരയും ഇട്ടു വരട്ടി മൂന്നാം പാൽ ഒഴിച്ചു വറ്റിക്കുക. രണ്ടാം പാലും മൂന്നാം ചേരുവയും ഒഴിച്ചു കുറുക്കുക. ഇറക്കിവച്ച് ഒന്നാം പാലും ആറാമത്തെ ചേരുവകളും ചേർത്ത് ഇളക്കി ഉപയോഗിക്കുക.