‘‘ആർക്കു തരും ആർക്കു തരും ആർക്കു തരും... പുഞ്ചിരി പഞ്ചാരപ്പാലുമിഠായി’’ വരികളിൽ മധുരം വാരിവിതറി വയലാറും ദേവരാജനും കിനിച്ചെടുത്ത പാട്ട്. ഇത്തിരി പഞ്ചാരയില്ലാതെ ജീവിതത്തിന് എന്താണു രസം!
മലബാറെന്നു പറയുമ്പോൾ മിഠായിത്തെരുവും കോഴിക്കോടൻ ഹലുവയുമാണെന്ന് ഒരു ധാരണ എല്ലാവർക്കുമുണ്ട്. പക്ഷേ ഉന്നക്കായയും പഴം നിറച്ചതും മുതൽ എണ്ണിയാൽ തീരാത്തത്ര മധുരവിഭവങ്ങൾ ഇന്നാട്ടിലുണ്ട്. പല പല തട്ടുകളിലാണ് മധുരത്തിന്റെ അളവ്. തലയ്ക്കു പിടിക്കുന്ന മധുരവിഭവമുണ്ട്, പേരിനൊരൽപം മധുരമുള്ളതുമുണ്ട്. അതിൽ അധികമാരും പരിചയിച്ചിട്ടില്ലാത്ത ഒരു പേരാണ് പഞ്ചാരപ്പാറ്റ.
പണ്ടു കാലത്ത് ഡെസേർട്ട്, പുഡ്ഡിങ്ങ് എന്നൊന്നും നമ്മുടെ നാട്ടിൽ കേട്ടിട്ടില്ല. അക്കാലത്ത് വിരുന്നുകാരെ അമ്പരപ്പിക്കാൻ അമ്മമാർ ഒരുക്കിയിരുന്ന വിഭവമാണ് പഞ്ചാരപ്പാറ്റ. പേരുപോലെ ലോലഹൃദയനാണ് കക്ഷി. നാവിൻതുമ്പിൽ ഒരു തൂവൽസ്പർശം പോലെ... ചേരുവകൾ വളരെക്കുറച്ചേയുള്ളൂ. പക്ഷേ സംഗതി ഉണ്ടാക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഇക്കാലത്ത് പഞ്ചാരപ്പാറ്റയെ കാണാൻ കിട്ടാത്തത്. ഇത്ര കഷ്ടപ്പെടാൻ ആർക്കാണു സമയം!
പാറ്റയ്ക്ക് ഒട്ടും മധുരമില്ല. അതിനുമുകളിൽ പഞ്ചസാര വിതറുമ്പോഴാണ് പഞ്ചാരപ്പാറ്റയാവുന്നത്.
നമ്മുടെ പഞ്ചാരപ്പാറ്റ ഇങ്ങനെ പാറ്റ പോലെയാവാനും ഒരു കാരണമുണ്ട്. മാവു കുഴച്ച് ഒഴിച്ചല്ല പഞ്ചാരപ്പാറ്റ ഉണ്ടാക്കുന്നത്. മാവു പതപ്പിച്ചെടുത്ത് ആ പതയാണ് വറുത്തുകോരിയെടുക്കുന്നത്. വറുത്തുകോരിയെടുത്താൽ മുകളിൽ പഞ്ചാരകൊണ്ട് മധുരത്തിന്റെ താജ്മഹലു പണിയും. ചിലരു വേറെ രുചിക്കൂട്ടും പരീക്ഷിക്കാറുണ്ട്. പഞ്ചാരയ്ക്കൊപ്പം പഴവും കൂട്ടി ഞരടി ഒരുപിടി പിടിച്ചാലെന്റെ സാറേ...അത് അനുഭവിച്ചു തന്നെയറിയണം!
പറപറപ്പിക്കാം പഞ്ചാരപ്പാറ്റ
അരക്കപ്പ് പച്ചരിയോ ബിരിയാണി അരിയോ എടുക്കുക. അരി കുതിർത്ത് കഴുകി ഒരു നുള്ള് ഉപ്പും മൂന്നു മുട്ടയും ചേർത്ത് മിക്സിയിൽ തരിയില്ലാതെ അരച്ചെടുക്കണം, ഇത് അരിപ്പയിലൂടെ അരിച്ച് ദോശമാവിനേക്കാളും അയവിൽ കലക്കിയെടുക്കുക. കുഴിവുള്ള, വായ് വട്ടം കുറഞ്ഞ പാത്രത്തിൽ എണ്ണ പകുതിയോളം ഒഴിച്ചു ചൂടാക്കുക. എഗ്ഗ് ബീറ്റർ കൊണ്ട് അരച്ച മാവ് പതപ്പിക്കുക. മുകളിൽ വരുന്ന പത ഒരു തവികൊണ്ട് കോരി ചൂടായ എണ്ണയിലിടുക. പാത്രം നിറയുന്നവരെ ചെയ്യുക. തീ കുറഞ്ഞ അളവിലേ പാടുള്ളൂ, ഒരു ഭാഗം വെന്താൽ തിരിച്ചിട്ട് മറുവശവും പൊരിച്ചെടുക്കുക.
∙ ഇനി പഞ്ചാരപ്പാറ്റ ഒരു ദിവസം എണ്ണ തോരാൻ വയ്ക്കണം. അടുത്ത ദിവസം പഞ്ചസാരയും ചേർത്ത് ഞെരടിക്കഴിക്കാം.