ഏഷ്യൻ ഗെയിംസിന്റെ പ്രധാനവേദിയായ ഗെലോറ ബുങ് കാർണോ സ്റ്റേഡിയം പരിസരത്തുകൂടി കറങ്ങുമ്പോഴാണ് ആ കാഴ്ച കണ്ണിലുടക്കിയത്. കേരളത്തിന്റെ ഔദ്യോഗികഫലം അതാ ആർക്കും വേണ്ടാതെ കിടക്കുന്നു. ഒരു പ്ലാവിൽ നിറയെ ചക്ക. തൊട്ടടുത്തുതന്നെ ഒരു ചാമ്പമരത്തിൽ നിറയെ ചാമ്പങ്ങയും (ചാമ്പയ്ക്ക). പൊഴിഞ്ഞുവീഴുന്ന ചാമ്പങ്ങയും ചക്കയും പെറുക്കിമാറ്റാൻ പ്രത്യേകം ആളെ നിർത്തിയിരിക്കുകയാണ് ഇവിടെ. റിപ്പബ്ലിക് ഓഫ് ഇന്തൊനീഷ്യ ടിവിയിലെ (ടിവിആർഐ) റിപ്പോർട്ടർ ക്രിപ്റ്റോ ചക്കക്കാര്യം വള്ളിപുള്ളി വിടാതെ പറഞ്ഞുതന്നു.
കേരളത്തിന്റെ ഒൗദ്യോഗികഫലമായ ചക്ക ഇന്നാട്ടുകാർക്ക് ‘നങ്ക’യാണ്. ഒൗദ്യോഗികഫലമായതോടെ കേരളത്തിലെ നഗരങ്ങളിൽ ഇപ്പോൾ സൂപ്പർ സ്റ്റാർ പദവിയിലാണു ചക്കയെങ്കിൽ ഇവിടെ സ്ഥിതി വ്യത്യസ്തം. നഗരത്തിൽ ആർക്കും ചക്ക വേണ്ട. പക്ഷേ, ഗ്രാമവാസികളുടെ ഇഷ്ടവിഭവമാണു ചക്കയെന്നു ക്രിപ്റ്റോ പറയുന്നു. ചക്കപ്പഴം കിട്ടാനുണ്ടെങ്കിലും വിളഞ്ഞു പാകമായ പച്ചച്ചക്കയാണ് ഇവിടത്തുകാർക്കു പ്രിയം.
‘ഗുദെഗ്’ എന്ന പേരിലറിയപ്പെടുന്ന ചക്ക വിഭവം ഏറെ പ്രിയപ്പെട്ടതാണ് ഇവിടെ. നമ്മുടെ ചക്കപ്പുഴുക്കല്ല. തേങ്ങ ചേർക്കില്ല. കുഴഞ്ഞിരിക്കും. എരിവോ മധുരമോ ഉണ്ടാവില്ല. കോഴിക്കറിക്കൊപ്പമാണ് ഇവിടെയുള്ളവർ ആ ചക്ക വിഭവം അകത്താക്കുന്നത്.
ചില പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഭക്ഷണശാലകളിൽ വിദേശികളുടെ തീൻമേശയിലേക്കു ചക്കയെ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു ക്രിപ്റ്റോ പറഞ്ഞുതന്നു. നഗരത്തിലെ ചില ചന്തകളിൽ ചക്കകൾ വിൽപനയ്ക്കു വച്ചിരിക്കുന്നതായി കണ്ടിട്ടുണ്ടെങ്കിലും അതാരെങ്കിലും വാങ്ങുന്നുണ്ടോയെന്ന കാര്യത്തിൽ ക്രിപ്റ്റോയ്ക്ക് ഉറപ്പില്ല.
കേരളത്തിലെ ചാമ്പയ്ക്ക ഇവിടെ ‘ജംബു അയേർ ആണ്. നാട്ടിലെ ചാമ്പയ്ക്ക ചെറുവട്ടത്തിൽ പരന്നിട്ടാണ് ഇരിക്കുന്നതെങ്കിൽ ഇവിടെ നീളം കൂടുതലാണ്. വലുപ്പത്തിലും നമ്മുടെ ചാമ്പയ്ക്കയെ കടത്തിവെട്ടും. ‘റുജാക്’ എന്ന പ്രത്യേകതരം സാലഡിലെ പ്രധാന ഘടകം ഈ ചാമ്പയ്ക്കയാണ്. വലിയ വിരുന്നുകളിലും മറ്റും റുജാക് സാലഡ് വിശിഷ്ട ഘടകമാണത്രെ. അൽപം നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച്, ഉപ്പും കൂട്ടി റുജാക് സാലഡ് കഴിച്ചാൽ ദഹനത്തിനു വളരെ നല്ലതാണെന്നാണ് ഇന്തൊനീഷ്യക്കാർ പറയുന്നത്.