കൊച്ചി∙ ഇത്തവണ റവന്യു ജില്ല സ്കൂൾ കലോത്സവത്തിനെത്തുന്ന ആരും വേദികളുടെ പേരുകൾ കണ്ടൊന്നാലോചിക്കും; കലോത്സവവും ചക്കയും തമ്മിലെന്ത്? ഈ വർഷത്തെ ചക്ക കാലമൊക്കെ കഴിഞ്ഞെങ്കിലും ജില്ലാ സ്കൂൾ കലോത്സവ വേദികളുടെ പേരുകളെല്ലാം ചക്ക മയമാണ്. 13 വേദികൾക്കും പലതരം ചക്ക ഇനങ്ങളുടെ പേരുകൾ. എറണാകുളം സൗത്തിലെ ഗേൾസ് എച്ച്എസ്എസിലാണ് 1 മുതൽ 6 വരെ വേദികൾ. ഇവിടെ പ്രധാന വേദികളായ ഒന്നിനും രണ്ടിനും തേൻവരിക്ക, കൂഴച്ചക്ക എന്നിങ്ങനെയാണു പേര്.
3 മുതൽ 6 വരെയുള്ള വേദികൾ ചെമ്പൻകൂഴ, മഞ്ഞ മധുരിമ, മധുരമുണ്ട, ജാനവരി ഫസ്റ്റ് എന്നീ ഇനങ്ങളുടെ പേരിൽ അറിയപ്പെടും. ഇവിടെനിന്ന് അധികം അകലെയല്ലാത്ത എസ്ആർവി സ്കൂളിൽ 7 മുതൽ 10 വരെ 4 വേദികൾ. അവയുടെ പേരുകൾ ഇങ്ങനെ; സ്വാമിയാർ വരിക്ക, എടശേരി വരിക്ക, കർക്കിടചക്ക, സുപ്രിയ. സമീപത്തുതന്നെ കാരിക്കാമുറിയിലുള്ള അധ്യാപക ഭവനിലെ 11, 12 വേദികളുടെ പേരുകൾ വാളി വരിക്ക, തേൻകൂഴ എന്നിങ്ങനെയാണ്. ചവിട്ടുനാടക മൽസരം നടക്കുന്ന കരിത്തല സെന്റ് ജോസഫ്സ് യുപിഎസിലെ വേദിക്കു പേര് വൈക്കം വരിക്ക.
ആദ്യമായാണു കലോത്സവ വേദികളുടെ പേരിൽ ഇത്തരം ഒരു പരീക്ഷണം. പതിവുപോലെ എറണാകുളത്തെ പ്രമുഖരുടെ പേരുകൾ വേദികൾക്ക് ഇടാനായിരുന്നു ആദ്യ ആലോചന. അതൊരു തർക്കത്തിനിടയാക്കുമോ എന്ന സംശയം ഉയർന്നു. തുടർന്നാണു കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ച സാഹചര്യത്തിൽ വേദികൾക്ക് ഇത്തരത്തിൽ കൗതുകമുള്ള പേരുകൾ നൽകാൻ തീരുമാനിച്ചതെന്നു സ്റ്റേജ് കമ്മിറ്റി വൈസ് ചെയർമാൻ സന്തോഷ് കുമാറും കൺവീനർ കെ.എ. നൗഷാദും പറഞ്ഞു.
ഇന്റർനെറ്റിൽ പലതരം ചക്ക പേരുകൾക്കായി തിരഞ്ഞപ്പോഴാണു ചക്കകളുടെ ഉറ്റതോഴനായി അറിയപ്പെടുന്ന പാലാ രാമപുരം സ്വദേശി ചക്കാമ്പുഴ കട്ടക്കയം തോമസിനെക്കുറിച്ച് അറിഞ്ഞത്. അദ്ദേഹത്തെ ബന്ധപ്പെട്ടു. സ്വന്തമായുള്ള ഒന്നര ഏക്കർ സ്ഥലത്ത് ഇരുന്നൂറിലേറെ പ്ലാവിനങ്ങൾ സംരക്ഷിക്കുന്ന ഇദ്ദേഹമാണു 13 വേദികൾക്കായും പേരുകൾ നിർദേശിച്ചത്.