ആപ്പിൾ തലയിൽ വീണപ്പോൾ സർ ഐസക് ന്യൂട്ടൺ ഭൂഗുരുത്വബലം കണ്ടുപിടിച്ചു. കേരളത്തിലായിരുന്നെങ്കിൽ തലയിൽ ചക്ക വീണ് തട്ടിപ്പോയേനെ എന്ന് അഞ്ചാംക്ലാസിലെ പിള്ളേർ തമാശ പറയുന്നത് കേട്ടിട്ടില്ലേ? മുറ്റത്ത് എപ്പോഴും വിളഞ്ഞങ്ങനെ കിടക്കുന്നതിനാൽ ഹും, ചക്കയോ; ആർക്കു വേണം എന്നൊരു സമീപനമാണ് എന്നും മലയാളികൾക്ക്. മുറ്റത്തെ ചക്കയ്‌ക്ക് വിലയില്ലല്ലോ !
ചക്കപ്പുഴുക്ക്, ചക്കവരട്ടി, ചക്കപ്പപ്പടം, ചക്ക വറുത്തത്, ചക്കത്തോരൻ, ചക്ക അട, ചക്കപ്പായസം ,ചക്ക ഹൽവ തുടങ്ങി ചക്കയുടെ രുചിയിൽ നീന്തിക്കുളിക്കാൻ എന്നും നമുക്ക് പ്രിയമാണ്. രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ കിട്ടുന്ന അപൂർവം ഫലങ്ങളിലൊന്നാണ് ചക്ക. ലോകത്തിലെതന്നെ ഏറ്റവും വലിയ പഴമാണ് ചക്ക.
ചക്ക എവിടെയാണ് ജൻമമെടുത്തത്? പോർച്ചുഗീസുകാരാണ് ചക്കയുംകൊണ്ട് കേരളത്തിൽ എത്തിയതെന്ന് ചിലർ വാദിക്കാറുണ്ട്. എന്നാൽ അതു ശരിയല്ല എന്ന് ചരിത്രം പറയുന്നു. 1498ലാണ് പോർച്ചുഗീസുകാർ ഇന്ത്യയിലെത്തുന്നത്. ഇതിനുശേഷമാണ് ചക്ക പോർച്ചുഗലിൽ എത്തുന്നതത്രേ. മലയാളത്തിലെ ചക്ക എന്ന വാക്കിൽനിന്നാണ് പോർച്ചുഗീസുകാർ ജാക്കാ എന്ന പേര് കണ്ടെത്തിയത് എന്ന് യൂറോപ്യൻ ഭാഷാകാരൻമാർ പറയുന്നു. ജാക്കാ എന്ന വാക്കിൽനിന്നാണ് ജാക്ക് ഫ്രൂട്ട് എന്ന വാക്ക് ഇംഗ്ലീഷിലെത്തിയത്. 1563ൽ ഗാർഷ്യ ഡി ഓർത്ത എഴുതിയ പുസ്‌തകത്തിലാണ് ജാക്ക് ഫ്രൂട്ട് എന്ന പേര് ആദ്യമായി ഉപയോഗിച്ചത്. റാൽഫ് റാൻഡേൽ സ്‌റ്റ്യുവാർട്ട് എന്ന സസ്യ ശാസ്‌ത്ര്‌ജ്‌ഞൻ വില്ല്യം ജാക്ക് എന്ന സസ്യശാസ്‌ത്രകാരന്റെ ഓർമയ്‌ക്കായാണ് ജാക്കഫ്രൂട്ട് എന്ന പേരു നിർദേശിച്ചത് എന്നും വാദമുണ്ട്. പക്ഷേ കക്ഷി ജനിക്കുന്നതിനുമുമ്പേ ജാക്ക് ഫ്രൂട്ട് ഇംഗ്ലീഷിലുണ്ട്.
ചുരുക്കി പറഞ്ഞാൽ ചക്ക നമ്മുടെ സ്വന്തമാണ്. ഏഷ്യാവൻകരയിലാണ് ചക്ക ജനിച്ചത് എന്ന് ഭക്ഷണചരിത്രകാരൻമാർ പറയുന്നു. ആറായിരം വർഷങ്ങൾക്കു മുമ്പ് ഇന്ത്യയിൽ ചക്ക ഉപയോഗിച്ചിരുന്നതായി ചരിത്രരേഖകളുണ്ട്. നമ്മുടെ പൂർവികരുടെ അടിസ്‌ഥാന ഭക്ഷണങ്ങളിൽ ഒന്നായിരുന്ന ചക്ക. ഒരു പ്ലാവെങ്കിലും ഇല്ലാത്ത വീടുകൾ അന്നു അപൂർവമായിരുന്നു. കേരളത്തിൽ ഇപ്പോൾ രണ്ടുതരം ചക്കയാണ് ഉപയോഗിക്കുന്നത്. വരിക്കച്ചക്കയും കുഴച്ചക്കയും. മുൻപ് ഇരുപതോളം വിഭാഗങ്ങൾ ലഭ്യമായിരുന്നെന്നും ചരിത്രകാരൻമാർ പറയുന്നു.
കേരളത്തിനു പുറമേ അസം, ത്രിപുര എന്നീ സംസ്‌ഥാനങ്ങളിലും ചക്ക വൻതോതിൽ ഉൽപാദിപ്പിക്കുന്നു. 15-ാംനൂറ്റാണ്ടോടെയാണ് ചക്ക യൂറോപ്പിലും മറ്റും വ്യാപകമാവുന്നത്. ഇന്ത്യക്കു പുറമേ ബ്രസീലിലും ചക്ക കൃഷി വ്യാപകമാണ്. തമിഴർക്കും ചക്കപ്പഴം പ്രിയങ്കരമാണ്. മുത്തമിഴ് സംസ്‌ക്‌ൃതിയുടെ ഭാഗമായി വിവരിക്കുന്ന മൂന്നു പഴങ്ങളാണ് മാ- പല-വാഴൈ. ഇതിൽ പലം എന്നത് ചക്കയാണ്.
മലയാളിക്ക് ചക്ക ഭക്ഷണസമൃദ്ധിയുടെ പ്രതീകമാണ്. വിഷുവിനു കണിയൊരുക്കുമ്പോൾ ചക്കയാണ് പ്രധാനഫലം. വള്ളുവനാടൻ ഗ്രാമങ്ങളിൽ സദ്യയുടെ പ്രധാന ഐറ്റം ചക്ക എരിശ്ശേരിയാണ്. ചക്കപ്പുഴുക്കും ചക്കപ്പായസവുമൊക്കെ ഓർക്കുമ്പോഴേ നാവിൽ വെള്ളമൂറും എന്നതു പച്ചപരമാർഥം. ചക്ക തിന്നുന്തോറും പ്ലാവ് വെപ്പാൻ തോന്നും എന്നാണല്ലോ പഴഞ്ചൊല്ല്.