മനസ്സൊരു സൗപർണികയാവുന്ന നവരാത്രിക്കാലം. ഈ ദിവസങ്ങളിൽ ഓരോരുത്തരും നടത്തുന്നത് ആദ്യാക്ഷര മധുരത്തിലേക്കുള്ള യാത്രയാണ്. യാത്ര അറിവിലേക്കും ഉണർച്ചയിലേക്കുമാവാം മനസ്സും ശരീരവും ഏകാഗ്രമാക്കി അറിവിലേക്കുള്ള യാത്ര. നവരാത്രിയുടെ മണവും രുചിയും തൊട്ടറിയണമെങ്കിൽ തളിയിൽനിന്ന് പാളയത്തേക്കുള്ള ചെറിയ റോഡിലൂടെ നടക്കണം. വിശ്വാസത്തിന്റെ, ഭക്തിയുടെ അലകൾ ഇളകുന്നത് ഈ തിരക്കിൽ കാണാം. തളിക്ഷേത്രക്കുളത്തിനു സമീപത്തെ ആൽമരച്ചുവട്ടിലിരുന്ന് പടിഞ്ഞാറോട്ടു നോക്കിയിട്ടുണ്ടോ. എത്ര നൂറ്റാണ്ടുകളുടെ കഥകളാണ് ഈ കുളത്തിൽ കുളിച്ചുതോർത്തി പടികയറി വരുന്നത്.
വ്രതശുദ്ധം ഓർമകൾ
ചരിത്രത്താളുകളിൽ നാം വായിച്ചറിഞ്ഞൊരു സമൂതിരിക്കാലമുണ്ട്. സഹോദര്യത്തിന്റെ ഇഴകൾ ചേർത്ത് കോർത്തെടുത്തതാണ് ഈ നഗരത്തിന്റെ അടിത്തറ. ജല ലഭ്യതയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ ഒരു ഭരണാധികാരിക്കു കീഴിലായിരിക്കണം ഈ നഗരം വളർന്നത്. മാനാഞ്ചിറയെന്ന ഹൃദയം. മുതലക്കുളവും ആനക്കുളവും കണ്ടങ്കുളവുമടക്കം പല കാലങ്ങളിൽ അപ്രത്യക്ഷമായ അനേകം കുളങ്ങൾ.
കടലിനോടു തൊട്ടുകിടക്കുന്നതാണ് കോഴിക്കോട് നഗരം. എന്നിട്ടും ഈ നഗരത്തിലെ ഒരു കുളത്തിലും ഉപ്പുവെള്ളമല്ല, നല്ല കുടിവെള്ളമാണ് അന്നും ഇന്നും കിട്ടുന്നത്. ആലപ്പുഴയും കൊച്ചിയുമടക്കം അക്കാലത്തെ എല്ലാ തുറമുഖ നഗരങ്ങളിലും എവിടെ കുഴിച്ചാലും ഉപ്പുവെള്ളമാണ് കിട്ടുക. എന്നാൽ ഈ നഗരത്തിലെ ഓരോ വ്യക്തിക്കും കുടിക്കാനുള്ള നല്ല വെള്ളം കിട്ടാനുള്ള കുളങ്ങളാണ് ആ ഭരണാധികാരികൾ കുഴിച്ചത്.
ഈ നഗരത്തിന്റെ ഐശ്വര്യത്തെക്കുറിച്ച് കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ ഒരു കഥ പറയുന്നുണ്ട്. ഐതിഹ്യമാലയിലെ അധ്യായം 20ന്റെ തലക്കെട്ടുപോലും കോഴിക്കോട്ടങ്ങാടിയെന്നാണ്.
ഐതിഹ്യമാലയിലെ കോഴിക്കോട്
ഐശ്വര്യത്തിന്റെയും ധനത്തിന്റെയും ദേവതയായ ലക്ഷ്മീദേവി ഒരാളുടെ വലത്തെ കൈപ്പലകയിലാണ് ഇരിക്കുന്നതെന്നാണ് വിശ്വാസം. സാമൂതിരി രാജാവിന് ഒരിക്കൽ വലത്തെ കൈപ്പലകയിൽ കടുത്ത വേദന വന്നു. ലക്ഷ്മീദേവിയുടെ അനുഗ്രഹം വർധിച്ചുവന്നതോടെ ആ ഭാരം താങ്ങാനാവാതെയാണ് വേദന വന്നതത്രെ. എന്നാൽ ഇക്കാര്യം രാജാവിന് അറിയില്ലല്ലോ. വേദന പോവാൻ ഒരു വിദ്വാൻ രാജാവിന് ഒരെളുപ്പവഴി ഉപദേശിച്ചു. തോർത്ത് നനച്ച് വലത്തെ തോളിലിടുക.
രാജാവ് അങ്ങനെ ചെയ്തതോടെ വേദന മാറി. വേദന മാറിയ കാര്യം രാജാവ് ദിവാനോട് പറഞ്ഞു. തോർത്ത്് നനച്ചിട്ടതോടെ രാജാവിന്റെ കൈയിൽനിന്ന് ലക്ഷ്മീദേവി ഇറങ്ങിപ്പോയെന്നും പകരം അശുഭകാരിയായ ചേട്ട വന്നുകയറിയെന്നും ദിവാനു മനസ്സിലായി. ദിവാൻ കൊട്ടാരത്തിൽനിന്ന് ഓടിയിറങ്ങി ദേവി പോയ ദിശ തേടി കോഴിക്കോട്ടങ്ങാടിയിലൂടെ ഓടി. അങ്ങാടിയുടെ ഒരറ്റത്ത് ദേവി നടന്നുപോവുന്നത് ദിവാൻ കണ്ടു. ഓടിച്ചെന്ന് ദേവിയെ തടഞ്ഞു നിർത്തിയ ദിവാൻ തനിക്കൊരു സ്വകാര്യം പറയാനുണ്ടെന്ന് പറഞ്ഞു. പക്ഷേ അക്കാര്യം പറയണമെങ്കിൽ തന്റെ അധികാരമുദ്ര വേണം. അധികാരമുദ്ര കച്ചേരിയിൽ മറന്നുവച്ചു. കച്ചേരിയിൽപോയി മുദ്രയെടുത്ത് തിരികെ വരുന്നതുവരെ ഇതേ സ്ഥലത്ത് കാത്തുനിൽക്കാമെന്ന് ദേവിയെക്കൊണ്ട് സത്യം ചെയ്യിച്ച് ദിവാൻ തിരികെ കൊട്ടാരത്തിലേക്ക് ഓടി. സാമൂതിരിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. ഇനി താൻ തിരിച്ചുചെന്നാൽ ഈ നഗരത്തിന്റെ ഐശ്വര്യം യാത്രയാവും. അതുകൊണ്ട് ജീവനൊടുക്കുകയാണെന്നു പറഞ്ഞ് ദിവാൻ ആത്മാഹുതി ചെയ്തു. ദിവാൻ മടങ്ങി വരുന്നതും കാത്ത് കോഴിക്കോട്ടങ്ങാടിയിൽ ദേവി കാത്തിരിക്കുകയാണെന്ന് ഐതിഹ്യമാലയിൽ കൊട്ടാരത്തിൽ ശങ്കുണ്ണി പറയുന്നു.
നവരാത്രി ആഘോഷങ്ങൾക്കിടയിലൂടെ തളിയിലെ ഈ തെരുവിലൂടെ യാത്ര ചെയ്യുമ്പോഴാണ് പഴങ്കഥകൾ മനസ്സിലേക്ക് ഓടി വരുന്നത്.
കരിമ്പിൻ മധുരം, മനം നിറയെ
തളിയിലെ കുളത്തിനരികെയുള്ള ആലിലകൾ തലയാട്ടുന്നു. പകലിന്റെ ആലസ്യം വിട്ട് ഒരു ചെറിയ കാറ്റ് കിഴക്കോട്ടു വീശുന്നു. തെരുവിലൂടെ പാളയത്തേക്ക് നടക്കുമ്പോൾ ഇരുവശത്തും തിരക്കാണ്. അരികൊണ്ടുള്ള പൊരിയും കരിമ്പും വിൽക്കുന്ന കടകൾ. കെട്ടുകെട്ടായി ചാരിവച്ചിരിക്കുന്ന കരിമ്പിൻതണ്ടുകൾ. കടും വയലറ്റ് നിറത്തിലുള്ള ശരീരവും പച്ചത്തലപ്പുമുള്ള കരിമ്പ് നവരാത്രിക്കാലത്തുമാത്രമാണ് ഇത്രയും വ്യാപകമായി കടകളിലെത്തുക. വാഗ്ദേവതയുടെ ഒരു കൈയിൽ കരിമ്പിൻതണ്ട് പിടിച്ചിട്ടുണ്ടെന്നാണല്ലോ വിശ്വാസം. തമിഴ്നാട്ടിലെ കരിമ്പിൻ പാടങ്ങളിൽനിന്നാണ് കോഴിക്കോട്ടേക്കുള്ള കരിമ്പ് വരുന്നത്. പ്രധാനമായും സേലം, ഈറോഡ് ഭാഗങ്ങളിൽനിന്നാണ് കരിമ്പിന്റെ വരവ്. കരിമ്പിന്റെ ഒരു മുഴുവൻ തണ്ടിന് 50 രൂപയാണ് ഇന്നലത്തെ വില. തണ്ടു പൊട്ടിച്ചെടുത്ത് തോലു കളഞ്ഞ് ചെറുതായരിഞ്ഞ് എടുക്കാൻ ഇത്തിരി ക്ഷമ വേണം. മധുരത്തിന്റെ അടിസ്ഥാനമെന്നു പറയാവുന്ന രുചിയാണ് കരിമ്പിന്. ചവച്ചുതുടങ്ങിയാൽ കരിമ്പിൻനീര് മുഴുവൻ കഴിച്ചു കഴിഞ്ഞാൽ അവശേഷിക്കുന്നതു തുപ്പിക്കളയണം. കടകളിൽ പൊരി വിൽപനയും തകൃതിയായി നടക്കുന്നുണ്ട്. ചോളത്തിൽനിന്നുണ്ടാക്കുന്ന പൊരിയാണ് സാധാരണ ദിവസങ്ങളിൽ വിൽക്കാറുള്ളതെങ്കിൽ നവരാത്രിക്കാലത്ത് അരി കൊണ്ടുള്ള പൊരിയാണ് താരം. പാലക്കാട്, ചിറ്റൂർ മേഖലകളിൽനിന്നാണ് പൊരിയുടെ വരവ്. പാക്കറ്റിന് 20 രൂപ നിരക്കിലാണ് വിൽപന.