ദീപാവലി ആഘോഷങ്ങൾക്ക് അകമ്പടിയേകുന്ന മധുരവിഭവങ്ങൾ വടക്കേ ഇന്ത്യയിൽനിന്ന് ചേക്കേറിയതാണെന്നാണ് പൊതുവേയുള്ള വിശ്വാസം. ചില ആഘോഷങ്ങളുമായി ബന്ധപ്പെട്ട്, നൂറ്റാണ്ടുകൾക്കുമുൻപ് വീടുകളിൽ പാകം ചെയ്ത പലഹാരങ്ങളും മറ്റു വിഭവങ്ങളുമാണ് പിന്നീട് ദീപാവലി സ്പെഷലായി മാറിയത്. അവ പിന്നീട് ദക്ഷിണേന്ത്യയിലേക്കും തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വിരുന്നിനെത്തി.
പാൽ കൊണ്ടുള്ള വിഭവങ്ങൾ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഒപ്പം മൈദ, കടലമാവ്, കശുവണ്ടി എന്നിവ വിവിധ രുചിക്കൂട്ടിൽ മധുരമേകുന്നു. മൈസൂർ പാക്കിനാണ് ദീപാവലി വിപണിയിൽ ഒന്നാം സ്ഥാനം. വിവിധ തരം ഹൽവകൾ, ഗുലാബ് ജാമൻ, ബർഫികൾ, ലഡു, ജിലേബി, പേഡകൾ എന്നിവയും മധുരത്തിന് അകമ്പടിയേകും. എന്നാൽ ഇവയൊക്കെത്തന്നെ ആരോഗ്യത്തിന് അത്ര നന്നല്ല എന്ന കാര്യത്തിൽ തർക്കം വേണ്ട. ഉയർന്ന കലോറിയും അമിതമായ പഞ്ചസാരയുടെ അളവും ഇന്ത്യൻ മധുരപലഹാരങ്ങളുടെ പ്രത്യേകതയാണ്.
ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടുകയും പൊണ്ണത്തടിക്ക് വഴിവയ്ക്കുകയും അനാരോഗ്യകരമായ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. പ്രത്യേകിച്ച് പ്രമേഹം, രക്തസമ്മർദം, ഹൃദ്രോദം എന്നിവ ബാധിച്ചവർക്ക് മധുരപലഹാരം അത്രനന്നല്ല .
ദീപാവലി മധുരപലഹാരങ്ങളിൽ ചിലത് ശരീരത്തിന് വലിയ തോതിൽ ദോഷമുണ്ടാക്കുന്നവയല്ല. കഴിക്കുന്ന അളവിൽ പരിധി ലംഘിക്കരുതെന്നുമാത്രം. കലോറി കുറഞ്ഞതും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നതുമായ ചില പലഹാരങ്ങളുണ്ട്. ഇവയൊക്കെ നിശ്ചിത പരിധിയിൽ മാത്രമേ കഴിക്കാവൂ എന്നുമാത്രം ഇത്തരം പലഹാരങ്ങളെ പരിചയപ്പെടാം
∙ കാജു കത്ത്‍ലി
ഒറ്റക്കഷണം കാജു കത്ത്‍ലിയിൽമാത്രം അടങ്ങിയിരിക്കുന്നത് 57 കാലറി ഉൗർജമാണ്. ഇവ മറ്റു മധുരപലഹാരങ്ങളെ അപേക്ഷിച്ച് ശരീരത്തിന് അത്ര ദോഷമുള്ളതല്ല
∙ പുരൻ ബോളി
ചപ്പാത്തിയുടെ വലിപ്പത്തിലും ആകൃതിയിലുള്ള പലഹാരം. നമ്മുടെ നാടൻ മധുരബോളി പോലുള്ള വസ്തു. ഒരു ബോളിയിൽ അടങ്ങിയിരിക്കുന്നത് 80 കാലറി. ആരോഗ്യകരമായ സാഹചര്യങ്ങളിൽ ഉണ്ടാക്കിയെടുത്താൽ നല്ല ഒരു പലഹാരമാണ്.
∙ ഷിർഖണ്ട്
50 ഗ്രാമിൽ അടങ്ങിയിരിക്കുന്നത് 130 കാലറി. മാംസ്യം, അന്നജം എന്നിവയാൽ സമ്പന്നം. ഉൗർജത്തിന്റെ മികച്ച സ്രോതസ്സ്
തൈരുകൊണ്ടൊരു മഹാരാഷ്ട്രൻ മധുരം: ശ്രീകൺഠ്
∙ കാലാകണ്ട്
ഒരു കഷണത്തിൽ അടങ്ങിയിരിക്കുന്നത് 100 കലോറി ഉൗർജം.
∙ ഗീർ (പായസം)
പാൽ അടങ്ങിയിരിക്കുന്നതിൽ മികച്ച ആഹാരം. പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന് ഉത്തമം.
∙ പേഡ
ഒരു കഷണത്തിൽ അടങ്ങിയിരിക്കുന്നത് 82 കാലറി ഉൗർജം. പൊട്ടാസ്യത്തിന്റെ അളവ് ഏറെയാണ്
∙ ആൽമണ്ട് ബർഫി
പൊട്ടാസ്യം അടങ്ങിയിട്ടുള്ള ഇത്തരം ബർഫിയിൽ ഒരു കഷണത്തിൽ ഏതാണ്ട് 135 കാലറി അടങ്ങിയിട്ടുണ്ട്