നാരങ്ങാ നീരും രഹസ്യ മഷിയും

ലോകത്ത് ഒട്ടുമിക്ക ക്യുസീനുകളിലും ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ് നാരങ്ങ. ഏഷ്യയുടെ മഴമേഖലകളാണ് നാരങ്ങയുടെ ജന്മദേശം. 800 ബിസിയിലുള്ള സംസ്കൃത ലിഖിതങ്ങളിൽ നാരങ്ങയെക്കുറിച്ചു പറയുന്നുണ്ട്. ബിസി നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് ചിന്തകനും സസ്യശാസ്ത്രജ്ഞനുമായ തിയോ ഫ്രാസ്റ്റസ് നാരങ്ങയെ ‘ഫ്രൂട് ഓഫ് പേർഷ്യ’ എന്നാണ് വിശേഷിപ്പിച്ചത്. നാരങ്ങയെ സുഗന്ധദ്രവ്യമായും വിഷസംഹാരിയായും പ്രാണികളെ തുരത്താനുമെല്ലാം ഉപയോഗിക്കാമെന്നും അദ്ദേഹം നിർദേശിച്ചിരുന്നു. 

രുചിയാത്ര

റോമൻ കച്ചവടക്കാർ ഇന്ത്യയിൽ നിന്നുള്ള നാരങ്ങ റോമാ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കൊണ്ടുപോയി. പോംപെയിൽ നിന്നു കണ്ടെടുത്ത ചരിത്രാവശിഷ്ടങ്ങളിലെ ചുമർചിത്രങ്ങളിൽ നാരങ്ങയുണ്ടായിരുന്നതിൽ നിന്ന് അക്കാലത്ത് ഇതിനുണ്ടായിരുന്ന പ്രാധാന്യം വ്യക്തമാണ്. 10ാം നൂറ്റാണ്ടിലെ കൃഷി സംബന്ധമായ അറബിക് ലിഖിതങ്ങളിൽ നാരങ്ങയെക്കുറിച്ചു പരാമർശമുണ്ട്. സ്പെയിൻ, സിസിലി, ഈജിപ്ത് എന്നിവിടങ്ങളിൽ നാരങ്ങ കൃഷി ചെയ്തിരുന്നു. അറബികൾ നാരങ്ങയെ ലിമൺ എന്നും ലിമ എന്നുമാണ് പറഞ്ഞിരുന്നത്. ഇതാണ് പിന്നീട് ഇംഗ്ലിഷിൽ ലെമണും ലൈമുമായി മാറിയത്. 15ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ യൂറോപ്പിൽ വലിയ രീതിയിൽ നാരങ്ങ കൃഷി ചെയ്തിരുന്നു. വടക്കു പടിഞ്ഞാറൻ ഇറ്റലിയിലെ ജനോവ മേഖലയിലായിരുന്നു നാരങ്ങക്കൃഷി വൻതോതിലുണ്ടായിരുന്നത്. ക്രിസ്റ്റഫർ കൊളംബസാണ് 1493ൽ നാരങ്ങയുടെ വിത്തുകൾ കരീബിയൻ ദ്വീപായ ഹിസ്പനിയോലയിലെത്തിച്ചത്. പിന്നീട് 16, 17 നൂറ്റാണ്ടുകളിൽ മധ്യ അമേരിക്കയിലേക്കും തെക്കേ അമേരിക്കയിലേക്കുമുള്ള സ്പെയിൻകാരുടെ കുടിയേറ്റം വർധിച്ചതോടെ ഇവിടെയെല്ലാം നാരങ്ങയുമെത്തി. 

1936ൽ അമേരിക്കയിലെ മാൻഹട്ടണിലുള്ള തെരുവു കച്ചവടക്കാരൻ കോൾഡ് ലെമണേഡ് വിൽക്കുന്ന ചിത്രം.

നാരങ്ങാവെള്ളം

ഈജിപ്തിൽ പഞ്ചസാരയിട്ടുള്ള നാരങ്ങാവെള്ളം 11 നൂറ്റാണ്ടിൽ ഉണ്ടാക്കിയിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 13ാം നൂറ്റാണ്ടിൽ ചെങ്കിസ് ഖാന്റെ കാലത്ത് മംഗോളിയയിൽ നാരങ്ങയിൽ നിന്നുള്ള ലഹരിയുള്ള പാനീയം ഉപയോഗിച്ചിരുന്നു. 17ാം നൂറ്റാണ്ടിൽ ഫ്രാൻസിൽ നാരങ്ങാവെള്ളം വ്യാപകമായി കുടിച്ചിരുന്ന പാനീയമാണ്. 18ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് കുപ്പിയിലാക്കി നാരങ്ങാവെള്ളം വിൽക്കാൻ തുടങ്ങിയത്. 1929ൽ അമേരിക്കയില മിസെരിയിലുള്ള ചാൾസ് ലീപ്പർ ഗ്രിഗ് ആണ് ലിത്തിയേറ്റഡ് ലെമൺ ലൈം സോഡ രംഗത്തിറക്കിയത്. കാർബോ ഹൈഡ്രേറ്റ് വെള്ളം ഉപയോഗിച്ചു നിർമിച്ച ഈ സോഡയാണ് പിന്നീട് 7 അപ് ബ്രാൻഡ് ആയി മാറിയത്. 

ബ്രിട്ടിഷ് ആർക്കെവ്സിലെ 100 വർഷം പഴക്കമുള്ള ബ്ലാക് ലെമൺ.

വിഭവങ്ങളിൽ

നാരങ്ങനീര് വിഭവങ്ങളിൽ പുളിരസത്തിനായും ഇതിന്റെ തൊലി സുഗന്ധത്തിനായും പണ്ടുകാലം മുതൽ ഉപയോഗിക്കുന്നുണ്ട്. 12ാം നൂറ്റാണ്ടിലെ ഈജിപ്ഷ്യൻ ചെറു പുസ്തകത്തിൽ ‘ഓൺ ലെമൺ, ഇറ്റ്സ് ഡ്രിങ്കിങ് ആൻഡ് യൂസി’ൽ നാരങ്ങ ഉപ്പിലിട്ടു സൂക്ഷിക്കുന്നതു സംബന്ധിച്ചു പറയുന്നുണ്ട്. ജൂത ഭിഷഗ്വരനായ ഇബ്നു ജുമേ എഴുതിയ ഈ പുസ്തകത്തിലുള്ളതുപോലെയാണ് ഇപ്പോഴും വടക്കൻ ആഫ്രിക്കൻ ക്യൂസീനുകളിൽ നാരങ്ങ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്. ദക്ഷിണ ഏഷ്യൻ പാചകത്തിലും ഉപ്പിലിട്ട നാരങ്ങ ഉപയോഗിക്കുന്നുണ്ട്. ചിക്കൻ സൂപ്പിനൊപ്പം കഴിക്കുന്ന ഗ്രീക്ക് വിഭവമായ എഗ് ആൻഡ് ലെമൺ സോസ്, മധുരവിഭവങ്ങളായ ലെമൺ ടാർട്, കേക്ക്, സൊർബത്ത്, ഐസ്ക്രീം തുടങ്ങിയവയിലെല്ലാം നാരങ്ങ പ്രധാനമായും ഉപയോഗിക്കുന്നു. 

മുന്നിൽ ഇന്ത്യ 

നാവികർ ഉയർന്ന അളവിൽ വൈറ്റമിൻ സി അടങ്ങിയ നാരങ്ങ, ശീതപിത്തം ഉണ്ടാകാതിരിക്കുന്നതിനായി കടൽയാത്രയിൽ കരുതിയിരുന്നു. ഇറാഖിലും ഇറാനിലുമൊക്കെ സ്റ്റ്യൂ, സൂപ്പ് എന്നിവ ഉണ്ടാക്കുമ്പോൾ പൊടിച്ചതോ, മുറിച്ചതോ ആയ ഉണക്ക നാരങ്ങ ചേർത്തിരുന്നു. 

ഇന്ത്യയിൽ നാരങ്ങ അച്ചാർ നൂറ്റാണ്ടുകളായി ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. പ്രശസ്തമായ അമേരിക്കൻ പൈ ആയ കീ ലൈം പൈയ്ക്ക് ആ പേരു കിട്ടിയത് ഫ്ലോറിഡ കീ എന്ന സ്ഥലത്തുനിന്നുള്ള നാരങ്ങ ഉപയോഗിച്ച് ഉണ്ടാക്കിയതിനാലാണ്. 

ഇന്നു ലോകത്തെ ഒട്ടുമിക്ക വിഭവങ്ങളിലും പാനീയങ്ങളിലും നാരങ്ങ ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ്. അറബിക് പൂന്തോട്ടങ്ങളിൽ അലങ്കാരച്ചെടിയായും നാരങ്ങ വളർത്തിയിരുന്നു. ഇന്ന് ലോകത്ത് നാരങ്ങ ഉൽപാദനത്തിൽ മുന്നിലുള്ളത് ഇന്ത്യ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങളാണ്. ഇന്ത്യയിൽ ആന്ധ്ര, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, രാജസ്ഥാൻ, ബിഹാർ എന്നീ സംസ്ഥാനങ്ങളിലാണ് നാരങ്ങക്കൃഷി കൂടുതലുള്ളത്. ഭക്ഷ്യ ഉപയോഗത്തിനു പുറമെ സുഗന്ധദ്രവ്യം, സൗന്ദര്യവർധക വസ്തുക്കൾ, ശുചീകരണ സാധനങ്ങൾ എന്നിവയുണ്ടാക്കുന്നതിനും നാരങ്ങ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. 

18ാം നൂറ്റാണ്ടിൽ കളർ പ്രിന്റിങ്ങിന് ചെലവു കുറഞ്ഞപ്പോൾ അമേരിക്കയിലെ കലിഫോർണിയയിൽനിന്നു തണുപ്പു കൂടുതലുള്ള പ്രവിശ്യകളിലേക്കു നാരങ്ങ കയറ്റി അയയ്ക്കുന്ന കമ്പനി, പെട്ടികൾക്കു മുകളിൽ പതിക്കാൻ അച്ചടിച്ച പോസ്റ്ററുകളിലൊന്ന്.

രഹസ്യ മഷി

നാരങ്ങാ നീര് രഹസ്യമഷിയായി 600 എഡിയിൽ അറബികളാണ് ഉപയോഗിച്ചു തുടങ്ങിയത്. 16ാം നൂറ്റാണ്ടിൽ യൂറോപ്പിലും ഇതു മഷിയായി ഉപയോഗിക്കാൻ തുടങ്ങി. തീയുടെ മുകളിൽ പിടിച്ചാൽ ഇതിലെഴുതിയിരിക്കുന്നതു തെളിഞ്ഞുവരുന്നതിനാൽ ചാരന്മാർ രഹസ്യസന്ദേശങ്ങൾ അയയ്ക്കുന്നതിന് ഇതു വ്യാപകമായി ഉപയോഗിച്ചിരുന്നു. ഒന്നാം ലോക മഹായുദ്ധ കാലത്ത് നാരങ്ങാ നീരിൽ രഹസ്യ സന്ദേശങ്ങൾ അയച്ച 12 ജർമൻ ചാരന്മാർ ബ്രിട്ടനിൽ പിടിയിലായിരുന്നു. ‘ലെമൺ ജ്യൂസ് സ്പൈസ്’ എന്നറിയപ്പെട്ട ഇവരെ ടവർ ഓഫ് ലണ്ടനിൽവച്ച് വെടിവച്ചു കൊല്ലുകയായിരുന്നു.