മലയാളനാട്ടിൽ ആദ്യത്തെ കേക്കുണ്ടാക്കിയത് മലബാറുകാർ

തണുപ്പുള്ള ക്രിസ്മസ് രാത്രികൾ.അങ്ങകലെ എവിടെയോ നിന്നുയരുന്ന പള്ളിമണികളുടെ മന്ത്രണത്തിൽ, കാരൾ ഈണങ്ങൾ‍ക്ക് കാതോർത്തിരിക്കുകയാണു നമ്മൾ. ഇനി രണ്ടു രാവുകൾക്കപ്പുറം, പുൽക്കൂടുകളുണരും. ക്രിസ്മസ് മരങ്ങളിൽ ദീപങ്ങൾ പൂക്കും. ചുവന്നുകൊഴുത്ത വൈൻ ഗ്ലാസുകളിലേക്ക്് ഒഴുകിയെത്തും. ചെറിപ്പഴങ്ങൾ അലിഞ്ഞുചേർന്ന പ്ലംകേക്കുകൾ നാവിൻതുമ്പിൽ ഓർമരുചിയായി വിടരും. 

മലയാളികളുടെ ക്രിസ്മസ് രാവിൽ മലബാറിനെന്താണു പ്രത്യേകത? പൊതുവേ മലബാറിൽ ഡിസംബറിനേക്കാൾ തണുപ്പാണ് ക്രിസ്മസ് ആഘോഷങ്ങൾക്ക്. പക്ഷേ, മലയാളനാട്ടിൽ ആദ്യമായൊരു കേക്കുണ്ടാക്കിയത് മലബാറുകാരാണ്. മധ്യകേരളവും തിരുവിതാംകൂറും രാജഭരണത്തിലായിരുന്ന കാലം. അക്കാലത്ത് മലബാറുകാർ ബ്രിട്ടീഷുകാരുടെ ഭരണത്തിനുകീഴിലായിരുന്നു. തലങ്ങും വിലങ്ങും നടക്കുന്ന വെള്ളക്കാരെകണ്ടു പരിചയിച്ചവരാണ് അന്നേ മലബാറുകാർ. 

ബ്രൗൺ സായിപ്പിന് കണ്ണൂര് അഞ്ചരക്കണ്ടിയിൽ തോട്ടമുണ്ടായിരുന്നു. സായിപ്പിനു വേണ്ടി വിശേഷരുചികൾ തയാറാക്കിനൽകിയിരുന്നത് മാമ്പള്ളി ബാപ്പുവാണ്. ഒരിക്കൽ ബാപ്പുവിന് സായിപ്പ് ഒരു കഷ്ണം കേക്കു നല്്‍കി. അതുപോലൊരു കേക്ക് നിർമിച്ചുതരാമോ എന്നു ചോദിച്ചുവത്രേ. ബാപ്പു ഉണ്ടാക്കിയ കേക്ക് സായിപ്പിനെ ഞെട്ടിച്ചു. അത്ര രുചിയുള്ള കേക്ക് ഈ ജന്മത്തു കഴിച്ചിട്ടില്ലെന്ന് സായിപ്പ്് പറഞ്ഞു. 

ഇംഗ്ലണ്ടിൽ കേക്കിന്റെകൂട്ടു തയാറാക്കാൻ റമ്മാണ് ഉപയോഗിച്ചിരുന്നത്. പക്ഷേ ബാപ്പു ആ കൂട്ടൊന്നു മാറ്റിപ്പിടിച്ചു. അന്നും ഇന്നും മലബാറിൽ കശുമാവുകൾ സുലഭമായിരുന്നു. കശുമാങ്ങ പറിച്ചെടുത്ത് വാറ്റിയ ചാരായമാണ് ബാപ്പു കേക്കിന്റെ കൂട്ടിൽ ചേർത്തതെന്ന് അങ്ങാടിപ്പാട്ടാണ്. ബാപ്പുവിന്റെ കേക്കിൽ മയങ്ങിയ സായിപ്പ് ഉടൻ ഒരു ഡസൻ കേക്കു കൂടി നിർമിക്കാൻ ബാപ്പുവിനോട് ആവശ്യപ്പെട്ടുവത്രേ. 

മമ്പള്ളി ബാപ്പുവാണ് 1880ൽ കേരളത്തിലാദ്യമായി ഒരു ബേക്കറി തുടങ്ങിയത്. തലശ്ശേരിയിലെ മമ്പള്ളി ബേക്കറിയിൽ തുടങ്ങിയ പാരമ്പര്യം തലമുറകളിലൂടെ കേരളം മുഴുവൻ ഒഴുകിപ്പരന്നു. ബാപ്പുവിന്റെ മകൻ ഗോപാലൻ കോഴിക്കോട്ട് മിഠായിത്തെരുവിൽ മോഡേൺ ബേക്കറി തുറന്നു. കൊച്ചിയിൽ കൊച്ചിൻ ബേക്കറിയും തിരുവനന്തപുരം പുളിമൂട്ടിൽ ശാന്ത ബേക്കറിയും നാഗർകോവിൽ ടോപ്സ് ബേക്കറിയും മധ്യതിരുവിതാംകൂറിൽ ബെസ്റ്റ് ബേക്കറിയുമായി വ്യാപിച്ചതായാണ് ചരിത്രം. 

ഇംഗ്ലിഷ് പത്രം വാങ്ങാൻ കൊച്ചി രാജാവിന്റെ കൊട്ടാരത്തിൽനിന്നു വരുന്ന കാർ മമ്പള്ളിക്കാരുണ്ടാക്കുന്ന ബ്രഡ്ഡും വാങ്ങിയാണ് എന്നും തിരിച്ചുപോവുക. മൗണ്ട് ബാറ്റൺ അടക്കമുള്ള വൈസ്രോയിമാർക്ക് ഒരുക്കിയ പാർട്ടിയിൽ രുചി വിളമ്പിയ ചരിത്രവും മമ്പള്ളിക്കാർക്കുണ്ട്. ഇത്തവണ ക്രിസ്മസിനു കേക്കു മുറിച്ചു കഴിക്കുമ്പോൾ‍ അഭിമാനത്തോടെ ഈ ചരിത്രവും ഓർക്കാം.