Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രുചികരമായ ഉണ്ണിയപ്പം തയാറാക്കാം

വിജയലക്ഷ്മി
unniyappam

ഉണ്ണിയപ്പത്തിന്റെ മധുരം ഇഷ്ടപ്പെടുന്നവർക്ക് വീട്ടിൽ തന്നെ തയാറാക്കാം നല്ലൊരു സ്വാദുള്ള ഉണ്ണിയപ്പം. അഞ്ച് ദിവസം വരെ കേട് കൂടാതെ ഇരിക്കും.

പച്ചരി – അരക്കിലോ
ശർക്കര – അരക്കിലോ
തേങ്ങ ചെറുതായി കൊത്തി അരിഞ്ഞത് – 1 കപ്പ്
പാളയങ്കോടൻ പഴം – 5 എണ്ണം
ഏലയ്ക്ക പൊടിച്ചത് – ഒരു ടീസ്പൂൺ
സോഡാപ്പൊടി – 1 നുള്ള്
വെളിച്ചെണ്ണ / നെയ്യ് – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്

പച്ചരി രണ്ട് മണിക്കൂർ കുതിർത്ത് വെച്ചതിന് ശേഷം നല്ല മയത്തിൽ അധികം വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ശർക്കര പൊടിച്ച് ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ഇടുക. അര ഗ്ലാസ് വെള്ളം ഒഴിച്ച് അടുപ്പിൽ വയ്ക്കുക. ശർക്കര മുഴുവനും ഉരുകി കഴിയുമ്പോൾ അടച്ച് വെച്ചിരിക്കുന്ന മാവിലേക്ക് അരിപ്പ വെച്ച് അരിച്ചൊഴിക്കുക. തുടർച്ചയായി ഇളക്കണം. ശർക്കര പാവും മാവുമായി നല്ല പോലെ യോജിപ്പിക്കണം. ഈ കൂട്ടിലേക്ക് പാളയങ്കോടൻ പഴം ഞെരടി ചേർക്കാം.

തേങ്ങ കൊത്ത് നെയ്യിൽ ബ്രൗൺ നിറം ആകുന്നത് വരെ മൂപ്പിക്കുക. അതും മാവിലേക്ക് ചേർക്കുക. ശേഷം ഏലയ്ക്കയും സോഡാപ്പൊടിയും ഉപ്പും ചേർത്ത് ഇളക്കി അടച്ച് വെക്കുക. രണ്ട് മണിക്കൂറിനു ശേഷം ഉണ്ണിയപ്പം ഉണ്ടാക്കാൻ തുടങ്ങാം. അപ്പക്കല്ല് അടുപ്പത്ത് വച്ച് ചൂടായതിനു ശേഷം ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. വേണമെങ്കിൽ രണ്ട് സ്പൂൺ നെയ്യും ഈ വെളിച്ചെണ്ണയിൽ േചർക്കാവുന്ന താണ്. അങ്ങനെ ചെയ്താൽ ഉണ്ണിയപ്പത്തിന് നെയ്യിൽ വറുത്തെടുത്ത പോലെ ഉള്ള ഗന്ധവും രുചിയും കിട്ടും.

എണ്ണ ചൂടായി കഴിഞ്ഞ് ഉണ്ണിയപ്പം മാവ് ഓരോ തവി ഓരോ കുഴിയിലും ഒഴിക്കുക. വെന്ത് കഴിയുമ്പോള്‍ ഒരു സ്പൂൺ ഉപയോഗിച്ച് മറിച്ചിടുക. വെന്ത് കഴിയുമ്പോള്‍ ഉണ്ണിയപ്പം കോരിയെടുക്കാം. മുഴുവൻ മാവും ഇതുപോലെ ഉണ്ടാക്കി എടുക്കുക.