എല്ലാവരും പൊള്ളിച്ച ചിക്കൻ, പൊള്ളിച്ച മീൻ ഒക്കെ കഴിച്ചിട്ടുണ്ട് അല്ലെ? പക്ഷെ പൊള്ളിച്ച ചിക്കൻ ചോറ് പരീക്ഷിച്ചിട്ടുണ്ടോ? ഇതാ രുചികരമായ ഒരു പൊള്ളിച്ച ചിക്കൻ ചോറ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ചേരുവകൾ
ബസ്മതി അരി - 4 കപ്പ്
ചിക്കൻ ചെറുതായി അറിഞ്ഞത് - 1 കിലോ
സവാള - 2
ചെറിയ ഉള്ളി - 250 ഗ്രാം
തക്കാളി - 4
ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 ടേബിൾ സ്പൂൺ
പച്ചമുളക് (നെടുകെ പിളർന്നത് ) - 4
നാരങ്ങാ - 3
കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ് - ആവശ്യത്തിന്
മഞ്ഞൾപൊടി - 2 ടീസ്പൂൺ
മുളകുപൊടി - 2 ടേബിൾസ്പൂൺ
മല്ലിപൊടി - 1 ടേബിൾസ്പൂൺ
കുരുമുളക് പൊടി - 1 ടേബിൾസ്പൂൺ
തേങ്ങാക്കൊത്തു വറുത്ത് - 4 ടേബിൾസ്പൂൺ
ഗരം മസാല - ഏലക്ക, ഗ്രാമ്പു, കുരുമുളക്, പട്ട, പെരുംജീരകം, ജീരകം - ആവശ്യത്തിന്
തയാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചിക്കൻ അല്പം കുരുമുളക് പൊടി മഞ്ഞൾ പൊടി ഉപ്പ് ഒരു നാരങ്ങയുടെ നീര് എന്നിവ ചേർത്ത് നന്നായി പുരട്ടി അര മണിക്കൂർ വെയ്ക്കുക.
സാധാരണ ബിരിയാണിക്ക് തയാറാക്കുന്ന പോലെ തന്നെ 8 ഗ്ലാസ് വെള്ളത്തിൽ ഏലക്ക, പട്ട, ഗ്രാമ്പൂ, ബേ ലീഫ്, എന്നിവ ചേർത്തു തിളപ്പിച്ച് രണ്ടു നാരങ്ങയുടെ നീരും അല്പം ഉപ്പും ചേർത്ത് അരി വേവിച്ചു എടുക്കുക.
മസാല പുരട്ടി വെച്ചിരിക്കുന്ന ചിക്കൻ ചുവടു കട്ടിയുള്ള പാത്രത്തിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ആവിയിൽ വേവിച്ചു എടുക്കുക.
ഇനി മസാല തയ്യാറാക്കാം
ചുവടു കട്ടിയുള്ള പാത്രത്തിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച്, ഏലക്ക, പട്ട, ഗ്രാമ്പൂ, ജീരകം, പെരുംജീരകം, ബേ ലീഫ് എന്നിവ അൽപ നേരം വഴറ്റുക. ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി സവാള പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക. തക്കാളി ചേർത്ത് മസാല നന്നായി കുറുക്കി എടുക്കുക. ഇതിലേക്ക് മഞ്ഞൾ പൊടി മുളക് പൊടി മല്ലിപ്പൊടി എന്നിവ ചേർത്ത് വഴറ്റി എടുക്കുക. വറുത്ത തേങ്ങാക്കൊത്തു ചേർക്കുക .
ഇനി പൊള്ളിച്ചെടുക്കാം
വാട്ടിയ വലിയ വാഴയിലയിൽ ചെറിയ ഒരു ഇല കൂടി നടുക്ക് വെയ്ക്കുക. അല്പം വെളിച്ചെണ്ണ ഒഴിച്ച് അതിനു മീതെ തയാറാക്കിയ മസാല കോരി വയ്ക്കുക. അടുത്തത് ചിക്കൻ കഷണങ്ങൾ നിരത്തുക. ഇതിനു മീതെ വലിയ രണ്ടു തവി ചോറ് നിരത്തുക. നാലു വശവും അകത്തേക്ക് മടക്കി വാഴ നാരു കൊണ്ട് നന്നായി കെട്ടുക. ചുവടു കട്ടിയുള്ള പാത്രത്തിൽ അല്പം വെളിച്ചെണ്ണ തൂവി കെട്ടിയ ചിക്കൻ ചോറ് നന്നായി രണ്ടു വശവും പൊള്ളിച്ചെടുക്കുക . അൽപ നേരം വെച്ചതിനു ശേഷം ചൂടോടെ വിളമ്പാം.