രുചിമസാല നിറഞ്ഞ കാട ബിരിയാണി

പോഷകഗുണങ്ങൾ നിറഞ്ഞ കാട ബിരിയാണി വീട്ടിൽ തയാറാക്കിയാലോ? രുചികരവും വ്യത്യസ്തവുമായ ബിരിയാണി രുചി ഏവർക്കും ഇഷ്ടപ്പെടും.

കാട ബിരിയാണി ചേരുവകൾ :

മാരിനേറ്റ് ചെയ്യാൻ :

കാട - 6 എണ്ണം
മഞ്ഞൾപൊടി -അരടീസ്പൂൺ
മുളകുപൊടി - രണ്ടു ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- രണ്ടു ടീസ്പൂൺ
ഉപ്പ്- ഒരു ടീസ്പൂൺ
ചെറുനാരങ്ങാനീര് - അരമുറി നാരങ്ങ

മസാലയ്ക്കുവേണ്ടി :

സവോള അരിഞ്ഞത് - 3
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- ഒരുടേബിൾസ്പൂൺ
പച്ചമുളക് ചതച്ചത് - ഒരു ടേബിൾസ്പൂൺ
തക്കാളി അരിഞ്ഞത് - 2
തൈര് - ഒരു കപ്പ്
മഞ്ഞൾപൊടി - അരടീസ്പൂൺ
മല്ലിപൊടി-ഒരു ടീസ്പൂൺ
കുരുമുളക്പൊടി- ഒരു ടീസ്പൂൺ
ഗരംമസാല - ഒരു ടീസ്പൂൺ
ഉപ്പ് , മല്ലിയില , പുതിനയില, എണ്ണ - ആവശ്യത്തിന്

അരി വേവിക്കാൻ :

ജീരകശാല അരി- 3 കപ്പ്
ഏലയ്ക്ക -4  
പട്ട - 3 കഷ്ണം
ഗ്രാമ്പു- 4 
തക്കോലം - 2  
വഴനയില -1 
ചൂടുള്ള വെള്ളം - 5 കപ്പ്
ഉപ്പ്- ഒരു ടീസ്പൂൺ നെയ്യ്‌ - 3 ടേബിൾസ്പൂൺ

അലങ്കരിക്കാൻ :

ഫ്രൈഡ് ഒനിയൻ- 1 കപ്പ്
ഫ്രൈഡ് കാഷ്യൂസ്- കാൽ കപ്പ്
ഫ്രൈഡ് കിസ്മിസ് - കാൽ കപ്പ്
മല്ലിയില, പുതിനയില, ഗരം മസാല - ആവശ്യത്തിന്

തയാറാക്കുന്ന വിധം :

കാടയിൽ ഉപ്പ്‌ , മഞ്ഞൾപൊടി , മുളക്പൊടി ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് നാരങ്ങാനീര് ചേർത്തു 10 മിനിറ്റ് മാരിനേറ്റ് ചെയ്ത് വെയ്ക്കുക . ഒരു പാനിൽ നെയ്യൊഴിച്ചു പട്ട ഗ്രാമ്പു ഏലയ്ക്ക തക്കോലം വഴനയില എന്നിവ ചേർത്തു മൂപ്പിച്ചെടുക്കുക . ഇതിലേക്കു കഴുകി ഊറ്റിയെടുത്ത അരി ചേർത്തു 2 മിനിറ്റ് വറുത്തെടുക്കുക. ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കുക . ഉപ്പു ചേർത്തു ഇളക്കി 10 മിനിറ്റ് കുറഞ്ഞ തീയിൽ അടച്ചു വെച്ച് വേവിച്ചെടുക്കുക.

ഒരു പാനിൽ എണ്ണ ഒഴിച്ചു കാട ഫ്രൈ ചെയ്തെടുക്കുക. ഇതേ എണ്ണയിലേക് സവാള അരിഞ്ഞത് , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , പച്ചമുളക് ചതച്ചതും ചേർത്തു വഴറ്റി എടുക്കുക. തക്കാളി ചേർത്തു 5 മിനിറ്റ് മൂടിവെച്ചു വേവിക്കുക. നന്നായി വഴന്നു വരുമ്പോൾ മഞ്ഞൾപൊടി, കുരുമുളക്പൊടി, ഗരം മസാല, മല്ലിപൊടി, ഉപ്പു ചേർത്തിളക്കുക .തൈര് ചേർത്തു കൊടുക്കുക.തിള വരുമ്പോൾ ഫ്രൈ ചെയ്ത കാട ചേർത്തു കൊടുത്തു 5 മിനിറ്റ് മൂടി വെച്ചു വേവിക്കുക. മല്ലിയില പുതിനയില ചേർത്തു കൊടുക്കുക. തീ കുറച്ചു വെച്ചു വേവിച്ചു വെച്ച ചോറിന്റെ പകുതി മസാലയുടെ മുകളിലേക്കു ഇട്ടു കൊടുക്കുക. അതിനു മുകളിലായി ഫ്രൈഡ് ഒനിയൻ, കാഷ്യു, കിസ്മിസ്, മല്ലിയില, പുതിനയില, ഗരം മസാലയും വിതറി കൊടുക്കുക .ഇതിനു മുകളിലായി ബാക്കിയുള്ള ചോറ് ഇട്ടു കൊടുക്കുക. 

വീണ്ടും ഫ്രൈഡ് ഒനിയൻ, കാഷ്യു, കിസ്മിസ്, മല്ലിയില, പുതിനയില, ഗരം മസാലയും വിതറി കൊടുത്തു അടച്ചു വെച്ചു കുറഞ്ഞ തീയിൽ 15 മിനിറ്റ് ദം ചെയ്തെടുക്കുക .