രുചിലോകത്ത് കൈയൊപ്പ് പതിപ്പിച്ചൊരു താരമാണ് ഷെഫ് നൗഷാദ്. ചിക്കൻ ലിവർ കറിക്കൂട്ട് പറഞ്ഞു തരുന്നത് സൂപ്പർ ഷെഫ് നൗഷാദാണ്!
ചേരുവകൾ:
ചിക്കൻ ലിവർ അര കിലോഗ്രാം. വെളിച്ചെണ്ണ ഒരു കപ്പ്. ഇഞ്ചി അരിഞ്ഞത് ഒരു ടേബിൾ സ്പൂൺ. വെളുത്തുള്ളി ചതച്ചത് ഒരു ടേബിൾ സ്പൂൺ. പച്ചമുളക് അരിഞ്ഞത് ഒരു ടേബിൾ സ്പൂൺ. സവാള ചതുരത്തിൽ അരിഞ്ഞത് ഒരു കപ്പ്. കറിവേപ്പില രണ്ടു തണ്ട്. തക്കാളി അരിഞ്ഞത് ഒരു കപ്പ്. കുരുമുളക് ചതച്ചത് രണ്ടു ടേബിൾ സ്പൂൺ. കോൺഫ്ളവർ ഒരു ടേബിൾ സ്പൂൺ. കടുക് ഒരു ടീസ്പൂൺ. കാപ്സിക്കം അരിഞ്ഞത് കാൽ കപ്പ്. ഉപ്പ് ആവശ്യത്തിന്.
തയാറാക്കുന്ന വിധം:
∙ഒരു പാത്രത്തിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുകിട്ടു പൊട്ടിച്ച് അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവയിട്ട് മൂപ്പിക്കുക. അതിൽ പച്ചമുളക് അരിഞ്ഞതും അൽപം ഉപ്പും ചേർത്തിളക്കുക. മൂക്കുമ്പോൾ സവാള, കറിവേപ്പില, തക്കാളി, കാപ്സിക്കം, കുരുമുളക് എന്നിവ ചേർത്ത് വഴറ്റുക. അതിലേക്ക് ചിക്കൻ ലിവർ ചേർത്ത് ആവശ്യാനുസരണം വെള്ളമൊഴിച്ച് വേവിക്കുക.
∙വെന്തുക്കഴിയുമ്പോൾ കോൺഫ്ളവർ അൽപം വെള്ളത്തിൽ കലക്കിയൊഴിച്ച് അൽപ സമയത്തിനുശേഷം വാങ്ങിവയ്ക്കാം.