നാവിൽ അലിഞ്ഞു ചേരുന്നൊരു രാജസ്ഥാനി മധുരം

ഘേവർ

വായിൽ വച്ചാൽ അലിയുന്നതാണ് ഈ രാജസ്ഥാനി മധുരം. ഘേവർ രുചിക്കൂട്ട് പരീക്ഷിക്കാം.

01. മൈദ — മൂന്നു കപ്പ്
02. കട്ടനെയ്യ് — ഒരു കപ്പ്
03. ഐസ്കട്ട — മൂന്നു നാല്
04. പാൽ — അര കപ്പ്
05. മഞ്ഞ ഫുഡ്കളർ— കാൽ ചെറിയ സ്പൂൺ
06. നെയ്യ് — ഒരു കിലോ

സിറപ്പിന്

07. പഞ്ചസാര— ഒന്നരക്കപ്പ്
വെള്ളം— ഒരു കപ്പ്

അലങ്കരിക്കാൻ

08. ഏലയ്ക്ക പൊടിച്ചത് — ഒരു ചെറിയ സ്പൂൺ
09. ബദാം നുറുക്കിയത് — ഒരു വലിയ സ്പൂൺ
10. പിസ്ത നുറുക്കിയത്— ഒരു വലിയ സ്പൂൺ
11. പാൽ — ഒരു വലിയ സ്പൂൺ
12. കുങ്കുമപ്പൂവ്— അര ചെറിയ സ്പൂൺ
13. സിൽവർ ഫോയിൽ

തയാറാക്കുന്ന വിധം

01. സിറപ്പിനുള്ള ചേരുവ യോജിപ്പിച്ച് അടുപ്പിൽ വച്ചിളക്കി ഒരു നൂൽ പാകമാക്കി വാങ്ങി ചൂടോടെ അടച്ചു വയ്ക്കുക.
02. നെയ്യ് ഒരു പാത്രത്തിലെടുത്ത് ഐസ്ക്യൂബ് ഓരോന്നായി ചേർത്തു കൈകൊണ്ടു നന്നായി തേയ്ക്കുക. (കേക്ക് തേയ്ക്കുന്നതു പോലെ)
03. നെയ്യ് വെളുപ്പ് നിറമാകും വരെ ഐസ്ക്യൂബ് ഓരോന്നായി ചേർത്തു തേയ്ക്കുക.
04. ഈ മിശ്രിതത്തിലേക്ക് പാലും മൈദയും ഒരു കപ്പു വെള്ളവും ചേർക്കണം.
05. നന്നായി യോജിപ്പിച്ചു കോരിയൊഴിക്കാവുന്ന പരുവത്തിൽ പാകത്തിനു വെള്ളം ചേർത്ത ശേഷം വെള്ളത്തിൽ അലിയിച്ച കളറും യോജിപ്പിക്കുക.
06. ഘേവർ ഉണ്ടാക്കുവാൻ പ്രത്യേക മോൾഡ് ലഭ്യമാണ്. വട്ടത്തിലുള്ള അലുമിനിയം സ്റ്റീൽ പാത്രം ഉപയോഗിക്കാം. ഏകദേശം ആറിഞ്ചു വ്യാസമുള്ള പാത്രമാണ് നന്ന്. ഉയരം ഏകദേശം 12 ഇഞ്ചും.
07. അലുമിനിയം പാത്രത്തിൽ പകുതി ഭാഗം നെയ്യ് ഒഴിച്ചു ചൂടാക്കുക.
08. നെയ്യ് പുകഞ്ഞു തുടങ്ങുന്നതിനു തൊട്ടു മുമ്പ് തയാറാക്കിവച്ചിരിക്കുന്ന മാവ്, 50 മില്ലി, ഒരു ഗ്ലാസിൽ എടുത്തു നെയ്യുടെ നടുവിലേക്ക് ഇടമുറിയാതെ ഒഴിക്കണം.
09. പത അടങ്ങിക്കഴിയുമ്പോൾ നടുവിൽ രൂപം കൊണ്ടിരിക്കുന്ന ദ്വാരത്തിലേക്ക് വീണ്ടും ഒരു ഗ്ലാസ് മാവ് ഒഴിക്കണം.
10. പത തീർത്തും അടങ്ങിയ ശേഷം ഇരുമ്പു കമ്പി കൊണ്ട് നടുവിലുള്ള ദ്വാരത്തിലൂടെ കുത്തി ഘേവർ മെല്ലെ മോൾഡിൽ നിന്ന് ചരിച്ചു പുറത്തേക്കെടുക്കുക.
11. പുറത്തേക്കെടുത്ത ഘേവർ വയർ മെഷിനു(അകലത്തിൽ കണ്ണുള്ള അരിപ്പ) മീതെ വയ്ക്കുക. എണ്ണ മുഴുവനായി ചോർന്നു പോകാനാണിത്.
12. ഒരു പരന്ന പാത്രത്തിൽ തയാറാക്കി വച്ചിരിക്കുന്ന പഞ്ചസാരപ്പാനി ഒഴിച്ചു വയ്ക്കുക.
13. തയാറാക്കിയ ഘേവർ പഞ്ചസാരപ്പാനിയിൽ മുക്കിയെടുത്തു വീണ്ടും വയർ മെഷിനു മീതെ വച്ച് ഒരു പാത്രത്തിനു മുകളിൽ വയക്കുക. അധികം പാനി ഊർന്നു പോകാനാണിത്.
14. അൽപം തണുന്ന ശേഷം സിൽവർഫോയിൽ മുകളിൽ പരത്തുക.
15. കുങ്കുമപ്പൂവ് ഒരു വലിയ സ്പൂൺ പാലിൽ കലക്കിയതും അലങ്കരിക്കാനുള്ള ബാക്കി ചേരുവകളും ഉപയോഗിച്ച് അലങ്കരിക്കാം.