പാൽക്കട്ടിയിൽ നിന്നും നിർമ്മിക്കുന്ന, മധുരപാനീയത്തിൽ മുക്കി വിളമ്പുന്ന ഒരു പലഹാരമാണ് രസഗുള. ഇതിന്റെ ഉറവിടം ബംഗാൾ, ഒറീസ എന്നീ സ്ഥലങ്ങളാണ്. രസഗുളയുടെ പേരിൽ ബംഗാളും ഒറീസയും തമ്മിൽ ഇപ്പോഴും പോരാട്ടം നടക്കുകയാണ്!
01. പാൽ — അര ലിറ്റർ
02. മൈദ — രണ്ടു ടീസ്പൂൺ
03. നാരങ്ങാനീര്— മൂന്നു ടേബിൾസ്പൂൺ
04. പഞ്ചസാര— ഒരു കപ്പ്
05. വെള്ളം — ഒരു കപ്പ്
06. റോസ് എസ്സൻസ് — മൂന്നു തുളളി
തയാറാക്കുന്ന വിധം
01. പാൽ തിളപ്പിച്ചു വാങ്ങുക.
02. ഇതിലേക്കു നാരങ്ങാനീരു ചേർത്തു മെല്ലെ ഇളക്കണം. പാൽ പിരിഞ്ഞ ശേഷം ഈ മിശ്രിതം കട്ടി കുറഞ്ഞ തുണിയിലൂടെ അരിച്ചു പിഴിഞ്ഞെടുക്കണം.
03. അരിച്ചു കിട്ടിയ പിശിട് ടാപ്പിന്റെ അടിയിൽ പിടിച്ചു തണുത്ത വെള്ളത്തിൽ നന്നായി കഴുകിയെടുക്കുക.
04. വീണ്ടും തുണി നന്നായി പിഴിഞ്ഞു മുഴുവൻ വെള്ളം കളഞ്ഞശേഷം കിട്ടുന്ന പിശിടു നന്നായി കുഴയ്ക്കണം. ഇതിലേക്കു മൈദ ചേർത്തു വീണ്ടും കുഴച്ചു മാവിൽ നിന്ന് ഒരേ വലിപ്പത്തിലുള്ള ചെറിയ ഉരുളകൾ തയാറാക്കി മാറ്റി വയ്ക്കുക.
05. വെള്ളവും പഞ്ചസാരയും യോജിപ്പിച്ചു തിളപ്പിക്കുക.
06. ഇതിലേക്കു തയാറാക്കി വച്ചിരിക്കുന്ന ഉരുളകൾ ചേർത്തു പാത്രം പാതി മൂടി വച്ച് 15 മിനിറ്റു വേവിക്കുക.
07. ഉരുളകൾ വീർത്തു വരുമ്പോൾ വാങ്ങി വയ്ക്കുക.
08. ചൂടാറിയ ശേഷം റോസ് എസൻസും ചേർത്തു തണുപ്പിച്ച് ഉപയോഗിക്കാം.