ജിൽ ജിൽ....ജിലേബി, തെളിയട്ടെ രുചിദീപം

ഓരോ ദീപാവലിയും നാടിനെ മധുരസാഗരത്തിൽ മുക്കിയെടുക്കുകയാണ്. മധുരത്തിന്റെ ആഘോഷവേളയാണ് ഓരോ ദീപാവലിയും. ദീപങ്ങളുടെ ഉത്സവത്തിൽ ആഹ്ലാദത്തിന്റെ മാലപ്പടക്കങ്ങളും നിറങ്ങളുടെ പൂത്തിരികളും മാരിവില്ലു തീർക്കുമ്പോൾ ഓർമകൾക്കു നിറക്കൂട്ടു പകരാൻ മധുരം വേണ്ടേ? തിൻമയുടെ മേൽ നൻമ നേടുന്ന വിജയത്തിന്റെ ആഘോഷമായതിനാലാവാം ദീപാവലി ഇത്ര മധുരതരമായത്. ഓരോ ദീപാവലിയും നാടിനെ മധുരസാഗരത്തിൽ മുക്കിയെടുക്കുകയാണെന്നു തന്നെ പറയാം. 

Read Jilebi Recipe in English

തേനൂറുന്ന ജിലേബിയുടെ ജനനം അറേബ്യയിലോ പേർഷ്യയിലോ ആയിരിക്കാമെന്ന നിഗമനത്തിലാണു ഭക്ഷണചരിത്രകാരൻമാർ. അറബിയിലെ സലബിയ, പേർഷ്യൻ ഭാഷയിലെ സിലാബിയ എന്നിവയിൽ നിന്നാണു ജിലേബ് എന്ന വാക്കുണ്ടായതെന്നു ചരിത്രകാരൻമാർ പറയുന്നു. പക്ഷേ, എഡി 1450ൽ ജിനാസുരൻ എന്ന ചിന്തകൻ കന്നഡഭാഷയിലെഴുതിയ ഗ്രന്ഥങ്ങളിൽ ജിലേബി എന്ന വാക്ക് ഉപയോഗിച്ചിരുന്നു. രഘുനാഥൻ 16-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലെഴുതിയ ഭോജനകുതൂഹല എന്ന മറാഠി പുസ്‌തകത്തിൽ ജിലേബിയുടെ നിർമാണം വിവരിക്കുന്നുണ്ട്. എഡി 1600ൽ അണ്ണാജിയെഴുതിയ സൗന്ദരവിലാസ എന്ന ഗ്രന്ഥത്തിലും ജിലേബിയുടെ രുചി പ്രതിപാദിക്കുന്നു. ജിലേബിയുടെ വകഭേദമായ ജാഗിരി ജഹാംഗീർ ചക്രവർത്തിക്കു വേണ്ടിയാണു നിർമിച്ചതെന്നാണു വിശ്വാസം. ജഹാംഗീരി എന്ന വാക്കിൽ നിന്നാണത്രേ ജാഗിരി എന്ന പേരു ലഭിച്ചത്. 

ചേരുവകൾ

1. മൈദ – ഒന്നരക്കപ്പ്
വെള്ളം – ഒന്നേകാൽ കപ്പ്
2. പഞ്ചസാര – രണ്ടു കപ്പ്
വെള്ളം – രണ്ടു കപ്പ്
3. കുങ്കുമപ്പൂവ് – കാൽ ചെറിയ സ്പൂൺ
സാഫ്റൺ കളര്‍ – കാൽ ചെറിയ സ്പൂൺ
4. എണ്ണ/നെയ്യ് – വറുക്കാൻ
5. മൈദ – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം 

∙ മൈദ ഒരു വലിയ ബൗളിലാക്കി വെള്ളം ചേർത്തു നന്നായി കുഴച്ചു യോജിപ്പിക്കുക. ഒരേ ദിശയിൽ തന്നെ വേണം ഇളക്കുവാൻ. ഏകദേശം 20 മിനിറ്റ് ഇളക്കണം. ഈ മാവ് അനക്കാതെ ചെറുചൂടുള്ള സ്ഥലത്ത് 24 മണിക്കൂർ വയ്ക്കണം.

∙ പഞ്ചസാര വെള്ളം ചേർത്തു തുടരെയിളക്കി തിളപ്പിക്കുക. പഞ്ചസാര അലിഞ്ഞശേഷം മൂന്നാമത്തെ ചേരുവ ചേർത്തിളക്കി ഒരു നൂൽ പരുവമാകുമ്പോൾ വാങ്ങി ചൂടാറാൻ വയ്ക്കണം. തണുത്തു പോകരുത്. ചെറുചൂടുണ്ടാവണം.

∙ നെയ്യ്/എണ്ണ ഒരു ഫ്രൈയിങ് പാനിലാക്കി ചൂടാക്കുക. ഇടത്തരം ചൂട് മതി. ഇല്ലെങ്കിൽ ജിലേബി കരിഞ്ഞു പോകും.

∙ കുഴച്ചു വച്ചിരിക്കുന്ന മാവ് എടുത്ത്, അതിൽ രണ്ടു വലിയ സ്പൂൺ മൈദ ചേർത്തു നന്നായി യോജിപ്പിക്കുക.

∙ ഈ മാവ് പൈപ്പിങ് ബാഗിലാക്കി ചൂടായ എണ്ണയുടെ മുകളിൽ പിടിക്കുക. ഇനി എണ്ണയിലേക്കു ജിലേബിയുടെ ആകൃതിയിൽ പിഴിയുക. പുറത്തു നിന്ന് അകത്തേക്കു പിഴിയുന്നതാണ് ഉത്തമം.

∙ മെല്ലേ തിരിച്ചും മറിച്ചുമിട്ടു ഓരോ വശവും ഗോൾഡൻ നിറമായി കരുകരുപ്പാകുമ്പോൾ എണ്ണയിൽ നിന്നു കോരി ചെറുചൂടുള്ള പഞ്ചസാരപ്പാനിയിലിടുക.

∙ പിന്നീട് പാനിയിൽ നിന്നു കോരി ചൂടോടെ വിളമ്പാം.