ദിവസവും ചോറും സാധാരണ ബിരിയാണിയും കഴിച്ചു മടുത്തോ? വിവിധ നാടുകളിലെ രുചിക്കൂട്ടുകൾ പരിചയപ്പെടുകയും പരീക്ഷിക്കുകയും ചെയ്യുന്നത് വ്യത്യസ്തമായ അനുഭവമാണ്. ‘ബുഖാരി റൈസ്’ എന്നു കേട്ടിട്ടുണ്ടോ? സൗദി അറേബ്യയുടെ പ്രിയ ഭക്ഷണമാണ്. രുചിക്കൂട്ടുകൾ നമ്മുടെ നാട്ടിലും ലഭ്യമാണ്. ബുഖാരി റൈസ് വിത്ത് ചിക്കൻ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകൾ
ഒലിവ് ഓയിൽ – 2 ടീസ്പൂൺ
ബസ്മതി റൈസ് – ½ കിലോ (20മിനിറ്റ് കുതിർത്തത്)
ചിക്കൻ തൊലിയോട് കൂടിയത് – 1 കിലോ (നാലായി മുറിച്ചത്)
സവാള വലുത് – 2
പച്ചമുളക് – 4
ഉണക്ക നാരങ്ങ – 2
ഉണക്കമുന്തിരി വറുത്തത് – 100 ഗ്രാം
ബദാം പരുപ്പ് വറുത്തത് – 50 ഗ്രാം
ചിക്ക് പീസ് (വെള്ളക്കടല) പുഴുങ്ങിയത് – ½ കപ്പ് / വേണമെങ്കിൽ മാത്രം
കാരറ്റ് ചെറിയ ക്യൂബ് ആയി മുറിച്ചത് – 1
കിഴങ്ങ് ചെറിയ ക്യൂബ് ആയി മുറിച്ചത് – 1
ചിക്കൻ സ്റ്റോക്ക് – 1 ക്യൂബ്
വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
ടുമാറ്റോ പേസ്റ്റ് (കെച്ചപ്പ്) – 2 ടീസ്പൂൺ
ടുമാറ്റോപ്യുരി – 2 വലിയത്
മസാല തയാറാക്കുന്ന വിധം
ചെറിയ ജീരകം – ½ ടീസ്പൂൺ
കറുവാപട്ട – 3 ചെറിയ പീസ്
ഏലയ്ക്ക – 4 എണ്ണം
ഗ്രാമ്പൂ – 4
ബെയ്‌ലീഫ്സ് – 5 പീസ്
കുരുമുളക് – ഒരു ടീസ്പൂൺ ഇവ ചൂടാക്കി നന്നായി പൊടിക്കുക
പാചകരീതി
ചുവടുകട്ടിയുള്ള ഒരു നോൺസ്റ്റിക് പാത്രവും അതിന്റെ ചേരുന്ന അടപ്പും കരുതുക. പാൻ ചൂടാകുമ്പോൾ ഒലിവ് ഓയിൽ ഒഴിക്കുക. (പകരം ബട്ടർ ഉപയോഗിക്കാം) ശേഷം രണ്ടു പീസ് ഏലയ്ക്ക, കറുവാപട്ട, ഗ്രാമ്പു എന്നിവ മുഴുവനായും ഇടുക. അരിഞ്ഞു വെച്ച സവാള ഇടുക. മഞ്ഞൾപൊടിയും അൽപം ഉപ്പും ചേർത്ത് നന്നായി ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക. ശേഷം നാലായി മുറിച്ച ചിക്കൻ ഇടുക. ഇതിലേക്ക് നേരത്തെ തയാറാക്കി വെച്ച ബുഖാരി മസാല ചേർത്തു കൊടുക്കുക. ഉണക്കനാരങ്ങ ഇടുക. ഇതിലേക്ക് ടുമാറ്റോ കെച്ചപ്പ് ചേർക്കുക. ഒപ്പം തന്നെ വെളുത്തുള്ളി പേസ്റ്റും മിക്സിയിൽ അടിച്ച ടുമാറ്റോപ്യുരിയും ചേർക്കുക. ചിക്കൻ ക്യൂബ് ചേർക്കുക. അര കപ്പ് തിളച്ചവെള്ളം ചേർക്കുക. കാരറ്റ്, ഉരുളക്കിഴങ്ങ്, പച്ചമുളക് എന്നിവ ഇടുക. മൂടിവെച്ച് 15 മിനിറ്റ് തിളപ്പിക്കുക.
തിളച്ചശേഷം ഈ ചിക്കൻ പുറത്ത് എടുത്ത് ഗ്രിൽ ചെയ്യാനായി മാറ്റുക. തിളച്ച വെള്ളത്തിന്റെ അളവും ഉപ്പും ശ്രദ്ധിക്കുക. അരി ഇടുക. ഇളക്കി മൂടിവെക്കുക. വെള്ളം വറ്റി അരിയുടെ സമം ആകുമ്പോൾ തീ നന്നായി കുറച്ച് മൂടിവെക്കുക. 8 മിനിറ്റ് കഴിഞ്ഞ് ഗ്രിൽ ചെയ്ത് എടുത്ത ചിക്കനൊപ്പം സ്വാദിഷ്ടമായ ബുഖാരി റൈസ് വിളമ്പാം.
മുകളിൽ ബദാം, ഉണക്കമുന്തിരി എന്നിവ ചേർത്ത് അലങ്കരിക്കാം.