ക്രിസ്മസ് ദിനം ആഘോഷത്തിന്റെതാണ്..., വീടുകളിൽ വിഭവസമൃദ്ധമായ ഭക്ഷണം, അലങ്കാരങ്ങൾ... പാതിരാത്രിയിൽ പള്ളിയിൽ പോകും. സുഹൃത്തുക്കളെയും അയൽക്കാരെയും എല്ലാം വിളിച്ചുകൂട്ടി ഒരുമിച്ചു ഭക്ഷണം. ഇതിനെല്ലാം ഒപ്പം മധുരം വിളമ്പി ക്രിസ്മസ് കേക്കുകളുമുണ്ടാകും. ഓരോ വർഷവും പുതിയ രൂചിക്കൂട്ടുകളുമായാണ് ക്രിസ്മസ് കേക്ക് വരിക. ഏറ്റവും സ്വാദുള്ളതും മനോഹരവുമായ കേക്കുകൾ ഉണ്ടാക്കുന്നതിനും ആരോഗ്യകരമായ മൽസരവുമുണ്ടാകും. കേക്കിനൊപ്പം വീഞ്ഞും നിറഞ്ഞതാണു ചിലസ്ഥലങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങൾ. ഇതിനായി പ്രത്യേകം വീഞ്ഞുകൾ വീടുകളിൽ തയാറാക്കും. വീട്ടിലുള്ള അംഗങ്ങളുടെ രുചിഭേദമനുസരിച്ചാകും കേക്കുകളും വീഞ്ഞുകളും ഒരുങ്ങുന്നത്. ഡിസംബറിനു മുൻപുതന്നെ ഇതിനുള്ള ആലോചനകൾ വീട്ടമ്മമാർ തുടങ്ങും. കുട്ടികൾക്ക് ഏറെ കൗതുകം ഉള്ളത് ക്രിസ്മസ് അപ്പൂപ്പനെ കാണുമ്പോഴാണ്, അപ്പൂപ്പന്റെ ചുവപ്പ് ഉടുപ്പും കറുത്ത ബെൽറ്റും വരച്ചൊരു കുട്ടി കപ്പ് കേക്ക് തയാറാക്കിയാലോ?
വനില സാന്താ ബെൽറ്റ് കപ്പ് കേക്ക് ചേരുവകൾ
മൈദ – 429 ഗ്രാം
പഞ്ചസാര – 265 ഗ്രാം
ഉപ്പ് – അര ടീസ്പൂൺ
ബേക്കിങ് പൗഡർ – 3 ടീസ്പൂൺ
പാൽ – 375 മില്ലിലിറ്റർ
വെജിറ്റബിൾ ഓയിൽ – 125 മില്ലി ലിറ്റർ
ബട്ടർ (ഉപ്പില്ലാത്തത്) – 125 ഗ്രാം
തൈര് – 2 ടേബിൾ സ്പൂൺ
വനില എസൻസ് – 1 ടീസ്പൂൺ
മുട്ട – 2
ബട്ടർ ക്രീമിന്
ഉപ്പില്ലാത്ത വെണ്ണ തണുപ്പു മാറ്റിയത് – 200 ഗ്രാം
ഐസിങ് ഷുഗർ – 500 ഗ്രാം
ഉപ്പ് – ഒരു നുള്ള്
വനില എസൻസ് – 2 ടീസ്പൂൺ
തയാറാക്കുന്ന വിധം
∙അവ്ൻ 180 ഡിഗ്രിയിൽ ചൂടാക്കിയിടുക.
∙ ഒരു ബൗളിൽ മൈദ, ബേക്കിങ് പൗഡർ, പഞ്ചസാര, ഉപ്പ് എന്നിവ ഹാൻഡ് മിക്സർ ഉപയോഗിച്ച് നന്നായി യോജിപ്പിക്കുക. ഈ കൂട്ട് നന്നായി യോജിച്ച ശേഷം ഇതിലേക്ക് ബട്ടർ ചേർത്ത് കൊടുക്കണം.
∙ പാൽ, ഓയിൽ,മുട്ട, തൈര്, വനില എസൻസ് എന്നിവ മറ്റൊരു പാത്രത്തിൽ നന്നായി യോജിപ്പിച്ചെടുക്കണം.
∙ഇവ രണ്ടും യോജിപ്പിച്ചെടുത്തൽ കപ്പ് കേക്കിനുള്ള ബാട്ടർ റെഡി.
∙ കപ്പ് കേക്ക് മോൾഡിലേക്ക് ബാട്ടർ ഒഴിച്ച് 20–25 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.
ദി മാജിക് വിസ്ക് ഫെയ്സ്ബുക് പേജ്
കേക്ക് തണുത്ത ശേഷം വേണം ഐസിങ് ചെയ്യാൻ
∙ ബട്ടർ ക്രീം തയാറാക്കാൻ ഒരു ബൗളിൽ ബട്ടർ ഹാൻഡ് മിക്സർ ഉപയോഗിച്ച് അടിച്ച് അതിലേക്ക് സാവധാനം ഐസിങ് ഷുഗർ ചേർത്ത് യോജിപ്പിച്ചെടുക്കണം. ഇതിലേക്ക് ഉപ്പും വനില എസൻസും ചേർത്ത് ഏതാനും മിനിറ്റ് യോജിപ്പിക്കണം.
∙ ഇപ്പോൾ തയാറാക്കിയ ബട്ടർ ക്രീമിൽ നിന്നും ചെറുയൊരുമറ്റൊരു ബൗളിലേക്കു മാറ്റി അതിലേക്കു കറുത്ത നിറത്തിലുള്ള ഫുഡ് കളർചേർക്കാം. സാന്തയുടെ ബെൽററ് വരച്ചു ചേർക്കാൻ ഈ ക്രീം ഉപയോഗിക്കാം.
∙ ബാക്കിയുള്ള ബട്ടർ ക്രീമിലേക്കു റെഡ് ഫുഡ് കളർചേർക്കാം, പൈപ്പിൽ കളർ നിറച്ച് കപ്പ് കേക്ക് അലങ്കരിക്കാം.