‘‘എന്റുപ്പ എന്താ എന്നെ കാണാൻ വരാത്തത്?’’ താനൂരിൽ 11 ജീവനുകളെടുത്തത് ആ 300 രൂപ
‘‘ഈ വീട്ടിൽ ഇനി സ്കൂളിൽ ചേർക്കാൻ കുട്ട്യോളില്ല... ഓരൊക്കെ വിരുന്ന് പോയിരിക്കാണ്..’’ മുറിയിലേക്കു കടന്നു വന്നത് അധ്യാപികയാണെന്ന് കരുതി റുഖിയ ആദ്യം പറഞ്ഞ വാചകമാണിത്. പൂരപ്പുഴയുടെ ആഴങ്ങൾ തട്ടിപ്പറിച്ചെടുത്ത ഏഴ് പേരക്കുട്ടികൾ കളിച്ചും ചിരിച്ചും കെട്ടിപ്പിടിച്ചുറങ്ങിയും സ്വർഗമാക്കിയിരുന്ന ആ ഇരുണ്ട മുറിയിലിരുന്ന് റുഖിയ അത് പറയുമ്പോൾ നോവിന്റെ ഒരു വലിയ കടൽ തളം കെട്ടിയിരുന്നു കണ്ണുകളിൽ. ഒന്ന് തിരുത്തിയാൽ അണ പൊട്ടിയൊഴുകാൻ ശേഷിയുള്ള ആ നുണയെ ശരി വയ്ക്കുക മാത്രമേ ചെയ്തുള്ളൂ അവിടെ കൂടിയിരുന്നവരെല്ലാം. ഉറക്കവും ഉണർച്ചയും മാറിമാറി എത്തുന്ന നേരങ്ങളിൽ, കുട്ടികളെല്ലാം എവിടെയോ പോയതാണെന്ന് റുഖിയ ആവർത്തിച്ചു പറയും. പക്ഷേ ഇരുൾ വീണിട്ടും കാണാതെയാവുമ്പോൾ, ‘‘എന്റെ കുട്ടികളുടെ മയ്യത്ത് കാണാൻ വയ്യേ’’ എന്ന് നെഞ്ചു തല്ലി കരയും... ബോട്ടപകടം നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ പാതി ജീവനറ്റ നിലയിലാണ് താനൂരും തിരൂരും പരപ്പനങ്ങാടിയും ഓലപ്പീടികയുമൊക്കെ. 22 ജീവനുകൾ മറഞ്ഞ പൂരപ്പുഴ കാണാൻ പിന്നെ ആ നാട്ടിലാരും പോയിട്ടില്ല. സ്വപ്നവും ശ്വാസവുമായിരുന്നവർ ഇറങ്ങിപ്പോയ വീടുകളിൽ രാവെന്നോ പകലെന്നോ ഇല്ലാതെ കാവലിരിക്കുന്നുണ്ട് ഒരു നാട് മുഴുവൻ. മതിലുകളും ഗേറ്റുകളുമില്ലാതെ വേദനയുടെ ഒരു കടൽ എല്ലായിടവും കയറിയിറങ്ങി പോകുന്നു. വിങ്ങിപ്പൊട്ടി നിൽക്കുന്ന ഒരു വീടും അവിടെ ഒറ്റയ്ക്കല്ല. നഷ്ടങ്ങളുടെ ഒരൊറ്റത്തുരുത്താണ് ആ നാട്.

‘‘ഈ വീട്ടിൽ ഇനി സ്കൂളിൽ ചേർക്കാൻ കുട്ട്യോളില്ല... ഓരൊക്കെ വിരുന്ന് പോയിരിക്കാണ്..’
മുറിയിലേക്കു കടന്നു വന്നത് അധ്യാപികയാണെന്ന് കരുതി റുഖിയ ആദ്യം പറഞ്ഞ വാചകമാണിത്. പൂരപ്പുഴയുടെ ആഴങ്ങൾ തട്ടിപ്പറിച്ചെടുത്ത ഏഴ് പേരക്കുട്ടികൾ കളിച്ചും ചിരിച്ചും കെട്ടിപ്പിടിച്ചുറങ്ങിയും സ്വർഗമാക്കിയിരുന്ന ആ ഇരുണ്ട മുറിയിലിരുന്ന് റുഖിയ അത് പറയുമ്പോൾ നോവിന്റെ ഒരു വലിയ കടൽ തളം കെട്ടിയിരുന്നു കണ്ണുകളിൽ. ഒന്ന് തിരുത്തിയാൽ അണ പൊട്ടിയൊഴുകാൻ ശേഷിയുള്ള ആ നുണയെ ശരി വയ്ക്കുക മാത്രമേ ചെയ്തുള്ളൂ അവിടെ കൂടിയിരുന്നവരെല്ലാം. ഉറക്കവും ഉണർച്ചയും മാറിമാറി എത്തുന്ന നേരങ്ങളിൽ, കുട്ടികളെല്ലാം എവിടെയോ പോയതാണെന്ന് റുഖിയ ആവർത്തിച്ചു പറയും. പക്ഷേ ഇരുൾ വീണിട്ടും കാണാതെയാവുമ്പോൾ, ‘‘എന്റെ കുട്ടികളുടെ മയ്യത്ത് കാണാൻ വയ്യേ’’ എന്ന് നെഞ്ചു തല്ലി കരയും...
ബോട്ടപകടം നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ പാതി ജീവനറ്റ നിലയിലാണ് താനൂരും തിരൂരും പരപ്പനങ്ങാടിയും ഓലപ്പീടികയുമൊക്കെ. 22 ജീവനുകൾ മറഞ്ഞ പൂരപ്പുഴ കാണാൻ പിന്നെ ആ നാട്ടിലാരും പോയിട്ടില്ല. സ്വപ്നവും ശ്വാസവുമായിരുന്നവർ ഇറങ്ങിപ്പോയ വീടുകളിൽ രാവെന്നോ പകലെന്നോ ഇല്ലാതെ കാവലിരിക്കുന്നുണ്ട് ഒരു നാട് മുഴുവൻ. മതിലുകളും ഗേറ്റുകളുമില്ലാതെ വേദനയുടെ ഒരു കടൽ എല്ലായിടവും കയറിയിറങ്ങി പോകുന്നു. വിങ്ങിപ്പൊട്ടി നിൽക്കുന്ന ഒരു വീടും അവിടെ ഒറ്റയ്ക്കല്ല. നഷ്ടങ്ങളുടെ ഒരൊറ്റത്തുരുത്താണ് ആ നാട്.
∙ വിജനമാണ് തൂവൽതീരം
കെട്ടുങ്ങൽ പാലത്തിനു മുകളിൽ നിന്ന് നോക്കിയാൽ പാതിയിലധികം കത്തിയ ഒരു ബോട്ടു ജെട്ടി കാണാം. അപകടത്തിന് പിന്നാലെ നാട്ടുകാർ തീവച്ചതാണത്. ‘അറ്റ്ലാന്റിക്’ ബോട്ട് പ്രവർത്തിച്ചിരുന്ന ജെട്ടി ഇപ്പോൾ വെള്ളത്തിനടിയിലാണ്. മൂടിയിട്ടിരിക്കുന്ന രണ്ടോ മൂന്നോ മത്സ്യബന്ധന ബോട്ടുകൾ ഒഴിച്ചാൽ ഒരാഴ്ച മുൻപ് വരെ നൂറ് കണക്കിന് ആളുകളെ വച്ച് സർവീസ് നടത്തിയിരുന്ന ഒരു ബോട്ടുജെട്ടിയുടെ ഒരടയാളവും അവിടെയില്ല. പൂരപ്പുഴ കടലിനോട് ചേരുന്ന അഴിമുഖത്താണ് ബോട്ടുജെട്ടി പ്രവർത്തിച്ചിരുന്നത്. വിളിച്ചാൽ കേൾക്കുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ തൂവൽ തീരം ബീച്ചും ബോട്ടുജെട്ടിയും തമ്മിൽ. കെട്ടുങ്ങൽ പാലത്തിന്റെ ഒരു വശത്ത് ബീച്ചും അഴിമുഖവും മറുവശത്ത് നീണ്ടു കിടക്കുന്ന പൂരപ്പുഴയുമാണ്.
പാലത്തിന് മുകളിൽ നിന്ന് നോക്കിയാൽ സന്തോഷം തിര തല്ലുന്ന ഒരാൾക്കൂട്ടത്തെ കാണാമായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുൻപ് വരെ. കടലിലേക്ക് നീളുന്ന ഫ്ലോട്ടിങ് ബ്രിഡ്ജിലും കുട്ടികളുടെ പാർക്കിലും അഴിമുഖത്തുമായി സഞ്ചാരികൾ തിങ്ങി നിറഞ്ഞിരുന്ന കേന്ദ്രം വിജനമാണ് ഇപ്പോൾ. ഉപ്പിലിട്ടതും ഐസ്ക്രീമും മിഠായികളും വിറ്റിരുന്ന കടകൾ അന്നടഞ്ഞതാണ്. കാഴ്ചക്കാർ കയറാൻ തിരക്കു കൂട്ടിയിരുന്ന ഫ്ലോട്ടിങ് ബ്രിഡ്ജും അടച്ചു. സംസ്ഥാനത്താകെയുള്ള 9 ഫ്ലോട്ടിങ് ബ്രിഡ്ജുകളിൽ ഒന്നായിരുന്നു തൂവൽതീരം ബീച്ചിലേത്.
∙ ആ വീട് ഇനി സ്വപ്നം മാത്രം
അപകടത്തിൽ 11 പേരെ നഷ്ടമായ കുന്നുമ്മൽ വീടിനകത്തെ ടിൻ ഷീറ്റ് കൊണ്ടുള്ള ചുവരിൽ മക്ക–മദീനയുടെ ഒരു ചിത്രമുണ്ട്. മരണപ്പെട്ട കുട്ടികൾ ചേർന്നു വരച്ചത്. കിടക്കയിലും നിലത്ത് പായ വിരിച്ചും ഉമ്മമ്മയുടെ ചൂടു പറ്റി ഏഴ് പെൺകുട്ടികൾ ഉറങ്ങിയിരുന്ന മുറിയാണത്. വെളിച്ചം കെട്ടുപോയ നിശബ്ദമായ ആ മുറിയിൽ അവരുടെ ഉമ്മമ്മ റുഖിയ ആ ചിത്രം നോക്കിയാണ് ഇപ്പോൾ സമയം മറക്കുന്നത്.
ഒരു വശത്ത് കടൽ അതിരിടുന്ന, പൊളിഞ്ഞു വീഴാറായ രണ്ട് മുറി മാത്രമുള്ള ഇടുങ്ങിയ വീട്ടിൽനിന്ന് കുറേക്കൂടി സൗകര്യമുള്ള ഒരു വീട്ടിലേക്ക് മാറുന്നത് അവർ ഒന്നിച്ചു കണ്ട സ്വപ്നമായിരുന്നു. പുതിയ വീടിന് തറ കെട്ടുകയും ചെയ്തു. പക്ഷേ, സാങ്കേതികയിൽ കുടുങ്ങി ധനസഹായം വൈകിയതോടെ അത് നീണ്ടു. ഒടുവിൽ അവസാനയാത്രയ്ക്ക് അവർ 11 പേരും കിടന്നത് ആ തറയിലാണ്. ദുരന്തം ചിന്നിച്ചിതറിച്ച ആ കുടുംബത്തിൽ ഇനി അവശേഷിക്കുന്നത് ഗൃഹനാഥ റുഖിയയും മക്കളായ സെയ്തലവിയും സിറാജും മാത്രം.
∙ 11 പേരുടെ ജീവനെടുത്ത 300 രൂപ
വീട്ടിൽനിന്ന് കുടുംബാംഗങ്ങൾ ഒന്നിച്ച് തൂവൽതീരത്തേക്കു പോകുമ്പോൾ അധികം നേരം വൈകരുതെന്നും ബോട്ടുയാത്ര വേണ്ടെന്നും സെയ്തലവി വിലക്കിയതാണ്. അവിടെ ബോട്ടുയാത്ര സുരക്ഷിതമല്ല എന്നറിയാവുന്നതുകൊണ്ടു തന്നെയായിരുന്നു അത്. വൈകുന്നേരം 6.30 ന് ഇവരെ തിരിച്ചു കൂട്ടാനായി തൂവൽതീരം ബീച്ചിലേക്ക് സെയ്തലവി പോകുകയും ചെയ്തു. പക്ഷേ, കുട്ടികൾക്ക് ബീച്ചിലും പാർക്കിലും കളിച്ച് മതിയായിട്ടുണ്ടായിരുന്നില്ല. അൽപം കൂടി കഴിഞ്ഞ് വന്നോളാമെന്ന ഉറപ്പിൽ ഇവരോട് യാത്ര പറഞ്ഞ് സെയ്തലവി മടങ്ങി. ഒരായുസ്സിലേക്ക് മുഴുവൻ ഓർക്കാനുള്ള അവസാന കാഴ്ചയായിരുന്നു അത്.
അപകടസ്ഥലത്തേക്ക് ആദ്യത്തെ ആംബുലൻസ് ചീറിപ്പാഞ്ഞ് പോകുമ്പോൾ സെയ്തലവി കൂട്ടുകാർക്കൊപ്പം ഇരിക്കുകയായിരുന്നു. ബോട്ട് മറിഞ്ഞതാണെന്ന് കേട്ടപ്പോൾ പരിഭ്രാന്തിയോടെ മകളുടെ ഫോണിലേക്ക് വിളിച്ചു. ‘പരിധിക്ക് പുറത്ത്..’. പിന്നെ ഭാര്യയുടെ ഫോണിലേക്ക്, സഹോദരന്റെ ഭാര്യയുടെ ഫോണിലേക്ക്… ഒന്നിനും മറുപടിയില്ലാതായതോടെ ആർത്തലച്ച തേങ്ങലായി പൂരപ്പുഴയിലേക്ക് ഓടുകയായിരുന്നു സെയ്തലവി.
രക്ഷാപ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽതന്നെ അവിടെയെത്തിയ സെയ്തലവിക്ക് ഏറ്റു വാങ്ങേണ്ടി വന്നത് സഹോദരന്റെ മകളുടെ ജീവനറ്റ ശരീരം. അതോടെ തന്റെ മുഴുവൻ കുടുംബവും അതിൽപ്പെട്ടിട്ടുണ്ടെന്ന് സെയ്തലവിക്ക് ബോധ്യമായി. കരഞ്ഞ് വീണുപോയ അയാളെ കൂട്ടുകാർ ചേർന്ന് അവിടെനിന്ന് കൊണ്ടുപോകുകയായിരുന്നു. ഒരാൾക്ക് 100 രൂപ ടിക്കറ്റ് നിരക്കുണ്ടായിരുന്ന ബോട്ടിൽ, അവസാനത്തെ ട്രിപ്പിൽ എല്ലാവർക്കും കൂടി വെറും 300 രൂപ മതിയെന്ന് പറഞ്ഞാണ് 15 പേരെയും ബോട്ടിൽ കയറ്റിയതെന്ന് പിന്നീട് അറിഞ്ഞു..
∙ ഖൽബിന്റെ കണ്ണേയുറങ്ങുറങ്ങ്...
ഉപ്പ സ്കൂട്ടറിൽ എവിടേക്ക് പോയാലും മുന്നിലുണ്ടാകുമായിരുന്നു സെയ്തലവിയുടെ എട്ട് വയസ്സുകാരി മകൾ ഫിദ ദിൽന. സഹോദരൻ സിറാജിന്റെ മക്കളായ സഹ്റയ്ക്കും ഫാത്തിമ റുഷ്ദയ്ക്കും അതേ പ്രായം. ഒരു ടീം ആയിരുന്നു അവർ, എന്തിനും ഏതിനും. 18 വയസ്സുകാരിയായ ഹസ്ന മുതൽ 8 മാസം മാത്രം പ്രായമുണ്ടായിരുന്ന നൈറ ഫാത്തിമ വരെ ഏഴു പെൺകുട്ടികൾ നഷ്ടമായ ആ വീടിനു കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയുടെ മുഖമാണ് ഇപ്പോൾ. കുട്ടികളുടെ നൂറു കണക്കിന് ചിത്രങ്ങളും വിഡിയോകളും ഒപ്പമുള്ളവരെ കാണിച്ചാണ് സെയ്തലവി വീഴാതെ പിടിച്ചു നിൽക്കുന്നത്.
പെരുന്നാളിന് പുതിയ വസ്ത്രങ്ങളിൽ എടുത്ത സന്തോഷചിത്രങ്ങളിൽ നൈറ ഫാത്തിമയെ എടുത്ത് മറ്റു കുട്ടികളുടെ നടുവിൽ നിൽക്കുകയാണ് അയാൾ. നിസ്കരിക്കാൻ ശ്രമിക്കുന്ന കുട്ടികളുടെ, അവർ കാണാതെ എടുത്ത വിഡിയോ, അവരുടെ കളികൾ, ഏറ്റവുമൊടുവിൽ മരണത്തിന് മിനിറ്റുകൾ മുൻപ് പാർക്കിലെ റൈഡിൽ ചിരിച്ചു മറിയുന്ന കുട്ടികളുടെ വിഡിയോ.. തിരിച്ചു കിട്ടാത്തത് എല്ലാം സെയ്തലവി ആവർത്തിച്ച് കാണിക്കുമ്പോൾ, കണ്ടു നിൽക്കുന്നവരുടെയും കണ്ണ് നിറയും. ‘‘ബോട്ടിലേക്ക് എനിക്ക് വീണ്ടും പോകണം.. എന്റെ കുട്ടികളുടെ ചെരുപ്പോ മറ്റെന്തെങ്കിലും വസ്തുക്കളോ അതിലുണ്ടാവും. അതെനിക്ക് വേണം.’’ സെയ്തലവി പറയുന്നു.
∙ അന്ന് സിദ്ദീഖിന്റെ ഉപ്പ, ഇപ്പോൾ സിദ്ദീഖും
‘‘എന്റുപ്പ എവിടെ.. എന്താ കാണാൻ വരാത്തത്?’’ അപകടത്തിൽനിന്ന് രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുന്ന 7 വയസ്സുകാരി ഫാത്തിമ റജ്‌വ ദിവസങ്ങളായി ചോദിക്കുന്ന ചോദ്യമാണിത്. ഉപ്പ സിദ്ദീഖും സഹോദരി ഫാത്തിമ മിൻഹയും സഹോദരൻ മുഹമ്മദ് ഫൈസാനും ഇനി തിരികെ വരില്ലെന്ന് അവൾക്കറിയില്ല. ആരുമില്ലാത്ത വീട്ടിലേക്ക് അവളെ എങ്ങനെ കൊണ്ടുവരുമെന്ന ആശങ്കയ്ക്ക് ബന്ധുക്കൾക്കും ഉത്തരമില്ല. പ്രധാന റോഡിൽനിന്ന് അകത്തേക്ക് മാറി നിൽക്കുന്ന ഓലപ്പീടികയിലെ ആ വീടിന്റെ പൂമുഖത്ത് ഒരുമ്മയുണ്ട്. വിധിയോട് പൊരുതിപ്പൊരുതി കണ്ണുനീർ ഉറച്ചു പോയ ഒരാൾ, സിദ്ദീഖിന്റെ ഉമ്മ.
24 വർഷം മുൻപാണ് മഹാരാഷ്ട്രയിലെ പഞ്ചസാര കമ്പനിയിൽ ജോലിക്കിടെ സംഭവിച്ച അപകടത്തിൽ സിദ്ദീഖിന്റെ ഉപ്പ അഹമ്മദ് മരിക്കുന്നത്. അന്ന് സിദ്ദീഖിന് 11 വയസ്സ്. അനിയത്തിമാരായ സീനത്തിന് 7 ഉം സൽമത്തിന് 4 ഉം ആയിരുന്നു അന്ന് പ്രായം. ചെറുപ്രായത്തിൽ ഉപ്പ നഷ്ടപ്പെട്ട സിദ്ദീഖ് വളരെ വൈകാതെതന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. മക്കളുണ്ടായപ്പോൾ തനിക്ക് കിട്ടാത്ത സ്നേഹം മുഴുവൻ മക്കള്‍ക്ക് നല്‍കി അവരെ വളർത്തി. ഇന്ന് സിദ്ദീഖ് വിട പറയുമ്പോൾ ഏതാണ്ടതേ പ്രായമാണ് അവശേഷിക്കുന്ന രണ്ട് മക്കൾക്കും.. മൂത്തമകന് 13 ഉം മകൾക്ക് ഏഴും..
∙ മുനീറ പിന്നെയാരോടും മിണ്ടിയിട്ടില്ല!
അപകടം ഉണ്ടായിരുന്നില്ലെങ്കിൽ പിറ്റേന്ന് മകൾ ഫാത്തിമ മിൻഹ പങ്കെടുക്കുന്ന ഡാൻസ് പ്രോഗ്രാമിന് ഒന്നിച്ച് പോകേണ്ടിയിരുന്നതാണ് അവർ. സ്പെഷൽ ചൈൽഡ് ആയിരുന്ന മിൻഹയുടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളായിരുന്നു ആ കുടുംബത്തിന്റെ ഊർജം. സംസാരിക്കാനും എല്ലാവരോടും ഇടപഴകാനും ഒക്കെ മിൻഹയെ പരിശീലിപ്പിക്കാൻ വർഷങ്ങൾ വേണ്ടി വന്നു. അവളുടെ തെറപ്പികൾക്കായി സിദ്ദീഖ് പോകാത്ത ഇടങ്ങളില്ലെന്ന് വീട്ടുകാർ പറയുന്നു. എല്ലാം കൊണ്ടും ഉപ്പയുടെ സ്പെഷൽ ചൈൽഡ് ആയിരുന്നു മിൻഹ.
പാതി പണിതീർത്ത എളാപ്പപ്പടിയിലെ ആ വീട്ടിൽ ടൈൽസ് ഇട്ട് ഒരു മാസം തികയുന്നതേയുള്ളൂ. മുകളിലേക്ക് കൈവരിയില്ലാത്ത കോണിപ്പടികൾ മാത്രം. ചെറിയ സമ്പാദ്യവും ഭാര്യ മുനീറയുടെ ഇത്തിരി സ്വർണവും മാത്രമായിരുന്നു ആ വീടിന്റെ മൂലധനം. ഏക അത്താണിയായിരുന്ന സിദ്ദീഖ് രണ്ട് മക്കളെയും ഒപ്പം കൂട്ടി വിട പറയുമ്പോൾ ചോദ്യചിഹ്നങ്ങൾ മാത്രമാണ് ആ വീട്ടിലിനി ബാക്കി. അകത്തെ മുറിയിലെ കട്ടിലിൽ ആരുടേയും മുഖത്ത് നോക്കാതെ ഒന്നും മിണ്ടാതെ ഭാര്യ മുനീറ ഒരേയിരിപ്പ് ഇരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കഴിഞ്ഞു. കാവലായി ചുറ്റും ബന്ധുക്കളുണ്ട്.. മുനീറയുടെ നെഞ്ചിലെ സങ്കടം കണ്ണുനീരായെങ്കിലും പെയ്തിറങ്ങിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുണ്ട് അവർ..
∙ നീറ്റലായിരുന്നു ആ ജീവിതം
പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ മെയിൻ റോഡിൽനിന്ന് അകത്തേക്ക് മാറി നീല പെയിന്റടിച്ച, മങ്ങിയ ഒരു ചെറിയ വീടുണ്ട്. മരിച്ചവരെ ആരും അന്വേഷിച്ച് വരാൻ പോലുമില്ലാത്ത ഒരു വീട്. 5600 രൂപ വാടകയുള്ള ആ വീട്ടിലാണ് 8000 രൂപ മാത്രം മാസ വരുമാനം ഉണ്ടായിരുന്ന ആയിഷാബിയും അഞ്ച് മക്കളും ഉമ്മയും കഴിഞ്ഞിരുന്നത്. അയിഷാബിയും മക്കളായ ആദില ഷെറിനും മുഹമ്മദ് അദ്നാനും മുഹമ്മദ് അഫ്ഷാനും അപകടത്തിൽ മരിച്ചു. മറ്റൊരു മകനായ മുഹമ്മദ് അഫ്റാഹും ആയിഷാബിയുടെ ഉമ്മ സുബൈദയും അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. മൂത്തമകൻ ആദിൽ ആ സമയത്ത് ഇവരുടെ ഒപ്പം പോയിരുന്നില്ല.
തൂവൽതീരത്തേക്ക് പോകും മുൻപ് പിന്നിലെ അയയിൽ തൂക്കിയിട്ട വസ്ത്രങ്ങൾ തണുപ്പും വെയിലുമേറ്റ് അങ്ങനെ കിടക്കുന്നുണ്ട് ആ വീട്ടിൽ ഇപ്പോഴും. വീടിന്റെ മുന്നിൽ അവകാശികളില്ലാതെ അദ്നാന്റെ പൊട്ടിപ്പൊളിഞ്ഞ സൈക്കിള്‍ ഇരിക്കുന്നത് കാണാം. അവരവിടെ താമസത്തിന് എത്തിയിട്ട് വെറും നാലര മാസമേ ആയിരുന്നുള്ളൂ. അധികം അടുപ്പമാകുന്നതിന് മുൻപാണ് മരണമെങ്കിലും ദുരിതക്കടലിലായിരുന്നു ആയിഷാബിയുടെ ഓട്ടമെന്ന് അയൽക്കാർ ഓർക്കുന്നു. വാടകയും യാത്രാച്ചെലവും കഴിഞ്ഞാൽ തീർന്നുപോകുമായിരുന്ന ശമ്പളത്തിൽനിന്നാണ് ആ കുടുംബം മുന്നോട്ടു പോയിരുന്നത്. എല്ലാ നേരവും ഭക്ഷണമുണ്ടായിരുന്നോ എന്നുതന്നെ സംശയം.
ഭർത്താവിൽനിന്ന് ക്രൂരമായ പീഡനത്തിന് ഇരയായിരുന്നു ആയിഷാബി. തന്നെ ചെയിൻ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചതിനും മൂത്ത മകൾ 14 വയസ്സുകാരിയായ ആദിലയെ മർദ്ദിച്ചതിനും ഭർത്താവ് സൈനുല്‍ ആബിദിനെതിരെ 2022 മേയിൽ ആയിഷാബി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇയാളെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്ത് തിരൂർ സബ് ജയിലിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സ്ത്രീധന പീഡനത്തിന്റെ പേരിൽ മുൻപുതന്നെ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.
‘‘ആയിഷാബിയെ അടിച്ച് താഴെയിടുന്നതിന് ഞാൻ ദൃക്സാക്ഷിയാണ്. അവരുടെ വീടിനടുത്തേക്ക് ഓട്ടം പോയതായിരുന്നു. അടി കിട്ടി നിലത്തു കിടന്ന് നിലവിളിച്ച അവർ എന്നോട്, നിങ്ങളെന്റെ ആങ്ങളയാണെങ്കിൽ എങ്ങനെയെങ്കിലും രക്ഷിക്ക് എന്നു പറഞ്ഞു. അവിടെനിന്ന് ആയിഷയെയും മക്കളെയും ഓട്ടോയിൽ കയറ്റി അവരുടെ ഉമ്മ താമസിക്കുന്ന സ്ഥലത്ത് കൊണ്ടുപോയി വിട്ടത് ഞാനാണ്..’’ അയൽവാസിയും ഡ്രൈവറുമായ ശെഫാഫ് മുഹമ്മദ് ഓർക്കുന്നു.
∙ മക്കളായിരുന്നു ആയിഷയ്ക്കെല്ലാം
ഭർത്താവിനെ പേടിച്ച് പലയിടത്ത് മാറി മാറിയായിരുന്നു കഴിഞ്ഞ കുറേ നാളുകളായി ആയിഷാബിയുടെ ജീവിതം. മൂത്തമകൻ ആദിലിനെ ഒരു മാസം മുൻപ് ഭർത്താവ് ഒപ്പം കൊണ്ടുപോയി. ഫോൺ വാങ്ങിത്തരാം എന്ന് പറഞ്ഞാണ് മകനെ കൊണ്ടുപോയത് എന്നാണ് കുടുംബത്തിന്റെ ആരോപണം. സ്കൂളിലെ വോളിബോൾ താരമായിരുന്നു മകൾ ആദില. വോളിബോൾ പരിശീലനത്തിനിടെയാണ് തൂവൽതീരത്തേക്ക് പോകാനായി മകളെ വിളിച്ചു വരുത്തിയത്. നാലര മാസത്തെ പരിചയമേ ഉള്ളെങ്കിലും അഞ്ച് മക്കളെയും കുറിച്ച് ഒരുപാട് ഓർമകളുണ്ട് അയൽവാസികൾക്ക്. അഞ്ചും മൂന്നരയും പ്രായമുണ്ടായിരുന്ന ഇളയ കുട്ടികൾ കളിക്കാനായി പോകാത്ത വീടുകൾ ഉണ്ടായിരുന്നില്ല അവിടെ. വീടിനടുത്ത പറമ്പിലെ മാവിന് താഴെ കളിക്കാനായി അവർ കൂട്ടിയ കൂന ഇപ്പോഴുമുണ്ട്..
‘‘എപ്പോഴും വീട്ടിൽ വരും. നന്നായി സംസാരിക്കുമായിരുന്നു ഇളയ കുട്ടി. പ്രാവിന് തീറ്റ കൊടുക്കാനും കുളത്തിൽ ഇറങ്ങാനും ഒക്കെ ഇഷ്ടമാണ്. മാങ്ങ പറിച്ചു തരുമോ എന്ന് ചോദിച്ചു വരുന്ന ഇളയവന്റെ മുഖം കണ്ണിൽനിന്ന് മായുന്നില്ല.’’ അയൽവാസി പറയുന്നു.
തുച്ഛമായ വരുമാനത്തിൽ നിന്ന് എത്തിപ്പിടിക്കാൻ കഴിയുന്നതായിരുന്നില്ല അവർക്ക് ബോട്ട് യാത്ര. അവസാനത്തെ ട്രിപ്പിൽ പകുതിയിലും താഴെ തുകയ്ക്ക് പോകാൻ കഴിയുമെന്ന് അറിഞ്ഞാവണം മക്കളുടെ സന്തോഷത്തിനായി ആയിഷാബി ആ യാത്രയ്ക്ക് ഒരുങ്ങിയത്. അത് അവസാന യാത്രയായി. രക്ഷപ്പെട്ട 5 വയസ്സുകാരനായ മകനെ പിതാവ് ആശുപത്രിയിൽനിന്ന് കൂട്ടിക്കൊണ്ടുപോയി. പരിചയമില്ലാത്ത വീട്ടിൽ, അപകടത്തിന്റെ ആഘാതം വിടാതെ പനിച്ച് കിടക്കുകയാണ് കുട്ടിയെന്ന് ആയിഷാബിയുടെ ബന്ധുക്കൾ പറയുന്നു.
ചികിത്സയിൽ കഴിയുന്ന ഉമ്മ സുബൈദ മകളും മൂന്ന് പേരക്കുട്ടികളും മരിച്ചത് ഇതേ വരെ അറിഞ്ഞിട്ടില്ല. വിവാഹത്തോടെ ആരംഭിച്ച മകളുടെ ദുരിത ജീവിതത്തിന് കഴിഞ്ഞ 15 വർഷമായി കാവലിരിക്കുന്ന ആ ഉമ്മ ഇതെങ്ങനെ അതിജീവിക്കും എന്നതിനും ആർക്കും ഉത്തരമില്ല.
ഈ കുടുംബങ്ങൾ മാത്രമല്ല, പൂരപ്പുഴയുടെ ആഴങ്ങളിൽ മറഞ്ഞ പൊലീസ് ഉദ്യോഗസ്ഥൻ സബറുദ്ദീന്റെ 30 ദിവസം മാത്രം പ്രായമായ കുഞ്ഞുൾപ്പെടുന്ന കുടുംബം, ഏക മകൾ മിന്നുവിനെ നഷ്ടപ്പെട്ട അച്ഛനും അമ്മയും... അപകടം ഇല്ലാതാക്കിയ എല്ലാ വീട്ടിലുമുണ്ട് ജീവിച്ചിരിക്കെ ആയുസ്സറ്റ് പോയ കുറേ മനുഷ്യർ.. താനൂരിന്റെ മണ്ണിൽ ആ വേദന ഇപ്പോഴും പുകയുകയാണ്. പൂരപ്പുഴയിൽ ആണ്ടു പോയവരെ തിരികെ നൽകാൻ ഇനിയൊന്നിനും കഴിയില്ലല്ലോ.
English Summary: Never-ending Pain: Life of the Thanur Boat Tragedy Victims' Family Members | Ground Report