വേട്ടയ്ക്ക് യുഎസ് ബ്രിഗേഡ് 2506; മറുപടി ചെയുടെ 'ഫോകോ'; ഒടുവിൽ കുരുക്കി താനിയയുടെ അശ്രദ്ധ!
ക്യൂബ എന്ന പേര് കേട്ടാൽ ആദ്യം ഓർമ വരുന്നതെന്ത്? സംശയമില്ല, വിപ്ലവകാരികളായ ചെ ഗവാരയും ഫിദൽ കാസ്ട്രോയും ഒരുമിച്ചു നിൽക്കുന്നൊരു ചിത്രമാകും. പക്ഷേ ഫിദൽ കാസ്ട്രോയേക്കാൾ മലയാളികൾ ഓർമിക്കുന്നതും ആവേശംകൊള്ളുന്നതും ചെ ഗവാരയെക്കുറിച്ചായിരിക്കും. അതുകൊണ്ടുതന്നെ അമേരിക്കൻ സന്ദർശനത്തിനു ശേഷം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബ സന്ദർശിച്ചു മടങ്ങുമ്പോൾ ചെ ഗവാരയെക്കുറിച്ചുള്ള ഓർമകൾ വീണ്ടും സജീവമാകും. അദ്ദേഹം ക്യൂബയിൽ എത്തിയതിന്റെ തലേന്നായിരുന്നു ചെയുടെ 95ാം ജന്മദിനം. അർജന്റീനയിൽ ജനിച്ച് ക്യൂബയിൽ വിപ്ലവം നയിച്ച് ബൊളീവിയയിൽ കൊല്ലപ്പെട്ട ‘ചെ’ വിടവാങ്ങി 55 വർഷം പിന്നിടുമ്പോൾ പിഴുതെടുക്കാൻ കഴിയാത്തവിധം ആഴത്തിൽ ആ പേര് ചരിത്രത്തിൽ വേരുകളാഴ്ത്തിക്കഴിഞ്ഞു.
ക്യൂബ എന്ന പേര് കേട്ടാൽ ആദ്യം ഓർമ വരുന്നതെന്ത്? സംശയമില്ല, വിപ്ലവകാരികളായ ചെ ഗവാരയും ഫിദൽ കാസ്ട്രോയും ഒരുമിച്ചു നിൽക്കുന്നൊരു ചിത്രമാകും. പക്ഷേ ഫിദൽ കാസ്ട്രോയേക്കാൾ മലയാളികൾ ഓർമിക്കുന്നതും ആവേശംകൊള്ളുന്നതും ചെ ഗവാരയെക്കുറിച്ചായിരിക്കും. അതുകൊണ്ടുതന്നെ അമേരിക്കൻ സന്ദർശനത്തിനു ശേഷം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബ സന്ദർശിച്ചു മടങ്ങുമ്പോൾ ചെ ഗവാരയെക്കുറിച്ചുള്ള ഓർമകൾ വീണ്ടും സജീവമാകും. അദ്ദേഹം ക്യൂബയിൽ എത്തിയതിന്റെ തലേന്നായിരുന്നു ചെയുടെ 95ാം ജന്മദിനം. അർജന്റീനയിൽ ജനിച്ച് ക്യൂബയിൽ വിപ്ലവം നയിച്ച് ബൊളീവിയയിൽ കൊല്ലപ്പെട്ട ‘ചെ’ വിടവാങ്ങി 55 വർഷം പിന്നിടുമ്പോൾ പിഴുതെടുക്കാൻ കഴിയാത്തവിധം ആഴത്തിൽ ആ പേര് ചരിത്രത്തിൽ വേരുകളാഴ്ത്തിക്കഴിഞ്ഞു.
ക്യൂബ എന്ന പേര് കേട്ടാൽ ആദ്യം ഓർമ വരുന്നതെന്ത്? സംശയമില്ല, വിപ്ലവകാരികളായ ചെ ഗവാരയും ഫിദൽ കാസ്ട്രോയും ഒരുമിച്ചു നിൽക്കുന്നൊരു ചിത്രമാകും. പക്ഷേ ഫിദൽ കാസ്ട്രോയേക്കാൾ മലയാളികൾ ഓർമിക്കുന്നതും ആവേശംകൊള്ളുന്നതും ചെ ഗവാരയെക്കുറിച്ചായിരിക്കും. അതുകൊണ്ടുതന്നെ അമേരിക്കൻ സന്ദർശനത്തിനു ശേഷം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബ സന്ദർശിച്ചു മടങ്ങുമ്പോൾ ചെ ഗവാരയെക്കുറിച്ചുള്ള ഓർമകൾ വീണ്ടും സജീവമാകും. അദ്ദേഹം ക്യൂബയിൽ എത്തിയതിന്റെ തലേന്നായിരുന്നു ചെയുടെ 95ാം ജന്മദിനം. അർജന്റീനയിൽ ജനിച്ച് ക്യൂബയിൽ വിപ്ലവം നയിച്ച് ബൊളീവിയയിൽ കൊല്ലപ്പെട്ട ‘ചെ’ വിടവാങ്ങി 55 വർഷം പിന്നിടുമ്പോൾ പിഴുതെടുക്കാൻ കഴിയാത്തവിധം ആഴത്തിൽ ആ പേര് ചരിത്രത്തിൽ വേരുകളാഴ്ത്തിക്കഴിഞ്ഞു.
ക്യൂബ എന്ന പേര് കേട്ടാൽ ആദ്യം ഓർമ വരുന്നതെന്ത്? സംശയമില്ല, വിപ്ലവകാരികളായ ചെ ഗവാരയും ഫിദൽ കാസ്ട്രോയും ഒരുമിച്ചു നിൽക്കുന്നൊരു ചിത്രമാകും. പക്ഷേ ഫിദൽ കാസ്ട്രോയേക്കാൾ മലയാളികൾ ഓർമിക്കുന്നതും ആവേശംകൊള്ളുന്നതും ചെ ഗവാരയെക്കുറിച്ചായിരിക്കും. അതുകൊണ്ടുതന്നെ അമേരിക്കൻ സന്ദർശനത്തിനു ശേഷം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബ സന്ദർശിച്ചു മടങ്ങുമ്പോൾ ചെ ഗവാരയെക്കുറിച്ചുള്ള ഓർമകൾ വീണ്ടും സജീവമാകും. അദ്ദേഹം ക്യൂബയിൽ എത്തിയതിന്റെ തലേന്നായിരുന്നു ചെയുടെ 95ാം ജന്മദിനം. അർജന്റീനയിൽ ജനിച്ച് ക്യൂബയിൽ വിപ്ലവം നയിച്ച് ബൊളീവിയയിൽ കൊല്ലപ്പെട്ട ‘ചെ’ വിടവാങ്ങി 55 വർഷം പിന്നിടുമ്പോൾ പിഴുതെടുക്കാൻ കഴിയാത്തവിധം ആഴത്തിൽ ആ പേര് ചരിത്രത്തിൽ വേരുകളാഴ്ത്തിക്കഴിഞ്ഞു.
അതേസമയം, ബൊളീവിയയിൽ അദ്ദേഹത്തെ പിടികൂടി വധിച്ച സ്പെഷൽ ഫോഴ്സിന്റെ തലവൻ ക്യാപ്റ്റൻ ഗാരി പ്രാഡോ മരിച്ചത് ഇക്കഴിഞ്ഞ മേയിലാണ്. ചെ ഗവാരയെ പിടികൂടിയപ്പോൾ ബൊളീവിയയുടെ ‘നാഷനൽ ഹീറോ’ ആയി പ്രഖ്യാപിച്ച പ്രാഡോയുടെ സംസ്കാരത്തിന് സൈനിക ബഹുമതികളോ സർക്കാരിന്റ ആദരമോ ഇല്ലായിരുന്നു എന്നത് കാലത്തിന്റെ കണക്കുതീർക്കലാകാം. അമേരിക്കൻ പിന്തുണയുണ്ടായിരുന്ന ക്യൂബയിലെ ബാറ്റിസ്റ്റ ഭരണകൂടത്തെ ഗറില്ലാ യുദ്ധമുറയിലൂടെയാണ് ഫിദൽ കാസോട്രോയുടെയും ചെ ഗവാരയുടെയും നേതൃത്വത്തിൽ തോൽപിച്ചത്. എന്നാൽ, ബാറ്റിസ്റ്റയുടേതിലും ദുർബലമായ ഭരണകൂടവും സൈന്യവുമുണ്ടായിരുന്ന ബൊളീവിയയിൽ എന്തുകൊണ്ടാണ് ചെ പരാജയപ്പെട്ടത്?
∙ ചെ ക്യൂബ വിടുന്നു
വിപ്ലവത്തിലൂടെ ക്യൂബയുടെ ഭരണം പിടിച്ചെടുത്തശേഷം അധികാരത്തിലേറിയ ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള സർക്കാരിലെ വ്യവസായ മന്ത്രിയും നാഷനൽ ബാങ്കിന്റെ പ്രസിഡന്റുമായിരുന്നു ചെ. ക്യൂബൻ കറൻസിയായിരുന്ന ‘പെസോ’ അദ്ദേഹത്തിന്റെ ഒപ്പോടുകൂടിയായിരുന്നു പുറത്തിറങ്ങിയിരുന്നത്. പഞ്ചസാര ഉൽപാദനമായിരുന്നു ക്യൂബയുടെ പ്രധാന വ്യവസായം. അമേരിക്കൻ കമ്പനികളെ നഷ്ടപരിഹാരം നൽകാതെ ദേശസാത്കരിക്കാൻ തീരുമാനിച്ചതോടെ 1961 ജനുവരിയിൽ അമേരിക്ക ക്യൂബയുമായുള്ള നയതന്ത്രബന്ധം പൂർണമായും ഉപേക്ഷിച്ചു. ഒപ്പം ക്യൂബയിൽനിന്നുള്ള പഞ്ചസാര ഇറക്കുമതിയും അവസാനിപ്പിച്ചു. ഇതോടെ ക്യൂബ സോവിയറ്റ് യൂണിയനെ ആശ്രയിക്കാൻ നിർബന്ധിതരായി.
സോവിയറ്റ് യൂണിയനുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതിൽ ചെ വഹിച്ച പങ്ക് വലുതായിരുന്നു. കാസ്ട്രോ ഭരണകൂടത്തെ ഏതു വിധേനയും താഴെയിറക്കാൻ അമേരിക്ക ശ്രമിച്ചുകൊണ്ടേയിരുന്നു. ക്യൂബയിലെ കാസ്ട്രോ വിരുദ്ധരെ സംഘടിപ്പിച്ച് രഹസ്യാന്വേഷണ സംഘടനയായ സിഐഎയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകി ‘ബ്രിഗേഡ് 2506’ എന്നൊരു വിമത സംഘത്തെ അമേരിക്ക തയാറാക്കി. 1961 ഏപ്രിൽ 17ന് ബേ ഓഫ് പിഗ്സ് വഴി ക്യൂബയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഈ സംഘത്തിന്റെ നീക്കം ക്യൂബ പരാജയപ്പെടുത്തി. പോരാട്ടത്തിനൊടുവിൽ വിമതരിൽ 1100 പേരെ ക്യൂബ തടവുകാരാക്കി.
മാസങ്ങൾക്കു ശേഷം യുറഗ്വായിൽ നടന്ന ‘ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ്’ യോഗത്തിൽ യുഎസ് പ്രതിനിധിയായ റിച്ചാർഡ് ഗോഡ്‌വിനെ ചെ പരിഹാസപൂർവം നന്ദി അറിയിച്ചു. ‘‘വിമതരുടെ മേലുള്ള വിജയം ഒരു ചെറിയ രാജ്യമെന്ന നിലയിൽനിന്ന് അമേരിക്കയുടെ തുല്യ ശക്തി എന്ന നിലയിലേക്ക് ഞങ്ങളെ വളർത്തി’’ എന്നായിരുന്നു ചെയുടെ പരിഹാസം. വിമതരുടെ കടന്നുകയറ്റം വീണ്ടും ഉണ്ടാകാതിരിക്കാൻ സോവിയറ്റ് യൂണിയന്റെ (യുഎസ്എസ്ആർ) നേതൃത്വത്തിൽ അമേരിക്കയെ ലക്ഷ്യമാക്കി ക്യൂബയിൽ ബാലിസ്റ്റിക് മിസൈലുകൾ സ്ഥാപിച്ചു. അപകടം മണത്ത അമേരിക്ക കടുത്ത നടപടികൾക്കൊരുങ്ങി.
ലോകമെങ്ങും വലിയ യുദ്ധഭീതി നിറഞ്ഞു. എന്നാൽ, അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയും സോവിയറ്റ് പ്രീമിയർ നികിത ക്രുഷ്ചേവും തമ്മിൽ നടന്ന ചർച്ചയെത്തുടർന്ന് ക്യൂബയിൽനിന്ന് മിസൈൽ പിൻവലിക്കാൻ യുഎസ്എസ്ആർ തീരുമാനിച്ചു. ഈ നീക്കം ചെ ഗവാരയ്ക്ക് കടുത്ത നിരാശയുണ്ടാക്കി. ‘‘മിസൈലുകൾ ക്യൂബയുടെ നിയന്ത്രണത്തിലായിരുന്നുവെങ്കിൽ എപ്പോഴേ അവ തൊടുത്തുകഴിഞ്ഞിരുന്നേനേ’’ എന്നാണ് ആഴ്ചകൾക്കു ശേഷം ബ്രിട്ടിഷ് പത്രപ്രവർത്തകൻ സാം റസ്സലിനോട് ചെ പ്രതികരിച്ചത്. ഇതോടെ, ഫിദൽ കാസ്ട്രോയേക്കാൾ ഗൗരവത്തിൽ പരിഗണിക്കേണ്ട ശത്രുവാണ് ചെ എന്ന് അമേരിക്ക തീർച്ചപ്പെടുത്തി.
1965 മാർച്ച് 25ന് അൾജീരിയയിൽ നടത്തിയൊരു പ്രസംഗത്തിൽ ചെ അപ്രതീക്ഷിതമായി സോവിയറ്റ് യൂണിയനെതിരെ തിരിഞ്ഞു. സാമ്രാജ്യത്വ ചൂഷണത്തിന്റെ ഗുണഭോക്താക്കളാണ് യുഎസ്എസ്ആർ എന്ന കടുത്ത വിമർശനം അദ്ദേഹം ഉയർത്തി. ക്യൂബയിൽ തിരിച്ചെത്തിയ ചെ സൈന്യത്തിലെയും സർക്കാരിലെയും തന്റെ പദവികൾ ഒഴിയുകയും ക്യൂബൻ പൗരത്വം ഉപേക്ഷിക്കുകയും ചെയ്തു. ഫിദൽ കാസ്ട്രോയ്ക്ക് എഴുതിയ കത്തിൽ, ക്യൂബൻ വിപ്ലവത്തിലെ തന്റെ ചുമതലകൾ പൂർത്തിയായതായും സഖാക്കളോടും ഇപ്പോൾ തന്റേതുകൂടിയായ ക്യൂബയിലെ ജനങ്ങളോടും വിടപറയുകയാണെന്നും വ്യക്തമാക്കി. 1965 ഒക്ടോബർ 3ന് ഫിദൽ കാസ്ട്രോ ഒരു പ്രസംഗത്തിനിടെ ഈ കത്ത് പരസ്യമാക്കി. എന്നാൽ, ചെ എങ്ങോട്ടു പോയി എന്നത് ലോകത്തിന് അജ്ഞാതമായിരുന്നു. സിഐഎയാകട്ടെ ഡൊമിനിക്കൻ റിപബ്ലിക്, കൊളംബിയ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിൽ ചെയ്ക്കായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.
∙ ചെ ബൊളീവിയയിലേക്ക്
ക്യൂബയിൽനിന്ന് ചെ ആദ്യം പോയത്, ബെൽജിയത്തിൽനിന്ന് സ്വതന്ത്ര്യം നേടിയെങ്കിലും ആഭ്യന്തര പോരാട്ടം രൂക്ഷമായിരുന്ന ആഫ്രിക്കൻ രാജ്യമായ കോംഗോയിലേക്കായിരുന്നു. അവിടെ ഗറില്ലാ പോരാട്ടത്തിന് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്നാണ് ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയ പോരാട്ടഭൂമിയായി തിരഞ്ഞെടുത്തത്. അഴിമതി നിറഞ്ഞ ഭരണവും ദുർബലമായ സൈന്യവുമുള്ള ബൊളീവിയ തന്റെ ഗറില്ലാ യുദ്ധമുറയ്ക്ക് പറ്റിയ മണ്ണാണെന്ന് ചെ കരുതി. കൂടാതെ ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിൽ എല്ലാവിധ സഹായവും ചെ ഗവാരയ്ക്ക് വാഗ്ദാനം ചെയ്തു. ‘ഫോകോ’ എന്നാണ് താൻ ആവിഷ്കരിച്ച പോരാട്ട രീതിക്ക് ചെ നൽകിയിരുന്ന പേര്.
ആദ്യം ക്യൂബയുടെ നേതൃത്വത്തിൽ മിലിട്ടറി ‘ഫോകോ’ സ്ഥാപിക്കുക, രണ്ടാമതായി ബേസ് ക്യാംപും കെട്ടിടങ്ങളും അവശ്യസാധനങ്ങളുടെ ലഭ്യതയും ഉറപ്പാക്കുക, മൂന്നാമത് ഗറില്ല പോരാളികളുടെ പരിശീലനം. തുടർന്ന് ബൊളീവിയൻ പൊലീസിനെയും പട്ടാളത്തെയും ചെറിയ ഗ്രൂപ്പുകളായി ആക്രമിക്കുക. ക്രമേണ നഗരങ്ങളുടെ സംരക്ഷണത്തിനായി പട്ടാളത്തെ പല സ്ഥലങ്ങളിലായി വിന്യസിക്കുന്നതോടെ ആക്രമണം എളുപ്പമാകും. ഗറില്ലകളുടെ എണ്ണം കൂടുതലാകുകയും പ്രദേശത്തെ ജനങ്ങളുടെ പിന്തുണ ലഭ്യമാകുകയും ചെയ്യും. പതിയെ ബൊളീവിയയിലെ പ്രധാന നഗരങ്ങളായ കൊച്ചാബാംബ, സാന്താക്രൂസ്, സുക്രേ എന്നിവ ആക്രമിക്കാൻ കഴിയും. ഈ നഗരങ്ങൾ നിയന്ത്രണത്തിലാകുന്നതോടെ രാജ്യത്തെ രണ്ടായി വിഭജിക്കാം. ഇതായിരുന്നു ചെയുടെ പദ്ധതി.
ഗറില്ലകളിൽ ക്യൂബൻ വിപ്ലവത്തിലെ പോരാളികളും ബൊളീവിയൻ കമ്യൂണിസ്റ്റ് പാർട്ടി (ബിസിപി) കേഡറുകളുമായിരുന്നു ഉൾപ്പെട്ടിരുന്നത്. ഈ സംഘത്തിനു പണവും ആയുധങ്ങളും ആശയവിനിമയ സംവിധാനങ്ങളും ക്യൂബയിൽനിന്ന് എത്തി. പുറത്തുനിന്നുള്ള സഹായത്തിനും അവശ്യ സാധനങ്ങൾ എത്തിക്കുന്നതിനുമുള്ള സംവിധാനങ്ങൾ ബിസിപിയുമായി ചേർന്ന് ഒരുക്കിയത് ക്യുബൻ ചാരന്മാരായിരുന്നു. ഇവർക്കെല്ലാം പുറമെ ബൊളീവിയൻ പോരാട്ടത്തിലെ പ്രധാന പങ്ക് വഹിച്ചത് രണ്ട് വിദേശികളായിരുന്നു. അർജന്റീനയിലും കിഴക്കൻ ജർമനിയിലും പൗരത്വമുണ്ടായിരുന്ന ‘താനിയ’ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ഹയ്ദീ തമാര ബുങ്കെ ബിദർ എന്ന യുവതിയും റെജീസ് ഡിബ്രേ എന്ന് ഫ്രഞ്ച് മാക്സിസ്റ്റ് സൈദ്ധാന്തികനുമായിരുന്നു അവർ.
1960ൽ കിഴക്കൻ ജർമനിയൽ വച്ചാണ് താനിയ ചെ ഗവാരയെ കണ്ടുമുട്ടുന്നത്. ക്യൂബൻ വിപ്ലവത്തിൽ ആകൃഷ്ടയായ അവർ സ്ഥിരമായി ക്യൂബ സന്ദർശിച്ചിരുന്നു. തുടർന്നാണ് ബൊളീവിയൻ മിഷനു വേണ്ടി താനിയയെ റിക്രൂട്ട് ചെയ്തത്. കള്ളപ്പേരിൽ ബൊളീവിയയിൽ എത്തിയ താനിയ അവിടെ ഉന്നതരുമായി ബന്ധമുണ്ടാക്കി. സംഗീതത്തിൽ ഗവേഷകയായും സമ്പന്നരുടെ മക്കളെ ജർമൻ പഠിപ്പിക്കുന്ന ടീച്ചറായും വേഷമണിഞ്ഞ താനിയ തന്ത്രപരമായ വിവരങ്ങൾ ചോർത്തിയെടുത്തു. തന്റെ സ്വാധീനമുപയോഗിച്ച് ചെ ഗവാര, റെജീസ് ഡിബ്രേ, ക്യൂബൻ ഏജന്റായ സിറോ റോബർട്ടോ ബസ്റ്റോസ് എന്നിവർക്ക് കള്ളപ്പേരിൽ താനിയ ഐഡി ഉണ്ടാക്കിയെടുത്തു.
ഫ്രാൻസിലെ സമ്പന്ന കുടുംബാംഗമായിരുന്ന റെജീസ് ഡിബ്രേ വിപ്ലവകാരിയാകാൻ കൊതിച്ചു നടന്നയാളായിരുന്നു. വൈകാതെ ക്യൂബയിലെ ഹവാന യൂണിവേഴ്സിറ്റിയിൽ ഫിലോസഫി പ്രഫസറായി ജോലിയിൽ ചേർന്നു. ഇവിടെനിന്നാണ് അദ്ദേഹത്തെ ബൊളീവിയൻ മിഷനായി തിരഞ്ഞെടുക്കുന്നത്. ബൊളീവിയയിൽ പത്രപ്രവർത്തകൻ എന്ന വ്യാജേന സഞ്ചരിച്ച് ഗറില്ലാ നീക്കം നടത്തേണ്ട സ്ഥലങ്ങളെക്കുറിച്ച് പഠിക്കുകയും അതിന്റെ മാപ്പ് തയാറാക്കുകയും ചെയ്തത് റെജീസ് ഡിബ്രേയായിരുന്നു.
∙ പേരാട്ടത്തിനുള്ള തയാറെടുപ്പ്
ബൊളീവിയയുടെ തെക്കു കിഴക്കൻ മേഖലയിലായി 3000 ഏക്കർ ഫാം ബേസ് ക്യാംപ് നിർമിക്കാനായി ക്യൂബൻ ഏജന്റുമാർ വാങ്ങി. തുടർന്ന് ഗറില്ലകളുടെ തിരഞ്ഞെടുപ്പ് ആരംഭിച്ചു. ബൊളീവിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ തലവൻ മാരിയോ മോൻജെ മൊലീന 20 പേരെ നൽകി. മാവോയിസ്റ്റ് നേതാവായ മോയിസസ് ഗുവേര റൊഡ്രിഗ്രസും ആളുകളെ എത്തിച്ചു. ക്യൂബയിൽനിന്നെത്തിയവർക്കായിരുന്നു പുതുതായി എത്തിയവരെ പരിശീലിപ്പിക്കാനുള്ള ചുമതല.
1966 നവംബർ 3ന് ആണ് ചെ ഗവാര ബൊളീവിയയിൽ എത്തിയത്. ചെയുടെ നേതൃത്വത്തിൽ ബേസ് ക്യാംപിന്റെ നിർമാണം ആരംഭിച്ചു. ആയുധങ്ങളും സാധനങ്ങളും സംഭരിക്കാൻ ഭൂമിക്ക് അടിയിൽ പ്രത്യേക അറകളും മുകളിൽ ക്ലാസ് റൂം അടുക്കള, ഡിസ്പെൻസറി എന്നിവയുമാണ് നിർമിച്ചത്. വെടിമരുന്നും ആയുധങ്ങളും അടക്കമുള്ള സാധനങ്ങൾ 400 മൈൽ അകലെയുള്ള ബൊളീവിയൻ തലസ്ഥാനമായ ലാ പാസിൽനിന്നാണ് എത്തിച്ചത്. എന്നാൽ, ചെ പ്രതീക്ഷിച്ചയത്ര ഒറ്റപ്പെട്ട സ്ഥലമല്ലായിരുന്നു ഫാം ഹൗസ്. അടുത്ത താമസക്കാരനായ സിറോ അൽഗ്രാൻസ് എന്നയാൾ പല തവണ അവിടെയെത്തി. അയാളുടെ പന്നികളെയും കോഴികളെയും വിൽക്കുകയായിരുന്നു ലക്ഷ്യം. അവിടെ കൊക്കെയ്‌ൻ ഫാക്ടറി നിർമിക്കുകയാണെന്നാണ് അയാൾ കരുതിയത്.
ഡിസംബർ 31ന് ക്യാംപിലെത്തിയ കമ്യൂണിസ്റ്റ് പാർട്ടി നേതാവ് മാരിയോ മോൻജെയും ചെയുമായി അഭിപ്രായഭിന്നതയുണ്ടായി. പോരാട്ടത്തിന്റെ രാഷ്ട്രീയവും സൈനികവുമായ നേതൃത്വം തനിക്കു വേണമെന്ന മാരിയോയുടെ ആവശ്യം ചെ നിരാകരിച്ചു. ഭിന്നത രൂക്ഷമായതോയെ താൻ എത്തിച്ച കേഡർമാരോട് തനിക്കൊപ്പം വരാൻ മാരിയോ ആവശ്യപ്പെട്ടെങ്കിലും അവർ പോയില്ല. അതോടെ ബൊളീവിയൻ കമ്യൂണിസ്റ്റ് പാർട്ടി ഗറില്ലകൾക്ക് നൽകിയിരുന്ന സഹായം നിർത്തിവയ്ക്കപ്പെട്ടു.
പരിശീനം തുടരുന്നതിനിടെ വിഷപ്രാണികളുടെയും കൊതുകിന്റെയും ആക്രമണം വർധിച്ചത് സംഘത്തിലുള്ളവരുടെ ആരോഗ്യത്തെ ബാധിച്ചു. 1967 ജനവുരി 19ന് അയൽവാസി സിറോ അൽഗ്രാൻസ് നൽകിയ വിവരത്തെത്തുടർന്ന് ലോക്കൽ പൊലീസ് ക്യാംപിലെത്തി പരിശോധന നടത്തിയെങ്കിലും ചെറിയൊരു പിസ്റ്റൾ മാത്രമാണ് കണ്ടെത്തിയത്. കൈക്കൂലി വാങ്ങി ആ പ്രശ്നവും തീർപ്പാക്കി പൊലീസ് മടങ്ങി.
∙ വനവും വിഷപ്രാണികളും കടന്ന് ലോങ് മാർച്ച്
പരിശീലനം തുടങ്ങി വൈകാതെ ചെ ഗവാരയ്ക്ക് ഒരു കാര്യം മനസ്സിലായി. ഈ ദേശത്തെ ഭൂപ്രകൃതിയെക്കുറിച്ച് ആർക്കും കാര്യമായ ധാരണയില്ല. മാത്രമല്ല റെജീസ് ഡിബ്രേ തയാറാക്കി നൽകിയ മാപ്പിലെ വിവരങ്ങൾ ഭൂരിഭാഗവും തെറ്റാണ്. സാഹചര്യങ്ങൾ പരിചയപ്പെടുന്നതിനും പോരാട്ടത്തിലെ വെല്ലുവിളികൾ മനസ്സിലാക്കുന്നതിനുമായി ഗറില്ലകളുമായി ദിവസങ്ങൾ നീളുന്ന ലോങ് മാർച്ച് സംഘടിപ്പിക്കാൻ ചെ തീരുമാനിച്ചു.
ഫെബ്രുവരി 1ന് യാത്ര ആരംഭിച്ചു. മെഷീൻഗണ്ണുകൾ, റൈഫിളുകൾ തുടങ്ങിയ ആയുധങ്ങളും ക്യൂബൻ തലസ്ഥാനമായ ഹവാനയുമായി ബന്ധപ്പെടാൻ കഴിയുന്ന തരത്തിലുള്ള ഷോർട് വേവ് റേഡിയോ സംവിധാനവും അവർ കരുതിയിരുന്നു. യാത്ര തുടങ്ങിയപ്പോഴാണ് പ്രദേശത്തെക്കുറിച്ച് ഡിബ്രേ ശേഖരിച്ച വിവരങ്ങൾ പലതും തെറ്റായിരുന്നെന്ന് ചെ മനസ്സിലാക്കിയത്. കഠിനമായ ഭൂപ്രകൃതിയും വിഷപ്രാണികളുടെ ആക്രമണവും പോരാളികളെ തളർത്തി. പലർക്കും മലേറിയ പിടിപെട്ടു. മുൻപ് ഉണ്ടായിരുന്ന ആസ്മ രോഗം ചെ ഗവാരയെ വീണ്ടും പിടികൂടി.
പലപ്പോഴും സംഘം കൂട്ടം തെറ്റിപ്പോയി. കനത്ത മഴയിൽ പുഴ മുറിച്ചു കടക്കുന്നതിനിടെ സംഘത്തിലെ രണ്ടുപേർ മുങ്ങിമരിച്ചു. കുറേയേറെ ആയുധങ്ങൾ ഒഴുകിപ്പോകുകയും ചെയ്തു. ഭക്ഷണത്തിനും ക്ഷാമമുണ്ടായതോടെ മൃഗങ്ങളെ വേട്ടയാടേണ്ടിവന്നു. കഷ്ടപ്പാട് ഏറിയതോടെ സംഘത്തിൽനിന്ന് ഡാനിയേൽ, ഒർലാൻഡോ എന്നീ ബൊളീവിയൻ സ്വദേശികൾ മുങ്ങി. എന്നാൽ, കയ്യിലുള്ള ആയുധങ്ങൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ കമിരി നഗരത്തിൽനിന്ന് ഇവരെ പൊലീസ് പിടികൂടി.
ചോദ്യം ചെയ്യലിൽ ക്യാംപിനെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഇവർ പൊലീസിന് നൽകി. വിവരം ഉടൻ തന്നെ സമീപത്തെ പട്ടാള ക്യാംപിലുമെത്തി. ആദ്യം അവർ വിശ്വസിച്ചില്ലെങ്കിലും പച്ച യൂണിഫോം ധരിച്ച അവ്യക്തമായ ഭാഷ സംസാരിക്കുന്ന ആയുധധാരികളുടെ സംഘത്തെ കണ്ടതായി പ്രദേശവാസികളിലൊരാളും അറിയിച്ചതോടെ സൈന്യം പരിശോധന നടത്താൻ തീരുമാനിച്ചു. ചെറുവിമാനം അയച്ച് നിരീക്ഷണം നടത്തിയതിനു പുറമേ ഒരു പട്രോൾ സംഘത്തെയും സൈന്യം ക്യാംപിലേക്ക് അയച്ചു.
മാർച്ച് 17ന് അവിടെയെത്തിയ കമിരി 4 ഡിവിഷൻ ഹെഡ് ക്വാർട്ടേഴ്സിലെ പട്രോൾ സംഘം പല രേഖകളും ചിത്രങ്ങളും കണ്ടെടുത്തു. ക്യാംപിലുണ്ടായിരുന്ന ബൊളീവിയൻ പൗരനെ പിടികൂടുകയും ചെയ്തു. 3 ദിവസം കഴിഞ്ഞ് മാർച്ച് 20ന് ആണ് ചെയും സംഘവും ലോങ് മാർച്ച് പൂർത്തിയാക്കി ക്യാംപിൽ എത്തുന്നത്. 25 ദിവസമെന്ന് പദ്ധതിയിട്ട ലോങ് മാർച്ച് അപ്പോഴേക്കും 48 ദിവസം കഴിഞ്ഞിരുന്നു.
∙ അശ്രദ്ധ വരുത്തിയ വിന
ലോങ് മാർച്ചിനു ശേഷം പല സ്ഥലത്തുനിന്നും സന്ദർശകർ ക്യാംപിലെത്തി. പെറുവിലെ കമ്യൂണിസ്റ്റ് നേതാവ് ജുവാൻ പാബ്ലോ ചാങ് ആയിരുന്നു അതിൽ പ്രധാനി. ഇതിനിടെ താനിയ, റെജീസ് ഡിബ്രേ, ചെയുടെ ക്യൂബൻ കോ ഓർഡിനേറ്ററും ചാരനുമായ സിറോ റോബർട്ടോ ബസ്റ്റോസ് എന്നിവർ ചെ ഗവാരയെ സന്ദർശിക്കാനായി ക്യാംപിലേക്ക് യാത്രതിരിച്ചു. പലവഴിക്കു വന്ന് കാമിരി പട്ടണത്തിലെത്തി ഒന്നിച്ച് ഇവർ ക്യാംപിലേക്ക് പോയി. താനിയ എത്തിയ ജീപ്പ് കമിരി നഗരത്തിൽ പാർക്ക് ചെയ്താണ് അവർ ക്യാംപിലേക്ക് പോയത്.
എന്നാൽ, തലസ്ഥാനമായ ലാ പാസിലെ ലൈസൻസ് പ്ലേറ്റുള്ള വാഹനം വേഗം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. പരിശോധനയിൽ താനിയയുടെ ഡയറി വാഹനത്തിൽനിന്ന് കണ്ടെടുത്തു. അതിൽ ബൊളീവിയയിലെ ഗറില്ലകളുടെ പദ്ധതികള്‍, ബന്ധപ്പെടുന്ന ആളുകൾ, പണം സൂക്ഷിക്കുന്ന രഹസ്യ അക്കൗണ്ടുകൾ തുടങ്ങി എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ഉണ്ടായിരുന്നു. ദിവസങ്ങൾക്കുള്ളിൽ കമ്യൂണിസ്റ്റ് സേഫ് ഹൗസുകൾ റെയ്ഡ് ചെയ്യപ്പെട്ടു. അവർ ബന്ധപ്പെട്ടിരുന്നവരെല്ലാം അറസ്റ്റിലായി.
യുഎസ്എസ്ആറിന്റെ കെജിബി, കിഴക്കൻ ജർമനിയുടെ സ്റ്റാസി തുടങ്ങിയ രഹസ്യാന്വേഷണ സംഘടനകൾക്ക് വേണ്ടി പ്രവർത്തിക്കുകയും ക്യൂബയുടെ ഏജന്റ് ട്രെയിനിങ് പൂർത്തിയാക്കുകയും ചെയ്ത താനിയ ഇത്തരത്തിലൊരു അശ്രദ്ധ കാണിക്കുമെന്ന് ഇന്നും രഹസ്യാന്വേഷണ മേഖലയെ നിരീക്ഷിക്കുന്നവരാരും വിശ്വസിക്കുന്നില്ല. അതുകൊണ്ടു തന്നെ താനിയ ആർക്കു വേണ്ടി ജോലി ചെയ്തു എന്നത് ഇന്നും സംശയനിഴലിൽ തന്നെയാണ്.
വാർത്തകളിലൂടെ വിവരമറിഞ്ഞ ചെ പൊട്ടിത്തെറിച്ചു. താനിയ ആരെന്ന് ബൊളീവിയൻ സൈന്യം തിരിച്ചറിഞ്ഞു എന്നത് മാത്രമല്ല, രണ്ടു വര്‍ഷത്തെ അധ്വാനം ഇല്ലാതായിപ്പോയി എന്നതിലായിരുന്നു ചെയുടെ ദുഃഖം. ക്യൂബയിൽനിന്നുള്ള റേഡിയോ സന്ദേശമല്ലാതെ പുറംലോകവുമായി യാതൊരു ബന്ധവും സംഘത്തിന് ഇല്ലാതായി. മാർച്ച് 23ന് 60 സൈനികരുടെ സംഘം എത്തി ക്യാംപിനു നേരെ ആക്രമണം ആരംഭിച്ചു. തിരിച്ചടിച്ച ചെയും സംഘവും 7 സൈനികരെ കൊലപ്പെടുത്തി, 14 പേരെ പിടികൂടി. കൂടാതെ 16 തോക്കുകളും 2000 ബുള്ളറ്റുകളും പിടിച്ചെടുത്തു.
റേഡിയോയിലൂടെ തങ്ങളുടെ വിജയ വാർത്ത കേട്ട ചെ അടുത്ത ആക്‌ഷനു പദ്ധതി തയാറാക്കി. അപ്പോഴേക്കും ഗറില്ലകളുടെ എണ്ണം 45 ആയി. ഇതിൽ 16 പേർ ക്യൂബയിൽനിന്നും 24 പേർ ബൊളീവിയയിൽനിന്നും 2 പേർ ആർജന്റീനയിൽനിന്നും 3 പേർ പെറുവിൽനിന്നും ഉള്ളവരായിരുന്നു. പുറത്തിറങ്ങിയാൽ തിരിച്ചറിയപ്പെടുമെന്നതിനാൽ താനിയ, റെജീസ് ഡിബ്രേ, സിറോ റോബർട്ടോ ബസ്റ്റോസ് എന്നിവർ സംഘത്തിനൊപ്പം തുടരാൻ തീരുമാനിച്ചു. ഏപ്രിൽ 1ന് സംഘം ക്യാംപ് വിട്ട് യാത്ര ആരംഭിച്ചു. പലതവണ സൈന്യവുമായി ഏറ്റുമുട്ടിയ ഗറില്ലകൾ ആയുധങ്ങൾ പിടിച്ചെടുത്തു. തടവുകാരായി പിടികൂടിയവരെ നഗ്നരാക്കിയ ശേഷം രക്ഷപ്പെടാൻ അനുവദിച്ചു.
ഏപ്രിൽ 17ന് മുയുപാംപയിലേക്ക് മാർച്ച് ചെയ്യാൻ ചെ തീരുമാനിച്ചു. സംഘത്തെ രണ്ടായി വിഭജിച്ച് രണ്ടാമത്തെ സംഘത്തിന്റെ ചുമതല ക്യൂബയിൽനിന്നുള്ള ജോക്വിൻ എന്ന ഗറില്ലയെ ഏൽപ്പിച്ചു. ഈ സംഘത്തിനൊപ്പമായിരുന്നു താനിയ. ഇതിനിടെ സംഘത്തെ പ്രദേശവാസികൾ ഓരോ സ്ഥലത്തും തിരിച്ചറിഞ്ഞു തുടങ്ങി. ഏപ്രിൽ 19ന് ജോർജ് ആൻഡ്രൂ റോത്ത് എന്ന ചിലിയൻ പത്രപ്രവർത്തകൻ ചെയുടെ സംഘത്തെ തേടി എത്തി. ഡിബ്രേ, ബസ്റ്റോസ് എന്നിവർ റോത്തിനൊപ്പം തിരികെ പോകാൻ തീരുമാനിച്ചു. സിദ്ധാന്തങ്ങൾക്ക് അപ്പുറത്ത് യഥാർഥ പോരാട്ടം എന്തെന്ന് മനസ്സിലായതോടെ ഡിബ്രേ ഭയന്നുപോയിരുന്നു. ഇതിനിടെ രാജ്യത്ത് ഗറില്ലകളുടെ സാന്നിധ്യം ഉറപ്പാക്കിയ ബൊളീവിയൻ പ്രസിഡന്റ് റെനെ ബാരിയന്റോസ് അവരെ നേരിടാൻ യുഎസിന്റെ സഹായം അഭ്യർഥിച്ചു.
∙ അമേരിക്ക കളത്തിലിറങ്ങുന്നു
ബൊളീവിയൻ പ്രസിഡന്റിന്റെ അഭ്യർഥന പ്രകാരം ഗറില്ലകളെ തുരത്താൻ ബൊളീവിയൻ സൈന്യത്തിന് പരീശീലനം നൽകുന്ന ചുമതല യുഎസ് ഏറ്റെടുത്തു. മേജർ റാൽഫ് ഡബ്ല്യു. ഷെൽട്ടൻ എന്ന ‘പാപ്പി ഷെൽട്ടൻ’ നേതൃത്വം നൽകിയ പാനമ കനാൽ സോണിലെ മൊബൈൽ ട്രെയിനിങ് ടീം (എംടിടി) അതീവ രഹ്യമായി ബൊളീവിയയിലെത്തി ‘റേഞ്ചേഴ്സ് ബറ്റാലിയൻ’ എന്ന പ്രത്യേക സംഘത്തിന് പരീശീലനം നൽകാൻ തുടങ്ങി.
ചെ ഗവാര ജീവിച്ചിരിക്കുന്നുവെന്നും കൂടുതൽ തെളിവ് ആവശ്യമാണെങ്കിലും, ബൊളീവിയയിൽ പോരാട്ടം നടത്തുന്നതായി സംശയിക്കുന്നെന്നും സിഐഎ, അമേരിക്കൻ പ്രസിഡന്റ് പ്രസിഡന്റ് ലിൻഡൻ ബി. ജോൺസന് റിപ്പോർട്ട് നൽകി. ജൂൺ മാസത്തിൽ, ക്യൂബൻ പൗരനും അവിടെ സിഐഎയുടെ ഏജന്റുമായ ഫെലിക്സ് റൊഡ്രിഗസിന് അടിയന്തരമായി ബൊളീവിയയിൽ എത്താനും ചെ ഗവാരയെ ട്രാക്ക് ചെയ്ത് പിടികൂടാൻ ബൊളീവിയൻ സൈന്യത്തെ സഹായിക്കാനും സിഐഎ നിർദേശം നൽകി. 'ഫെലിക്സ് റാമോസ് മെദിന' എന്ന പേരിലാണ് ഫെലിസ്ക് റൊഡ്രിഗസ് ബൊളീവിയയിൽ എത്തിയത്.
∙ ഡിബ്രേയും ബസ്റ്റോസും കെണിയിൽപ്പെടുന്നു
ജോർജ് ആൻഡ്രൂ റോത്ത് എന്ന ചിലിയൻ പത്രപ്രവർത്തകനൊപ്പം മുയുപാംപയിൽ എത്തിയ ഡിബ്രേയും ബസ്റ്റോസും അവിടെ പൊലീസിന്റെ പിടിയിലായി. തങ്ങൾ പത്രപ്രവർത്തകരാണെന്ന് ഇരുവരും വാദിച്ചെങ്കിലും റോത്തിന്റെ ഒഴികെ രണ്ടുപേരുടെയും പാസ്പോർട്ട് അടക്കമുള്ള രേഖകൾ കൃത്രിമമാണെന്ന് പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഗറില്ലകളെക്കുറിച്ചുള്ള സകല വിവരങ്ങളും ഡിബ്രേയിൽനിന്ന് ലഭ്യമായി. കൂടാതെ ചെ ഗവാരയുടെ സ്കെച്ചുകൾ, കോഡ് ചെയ്ത സന്ദേശങ്ങൾ തുടങ്ങി ഒട്ടേറെ നിർണായക വിവരങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ, ഫ്രാൻസിലുള്ള ഡിബ്രേയുടെ കുടുംബത്തിന്റെ സ്വാധീനത്താൽ അയാളുടെ അറസ്റ്റ് രാജ്യാന്തര സമൂഹത്തിന് മുന്നിൽ ചർച്ചയായി. ഫ്രഞ്ച് പ്രസിഡന്റ് തന്നെ ഡിബ്രേയ്ക്കായി രംഗത്തു വന്നു.
ഇതിനിടെ രണ്ടുവഴിക്ക് യാത്ര തുടർന്ന ചെയുടെയും ജാക്വിന്റെയും സംഘങ്ങൾ പലതരത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നുപോയി. ഏറ്റുമുട്ടലുകളും ഭക്ഷണത്തിന്റെ കുറവും ഇരു സംഘങ്ങളെയും വലച്ചു. ജൂലൈ 6ന് സമായ്പറ്റയിലെ കൊച്ചാബാംബ– സാന്തക്രൂസ് ഹൈവേ ബ്ലോക്ക് ചെയ്ത ചെയും സംഘവും വാഹനങ്ങൾ പിടിച്ചെടുക്കുകയും യാത്രക്കാരെ ബന്ദികളാക്കുയും ചെയ്തു. തുടർന്ന് ഒരു ട്രക്കിൽ സമായ്പറ്റയിൽ എത്തി ആവശ്യസാധനങ്ങൾ ശേഖരിക്കാൻ തുടങ്ങി. അബദ്ധവശാൽ സംഘത്തിന് മുന്നിൽപ്പെട്ട പ്രദേശത്തെ സൈനിക ക്യാംപിന്റെ തലവനെ ബന്ദിയാക്കി ക്യാംപ് ആക്രമിച്ച് ഒരാളെ കൊലപ്പെടുത്തുകയും 9 പേരെ തടവുകാരാക്കുകയും ചെയ്തു.
അവശ്യസാധനങ്ങൾ ശേഖരിക്കാൻ കഴിഞ്ഞെങ്കിലും ഏറ്റവും ആവശ്യമായ ചെയുടെ ആസ്ത്‌മയ്ക്കുള്ള മരുന്ന് അവിടെനിന്ന് ലഭിച്ചില്ല. ഈ ആക്രമണം പെട്ടെന്ന് ലോകശ്രദ്ധയാകർഷിച്ചു. ഗറില്ലകൾ രാജ്യത്തെ പ്രധാന ഹൈവേ കയ്യേറിയതായും ചില ഭാഗങ്ങൾ നിയന്ത്രണത്തിലാക്കിയതായും വാർത്ത പരുന്നു. ഇത് ഗറില്ലകൾക്ക് മോശമല്ലാത്ത പബ്ലിസിറ്റി നേടിക്കൊടുത്തു. ഇതോടെ പ്രസിഡന്റ് ബാരിയന്റോസ് സമ്മർദത്തിലായി. കൂടുതൽ സൈന്യത്തെ ഗറില്ലാ ബാധിത പ്രദേശമായ റെഡ് സോണിലേക്ക് അയയ്ക്കാൻ തീരുമാനിച്ചു.
അതിനിടെ ക്യൂബൻ ഗറില്ല ജോക്വിന്റെ നേതൃത്വത്തിലുള്ള രണ്ടാം സംഘം ചെയുടെ സംഘത്തെ കണ്ടെത്തി അവരുമായി ചേരാനുള്ള ശ്രമത്തിലായിരുന്നു. റിയോ ഗ്രാൻഡെ നദി കടന്ന് നീങ്ങാനായിരുന്നു സംഘത്തിന്റെ പദ്ധതി. യാത്രയ്ക്കിടെ ഹോനോറാറ്റോ റോജസ് എന്ന കർഷകന്റെ വീട്ടിലെത്തി സംഘം ഭക്ഷണം വാങ്ങി. റിയോ ഗ്രാൻഡേ ഇറങ്ങിക്കടക്കാൻ കഴിയുന്ന ആഴംകുറഞ്ഞ സ്ഥലം ചോദിച്ചപ്പോൾ എൽ വാഡോ ഡെൽ യെസോ വഴി പോകാമെന്ന് അയാൾ മറുപടി നൽകി. പുഴയ്ക്ക് അപ്പുറം കടന്ന് അവിടം സുരക്ഷിതമാണെങ്കിൽ ഒരു വെള്ളക്കൊടിയും അപകടമുണ്ടെങ്കിൽ ഒരു ചുവപ്പ് കൊടിയും സ്ഥാപിക്കാൻ ജാക്വിൻ, റോജസിന്റെ സഹായം തേടി.
സഹായിക്കാമെന്നേറ്റ റോജസ് ഓഗസ്റ്റ് 31ന് പുഴകടന്ന് അക്കരെയെത്തി ആദ്യം ചെയ്തത് അടുത്തുള്ള സൈനിക കേന്ദ്രത്തിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പുഴക്കരയിലെത്തി വെള്ളക്കൊടി നാട്ടി. സുരക്ഷിതമെന്ന സിഗ്നൽ കണ്ട് ഗറില്ലാ സംഘം പുഴ കടക്കാൻ തുടങ്ങി. എല്ലാവരും വെള്ളത്തിൽ ഇറങ്ങിയ സമയത്ത് സൈന്യം നടത്തിയ മിന്നൽ ആക്രമണത്തിൽ താനിയ, ജോക്വിൻ, മോയിസെസ് ഗുവേര തുടങ്ങി പ്രധാനപ്പെട്ടവരെല്ലാം കൊല്ലപ്പെട്ടു. ‘പാകോ’ എന്ന രക്ഷപ്പെട്ട ഏക ഗറില്ലയെ സൈന്യം പിടികൂടുകയും ചെയ്തു.
∙ അന്തിമ പോരാട്ടം
പോരാട്ടം നയിക്കുന്നത് ചെ ഗവാരയെന്ന് ഉറപ്പിച്ചതോടെ ഏതു വിധേനയും അദ്ദേഹത്തെ പിടികൂടണമെന്നത് സിഐഎയുടെ അഭിമാനപ്രശ്നമായി. ചെയ്ക്കൊപ്പം ഇനി കുറച്ച് ഗറില്ലകൾ മാത്രമാണ് ഉള്ളതെന്ന് മനസ്സിലാക്കിയ സിഐഎ ഏജന്റ് ഫെലിക്സ് റൊഡ്രിഗസ്, റേഞ്ചർ ബറ്റാലിയനെ എത്രയും വേഗം പ്രദേശത്ത് വിന്യസിക്കണമെന്ന് ഗറില്ലകൾക്കെതിരെ പോരാട്ടം നയിച്ചിരുന്ന കേണൽ സെന്റെനോയോട് നിർബന്ധം പിടിച്ചു. സെപ്റ്റംബർ 26ന് ചെയുടെ സംഘം ലാ ഹിഗ്വേരയിൽ എത്തിച്ചേർന്നു. അവിടേക്ക് പ്രവേശിക്കുമ്പോൾതന്നെ പ്രദേശത്ത് ഏതാനും സ്ത്രീകൾ അല്ലാതെ മറ്റാരും ഇല്ലെന്നത് ചെ പ്രത്യേകം ശ്രദ്ധിച്ചു. ടെലഗ്രാം ഓഫിസിൽനിന്ന്, ഗറില്ലകൾ ഈ പ്രദേശത്ത് എത്തിയിട്ടുണ്ടെന്ന മേയറുടെ മുന്നറിയിപ്പു സന്ദേശവും അവർ കണ്ടെത്തി. നിമിഷങ്ങൾക്കകം സൈന്യം ഗറില്ലകളെ വളഞ്ഞെങ്കിലും തിരിച്ചടിച്ച അവർ രക്ഷപ്പെട്ടു. പക്ഷേ പോരാട്ടത്തിൽ 3 ഗറില്ലകൾ കൊല്ലപ്പെട്ടു.
ഈ പോരാട്ടത്തോടെ റൊഡ്രിഗസിന്റെ നിർദേശം കേണൽ സെന്റെനോ അംഗീകരിക്കുകയും സെപ്റ്റംബർ 29ന് റേഞ്ചർ ബറ്റാലിയനെ വല്ലേഗ്രാൻഡേയിലേക്ക് എത്തിക്കുകയും ചെയ്തു. 650 പേർ അടങ്ങുന്ന ഈ സംഘത്തിനൊപ്പം ഫെലിക്സ് റൊഡ്രിഗസും ചേർന്നു. ക്യാപ്റ്റൻ ഗാരി പ്രാഡോയുടെ നേതൃത്വത്തിലുള്ള 200 പേരുടെ സംഘമാണ് ഗറില്ലകൾക്കായുള്ള തിരച്ചിലിന് നിയോഗിക്കപ്പെട്ടത്. ഒക്ടോബർ 8 വരെ റേഞ്ചർ ബറ്റാലിയൻ നടത്തിയ തിരച്ചിൽ ഫലപ്രദമായിരുന്നില്ല. എന്നാൽ ഒക്ടോബർ 8ന് രാവിലെ തന്റെ കൃഷിയിടത്തിലൂടെ ഗറില്ലകൾ എൽ ചുരോ മലയിടുക്കിലേക്ക് പ്രവേശിക്കുന്നതായി കണ്ടെന്ന് ഒരു കർഷകൻ സൈന്യത്തെ അറിയിച്ചു. 300 മീറ്റർ നീളത്തിൽ 200 മീറ്റർ താഴ്ചയിലുള്ള ഈ മലയിടുക്കിന്റെ പല ഭാഗത്തായി ക്യാപ്റ്റൻ പ്രാഡോയുടെ നേതൃത്വത്തിലുള്ള സൈന്യം നിരന്നു.
ചെ സംഘത്തെ മൂന്നായി തിരിച്ച് രണ്ട് സംഘങ്ങളെ വ്യത്യസ്ത ദിശകളിലേക്കു വിട്ടശേഷം ബാക്കിയുള്ളവർക്കൊപ്പം ചുരത്തിനു നടുവിൽ നിന്നു. സൈന്യത്തെ മലയിടുക്കിൽ പ്രവേശിക്കാൻ അനുവദിക്കാതെ മുകളിലേക്ക് കയറി രക്ഷപ്പെടാനായിരുന്നു പദ്ധതി. എന്നാൽ പല ദിശകളിൽനിന്ന് ഏറ്റുമുട്ടൽ നടത്തി റേഞ്ചർ ബറ്റാലിയൻ മലയിടുക്കിൽ പ്രവേശിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച ചെയുടെ സംഘത്തെ മോർട്ടാറുകളും മെഷീൻഗണ്ണുകളുമായി നേരിട്ടു. ചെ ഗവാരയുടെ വലതു കാലിൽ വെടിയേറ്റു. അദ്ദേഹത്തിന്റെ എം1 കാർബൈൻ തോക്ക് തകർന്നുപോയി.
പിടികൂടാനെത്തിയ റേഞ്ചേഴ്സിനോട് ‘‘വെടിവയ്ക്കരുത്, ഞാൻ ചെ ഗവാരയാണ്, മരിക്കുന്നതിനേക്കാൾ ഞാൻ ജീവനോടെയിരിക്കുന്നതായിരിക്കും നിങ്ങൾക്കു നല്ലത്’’ എന്ന് ചെ പറഞ്ഞു. ക്യാപ്റ്റൻ പ്രാഡോ ഡിവിഷനൽ ഹെഡ് ക്വാർട്ടേഴ്സിലേക്ക് റേഡിയോ സന്ദേശം അയച്ചു. ‘‘ഹലോ സാറ്റേർണോ, വീ ഹാവ് പാപ്പ’’. സാറ്റേർണോ എന്നത് കേണൽ സെന്റെനോയുടെയും പാപ്പ എന്നത് ചെ ഗവാരയുടെയും കോഡ് ആയിരുന്നു. എത്രയും വേഗം ചെ അടക്കമുള്ള തടവുകാരെ ലാ ഹിഗ്വേരയിലേക്ക് മാറ്റാൻ സെന്റെനോ നിർദേശം നൽകി.
∙ ഒരു മരണം, ഒരു യുഗപ്പിറവി
7 കിലോമീറ്റർ അകലെയുള്ള ഒരു സ്കൂളിന്റെ മുറിയിലാണ് അന്ന് ചെ ഗാവരയെ പാർപ്പിച്ചത്. വൈകിട്ടോടെ, പിടികൂടിയ മറ്റ് 5 ഗറില്ലകളെക്കൂടി അവിടേക്ക് എത്തിച്ചു. എന്നാൽ, ഏറ്റുമുട്ടലിൽ ചെ കൊല്ലപ്പെട്ടു എന്നാണ് സൈന്യം പ്രചരിപ്പിച്ചത്. ചെയുടെ ശരീരം തങ്ങളുടെ കൈവശം ഉണ്ടെന്നും സൈന്യം അവകാശപ്പെട്ടു. പിറ്റേന്ന് ഒക്ടോബർ 9ന് രാവിലെ 6.15ന് ഫെലിക്സ് റൊഡ്രിഗസ് ഹെലികോപ്റ്ററിൽ ലാ ഹിഗ്വേരയിൽ എത്തി. ശക്തിയേറിയ ഫീൽഡ് റേഡിയോ, ക്യാമറ തുടങ്ങി സകല സന്നാഹങ്ങളുമായിട്ടാണ് അദ്ദേഹം എത്തിയത്.
സ്കൂളിലെ സാഹചര്യങ്ങൾ മുഴുവൻ ഫെലിക്സ് നിരീക്ഷിച്ചു. കൈകൾ ബന്ധിച്ച് പൊടിയിൽ മുങ്ങിക്കിടക്കുന്ന ചെയെ കണ്ടപ്പോൾ അത്ര വലിയ ശത്രുവായിരുന്നിട്ടും ആ മനുഷ്യനോട് സഹതാപമാണ് തോന്നിയതെന്ന് പിന്നീടൊരു ഇന്റർവ്യൂവിൽ അദ്ദേഹം വെളിപ്പെടുത്തി. ചെയുടെ ഡയറികളുടെയും മറ്റ് പിടികൂടിയ രേഖകളുടെയും ചിത്രങ്ങൾ ഫെലിക്സ് പകർത്തി. അവസാനം ഏറെനേരം ചെ ഗവരായ്ക്കൊപ്പം സംസാരിച്ചിരുന്നശേഷം അദ്ദേഹത്തിനൊപ്പം ചിത്രം പകർത്തി.
10 മണിയോടെ, ചെയെ ഇനി എന്തു ചെയ്യും എന്ന ചർച്ച സജീവമായി. വിചാരണ ചെയ്താൽ അദ്ദേഹത്തെ വിട്ടയയ്ക്കാൻ രാജ്യാന്തര സമ്മർദം ഉണ്ടാകുമെന്ന് അവർ ഭയന്നു. റെജീസ് ഡെബ്രേയുടെ കാര്യത്തിൽ സംഭവിച്ചത് ചെയുടെ കാര്യത്തിൽ സംഭവിക്കരുതെന്ന് ബൊളീവിയൻ അധികാരികൾക്ക് നിർബന്ധമുണ്ടായിരുന്നു. ഈ സമയം വല്ലെഗ്രാൻഡെയിൽനിന്ന് ഫെലിക്സിന് ഒരു സന്ദേശം ലഭിച്ചു. ‘ഓപ്പറേഷൻ 500, 600 നടപ്പാക്കുക’. 500 എന്നത് ചെ ഗവാരയുടെ കോഡും 600 എന്നത് വധിക്കാനുള്ള കോഡും ആയിരുന്നു.
എന്നാൽ എന്തു വിലകൊടുത്തും ചെ ഗവാരയെ ജീവനോടെ സംരക്ഷിക്കണമെന്നാണ് അമേരിക്കയുടെ നിർദേശമെന്ന് ഫെലിക്സ് കേണൽ സെന്റെനോയെ അറിയിച്ചു. ചെയെ പാനമയിലെ അമേരിക്കൻ കേന്ദ്രത്തിൽ എത്തിക്കാനുള്ള ഹെലികോപ്റ്റർ, വിമാനം എന്നിവ അപ്പോഴേക്കും അമേരിക്ക എത്തിച്ചു കഴിഞ്ഞിരുന്നു. എന്നാൽ, ചെ ഗവാരയെ വധിക്കുക എന്ന ബൊളീവിയൻ സർക്കാരിന്റെ നിർദേശം പാലിക്കാനേ കഴിയൂവെന്ന് സെന്റെനോ അറിയിച്ചു. അതോടെ ഫെലിക്സ് പിൻവാങ്ങി. ചെ കിടന്നിരുന്ന മുറിയിലെത്തി ഫെലിക്സ് ബൊളീവിയയുടെ തീരുമാനം അദ്ദേഹത്തെ അറിയിച്ചു. ‘‘എന്നെ ജീവനോടെ പിടിക്കാതിരിക്കുകയായിരുന്നു നല്ലത്’’ എന്നായിരുന്നു ചെയുടെ പ്രതികരണം.
തുടർന്ന് ഭാര്യയ്ക്കും ഫിദൽ കാസ്ട്രോയ്ക്കുമുള്ള അവസാന സന്ദേശം ചെ ഫെലിക്സിന് കൈമാറി. സൈന്യത്തിലെ സെർജന്റായ ജെയ്മി ടെറാനെ എന്നയാളെയാണ് ചെ ഗവാരയെ വെടിവയ്ക്കാനായി മേധാവികൾ തിരഞ്ഞെടുത്തത്. മുറിയിലെത്തിയ അയാൾ ആദ്യമൊന്ന് ഭയന്നെങ്കിലും ഒടുവിൽ ഏൽപ്പിച്ച ജോലി പൂർത്തിയാക്കി, ചെ കൊല്ലപ്പെട്ടു. ഉച്ചയ്ക്ക് 1.10 ആണ് ഫെലിക്സ് റൊഡ്രിഗസ് ചെയുടെ മരണ സമയമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഹെലികോപ്റ്ററിൽ വല്ലെഗ്രാൻഡെയിൽ എത്തിച്ച മൃതദേഹം വിരലടയാളം. ശേഖരിച്ചതിനു ശേഷം എംബാം ചെയ്തു. പിറ്റേന്ന് പോസ്റ്റ്മോർട്ടം നടത്തിയശേഷം വല്ലെഗ്രൻഡെയിൽതന്നെ അടക്കം ചെയ്തു.
സത്യത്തിൽ ചെയുടെ പരാജയത്തിന് പിന്നിലെ യഥാർഥ കാരണം ബൊളീവിയിലെ ജനങ്ങളിൽനിന്നുള്ള നിസ്സഹകരണമായിരുന്നു. എന്നാൽ, അതേ ബൊളീവിയയിൽ ഇന്ന് അവരുടെ പുതിയ തലമുറ ദൈവത്തെപ്പോലെയാണ് ചെ ഗവാരയെ ആരാധിക്കുന്നത്. മൂവ്മെന്റ് ഫോർ സോഷ്യലിസം എന്ന ഇടത് അനുകൂല പാർട്ടി 2005 മുതൽ തുടർച്ചയായി ബൊളീവിയ ഭരിക്കുന്നു. ചെയെ പിടികൂടിയ ക്യാപ്റ്റൻ ഗാരി പ്രാഡോ എന്ന നാഷനൽ ഹീറോയുടെ സംസ്കാരം സർക്കാരിന്റെയോ സൈന്യത്തിന്റെയോ ആദരമില്ലാതെ നടത്തേണ്ടി വന്നതിനു കാരണവും അതുതന്നെ.
English Summary: Remembering the Revolutionary Icon Che Guevara on His 95th Birth Anniversary