ഡൽഹിയിൽ രണ്ടുതരം കാലാവസ്ഥയേ ഉള്ളൂ, കനത്ത ചൂടും കനത്ത തണുപ്പും. ജോലിയിലെ സ്ഥലംമാറ്റത്തെത്തുടർന്ന് ഇക്കഴിഞ്ഞ മേയ് 4ന് കൊച്ചിയിൽനിന്ന് ഡൽഹിയിൽ വിമാനം ഇറങ്ങുന്നതുവരെയും എന്റെ ധാരണയും മറ്റുള്ളവർ പറഞ്ഞുള്ള അറിവും അതുതന്നെയായിരുന്നു. എന്നാൽ, ഞാൻ ഡൽഹിയിൽ എത്തിയ അന്നുമുതൽ ഈ കുറിപ്പെഴുതുന്ന ദിവസം വരെയും ഇവിടെ മഴയ്ക്ക് പൂർണ ശമനം ഉണ്ടായിട്ടില്ല. ഇടവിട്ടിടവിട്ട് മഴ പെയ്തുകൊണ്ടേയിരിക്കുന്നു. ഇത്തരത്തിലുള്ള മഴ ഡൽഹിയിൽ പതിവില്ലാത്തതാണെന്നും നിങ്ങൾ കേരളത്തിൽനിന്ന് കൊണ്ടുവന്ന മഴയാണോ ഇതെന്നും പലരും ചോദിക്കുന്നുമുണ്ട്.

ഡൽഹിയിൽ രണ്ടുതരം കാലാവസ്ഥയേ ഉള്ളൂ, കനത്ത ചൂടും കനത്ത തണുപ്പും. ജോലിയിലെ സ്ഥലംമാറ്റത്തെത്തുടർന്ന് ഇക്കഴിഞ്ഞ മേയ് 4ന് കൊച്ചിയിൽനിന്ന് ഡൽഹിയിൽ വിമാനം ഇറങ്ങുന്നതുവരെയും എന്റെ ധാരണയും മറ്റുള്ളവർ പറഞ്ഞുള്ള അറിവും അതുതന്നെയായിരുന്നു. എന്നാൽ, ഞാൻ ഡൽഹിയിൽ എത്തിയ അന്നുമുതൽ ഈ കുറിപ്പെഴുതുന്ന ദിവസം വരെയും ഇവിടെ മഴയ്ക്ക് പൂർണ ശമനം ഉണ്ടായിട്ടില്ല. ഇടവിട്ടിടവിട്ട് മഴ പെയ്തുകൊണ്ടേയിരിക്കുന്നു. ഇത്തരത്തിലുള്ള മഴ ഡൽഹിയിൽ പതിവില്ലാത്തതാണെന്നും നിങ്ങൾ കേരളത്തിൽനിന്ന് കൊണ്ടുവന്ന മഴയാണോ ഇതെന്നും പലരും ചോദിക്കുന്നുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹിയിൽ രണ്ടുതരം കാലാവസ്ഥയേ ഉള്ളൂ, കനത്ത ചൂടും കനത്ത തണുപ്പും. ജോലിയിലെ സ്ഥലംമാറ്റത്തെത്തുടർന്ന് ഇക്കഴിഞ്ഞ മേയ് 4ന് കൊച്ചിയിൽനിന്ന് ഡൽഹിയിൽ വിമാനം ഇറങ്ങുന്നതുവരെയും എന്റെ ധാരണയും മറ്റുള്ളവർ പറഞ്ഞുള്ള അറിവും അതുതന്നെയായിരുന്നു. എന്നാൽ, ഞാൻ ഡൽഹിയിൽ എത്തിയ അന്നുമുതൽ ഈ കുറിപ്പെഴുതുന്ന ദിവസം വരെയും ഇവിടെ മഴയ്ക്ക് പൂർണ ശമനം ഉണ്ടായിട്ടില്ല. ഇടവിട്ടിടവിട്ട് മഴ പെയ്തുകൊണ്ടേയിരിക്കുന്നു. ഇത്തരത്തിലുള്ള മഴ ഡൽഹിയിൽ പതിവില്ലാത്തതാണെന്നും നിങ്ങൾ കേരളത്തിൽനിന്ന് കൊണ്ടുവന്ന മഴയാണോ ഇതെന്നും പലരും ചോദിക്കുന്നുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രളയത്തിന്റെ ആഘാതത്തില്‍ നിന്നും തിരിച്ച് കയറുന്ന കാഴ്ചകളാണ് ഡൽഹിയിലിപ്പോൾ. സ്ഥലംമാറ്റത്തെത്തുടർന്ന് ഇക്കഴിഞ്ഞ മേയ് 4ന് കൊച്ചിയിൽനിന്ന് ഞാൻ ഡൽഹിയിൽ എത്തിയ അന്നുമുതൽ ഈ കുറിപ്പെഴുതുന്ന ദിവസം വരെയും  ഇടവിട്ടിടവിട്ട് മഴ പെയ്തുകൊണ്ടേയിരിക്കുന്നു. ഇത്തരത്തിലുള്ള മഴ ഡൽഹിയിൽ പതിവില്ലാത്തതാണെന്നും നിങ്ങൾ കേരളത്തിൽനിന്ന് കൊണ്ടുവന്ന മഴയാണോ ഇതെന്നും പലരും ചോദിക്കുന്നുമുണ്ട്.

∙ മഴ തീരെയില്ലാത്ത നാട്ടിൽ കുടയെന്തിന്?

ADVERTISEMENT

2023 ജൂലൈ 7ന് മഴ പതിവിലും കനത്തുതുടങ്ങിയപ്പോള്‍ ഡൽഹിയിൽ എവിടെയും ആഘോഷക്കാഴ്ചകളായിരുന്നു. ഇന്ത്യാ ഗേറ്റ് മുതൽ രാഷ്ട്രപതി ഭവൻ വരെ നീളുന്ന കർത്തവ്യപഥിൽ ആളുകൾ കൂട്ടത്തോടെ മഴ നനഞ്ഞു നടക്കുന്നു. കുടയെടുക്കാൻ താൽപര്യമില്ലാത്തവരാണ് ഡൽഹി ജനത. വർഷത്തിൽ ഏതാനും ദിനം ഏതാനും മിനിറ്റ് മാത്രം പെയ്യുന്ന മഴയ്ക്കായി എന്തിന് കുട വാങ്ങണം? അതെന്തിനു താങ്ങി നടക്കണം? എന്തൊരു അസൗകര്യമുളവാക്കുന്ന വസ്തു... എന്നിങ്ങനെയെല്ലാം ഒരു കൂട പ്രശ്നങ്ങളാണ് ഇവിടുള്ളവർക്ക് പറയാനുള്ളത്. മഴയെങ്കിൽ അത് നനഞ്ഞു പോകുക എന്നതാണ് ഇവിടെയുള്ളവരുടെ സ്റ്റൈൽ. എന്നാല്‍ ഇതിനിടയിലും കുടപിടിച്ചു നടക്കുന്നവരെ കണ്ടാൽ ഏകദേശം ഉറപ്പിക്കാം, അതൊരു മലയാളിയായിരിക്കും.

കനത്ത മഴയിൽ ഡൽഹിയിൽ സുപ്രീം കോടതിക്ക് സമീപത്തെ അടിപ്പാതയിൽ വെള്ളം നിറഞ്ഞപ്പോൾ.

മഴ പിൻമാറാതെ വന്നതോടെ നഗരത്തിൽ പതിയെ വെള്ളക്കെട്ടു രൂപപ്പെട്ടുതുടങ്ങി. ഇതോടെ ആദ്യത്തെ ആഘോഷമൊക്കെ അവസാനിച്ചു. അങ്ങിങ്ങായി റോഡ് ഇടിഞ്ഞു താഴുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തുതുടങ്ങി. ഡൽഹിയിൽ വന്ന് സ്ഥലങ്ങളൊക്കെ പഠിച്ചുകൊണ്ടിരിക്കുന്ന സമയമായതിനാൽ കൊച്ചിയിലേതു പോലെ മഴപെയ്താൽ എവിടെയൊക്കെ വെള്ളം കയറും എന്നൊന്നും ധാരണയില്ലായിരുന്നു. 2018ല്‍ കേരളത്തിലുണ്ടായ മിന്നൽപ്രളയത്തിൽ എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ അപകട ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയതൊക്കെ ഈ സമയത്ത് ഓർത്തെങ്കിലും ഡൽഹിയിൽ അതിന് സമാനമായ ഒരു സാഹചര്യം ഉണ്ടാകാൻ പോകുന്നെന്ന് കരുതിയതേയില്ല.

∙ റീൽസും ആഘോഷവും

കനത്ത മഴയെത്തുടർന്ന് ജൂലൈ 8നുതന്നെ നഗരത്തിലെ അടിപ്പാതകളിൽ പതിയെ വെള്ളം കയറിത്തുടങ്ങിയിരുന്നു. മഴ ശക്തമായതിനാൽത്തന്നെ അടിപ്പാതകളിൽ വെള്ളം കയറുന്നത് സ്വാഭാവികമാണല്ലോ എന്ന ചിന്തയായിരുന്നു അപ്പോഴുണ്ടായിരുന്നത്. എന്നാൽ, അടുത്ത ദിവസവും ഇടവേളകളിൽ ഒളിഞ്ഞും തെളിഞ്ഞും പെയ്ത മഴയിൽ കർത്തവ്യപഥിലെ റോഡും പുൽത്തകിടിയുമെല്ലാം വെള്ളക്കെട്ടിലമർന്നു. അതോടെ അവിടെ വെള്ളക്കെട്ടിൽ ചാടിക്കളിക്കാനും റീൽസ് എടുക്കാനുമെല്ലാം ആളുകളുടെ ബഹളമായി.

ഡൽഹി കർത്തവ്യപഥിലെ വെള്ളക്കെട്ടിൽ കളിക്കുന്ന പെൺകുട്ടികൾ.
ADVERTISEMENT

രാവിലെ താമസ സ്ഥലത്തുനിന്ന് മെട്രോ ട്രെയിനിൽ വരുമ്പോൾ യമുനാനദി കുറുകെ കടക്കേണ്ടതുണ്ട്. മാലിന്യം നിറഞ്ഞു കറുത്ത് ഒഴുകിയിരുന്ന നദി പതിയെ നിറം മാറി കലങ്ങി ഒഴുകിത്തുടങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉച്ചയോടെ പെയ്ത കനത്ത മഴയിൽ, പുതിയ പാർലമെന്റിന് മുന്നിലെ ‘അമൻ സർക്കിളി’നു ചുറ്റും വെള്ളം കയറിയിരിക്കുന്നു. മനോരമ ഓഫിസ് സ്ഥിതി ചെയ്യുന്ന റാഫി മാർഗിലെ ഐഎൻഎസ് ബിൽഡിങ്ങിൽനിന്ന് ഇവിടേക്ക് നടന്നു പോകാവുന്ന ദൂരമേയുള്ളൂ, പക്ഷേ നടപ്പാതയിൽ ഉൾപ്പെടെ വെള്ളം നിറഞ്ഞിരിക്കുന്നു. അതിന്റെ അരികു ചേർന്ന് ഷൂസ് നനയാതെ നടന്നു പോകാൻ പരമാവധി ശ്രമിച്ചു.

പക്ഷേ തിരമാലപോലെ വെള്ളം പറത്തിവിട്ടു വന്ന സിറ്റി സർവീസ് ബസ്, മുട്ടിനുതാഴെയുള്ള ഭാഗമെല്ലാം നനച്ചു. ഇനി രക്ഷയില്ല! ഷൂസ് നനയ്ക്കാതെ നടക്കാൻ നോക്കിയ ഞാനിതാ പാന്റ്സ് ഉൾപ്പെടെ നനഞ്ഞു നിൽക്കുന്നു. പിന്നെ നേരെ വച്ചുപിടിച്ചു അമൻ സർക്കിളിലേക്ക്. പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ സ്ഥലത്തുനിന്ന് കനത്ത ചെളിവെള്ളം ഒഴുകിവരുന്നുണ്ട്. അതിൽ ചവിട്ടേണ്ടെന്നു കരുതി എതിർഭാഗത്തെ റോഡിലേക്കു കടന്നതും റോഡിന്റെ മധ്യഭാഗം താഴേക്ക് ഇരുന്നതുപോലെയൊരു തോന്നൽ. അതുവരെ കാണാത്ത പുതിയൊരു കുഴി അവിടെ രൂപപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ റോഡ് ഇടിഞ്ഞുതാഴ്ന്നതിന്റെ ചിത്രമെടുത്തത് പെട്ടെന്ന് ഓർമയിലെത്തി. അതോടെ വളരെ വേഗം അവിടെനിന്ന് കരകയറി.

റെയ്സീന റോഡിലെ പ്രസ്ക്ലബ് ഓഫ് ഇന്ത്യയുടെ മുൻവശത്തെ റോഡിലൂടെ കയറുന്ന വെള്ളം പിന്നിലെ വാതിലിലൂടെ അടുത്ത റോഡിലേക്ക് പോകുന്നു, സെൻട്രൽ സെക്രട്ടേറിയറ്റ് മെട്രോ സ്റ്റേഷന്റെ മുൻപിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ, മെട്രോയിൽ വന്നിറങ്ങുന്നവർ റോഡിലേക്കിറങ്ങാൻ കഴിയാതെ വിഷമിച്ചു നിൽക്കുന്നു, റാഫി മാർഗിൽ ചെറുമഴ വന്നപ്പോൾ നനയാതിരിക്കാൻ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കയറിനിന്ന ഇരുചക്രവാഹനയാത്രക്കാർ വെള്ളത്തിൽ മുങ്ങിയ സ്കൂട്ടര്‍ ഇനിയെങ്ങനെയെടുക്കും എന്ന ശങ്കയോടെ നിൽക്കുന്നു... അത്തരം മഴക്കാഴ്ചകൾ, ഡൽഹിയുടെ ഏറ്റവും സംരക്ഷിത മേഖലകളിലൊന്നിന്റെ ചിത്രം വിചിത്രമായി മാറ്റിയിരിക്കുന്നു.

∙ നിശ്ചലം ലോഹാ പുൽ!

ADVERTISEMENT

യമുനയുടെ സംഹാരതാണ്ഡവം ഏറെ അടുത്ത് കാണാവുന്നതും വാഹനത്തിലെത്താവുന്നതുമായ സ്ഥലം അന്വേഷിച്ചപ്പോൾ ലഭിച്ചത് ഓൾഡ് യമുനാ ബ്രിജ് എന്ന പേരായിരുന്നു. ‘ലോഹാ പുൽ’ എന്നറിയപ്പെടുന്ന, 1867ൽ ഗതാഗതത്തിനായി തുറന്ന, ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇരുമ്പു പാലം. ഇരുമ്പു ചട്ടക്കിടയിലൂടെ തിങ്ങി ഞെരുങ്ങി നീങ്ങുന്ന വാഹനങ്ങളും മുകളിലൂടെ ട്രെയിനും. അതിനടിയിൽ കുത്തിയൊഴുകുന്ന യമുന. അവിടെ എത്തുമ്പോൾ, വെള്ളം ഉയരുന്ന ഭീതിയിൽ പാലത്തിനടിയിൽ താമസിച്ചിരുന്നവരൊക്കെ അവശ്യസാധനനങ്ങളുമായി സ്ഥലം വിടാനൊരുങ്ങുകയാണ്.

ഇതിനോടു ചേർന്ന് കൊച്ചുകൊച്ചു ക്ഷേത്രങ്ങളുമുണ്ട്. അവയിൽ ചിലതിന്റെ തറയോടുചേർന്ന് വെള്ളം ശക്തമായി ഒഴുകിയെത്തുന്നുണ്ട്. ഐഎസ്ബിടി കശ്മീരി ഗേറ്റ് എന്നറിയപ്പെടുന്ന മെട്രോ സ്റ്റേഷനിലേക്ക് പോകുന്ന ട്രെയിൻ നദിക്ക് കുറുകെ കടക്കുന്ന ദൃശ്യം ഇവിടെനിന്ന് പകർത്താം. ഒപ്പം നദീ മധ്യത്തിൽ ഒരു കൊച്ചു ക്ഷേത്രവും മുങ്ങി നിൽക്കുന്നുണ്ട്. കേരളത്തിലെ പ്രളയത്തിൽ കാലടിയിൽ പെരിയാറിന്റെ മധ്യത്തിലെ കൊച്ചു ക്ഷേത്രം മുങ്ങി നിൽക്കുന്നതും പെരിയാർ ആർത്തലച്ച് ഒഴുകുന്നതുമായ ദൃശ്യം എന്റെ ഓർമയിലേക്ക് ഓടിയെത്തി. ചിത്രമെടുത്ത് ഓഫിസിലെത്തി അടിക്കുറിപ്പ് തയാറാക്കുമ്പോഴേക്കും നദിയിലെ ജലനിരപ്പ് 205.33 മീറ്റർ എന്ന അപകടനിലയ്ക്ക് മുകളിലെത്തിയെന്ന് കേന്ദ്ര ജല കമ്മിഷന്റെ മുന്നറിയിപ്പെത്തി.

∙ ഇടിഞ്ഞു താഴുന്ന റോഡുകൾ

ഇന്ത്യാഗേറ്റിനു സമീപം റോഡ് ഇടിഞ്ഞു താഴ്ന്നു എന്ന സന്ദേശം പിറ്റേന്ന് ഡൽഹിയിലെ ഒരു ഫോട്ടോ ജേണലിസ്റ്റ് അയച്ചു തന്നതിനു പിന്നാലെ അവിടേക്ക് പോകാൻ തീരുമാനിച്ചു. കൊച്ചിയേക്കാൾ അടിത്തറയില്ലാത്ത സ്ഥലമാണോ ഡൽഹിയെന്ന് മനസ്സിൽ കരുതുകയും ചെയ്തു. കാരണം ചതുപ്പിനു മേലെയാണ് കൊച്ചി നഗരം. 2018ലെ പ്രളയത്തിൽ ഓടകൾ നിറഞ്ഞുണ്ടായ പ്രശ്നമല്ലാതെ ഏറെ ദുരിതങ്ങളൊന്നും കൊച്ചി നഗരത്തിനു ബാധിക്കപ്പെട്ടിരുന്നില്ല. എന്നാൽ ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, നെടുമ്പാശേരി, ഏലൂർ, പാതാളം തുടങ്ങിയ മേഖലകളെല്ലാം വെള്ളത്തിനടിയിലാകുകയും ചെയ്തു.

2018ലെ പ്രളയത്തിൽ മുങ്ങിയ നെടുമ്പാശേരി അത്താണി ജംക്‌ഷൻ.

അതുപോലെ തന്നെ ന്യൂഡൽഹിയുടെ പല ഭാഗങ്ങളിലും മഴ കനത്തു പെയ്യുമ്പോഴുണ്ടാകുന്ന വെള്ളക്കെട്ടല്ലാതെ പ്രത്യേകിച്ച് പ്രശ്നങ്ങളില്ല, എന്നാൽ യമുന തൊട്ടുരുമ്മുന്ന ഓൾഡ് ഡൽഹിയിൽ സ്ഥിതി വ്യത്യസ്തമാണ്. റോഡ് താഴ്ന്ന സ്ഥലത്തിനു സമീപം വലിയ ഗതാഗതക്കുരുക്കുണ്ട്. റോഡിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഉടൻതന്നെ പണിയും ആരംഭിച്ചു. നഗരത്തിൽ അപ്പോഴേക്കും മഴയൊഴിഞ്ഞിരുന്നു.

∙ ‘രാഷ്ട്രപതിഭവനു’ മുൻപിൽ കട്ടിലിട്ടു കിടപ്പ്

വൈകുന്നേരമായപ്പോൾ മറ്റൊരു സന്ദേശംകൂടിയെത്തി. ഡൽഹിയിൽ മലയാളികൾ ഏറെ വസിക്കുന്ന സ്ഥലമാണു മയൂർ വിഹാർ. യമുനയിൽ വെള്ളം ഉയർന്നതോടെ നദിയോടു ചേർന്നു താമസിച്ചിരുന്നവരെല്ലാം മയൂർ വിഹാറിലെ മേൽപ്പാലത്തിനടിയിൽ താമസമാക്കിയിരിക്കുന്നു. എന്നാൽ അവിടെയൊന്നു പോയി നോക്കാൻ തീരുമാനിച്ചു. ഗതാഗതക്കുരുക്കുകൾ കടക്കാൻ ഏറ്റവും നല്ല യാത്രാ രീതി മെട്രോ ട്രെയിൻതന്നെയാണ്. മയൂർ വിഹാർ സ്റ്റേഷനിലിറങ്ങിപ്പോഴേ കാണാം പാലത്തിനടിയിൽ താമസക്കാരുടെയും അവരുടെ വളർത്തു മൃഗങ്ങളുടെയുമൊക്കെ ബഹളം.

തലേന്ന് രാത്രി അവരുടെ വീടുകളിൽ വെള്ളം കയറിയതോടെ കിടക്കയും അവശ്യസാധനങ്ങളുമെടുത്ത് ഇവിടേക്കു മാറിയവരാണ് അവർ. ജി20 സമ്മേളനത്തിന്റെ ഭാഗമായി മേൽപാലത്തിലെ തൂണിൽ ഒട്ടേറെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. അതിൽ രാഷ്ട്രപതിഭവന്റെ ചിത്രത്തിനരികെ കട്ടിലിട്ട് അതിന് മുകളിൽ കൊതുകുവല വിരിക്കാനൊരുങ്ങുന്ന അച്ഛന്റെയും മകന്റെയും ചിത്രമാണ് പ്രധാനമായും ഫോക്കസ് ചെയ്തത്. കേരളത്തിൽ സ്കൂളുകളും മറ്റും ദുരിതാശ്വാസ ക്യാംപുകളായി മാറിയ ദൃശ്യത്തിൽനിന്നു വ്യത്യസ്തമായി ഇവിടെ മേൽപ്പാലങ്ങൾ അഭയകേന്ദ്രങ്ങളായി മാറുന്ന കാഴ്ചയായിരുന്നു അത്.

ഡൽഹിയിലെ യമുനാ ബാസാർ പ്രളയത്തിനു ശേഷം.

∙ യമുനാഗട്ടിലെ മലയാളം

അടുത്ത ദിവസം യമുനാ ബാസാർ എന്നറിയപ്പെടുന്ന സ്ഥലത്തെ വീടുകളിൽ വെള്ളം കയറുന്നതായി അറിഞ്ഞു. ഡഹിയിൽ മഴ പെയ്യുന്നില്ലെങ്കിലും നദിയിലെ വെള്ളത്തിന്റെ തോത് കൂടിക്കൊണ്ടിരിക്കുകയാണ്. 40 വർഷത്തെ റെക്കോർഡും തകർത്ത് ജലത്തിന്റെ തോത് ഉയരുന്നു. ഗൂഗിൾ മാപ്പിൽ തിരഞ്ഞ് യമുനാ ബാസാർ കണ്ടെത്തി അവിടെയെത്തുമ്പോൾ പലരും വീട്ടുപകരണങ്ങളുമായി വീടിനു മുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

ഡൽഹിയിൽ യമുനാ ബാസാറിൽ വീടിനു മുകളിൽ കുടുങ്ങിയവർ താൽക്കാലിക പാലമിട്ടു രക്ഷപ്പെടുന്നു. ചുമരില്‍ യമുന ഗട്ട് എന്ന മലയാളത്തിൽ എഴുതിയിരിക്കുന്നതും കാണാം.

ഒരു വീടിന്റെ ഭിത്തിയിൽ മലയാളത്തിൽ ‘യമുന ഗട്ട്’ എന്ന് എഴുതിയിരിക്കുന്നു. അതെന്താണ് അവർ മലയാളികളാണോയെന്ന് അന്വേഷിച്ചു. ഇവിടെ ഒട്ടേറെ മലയാളികൾ പൂജാ കർമങ്ങൾക്കായി എത്താറുണ്ടെന്നും അവരെക്കരുതി എഴുതിയതാണെന്നും പ്രളയ ജലത്തിലൂടെ ബോട്ട് തുഴഞ്ഞെത്തിയ ആൾ പറഞ്ഞു. യമുനയും വീടുകളും ഒരേ നിരപ്പിൽ നിൽക്കുകയാണ്. മുൻപ് ഈ സ്ഥലം കണ്ടിട്ടില്ലാത്തതിനാൽ വെള്ളം കയറുന്നതിന് മുൻപ് ഇവിടം എങ്ങിനെയായിരുന്നു എന്ന് രൂപവുമില്ലതാനും. വീടുകൾക്ക് മുകളിൽനിന്ന് ആളുകൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെയും വീട്ടുപകരണങ്ങൾ മാറ്റുന്നതിന്റെയുമൊക്കെ ചിത്രമെടുത്തു. ഇതിനിടെ എൻഡിആർഎഫ് സംഘവും ഉന്നത ഉദ്യോഗസ്ഥരുമൊക്കെ എത്തിത്തുടങ്ങി.

ഡൽഹി മൊണാസ്ട്രി മാർക്കറ്റിൽ വെള്ളം കയറിയപ്പോൾ.

ഏറെ അകലെയല്ലാതെ മൊണാസ്ട്രി മാർക്കറ്റ് എന്നൊരു സ്ഥലമുണ്ടെന്നും അവിടത്തെ ടിബറ്റൻ മാർക്കറ്റ് മുഴുവൻ വെള്ളത്തിലായെന്നും കേട്ട് അവിടേക്കു പോകാനൊരുങ്ങി. പക്ഷേ വെള്ളം കയറി വഴികളൊക്കെ അടച്ചതോടെ ഗൂഗിൾ മാപ്പ് വട്ടം ചുറ്റിച്ചു. ഒട്ടേറെത്തവണ ഈ സ്ഥലങ്ങളിലെ മേൽപ്പാലങ്ങളിലൂടെ അങ്ങോട്ടുമിങ്ങോട്ടുമെല്ലാം കറങ്ങി അവസാനം മാർക്കറ്റിൽ എത്തി. കഴുത്തൊപ്പം വെള്ളത്തിലൂടെ ഇന്റർനെറ്റ് മോഡമൊക്കെയായി കച്ചവടക്കാർ വരുന്നുണ്ട്. ഇലക്ട്രോണിക് സാധനങ്ങളൊക്കെ ഇതിനുള്ളിലുണ്ടെങ്കിൽ എല്ലാം നശിച്ചിരിക്കുമെന്ന് ഉറപ്പ്.

∙ എൻഡിആർഎഫിന്റെ പശു പിടിത്തം

യമുനയിലെ ജലനിരപ്പ് വീണ്ടും ഉയർന്നുകൊണ്ടേയിരിക്കുന്നു. ഡൽഹിയിൽ മഴയില്ലെങ്കിലും ഹരിയാനയിലെ ഹത്‌നികുണ്ഡ് ഡാം തുറന്നുവിട്ടതോടെ ഇതേ നദിയിലൂടെ ഒഴുകിയെത്തുന്ന വെള്ളം നദീതടത്തിലുള്ളവരെ മുക്കിക്കൊണ്ടിരിക്കുന്നു. പശുക്കൾ പലതും നദിയിലൂടെ ജീവനോടെയും അല്ലാതെയും ഒഴുകുന്നു. രക്ഷാപ്രവർത്തകർ വലിയ ഒഴുക്കില്ലാത്ത സ്ഥലങ്ങളിൽനിന്ന് നാൽക്കാലികളെ രക്ഷിക്കാൻ നോക്കുന്നുണ്ട്. ഓൾഡ് ബ്രിജിനപ്പുറമുള്ള സ്ഥലത്ത് വലിയൊരു ഗോശാലയുണ്ട്. അതിൽ വെള്ളം കയറിയതോടെ നാൽക്കാലികളെ രക്ഷിക്കാൻ വലിയൊരു സംഘമെത്തി.

വെറ്ററിനറി ഡോക്ടർമാരെയും മരുന്നുമൊക്കെ കരയിൽ സജ്ജീകരിച്ചു നിർത്തിയിട്ടുണ്ട്. എൻഡിആർഎഫ് സംഘം ശ്രമകരമായാണ് ബോട്ടിന്റെ അരികിൽ ചേർത്തു പിടിച്ച് നാൽക്കാലികളെ കൊണ്ടുവരുന്നത്. ഇതിനിടെ കുതറിയോടാൻ ശ്രമിക്കുന്ന നാൽക്കാലികളെ പിടിക്കാൻ മറ്റൊരു സംഘവും സ്ഥലത്തുണ്ട്. കരയിലെത്തിച്ചപ്പോൾ പലതും അബോധാവസ്ഥയിലാണ്. അതിന്റെയൊക്കെ ശരീരത്തിൽ അമർത്തി വെള്ളം പുറത്തേക്ക് കളഞ്ഞു തിരിച്ച് ജീവൻ കൊടുക്കുന്നു രക്ഷാപ്രവർത്തകർ. ഓരോ നാൽക്കാലിയും അബോധാവസ്ഥയിൽനിന്ന് ഉണരുമ്പോൾ അവിടെ കൂടി നിന്നവരിൽ നിന്ന് ‘ഗോമാതാ കീ ജയ്’ വിളികളും ഉയരുന്നുണ്ട്.

∙ വെള്ളത്തിൽ വീണ ഡ്രോൺ

ഐഎസ്ബിടിയിലേക്കുള്ള മേൽപ്പാലത്തിൽ പ്രവേശിക്കാനായി സഞ്ചരിച്ച ട്രക്ക് വെള്ളക്കെട്ടിൽപെട്ടു കിടക്കുന്നു. ഇതിനു മുകളിൽ കയറി വെള്ളത്തിലേക്ക് കരണം മറിഞ്ഞ് ആഘോഷിക്കുന്ന യുവാക്കളെയും തിരിച്ചുള്ള യാത്രയിൽ കാണാൻ കഴിഞ്ഞു. ചെങ്കോട്ടയുടെ പുറകുവശം മുഴുവൻ പ്രളയത്തിലമർന്നുകഴിഞ്ഞു. അതുവഴിയുള്ള മഹാത്മാഗാന്ധി മാർഗിലെ ഗതാഗത സംവിധാനം നിയന്ത്രിക്കാനുള്ള കെട്ടിടത്തിന്റെ മേൽക്കൂര മാത്രമേ കാണാനുള്ളൂ.

അതിനു മുകളിൽ ട്രാഫിക് കോണുകളും കട്ടിലുമൊക്കെ കയറ്റിവച്ച് രണ്ടു യുവാക്കൾ ഇരിക്കുന്നു. ചുറ്റും വെള്ളവും ഒരു വശത്ത് ചെങ്കോട്ടയും. ഇതിനിടെ ഒരു ഡ്രോൺ ക്യാമറ എവിടെനിന്നോ പറന്നെത്തി. പൊതുവെ ഡൽഹിയിലാകെ ഡ്രോൺ നിരോധിത മേഖലയാണ്. ഈ സ്ഥലത്തോടു ചേർന്ന് പട്ടാളക്കാരെയും കാണുന്നുണ്ട്. ഇവർ ഡോൺ വെടിവച്ചിടുമോയെന്ന് ശങ്കിച്ചു നിൽക്കുന്നതിനിടെയതാ ചെങ്കോട്ടയുടെ മൂലയിലിടിച്ച് ഡ്രോൺ വെള്ളത്തിലേക്ക് വീഴുന്നു.

വെള്ളത്തിൽ വീണ ഡ്രോൺ വീണ്ടെടുത്ത് വെള്ളക്കെട്ടിലൂടെ നീങ്ങുന്നയാൾ.

ആദ്യമൊന്ന് മുങ്ങിപ്പോയ ശേഷം പിന്നാലെ വെള്ളത്തിനു മുകളിലേക്ക് തിരിച്ചെത്തി കുഞ്ഞൻ ക്യാമറ. ഒരാൾ ഇതു പിടിച്ചെടുക്കാൻ നീന്തി വരുന്നുണ്ട്. ആ ചിത്രവും ക്യാമറയിലാക്കി റെയിൽവേ പാലത്തിന്റെ മറുവശത്തു നോക്കിയപ്പോൾ ഡ്രോണിന്റെ റിമോട്ട് സംവിധാനവുമായി പറത്തിവിട്ടയാൾ അവിടെ നിൽപ്പുണ്ട്. ആകെ അമളി പിണഞ്ഞ ഭാവം. പുള്ളിക്കാരൻ പണം നൽകാമെന്ന് ഉറപ്പു കൊടുത്തു വിട്ടയാളാണ് വെള്ളത്തിൽ ഡ്രോൺ തിരയാൻ പോയിരിക്കുന്നത്. ബാറ്ററി ഊരിമാറ്റി കൊണ്ടുവരാനൊക്കെ കരയിൽ നിന്ന് പറയുന്നുണ്ട്. ഒരു കയ്യിൽ ഡ്രോണും മറുകൈ നീന്താനും ഉപയോഗിക്കുന്നതിനിടയിൽ ഡ്രോണിന്റെ ബാറ്ററി ഊരാനൊന്നും നീന്തൽക്കാരൻ മെനക്കെട്ടില്ല.

∙ ഇനിയും താഴാതെ ഐടിഒ

ഗതാഗതം ഏറെയുള്ളതും സർക്കാർ സ്ഥാപനങ്ങൾ ഏറെയുള്ളതുമായ ഐടിഒ എന്ന സ്ഥലം പ്രളയത്തിൽ മുങ്ങിയിട്ട് ഏറെനാളായി. അവിടെനിന്നുള്ള ദൃശ്യങ്ങളാണ് പ്രധാനമായും വാർത്താ ചാനലുകളിൽ വരുന്നത്. റോഡ് മാർഗവും മെട്രോ മാർഗവും ഏറ്റവും എളുപ്പത്തിൽ പ്രളയ ദുരിത സ്ഥലത്ത് എത്താവുന്ന ഒരിടമായിരുന്നു ഇത്. മുൻപ് ഈ സ്ഥലത്തെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതിനാൽ പിന്നീട് ഇവിടേക്കു പോയിരുന്നില്ല.

ഡൽഹിയിലെ പ്രളയത്തിൽ വെള്ളക്കെട്ടു ഭീഷണിയിൽ ഗതാഗതം തടഞ്ഞിരിക്കുന്ന ഐടിഒ റോഡിലൂടെ എത്തുന്ന വാഹനങ്ങൾ.

മഴ അവസാനിച്ച ശേഷവും ഇവിടുത്തെ വെള്ളക്കെട്ടിനെക്കുറിച്ച് വാർത്തകൾ വന്നുകൊണ്ടിരിക്കുന്നതിനാൽ വീണ്ടും അവിടേക്കു പോകാൻ തീരുമാനിച്ചു. അവിടെ ചെല്ലുമ്പോൾ രാവിലത്തെ പ്രളയദുരിതക്കാഴ്ചകൾ റിപ്പോർട്ട് ചെയ്യാൻ ടെലിവിഷൻ ക്യാമറകൾ ഒട്ടേറെയുണ്ട്. പല റിപ്പോർട്ടർമാരും വെള്ളത്തിൽ മുങ്ങി റിപ്പോർട്ട് ചെയ്ത് പതിയെപ്പതിയെ അസുഖബാധിതരായിക്കഴിഞ്ഞു. പുതുതായി എത്തിയവർ ആവേശപൂർവം വീണ്ടും മാലിന്യം നിറഞ്ഞ, നെഞ്ചൊപ്പം വെള്ളത്തിലിറങ്ങി റിപ്പോർട്ട് ചെയ്യുന്നു.

യമുനാ തീരത്തെ വെള്ളം കയറിയ റോഡിലൂടെ സഞ്ചരിക്കുന്നവർ

മലയാളി ചാനൽ പ്രവർത്തകർ പക്ഷേ ഇതിൽ മാന്യത പാലിക്കുന്നുണ്ട്. വെള്ളത്തിന്റെ കരയിൽനിന്നാണ് അവരുടെ റിപ്പോർട്ടിങ്. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളത്തിൽ ചാടി റിപ്പോർട്ട് ചെയ്ത പലരുടെയും അനുഭവങ്ങളും കേരളത്തിൽ പ്രളയം റിപ്പോർട്ട് ചെയ്തവരുടെ പിന്നീടുണ്ടായ പ്രശ്നങ്ങളുമെല്ലാം അവർ കേട്ടിരിക്കാം. രാവിലെ ഓഫിസിൽ പോകുന്നവരുടെ ദുരിതമടക്കം അവിടെ നിന്നു പകർത്തിയ ശേഷം രാജ്ഘട്ടിൽ ജലം നിറഞ്ഞ സ്ഥലത്തേക്കു പോകാൻ തീരുമാനിച്ചു.

∙ രാജ്ഘട്ടിലെ വണ്ടർലാ

രാജ്ഘട്ടിലേക്കുള്ള വഴി പൊലീസ് അടച്ചിരിക്കുകയാണ്. വഴിയാകെ വെള്ളം നിറഞ്ഞു കിടക്കുന്നു. മഹാത്മാഗാന്ധി മാർഗിലേക്ക് ഒഴുകിയെത്തുന്ന ജലത്തിൽ കളിക്കാൻ എവിടെനിന്നോ വലിയ സംഘം ആളുകൾ എത്തിയിട്ടുണ്ട്. അതിൽ കിടന്ന് ഉരുണ്ടും അലക്കിയും കുളിച്ചുമെല്ലാം അവർ ആഹ്ലാദം പ്രകടിപ്പിക്കുന്നു. കുഞ്ഞു കുട്ടികൾ മുതൽ 80 കടന്നവർ വരെ അക്കൂട്ടത്തിലുണ്ട്. എല്ലാവരും വാട്ടർ തീം പാർക്കിലെത്തിയ മൂഡിലാണ്. പൊലീസ് ഉദ്യോഗസ്ഥർ ഇവരെ ഇടയ്ക്കിടെ വഴക്കുപറഞ്ഞ് ഓടിക്കുന്നുമുണ്ട്. അപ്പോൾ മാറിയാലും പിന്നീട് വീണ്ടും തിരിച്ചെത്തി കളി തുടരുന്നു.

കനത്ത മഴയിൽ വെള്ളം ഉയർന്ന ഡൽഹിയിലെ രാഷ്ട്രപതി ഭവൻ പരിസരം. ചിത്രം: മനോരമ

ഒരു ദിവസംകൂടി കടന്നു പോയതോടെ പതിയെ വെള്ളം താഴ്ന്നു തുടങ്ങി. കേരളത്തിൽ കണ്ടതുപോലെ ഇനി ചെളി കോരലിന്റെയും പാമ്പുപിടിത്തത്തിന്റെയുമൊക്കെ നാളുകളാണ്. പാമ്പ് ഡൽഹിയിൽ പൊതുവെ കുറവാണ്. പക്ഷേ നദിയിലൂടെ ഒഴുകിയെത്തിയവ ഒട്ടേറെയുണ്ടാകുമെന്ന് ഉറപ്പ്. കേരളത്തിലെ പ്രളയത്തിൽ നീന്തിപ്പോകുന്ന ഒട്ടേറെ പാമ്പുകളെ കണ്ടെങ്കിലും ഇവിടെ ഒന്നിനെപ്പോലും കണ്ടിട്ടില്ല. മുൻപു പോയ സ്ഥലങ്ങളിലൊക്കെ പാമ്പിനെപ്പേടിച്ചു ശ്രദ്ധയോടെയാണ് ഓരോ അടിയും വച്ചതുപോലും. വെള്ളത്തിൽ കളിക്കുന്ന കുട്ടികളെയൊക്കെ കണ്ടിട്ട് ഇക്കാര്യം മനസ്സിൽ ഓർത്തെങ്കിലും പൊലീസ് വഴക്കു പറഞ്ഞിട്ടുപോലും വെള്ളത്തിൽനിന്നു കയറാത്ത കുട്ടികൾ എന്റെ വാക്കിൽ കയറില്ലെന്ന് ഉറപ്പ്.

പാമ്പിനെ കണ്ടെന്നുള്ള വാർത്തകളും മാധ്യമങ്ങളിൽ വന്നുതുടങ്ങി. ചെങ്കോട്ടയുടെ പിന്നിലൂടെയുള്ള മഹാത്മാഗാന്ധി മാർഗിൽ വെള്ളം വറ്റിയതോടെ വലിയ ചെളിക്കെട്ടു രൂപപ്പെട്ടു. രണ്ടുദിവസത്തെ വെയിൽ കൂടി അടിച്ചതോടെ ചെളി ഉണങ്ങി പൊടിയുമായി. മുനിസിപ്പൽ ജീവനക്കാർ ചൂലും കോരിയും പലകയും എന്നുവേണ്ട സർവവിധ സംവിധാനങ്ങളുമായി എത്തി. ടാർ റോഡിലെ കട്ടപിടിച്ച ചെളി ഇളക്കാൻ ടാങ്കറിൽ വെള്ളം കൊണ്ടുവന്ന് ചീറ്റിക്കേണ്ടിയും വന്നു.

ഡൽഹി മഹാത്മാഗാന്ധി മാർഗിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നവർ.

∙ പുഴമധ്യേ കുലുങ്ങാതെ

കേരളത്തിലെ പ്രളയത്തിൽ പെരിയാറിലൂടെ ഒഴുകിയെത്തിയ തടിയും ചവറുമെല്ലാം ഇടിച്ച് ആലുവയിൽ നദി രണ്ടായി പിരിയുന്ന സ്ഥലത്തെ ജലദേവത പ്രതിമ ഒടിഞ്ഞു വീണകാര്യം ഇതിനിടെയാണ് ഓർത്തത്. അതുപോലെത്തന്നെ യമുനയുടെ പ്രളയ മധ്യത്തിൽ നിന്നിരുന്ന ഡൽഹി കശ്മീരി ഗേറ്റിനു സമീപത്തെ കൊച്ചു ക്ഷേത്രത്തിന്റെ സ്ഥിതി ഇപ്പോൾ എന്തായിക്കാണും എന്നറിയാനായി അവിടേക്കും പോയി. ആലുവയിൽ പ്രതിമയ്ക്കു പിന്നിൽ റെയിൽവേ പാലമാണെങ്കിൽ ഇവിടെ മെട്രോ പാതയാണ് എന്ന വ്യത്യാസമേയുള്ളൂ. ഒഴുകി വന്നിടിച്ച ചപ്പുചവറുകളെയെല്ലാം പ്രതിരോധിച്ചു ക്ഷേത്രത്തിന്റെ മുകൾ ഭാഗം മാത്രം വെള്ളത്തിനു മുകളിൽ കാണാം. അപ്പോഴും നദി കലങ്ങി ഭീകരരൂപിണിയായിത്തന്നെ ഒഴുകുന്നു.

ഡൽഹി ഐഎസ്ബിടിക്കു സമീപം നിറഞ്ഞൊഴുകുന്ന യമുനാ നദിയിൽ ഉയർന്നു നിൽക്കുന്ന ക്ഷേത്രം.
ആലുവയിൽ പ്രളയകാലത്ത് പെരിയാർ നിറഞ്ഞൊഴുകി മുങ്ങിയ അമ്പലവും പാലവും.

∙ ജീവിതം തിരികെ പിടിക്കാൻ

യമുനാ ബാസാറിനു സമീപം വെള്ളം കയറിയ വീടുകളിലും സ്ഥലങ്ങളിലുമെല്ലാം ശുചീകരണം നടക്കുകയാണ്. പലരും ചെളി കോരുന്ന തിരക്കിലാണ്. വെള്ളത്തിനടിയിൽ ദിവസങ്ങളായി മുങ്ങിക്കിടന്ന സൈക്കിൾ റിക്ഷകളിൽ ചെളി നിറഞ്ഞിരിക്കുന്നു. അവയിൽ തെരുവു നായ്ക്കൾ വിശ്രമിക്കുന്നു. ഇലക്ട്രിക് റിക്ഷകൾ കഴുകിയെടുത്ത് ശരിയാക്കാനുള്ള ശ്രമത്തിലാണ് പലരും. പ്രളയ തോത് രേഖപ്പെടുത്തിയിരിക്കുന്ന ഓൾഡ് യമുന ബ്രിജിനടിയിലെ വെള്ളം താഴ്ന്നിരിക്കുന്നു. പാലത്തിനടിയിൽ കഴിഞ്ഞിരുന്നവർ തിരിച്ചെത്തി വീണ്ടും ജീവിതം തുടങ്ങാൻ ശ്രമിക്കുന്നു. എവിടെയും പ്രളയം അവശേഷിപ്പിച്ച തൊങ്ങലുകൾ തൂങ്ങി നിൽക്കുന്നു.

യമുനാ നദിയുടെ പാലത്തിനടിയിൽ താമസിച്ചിരുന്നവർ പ്രളയശേഷം തിരിച്ചെത്തിയപ്പോൾ.

∙ മേൽപ്പാലത്തിലെ ജീവിതങ്ങൾ

മയൂർ വിഹാർ മേഖലയിൽ ഇനിയും പ്രളയജലം ഇറങ്ങിയിട്ടില്ല. അവിടെ മേൽപ്പാലങ്ങളിലും അതിനടിയിലുമെല്ലാം കഴിയുന്നവർ അവിടെത്തന്നെ തുടരുന്നു. മഴ മാറി ദിവസങ്ങളായെങ്കിലും നദിയിലെ ജലനിരപ്പ് വീണ്ടും അപകട നിലയ്ക്കു മുകളിൽ വരികയും താഴുകയുമെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു.

യമുനാ നദിയോടു ചേർന്നുള്ള കൊച്ചു കൂരകളിലേക്കു മടങ്ങാൻ ഇനിയും പലർക്കുമായിട്ടില്ല. ചിലർ നീന്തിയെത്തി വീട്ടിലെ സാധനങ്ങളെടുത്ത് കഴുകി ഉണക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടെ മുനിസിപ്പൽ ജീവനക്കാർ ഫോഗിങ്ങിനായെത്തി. പൊതുവെ വായു മലിനീകരണത്തിന്റെ തോത് വളരെക്കൂടുതലായിട്ടുള്ള ഡൽഹിയിൽ ഇനി ജല മലിനീകരണത്തിന്റെ ദുരിതങ്ങള്‍ക്കൂടി അനുഭവിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ജനം. ഈ ആശങ്കകൾക്ക് തടയിടാൻ പല പദ്ധതികളും നടപ്പാക്കാനുള്ള പരിശ്രമത്തിലാണ് ഉദ്യോഗസ്ഥർ.

മുനിസിപ്പൽ ജീവനക്കാരൻ ഫോഗിങ് നടത്താൻ ഓൾഡ് ഡൽഹിയിലെ വീടുകളുടെ പരിസരത്ത് എത്തിയപ്പോൾ.

English Summary: Yamuna Flows Above Danger Mark: Unexpected Flood in Delhi- Picture Story