ആനകൾ എങ്ങനെയാണ് കാൻസർ പ്രതിരോധിക്കുന്നത്? ആനകളുടെ കാൻസർ പ്രതിരോധം മനുഷ്യരിൽ കാൻസർ ചികിത്സയിൽ പ്രയോജനപ്പെടുമോ? അടുത്ത കാലത്ത് ശാസ്ത്ര ലോകത്തിനു മുന്നിൽ വന്നതാണ് ഈ ചോദ്യങ്ങൾ. അതിനുള്ള ഉത്തരം തേടാനുള്ള ശ്രമം ശാസ്ത്ര ലോകം ആരംഭിച്ചു കഴിഞ്ഞു. മനുഷ്യനും പ്രതീക്ഷ നൽകുകയാണ് ആനകൾ. ആയുർദൈർഘ്യത്തിൽ

ആനകൾ എങ്ങനെയാണ് കാൻസർ പ്രതിരോധിക്കുന്നത്? ആനകളുടെ കാൻസർ പ്രതിരോധം മനുഷ്യരിൽ കാൻസർ ചികിത്സയിൽ പ്രയോജനപ്പെടുമോ? അടുത്ത കാലത്ത് ശാസ്ത്ര ലോകത്തിനു മുന്നിൽ വന്നതാണ് ഈ ചോദ്യങ്ങൾ. അതിനുള്ള ഉത്തരം തേടാനുള്ള ശ്രമം ശാസ്ത്ര ലോകം ആരംഭിച്ചു കഴിഞ്ഞു. മനുഷ്യനും പ്രതീക്ഷ നൽകുകയാണ് ആനകൾ. ആയുർദൈർഘ്യത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആനകൾ എങ്ങനെയാണ് കാൻസർ പ്രതിരോധിക്കുന്നത്? ആനകളുടെ കാൻസർ പ്രതിരോധം മനുഷ്യരിൽ കാൻസർ ചികിത്സയിൽ പ്രയോജനപ്പെടുമോ? അടുത്ത കാലത്ത് ശാസ്ത്ര ലോകത്തിനു മുന്നിൽ വന്നതാണ് ഈ ചോദ്യങ്ങൾ. അതിനുള്ള ഉത്തരം തേടാനുള്ള ശ്രമം ശാസ്ത്ര ലോകം ആരംഭിച്ചു കഴിഞ്ഞു. മനുഷ്യനും പ്രതീക്ഷ നൽകുകയാണ് ആനകൾ. ആയുർദൈർഘ്യത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആനകൾ എങ്ങനെയാണ് കാൻസർ പ്രതിരോധിക്കുന്നത്? ആനകളുടെ കാൻസർ പ്രതിരോധം മനുഷ്യരിലെ കാൻസർ ചികിത്സയിൽ പ്രയോജനപ്പെടുമോ? അടുത്തകാലത്ത് ശാസ്ത്രലോകത്തിനു മുന്നിൽ വന്നതാണ് ഈ ചോദ്യങ്ങൾ. അതിനുള്ള ഉത്തരം തേടാനുള്ള ശ്രമം ശാസ്ത്രലോകം ആരംഭിച്ചു കഴിഞ്ഞു. മനുഷ്യനും പ്രതീക്ഷ നൽകുകയാണ് ആനകൾ. ആയുർദൈർഘ്യത്തിൽ മനുഷ്യനൊപ്പം നിൽക്കുന്ന ആനകൾക്ക് കാൻസർ വരില്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. മനുഷ്യരേക്കാൾ ഇരട്ടി വലിപ്പവും കോശങ്ങളുമുള്ള ആനകൾ എങ്ങനെയാണ് കാൻസറിനെ പ്രതിരോധിക്കുന്നത്. ഐസിഎംആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) നടത്തിയ പഠനങ്ങൾ പ്രകാരം ഇന്ത്യയിലെ ഒൻപതിൽ ഒരാൾക്ക് കാൻസർ ബാധിക്കുമെന്നാണ്. ഭക്ഷണശീലവും ജീവിതശൈലിയുമാണോ ഇതിനു പിന്നിൽ, അതോ മറ്റെന്തെങ്കിലും ജനിതക പ്രത്യേകതകളാണോ?

ആനകളുടെ ജീവിതരീതിയിൽ എന്തൊക്കെയാണ് പ്രത്യേകതകൾ? മൂന്നാറിൽ വിലസുന്ന പടയപ്പയെന്ന കൊമ്പൻ വീട് തകർത്ത് അരി എടുത്ത് കഴിച്ചത് ഏതാനും ആഴ്ചകൾക്ക് മുൻപാണ്. കാട്ടിലെ പച്ചിലയും പഴങ്ങളും കഴിച്ചു ജീവിക്കുന്ന കാട്ടാനകൾ എന്തുകൊണ്ടാണ് അരി തേടി വരുന്നത്? അരിക്കായി റേഷൻകട പൊളിക്കുന്ന അരിക്കൊമ്പനെങ്ങനെയാണ് അരിയോട് ഇത്രക്കിഷ്ടം വന്നത്? ഭക്ഷണശീലത്തിൽ വരുന്ന മാറ്റങ്ങൾ ഇവയെ അക്രമാസക്തരാക്കുമോ? ഇത്തരം ഭക്ഷണങ്ങൾ ആനകൾക്ക് ദഹിക്കുമോ? നോക്കാം ചില ആനക്കാര്യങ്ങൾ...

മാങ്കുളം ആനക്കുളത്ത് കാട്ടിൽനിന്നു കാട്ടാനക്കൂട്ടം ഓരുവെള്ളം കുടിക്കാനായി ഇറങ്ങിവരുന്നു. ചിത്രം∙ മനോരമ
ADVERTISEMENT

∙ കാൻസറും പേടിക്കും ഈ കൊലകൊമ്പനെ!

ഏതൊരു ജീവിക്കും ആവാസവ്യവസ്ഥയുമായി പൊരുത്തപ്പെടാനും രോഗങ്ങളിൽ നിന്ന് രക്ഷനേടാനും പ്രകൃതിതന്നെ ഒരുക്കുന്ന ഒട്ടേറെ രക്ഷാകവചങ്ങളുണ്ട്. മനുഷ്യരേക്കാൾ എത്രയോ ഇരട്ടി കോശങ്ങളുള്ള ആനകൾക്ക് കാൻസർ വരാനുള്ള സാധ്യത വളരെ വിരളമാണ്. അതിനു കാരണം ആനകളിൽ കാണുന്ന ഒരു പ്രത്യേക ജീനിന്റെ സാന്നിധ്യമാണ്. പി53 (ടിപി 53) എന്ന പ്രോട്ടീൻ ആനകളെ കാൻസറിൽ നിന്നും രക്ഷിക്കുന്നു. ‘ട്യൂമർ സപ്രസർ’ എന്നും ആനകളിലെ ‘സോമ്പി ജീനെ’ന്നും ഇതിനെ വിളിക്കുന്നു. ശരീരത്തിലെ കോശങ്ങൾ രൂപാന്തരം പ്രാപിച്ച് അനിയന്ത്രിതമായി വിഭജിക്കപ്പെട്ടു മുഴയായി മാറുന്നതാണ് കാൻസർ. ശരീരത്തിലെ ട്യൂമറുകളെ ഇല്ലാതാക്കുകയാണ് പി53 എന്ന പ്രോട്ടീന്റെ പ്രാഥമിക ജോലി. മനുഷ്യരുൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങളിലും ഈ പ്രോട്ടീന്റെ സാന്നിധ്യമുണ്ട്. ജനിതക പ്രശ്നങ്ങളില്ലാത്ത ഒരു മനുഷ്യനിൽ പി53 പ്രോട്ടീന്റെ രണ്ടു കോപ്പികളാണ് ഉള്ളത്.

നാട്ടിലെ തടി, കാട്ടിലെ ആന, വലിയെടാ വലി: തൃശൂർ പാലപ്പിള്ളി പുതുക്കാട് എസ്‌റ്റേറ്റിലെ 89–ാം ഫീൽഡ് റബർ തോട്ടത്തിൽ തീറ്റ തേടി ഇറങ്ങിയ കാട്ടാന റബർ മരത്തിന്റെ വേരു വലിച്ചെടുക്കുന്നു. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ

എന്നാൽ ആനയിൽ ഇവയുടെ നാൽപതോളം കോപ്പികൾ ഉള്ളതായി പഠനങ്ങൾ പറയുന്നു. കോശങ്ങളിൽ സ്ഥിതി ചെയ്യുന്ന പി53 ഡിഎൻഎയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിലെ കോശങ്ങൾ വിഭജിക്കപ്പെടുമ്പോൾ അവയിൽ ചിലതിന് തകരാറുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. ഇങ്ങനെ തകരാർ സംഭവിക്കുന്ന ഡിഎൻഎയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും, കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയെ തടഞ്ഞ് സുഗമമായ പ്രവർത്തനത്തിന് വഴിയൊരുക്കുകയുമാണ് ജനിതകഘടനയുടെ കാവൽക്കാരനായ പി53 ചെയ്യുന്നത്. കോശങ്ങൾക്ക് മ്യൂട്ടേഷൻ സംഭവിച്ച് അവ വിഭജിക്കാൻ തുടങ്ങുന്നതോടെ പി53 പ്രോട്ടീൻ പ്രവർത്തനം തുടങ്ങുന്നു. എന്നാൽ ഇവയ്ക്ക് പരിഹരിക്കാനാകാത്ത തകരാറുകൾ ഉള്ള ഡിഎൻഎ വന്നാൽ എന്തു ചെയ്യും? ഇത്തരം സന്ദർഭങ്ങളിൽ പി53 കാൻസർ കോശങ്ങൾക്ക് സ്വമേധയാ നശിക്കാനുള്ള നിർദേശം നൽകുന്നു. ഈ നിർണായക ഇടപെടലാണ് മനുഷ്യരുൾപ്പെടെയുള്ള ജീവജാലങ്ങളെ കാൻസറിൽ നിന്ന് രക്ഷിക്കുന്നത്.

അരിക്കൊമ്പൻ. ഫോട്ടോ: റെജു അർനോൾഡ് ∙ മനോരമ

∙ ആനകളെ കണ്ടു പഠിക്കണോ, എന്താണ് സ്വയം പ്രതിരോധിക്കുന്ന കോശങ്ങൾ?

ADVERTISEMENT

ശരീരത്തിലെ ഏതെങ്കിലും കോശങ്ങൾക്ക് മ്യൂട്ടേഷൻ സംഭവിക്കുകയും പി53 പ്രോട്ടീന്റെ ഇടപെടൽ പരാജയപ്പെടുകയും ചെയ്യുമ്പോഴാണ് കാൻസർ പിടിപെടുന്നത്. അതിനാലാണ് ഇവയെ ട്യൂമർ സപ്രസർ എന്ന് വിളിക്കുന്നത്. കാൻസർ പ്രതിരോധത്തിന്റെ പോരാളികളായ ഈ ജീനുകൾ മനുഷ്യരിൽ രണ്ടെണ്ണം മാത്രമാണുള്ളത്. ആനകളിൽ നാൽപതും! ഇതു തന്നെയാണ് ആ രഹസ്യവും. ചിക്കാഗോ സർവകലാശാലയിൽ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ 2015ലാണ് ആനകളിലെ പി53ന്റെ ഇരട്ട സാന്നിധ്യം കണ്ടെത്തുന്നത്. അടുത്തിടെ ഫ്രാൻസിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ റിസർച്ചിലെ മോളിക്യൂലർ ഓങ്കോളജിസ്റ്റായ റോബിൻ ഫറസ് നടത്തിയ മോളിക്യൂലർ ബയോളജി ആൻഡ് റിസർച്ചിലാണ് പുതിയ കണ്ടെത്തൽ. കോശങ്ങൾ സ്വയം സംരക്ഷിക്കുന്നതു സംബന്ധിച്ച പഠനങ്ങൾക്ക് ഈ കണ്ടെത്തൽ ആവേഗം പകരുമെന്നാണ് റോബിൻ ഫറസിന്റെ അഭിപ്രായം.

കുളിച്ചുകുട്ടപ്പനായി!! ചക്കക്കൊമ്പൻ പെരിയകനാലിനു സമീപം ആനയിറങ്കൽ ജലാശയക്കരയിൽ. ചിത്രം : റിജോ ജോസഫ് ∙ മനോരമ

അതേ സമയം ആനകളിലെ ചികിത്സ സംബന്ധിച്ച കണ്ടെത്തൽ മനുഷ്യരിലെ കാൻസർ പ്രതിരോധിക്കുന്നതിന് സഹായമാകുമെന്ന് ഫോക്സ് ചേസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ വൈറോളജിസ്റ്റായ വിർജീനീയ പിയേഴ്സൻ പറയുന്നു. കേരളത്തിലെ ആനകളിൽ കാൻസറുണ്ടോ? പൊതുവേ കുറവാണെന്ന് പാലോട് അനിമൽ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ബയളജിക്കൽസിലെ ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ ഡോ.ആർ.നന്ദകുമാർ പറയുന്നു. ‘‘ഇതുവരെ 50 ൽ ഏറെ ആനകളുടെ പോസ്റ്റ്മോർട്ടം നടത്തിയിട്ടുണ്ട്. കാന്‍സർ ലക്ഷണങ്ങൾ കണ്ടിട്ടില്ലെന്നു പറയാം. അതേ സമയം പശുവിനും നായ്ക്കൾക്കും കാൻസർ കാണുന്നുണ്ട്. കീമോ തെറാപ്പി പോലുള്ള ചികിത്സകളും നൽകാറുണ്ട്.’’ ഡോ. നന്ദകുമാർ പറഞ്ഞു.

അതിരപ്പിളളി പ്ലാന്റേഷൻ കോർപറേഷന്റെ എണ്ണപ്പനത്തോട്ടത്തിൽ ഇന്നലെ രാവിലെ മേയുന്ന തുമ്പിയറ്റ കാട്ടാനക്കുട്ടിയും സംഘവും. മറ്റൊരു ആനക്കുട്ടിയും കൂട്ടത്തിലുണ്ട്. ബാബു അതിരപ്പിള്ളി എടുത്ത ചിത്രം.

∙ അരിയും പനമ്പട്ടയുമൊക്കെ ആനക്കിഷ്ടമാണോ?

കാട്ടാന നാട്ടാനയാകുന്നതോടെ കാൻസർ പ്രതിരോധിക്കാനുള്ള കഴിവ് കുറയുമോ? അടുത്ത ചോദ്യം ഇതാണ്. വന്യജീവിയായ ആനയെ നാട്ടാനകളും കുങ്കിയുമൊക്കെയാക്കി മാറ്റുന്നതോടെ അവയ്ക്കായി പ്രത്യേക പോഷക‌ഭക്ഷണവും ജീവിതക്രമവും നിശ്ചയിക്കപ്പെടുന്നു. കാട്ടിൽ നിന്ന് മരത്തിന്റെ പൾപ്പ്, പഴങ്ങൾ, പച്ചിലകൾ, വേര്, ചെറിയ സസ്യങ്ങൾ എന്നിവയുൾപ്പെടെ കഴിക്കുന്ന ആനകൾ ശർക്കരയും മറ്റു പോഷകങ്ങളും കൂട്ടിക്കുഴച്ചുണ്ടാക്കുന്ന ഭക്ഷണക്രമവുമായി എങ്ങനെ പൊരുത്തപ്പെടുമെന്ന് ചിന്തിച്ചിട്ടുണ്ടോ. മനുഷ്യരിൽ നിന്നും ഏറെ വ്യത്യസ്തമാണ് മൃഗങ്ങളുടെ ദഹനവ്യവസ്ഥ. ആന ഉൾപ്പെടെയുള്ള മൃഗങ്ങൾ അവ ജീവിക്കുന്ന ചുറ്റുപാടുകളിൽ ലഭ്യമായ ഭക്ഷണങ്ങളുമായി പെട്ടെന്ന് പൊരുത്തപ്പെടും. ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ പുതിയ ഭക്ഷണക്രമവുമായി ആനകൾ പൊരുത്തപ്പെടുമെന്നാണ് വിദഗ്ധർ പറയുന്നത്. അരി കഴിക്കുമ്പോൾ അനുഭവപ്പെടുന്ന ചെറിയ മധുരവും ചവയ്ക്കാനുള്ള ഇഷ്ടവുമൊക്കെയാണ് ആനകളെ അരിയിലേക്ക് ആകർഷിക്കുന്നത്. എന്നാൽ അരിക്കൊമ്പനാണെങ്കിൽ പോലും അരി മാത്രം കഴിച്ചല്ല ജീവിക്കുന്നത്. അരി കഴിക്കാൻ തോന്നുമ്പോൾ ഇടയ്ക്ക് വന്നു കഴിക്കുന്നുവെന്നു മാത്രം. 140 കിലോ മുതൽ 160 കിലോ ഭക്ഷണം വരെയാണ് കാട്ടാന ഒരു ദിവസം കഴിക്കുന്നത്.

ധോണി കോർമയിലെ തേക്കിൻ തോട്ടത്തിൽ നിന്നും പി.ടി.ഏഴാമനെ ലോറിയിൽ ഫോറസ്‌റ്റ് ക്യാംപിലേക്കു കൊണ്ടുപോകുന്നു. ചിത്രം: മനോരമ
ADVERTISEMENT

പ്രതിദിനം 70 ലീറ്ററോളം വെള്ളവും കുടിക്കണം. പ്രായപൂർത്തിയായ ആനയ്ക്ക് ഇതിലേറെ വേണ്ടിവരും. അതായത് ഒരു കൊമ്പൻ ദിവസവും പത്ത് മണിക്കൂറിലേറെ ഭക്ഷണം കഴിക്കാനായി മാത്രം ചെലവഴിക്കുന്നുവെന്നു സാരം. എന്നാൽ നാട്ടാനകളെ ബാധിക്കുന്ന വലിയൊരു പ്രശ്നമാണ് ‘എരണ്ടകെട്ട്’ എന്ന അസുഖം. എരണ്ടകെട്ട് കാരണം ഒട്ടേറെ നാട്ടാനകൾ അകാലമരണത്തിന് കീഴടങ്ങുന്നുണ്ട്. കേരളത്തിലെ പേരുകേട്ട പല കൊമ്പൻമാരും എരണ്ടകെട്ട് ബാധിച്ച് ചെരിഞ്ഞിട്ടുണ്ട്. ആനകൾ കഴിക്കുന്ന ഭക്ഷണം ദഹിക്കാതെ വൻകുടലിലും ചെറുകുടലിലും കെട്ടിക്കിടക്കുന്ന അവസ്ഥയാണ് എരണ്ടകെട്ട്. എരണ്ടകെട്ട് വരാൻ പല കാരണങ്ങളാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഒന്ന് ആനകളെ മണിക്കൂറുകളോളം നിർത്തുന്നത്. കാട്ടിൽ ജീവിക്കുമ്പോൾ നിരന്തരം നടന്നും നൂറിലേറെ വിവിധ സസ്യങ്ങൾ കഴിച്ചും ജീവിക്കുന്ന ആനകൾക്ക് പനംപട്ട മാത്രം കൊടുക്കുന്നതും എരണ്ടകെട്ടിന് കാരണമാകുന്നു. കൂടാതെ വ്യായാമം ഇല്ലാത്തതും വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുന്നുണ്ട്. മണിക്കൂറുകളോളം ചങ്ങലക്കിടുന്നതും മറ്റൊരു സ്ഥലത്തേക്ക് ലോറിയിൽ കൊണ്ടുപോകുമ്പോഴുമെല്ലാം ആനയ്ക്ക് വ്യായാമം ലഭിക്കാനുള്ള അവസരവും നഷ്ടമാകുന്നു. ഇതെല്ലാം എരണ്ടകെട്ടെന്ന മഹാവ്യാധിക്കു കാരണമാകുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ചർമം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല... കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലെ അന്തേവാസിയായ കേരളത്തിലെ തന്നെ ഏറ്റവും പ്രായം ചെന്ന ആന സോമൻ . 78 വയസ്സുണ്ട് സോമന്

∙ മലയാളം അറിയുന്ന കൊമ്പൻ?

മറ്റ് മൃഗങ്ങൾക്ക് കാൻസർ വരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ആനകൾക്ക് മാത്രമെന്താണ് പ്രത്യേകത? മനുഷ്യൻ പറയുന്ന ഭാഷ മനസ്സിലാക്കാൻ ആനയ്ക്ക് കഴിയും. നല്ല ബുദ്ധിയുള്ളവരെ ആനത്തല എന്നു നാം പറയാറുണ്ട്. എന്താണ് ആനത്തലയുടെ പിന്നിൽ. ആനയ്ക്ക് മലയാളം അറിയുമോ? പാപ്പാൻമാർ എന്തുപറഞ്ഞാലും ആന കേൾക്കും. അത് ഇരിക്കാനായാലും കൊലകൊമ്പൻമാരെ മെരുക്കാനായാൽ പോലും അനുസരണക്കേട് കാണിക്കില്ല. ഇത് ആനയ്ക്ക് മലയാളത്തിലുള്ള അക്ഷരാഭ്യാസ്യം കൊണ്ടല്ല. മറിച്ച് പരിശീലനത്തിന്റെ ഭാഗമായി അവ സ്വായത്തമാക്കിയെടുക്കുന്നതാണ്. പാപ്പാൻമാർ പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ ശൈലിയും വേഗവും ആംഗ്യചലനങ്ങളുമെല്ലാം ഗ്രഹിച്ചാണ് ആജ്ഞകൾ അനുസരിക്കുന്നത്. അബദ്ധത്തിൽ ചെയ്യുന്ന കാര്യങ്ങളിൽ നിന്നാണ് അവയുടെ ഗുണഫലങ്ങൾ ആന പഠിച്ചെടുക്കുന്നത്. സ്വായത്തമാക്കിയ മാർഗം പിന്നീട് ആനകൾ ജീവിതത്തിൽ പ്രാവർത്തികമാക്കും. ഉദാരണത്തിന് ഇലക്ട്രിക് ഫെൻസിങ് മുറിച്ചു കടക്കാൻ തെങ്ങ് മറിച്ചിട്ട് മുകളിലൂടെ കടന്നുപോകുന്ന ആനകൾക്ക് ഇങ്ങനെയൊരു അറിവ് ലഭിക്കുന്നത് അനുഭവത്തിലൂടെയായിരിക്കും. ഫെൻസിങ് തട്ടി ഷോക്കേറ്റ ആന, ഏതെങ്കിലും അവസരത്തിൽ മരമോ കമ്പോ വീണ് തകർന്ന ഫെൻസിങ് മുറിച്ചുകടന്നിട്ടുണ്ടാകാം.

മുത്തങ്ങയില്‍ നിന്നു ചിന്നക്കനാലിലെത്തിച്ച കുങ്കിയാനകള്‍. ചിത്രം : മനോരമ

അല്ലെങ്കിൽ മറ്റ് ആനകളുടെ പ്രവൃത്തികൾ കണ്ടു പഠിച്ചിട്ടുമാകാം. ഇതുപോലെത്തന്നെയാണ് കുങ്കി ഓപറേഷനിൽ പങ്കെടുക്കുന്നവയുടെ കാര്യവും. പാപ്പാൻമാരുമായി വലിയ ആത്മബന്ധമുള്ളവയും പരസ്പരസൗഹൃദമുള്ള കുങ്കികളെയും ഉൾപ്പെടുത്തിയാണ് കാട്ടാനകളെ വരുതിയിലാക്കുന്നത്. സാധാരണ നിലയിൽ കൊമ്പൻമാർ തമ്മിൽ ഒരിക്കലും പരസ്പരസൗഹൃദമുണ്ടാകില്ല. പരിശീലന കാലം മുതലേ കാണുകയും പരിചയിക്കുകയും ചെയ്യുന്ന ആനകളെയാണ് കുങ്കി ഓപറേഷനിൽ പങ്കെടുപ്പിക്കുന്നത്. സ്വന്തം വർഗത്തിൽപ്പെട്ടവയെ തന്നെ കുഴിയിൽ ചാടിക്കാൻ കുങ്കികൾ എങ്ങനെ തയാറാകുന്നുവെന്ന സംശയം പലർക്കുമുണ്ടാകും. എന്നാൽ കടുത്ത പരിശീലനത്തിലൂടെ കടന്നുവന്ന കുങ്കികൾ പാപ്പാന്റെ ആജ്ഞ ആനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. ക്രമസമാധാനപ്രശ്നമുണ്ടാകുമ്പോൾ പൊലീസ് ലാത്തിച്ചാർജ് നടത്തി ആൾക്കൂട്ടത്തെ ഓടിക്കുന്നതു പോലെ തന്നെ! ഇത്രയും കാലം ആനകൾ പാപ്പാൻ പറയുന്നത് കേട്ടു ജീവിച്ചു. ഇനി നമുക്ക് ആനകൾ പറയുന്നതു കേട്ടു ജീവിക്കേണ്ടി വരുമോ?

English Summary : How Elephants Prevent Cancer - Explained