‘എനിക്ക് പക്വതയില്ലെന്നു പ്രചരിപ്പിച്ചു, സഹതാപ വോട്ട് നേടാനാണ് ശ്രമമെന്നും; അച്ഛന്റെ സ്വപ്നങ്ങൾ പൂർത്തിയാക്കണം’
2023 മേയ് 5, അന്നൊരു വെള്ളിയാഴ്ചയായിരുന്നു. മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷനിൽ (മാസ്കോം) പഠിച്ചിരുന്ന എനിക്ക് രാവിലെ തന്നെ അച്ഛന്റെ ഫോൺ കോൾ വന്നു. വൈകിട്ട് കോട്ടയത്തു വരാമെന്നും വീട്ടിലേക്കു ഒന്നിച്ചു പോകാമെന്നും പറഞ്ഞായിരുന്നു ആ വിളി. എന്നാൽ, വൈകിട്ട് എന്നെ തേടിയെത്തിയത് അച്ഛന്റെ മരണ വാർത്തയായിരുന്നു. ഒരുതരത്തിലും എനിക്കത് ഉൾകൊള്ളാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.
2023 മേയ് 5, അന്നൊരു വെള്ളിയാഴ്ചയായിരുന്നു. മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷനിൽ (മാസ്കോം) പഠിച്ചിരുന്ന എനിക്ക് രാവിലെ തന്നെ അച്ഛന്റെ ഫോൺ കോൾ വന്നു. വൈകിട്ട് കോട്ടയത്തു വരാമെന്നും വീട്ടിലേക്കു ഒന്നിച്ചു പോകാമെന്നും പറഞ്ഞായിരുന്നു ആ വിളി. എന്നാൽ, വൈകിട്ട് എന്നെ തേടിയെത്തിയത് അച്ഛന്റെ മരണ വാർത്തയായിരുന്നു. ഒരുതരത്തിലും എനിക്കത് ഉൾകൊള്ളാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.
2023 മേയ് 5, അന്നൊരു വെള്ളിയാഴ്ചയായിരുന്നു. മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷനിൽ (മാസ്കോം) പഠിച്ചിരുന്ന എനിക്ക് രാവിലെ തന്നെ അച്ഛന്റെ ഫോൺ കോൾ വന്നു. വൈകിട്ട് കോട്ടയത്തു വരാമെന്നും വീട്ടിലേക്കു ഒന്നിച്ചു പോകാമെന്നും പറഞ്ഞായിരുന്നു ആ വിളി. എന്നാൽ, വൈകിട്ട് എന്നെ തേടിയെത്തിയത് അച്ഛന്റെ മരണ വാർത്തയായിരുന്നു. ഒരുതരത്തിലും എനിക്കത് ഉൾകൊള്ളാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.
2023 മേയ് 5, അന്നൊരു വെള്ളിയാഴ്ചയായിരുന്നു. മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷനിൽ (മാസ്കോം) വിദ്യാർഥിനി ആയിരുന്ന എനിക്ക് രാവിലെ തന്നെ അച്ഛന്റെ ഫോൺ കോൾ വന്നു. വൈകിട്ട് കോട്ടയത്തു വരാമെന്നും വീട്ടിലേക്കു ഒന്നിച്ചു പോകാമെന്നും പറഞ്ഞായിരുന്നു ആ വിളി. എന്നാൽ, വൈകുന്നേരം അച്ഛന്റെ വരവുകാത്തിരുന്ന എന്നെ തേടിയെത്തിയത് അദ്ദേഹത്തിന്റെ മരണ വാർത്തയായിരുന്നു.
ഒരുതരത്തിലും എനിക്ക് ഉൾകൊള്ളാൻ പോലും കഴിയുന്നതായിരുന്നില്ല ആ വാർത്ത. ഉറ്റസുഹൃത്തുക്കളെ പോലെയായിരുന്നു ഞാനും അച്ഛനും. ഏകമകളായിരുന്നതിനാൽ തന്നെ എന്തും തുറന്ന് സംസാരിക്കാൻ കഴിയുന്ന അടുപ്പം ഞങ്ങൾക്കിടയിലുണ്ടായിരുന്നു.
അച്ഛൻ കേബിൾ ടിവി ഓപ്പറേറ്റർ ആയിരുന്നു. അമ്മ കളമശ്ശേരി നഗരസഭയിലെ ജീവനക്കാരിയും. ജനസേവന പ്രവർത്തനങ്ങൾക്ക് മുന്നിട്ടു നിൽക്കുന്നതിനിടയിലും വീട്ടുകാര്യങ്ങളിൽ അച്ഛൻ ഒരു കുറവും വരുത്തിയിരുന്നില്ല. എന്നെയും അമ്മയേയും വീട്ടുകാര്യങ്ങളുടെ പ്രയാസങ്ങൾ ഒന്നും അറിയിച്ചിരുന്നുമില്ല.
അതിനാൽ തന്നെ അച്ഛന്റെ പെട്ടെന്നുള്ള വിയോഗം ഞങ്ങളെ വല്ലാണ്ട് തളർത്തിക്കളഞ്ഞു. ഇനി എങ്ങനെ മുന്നോട്ടു പോകുമെന്നറിയാതെ പകച്ചുപോയ നിമിഷങ്ങളായിരുന്നു അത്. ഏറ്റവും തകർന്നു പോയത് അമ്മയാണ്. അതോടെ കുടുംബത്തിന്റെ ചുമതല മുഴുവനായി എന്റെ മേലിൽ വന്നു.
ജേണലിസം പഠനം പൂർത്തിയാക്കി ഇന്റേൺഷിപ്പ് ചെയ്യുന്നതിനിടെയാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കണം എന്ന ആവശ്യവുമായി പാർട്ടി പ്രവർത്തകർ എന്നെ സമീപിച്ചത്. അതുവരെയും രാഷ്ട്രീയമായി ഒരു ബന്ധവും ഇല്ലാത്ത ആളായിരുന്നു ഞാൻ. അതിനാൽ തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോട് അനുകൂല നിലപാടെടുക്കാൻ എനിക്കാദ്യം സാധിച്ചില്ല.
അച്ഛൻ പഞ്ചായത്തംഗം ആയിരുന്നപ്പോൾ റോഡ് ആസ്തിയിൽ ചേർക്കുന്നത്, സാക്ഷ്യപത്രം എഴുതുന്നത് തുടങ്ങി കൊച്ചു കൊച്ചു കാര്യങ്ങളിൽ ഞാൻ സഹായിച്ചിരുന്നു. തിരഞ്ഞെടുപ്പും പഞ്ചായത്ത് ഭരണവും മറ്റുമായി എനിക്ക് ആകെ ഉണ്ടായിരുന്ന അനുഭവം അതുമാത്രമായിരുന്നു.
എന്നാൽ, ജീവിച്ചിരുന്നപ്പോൾ അച്ഛനുവേണ്ടി ഒന്നും ചെയ്യാൻ സാധിച്ചില്ല. മരണശേഷമെങ്കിലും അച്ഛൻ ചെയ്യാൻ ബാക്കിവച്ച കാര്യങ്ങൾ എന്നിലൂടെ പൂർത്തിയാക്കണമെന്ന ആഗ്രഹം മനസ്സിൽ ശക്തമായി. ആ തോന്നലാണ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനുള്ള തീരുമാനത്തിലേക്ക് എന്നെ വഴി നയിച്ചത്.
∙ അച്ഛൻ മത്സരിച്ചപ്പോൾ കിട്ടിയതിനേക്കാൾ ഭൂരിപക്ഷം ലഭിച്ചു, അത് അദ്ദേഹത്തിനുള്ള അംഗീകാരമാണ്
ഞങ്ങൾ താമസിക്കുന്നത് വടക്കേക്കര പഞ്ചായത്തിലെ 13–ാം വാർഡിലാണ്. എന്നാൽ ഞാൻ സ്ഥാനാർഥിയായതും ഇപ്പോൾ ജനപ്രതിനിധി ആയിരിക്കുന്നതും 11–ാം വാർഡിലാണ്. വോട്ടർമാരെ നേരിട്ട് പരിചയമില്ലാതിരുന്നത് വലിയ വെല്ലുവിളി ആയിരുന്നു. 400ന് അടുത്ത് കുടുംബങ്ങളാണ് 11–ാം വാർഡിലുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഓരോ വീട്ടിലും 5 തവണ വീതം കയറിയിറങ്ങിയാണ് ആളുകളുമായി നല്ല ബന്ധം സ്ഥാപിക്കാനായത്.
ഓരോ വീട്ടിലേക്കും ചെല്ലുമ്പോഴാണ് ആളുകളുടെ ഇടയിൽ അച്ഛന് എത്രത്തോളം സ്വീകാര്യത ഉണ്ടായിരുന്നെന്നും അവർക്ക് ഓരോരുത്തർക്കും അച്ഛൻ എത്രത്തോളം സഹായം ചെയ്തിട്ടുണ്ടെന്നും മനസിലാക്കാൻ സാധിച്ചത്. അച്ഛനോടുള്ള പോലെ തന്നെയായിരുന്നു എന്നോടും ആളുകളുടെ സമീപനം. അതിന്റെ തെളിവെന്നപോലെയാണ് അച്ഛന് ലഭിച്ചതിനേക്കാൾ 71 വോട്ട് കൂടുതൽ നൽകി എന്നെ വിജയിപ്പിച്ചത്. അച്ഛന് 157 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നിടത്ത് എനിക്ക് 228 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.
മുൻപ് വർഷങ്ങളോളം എൽഡിഎഫ് ഭരിച്ചിരുന്ന വാർഡ് ആയതിനാൽ പ്രചാരണ പ്രവർത്തനങ്ങൾ എളുപ്പമായിരുന്നില്ല. നല്ല രീതിയിൽ പോരാടിയാണ് വിജയം ഉറപ്പിച്ചത്. ഏറ്റവും കൂടുതൽ പിന്തുണയും സഹായവും ആത്മവിശ്വാസവും നൽകിയത് കോൺഗ്രസ് പ്രവർത്തകരാണ്. 5 സംഘങ്ങളായി തിരിഞ്ഞായിരുന്നു പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.
സമീപ പഞ്ചായത്തുകളിൽ നിന്നുവരെ ജനപ്രതിനിധികൾ പങ്കെടുത്തിരുന്നു. വീട്ടുകാരും കൂടെത്തന്നെ ഉണ്ടായിരുന്നു. മുൻപൊരിക്കലും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കാളിയായിട്ടില്ലാത്തതിനാൽ തന്നെ എനിക്ക് ഇതെല്ലാം പുതിയ അനുഭവങ്ങളായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടുതൽ ആവേശം നൽകി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, വി.എം.സുധീരൻ, ഉമാ തോമസ് എംഎൽഎ എന്നിവരും പ്രചാരണത്തിന് എത്തിയിരുന്നു.
∙ പ്രസംഗിക്കാൻ അറിയില്ല, പറയാനുള്ളത് തുറന്നു പറയും
തീർത്തും അപ്രതീക്ഷിതമായ കാര്യങ്ങളാണ് ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഏറെ വെല്ലുവിളികളുണ്ട്. മുന്നോട്ടുള്ള യാത്രയിൽ അച്ഛനെ മാതൃകയാക്കി പ്രവർത്തിക്കാനാണ് ആഗ്രഹം. അച്ഛന്റെ വികസന സ്വപ്നങ്ങളും പദ്ധതികളും പൂർത്തിയാക്കണം. പ്രചാരണത്തിന്റെ ഭാഗമായി പലതവണ ചുറ്റി സഞ്ചരിച്ചതിനാൽ വാർഡിനെപ്പറ്റി നന്നായി മനസ്സിലാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. അത് മുന്‍നിർത്തിയാകും തുടർന്നുള്ള 2 വർഷങ്ങളിലെ പ്രവർത്തനം.
തിരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നുവന്ന ആദ്യ നാളുകളിൽ ഏറ്റവും പ്രയാസം നേരിട്ടത് ജനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിലായിരുന്നു. 21 വയസ്സ് മാത്രം പ്രായമുള്ള, പക്വത ഉണ്ടാകാൻ സാധ്യതയില്ലാത്ത ഒരു കുട്ടിയെന്ന നിലയിലാണ് കൂടുതൽ ആളുകളും എന്നെ പരിഗണിച്ചത്. എന്നാൽ, അവരോട് കൂടുതൽ അടുത്തിടപഴകാൻ തുടങ്ങിയതോടെ ആ അഭിപ്രായങ്ങളൊക്കെ മാറ്റിയെടുക്കാൻ എനിക്ക് സാധിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ഞാൻ നടത്തിയ പ്രസംഗങ്ങൾ അവർ സ്വീകരിച്ചു. എന്റെ ആശയങ്ങളും കാഴ്ചപ്പാടുകളും ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചതോടെയാണ് കാര്യങ്ങൾ എനിക്ക് അനുകൂലമായി തുടങ്ങിയത്. ഒരു വേദിയിലും ഞാൻ മുൻകൂട്ടി പഠിച്ചുവന്ന് പ്രസംഗിച്ചിട്ടില്ല. എനിക്ക് നാട്ടുകാരോട് പറയാനുള്ള കാര്യങ്ങൾ സമയോജിതമായി പറയുകയാണുണ്ടായത്.
അതിനാൽ തന്നെ എന്റെ വാക്കുകളിലെ സത്യം അവർക്ക് വളരെ എളുപ്പം ഉൾക്കൊള്ളാനായെന്നാണ് എന്റെ വിശ്വാസം. ആളുകളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിയോടെ സംസാരിക്കാൻ തുടങ്ങിയപ്പോൾ അവർക്ക് എന്നിലുള്ള വിശ്വാസം വർധിച്ചു. ഇതിന്റെ പരിണിത ഫലമായി കൂടുതൽ സൗഹൃദങ്ങളും അതുവഴി കൂടുതൽ വോട്ടുകളും എനിക്ക് ലഭിക്കുകയും ചെയ്തു.
ഓരോരുത്തരുടെയും ആവശ്യങ്ങൾ വ്യത്യസ്തമാണ്. അവ മനസ്സിലാക്കി, പഞ്ചായത്തിൽ നിന്ന് അവർക്ക് ലഭിക്കേണ്ട അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാൻ ഒപ്പം നിൽക്കുക എന്നതാണ് ഇനി എന്റെ ലക്ഷ്യം. വോട്ടിലൂടെ എനിക്ക് തന്ന അംഗീകാരത്തിനും അവർ എന്നിൽ വച്ചിരിക്കുന്ന വിശ്വാസത്തിനും കോട്ടം തട്ടാതെ മുന്നോട്ടു കൊണ്ടുപോകാൻ എന്റെ കഴിവിന്റെ പരമാവധി ഞാൻ പരിശ്രമിക്കും.
∙ ജനങ്ങളുടെ വിശ്വാസം കാക്കണം, അവരിൽ ഒരാളാകണം
തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് വന്നതോടെ ജീവിത ശൈലി ആകെ മാറിമറിഞ്ഞു. രാവിലെ 5ന് ഉണർന്നാൽ 6ന് തന്നെ പ്രചാരണം ആരംഭിച്ചിരുന്നു. 10 മണിവരെ അത് തുടരും. പിന്നീട് ഉച്ചകഴിഞ്ഞ് 3ന് പുനരാരംഭിക്കുന്ന പ്രചാരണം 7 മണിവരെ നീളുമായിരുന്നു. ഭക്ഷണക്രമം മാറി മറഞ്ഞതോടെ ശരീരഭാരവും നന്നായി കുറഞ്ഞു.
പത്രപ്രവർത്തന മേഖലയിൽ തിളങ്ങണം എന്നായിരുന്നു സ്വപ്നം. എന്നാൽ, താൽക്കാലം അത് മാറ്റിവച്ചിരിക്കുന്നു. വരുന്ന 2 വർഷം ആത്മസംതൃപ്തിയോടെ ജനസേവനം നടത്താനായാൽ, ഈ മേഖലയിൽ തന്നെ തുടരുന്നതിനെപ്പറ്റിയും ഞാൻ ആലോചിക്കുന്നുണ്ട്.
രാഷ്ട്രീയത്തിലേക്ക് വരുന്നതിനെപ്പറ്റി ഒരിക്കൽ പോലും ഞാൻ ചിന്തിച്ചിരുന്നില്ല. എന്നാൽ, കാലം കരുതിവച്ച വിധിയും തുടർന്ന് എന്നെ സ്നേഹിക്കുന്ന വോട്ടർമാരുടെ ജനവിധിയും എന്നെ രാഷ്ട്രീയത്തിലേക്ക് ഇറക്കി. ഇനി ഇവിടെ കഴിയുന്നതിന്റെ പരമാവധി കാര്യങ്ങൾ ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം.
228 വോട്ടിന്റെ ഭൂരിപക്ഷം എനിക്ക് തരുന്ന ഊർജം ചെറുതല്ല. നിലവിൽ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധി എന്ന വിലാസവും എനിക്ക് ഇരട്ടി മധുരം നൽകുന്നു. ഇതേ പ്രായക്കുറവ് തന്നെയാണ് തിരഞ്ഞെടുപ്പിൽ എന്റെ എതിർ പക്ഷത്തുള്ളവർ ഏറ്റവും വലിയ ആയുധമാക്കിയിരുന്നത്.
അച്ഛന്റെ മരണത്തിന്റെ പേരിലുള്ള സഹതാപ വോട്ട് നേടാനാണ് എന്റെ ശ്രമമെന്നും അവർ പ്രചരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, അതിനെയെല്ലാം സംയമനത്തോടെ നേരിടാൻ സാധിച്ചു. അത് വോട്ടർമാർക്ക് ബോധ്യപ്പെടുകയും ചെയ്തു എന്നതിൽ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്.
English Summary: Electoral Experiences of Nikhitha Jobi, The Youngest Panchayat Member in Kerala