‘ആർ.പ്രഗ്നാനന്ദയ്ക്ക് ചെസ് ലോകകപ്പ് വിജയം..’, ചെസ് ലോകകപ്പ് ഫൈനൽ വേദിയിൽനിന്ന് ആ സന്തോഷവാർത്തയ്ക്കായി ഇന്ത്യ മുഴുവൻ കാത്തിരിക്കുകയാണ്. അസർബൈജാനിലെ ബാക്കുവിൽ ഇന്ത്യൻ താരം ആർ.പ്രഗ്നാനന്ദയും നോർവേ താരം മാഗ്നസ് കാൾസനും തമ്മിലുള്ള പോരാട്ടം മുറുകുമ്പോൾ സമ്മർദമേറുന്നത് മുഴുവൻ ഇന്ത്യക്കാരുടെയും മനസ്സിലാണ്.

‘ആർ.പ്രഗ്നാനന്ദയ്ക്ക് ചെസ് ലോകകപ്പ് വിജയം..’, ചെസ് ലോകകപ്പ് ഫൈനൽ വേദിയിൽനിന്ന് ആ സന്തോഷവാർത്തയ്ക്കായി ഇന്ത്യ മുഴുവൻ കാത്തിരിക്കുകയാണ്. അസർബൈജാനിലെ ബാക്കുവിൽ ഇന്ത്യൻ താരം ആർ.പ്രഗ്നാനന്ദയും നോർവേ താരം മാഗ്നസ് കാൾസനും തമ്മിലുള്ള പോരാട്ടം മുറുകുമ്പോൾ സമ്മർദമേറുന്നത് മുഴുവൻ ഇന്ത്യക്കാരുടെയും മനസ്സിലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ആർ.പ്രഗ്നാനന്ദയ്ക്ക് ചെസ് ലോകകപ്പ് വിജയം..’, ചെസ് ലോകകപ്പ് ഫൈനൽ വേദിയിൽനിന്ന് ആ സന്തോഷവാർത്തയ്ക്കായി ഇന്ത്യ മുഴുവൻ കാത്തിരിക്കുകയാണ്. അസർബൈജാനിലെ ബാക്കുവിൽ ഇന്ത്യൻ താരം ആർ.പ്രഗ്നാനന്ദയും നോർവേ താരം മാഗ്നസ് കാൾസനും തമ്മിലുള്ള പോരാട്ടം മുറുകുമ്പോൾ സമ്മർദമേറുന്നത് മുഴുവൻ ഇന്ത്യക്കാരുടെയും മനസ്സിലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ആർ.പ്രഗ്നാനന്ദയ്ക്ക് ചെസ് ലോകകപ്പ് വിജയം..’, ചെസ് ലോകകപ്പ് ഫൈനൽ വേദിയിൽനിന്ന് ആ സന്തോഷവാർത്തയ്ക്കായി ഇന്ത്യ മുഴുവൻ കാത്തിരിക്കുകയാണ്. അസർബൈജാനിലെ ബാക്കുവിൽ ഇന്ത്യൻ താരം ആർ.പ്രഗ്നാനന്ദയും നോർവേ താരം മാഗ്നസ് കാൾസനും തമ്മിലുള്ള പോരാട്ടം മുറുകുമ്പോൾ സമ്മർദമേറുന്നത് മുഴുവൻ ഇന്ത്യക്കാരുടെയും മനസ്സിലാണ്. ചെസ് സാമ്രാജ്യത്തിലെ അദ്ഭുതരാജകുമാരൻ ആർ.പ്രഗ്നാനന്ദയുടെ ശിരസ്സിലേക്ക് ലോകകപ്പ് കിരീടം ചേർത്തുവയ്ക്കുന്ന സുന്ദരനിമിഷം കാണാൻ കണ്ണിമയ്ക്കാതെ കാത്തിരിക്കുന്ന ആയിരമായിരം ആരാധകർക്കുപിന്നിൽ, വെള്ളിവെളിച്ചങ്ങളോടെ ഫ്ലാഷ് ലൈറ്റടിക്കുന്ന നൂറുനൂറു ക്യാമറകൾക്കു പിന്നിൽ, ഇത്തിരി കണ്ണീരിന്റെ നനവോടെ കാഴ്ചയിടറി ഇമചിമ്മാതെ നോക്കിനിൽക്കുന്നുണ്ട് രണ്ട് അമ്മക്കണ്ണുകൾ. 

∙ നാൻ പെറ്റ മകനേ... 

ADVERTISEMENT

ചെസ് ലോകകപ്പിലെ ഏറ്റവും ഹൃദ്യമായ കാഴ്ചകളിലൊന്നായിരുന്നു പ്രഗ്നാനന്ദ എതിരാളികളെ നേരിടുമ്പോൾ വത്സല്യത്തോടെ, മാതൃവായ്പോടെ ദൂരെനിന്ന് നോക്കിനിൽക്കുന്ന അമ്മ നാഗലക്ഷ്മിയുടെ ചിത്രം. മകൻ പത്രമാധ്യമങ്ങളോടു സംസാരിക്കുമ്പോഴും ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുമ്പോഴും ആ അമ്മക്കണ്ണുകൾ അവനെ തൊട്ടുഴിഞ്ഞുകൊണ്ടേയിരുന്നു. നാഗലക്ഷ്മിക്ക് ചെസ് കളി അത്ര പരിചയമില്ല. കറുപ്പും വെളുപ്പും കളങ്ങൾക്കിടയിലെ കാലാൾപ്പടയുടെ കടന്നേറ്റത്തിന്റെ കുതന്ത്രങ്ങളറിയില്ല. കുതിരപ്പടയാളികളുടെ കുളമ്പടികളറിയില്ല. കോട്ടകൾ കെട്ടി പ്രതിരോധം തീർത്ത് എതിരാളിയെ തറപറ്റിക്കുന്ന ചതുരംഗക്കളിയുടെ രഹസ്യങ്ങളറിയില്ല; എങ്കിലും ഒന്നു മാത്രമറിയാം; കളത്തിൽ നിലയുറപ്പിച്ചിരിക്കുന്നത് തന്റെ മകനാണ്. നാൻ പെറ്റ അരുമയാർന്ന ആൺകൊളന്ത.. എൻ ഉയിർ... ലോകം മുഴുവൻ പ്രഗ്ഗയെന്ന ചെസ് കളിക്കാരനെ ഉറ്റുനോക്കുമ്പോൾ നാഗലക്ഷ്മിയുടെ കണ്ണുകളിൽ പ്രഗ്ഗ ഇപ്പോഴും തന്റെ ചിന്നക്കൊളന്ത. അവനു വേണ്ടി ഉലകം ചുറ്റാനും അവന്റെ വിജയത്തിനും വേണ്ടി ഉയിർ പകരം കൊടുക്കാനും തയാറായി പ്രാർഥനാപൂർവം അമ്മ നാഗലക്ഷ്മിയുള്ളപ്പോൾ പ്രഗ്ഗ എന്തിന് പതറണം? 

പ്രഗ്നാനന്ദയുടെ കുടുംബം. അമ്മ നാഗലക്ഷ്‍മി, സഹോദരി വൈശാലി, അച്ഛൻ രമേഷ് ബാബു (ഫയൽ ചിത്രം)

പോളിയോ ബാധിച്ച അച്ഛൻ രമേഷ് ബാബുവിന് കൂടെ വരാൻ കഴിയാത്തതിനാൽ അമ്മയാണ് പ്രഗ്ഗയ്ക്ക് എപ്പോഴും കൂട്ട്. ‘പ്രഗ്ഗ മിടുക്കനാണ്. ഈ നേട്ടങ്ങൾക്കെല്ലാം പിന്നിൽ വർഷങ്ങളുടെ അധ്വാനമുണ്ട്. പക്ഷേ, ആദ്യം നന്ദി പറയേണ്ടത് അവന്റെ അമ്മയോടാണ്. അവളാണ്, നിഴൽപോലെ കൂടെ നിന്ന് അവനുവേണ്ട എല്ലാ പിന്തുണയും നൽകുന്നത്’, പ്രഗ്നാനന്ദയുടെ അച്ഛൻ രമേഷ് ബാബുവിന്റെ വാക്കുകളിൽനിന്നു വായിച്ചെടുക്കാം നാഗലക്ഷ്മി മകനു നൽകുന്ന കരുത്തും കരുതലും. ഇതിനിടെ മുൻ ലോകചാംപ്യൻ റഷ്യയുടെ ഗാരി കാസ്പറോവും പ്രഗ്ഗയുടെ അമ്മയ്ക്ക് അഭിനന്ദനവുമായി രംഗത്തുവന്നു. ‘പ്രഗ്നാനന്ദയുടെ പ്രകടനത്തിൽ വലിയ സന്തോഷമുണ്ട്. അമ്മ നൽകുന്ന കരുത്തും കരുതലുമാണ് ഈ വിജയക്കുതിപ്പിന് പ്രഗ്ഗയെ സഹായിക്കുന്നത്. പ്രഗ്നാനന്ദയെ പോലെ അവന്റെ അമ്മയും കയ്യടി അർഹിക്കുന്നു. എല്ലാ ടൂർണമെന്റുകൾക്കും അമ്മ ഒപ്പമുണ്ടെങ്കിൽ ആ സാന്നിധ്യം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഈ സ്പെഷൽ സപ്പോർട്ട് എന്നും തുടരട്ടെ’, എന്നാണ് കാസ്പറോവ് സമൂഹമാധ്യമമായ എക്സിൽ (മുൻ ട്വിറ്റർ) കുറിച്ചത്. 

∙ ലോകം ഉറ്റുനോക്കുന്ന തമിഴ് ബാലൻ 

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാൻഡ്മാസ്റ്റർ പദവിയിലേക്ക് ചെന്നൈ സ്വദേശി രമേഷ് ബാബു പ്രഗ്നാനന്ദയുടെ കടന്നുവരവ് കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് സംഭവിച്ചത്. ഇന്ന് ലോകചാംപ്യൻ മാഗ്നസ് കാൾസനെ തുടരെ തോൽപിക്കുന്ന അദ്ഭുതബാലനായാണ് പ്രഗ്നാനന്ദ അറിയപ്പെടുന്നത്. എഫ്ടിഎസ് ക്രിപ്റ്റോകപ്പ് ചെസ് ടൂർണമെന്റിൽ 16 പോയിന്റുമായി കാൾസൻ കിരീടം ചൂടിയപ്പോൾ 15 പോയിന്റുമായി പ്രഗ്നാനന്ദ രണ്ടാം സ്ഥാനത്തെത്തി. ‘എനിക്കുപോന്ന എതിരാളികൾ ഇല്ലാത്തതിനാൽ ഞാൻ കളി മതിയാക്കുന്നു’ എന്നു പറഞ്ഞ കാൾസന്റെ അമിത ആത്മവിശ്വാസത്തിനേറ്റ അടികൂടിയായിരുന്നു പ്രഗ്നാനന്ദയുടെ പ്രകടനം. അടുത്ത വിശ്വനാഥൻ ആനന്ദ് എന്നു വിശേഷിപ്പിക്കുന്നവരോട് തനിക്ക് ആദ്യത്തെ പ്രഗ്നാനന്ദ ആയാൽ മതിയെന്നു പറ‍ഞ്ഞ് അവൻ യാത്ര തുടരുകയാണ്, ലോക ചെസ് ചാംപ്യൻഷിപ്പുകളുടെ നെറുകയിലേക്ക്. 

കാലടിയിൽ ശങ്കര പുരസ്‌ക്കാരം സ്വീകരിച്ച ശേഷം പ്രഗ്‌നാനന്ദ വിജയ മുദ്രയുമായി. ചിത്രമെടുക്കുന്നതു കൗതുകത്തോടെ നോക്കുന്ന സഹോദരി വൈശാലി അമ്മ നാഗ ലക്ഷ്മി എന്നിവർ. ശങ്കര പുരസ്‌കാരം സ്വീകരിച്ച ശേഷം പ്രഗ്‌നാനന്ദ പ്രസംഗിക്കുന്നു ( ചിത്രങ്ങൾ: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ)
ADVERTISEMENT

2022 ഫെബ്രുവരിയിൽ എയർതിങ്സ് മാസ്റ്റേഴ്സ് റാപിഡ് ടൂർണമെന്റിൽ ലോക ചാംപ്യൻ മാഗ്നസ് കാൾസനെ അട്ടിമറിച്ചതോടെയാണ് ലോകശ്രദ്ധ മുഴുവൻ ഈ തമിഴ് ബാലനിലേക്കു തിരിഞ്ഞത്. ഈ ടൂർണമെന്റിൽ പങ്കെടുക്കാൻ വരുമ്പോൾ ടൂർണമെന്റ് ജയിക്കുക എന്നതിനെക്കാൾ ഉപരി താൻ കൗതുകത്തോടെ നോക്കിക്കണ്ട ചെസ് സൂപ്പർ താരങ്ങൾക്കൊപ്പം മത്സരിക്കാൻ അവസരം ലഭിക്കുന്നതിലെ സന്തോഷമായിരുന്നു പ്രഗ്നാനന്ദയ്ക്ക് ഉണ്ടായിരുന്നത്. ടൂർണമെന്റിലെ കറുത്ത കുതിരയായി പ്രഗ്നാനന്ദ മാറുമെന്ന് ആരും കരുതിയിരുന്നില്ല. ആദ്യ 4 മത്സരങ്ങളിൽ 3 തോൽവിയും ഒരു സമനിലയുമായി തുടങ്ങി, പോയിന്റ് പട്ടികയിൽ അവസാനത്തേക്കു തള്ളപ്പെട്ട പ്രഗ്നാനന്ദയ്ക്ക് ടൂർണമെന്റിൽ ജയിക്കാനുള്ള വിദൂര സാധ്യതപോലും കൽപിച്ചിരുന്നില്ല. എന്നാൽ 39 നീക്കങ്ങൾക്കുള്ളിൽ കാൾസനെ തോൽപിച്ച് നടത്തിയ ആ രാജകീയ തിരിച്ചുവരവാണ് ചെസ് സാമ്രാജ്യത്തിൽ കാലുറപ്പിക്കാൻ പ്രഗ്ഗയ്ക്ക് അവസരം നൽകിയത്. 

∙ കാൾസനുപോലും ‘കാലിടറി’ 

കൃത്യം ഒരു വർഷം മുൻപ് 2022 ഓഗസ്റ്റിലായിരുന്നു യുഎസിലെ മയാമിയിൽ എഫ്ടിഎക്സ് ക്രിപ്റ്റോകപ്പിന്റെ അവസാന റൗണ്ടിൽ പ്രഗ്നാനന്ദ ചെസ് ചാംപ്യൻ മാഗ്നസ് കാൾസനെ നേരിട്ടത്. ചെന്നൈയിൽനിന്നു സഹോദരി സന്ദേശം അയച്ചിരുന്നു – ‘കാൾസനെ തോൽപിക്കണം’. ഏഴാം റൗണ്ടിൽ ആദ്യ 2 കളികൾ സമനിലയായെങ്കിലും മൂന്നാം കളി വിജയിച്ച് മത്സരവിജയത്തിലേക്ക് അടുത്തിരിക്കുകയായിരുന്നു മാഗ്നസ് അപ്പോൾ. എന്നാൽ, കളി വിട്ടുകൊടുക്കാൻ പ്രഗ്നാനന്ദയ്ക്കു മനസ്സില്ല. മുന്നിലിരിക്കുന്നത് ഏതു ലോകചാംപ്യനാണെങ്കിലും പ്രഗ്ഗയ്ക്ക് ടെൻഷനില്ല. കൂൾ കൂളായി കരുക്കൾ നീക്കും. എതിരാളി ഒരുക്കുന്ന കെണികളെ അനായാസം മറികടക്കും; അതാണ് ശൈലി. കൂടാതെ  ചേച്ചിക്കു നൽകിയ വാക്കു പാലിക്കണമെന്ന വാശിയുമുണ്ട് മനസ്സിൽ. 

യുറഗ്വായുടെ മേയർ ജോർജിനെതിരെയുള്ള മത്സരത്തിനിടെ നോർവേയുടെ ലോക ചെസ് ചാംപ്യൻ മാഗ്‌നസ് കാൾസൻ. മത്സരം കാൾസൻ ജയിച്ചു. (ഫയൽ ചിത്രം: ജെ.സുരേഷ് ∙ മനോരമ)

പതിവു ഭസ്മക്കുറിയണിഞ്ഞ്, ആലോചിച്ചുറപ്പിച്ച് അവസാന കളിക്കുമുമ്പുള്ള ഇടവേള. കളി സമനിലയാക്കാനുള്ള കാൾസന്റെ ശ്രമങ്ങൾക്ക് കൃത്യമായി തടയിട്ടു പ്രഗ്നാനന്ദ. അവസാന നിമിഷങ്ങളിൽ കാൾസന് ഒരവസരവും നൽകാതെ അട്ടിമറിച്ച് ടൈബ്രേക്കറിലേക്ക്. തുടർന്നു നടന്ന 2 അതിവേഗ കളികളിലും കാൾസനെ തകർത്ത് ഹാട്രിക് വിജയവും മാച്ച് പോയിന്റും. ലോക ചെസ് ചാംപ്യൻ തുടർച്ചയായ കളികളിൽ ഒരേ എതിരാളിയോടു തോൽവി വഴങ്ങിയത് ഒരു പക്ഷേ, ചരിത്രത്തിൽത്തന്നെ അപൂർവം. പക്ഷേ അന്നത്തെ ടൈബ്രേക്കറോടെ പ്രഗ്നാനന്ദയുടെ പേര് ലോകം അറിഞ്ഞു. ഇപ്പോൾ വീണ്ടുമിതാ ആ പേരിനൊപ്പം രാജ്യം അഭിമാനം എന്നുകൂടി എഴുതിച്ചേർക്കുന്നു. അവസാന റൗണ്ടിൽ, കാൾസനെതിരായ മൂന്നു തുടർവിജയങ്ങളോടെ 15 പോയിന്റുമായി എഫ്ടിഎക്സ് ക്രിപ്റ്റോകപ്പ് ചെസ്സിൽ പ്രഗ്നാനന്ദയ്ക്കു രണ്ടാംസ്ഥാനമുണ്ടായിരുന്നു. കേവലം ഒരു പോയിന്റ് മാത്രം അധികം നേടിയാണ് കാൾസൻ കിരീടം സ്വന്തമാക്കിയത്. മയാമിയിൽ തോൽപ്പിച്ച പ്രമുഖരുടെ പേരുകൾ കേട്ടാൽ തന്നെ അറിയാം, പ്രഗ്ഗ വേറെ ലെവൽ ആണെന്ന്. അലി റേസ ഫിറൂസ്ജ, ലെവൻ അരോണിയൻ, അനിഷ് ഗിരി, മാഗ്നസ് കാൾസൻ അങ്ങനെ നീളുന്നു പ്രഗ്ഗയോടു തോറ്റ പ്രമുഖരുടെ നിര. പ്രഗ്നാനന്ദ എന്ന പതിനേഴുകാരനിൽനിന്ന് ലോകം ഭരിക്കുന്ന ചെസ് രാജാവിലേക്ക് അധികം ദൂരമില്ലെന്ന് ഇനി നമുക്ക് അഭിമാനിക്കാം. 

ADVERTISEMENT

∙ ചെസ് ലോകത്തേക്ക് മൂന്നാം വയസ്സിൽ 

‌മൂന്നാമത്തെ വയസ്സിലാണ് പ്രഗ്ഗ ആദ്യമായി ചെസ് കളിയുടെ ലോകം പരിചയപ്പെടുന്നത്. ഏതൊരു പിഞ്ചുകുഞ്ഞും കളിപ്പാട്ടങ്ങളുടെ കൗതുകത്തിലേക്കു പിച്ചവയ്ക്കുന്ന പ്രായത്തിൽ പ്രഗ്ഗയുടെ കുഞ്ഞുവിരലുകൾ ചെന്നുതൊട്ടത് ചതുരംഗക്കളിയുടെ കറുപ്പും വെളുപ്പും കളങ്ങളിലായിരുന്നു. 12 വയസ്സായപ്പോഴേക്കും ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാൻഡ് മാസ്റ്റർ പദവി നേടിയെടുക്കാൻ പ്രഗ്ഗയ്ക്കു സാധിച്ചതിനു പിന്നിൽ തുടർന്നങ്ങോട്ടുള്ള ഉറക്കമിളച്ചുള്ള പരിശീലനവും പ്രയത്നവും തന്നെ. ഒപ്പം അമ്മ നാഗലക്ഷ്മിയുടെ പിന്തുണയും. 

ലോകത്ത് ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ചെസ് ഗ്രാൻഡ്മാസ്റ്ററായതിനു ശേഷം ചെന്നൈയിൽ തിരിച്ചെത്തിയ പ്രഗ്നാനന്ദയും കുടുംബവും. 2018ലെ ചിത്രം (Photo by ARUN SANKAR / AFP)

തമിഴ്നാട്ടിലെ ഒരു ഇടത്തരം കുടുംബത്തിൽ നിന്നാണ് പ്രഗ്ഗ വരുന്നത്. അച്ഛൻ ബാങ്കിൽ ജോലി ചെയ്യുന്നു. അമ്മ വീട്ടമ്മ. മൂത്ത സഹോദരി വൈശാലി പ്ലസ്ടു വിദ്യാർഥിനിയാണ്. കുട്ടിക്കാലത്ത് മക്കൾ രണ്ടുപേരും ടിവി കാർട്ടൂൺ പരിപാടിക്കു മുന്നിൽ കുത്തിയിരിക്കുന്നതിൽ ദേഷ്യപ്പെട്ടാണ് നാഗലക്ഷ്മിയും രമേഷ്ബാബുവും അന്ന് അവർക്ക് ഇല്ലാത്ത പണമുണ്ടാക്കി ഒരു ചെസ് ബോർഡ് വാങ്ങിക്കൊടുത്തത്. ആ ചെസ് ബോർഡിൽ കളിച്ചുതുടങ്ങിയ പ്രഗ്ഗയും വൈശാലിയും കളി കാര്യമായെടുത്തു. മക്കളെ ‘വഴിതിരിച്ചുവിടാൻ’ അവർ കണ്ടെത്തിയ കുറുക്കുവഴി പിന്നീടു മക്കളുടെ ജീവിതവഴിയാകുമെന്ന് ആരും കരുതിക്കാണില്ല. ആദ്യമൊന്നും കാര്യമായ താൽപര്യമില്ലായിരുന്നെങ്കിലും പിന്നീടു ചെസ് അവരുടെ ജീവിതത്തിന്റെ ഭാഗമായി. 

തുടക്കത്തിൽ വൈശാലിക്കായിരുന്നു ചെസ്സിനോട് കൂടുതൽ കമ്പം. മൂന്നു തവണ ദേശീയ തലത്തിൽ വരെ ചെസ് കളിച്ച വൈശാലി വിമൻ ഇന്റർനാഷനൽ മാസ്റ്ററും ഗ്രാൻഡ് മാസ്റ്ററുമായി. ചേച്ചിയുടെ കളി കണ്ടാണ് പ്രഗ്ഗയ്ക്ക് ചെസ്സിനോട് താൽപര്യം തോന്നിത്തുടങ്ങിയത്. മൂന്നു വയസ്സു മുതൽ എല്ലാ ദിവസവും പ്രഗ്ഗ ചെസ് കളി ആരംഭിച്ചു. മകന്റെ കരുനീക്കങ്ങളിലെ പ്രഫഷനലിസം കണ്ട രമേഷ് ബാബു പ്രഗ്ഗയെ ചെസ് കോച്ചിങ്ങിനു വിടാൻ തീരുമാനിച്ചു. ബ്ലൂം ചെസ് അക്കാദമി ട്രെയിനിങ് സെന്ററിൽ ചേർന്നപ്പോൾ പ്രഗ്ഗയ്ക്ക് പ്രായം നാലു വയസ്സ് മാത്രം. ചെസ് ശാസ്ത്രീയമായി കളിച്ചു തുടങ്ങിയത് അവിടെവച്ചാണ്. എതിരാളികളുടെ കരുനീക്കങ്ങളെ കരുതിക്കൂട്ടി പ്രതിരോധിക്കാൻ പഠിച്ചതും സ്വയം കോട്ടകൾ കെട്ടി സുരക്ഷിതമാകേണ്ടതിന്റെ അടവുകൾ പയറ്റിത്തെളിഞ്ഞതും അവിടെനിന്നു തന്നെ. 

പ്രഗ്നാനന്ദ അമ്മയോടൊപ്പം (Photo: X/ @SunderjiJB)

∙ 12–ാം വയസ്സിൽ ഗ്രാൻഡ് മാസ്റ്റർ 

രണ്ടു ദിവസത്തെ ചെസ് ടൂർണമെന്റുകളായിരുന്നു ആദ്യകാല മത്സരങ്ങൾ. പല അക്കാദമികളിൽനിന്നുള്ള മത്സരാർഥികൾ പങ്കെടുക്കുന്ന ആ ടൂർണമെന്റുകളിൽ പ്രഗ്ഗ കൊച്ചുകൊച്ചു വിജയങ്ങൾ സ്വന്തമാക്കി. സ്വാഭാവികമായും പ്രഗ്ഗയുടെ കുഞ്ഞുമനസ്സിൽ അത് വലിയ ആത്മവിശ്വസം പകരുകയും ചെയ്തു. പതിയെപ്പതിയെ ജില്ല, സംസ്ഥാന, ദേശീയ മത്സരങ്ങളിൽ പങ്കാളിയായി. ഒരു ലെവലിൽനിന്ന് അടുത്ത ലെവലിലേക്കുള്ള പ്രഗ്ഗയുടെ കുതിച്ചുകയറ്റം വളരെപ്പെട്ടെന്നായിരുന്നു. പ്രഗ്നാനന്ദ, 2016ൽ, തന്റെ 10–ാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ ഇന്റർനാഷനൽ മാസ്റ്ററായി. രണ്ടു വർഷത്തിനപ്പുറം, ഗ്രാൻഡ് മാസ്റ്ററാകുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം എന്ന റെക്കോർഡും സ്വന്തമാക്കി. 2020 മുതൽ ഇന്ത്യൻ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദ് പ്രഗ്നാനന്ദയ്ക്കു വേണ്ട മാർഗനിർദേശങ്ങൾ നൽകി മെന്ററായി ഒപ്പമുണ്ട്. കളിച്ച മത്സരങ്ങളിലെല്ലാം എതിരാളിയെ മലർത്തിയടിച്ച വീരഗാഥകളേ പ്രഗ്ഗയ്ക്കു പറയാനുണ്ടായിരുന്നുള്ളു. അതുകൊണ്ടു തന്നെ അധികം ബഹളംവച്ചു സംസാരിക്കാനോ വിജയങ്ങൾ ആഘോഷിക്കാനോ ആവേശം കാണിച്ചതുമില്ല. ഓരോ മത്സരത്തെയും അതീവ സാധാരണത്വത്തോടെ നേരിട്ടുകൊണ്ടേയിരുന്നു. ഒരു കൗമാരക്കാന് സാധ്യമാകാത്തത്ര പക്വതയും മിതത്വവും ശരീരഭാഷയിലും സംസാരത്തിലും കടന്നുവന്നു. 

ഏഷ്യൻ ലെവലിലും വേൾഡ് മലയാളി ജൂനിയർ ലെവലിലും നേടിയ ഇരട്ടസ്വർണ മെഡലുകൾ തിളക്കമാർന്ന നേട്ടങ്ങളായി. പുണെയിൽ ആദ്യമായി ഒരു നാഷനൽ ലെവൽ ടൂർണമെന്റിൽ പങ്കെടുക്കുമ്പോൾ പ്രഗ്ഗയ്ക്ക് ഏഴു വയസ്സു തികഞ്ഞിട്ടുപോലുമില്ല. അന്ന് രണ്ടാംസ്ഥാനം നേടുകയും ചെയ്തു. പങ്കെടുത്ത മത്സരങ്ങളിൽ ഇതുവരെ നേടിയ വെള്ളി, വെങ്കലം മെഡലുകൾക്ക് കണക്കില്ല. പക്ഷേ പ്രഗ്ഗയുടെ കളിക്കളത്തിലെ ഓരോ കരുനീക്കവും ഇതുവരെ നേടിയ നേട്ടങ്ങളുടെ പൊട്ടുംപൊടിയുമെല്ലാം അമ്മ നാഗലക്ഷ്മി കൃത്യമായി ഓർമിച്ചെടുത്തുവച്ചിട്ടുണ്ട്. കളിക്കുമ്പോൾ ചുറ്റുമുള്ള ഒന്നും കാണാതെ, മറ്റൊന്നിലേക്കും ശ്രദ്ധ വ്യതിചലിക്കാത്തൊരു മാജിക്കുണ്ട് പ്രഗ്ഗയ്ക്ക്. ഒരേ കരുക്കളുടെ ഇടംവലം സാധ്യതകളിലേക്ക് ഏറെനേരം ശ്രദ്ധാപൂർവം നോക്കിയിരിക്കുന്ന രീതി. 

വിശ്വനാഥൻ ആനന്ദ് (ഫയൽ ചിത്രം ∙ മനോരമ)

∙ ഇനി ന്യൂജെൻ കാലം 

ചെസ് എന്ന കളി തന്നെ കൂടുതൽ കൂടുതൽ ചെറുപ്പമായി വരികയാണ്. നാൽപതു വയസ്സിനു മുകളിൽ പ്രായമുള്ള കളിക്കാരായിരുന്നു ഇത്രകാലം ലോക ചാംപ്യൻഷിപ്പുകൾ അടക്കിവാണിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ലോക ചെസ് ബോർഡിൽ കുട്ടിപ്രതിഭകളുടെ തേർവാഴ്ചയാണ്. പല വമ്പന്മാരെയും മുട്ടുകുത്തിച്ച കൗമാരക്കാരുടെ വാർത്തകൾ ദിനംപ്രതി വരുന്നു. മുൻപ് പ്രായം 40 കടന്നവരാണ് ചെസ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവിയിൽ എത്തിയിരുന്നത്. പിന്നീടത് മുപ്പതും ഇരുപതുമൊക്കെയായി കുറഞ്ഞു. ന്യൂജെൻ കുട്ടികളുടെ വരവോടെ കഥ മാറി, കളിയും. ലോക ചെസ്സിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്ററായ അഭിമന്യു മിശ്ര ആ നേട്ടം കൈവരിക്കുമ്പോൾ പ്രായം 12 വയസ്സും നാലു മാസവും 25 ദിവസവും മാത്രം. ഇന്ത്യൻ ചെസ് ഇതിഹാസവും അഞ്ചുവട്ടം ലോക ചാംപ്യനുമായ വിശ്വനാഥൻ ആനന്ദ് ആ പദവിയിൽ എത്തിയത് പതിനെട്ടാം വയസ്സിലായിരുന്നു. 

ലോകം മുഴുവൻ ആഘോഷിക്കപ്പെടുന്ന ഒന്നാം നമ്പർ കളിക്കാരൻ മാഗ്നസ് കാൾസൻ 2004 ൽ ആ നേട്ടം കൈവരിക്കുമ്പോൾ 13 വയസ്സും 4 മാസവുമായിരുന്നു പ്രായം. റഷ്യൻ താരം സെർജി കര്യാക്കിൻ 12 വയസ്സും 7 മാസവുമുള്ളപ്പോൾ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയപ്പോൾ ആ റെക്കോർഡ് ആരും തകർക്കില്ലെന്നാണ് പലരും എഴുതിയത്. എന്നാൽ, 2021 ൽ അഭിമന്യു ആ റെക്കോർഡും തിരുത്തി. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ആ നേട്ടം കൈവരിച്ച 25 പേരുടെ കൂട്ടത്തിൽ വേറെ 5 ഇന്ത്യക്കാർ കൂടിയുണ്ട്. ഡി.ഗുകേഷ്, പരിമാർജൻ നേഗി, റോണക് സാധ്വാനി, തൃശൂർ സ്വദേശി നിഹാൽ സരിൻ എന്നിവരുടെ ആ മിടുക്കൻ നിരയിൽനിന്നാണ് പ്രഗ്ഗയുടെ ജൈത്രയാത്ര ആരംഭിക്കുന്നത്. കഴിഞ്ഞവർഷം ലോക ചെസ് ഒളിംപ്യാഡ് തമിഴ്നാട്ടിലെ മഹാബലിപുരത്ത് നടന്നപ്പോൾ സെഡർ റാൻ‍ഡ എന്ന എട്ടുവയസ്സുകാരി പലസ്തീൻ പെൺകൊടിയും ജീവിത സായന്തനത്തിലേക്കു കടക്കുന്ന 78 വയസ്സുള്ള ജൂലിയ ലെബൽ ആരിയാസ് എന്ന മൊണോക്കോക്കാരിയും ഒരേ ആവേശത്തോടെ ചെസ് കളിയിൽ പങ്കെടുത്തത് ആരാധക ശ്രദ്ധ നേടിയിരുന്നു. ചെസ്സിന് അല്ലെങ്കിലും പ്രായഭേദമുണ്ടോ? 

നിഹാൽ സരിൻ (ഫയൽ ചിത്രം)

∙ ചെസ് വന്ന വഴി 

അഞ്ചാം നൂറ്റാണ്ടിൽ ഇന്ത്യയിലുണ്ടായിരുന്ന ചതുരംഗമാണ് ചെസ്സിന്റെ ആദിരൂപം എന്നാണ് കരുതുന്നത്. പിന്നീട് അതു പേർഷ്യയിലേക്കും യൂറോപ്പിലേക്കും സഞ്ചരിച്ച് ഇപ്പോഴുള്ള രൂപവും നിയമവും ഉൾക്കൊള്ളുകയായിരുന്നു. ആദ്യ ലോക ചെസ് ചാംപ്യൻഷിപ്പായി കരുതപ്പെടുന്ന യൊഹാനസ് സൂക്കർടോർട്ട്– വില്യം സ്റ്റീനിറ്റ്സ് മത്സരം നടന്നത് 1886ലാണ്. സ്റ്റീനിറ്റ്സ് ആദ്യ ചാംപ്യനുമായി. അതിനുശേഷം ചൈനക്കാരൻ ഡിങ് ലിറൻ വരെ 17 ലോക ചാംപ്യൻമാർ മാത്രം. അതിൽ അഞ്ചുവട്ടം ലോക ചാംപ്യനായത് ഇന്ത്യൻ താരം വിശ്വനാഥൻ ആനന്ദ് ആയിരുന്നു. ഇന്ന് ലോക ഒന്നാം നമ്പർ താരമായി തുടരുന്നത് നോർവേ താരം മാഗ്നസ് കാൾസനാണ്. ചെസ്സിന്റെ ഏറ്റവും വലിയ ആകർഷണം അതിന്റെ അനിശ്ചിതാവസ്ഥയാണ്. ജീവിതത്തിൽ സംഭവിക്കുന്ന അനിശ്ചിതാവസ്ഥകൾക്കു സമാനമായ ചില കാര്യങ്ങൾ ചെസ്സിൽ ഉള്ളതുകൊണ്ടാകാം അത്. ബോർഡിലെ നീക്കം മാത്രമല്ല, സംഭവിക്കാതെ പോയ ഒരുപാടു നീക്കങ്ങളും കൂടി ചേർന്നതാണ് ചെസ്. എതിരാളിയുടെ കരുനീക്കങ്ങളുടെ ആകസ്മികത, അത് നമ്മെ കൊണ്ടുപോകുന്നത് വിജയത്തിലേക്കോ പരാജയത്തിലേക്കോ?  ആർക്കറിയാം! 

English Summary: 'India is Waiting', The Life of Indian Chess Prodigy Rameshbabu Praggnanandhaa and His Mother

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT