‘എന്തിനാണ് ഞങ്ങളെ ഇങ്ങനെ ആക്രമിക്കുന്നത്; ബി നിലവറ തുറക്കാൻ കഴിയില്ല; ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മ്യൂസിയം ആലോചനയിൽ’
തിരുവിതാംകൂർ രാജകുടുംബം ഒപ്പം കൊണ്ടുനടക്കാൻ ആഗ്രഹിക്കുന്ന ഒരു വിശേഷണമുണ്ട്; പദ്മനാഭദാസന്മാർ. ഈ കുടുംബത്തിൽ ജനിക്കുന്ന ആൺകുട്ടികൾ പദ്മനാഭദാസന്മാരും പെൺകുട്ടികൾ പദ്മനാഭസേവികമാരുമാണ്. തലമുറ തലമുറയായി കൈമാറിവരുന്ന ഈ ആചാരത്തിന് ഇതുവരെ മാറ്റമുണ്ടായിട്ടില്ല. രാജകുടുംബത്തിലെ കുട്ടികൾക്ക് ഒരുവയസ്സ് പൂർത്തിയാവുമ്പോൾ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുന്നിലുള്ള ഒറ്റക്കൽ മണ്ഡപത്തിൽ ഒരു പട്ടു വിരിച്ചു കിടത്തും. ക്ഷേത്രതന്ത്രി വന്ന് അരിയിട്ട് അനുഗ്രഹിക്കും. അതോടെ അവർ പദ്മനാഭദാസന്മാരാകും. പിന്നീടുള്ള ജീവിതം ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു.
തിരുവിതാംകൂർ രാജകുടുംബം ഒപ്പം കൊണ്ടുനടക്കാൻ ആഗ്രഹിക്കുന്ന ഒരു വിശേഷണമുണ്ട്; പദ്മനാഭദാസന്മാർ. ഈ കുടുംബത്തിൽ ജനിക്കുന്ന ആൺകുട്ടികൾ പദ്മനാഭദാസന്മാരും പെൺകുട്ടികൾ പദ്മനാഭസേവികമാരുമാണ്. തലമുറ തലമുറയായി കൈമാറിവരുന്ന ഈ ആചാരത്തിന് ഇതുവരെ മാറ്റമുണ്ടായിട്ടില്ല. രാജകുടുംബത്തിലെ കുട്ടികൾക്ക് ഒരുവയസ്സ് പൂർത്തിയാവുമ്പോൾ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുന്നിലുള്ള ഒറ്റക്കൽ മണ്ഡപത്തിൽ ഒരു പട്ടു വിരിച്ചു കിടത്തും. ക്ഷേത്രതന്ത്രി വന്ന് അരിയിട്ട് അനുഗ്രഹിക്കും. അതോടെ അവർ പദ്മനാഭദാസന്മാരാകും. പിന്നീടുള്ള ജീവിതം ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു.
തിരുവിതാംകൂർ രാജകുടുംബം ഒപ്പം കൊണ്ടുനടക്കാൻ ആഗ്രഹിക്കുന്ന ഒരു വിശേഷണമുണ്ട്; പദ്മനാഭദാസന്മാർ. ഈ കുടുംബത്തിൽ ജനിക്കുന്ന ആൺകുട്ടികൾ പദ്മനാഭദാസന്മാരും പെൺകുട്ടികൾ പദ്മനാഭസേവികമാരുമാണ്. തലമുറ തലമുറയായി കൈമാറിവരുന്ന ഈ ആചാരത്തിന് ഇതുവരെ മാറ്റമുണ്ടായിട്ടില്ല. രാജകുടുംബത്തിലെ കുട്ടികൾക്ക് ഒരുവയസ്സ് പൂർത്തിയാവുമ്പോൾ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുന്നിലുള്ള ഒറ്റക്കൽ മണ്ഡപത്തിൽ ഒരു പട്ടു വിരിച്ചു കിടത്തും. ക്ഷേത്രതന്ത്രി വന്ന് അരിയിട്ട് അനുഗ്രഹിക്കും. അതോടെ അവർ പദ്മനാഭദാസന്മാരാകും. പിന്നീടുള്ള ജീവിതം ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു.
തിരുവിതാംകൂർ രാജകുടുംബം ഒപ്പം കൊണ്ടുനടക്കാൻ ആഗ്രഹിക്കുന്ന ഒരു വിശേഷണമുണ്ട്; പദ്മനാഭദാസന്മാർ. ഈ കുടുംബത്തിൽ ജനിക്കുന്ന ആൺകുട്ടികൾ പദ്മനാഭദാസന്മാരും പെൺകുട്ടികൾ പദ്മനാഭസേവികമാരുമാണ്. തലമുറ തലമുറയായി കൈമാറിവരുന്ന ഈ ആചാരത്തിന് ഇതുവരെ മാറ്റമുണ്ടായിട്ടില്ല.
രാജകുടുംബത്തിലെ കുട്ടികൾക്ക് ഒരുവയസ്സ് പൂർത്തിയാവുമ്പോൾ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുന്നിലുള്ള ഒറ്റക്കൽ മണ്ഡപത്തിൽ ഒരു പട്ടു വിരിച്ചു കിടത്തും. ക്ഷേത്രതന്ത്രി വന്ന് അരിയിട്ട് അനുഗ്രഹിക്കും. അതോടെ അവർ പദ്മനാഭദാസന്മാരാകും. പിന്നീടുള്ള ജീവിതം ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു.
തിരുവിതാംകൂർ രാജകുടുംബത്തിൽ ഏറ്റവും അവസാനം ഈ നിയോഗമുണ്ടായത് ആദിത്യ വർമയ്ക്കാണ്. അന്തരിച്ച രാജരാജ വർമയുടെയും എഴുത്തുകാരിയും പ്രഭാഷകയുമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായിയുടെയും ഇളയമകനാണ് ഇദ്ദേഹം. നിലവിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി അംഗവും പ്രസിദ്ധമായ ആസ്പിൻവാൾ കമ്പനിയുടെ ഡയറക്ടറുമാണ്.
ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ നിറവേറ്റുമ്പോൾത്തന്നെ കൃഷിയും ഡ്രൈവിങ്ങും പോലുമുള്ള വ്യത്യസ്തങ്ങളായ മേഖലകളിൽ അദ്ദേഹത്തിനു സവിശേഷമായ താൽപര്യമുണ്ട്. കേരളത്തിലെ കായികരംഗത്തിന്റെ നവോത്ഥാനത്തിന് മുൻകൈയെടുത്ത കേണൽ ഗോദരാജവർമയെന്ന ജി.വി. രാജയുടെ ഈ ചെറുമകന് കായികരംഗത്തും പ്രത്യേക താൽപര്യമുണ്ട്.
ബാഡ്മിന്റൻ ശീലമാക്കിയിട്ടുള്ള ആദിത്യ വർമ 5 ബാഡ്മിന്റൻ കോർട്ടുകളും നിർമിച്ചു. ക്ഷേത്രം, ആചാരങ്ങൾ, വ്യക്തിജീവിതം, തനിക്കും കുടുംബത്തിനും നേരെയുണ്ടാകുന്ന സൈബർ ആക്രമണങ്ങൾ എന്നിവയെക്കുറിച്ച് മനോരമ ഓൺലൈന്‍ പ്രീമിയത്തോട് അദ്ദേഹം വിശദമായി സംസാരിക്കുന്നു.
തിരുവിതാംകൂർ രാജകുടുംബത്തെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ ഭാഗമാണ് ക്ഷേത്രവും അനുഷ്ഠാനങ്ങളും. ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട തർക്കം കോടതി കയറുന്ന സാഹചര്യവുമുണ്ടായി. സുപ്രീം കോടതി വിധിയോടെ അതിനൊക്കെ ഒരു പരിഹാരമാവുകയും ക്ഷേത്ര ഭരണസമിതിയിലേക്ക് രാജകുടുംബത്തിന്റെ പ്രതിനിധിയായി നിയോഗിക്കപ്പെടുകയും ചെയ്തപ്പോൾ മനസ്സിലേക്കു വന്ന ഓർമകൾ എന്തൊക്കെയാണ്?
∙ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ വർഷത്തിൽ 2 ഉത്സവങ്ങളാണ് പ്രധാനമായുള്ളത്; അൽപശിയും പൈങ്കുനിയും. 2 ഉത്സവങ്ങൾക്കും ശിവേലി, പള്ളിവേട്ട, ആറാട്ട് എന്നിവ പ്രധാന ചടങ്ങുകളാണ്. ശ്രീപദ്മനാഭസ്വാമി, നരസിംഹ മൂർത്തി, ശ്രീകൃഷ്ണസ്വാമി എന്നീ ദേവന്മാരെയാണ് പള്ളിവേട്ടയ്ക്കും ആറാട്ടിനും എഴുന്നള്ളിക്കുക.
തിരുവിതാംകൂർ രാജക്കന്മാരും രാജകുടുംബത്തിലെ പുരുഷന്മാരും ഈ ചടങ്ങുകളിൽ വാളുമായി അകമ്പടി സേവിക്കുന്ന പതിവുണ്ട്. ഞങ്ങളൊക്കെ പൊന്നമ്മാവനെന്നു വിളിക്കുന്ന ചിത്തിര തിരുനാൾ മഹാരാജാവായിരുന്നു ഞാൻ കുട്ടിയായിരിക്കുമ്പോൾ ആറാട്ട് ഘോഷയാത്ര നയിച്ചിരുന്നത്. അദ്ദേഹത്തിന്റെ കൈയിലുള്ള ഉടവാളിന് 4 കിലോയൊക്കെ ഭാരമുണ്ടാകും.
ആ ഘോഷയാത്രയ്ക്ക് ഒരു ക്രമമുണ്ട്. ആദ്യം വലിയ തമ്പുരാൻ (ചിത്തിരതിരുനാൾ മഹാരാജാവ്), പിന്നീട് ഉത്രാടം തിരുനാൾ മഹാരാജാവ്, മൂലം തിരുനാൾ, തൊട്ടു പിന്നാലെ ചേട്ടന്മാർ, ഏറ്റവും പുറകിലായി ഞാനും. കുട്ടിക്കാലത്ത് ഈ ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ എനിക്ക് ഒരുപാടു സംശയങ്ങളുണ്ടായിരുന്നു.
ഒന്ന് പള്ളിവേട്ടയെക്കുറിച്ചായിരുന്നു. പള്ളിവേട്ട കഴിയുന്നതുവരെ കനത്ത നിശബ്ദതയായിരിക്കും. ആരും ഒന്നും സംസാരിക്കാതെയാണു നടന്നു പോകുന്നത്. എന്തിനാണിങ്ങനെ നിശബ്ദമായി പോകുന്നത്? സംസാരിച്ചാലെന്താണ്? എന്നൊക്കെ ഞാൻ ചോദിക്കുമായിരുന്നു. പള്ളിവേട്ട സ്ഥലത്ത് ഒരു പൊതിക്കാത്ത തേങ്ങവച്ച് അതിന്റെ പുറത്താണ് അമ്പെയ്യുന്നത്. എന്തിനാണ് തേങ്ങ അവിടെ വയ്ക്കുന്നത് എന്ന കാര്യത്തിലും സംശയമുണ്ടായിരുന്നു. അതിനെക്കുറിച്ചും ഞാൻ ചോദിച്ചിട്ടുണ്ട്. ഗഹനമായ അർഥങ്ങളുള്ള ഒരു ചടങ്ങാണതെന്ന് പൊന്നമ്മാവൻ (ചിത്തിരതിരുനാൾ) പറഞ്ഞുതന്നു.
‘പൊതിക്കാത്ത നാളികേരമെന്നത് നാട്ടിലെ മുഴുവൻ ദുഷ്ടശക്തികളുടെയും പ്രതീകമാണ്. അതിനെ ഭഗവാൻ തന്റെ ദാസനായ മഹാരാജാവിലൂടെ അമ്പെയ്തു നശിപ്പിക്കുന്നുവെന്നാണു സങ്കൽപം. അത്തരം ഒരു ദൗത്യവുമായി യാത്ര ചെയ്യുമ്പോൾ നിശബ്ദമായിട്ടാണു പോകേണ്ടത്. കാട്ടിലൊക്കെ വേട്ടയ്ക്കു പോകുമ്പോൾ സംസാരിക്കാറില്ലല്ലോ’, അതൊരു ജാഗ്രതയാണ്. അതാണ് പള്ളിവേട്ട ഘോഷയാത്രയിലും പ്രകടമായിരുന്നത്.
അൽപം കുട്ടിത്തമുണ്ടെങ്കിലും ഞാൻ ആ ആചാരം കൃത്യമായി പാലിച്ചിരുന്നു. ഇപ്പോഴും അത് തുടരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം മുതൽ ശംഖുമുഖം കടപ്പുറം വരെ ഏതാണ്ട് 5 കിലോമീറ്റർ രാജാവും പരിവാരങ്ങളും വിഗ്രഹങ്ങളെ അകമ്പടി സേവിച്ചു നടന്നു പോകുന്നതാണ് പതിവ്. ഭക്തജനങ്ങളും ഒപ്പം നടക്കാനുണ്ടാകും. ഉപനയനം കഴിയുന്നതുവരെ എന്നെ നടക്കാൻ അനുവദിച്ചിരുന്നില്ല, കുട്ടിയാണ്. ക്ഷീണിച്ചുപോകും എന്നൊക്കെയുള്ള കാരണങ്ങളാലാണത്.
ആറാട്ടുഘോഷയാത്രയ്ക്കു മുൻപ് ക്ഷേത്രത്തിൽ ശിവേലി നടക്കും. അതിൽ പങ്കെടുത്തു കഴിഞ്ഞു ചേട്ടന്മാരൊക്കെ ശംഖമുഖത്തേക്കു നടന്നു പോകുമ്പോൾ എന്നെ മാത്രം കാറിലാണു കൊണ്ടു പോയിരുന്നത്. ഒപ്പം അമ്മയും വലിയമ്മയും അമ്മൂമ്മയുമൊക്കെയുണ്ടാകുമായിരുന്നു.
നടക്കാൻ കഴിയാത്തതിൽ എനിക്ക് വലിയ സങ്കടമായിരുന്നു. ആരും കാണാതിരിക്കാൻ ഞാൻ കാറിൽ ഒളിച്ചിരിക്കുമായിരുന്നു. പിന്നീടു നടന്നു തുടങ്ങിയപ്പോൾ ഇഷ്ടമായി. ഒരു കൈ മാത്രമേ അനക്കാനാകൂ. മറ്റേ കൈയിൽ വാളുണ്ടാകും. കൂടെ പഠിച്ചിരുന്ന കുട്ടികളൊക്കെ ഘോഷയാത്ര കാണാൻ ഉണ്ടാകും. പലരും ആൾക്കൂട്ടത്തിൽ നിന്നു കൈവീശി കാണിക്കുകയും ‘വർമാ’ എന്നു വിളിക്കുകയുമൊക്കെ ചെയ്തിരുന്നു.
അവരെ നോക്കി ചിരിക്കാനേ കഴിയുമായിരുന്നുള്ളൂ. അടുത്ത ദിവസം ക്ലാസിലെത്തുമ്പോൾ അവരിൽ പലരുടെയും ചോദ്യം വാളിനെക്കുറിച്ചായിരിക്കും. വാളിന് എത്ര ഭാരമുണ്ട്. സ്വർണമാണോ വെള്ളിയാണോ, വീട്ടിൽ വാളു സൂക്ഷിക്കാറുണ്ടോ എന്നൊക്കെയായിരുന്നു അവർക്ക് അറിയേണ്ടത്. കുട്ടികളുടെ കൗതുകങ്ങളാണ്.
ഉത്രാടം തിരുനാൾ മഹാരാജാവിന്റെ അവസാന കാലമായപ്പോഴാണ് കേസ് വന്നത്. ക്ഷേത്രഭരണത്തിന് സുപ്രീം കോടതി ഒരു കമ്മിറ്റിയെ നിയമിച്ചപ്പോൾ അന്നത്തെ എക്സിക്യൂട്ടീവ് ഓഫിസറും കൊട്ടാരവും തമ്മിൽ ഒരു അകൽച്ചയൊക്കെയുണ്ടായി. ഞങ്ങളെ ക്യൂവിൽ നിർത്തി തൊഴീക്കുമെന്നൊക്കെ അദ്ദേഹം പറഞ്ഞതായി കേട്ടിട്ടുണ്ട്. അപ്പോൾ കുറേ ആൾക്കാർ അദ്ദേഹത്തിന്റെ പക്ഷം പിടിച്ചു. ചിലരൊക്കെ ഞങ്ങളുടെ പക്ഷം പിടിച്ചു.
പ്രത്യക്ഷത്തിൽ ആളുകളിൽ ചിലരിലൊക്കെ പെരുമാറ്റവ്യത്യാസം പ്രകടമായി കാണാമായിരുന്നു. കേസ് കഴിഞ്ഞപ്പോൾ കാര്യങ്ങളൊക്കെ പഴയപോലെയായി. ഒരു വലിയ കാറും കോളും നീങ്ങി. ക്ഷേത്ര ഭരണസമിതിയിൽ രാജകുടുംബത്തിന്റെ പ്രതിനിധിയായി വന്നപ്പോൾ മനസ്സിലൂടെ ഈ ചിത്രങ്ങളൊക്കെ കടന്നു പോയി. അന്തിമമായി ഭഗവാനാണല്ലോ എല്ലാം നിശ്ചയിക്കുന്നത്.
കടന്നുപോയ പ്രതിസന്ധികളെ എങ്ങനെയാണു നേരിട്ടത് ?
∙ ചിത്തിര തിരുനാൾ പറഞ്ഞു തന്നിരുന്ന കഥകൾ കേട്ടാണ് ജീവിതവീക്ഷണം ഒരു പരിധിവരെ രൂപപ്പെട്ടത്. പ്രതിസന്ധികളെ ആത്മീയതയുടെ വീക്ഷണത്തിൽ കാണാനുള്ള വലിയ പരിശീലനമായിരുന്നു അത്. രാമായണം, മഹാഭാരതം തുടങ്ങിയവയെക്കുറിച്ചൊക്കെ അദ്ദേഹം പറഞ്ഞു തന്നിട്ടുണ്ട്. എന്താണു ഭക്തി, എന്താണു തപസ്സ് എന്നതിനെക്കുറിച്ച് ഒരിക്കൽ അദ്ദേഹം ഒരു കഥയിലൂടെ വിവരിച്ചു:
‘പരമശിവനും പാർവതിയും കൂടി ഒരിക്കൽ ഒരു പുണ്യനദിക്കരികിലൂടെ നടന്നു പോകുകയായിരുന്നു. ഒരുപാടു മുനിമാർ അവിടെ തപസ്സു ചെയ്യുന്നുണ്ടായിരുന്നു, ചിലർ ഒറ്റക്കാലിൽ നിൽക്കുന്നു. മറ്റു ചിലരുടെ ദേഹത്ത് പുറ്റൊക്കെ വന്നു നിറഞ്ഞു, എന്നിട്ടും ഭഗവാൻ പ്രത്യക്ഷപ്പെടുന്നില്ല. ഇതൊക്കെ കണ്ട പാർവതീ ദേവി ഭഗവാനോടു ചോദിച്ചു: ‘‘എത്രനാളായിട്ട് ഇവർ അങ്ങയെ തപസ്സ് ചെയ്തു കൊണ്ടിരിക്കുകയാണ്. ഇവർക്കു മോക്ഷം നൽകിക്കൂടേ?’’.
എന്താണ് ഇവരുടെ തപസ്സെന്ന് ഇപ്പോൾ കാണിച്ചു തരാമെന്നു പറഞ്ഞ ശേഷം മഹാദേവൻ വേഷം മാറി ഒരു വൃദ്ധന്റെ വേഷത്തിൽ നദിയിൽ വീണു. ‘‘ഞാൻ മുങ്ങിത്താഴുന്നു, എന്നെ രക്ഷിക്കണേ, രക്ഷിക്കണേ’’ എന്നു നിലവിളിച്ചു. തപസ്സ് ചെയ്തിരുന്ന ചിലർ ഒരു കണ്ണു തുറന്നു നോക്കി, മറ്റു ചിലർ എണീക്കാൻ ശ്രമിച്ചിട്ട് തിരികെ ഇരുന്നു. എണീറ്റാൽ തപസ്സ് പോകുമെന്നു പേടിയായിരുന്നു. നദിയുടെ സമീപത്തെ വീട്ടിൽ കുളിയും തേവാരവും തപസ്സുമൊന്നുമില്ലാതെ ഒരാൾ താമസിച്ചിരുന്നു.
അദ്ദേഹം ഈ ശബ്ദം കേട്ടു നദിയിലേക്ക് എടുത്തു ചാടി വൃദ്ധനെ രക്ഷിച്ചു. ഭഗവാൻ അപ്പോൾ വേഷം മാറി അദ്ദേഹത്തെ മാത്രം അനുഗ്രഹിച്ചു. എന്നിട്ടു പറഞ്ഞു: ‘‘തപസ്സിലൊന്നുമല്ല കാര്യം. അടിസ്ഥാനപരമായി വേണ്ടത് നല്ലൊരു മനസ്സാണ്. അതു മാത്രം മതി മോക്ഷത്തിന്’’. ഈ കഥയ്ക്ക് ഒരുപാട് അർഥതലങ്ങളുണ്ട്. ക്ഷേത്ര ദർശനത്തിനു വരുന്നവരും ഈ കഥ മനസ്സിൽ വയ്ക്കുന്നത് നല്ലതായിരിക്കും.
ഓണക്കാലമാണല്ലോ. ഓണത്തെക്കുറിച്ചുള്ള സ്മരണകൾ എങ്ങനെയാണ്? തിരുവിതാംകൂർ രാജകുടുംബം ഓണത്തെ എങ്ങനെയാണു നോക്കിക്കാണുന്നത് ?
∙ ഓണത്തെക്കുറിച്ചു പറയുമ്പോഴും ചിത്തിര തിരുനാൾ മഹാരാജാവിനെ ഓർക്കാതിരിക്കാനാവില്ല. മഹാബലിയെക്കുറിച്ചൊക്കെയുള്ള കഥകൾ അദ്ദേഹം പറഞ്ഞുതന്നിട്ടുണ്ട്. മഹാബലിയെ വാമനൻ പാതാളത്തിലേക്കു ചവിട്ടി താഴ്ത്തുകയായിരുന്നില്ല. സുതലം എന്നൊരു രാജ്യമുണ്ടാക്കി അവിടെ രാജാധിരാജനായി വാഴിക്കുകയായിരുന്നു. തലയിൽ പാദംവച്ച് അനുഗ്രഹിക്കുകയായിരുന്നു എന്നൊക്കെയുള്ള അറിവുകളും അദ്ദേഹം പങ്കുവച്ചിരുന്നു.
മഹാബലിയുൾപ്പെടെയുള്ള പുരാണ പുരുഷന്മാരെ ‘കോമിക്’ കഥാപാത്രങ്ങളായി ചിത്രീകരിക്കുന്നതിൽ അദ്ദേഹത്തിനു ദുഃഖമുണ്ടായിരുന്നു. മഹാബലി കുടവയറനും കപ്പടാമീശക്കാരനുമൊന്നും ആയിരുന്നില്ലെന്നും സുന്ദരനായ ഒരാളായിരുന്നെന്നുമാണ് അദ്ദേഹം പറഞ്ഞുതന്നിട്ടുള്ളത്. തിരുവിതാംകൂർ രാജവംശത്തെ സംബന്ധിച്ചിടത്തോളം ചിങ്ങത്തിലെ തിരുവോണം ശ്രീപദ്മനാഭസ്വാമിയുടെ ജന്മനാളാണ്.
രാവിലെ എല്ലാവരും ക്ഷേത്രദർശനം നടത്തും. ഭഗവാൻ ഓണവില്ലു ധരിച്ചു ദർശനം നൽകുന്ന ദിവസമാണത്. ഓണക്കാലത്ത് ആദിവാസി വിഭാഗക്കാരായ കാണിക്കാർ തേനും വനവിഭവങ്ങളുമൊക്കെയായി ഇവിടെ എത്തുന്ന പതിവ് വർഷങ്ങളായി തുടരുന്നുണ്ട്. കാട്ടിലെ നാടുവാഴികളായിട്ടാണവർ സ്വയം കരുതുന്നത്. ഈ വർഷവും അവരെത്തിയിട്ടുണ്ട്.
ക്ഷേത്ര ഭരണസമിതി അംഗമെന്നതുപോലെ സമീപകാലത്ത് ഏറെ ചർച്ചയായ നിലവറകൾ തുറന്നു പരിശോധിക്കുന്ന സമിതിയിലും അംഗമായിരുന്നല്ലോ. നിലവറയിലെ കാഴ്ചകളെപ്പറ്റി പറയാമോ?
∙ കുട്ടിക്കാലത്തു ക്ഷേത്രദർശനത്തിനു വരുമ്പോൾ ഇപ്പോൾ പറയുന്ന നിലവറകളൊക്കെ അവിടെത്തന്നെ ഉണ്ടായിരുന്നു. ഇരുമ്പഴികൾ കൊണ്ടുള്ള മുറികളെന്നു മാത്രമാണ് അവയെക്കുറിച്ചു കരുതിയിരുന്നത്. പിന്നീടാണ് അതിന്റെ പ്രാധാന്യമൊക്കെ അറിയുന്നത്. എ, ബി, സി, ഡി, ഇ, എഫ് എന്നീ നിലവറകളാണവിടെയുള്ളത്. അതിൽ എ, ബി നിലവറകൾ മാത്രമാണു തുറക്കാതെയുണ്ടായിരുന്നത്.
മറ്റുള്ളവ ക്ഷേത്രത്തിലെ സ്റ്റോർ റൂമുകളാണ്. അതു കൂടെക്കൂടെ തുറക്കും. മഹാഭാരത കോൺ, വ്യാസ കോൺ എന്നിങ്ങനെയാണ് നേരത്തെ ഈ നിലവറകൾ അറിയപ്പെട്ടിരുന്നത്. ഇതിൽ മഹാഭാരത കോൺ ആണ് ഇപ്പോഴത്തെ ബി നിലവറ. വ്യാസ കോണാണ് സി. അതിന് എൽ ആകൃതിയാണ്, രണ്ടു തട്ടായിട്ട്. അത് ഭൂമിക്കടിയിലൊന്നുമല്ല, മുകളിൽത്തന്നെയാണ്. എ നിലവറ മാത്രമാണ് ഭൂമിക്കടിയിയുള്ളത്.
നിലവറ തുറക്കുന്ന സമിതിയുടെ ഭാഗമായപ്പോഴാണ് എ നിലവറ എന്തെന്നു കാണാൻ അവസരം ലഭിച്ചത്. അതു വല്ലാത്ത ഒരു അനുഭവമായിരുന്നു. ശരപ്പൊലി മാലയെന്നൊക്കെ കേട്ടിട്ടുണ്ട്. ആദ്യമായിട്ടാണു നേരിട്ടു കണ്ടത്. 18 അടി നീളമുള്ള സ്വർണമാലയാണത്. ഭഗവാന്റെ കഴുത്തിലൂടെയിടുമ്പോൾ 9 അടിയാണ്. അതു നടുക്കുവച്ച് ഊരാം. നിവർത്തിയെടുക്കുമ്പോഴാണ് 18 അടിയാകുന്നത്. അതുമാത്രമല്ല, അവിടെക്കണ്ട ആഭരണങ്ങളിൽ പലതും നമ്മുടെ സങ്കൽപങ്ങൾക്കപ്പുറത്താണ്.
ശ്രീപദ്മനാഭസ്വാമിയുടെ വിഗ്രഹത്തിന്റെ ആകൃതിക്കിണങ്ങുന്നവിധം വലിയ ആഭരണങ്ങളാണവയെല്ലാം. നമ്മുടെ സങ്കൽപത്തിലെ ഒഢ്യാണങ്ങൾ ചെറുതാണല്ലോ. എന്നാൽ ഇവിടെ സൂക്ഷിച്ചിരിക്കുന്നവ വളരെ വലുതാണ്. പിന്നെ കുറച്ചു കിരീടങ്ങൾ. അവയിൽ ചെറിയ കിരീടങ്ങളുമുൾപ്പെടും. അവ എണ്ണിത്തിട്ടപ്പെടുത്താൻ മൂന്നു ദിവസമെടുത്തു. കുറേ എണ്ണി വരുമ്പോൾ തെറ്റും. വീണ്ടും എണ്ണിത്തുടങ്ങും. പലതവണ ഇത് ആവർത്തിച്ചു. ഒടുവിൽ ഫോട്ടോയെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
സ്വർണത്തിൽ ഒരു തേങ്ങ കണ്ടെത്തിയെന്നു മാധ്യമങ്ങളിൽ വന്നിരുന്നു. യഥാർഥത്തിൽ അതു ചിരട്ടയായിരുന്നു. തനി സ്വർണം. ഒരു ചാക്ക് സ്വർണ നെൽമണികളുണ്ടായിരുന്നു. കാഴ്ചയിൽ അരിപോലെയിരിക്കും. ചുരുക്കിപ്പറഞ്ഞാൽ അതൊരു വലിയ വിസ്മയക്കാഴ്ചയായിരുന്നു. ഇതൊന്നും പ്രതീക്ഷയിൽ പോലുമുള്ള കാര്യങ്ങളല്ലായിരുന്നു. ഓരോ രാജാക്കന്മാരും ചുമതലയേൽക്കുമ്പോൾ തുലാഭാരം പോലെ ക്ഷേത്രത്തിനു സംഭാവന ചെയ്തിട്ടുള്ളതാണ് ഈ ആഭരണങ്ങളിൽ പലതും.
ഭക്തജനങ്ങളും സംഭാവന ചെയ്തിട്ടുണ്ട്. ഇതിന്റെയൊക്കെ മൂല്യം ഇപ്പോഴത്തെ വിപണി വില അനുസരിച്ചു തിട്ടപ്പെടുത്താനാവില്ല. അവയ്ക്കു പുരാവസ്തു പ്രാധാന്യമുണ്ട്. അതിലൊക്കെ ഉപരി അക്കാലത്ത് ഇവയൊക്കെ നിർമിച്ച ശിൽപികളുടെ വൈഭവത്തെക്കൂടി നമിക്കണം. ബി നിലവറയുടെ ഒരു ചേംബർ മാത്രമാണു തുറക്കാനായത്. അതിലുള്ളത് വെള്ളിപ്പാത്രങ്ങളൊക്കെയാണ്. ഈ നിലവറ നേരത്തെ തുറന്നിട്ടുണ്ടെന്നൊക്കെ വിവാദങ്ങളൊക്കെയുണ്ടായിട്ടുണ്ട്. പക്ഷേ അതു തുറന്നതായി ഞങ്ങളുടെ അനുഭവത്തിൽ ഇല്ല. അതിനുള്ളിൽ എന്താണെന്നും അറിയില്ല. ഞാൻ അവിടെ കണ്ടത് തുറക്കാൻ കഴിയാത്ത വാതിൽ മാത്രമാണ്.
പദ്മനാഭസ്വാമി ക്ഷേത്രം ഇന്ന് ഇന്ത്യയിലെതന്നെ ഏറ്റവും വലിയ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. ധാരാളം തീർഥാടകരും എത്തുന്നുണ്ട്. ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആകർഷണങ്ങൾ എന്തൊക്കെയാണ് ?
∙ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യ ആകർഷണം ഭഗവാൻ തന്നെയാണ്. പക്ഷേ തീർഥാടകരിൽ പലരും അന്വേഷിക്കുന്നത് ഇവിടത്തെ നിധിയെപ്പറ്റിയാണെന്നതാണു സങ്കടം. അപൂർവങ്ങളിൽ അപൂർവങ്ങളായ എത്രയെത്ര കാഴ്ചകളുണ്ടിവിടെ. ശ്രീകോവിലിലെ വിഗ്രഹം കടുശർക്കരയോഗം എന്ന പ്രത്യേക കൂട്ടുകൊണ്ടാണു നിർമിച്ചിരിക്കുന്നത്. ഒറ്റക്കൽ മണ്ഡപത്തിൽ നിന്നാണ് ഭഗവാനെ ദർശിക്കുന്നത്. അപ്പോഴും പൂർണ വിഗ്രഹം കാണാനാകില്ല.
3 നടകളിലൂടെയാണ് ദർശനം. ഭൂതം, വർത്തമാനം, ഭാവി കാലങ്ങളുടെ പ്രതീകമാണ് ഈ കവാടങ്ങളെന്നാണു സങ്കൽപം. മൂന്നു കാലങ്ങളുടെ പ്രഭുവായി വിഷ്ണു സഹസ്രനാമത്തിൽ ഭഗവാനെ സ്തുതിക്കുന്നുണ്ടല്ലോ. അത് ഇവിടെ യാഥാർഥ്യമാകുന്നു. ശ്രീപദ്മനാഭസ്വാമിയുടെ വിഗ്രഹത്തിനടിയിലായി അഗസ്ത്യ മുനിയുടെയും ഭൃഗു മഹർഷിയുടെയും സമാധിയുണ്ടെന്നാണ് ഐതിഹ്യം.
വിഗ്രഹത്തിന്റെ പുറകിലായി സൂര്യനും ചന്ദ്രനും സപ്ത ഋഷികളും. ശിരസ്സിന്റെയും പാദത്തിന്റെയുമടുത്ത് വെഞ്ചാമരം വീശുന്ന രണ്ടു സ്ത്രീകളുണ്ട്. തംബുരുവുമായി നിൽക്കുന്ന നാരദർ, രണ്ട് ആയുധ പുരുഷന്മാർ; അവർ കിരീടത്തിൽ ആയുധംവച്ചു തൊഴുതു നിൽക്കുകയാണ്. കൈയിൽ ആയുധംവച്ചു തൊഴാൻ പാടില്ലെന്നാണു വിശ്വാസം. അതുകൊണ്ടാണവ കിരീടത്തിൽ വച്ചിരിക്കുന്നത്. മുനിമാർ, ശ്രീദേവി, ഭൂദേവി, മധുകൈഭടന്മാർ എന്നിവരൊക്കെ ശ്രീകോവിലിലുണ്ട്. എല്ലാം കടുശർക്കര യോഗമാണ്.
ഒറ്റക്കൽ മണ്ഡപത്തിനു മുകളിൽ അഷ്ടദിക്പാലകന്മാരെ കൊത്തിവച്ചിട്ടുണ്ട്. മനോഹരമാണ് ആ കൊത്തുപണികൾ. നേപ്പാളിലെ ഗണ്ഡകീ നദിയിൽ നിന്നു കൊണ്ടുവന്ന 12,008 സാളഗ്രാമങ്ങൾ ഉൾപ്പെട്ടതാണ് ശ്രീപദ്മനാഭ സ്വാമിയുടെ പ്രതിഷ്ഠ. ആയിരം സാളഗ്രാമങ്ങൾ വിഗ്രഹത്തിലുണ്ടെങ്കിൽ അത് ഒരു മഹാക്ഷേത്രമാണെന്നാണു വിശ്വാസം. വിഗ്രഹത്തിന്റെ പുറകിലായി വ്യാസ പ്രതിഷ്ഠയ്ക്കു സമീപത്തുള്ള നടയിൽ ഭക്തജനങ്ങൾ തൊട്ടു കണ്ണിൽ വയ്ക്കുകയും നമസ്കരിക്കുകയും ചെയ്യുന്ന ഒരു സ്ഥലമുണ്ട്.
അവിടെ 2 ഗൗളികളെ കൊത്തിവച്ചിട്ടുണ്ട്. ശങ്കരൻ, ലിഖിതൻ എന്നീ രണ്ടു മുനിമാരാണത്. ഭക്തരുടെ സ്പർശനത്തിലൂടെ ശാപമോക്ഷം കിട്ടാനായിട്ടാണ് അവരവിടെ നിൽക്കുന്നതെന്നാണു വിശ്വാസം. സവിശേഷമായ കൊത്തുപണികളാണു ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. മുന്നൂറ്റി അറുപത്തഞ്ചേകാൽ ദിവസങ്ങളെ സൂചിപ്പിക്കുന്ന അത്രയും തൂണുകൾ അവിടെയുണ്ട്. വലിയൊരു വിസ്മയം ആയിരംകാൽ മണ്ഡപമാണ്.
കല്ലിൽ കൊത്തിയ മണി, സപ്തസ്വര മണ്ഡപം എന്നിവയൊക്കെ ഇവിടെയുണ്ട്. പണ്ട് അഭിഷേകത്തിന് ഉപയോഗിച്ചിരുന്നുവെന്നു കരുതുന്ന കൽത്തൊട്ടിക്കുള്ളിൽ ചതുർബാഹുവമായ മഹാവിഷ്ണുവിന്റെ വിഗ്രഹം കൊത്തിവച്ചിട്ടുണ്ട്. നിൽക്കുന്ന രൂപത്തിലാണത്. കഷ്ടിച്ച് 15 സെന്റീമീറ്ററേ വലിപ്പം വരൂ.
ഏറ്റവും പഴക്കമുള്ള ക്ഷേത്രം തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രമാണ്. അതിനു പ്രത്യേകമായ കൊടിമരമുണ്ട്. പണ്ട് മഹാഭാരത യുദ്ധം കഴിഞ്ഞ് ബലരാമൻ പത്മതീർഥത്തിൽ കുളിക്കുകയും 501 പശുക്കളെ കുളിപ്പിച്ച ശേഷം കൊമ്പിൽ സ്വർണം കെട്ടി ക്ഷേത്രത്തിൽ നടയ്ക്കുവച്ചിട്ടു കന്യാകുമാരിയിലേക്കു പോയി എന്നൊരു കഥയുണ്ട്. ക്ഷേത്രം എട്ടു ഗോപുരത്തിന് എട്ടു തട്ടുകൾ.
ഗോപുരത്തിനു മുകളിൽ എട്ടു താഴികക്കുടങ്ങൾ, ഗോപുരത്തിന്റെ മുകൾ ഭാഗത്തിന് വഞ്ചിയുടെ ആകൃതിയാണ്. എട്ടാമത്തെ തട്ടിൽ കയറി നിന്നാൽ കടലും വിമാനത്താവളവുമുൾപ്പെടെ കാണാം. നല്ല കാറ്റാണ്. ചിലപ്പോൾ നമ്മൾ വിഴാൻ പോകും. ഇപ്പോൾ സുരക്ഷാ പ്രശ്നങ്ങൾ കാരണം എല്ലാ ഗോപുരങ്ങളിലും ഭക്തർക്കു പ്രവേശനം അനുവദിച്ചിട്ടില്ല.
ക്ഷേത്ര വികസനവുമായി ബന്ധപ്പെട്ട് ഭരണസമിതിയുടെ പ്രവർത്തനം എങ്ങനെയാണ്, ഭാവിയിലെ വികസന പദ്ധതികളിൽ പരിഗണിക്കുന്നത് എന്തൊക്കെയായിരിക്കും ?
∙ നിലവിലുള്ള ഭരണസമിതി ഒറ്റ മനസ്സോടെയാണു നീങ്ങുന്നത്. തിരുവിതാംകൂർ രാജകുടുംബത്തെയാണ് ഞാൻ പ്രതിനിധീകരിക്കുന്നത്. ക്ഷേത്രത്തിൽ നടപ്പിലാക്കേണ്ട പല പദ്ധതികളെയും പറ്റിയുള്ള രൂപരേഖ പരിഗണനയിലാണ്. ഭക്തർക്ക് സുഗമമായി ദർശനം നടത്താനുള്ള ക്രമീകരണങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്.
ക്ഷേത്രഗോപുരത്തിന്റെ ആദ്യത്തെ 3 നിലകൾ മ്യൂസിയമാക്കി ഭക്തജനങ്ങളെ പ്രവേശിപ്പിക്കാനൊരു പദ്ധതി പരിഗണനയിലുണ്ട്. സുരക്ഷാ സൗകര്യങ്ങളും ക്യാമറയുമൊക്കെയുണ്ടെങ്കിലേ അതു പ്രായോഗികമാകൂ. പദ്മതീർഥത്തിന്റെ സൗന്ദര്യവൽക്കരണവും പരിഗണനയിലുണ്ട്.
ഇനി വ്യക്തിപരമായ വിഷയങ്ങളിലേക്കു വരാം, പശുപരിപാലനത്തിലും കൃഷിയിലേക്കും എത്തിച്ചേർന്നതെങ്ങിനെയാണ്?
∙ എന്റെ കുട്ടിക്കാലത്ത് ഇവിടെ ധാരാളം പശുക്കളുണ്ടായിരുന്നു. 14 വയസ്സുവരെ പശുവിൻപാലു കുടിച്ചാണു ഞാൻ വളർന്നത്. ക്രമേണ പശുക്കളില്ലാതായി. എന്റെ കുട്ടികൾ ജനിച്ചപ്പോൾ അവർക്കു വേണ്ടി ആദ്യം ഒരു പശുവിനെ വാങ്ങി. ഇപ്പോൾ മുപ്പതെണ്ണം ഉണ്ട്. വെച്ചൂർ പശുവിനെ കിട്ടണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
അതു കിട്ടി. വെച്ചൂർ എച്ച്എഫ്, ജേഴ്സി ഇനങ്ങളിലെ പശുക്കളാണുള്ളത്. പശുക്കളെ കാണാൻ രാവിലെയും വൈകിട്ടുമൊക്കെ പോകും. ചൂട് നിയന്ത്രിക്കാൻ ഫാനൊക്കെ വച്ചു കൊടുത്തിട്ടുണ്ട്. കോവിഡ് കാലത്ത് സജീവമായി കൃഷി ഉണ്ടായിരുന്നു. കാബേജൊക്കെ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ വെണ്ട, വെള്ളരിയൊക്കെ കൃഷി ചെയ്യുന്നു. കാലാവസ്ഥയുടെ പ്രശ്നം കാരണം കൃഷി കാര്യമായി നടക്കുന്നില്ല. എങ്കിലും നമുക്ക് ആവശ്യത്തിനുള്ളത് ഉണ്ടാക്കുന്നുണ്ട്.
വാഹനങ്ങളോടും ഡ്രൈവിങ്ങിനോടുമുള്ള താൽപര്യം എങ്ങനെയാണ് ?
∙ ഡ്രൈവിങ്ങ് വളരെ ഇഷ്ടപ്പെട്ട മേഖലയാണ്. ഓഫ് റോഡ് ഡ്രൈവിങ്ങാണു താൽപര്യം. ഹൈറേഞ്ചിലൂടെയൊക്കെ പോയിട്ടുണ്ട്. അടുത്ത വർഷം നമീബിയയിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്തിട്ടുണ്ട്. ഇന്ത്യക്കകത്ത് ആദികൈലാസിൽ ഒരിക്കൽ പോയി. ദുർഘടമായ വഴിയായിരുന്നു. റോഡ് ഇടിഞ്ഞു വീണുകൊണ്ടിരുന്നതിനാൽ തനിയെ ഓടിക്കാൻ പറ്റിയില്ല.
തമിഴ്നാട്ടിൽ കൂന്തൽക്കുളമെന്നൊരു പ്രദേശമുണ്ട്. നിറയെ ചെളി നിറഞ്ഞ വഴി. വണ്ടി പോകില്ലെന്നു പറഞ്ഞ് ഗൈഡ് യാത്ര തടയാൻ നോക്കി. പക്ഷേ ഒരു ശ്രമം നടത്താൻ തീരുമാനിച്ചു. വിചാരിച്ചയത്ര എളുപ്പമായിരുന്നില്ല. പാമ്പിഴയുന്നതുപോലെയായിരുന്നു യാത്ര. യാത്ര കഴിഞ്ഞപ്പോൾ കാറിന്റെ പകുതി ഭാഗം വരെ ചെളിയിലായി. ആ ഡ്രൈവിങ്ങ് ഒരിക്കലും മറക്കാനാവില്ല. ചെന്നൈ, ബെംഗളൂരു ഭാഗത്തേക്കു വണ്ടി ഓടിക്കാൻ ഇഷ്ടമാണ്. കേരളത്തിലെ റോഡുകളിൽ യാത്ര വളരെ ബുദ്ധിമുട്ടാണ്.
പലപ്പോഴും സൈബർ ആക്രമണങ്ങൾ നേരിടാറില്ലേ. അതിനെക്കുറിച്ച് എന്താണു പറയാനുള്ളത് ?
∙ കൊട്ടാരത്തിൽ നിന്ന് സ്കൂളിൽ പോയിരുന്നത് ഒരു അംബാസിഡർ കാറിലായിരുന്നു. അങ്ങോട്ടു പോകുമ്പോൾ ഞാൻ ഒറ്റയ്ക്കായിരുന്നു. പക്ഷേ തിരികെ വരുമ്പോൾ ആ കാറിൽ എന്റെ കൂട്ടുകാർ മുഴുവൻ ഉണ്ടാകുമായിരുന്നു. എല്ലാവരെയും ഓരോ സ്ഥലത്ത് ഇറക്കിയിട്ട് അവസാനമാണ് കവടിയാർ കൊട്ടാരത്തിലെത്തിയിരുന്നത്. കോളജിലായപ്പോൾ യാത്ര ഒരു വാനിലായി. സ്കൂളിലുണ്ടായിരുന്നതിനെക്കാൾ കൂട്ടുകാർ തിരികെ വരുമ്പോൾ വാനിലുണ്ടാകുമായിരുന്നു. ‘വർമാ ട്രാവൽസ്’ എന്നൊക്കെ അവർ തമാശയായി പറയുമായിരുന്നു.
സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാരൊക്കെ ക്രിക്കറ്റ് കളിക്കാൻ കൊട്ടാരത്തിൽ വരും. അതിനൊന്നും രാജകുടുംബാംഗമാണെന്നത് ഒരു തടസ്സമായിട്ടില്ല. കൊട്ടാരത്തിൽ ആരും അതിനെ എതിർത്തിരുന്നുമില്ല. കുറച്ചുകൂടി വളർന്നപ്പോൾ ബാഡ്മിന്റൺ ആയി പ്രിയ വിനോദം. ഇപ്പോഴത്തെ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് സാറുമായൊക്കെ ഒന്നിച്ച് ബാഡ്മിന്റൺ കളിച്ചിട്ടുണ്ട്.
രാജഭരണം ഇല്ലാതായെങ്കിലും രാജകുടുംബം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഞങ്ങൾ ഇതുവരെ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമായിട്ടില്ല. എല്ലാ പാർട്ടിക്കാരോടും തുല്യബഹുമാനമാണു സൂക്ഷിക്കുന്നത്. ചിത്തിരതിരുനാൾ മഹാരാജാവിന്റെ കാലം മുതലുള്ള ശീലമാണത്. അങ്ങേയറ്റത്തെ ലാളിത്യത്തോടെയുള്ള ജീവിതശൈലി കണ്ടാണു വളർന്നത്. ഇപ്പോഴും കുടുംബാംഗങ്ങളെല്ലാം നിലത്തിരുന്നാണു ഭക്ഷണം കഴിക്കുന്നത്.
കൂടുതൽ താൽപര്യമെടുക്കുന്നത് ക്ഷേത്രകാര്യങ്ങളിലാണ്. അതു ഭക്തിയോടെയും ശ്രദ്ധയോടെയുമാണ് ചെയ്യുന്നത്. എന്തിനാണ് ഞങ്ങളെ സൈബറിടങ്ങളിൽ ആക്രമിക്കുന്നതെന്നു മനസ്സിലാവുന്നില്ല. അടുത്തകാലത്ത് ഒരു സ്കൂളിന്റെ വാർഷികം ഉദ്ഘാടനം ചെയ്യാൻ പോയതിനാണ് ഏറ്റവും അവസാനത്തെ സൈബർ ആക്രമണം നേരിട്ടു കൊണ്ടിരിക്കുന്നത്.
വിമർശിക്കുന്നവരിൽ പലർക്കും എന്നെയും എനിക്ക് അവരെയും നേരിട്ട് അറിയില്ല. അതുകൊണ്ടുതന്നെ പ്രത്യേകിച്ചു ശത്രുത തോന്നേണ്ട കാര്യവുമില്ല. കാരണമില്ലാത്ത ഇത്തരം വ്യക്തിഹത്യകൾ ഒരു ജനാധിപത്യ സമൂഹത്തിൽ നല്ലതാണോ? അല്ല, എന്നുതന്നെയാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
കേരളത്തിലെ രാഷ്ട്രീയം, വികസനം എന്നിവയൊക്കെ ശ്രദ്ധിക്കാറുണ്ടോ ?
∙ വികസന പ്രവർത്തനങ്ങളിൽ ഇവിടെ ഒരു മെല്ലപ്പോക്കുണ്ടെന്നു തോന്നാറുണ്ട്. അതിലൊന്ന് റോഡ് വികസനമാണ്. കാലത്തിനനുസരിച്ചുള്ള റോഡ് വികസനത്തിൽ നാം ഇപ്പോഴും വളരെ പിന്നിലാണ്. നമ്മൾ നാലുവരിപ്പാത പൂർത്തിയാകുമ്പോഴേക്കും അതു പോരാതെയായിക്കഴിഞ്ഞിരിക്കും.
ദീർഘയാത്രയ്ക്കു പലരും ട്രെയിനിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ റെയിൽപ്പാത ഇരട്ടിപ്പിക്കലിന്റെ സ്ഥിതി എന്താണ്. അതിലും മെല്ലെപ്പോക്കുണ്ട്. മറ്റു വിമാനത്താവളങ്ങളൊക്കെ വികസിച്ചിട്ടും ഇവിടത്തെ വികസനം ഇഴഞ്ഞു നീങ്ങുകയാണ്.. ഇക്കാര്യത്തിൽ സർക്കാരുകളെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഭൂമി ഏറ്റെടുക്കലൊക്കെ വളരെയേറെ ശ്രമകരമായ കാര്യമാണ്. വികസനത്തിനു വേണ്ടി രാഷ്ട്രീയം മാറ്റിവച്ചുള്ള ഒരു വിശാല യോജിപ്പ് ഉണ്ടായാൽ നല്ലതായിരിക്കും.
English Summary: Exclusive Interview with Aditya Varma, Managing Committee Member of the Sree Padmanabhaswamy Temple and Director of The Aspinwall Company