2018 വീണ്ടും! ഇക്കുറി പ്രളയം അവാർഡിൽ; ‘അന്ന് ഞാനും അത് അനുഭവിച്ചു’, പെരിയാറിന്റെ വെള്ളം കണ്ട് പറഞ്ഞ കഥ
‘നിങ്ങൾ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാൽ അതു നിങ്ങൾക്കു നേടിത്തരാൻ വേണ്ടി ഈ പ്രപഞ്ചം മുഴുവൻ നിങ്ങൾക്കായി ഗൂഢാലോചന നടത്തും’ എന്ന ലോകപ്രശസ്ത എഴുത്തുകാരൻ പൗലോ കൊയ്‌ലോയുടെ വാചകം അഖിലിന്റെ കാര്യത്തിൽ ചെറുതായൊന്നു മാറ്റേണ്ടതുണ്ട്. അഖിൽ എഴുത്തുകാരനാകുക എന്ന തന്റെ സ്വപ്നം യാഥാർഥ്യമാക്കാനായി തീവ്രമായി ആഗ്രഹിക്കുക മാത്രമല്ല, അതിനായി വിയർത്തു പണിയെടുക്കുക കൂടി ചെയ്തു.
‘നിങ്ങൾ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാൽ അതു നിങ്ങൾക്കു നേടിത്തരാൻ വേണ്ടി ഈ പ്രപഞ്ചം മുഴുവൻ നിങ്ങൾക്കായി ഗൂഢാലോചന നടത്തും’ എന്ന ലോകപ്രശസ്ത എഴുത്തുകാരൻ പൗലോ കൊയ്‌ലോയുടെ വാചകം അഖിലിന്റെ കാര്യത്തിൽ ചെറുതായൊന്നു മാറ്റേണ്ടതുണ്ട്. അഖിൽ എഴുത്തുകാരനാകുക എന്ന തന്റെ സ്വപ്നം യാഥാർഥ്യമാക്കാനായി തീവ്രമായി ആഗ്രഹിക്കുക മാത്രമല്ല, അതിനായി വിയർത്തു പണിയെടുക്കുക കൂടി ചെയ്തു.
‘നിങ്ങൾ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാൽ അതു നിങ്ങൾക്കു നേടിത്തരാൻ വേണ്ടി ഈ പ്രപഞ്ചം മുഴുവൻ നിങ്ങൾക്കായി ഗൂഢാലോചന നടത്തും’ എന്ന ലോകപ്രശസ്ത എഴുത്തുകാരൻ പൗലോ കൊയ്‌ലോയുടെ വാചകം അഖിലിന്റെ കാര്യത്തിൽ ചെറുതായൊന്നു മാറ്റേണ്ടതുണ്ട്. അഖിൽ എഴുത്തുകാരനാകുക എന്ന തന്റെ സ്വപ്നം യാഥാർഥ്യമാക്കാനായി തീവ്രമായി ആഗ്രഹിക്കുക മാത്രമല്ല, അതിനായി വിയർത്തു പണിയെടുക്കുക കൂടി ചെയ്തു.
‘നിങ്ങൾ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാൽ അതു നേടിത്തരാൻ വേണ്ടി ഈ പ്രപഞ്ചം മുഴുവൻ നിങ്ങൾക്കായി ഗൂഢാലോചന നടത്തും’ എന്ന ലോകപ്രശസ്ത എഴുത്തുകാരൻ പൗലോ കൊയ്‌ലോയുടെ വാചകം അഖിലിന്റെ കാര്യത്തിൽ ചെറുതായൊന്നു മാറ്റേണ്ടതുണ്ട്. അഖിൽ എഴുത്തുകാരനാകുക എന്ന തന്റെ സ്വപ്നം യാഥാർഥ്യമാക്കാനായി തീവ്രമായി ആഗ്രഹിക്കുക മാത്രമല്ല, അതിനായി വിയർത്തു പണിയെടുക്കുക കൂടി ചെയ്തു.
വലിയ വലിയ പ്രചോദനാത്മക വാചകങ്ങളുടെ ഒരു കുഴപ്പമാണത്. അതു നിങ്ങളെ വലിയ മടിയൻമാരും മടിച്ചികളുമാക്കി മാറ്റിയേക്കാം. പക്ഷേ, അഖിൽ ആ കെണിയിൽ വീണില്ല. നന്നായി അധ്വാനിച്ചും കഷ്ടപ്പെട്ടും തന്നെ അഖിൽ തന്റെ ആദ്യ രണ്ടു പുസ്തകങ്ങൾ പുറത്തിറക്കി. വീട്ടുകാരും കൂട്ടുകാരും ബന്ധുക്കളുമൊന്നും അന്ന് അഖിലിന്റെ പ്രയത്നങ്ങളുടെ വിലയറിഞ്ഞില്ല. കാര്യമായി പിന്തുണച്ചുമില്ല. പക്ഷേ, ആദ്യ രണ്ടു സംരംഭങ്ങളും വിജയിച്ച ശേഷം അഖിലിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മൂന്നാം പുസ്തകം തേടി മലയാളത്തിലെ പ്രമുഖ പ്രസാധകൻ തന്നെ അഖിലിനടുത്തേക്ക് എത്തി.
ആ പുസ്തകമാണ് 13 പതിപ്പുകൾ പിന്നിട്ട നോവൽ ‘റാം കെയർ ഓഫ് ആനന്ദി’. അഖിലിന്റെ അഭിമുഖം വായിച്ച സംവിധായകൻ ജൂഡ് ആന്തണി ജോസഫ് നേരിട്ടു വിളിച്ച് 2018 സിനിമയിൽ സഹകരിപ്പിച്ചു. അങ്ങനെ അഖിൽ ഒരു സൂപ്പർഹിറ്റ് എഴുത്തുകാരനൊപ്പം മെഗാ ഹിറ്റ് തിരക്കഥാകൃത്തുമായി മാറി. എഴുത്തിലും സിനിമയിലുമൊക്കെയുള്ള തുടക്കക്കാർക്ക് ഏറെ പ്രചോദനാത്മകമാണ് അഖിലിന്റെ ജീവിതവും അനുഭവങ്ങളും. 2018 സിനിമ ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ആയി തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിൽ അഖിൽ പി.ധർമജൻ മനോരമ ഓൺലൈൻ പ്രീമിയവുമായി നടത്തിയ സംഭാഷണം.
? ആദ്യപുസ്തകം പ്രസിദ്ധീകരിക്കാൻ ബുദ്ധിമുട്ടിയ, ഒരുപാടു തിരസ്കാരങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന നാളുകളിൽ നിന്ന് ഓസ്കർ എൻട്രി വരെ എത്തിനിൽക്കുന്ന ജീവിതം. തിരിഞ്ഞുനോക്കുമ്പോൾ എന്തു തോന്നുന്നു
ആലപ്പുഴയിലെ തീരദേശഗ്രാമമായ പാതിരപ്പള്ളിയിലെ ഒരു കൂലിപ്പണിക്കാരന്റെ മകനാണ് ഞാൻ. വളരെ സാധാരണനിലയിലുള്ള കുടുംബം. വീട്ടിലാരും തന്നെ പുസ്തകങ്ങൾ വായിക്കുന്നതു ഞാൻ കണ്ടിട്ടില്ല. അങ്ങനെ ഒരു ശീലമാർക്കുമില്ല, അതിനുള്ള സാഹചര്യമുണ്ടായിരുന്നില്ല. സിനിമരംഗവുമായും ബന്ധമുള്ള ആരും കുടുംബത്തിലില്ലായിരുന്നു. ആ സാഹചര്യത്തിൽ നിന്നുകൊണ്ട് എനിക്ക് ഒരു എഴുത്തുകാരൻ ആകണം എന്ന് അവതരിപ്പിക്കുമ്പോൾ വീട്ടിലും കൂട്ടുകാരുടെ ഇടയിലുമൊക്കെ ആദ്യം പരിഹാസമായിരുന്നു. എല്ലാവരും നിരുത്സാഹപ്പെടുത്തിയിട്ടേ ഉള്ളൂ.
എഴുത്തുകാരനൊക്കെ ആയാൽ ജീവിതം നശിച്ചുപോയി എന്ന ചിന്താഗതി ഉള്ളവരായിരുന്നു ചുറ്റിലും. ഭയന്നിട്ട് ഞാൻ എഴുതിയതെല്ലാം അന്ന് ഒളിപ്പിച്ചുവച്ചിട്ടേ ഉള്ളൂ. സ്കൂളിൽ ഞാൻ ഒരു പുസ്തകത്തിന്റെ പുറകിൽ എഴുതി സൂക്ഷിച്ചതൊക്കെ വലിച്ചുകീറിക്കളഞ്ഞ ദുരനുഭവവുമുണ്ടായിട്ടുണ്ട്. പക്ഷേ, വായന ഞാൻ കൈവിടാതെ സൂക്ഷിച്ചിരുന്നു. വീടിനടുത്തുള്ള വായനശാലയിൽ അംഗത്വമെടുത്തു. പ്ലസ് ടു ആയപ്പോഴേക്കും അവിടുത്തെ മിക്കവാറും എല്ലാ പുസ്തകങ്ങളും വായിച്ചുതീർത്തിരുന്നു. അതൊക്കെ പിന്നീട് എന്റെ എഴുത്തിനെ ഒരുപാടു സഹായിച്ചിട്ടുണ്ട്. എഴുതണം എഴുതണം എന്നു മനസ്സിലുണ്ടായിരുന്നെങ്കിലും എങ്ങനെയാണു പുസ്തകം ഇറക്കുക എന്നതിനെപ്പറ്റി വലിയ പിടിപാടൊന്നും ഇല്ലായിരുന്നു.
പിന്നെ വലുതായപ്പോഴാണ് മലയാളത്തിൽ ഇത്രയധികം പ്രസാധകരുണ്ടെന്നും നമുക്കു നമ്മുടെ പുസ്തകം അവരിലൂടെ പ്രസിദ്ധീകരിക്കാൻ സാധിക്കും എന്നൊക്കെ മനസ്സിലാകുന്നത്. പ്ലസ് ടു കഴിഞ്ഞയുടൻ ആദ്യ നോവൽ ‘ഓജോ ബോർഡ്’ എഴുതി പൂർത്തിയാക്കി. വലിയ ആഗ്രഹത്തോടെ ഞാൻ അതു കുറേ പ്രസാധകർക്ക് അയച്ചു. അവരെല്ലാം എന്നെ തിരസ്കരിച്ചു. പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ ഒരുപാടു കടമ്പകൾ ഉണ്ടെന്ന് അങ്ങനെ എനിക്കു മനസ്സിലായി.
എന്റെ ഒരു കൂട്ടുകാരനായ അഭിജിത്ത് മാത്രമാണ് അന്ന് നോവൽ വായിച്ച് നല്ലതാണെന്നു പറഞ്ഞത്. എനിക്കു ശരിക്കും മനസ്സ് മടത്തു. എന്തു ചെയ്യണമെന്ന് അറിയില്ല. അന്നു ഫെയ്സ്ബുക്കിലൊക്കെ സജീവമായി ഇടപെട്ടു തുടങ്ങുന്ന സമയമാണ്. അങ്ങനെയാണ് ഓജോ ബോർഡ് ഫെയ്സ്ബുക്കിൽ ഓരോ അധ്യായമായി വെറുതേ എഴുതിയിട്ടു തുടങ്ങിയത്. ആദ്യത്തെ 7 അധ്യായം വായിക്കാൻ ആരുമില്ലായിരുന്നു. പക്ഷേ, പിന്നീട് ഒരാൾ വന്നു. അതിനുശേഷം ആ ആൾ കുറേ കൂട്ടുകാരുമായി വന്നു. അങ്ങനെ അങ്ങനെ വായനക്കാർ കൂടി. അത് എന്റെ ആത്മവിശ്വാസം കൂട്ടി.
എന്റെ ചേട്ടൻ വീട്ടിൽ ഒരു പഴയ കംപ്യൂട്ടർ വാങ്ങിയിട്ടുണ്ടായിരുന്നു. അതിലൂടെയാണ് കഥകൾ പോസ്റ്റ് ചെയ്തു കൊണ്ടിരുന്നത്. അവൻ ആ കംപ്യൂട്ടർ വാങ്ങിയില്ലായിരുന്നെങ്കിൽ, ഞാൻ അതിൽ മലയാളം ടൈപ്പിങ് പഠിച്ചില്ലായിരുന്നെങ്കിൽ, എഴുത്തിലെത്താൻ ഞാൻ വീണ്ടും ഒരുപാടു വൈകിയേനേ. ഫെയ്സ്ബുക്കിൽ ആളുകളുടെ പ്രോത്സാഹനം എനിക്ക് വലിയ കരുത്തായി. വീണ്ടും ഞാൻ ഈ കമന്റുകളും ഫെയ്സ്ബുക്കിലെ വായനക്കാരുടെ എണ്ണവുമൊക്കെ ചേർത്ത് വിവിധ പ്രസാധക സ്ഥാപനങ്ങളെ സമീപിച്ചെങ്കിലും അവർ എന്നെ വിശ്വസിച്ചില്ല. വീണ്ടും തിരസ്കാരം. പക്ഷേ, എനിക്ക് എന്റെ എഴുത്തിൽ അപ്പോഴേക്കും നല്ല വിശ്വാസമായിരുന്നു.
ഞാൻ ഫെയ്സ്ബുക്കിൽ കഥ എന്നൊരു പേജ് തുടങ്ങി അതിൽ കൂടുതൽ അധ്യായങ്ങൾ ഇടാൻ ആരംഭിച്ചു. ആദ്യമൊക്കെ ചുരുക്കം പേരാണു ‘ലൈക്ക്’ ചെയ്തിരുന്നത്. പക്ഷേ, 38–ാമത്തെ അധ്യായത്തെ 18,000 പേർ ഫെയ്സ്ബുക്കിൽ പിന്തുടരാൻ തുടങ്ങി. ഒടുവിൽ എന്റെ വായനക്കാർ ചേർന്നു ‘ക്രൗഡ‍് ഫണ്ടിങ്’ (ഇന്റർനെറ്റ് വഴി ഒട്ടേറെ ആളുകളിൽ നിന്ന് പണം സ്വരൂപിച്ച് ഒരു സംരംഭത്തിനോ മറ്റോ ധനസഹായം നൽകുന്ന രീതി) നടത്തിയാണ് ഓജോ ബോർഡ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. പുസ്തകപ്രകാശനവും വ്യത്യസ്തമായി ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഓജോ ബോർഡ് ഒരു അപസർപ്പക നോവലാണല്ലോ. അതിനാൽ ആലപ്പുഴ വലിയചുടുകാട് ശ്മശാനമാണ് പുസ്തകം പ്രകാശനം ചെയ്യാൻ തിരഞ്ഞെടുത്തത്. വായനക്കാരും ചങ്ങാതിമാരുമായി ഒരു 50 പേരെയാണു ഞാൻ പ്രതീക്ഷിച്ചത്.
പക്ഷേ, ഞാൻ പ്രതീക്ഷിച്ചതിലും വലിയ ജനം അന്ന് അവിടെയെത്തി. യക്ഷിയുടെ രൂപം ധരിച്ച ഒരു പെൺകുട്ടിയാണ് പുസ്തകവുമായി എത്തിയത്. അവിടെയെത്തിയവരിൽ നിന്നു പേരെഴുതി നറുക്കിട്ടെടുത്ത ഒരാൾ ഓജോ ബോർഡ് പ്രകാശനം ചെയ്തു. അങ്ങനെ ഞാൻ എഴുത്തുകാരനായി. പക്ഷേ, പ്രതിസന്ധി ഒഴിഞ്ഞിട്ടില്ലായിരുന്നു. എന്റെ പുസ്തകം എടുക്കാൻ പുസ്തകശാലകൾ ഒന്നും തയാറായില്ല. അഖിൽ പി.ധർമജൻ ആരാണ്, ഇയാളുടെ ഏതെങ്കിലും പുസ്തകം മുൻപ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ, ഞങ്ങൾ ഇതെടുത്തു വച്ചാൽ ആരെങ്കിലും വാങ്ങുമോ എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ. അങ്ങനെ ഞാൻ ഒരു ട്രാവൽബാഗിൽ ഓജോ ബോർഡ് പുസ്തകം നിറച്ച് ആലപ്പുഴ ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലുമൊക്കെ കൊണ്ടുനടന്നു വിൽക്കാൻ തീരുമാനിച്ചു.
ആലപ്പുഴയിൽ കുറച്ചു പുസ്തകങ്ങൾ ചെലവായപ്പോൾ ഞാൻ ഓജോ ബോർഡുമായി തൊട്ടടുത്ത ജില്ലകളായ കൊല്ലത്തേക്കും എറണാകുളത്തേക്കുമൊക്കെ പോയി വിൽപനയ്ക്കു ശ്രമിച്ചു. നല്ല രീതിയിൽ പുസ്തകം ചെലവായി. തുടർന്ന് കേരളത്തിലെ 14 ജില്ലകളിലും ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഞാൻ പുസ്തകം കൊണ്ടു നടന്നു വിറ്റു. അങ്ങനെ ആദ്യ എഡിഷൻ മുഴുവൻ ഞാൻ ഒറ്റയ്ക്ക് വിറ്റു തീർത്തു. പാതിരപ്പള്ളി എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ച എനിക്ക് എന്റെ എഴുത്ത് പുറംലോകത്തേക്ക് എത്തിക്കാൻ കഴിയും എന്ന് ഇതോടെ ആത്മവിശ്വാസമായി.
രണ്ടാമത്തെ പതിപ്പ് ഞാൻ ഫ്ലിപ്‌കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ സൈറ്റുകളിലും വിൽപനയ്ക്ക് വച്ചു. ആമസോണിൽ ‘ടോപ് 100’ പുസ്തകങ്ങളുടെ പേജിൽ ഓജോ ബോർഡ് ഏറ്റവും വിൽപ്പനയുള്ള പുസ്തകമായത് വലിയ സന്തോഷമുണ്ടാക്കിയ ഓർമയാണ്. എന്റെ പുസ്തകങ്ങളിലെല്ലാം വ്യത്യസ്ത ആശയങ്ങളും വ്യത്യസ്ത എഴുത്തുരീതിയുമാണ് ഞാൻ അവലംബിച്ചിട്ടുള്ളത്. പുസ്തകപ്രകാശനവും അതിനാൽ വ്യത്യസ്തമാക്കണമെന്ന് എനിക്ക് വാശിയുണ്ടായിരുന്നു. രണ്ടാമത്തെ പുസ്തകമായ ‘മെർക്കുറി ഐലൻഡ്’ ഒരു ഭ്രമാത്മക നോവലാണ്. അത് ആലപ്പുഴ ജില്ലയിലെ ദ്വീപായ പാതിരാമണലിൽ വച്ചാണ് പ്രകാശനം ചെയ്തത്.
മൂന്നാമത്തെ പുസ്തകമായ ‘റാം കെയർ ഓഫ് ആനന്ദി’ സിനിമ കാണുന്നതു പോലെ വായിക്കാവുന്ന ഒരു നോവലാണ്. അതിന്റെ കഥാപരിസരം ചെന്നൈ ആണ്. അതു പ്രസിദ്ധീകരിച്ച സമയത്ത് ലോകം കോവിഡിന്റെ പിടിയിലമർന്നിരുന്നു. കഥ നടക്കുന്ന ചെന്നൈയിൽ വച്ച് പുസ്തകം പ്രകാശനം ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. അങ്ങനെ കോവിഡ് കാലഘട്ടത്തിൽ ഞാൻ ബൈക്കിൽ ചെന്നൈയിലേക്കു പോകുകയും അവിടെവച്ച് പ്രകാശനം ചെയ്യുകയുമായിരുന്നു. ഇങ്ങനെ ജീവിതത്തിൽ പതിയെ, ഓരോ പടികളായി കയറി വന്നതുകൊണ്ട് എനിക്ക് ഇപ്പോൾ ഭയമില്ല. പുറത്തുനിന്ന് ഇപ്പോൾ ഒരാൾ നോക്കുമ്പോൾ ഞാൻ പെട്ടെന്നു വിജയം കൊയ്ത ആളാണെന്നു തോന്നാം. പക്ഷേ, അങ്ങനെയല്ല. കുട്ടിക്കാലം മുതൽ ഓരോരോ പടികളായി സമയമെടുത്ത് എന്റെ സ്വപ്നങ്ങളിലേക്കു നടക്കുന്ന ഒരാളാണു ഞാൻ.
? എഴുത്താണ് അഖിലിന്റെ വഴിയെന്ന് ഉറപ്പിച്ചതും അതേവഴി നീങ്ങാമെന്ന് ആത്മവിശ്വാസം തോന്നിയതും എപ്പോഴാണ്
∙ എല്ലാ പ്രസാധകരും ഓജോ ബോർഡ് തിരസ്കരിച്ചു കഴിഞ്ഞ് ഞാൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു തുടങ്ങിയല്ലോ. എന്റെ എഴുത്തുരീതിയെയാണ് പ്രസാധകർ തിരസ്കരിക്കാനുള്ള കാരണമായി പറഞ്ഞിരുന്നത്. എനിക്കു വലിയ സാഹിത്യഭാഷയിൽ എഴുതാനൊന്നും അറിയില്ല. അടുപ്പമുള്ള ഒരാളോടു കഥ പറയുന്ന രീതിയിലാണു ഞാൻ എഴുതുക. പക്ഷേ, എന്റെ എഴുത്തുശൈലി ആളുകൾക്ക് ഇഷ്ടപ്പെട്ടതിനാലാണല്ലോ സമൂഹമാധ്യമങ്ങളിൽ അത്രയേറെ പേർ വായിക്കാനുണ്ടായതും അവർ മുൻകയ്യെടുത്ത് പുസ്തകം പ്രസിദ്ധീകരിച്ചതും. അങ്ങനെയാണ് എഴുത്തിൽ ആത്മവിശ്വാസം ഉണ്ടാകുന്നത്.
പോളിടെക്നിക്കിൽ മെക്കാനിക്കൽ ഡിപ്ലോമ പഠിക്കുന്ന സമയത്താണ് ഇതു സംഭവിക്കുന്നത്. അപ്പോഴാണ് ഇനി എഴുത്തുമായി മുന്നോട്ടുപോകാം എന്നു തീരുമാനിക്കുന്നത്. അന്നു ഞാൻ പഠിക്കുന്ന പോളി ടെക്നിക്കിലെ പ്രിൻസിപ്പൽ പോലും എന്നോടു പറഞ്ഞത് എഴുത്ത്, സിനിമ എന്നെല്ലാം പറഞ്ഞു നടക്കുന്നവരെല്ലാം നശിച്ചുപോയിട്ടേ ഉള്ളൂ എന്നാണ്. ഒരാൾ പോലും രക്ഷപ്പെട്ടതായി പുള്ളിയുടെ അറിവിൽ ഇല്ല എന്ന്. അങ്ങനെ ഒരുപാടു പേരുടെ ശാപവാക്കുകളും തളർത്തലുകളും വളരെ അടുത്തുനിന്നു കേൾക്കേണ്ടി വന്ന ഒരു സമയമുണ്ട്. അതേസമയം, കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരുപാടു പേരുടെ സ്നേഹവും അംഗീകാരവും എഴുതാനുള്ള പിന്തുണയും ഫെയ്സ്ബുക്കിൽ നിന്നു കിട്ടിയപ്പോൾ എനിക്ക് വലിയ ആത്മവിശ്വാസമായി. അങ്ങനെയാണു പോളി ടെക്നിക് പഠനത്തിനു ശേഷം, ലഭിച്ച ജോലി പോലും ഉപേക്ഷിച്ച് മുഴുവൻ സമയ എഴുത്തുകാരനാകാനുള്ള സാഹസിക തീരുമാനമെടുക്കുന്നത്.
? 2018 എന്ന സിനിമയിലേക്ക് എത്തുന്നത് എങ്ങനെയാണ്? അതിന്റെ എഴുത്തനുഭവം എങ്ങനെയായിരുന്നു
∙ 2018 സിനിമയുടെ സംവിധായകൻ ജൂഡ് ആന്തണി ജോസഫിന്റെ വലിയ ആരാധകനായിരുന്നു ഞാൻ. ഓം ശാന്തി ഓശാനയൊക്കെ ഭയങ്കര ഇഷ്ടമായിരുന്ന കാലം. എനിക്കും സിനിമാമോഹമുദിച്ച സമയത്ത് ജൂഡേട്ടന് ഞാൻ പലതവണ മെസേജുകൾ ഒക്കെ അയച്ചിട്ടുണ്ട്. പക്ഷേ, ഇങ്ങനെ എത്രപേരുടെ മെസേജുകൾ അദ്ദേഹത്തിനു വരുന്നുണ്ടാകണം. അതുകൊണ്ടാകണം എനിക്ക് ആദ്യം അദ്ദേഹത്തിന്റെ മറുപടിയൊന്നും കിട്ടിയിരുന്നില്ല. പക്ഷേ, എനിക്കതിൽ നിരാശയൊന്നുമില്ലായിരുന്നു.
എന്റെ ആദ്യ പുസ്തകം ഓജോ ബോർഡ് ഞാൻ കൊണ്ടുനടന്നു വിൽക്കുന്ന സമയത്ത് വനിത മാസികയിൽ എന്നെപ്പറ്റി ഒരു ലേഖനം വന്നിരുന്നു. അതു കണ്ടിട്ടാകണം, ജൂഡേട്ടൻ എന്നെ വിളിച്ചിരുന്നു. നീ ഈ പുസ്തകം കൊണ്ടുനടന്നു വിൽക്കുന്നതല്ലേ, എനിക്ക് ഒരെണ്ണം കൊണ്ടുവന്നു താ എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ ഞാൻ പുസ്തകവുമായി ആലുവയിൽ അദ്ദേഹത്തെ കാണാനായി പോയി. പക്ഷേ, എനിക്കു സ്റ്റേഷൻ മാറിപ്പോയി. ഞാൻ പോയി ഇറങ്ങിയത് തൃശൂരാണ്. ഞാൻ തൃശൂരിൽ നിന്ന് അടുത്ത ട്രെയിൻ മാറിക്കയറി ആലുവയിലേക്കു തിരിച്ചുവരുന്നതു വരെ ഒരു മണിക്കൂറിലേറെ സമയം അദ്ദേഹം എനിക്കു വേണ്ടി അവിടെ കാത്തിരുന്നു. ഞാൻ വളരെ പേടിച്ചാണു ചെന്നത്. പക്ഷേ, അദ്ദേഹം ഒരു തുടക്കക്കാരനായ എന്നോടു ദേഷ്യപ്പെടുകയോ വഴക്കുപറയുകയോ ഒന്നും ചെയ്തില്ല. എന്നെ കൂടെയിരുത്തി സമാധാനമായി സംസാരിച്ചു, പുസ്തകം വാങ്ങി.
എനിക്കു വലിയ സ്നേഹം തോന്നി. എന്റെ രണ്ടാമത്തെ പുസ്തകം ‘മെർക്കുറി ഐലൻഡി’ന്റെ അവതാരിക എഴുതിയത് അദ്ദേഹമാണ്. അങ്ങനെ ആ ബന്ധം തുടർന്നു. എനിക്ക് എഴുത്തിലൂടെ കിട്ടിയ ഒരു ആത്മബന്ധമാണത്. 2018 മഹാപ്രളയത്തിനു ശേഷമാണല്ലോ ഈ സിനിമ അദ്ദേഹം പ്രഖ്യാപിക്കുന്നത്. ഭയങ്കര ആവേശത്തിലായ ഞാൻ അദ്ദേഹത്തിന് അഭിനന്ദന മെസേജ് അയച്ചു. പിന്നീട് മൂന്നുനാലു മാസത്തിനു ശേഷം ചെന്നൈയിൽ വച്ച് എന്റെ മൂന്നാമത്തെ പുസ്തകം ‘റാം കെയർ ഓഫ് ആനന്ദി’ എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് ജൂഡേട്ടന്റെ ഒരു അപ്രതീക്ഷിത വിളി എനിക്കു ലഭിക്കുന്നത്. അപ്പോഴും ഈ സിനിമ എഴുതാനായിട്ടാണു വിളിക്കുന്നതെന്ന് അദ്ദേഹം പറയുന്നില്ല. നീ ഒന്ന് ആലുവയ്ക്ക് വാ എന്നു മാത്രം പറഞ്ഞു.
ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ഒരു പ്രധാന ഇടം എന്നു പറയുന്നത് ആലുവ എന്നു പറയുന്ന സ്ഥലം തന്നെയാണ്. ദേശത്ത് അദ്ദേഹം ഒരു ഫ്ലാറ്റ് എടുത്തിട്ടുണ്ടായിരുന്നു. അതിന്റെ ബാൽക്കണിയിൽ പ്രളയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന പെരിയാർ നദി നോക്കിനിന്നുകൊണ്ടാണ് ജൂഡേട്ടൻ 2018ന്റെ കഥ എന്നോടു പറയുന്നത്. അതെന്നെ കോരിത്തരിപ്പിച്ചു. ചേട്ടാ, ഇതൊക്കെ എങ്ങനെ ചെയ്തെടുക്കും എന്നാണ് ഞാൻ ആദ്യം ചോദിച്ചത്. നമുക്കു ചെയ്യാമെന്നേ, തിരക്കഥ എഴുതിക്കഴിഞ്ഞാൽ എന്തു വേണമെങ്കിലും നമുക്കു ചെയ്യാനാകും എന്നു പറഞ്ഞു. പുള്ളിയുടെ കണ്ണിൽ ഒരു വലിയ ആത്മവിശ്വാസം അപ്പോൾ ഞാൻ കണ്ടു. മലയാളസിനിമ ഇതുവരെ കാണാത്ത മികവോടെ, ഹോളിവുഡ് പടം ചെയ്യുന്ന പോലെ വേണം ഇതു ചെയ്യുന്നത് എന്നൊരു വാശി അദ്ദേഹത്തിനുണ്ടായിരുന്നു.
ആ നിമിഷം ഞാനും ജൂഡേട്ടനും നിർമാതാവ് ആന്റോ ചേട്ടനും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അങ്ങനെ ഞാൻ ഇതിലേക്കു വരികയാണ്. പിന്നീട് ആദ്യ സീൻ തൊട്ട് നമ്മൾ എഴുതിത്തുടങ്ങി. ചർച്ച ചെയ്ത് ചെയ്താണ് എഴുത്ത്. പ്രളയത്തെപ്പറ്റി വന്ന വാർത്തകൾ മുഴുവൻ പരിശോധിക്കും. അതിൽ പറയുന്ന സ്ഥലങ്ങളിൽ പോകും. ആളുകളുമായി സംസാരിക്കും. പ്രളയവുമായി ബന്ധപ്പെട്ട് ഒരുപാടു പേരുമായി സംസാരിച്ചിട്ടുണ്ട്. വിവരങ്ങൾ ശേഖരിച്ചു. പഠനങ്ങൾ നടത്തി. സത്യത്തിൽ അക്കാലത്ത് ഞാനൊരു വിദ്യാർഥിയെപ്പോലെ ആയിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി അതിൽ പറയുന്നുണ്ട്. കൃത്യമായി പഠിച്ച ശേഷമാണ് ആ സംഭാഷണങ്ങൾ എഴുതിയത്.
സമുദ്രതാപനില ഉയരുന്നതിനെപ്പറ്റിയും അതു നമ്മുടെ കാലാവസ്ഥയെ ബാധിക്കുന്നതിനെപ്പറ്റിയുമൊക്കെ ആഴത്തിൽ പഠിച്ചു. സിനിമ എഴുതുന്ന സമയത്താണ് 2019ലെ രണ്ടാമത്തെ പ്രളയം വരുന്നത്. ആ സമയത്ത് താമസിച്ചിരുന്ന ഫ്ലാറ്റിന്റെ ആദ്യനില വരെ വെള്ളം വന്നു. രാത്രി വൈദ്യുതി പോയി. ചെറിയ പേടി തോന്നിയ സ്ഥിതിയൊക്കെ ആയി. ഫ്ലാറ്റിൽ താമസിച്ചിരുന്ന ആളുകളൊക്കെ രാത്രി ഉറങ്ങാതെ കടവിൽ പോയി ടോർച്ച് അടിച്ച് വെള്ളം കയറുന്നോ എന്നു പരിശോധിക്കുമായിരുന്നു. ജൂഡേട്ടൻ എന്നോടു വീട്ടിൽ പോകാൻ പറഞ്ഞെങ്കിലും ഞാൻ അവിടെ നിന്നു പ്രളയം വീണ്ടും അനുഭവിക്കുകയാണ് ചെയ്തത്.
2018ലെ പ്രളയത്തിൽ ആലപ്പുഴയിലെ ക്യാംപുകളിലും മറ്റും പ്രവർത്തനങ്ങളുമായി ഞാൻ സജീവമായി രംഗത്തുണ്ടായിരുന്നു. അതും തിരക്കഥയെഴുത്തിൽ എനിക്ക് ഒരുപാടു സഹായമായി. ഞാൻ താമസിക്കുന്ന പാതിരപ്പള്ളി ഒരു തീരദേശ ഗ്രാമമാണ്. ഞാൻ പഠിച്ചത് തീരദേശത്തെ സ്കൂളിലാണ്. അതും തീരദേശത്തെ ജനങ്ങളെപ്പറ്റി സിനിമയിൽ എഴുതിയപ്പോൾ വലിയ സഹായമായിരുന്നു.
? അടുത്ത പുസ്തകം ‘രാത്രി 12നു ശേഷം’ എവിടെ വരെയാ
∙ ‘രാത്രി 12നു ശേഷം’ എഴുതിക്കഴിഞ്ഞു. എഴുത്തിനു ശേഷം ഞാൻ ഒരു ഇടവേള എടുക്കാറുണ്ട്. രണ്ടു മാസം. ആ സമയത്ത് മറ്റെന്തെങ്കിലും ചെയ്യും. പിന്നീട് എഴുതിപ്പൂർത്തിയാക്കിയത് ആദ്യം തൊട്ട് ഒന്നുകൂടി വായിക്കും. അപ്പോൾ ആ കഥ വളരെ പുതുമയോടെ നമുക്കു സമീപിക്കാനാകും. ഞാനൊരു സാധാരണ വായനക്കാരനായിട്ടായിരിക്കും അപ്പോൾ അതിനെ സമീപിക്കുക. എന്തെങ്കിലും തിരുത്തുകൾ വേണമെങ്കിൽ അപ്പോൾ നമുക്കു മനസ്സിലാകും. നമ്മൾ എഴുതിക്കൊണ്ടിരിക്കുമ്പോൾ അതു കിട്ടണമെന്നില്ല. അങ്ങനെ ഒരു ഇടവേള ഞാൻ എന്റെ എല്ലാ പുസ്തകങ്ങൾക്കും കൊടുക്കും.
ഞാൻ തുടർച്ചയായി പുസ്തകങ്ങൾ എഴുതുന്നയാളല്ല. കുറഞ്ഞത് രണ്ട്, മൂന്ന് വർഷങ്ങളുടെ ഇടവേളയിലാണ് പുസ്തകങ്ങൾ ഇറക്കാറുള്ളത്. എറണാകുളം കളമശേരിയിൽ ഒരു രാത്രി നടക്കുന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി നിഗൂഡതയുള്ള ഒരു ത്രില്ലറാണ് ഈ പുസ്തകം. 2024 ജനുവരിയാകുമ്പോഴേക്കും എഴുത്തു പൂർത്തിയാക്കാമെന്നു കരുതുന്നു.
? അടുത്ത സിനിമ
∙ അടുത്ത സിനിമ ഒരു ചെറിയ പടമാണ്. അനൗൺസ് ചെയ്യാൻ സമയമായിട്ടില്ല. അപസർപ്പക വിഷയമാണ്. പുതിയ സംവിധായകനാണ്. അതിന്റെ എഴുത്ത് പകുതിയായി. റാം കെയർ ഓഫ് ആനന്ദിയുടെയും തിരക്കഥ തയാറാക്കിക്കൊണ്ടിരിക്കുന്നു.
? പതിമൂന്നു പതിപ്പിലെത്തിയ ഒരു പുസ്തകത്തിന്റെ രചയിതാവ് എന്നതാണോ, 200 കോടി ക്ലബിൽ ഇടം നേടിയ ആദ്യ മലയാള സിനിമയുടെ തിരക്കഥാകൃത്ത് എന്നതാണോ അഖിലിനെ കൂടുതൽ ത്രസിപ്പിക്കുന്നത്
രണ്ടിനെയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളായാണു കാണുന്നത്. രണ്ടും എഴുത്തു തന്നെയാണ്. നോവലാണെങ്കിലും സിനിമ പോലെ തന്നെയാണ് എന്റെ എഴുത്ത്. അതുപോലെ തന്നെയാണു സിനിമയും. ആദ്യ മുൻഗണന എന്തായാലും പുസ്തകത്തിന് തന്നെയാണ്. സിനിമയിൽ സജീവമായാലും പുസ്തകം എഴുതാൻ ഞാൻ സമയം കണ്ടെത്തും. എന്റെ എഴുത്തുജീവിതം എത്രകാലം ഉണ്ടാകുമെന്ന് അറിയില്ല. എഴുതാൻ കഴിയും വരെ പുസ്തകങ്ങൾ എഴുതിക്കൊണ്ടിരിക്കും. അതുപോലെ മികച്ച സിനിമകൾ ചെയ്യണമെന്നും ആഗ്രഹമുണ്ട്.
അങ്ങനെ ജീവിതത്തിൽ എന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്. ആദ്യ സിനിമ 200 കോടി ക്ലബ്ബിലെത്തി എന്നത് വലിയ സന്തോഷമാണ്. 2018 എനിക്ക് വളരെ വളരെ പ്രത്യേകതയുള്ള സിനിമയാണ്. ഒരിക്കലും സിനിമയും പുസ്തകവും ഞാൻ വെവ്വേറെ കാണുന്നില്ല. എന്റെ രണ്ടു മക്കളെപ്പോലെയാണ് അവർ. രണ്ടുപേർക്കുമായി ഞാൻ സമയം കണ്ടെത്തുന്നു. രണ്ടുപേരെയും മികച്ച നിലയിലെത്തിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
English Summary: Interview with Akhil P Dharmajan, Co-Scriptwriter of the movie '2018', India's Official Entry for Oscar 2024