‘എംടിയെ ഒരിക്കലും ഞങ്ങൾ ആരാധിക്കാൻ തുനിഞ്ഞില്ല; അതിനു കാരണമുണ്ട്!’ എംടി പറഞ്ഞ ആ ‘ത്രെഡ്’ മുന്നോട്ടുപോയില്ല
എംടിയെ ഞാൻ ആദ്യം കാണുന്നത് 1968ലാണ്. ജോൺ ഏബ്രഹാമിന് എംടിയെ അടുത്തു പരിചയമുണ്ടായിരുന്നു. ജോൺ ഒരു ദിവസം എന്നോടു ചോദിച്ചു, ‘എംടിയെ കണ്ടിട്ടുണ്ടോ?’ ഞാൻ പറഞ്ഞു: ‘ഇല്ല.’ അങ്ങനെ ജോണുമൊത്ത് ഒരു ദിവസം കാഞ്ഞിരപ്പള്ളിയിൽനിന്ന് എംടിയെ കാണാൻ പോയി. ഞാൻ അപ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കഥയെഴുതിത്തുടങ്ങിയിട്ട് നാലു വർഷമായിരിക്കുന്നു. 1964ലാണ് എന്റെ ആദ്യകഥ മുഖ്യപത്രാധിപർ എൻ.വി.കൃഷ്ണവാരിയരും സഹപത്രാധിപർ എംടിയും ചേർന്ന് ആഴ്ചപ്പതിപ്പിന്റെ റിപ്പബ്‌ളിക് പതിപ്പിലെ മലയാള കഥയായി പ്രസിദ്ധീകരിച്ചത്. അതിനുശേഷം എംടിയുമായി കഥകളെ സംബന്ധിച്ച് വല്ലപ്പോഴുമുള്ള കത്തുബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജോണും ഞാനും ഉച്ചയ്ക്ക് ആഴ്ചപ്പതിപ്പിന്റെ ഓഫിസിൽ കയറിച്ചെല്ലുമ്പോൾ എംടി സഹപ്രവർത്തകർക്കൊപ്പം ജോലിയിലാണ്. ജോൺ എന്നെ പരിചയപ്പെടുത്തി. എംടി സന്തോഷപൂർവം ചിരിച്ചു. അൽപസമയം ഞങ്ങൾ കുശലപ്രശ്നങ്ങൾ നടത്തി. ‘ഊണു കഴിക്കാം’ എംടി പറഞ്ഞു. ദരിദ്രരായ ഞങ്ങൾക്കു വളരെ സന്തോഷം. എംടി പോക്കറ്റിൽ തപ്പി. പോക്കറ്റ് കാലി എന്നു മനസ്സിലായി. സഹപ്രവർത്തകരിലൊരാളോടു പൈസ കടംവാങ്ങി. ഞങ്ങളെയും കൂട്ടി ഒരു ബാറിലേക്കു പോയി. വേണ്ടുവോളം ബിയറും ആഹാരവും

എംടിയെ ഞാൻ ആദ്യം കാണുന്നത് 1968ലാണ്. ജോൺ ഏബ്രഹാമിന് എംടിയെ അടുത്തു പരിചയമുണ്ടായിരുന്നു. ജോൺ ഒരു ദിവസം എന്നോടു ചോദിച്ചു, ‘എംടിയെ കണ്ടിട്ടുണ്ടോ?’. ഞാൻ പറഞ്ഞു: ‘ഇല്ല.’ അങ്ങനെ ജോണുമൊത്ത് ഒരു ദിവസം കാഞ്ഞിരപ്പള്ളിയിൽനിന്ന് എംടിയെ കാണാൻ പോയി. ഞാൻ അപ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കഥയെഴുതിത്തുടങ്ങിയിട്ട് നാലു വർഷമായിരിക്കുന്നു. 1964ലാണ് എന്റെ ആദ്യകഥ മുഖ്യപത്രാധിപർ എൻ.വി.കൃഷ്ണവാരിയരും സഹപത്രാധിപർ എംടിയും ചേർന്ന് ആഴ്ചപ്പതിപ്പിന്റെ റിപ്പബ്‌ളിക് പതിപ്പിലെ മലയാള കഥയായി പ്രസിദ്ധീകരിച്ചത്. അതിനുശേഷം എംടിയുമായി കഥകളെ സംബന്ധിച്ച് വല്ലപ്പോഴുമുള്ള കത്തുബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ജോണും ഞാനും ഉച്ചയ്ക്ക് ആഴ്ചപ്പതിപ്പിന്റെ ഓഫിസിൽ കയറിച്ചെല്ലുമ്പോൾ എംടി സഹപ്രവർത്തകർക്കൊപ്പം ജോലിയിലാണ്. ജോൺ എന്നെ പരിചയപ്പെടുത്തി. എംടി സന്തോഷപൂർവം ചിരിച്ചു. അൽപസമയം ഞങ്ങൾ കുശലപ്രശ്നങ്ങൾ നടത്തി. ‘ഊണു കഴിക്കാം’ എംടി പറഞ്ഞു. ദരിദ്രരായ ഞങ്ങൾക്കു വളരെ സന്തോഷം. എംടി പോക്കറ്റിൽ തപ്പി. പോക്കറ്റ് കാലി എന്നു മനസ്സിലായി. സഹപ്രവർത്തകരിലൊരാളോടു പൈസ കടംവാങ്ങി. ഞങ്ങളെയും കൂട്ടി ഒരു ബാറിലേക്കു പോയി. വേണ്ടുവോളം ബിയറും ആഹാരവുംകൊണ്ട് സൽക്കരിച്ചു. ധാരാളം വർത്തമാനം പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു.
അടുത്ത കൂടിക്കാണൽ ’71ലായിരുന്നു. കഥാപാത്രങ്ങൾ ജോണും ഞാനും തന്നെ. ഒരുദിവസം ഞങ്ങൾ കോയമ്പത്തൂരിലെ എന്റെ വീട്ടിൽനിന്ന്, തൃശൂർ കറന്റ് ബുക്സിൽനിന്ന് എനിക്കു ലഭിക്കാനുണ്ടെന്നു ഞാൻ ചിന്തിച്ചുവശായ റോയൽറ്റിത്തുക പിടിച്ചുപറ്റാനായി പുറപ്പെട്ടു. എന്റെ ആദ്യത്തെ കഥാസമാഹാരം ‘കുന്ന്’ കറന്റ് ബുക്സാണ് പ്രസിദ്ധീകരിച്ചത്. വില, എന്റെ ഓർമ ശരിയെങ്കിൽ, 1 രൂപ 75 പൈസ. എനിക്കു പതിനായിരക്കണക്കിനു രൂപ കിട്ടാനുണ്ടെന്നു ജോണും ഞാനുംകൂടി തീരുമാനിച്ചതിന്റെ ഫലമായിരുന്നു ആ യാത്ര.
കറന്റ് ബുക്സിലേക്ക്, അച്ചടിഭാഷയിൽ പറഞ്ഞാൽ, മദ്യലഹരിയിലാണ് ഞങ്ങൾ കയറിച്ചെന്നത്. ഉടമ തോമസ് മുണ്ടശ്ശേരി അവിടെയില്ല. മാനേജർ മാത്രമുണ്ട്. ഞാനും ജോണും ഒട്ടും അഭിലഷണീയമല്ലാത്ത രീതികളിൽ പെരുമാറുകയും ഞങ്ങൾക്കിഷ്ടപ്പെട്ട കുറെ പുസ്തകങ്ങൾ ബലമായി എടുത്തുപോരുകയും ചെയ്തു. അവിടെനിന്ന് ഞങ്ങൾ, എന്തിനെന്നറിഞ്ഞുകൂടാ, നേരേപോയത് കോഴിക്കോട്ട് എംടിയുടെ അടുത്തേക്കാണ്. അവിടെയെത്തിയപ്പോൾ ലഹരി ശമിച്ചിരുന്നുവെങ്കിലും റോയൽറ്റി കുടിശ്ശികയെപ്പറ്റിയുള്ള സ്വപ്നം അവസാനിച്ചിരുന്നില്ല. ഞങ്ങളെത്തുമ്പോഴേക്കും തോമസ് തന്റെ സുഹൃത്തായ എംടിയെ ഫോൺ ചെയ്ത് ഞങ്ങളുടെ ചെയ്തികളെപ്പറ്റി പരാതിപ്പെട്ടുകഴിഞ്ഞിരുന്നു. എംടി ഞങ്ങളിരുവരും കാണിച്ച വിഡ്ഢിത്തത്തെപ്പറ്റി, പുസ്തക വിൽപനയെപ്പറ്റിയുള്ള ഞങ്ങളുടെ അജ്ഞതയെപ്പറ്റി, ഞങ്ങളുടെ പ്രവൃത്തിയുടെ അപമര്യാദയെപ്പറ്റി, ഞങ്ങളെ പറഞ്ഞു മനസ്സിലാക്കി.
വീണ്ടും ബിയറും ആഹാരവും വാങ്ങിത്തന്ന്, മടങ്ങിപ്പോകാനുള്ള വണ്ടിക്കൂലിയും തന്ന് ഞങ്ങളെ തിരിച്ചയച്ചു. പക്ഷേ, എംടി ഞങ്ങളെ വിധിച്ചില്ല. ഞങ്ങളുടെ തെമ്മാടിത്തം വച്ച് ഞങ്ങളെ അളന്നില്ല. അത്തരം സ്ഥിരം–സദാചാരത്തിന്റെ ഊരിയ വാൾ എംടിക്ക് എന്നും അന്യമായിരുന്നു. ഞങ്ങളുടെ സാഹസങ്ങൾ ഒരുപക്ഷേ എംടി ആസ്വദിച്ചുവെന്നാണ് എന്റെ അനുമാനം. കാരണം, ഞങ്ങളുടെ ചെയ്തികളെപ്പറ്റി പറയുമ്പോൾ എംടി ചിരിക്കുന്നുണ്ടായിരുന്നു. പിന്നീട് വിശ്രമിക്കാനും കൂട്ടുകൂടാനുമായി വല്ലപ്പോഴും കോയമ്പത്തൂരിൽ വരും. എന്റെ വിവാഹം കഴിഞ്ഞയുടനെ വീട്ടിൽ വന്ന് എന്റെ ഭാര്യയൊരുക്കിയ ചെറുസദ്യ ആസ്വദിച്ചുകഴിച്ചു. കോടമ്പാക്കത്തേക്കു യാത്രയുള്ളപ്പോൾ എന്നെ നേരത്തേ ഫോൺ ചെയ്ത് അറിയിക്കും. യാത്രാസഹായ സാമഗ്രികളുമായി ജോണും ഞാനും പോത്തന്നൂർ സ്റ്റേഷനിൽ കാത്തുനിൽക്കും. അവ കൈമാറും.
ജോണിനെയും എന്നെയും എംടി ഇഷ്ടപ്പെട്ടത് ഞങ്ങൾ ചെറുപ്പക്കാരും വായനസ്നേഹികളും കലാസ്നേഹികളുമായിരുന്നു എന്നതുകൊണ്ടു മാത്രമായിരുന്നുവെന്നു ഞാൻ കരുതുന്നില്ല. ഞങ്ങൾ കള്ളനാട്യക്കാരായിരുന്നില്ല (എന്നാണെന്റെ വിശ്വാസം) എന്നതുകൊണ്ടുകൂടിയായിരുന്നുവെന്നു ഞാൻ വിശ്വസിക്കുന്നു. ഇളയവരായ ഞങ്ങൾക്ക് എംടി നൽകിയ തുല്യതയെ ഞങ്ങൾ ദുരുപയോഗപ്പെടുത്തിയില്ല. സ്വാതന്ത്ര്യത്തെ ചൂഷണം ചെയ്തില്ല. എംടിയെ ഒരിക്കലും ഞങ്ങൾ ആരാധിക്കാൻ തുനിഞ്ഞില്ല എന്നതായിരുന്നു എംടിക്ക് എന്നിലും ജോണിലുമുണ്ടായിരുന്ന വിശ്വാസത്തിന്റെ അടിസ്ഥാനകാരണമെന്നു ഞാൻ കരുതുന്നു. കാരണം, ആരാധനയുടെ ഉള്ളുകള്ളി എംടിക്കു നന്നായി അറിയാമായിരുന്നു.
പരമു അണ്ണൻ എന്നു ഞങ്ങൾ വിളിച്ചിരുന്ന ശോഭനാപരമേശ്വരൻ നായർ ’90കളുടെ മധ്യത്തിൽ ഒരുദിവസം എന്നോടു പറഞ്ഞു: ‘എടോ, നമുക്കു വാസുവിനെ ഒന്നു കാണാം. ഒരുകാര്യം സംസാരിക്കാനുണ്ട്.’ തൃശൂരിലെ ഒരു ഹോട്ടൽ മുറിയിൽ ഞങ്ങൾ മൂവരും ഇരിക്കുന്നത് ഞാനോർക്കുന്നു. പരമു അണ്ണൻ അന്ന് ഒരു സിനിമയുണ്ടാക്കാൻ ആഗ്രഹിക്കുകയാണ്. തിരക്കഥ ഞാനെഴുതണം എന്നാണ് അണ്ണന്റെ ആശയം. എംടിയോടു സംസാരിച്ചപ്പോൾ എംടി പറഞ്ഞുവത്രെ, ‘ഞാൻ പണ്ട് സക്കറിയയ്ക്ക് ഒരു ‘ത്രെഡ്’ കൊടുത്തിട്ടുണ്ട്. അതു സക്കറിയയ്ക്കു നന്നായി എഴുതാൻ കഴിയും. എഴുതിക്കഴിഞ്ഞ് ഞാൻ അതിൽ കൈവയ്ക്കാം’
ഒരു യാഥാസ്ഥിതിക ക്രൈസ്തവ സമൂഹത്തിലെ കുടുംബത്തിൽനിന്ന് കന്യാസ്ത്രീയാകാൻപോയ യുവതി വ്രതവാഗ്ദാനത്തിനു മുൻപു കന്യാസ്ത്രീജീവിതം ഉപേക്ഷിച്ചു തിരിച്ചുപോന്നാൽ എന്തു സംഭവിക്കും എന്നതായിരുന്നു എംടി എനിക്കു തന്ന ‘ത്രെഡ്’. എംടി അന്നു പറഞ്ഞ സത്യസന്ധമായ വാക്കുകൾ ഞാൻ ഓർക്കുന്നു: ‘ക്രൈസ്തവ ജീവിതത്തിന്റെ ഉള്ളുകള്ളികൾ എനിക്കറിഞ്ഞുകൂടാ. സക്കറിയയ്ക്ക് അറിയാം. സക്കറിയ എഴുതൂ.’ ഞങ്ങൾ രാത്രി വൈകുംവരെ അക്കഥയും മറ്റനവധി കഥകളും പറഞ്ഞ് ആ മുറിയിലിരുന്നു. ഞാൻ താമസിയാതെ തിരക്കഥ എഴുതിത്തുടങ്ങി. അതു മുന്നോട്ടുപോയില്ല. പരമു അണ്ണന്റെ പദ്ധതിയും മുന്നോട്ടുപോയില്ല.
തുഞ്ചൻപറമ്പിലെ പരിപാടിയിൽ പങ്കെടുക്കാൻ എംടി ആദ്യമായി ക്ഷണിച്ചപ്പോൾ ഞാൻ വൈമുഖ്യം കാണിച്ചു. മുഖ്യധാരയിൽപെടാത്ത ഒരുവനായിരിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. എന്നെ എംടി ഉപദേശിച്ചത് ഓർക്കുന്നു: ‘ഇത്തരത്തിലുള്ള പിൻവാങ്ങലിൽ അർഥമില്ല. വിയോജിപ്പുകളെ എന്തിന് ഒഴിഞ്ഞുമാറലിനു വിധേയമാക്കണം? അവിടെവന്ന് ആളുകളെ നേരിടൂ. പറയാനുള്ളതു പറയൂ.’ മാതൃഭൂമി പത്രാധിപത്യം എംടി അവസാനമായി ഒഴിയുംവരെ ഞങ്ങളുടെ കത്തുകുത്തുകൾ നിലനിന്നു. ചിലപ്പോൾ ഒരു കഥയാവശ്യപ്പെടും. ചിലപ്പോൾ ഡൽഹിക്കു വരുന്ന കാര്യം അറിയിക്കും.
അരനൂറ്റാണ്ടിലേറെ നിലനിന്ന ബന്ധത്തിൽ പലപ്പോഴും നീണ്ട വിടവുകൾക്കുശേഷമാണ് ഞങ്ങൾ കണ്ടുമുട്ടിയിരുന്നത്. പക്ഷേ, അൽപം മുൻപ് നിർത്തിവച്ച സംഭാഷണം വീണ്ടും തുടങ്ങുംപോലെയുള്ള ഒരു തുടർച്ചയിലേക്കു ഞങ്ങൾ പ്രവേശിച്ചിരുന്നു. എംടിക്ക് എന്നെപ്പറ്റി ചില ഉറപ്പുകളുണ്ടായിരുന്നു എന്നായിരുന്നു അതിന്റെയർഥമെന്നു ഞാൻ കരുതുന്നു. എനിക്ക് എംടിയെപ്പറ്റി ഉണ്ടായിരുന്നതുപോലെതന്നെ. ഞാൻ അറിയുന്ന എംടി ഹൃദയം തുറന്നു സംസാരിക്കുന്ന, തമാശ പറയുന്ന, ജാതി–മതഭേദങ്ങളെ മനസ്സിന്റെ അയലത്തുപോലും പ്രവേശിക്കാനനുവദിക്കാത്ത, മനുഷ്യനെന്ന നിലയിലുള്ള തന്റെ പൂർണസാധാരണത്വം ശ്രദ്ധാപൂർവം നിലനിർത്തിയ ഒരു വ്യക്തിയാണ്. അവസാനംവരെ എംടി അങ്ങനെത്തന്നെയായിരുന്നു.
സ്വാധീനശാലിയായ സാഹിത്യപത്രാധിപർ എന്ന നിലയിൽ ഏതാണ്ടൊറ്റയ്ക്കെന്നപോലെ മലയാള സാഹിത്യത്തിൽ ആധുനികതയുടെ യുഗം സൃഷ്ടിച്ചപ്പോഴും ആധുനികതയുടെ ഒന്നിലേറെ തലമുറകളെ മലയാളത്തിന്റെ സൂര്യനു കീഴിൽ പ്രതിഷ്ഠിച്ചപ്പോഴും എംടി സ്വയം ആധുനിക സമ്പ്രദായങ്ങൾ അവലംബിച്ചില്ല. അവ തന്റെ വഴിയല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പരമ്പരാഗത ആഖ്യാനരൂപങ്ങളെ സ്വന്തം എഴുത്തിൽ നിലനിർത്തി. ആധുനികത അകലം കൽപിച്ച വൈകാരികഭാവങ്ങളെ എംടി അനായാസം അഭിമുഖീകരിച്ചു. കഥാപാത്രങ്ങളുടെ ആന്തരികലോകങ്ങളെ മാന്ത്രിക സാമർഥ്യത്തോടെ, ഏറ്റവും ലളിതമായ ഭാഷയിലൂടെ, എഴുത്തിലും സിനിമയിലും അവതരിപ്പിച്ചു. ഹൃദയദ്രവീകരണ ശക്തിയുള്ള വൈകാരികതകളുടെ മനോഹര നിമിഷങ്ങൾ സൃഷ്ടിച്ചു. അവയെല്ലാം ചേർന്നാണ് എംടിയെ ലക്ഷക്കണക്കിന് മനുഷ്യഹൃദയങ്ങളിൽ കുടിയിരുത്തിയത്. എംടി സൃഷ്ടിച്ചത് ഏറ്റവും സാധാരണക്കാരുടെ ഹൃദയങ്ങളിൽ തുടിക്കുന്ന, ജീവിതമൂഹൂർത്തങ്ങളിൽ അടിയുറച്ച ഒരു കാൽപനികതയായിരുന്നു.
എഴുത്തിന്റെയും ചരിത്രത്തിന്റെയും ചിന്തയുടെയും കാതലറിഞ്ഞ ബുദ്ധിവൈഭവത്തിന്റെ ഉടമയായിരുന്നെങ്കിലും എംടി ഒരു ബുദ്ധിജീവിയായി സ്വയം കരുതിയില്ല. ഗ്രാമീണന്റെ ലാഘവത്തോടെ തന്റെ അപാരമായ അറിവുകളെ കൈകാര്യം ചെയ്തു. എംടിയുടെ അടിസ്ഥാന മനുഷ്യപ്പറ്റിന്റെ മുഖമായിരുന്നു അത്. ഞാനറിഞ്ഞ എംടി, താനൊരു വിഗ്രഹമായി കൊത്തിയെടുക്കപ്പെട്ടപ്പോഴും, തനിക്കു ചുറ്റും സ്തുതിപാടലിന്റെയും വിഗ്രഹാരാധനയുടെയും കപടഭാഷണങ്ങൾ തിളച്ചുമറിഞ്ഞപ്പോഴും അവയ്ക്കു നടുവിൽ നിർമമനായി സ്വന്തം ജോലി ചെയ്ത് സാധാരണ ജീവിതം നയിച്ച കലാകാരനായിരുന്നു. താൻ ആരെന്നതിനെപ്പറ്റി എംടിക്കു കൃത്യമായ ബോധ്യമുണ്ടായിരുന്നു. അതുപോലെത്തന്നെ തന്റെ പരിമിതികളെക്കുറിച്ചും.
ചിരിക്കാത്ത എംടി, ഗൗരവക്കാരനായ എംടി തുടങ്ങിയ പോഴൻ പരിവേഷങ്ങൾ എംടിയിൽ അണിയിക്കപ്പെട്ടു. പരസ്യമായ ചിരികളികളില്ലാത്ത ഒരു നാടൻ മനുഷ്യന്റെ പ്രകൃതം മാത്രമായിരുന്നില്ല ആ അകന്നുനിൽപ്. തന്നെ വലയം ചെയ്ത അതിശയോക്തിയുടെയും മുഖസ്തുതിയുടെയും ലോകത്തോടുള്ള പ്രതിരോധം കൂടിയായിരുന്നു അത്. ആരാധനയുടെ പൊള്ള വാക്കുകൾ ചേമ്പിലയിൽ വീണ വെള്ളത്തുള്ളികൾ പോലെ എംടിയെ തൊടാതെ നിലംപതിച്ചു. ഒരിക്കൽ ബഷീറാണ് പറഞ്ഞതെന്നു തോന്നുന്നു: ആരാധന പാടില്ല എന്നു പറഞ്ഞാൽ അതും ആരാധനാവിഷയമാകുന്ന അവസ്ഥയിൽ എഴുത്തുകാരനു ചെയ്യാവുന്നത് എഴുതിക്കൊണ്ടിരിക്കുക മാത്രമാണ്. ഞാനറിഞ്ഞ എംടി തന്നെ പൊതിഞ്ഞ മഹത്വവൽക്കരണത്തിന്റെയും പ്രശസ്തിയുടെയും നടുവിൽ ഒരു സമ്പൂർണ ഔട്ട്സൈഡർ ആയി ജീവിച്ചു. ഒരു ഗ്രാമീണന്റെ ചിന്താലാളിത്യത്തിലും ജീവിതസമീപനത്തിലും അടിയുറച്ചുനിന്ന് തന്റെ ഭാവനയോടും ചിന്തയോടും മനഃസാക്ഷിയോടുമുള്ള കടമ മഹനീയമായ രീതികളിൽ നിർവഹിച്ച ഒരു പൂർണ പുറംവാസി. എല്ലാ മഹാകലാകരൻമാരെയുംപോലെ ഒരു കറതീർന്ന ഏകാകി.