നെഹ്റുവും ഫിറോസും നേർക്കുനേർ; വീടു വിടാതെ അധികാരം; ഇന്ത്യൻ രാഷ്ട്രീയ കുടുംബങ്ങളുടെ ‘അവകാശികൾ’
‘യാ താകത് യാ താബൂത്ത്’ മുഗൾ ഭരണകാലം മുതൽ ഇന്ത്യയിൽ നിലനിന്ന അധികാര സമവാക്യത്തിലെ മുദ്രാവാക്യമായിരുന്നു ഇത്. ‘ഒന്നുകിൽ സിംഹാസനം ഇല്ലെങ്കിൽ ശവകുടീരം’. രാജഭരണം ചരിത്രമായി, രാജാക്കന്മാർ ചിത്രത്തിലായി. ഇന്ത്യൻ ജനാധിപത്യത്തിന് 75 കടക്കുമ്പോൾ ഭരണവും കുടുംബവും തമ്മിലുള്ള പൊക്കിൾ കൊടി ബന്ധം അറുത്തുമാറ്റാൻ
‘യാ താകത് യാ താബൂത്ത്’ മുഗൾ ഭരണകാലം മുതൽ ഇന്ത്യയിൽ നിലനിന്ന അധികാര സമവാക്യത്തിലെ മുദ്രാവാക്യമായിരുന്നു ഇത്. ‘ഒന്നുകിൽ സിംഹാസനം ഇല്ലെങ്കിൽ ശവകുടീരം’. രാജഭരണം ചരിത്രമായി, രാജാക്കന്മാർ ചിത്രത്തിലായി. ഇന്ത്യൻ ജനാധിപത്യത്തിന് 75 കടക്കുമ്പോൾ ഭരണവും കുടുംബവും തമ്മിലുള്ള പൊക്കിൾ കൊടി ബന്ധം അറുത്തുമാറ്റാൻ
‘യാ താകത് യാ താബൂത്ത്’ മുഗൾ ഭരണകാലം മുതൽ ഇന്ത്യയിൽ നിലനിന്ന അധികാര സമവാക്യത്തിലെ മുദ്രാവാക്യമായിരുന്നു ഇത്. ‘ഒന്നുകിൽ സിംഹാസനം ഇല്ലെങ്കിൽ ശവകുടീരം’. രാജഭരണം ചരിത്രമായി, രാജാക്കന്മാർ ചിത്രത്തിലായി. ഇന്ത്യൻ ജനാധിപത്യത്തിന് 75 കടക്കുമ്പോൾ ഭരണവും കുടുംബവും തമ്മിലുള്ള പൊക്കിൾ കൊടി ബന്ധം അറുത്തുമാറ്റാൻ
യാ താകത് യാ താബൂത്ത്’ മുഗൾ ഭരണകാലം മുതൽ ഇന്ത്യയിൽ നിലനിന്ന അധികാര സമവാക്യത്തിലെ മുദ്രാവാക്യമായിരുന്നു ഇത്. ഒന്നുകിൽ സിംഹാസനം ഇല്ലെങ്കിൽ ശവകുടീരം’. രാജഭരണം ചരിത്രമായി, രാജാക്കന്മാർ ചിത്രത്തിലായി. ഇന്ത്യൻ ജനാധിപത്യത്തിന് 75 കടക്കുമ്പോൾ പക്ഷേ ഭരണവും കുടുംബവും തമ്മിലുള്ള പൊക്കിൾ കൊടി ബന്ധം അറുത്തുമാറ്റാൻ കഴിഞ്ഞിട്ടില്ല. വടക്ക് കശ്മീർ മുതൽ തെക്ക് തമിഴ്നാട് വരെ വോട്ടു തേടാൻ പിടിവള്ളി കുടുംബപ്പേരു തന്നെയായി മാറുന്നു. ദേശീയ പാർട്ടി ആണെങ്കിലും പ്രാദേശിക പാർട്ടികൾ ആണെങ്കിലും അധികാര കൈമാറ്റം പിന്തുടർച്ചാവകാശം പോലെ വ്യവസ്ഥാപിതമായി മാറുന്നു.
നവാബുമാരായ മക്കൾ തമ്മിലുള്ള കിടമത്സരത്തിലൂടെയാണ് മുഗൾ ചക്രവർത്തിമാർ പിന്തുടർച്ചാവകാശിയെ തിരഞ്ഞെടുത്തിരുന്നത്. പതിനേഴാം നൂറ്റാണ്ടിൽ, സഹോദരങ്ങളായ ദാരാ ഷുക്കോവ്, ഷാ ഷൂജ, മുറാദ് ബക്ഷ് എന്നിവരോടു പോരാടി ഔറംഗസേബ് അധികാരമുറപ്പിച്ചു. കുടുംബത്തിനകത്തും പുറത്തുമുള്ള ഇത്തരം പോരാട്ടങ്ങൾ ഇന്ത്യൻ, ഗ്രീക്ക് ഇതിഹാസങ്ങളിലെല്ലാം കാണാം. വൈവിധ്യമാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രധാന ചിഹ്നം. ആ വ്യത്യസ്തത ഇന്ത്യൻ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന കുടുംബങ്ങളിലും പ്രതിഫലിക്കുന്നു.
രാഷ്ട്രീയ നേതാവിന്റെ പിൻതലമുറ അതേ പാർട്ടിൽ പ്രവർത്തിക്കുന്നതു പതിവാണ്. അതേസമയം ഒരു കുടുംബത്തിലെ വിവിധ അംഗങ്ങൾ പല പാർട്ടികളിൽ ചേർന്ന് പരസ്പരം പോരാടുന്നതും ഇന്ത്യൻ രാഷ്ട്രീയത്തിലെ പതിവു കാഴ്ചകളിലൊന്നാണ്. ഏറ്റവും ഒടുവിൽ, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ കെ. ആന്റണി എത്തിയത് കോൺഗ്രസ് മുക്ത ഭാരതത്തിനായി പ്രവർത്തിക്കുന്ന ബിജെപിയിൽ. ഇന്ത്യൻ രാഷ്ട്രീയത്തിന് ഇതു പുതുമയല്ല. കുടുംബാംഗങ്ങൾ തമ്മിലുള്ള പോരാട്ടം എത്രയോ കണ്ടവരാണ് ഈ സമ്മതിദായകര്‍.
∙ നെഹ്‌റുവിനെതിരെ ഫിറോസിന്റെ പോരാട്ടം
ഇന്ത്യയിലെ ‘ഒന്നാം നമ്പർ’ രാഷ്ട്രീയ കുടുംബമായിരുന്നു ദശകങ്ങളോളം ഗാന്ധി–നെഹ്റുമാരുടേത്. ഒരുപക്ഷേ ഏറ്റവും കൂടുതൽ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള കുടുംബവും ഇതാകാം. ഇന്ദിരാ ഗാന്ധി–മേനകാ ഗാന്ധി സംഘർഷത്തിനു മുമ്പേ അതുണ്ട്. തുടക്കത്തിൽ ജവാഹർലാൽ നെഹ്റു എതിർപ്പ് പ്രകടിപ്പിച്ച വിവാഹമായിരുന്നു ഫിറോസ്– ഇന്ദിരാ ഗാന്ധിമാരുടേത്. എന്നാൽ മഹാത്മാ ഗാന്ധിയുടെ മധ്യസ്ഥതയിൽ ഈ എതിർപ്പുകൾ അവസാനിച്ചു.
ഇന്ത്യ സ്വതന്ത്രമായതോടെ നെഹ്റു പ്രധാനമന്ത്രിയായി. റായ്ബറേലിയിൽനിന്ന് വിജയിച്ച് രാഷ്ട്രീയ ജീവിതം ആരംഭിച്ച ഫിറോസ് ഗാന്ധി വൈകാതെ ഏവരും ആദരിക്കുന്ന പാർലമെന്റേറിയൻ എന്ന നിലയിലേക്ക് വളർന്നു. കാര്യമായ പ്രതിപക്ഷമില്ലാത്ത നെഹ്റു സർക്കാരിന്റെ പ്രധാന വിമർശകരിലൊരാളായും ഫിറോസ് ഗാന്ധി മാറി. ഡാൽമിയയുമായും എൽഐസിയുമായും ബന്ധപ്പെട്ട അഴിമതികള്‍ പുറത്തു കൊണ്ടുവന്നതും എൽഐസിയെ ദേശസാത്കരിക്കാൻ കാരണമായതും ഫിറോസ് ഗാന്ധിയാണ്.
∙ ഇന്ദിരയും ഫിറോസും അകന്നു, കുടുംബത്തിലും രാഷ്ട്രീയത്തിലും
ഇതിനിടെ ഇന്ദിരയും ഫിറോസുമായുള്ള ബന്ധത്തിലും വിള്ളൽ വീണിരുന്നതായി നിരവധി പുസ്തകങ്ങളിൽ പറയുന്നുണ്ട്. പിതാവിന്റെ രാഷ്ട്രീയപാത പിന്തുടരുകയായിരുന്നു ഇന്ദിരാ ഗാന്ധി. എന്നാൽ തന്റെ ഭാര്യാപിതാവ് നേതൃത്വം നൽകുന്ന സർക്കാരിനെ മയമില്ലാതെ തന്നെ ഫിറോസ് ഗാന്ധി വിമർശിച്ചു. അതിലൊരു അവസരമായിരുന്നു വിമോചന സമരത്തിനു പിന്നാലെ 1959–ലെ ഇഎംഎസ് സർക്കാരിനെ പിരിച്ചു വിടാനുള്ള നെഹ്റു സർക്കാരിന്റെ തീരുമാനം. ഇന്ദിര ഗാന്ധിയായിരുന്നു അന്ന് കോൺഗ്രസ് അധ്യക്ഷ. അന്നൊരിക്കല്‍ പ്രഭാത ഭക്ഷണ സമയത്ത് ഫിറോസ് ഗാന്ധി തന്റെ അഭിപ്രായം പ്രകടിപ്പിച്ചു.
സർക്കാരിനെ പിരിച്ചു വിടുന്നത് ശരിയല്ലെന്നും ആളുകളെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും പറഞ്ഞ അദ്ദേഹം ഇന്ദിര ഒരു ‘ഫാഷിസ്റ്റ്’ ആയാണ് പെരുമാറുന്നതെന്നും കൂടി പറഞ്ഞു എന്നാണ് ‘ഫിറോസ്, ദ് ഫൊർഗോട്ടൻ ഗാന്ധി’ എന്ന പുസ്തകത്തിൽ സ്വീഡീഷ് മാധ്യമപ്രവർത്തകനായ ബെർട്ടിൽ ഫോക്ക് എഴുതുന്നത്. ഇതിനെ എതിർത്ത ഇന്ദിര അവിടെനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. നെഹ്റുവിന്റെ മുമ്പാകെയായിരുന്നു ഇക്കാര്യങ്ങൾ. 1960–ൽ ഹൃദയാഘാതത്തെ തുടർന്ന് ഫിറോസ് ഗാന്ധി അന്തരിച്ചു.
∙ സോണിയയോ മേനകയോ, ഇന്ദിരയുടെ വിശ്വസ്ത ആരായിരുന്നു?
നെഹ്റു– ഗാന്ധി കുടുംബത്തിലെ ആദ്യ മരുമകൾ സോണിയ ഗാന്ധിയായിരുന്നു. എന്നാൽ ഇന്ദിര ഗാന്ധിയുടെ പിൻഗാമി സഞ്ജയ് ഗാന്ധി ആയിരുന്നതിനാൽ രണ്ടാം മരുമകളായി വന്ന മേനക ഗാന്ധിയുടെ കുടുംബവും വൈകാതെ രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളവരായി മാറി. അടിയന്തരാവസ്ഥയിൽ അടക്കം സഞ്ജയ് ഗാന്ധിയുടെ പ്രതാപകാലത്ത് രാഷ്ട്രീയ മോഹം മേനക ഗാന്ധിയും പ്രകടിപ്പിച്ചിരുന്നു. മേനക ഗാന്ധിയുടെ മാതാവ് ആത്മേശ്വർ ആനന്ദ്, പിതാവ് കേണൽ ടി.എസ്. ആനന്ദ് എന്നിവരുടെ പേരുകൾ അക്കാലത്ത് അധികാര കേന്ദ്രങ്ങളിൽ പ്രബലമായിരുന്നു. എന്നാൽ ഇന്ദിരാ ഗാന്ധി അധികാരത്തിൽനിന്ന് പുറത്തായത് ഇവർക്കും വലിയ തിരിച്ചടിയായി.
കേണൽ ടി.എസ് ആനന്ദിനെ തന്റെ കൃഷിയിടത്തിൽ പിന്നീട് വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയോ കൊലപാതകമോ തുടങ്ങി അനേകം അഭ്യൂഹങ്ങളും അക്കാലത്തുണ്ടായിരുന്നു. കുടുംബം എന്ന നിലയിൽ ഇന്ദിര ഗാന്ധിക്ക് ഏറെ അടുപ്പം സോണിയ ഗാന്ധിയുമായി ആയിരുന്നെങ്കിലും, അടിയന്തരാവസ്ഥക്കാലത്തും ഇന്ദിര അധികാരത്തിൽനിന്നു പുറത്തു പോയ ശേഷവും രാഷ്ട്രീയ എതിരാളികളെ നേരിടാൻ ഇന്ദിരയ്ക്ക് സഹായകമായത് മേനക ഗാന്ധിയും മാതാവും ചേർന്ന് നടത്തിയ ‘സൂര്യ’ എന്ന മാസികയായിരുന്നു. ഇന്ദിരയുടെ രാഷ്ട്രീയ എതിരാളികൾക്ക് നേരെ അത് വാളെടുത്തു. ഇന്ദിരാ കോൺഗ്രസിന്റെ മുഖപത്രമാണോ അതെന്നു പോലും അക്കാലത്ത് സംശയിച്ചവരുണ്ട്.
∙ സഞ്ജയിന്റെ വേർപാട്, രാജീവിന്റെ വരവ്, മേനകയുടെ പുറത്താക്കൽ
എന്നാൽ 1980–ൽ സഞ്ജയ് ഗാന്ധി വിമാനാപകടത്തിൽ കൊല്ലപ്പെട്ടതോടെ മേനക കുടുംബത്തിന്റെ പ്രാധാന്യവും കുറഞ്ഞു. ഭർത്താവിന്റെ പിൻഗാമിയായി വരേണ്ടത് താനാണ് എന്നായിരുന്നു മേനക ഗാന്ധി കരുതിയത്. എന്നാൽ സോണിയ ഗാന്ധിയുടെ എതിർപ്പുകൾ അവഗണിച്ചും ഇന്ദിരയും അവരുടെ ഉപദേശകരും ആ സ്ഥാനത്തേക്കു കൊണ്ടുവന്നത് രാജീവ് ഗാന്ധിയെയാണ്. വൈകാതെ ഇന്ദിരാ ഗാന്ധിയും മേനക ഗാന്ധിയുമായുള്ള അസ്വസ്ഥതകളും വർധിച്ചു.
സഞ്ജയ് ഗാന്ധിയുടെ പഴയ സുഹൃത്തുക്കൾക്കൊപ്പം േചർന്ന് മേനക സമാന്തര അധികാര കേന്ദ്രമാകാൻ ശ്രമിച്ചിരുന്നു എന്ന് അന്നത്തെ റിപ്പോർട്ടുകൾ പറയുന്നു. അങ്ങനെ ഇന്ദിരാ ഗാന്ധി വിദേശത്തായിരുന്ന സമയത്ത്, അവരുടെ നിർദേശത്തെ വകവയ്ക്കാതെ മേനക ഗാന്ധി ലക്നൗവിൽ പ്രസംഗിച്ചു. തിരിച്ചെത്തിയ ഇന്ദിര ഗാന്ധി മേനക ഗാന്ധിയെ അന്നു രാത്രി – 1982 മാർച്ച് 28–ന് പ്രധാനമന്ത്രിയുടെ വസതിയിൽനിന്ന് ഇറക്കിവിട്ടു. രണ്ടു വയസ്സുകാരനായ വരുൺ ഗാന്ധിയുമായി മേനക അങ്ങനെ സഫ്ദർജങ് റോഡിലെ ഒന്നാം നമ്പർ വസതിയിൽ നിന്നിറങ്ങി. അതിനു മുമ്പ് സഹോദരി അംബികയെ വിളിച്ച് ഇക്കാര്യങ്ങൾ മാധ്യമങ്ങളെയും അവർ അറിയിച്ചിരുന്നു.
∙ അമേഠി കണ്ടു, രാജീവും മേനകയും തമ്മിലുള്ള പോരാട്ടം
അധികാരത്തോട് അടുത്തു നിന്നപ്പോൾ ഉണ്ടായിരുന്ന സ്വീകരണമായിരുന്നില്ല പ്രധാനമന്ത്രിയുടെ വസതിയിൽനിന്ന് ഇറക്കി വിടപ്പെട്ട മേനകയ്ക്ക് പിന്നീട് ഉണ്ടായത്. സഞ്ജയ് ഗാന്ധിയുടെ അടുപ്പക്കാരൊക്കെ പതിയെ അകന്നു. എന്നാൽ അക്ബർ അഹമ്മദ് എന്ന നേതാവ് മാത്രം കൂടെ നിന്നു. അദ്ദേഹത്തിനൊപ്പം ചേർന്ന് മേനക സഞ്ജയ് വിചാർ മഞ്ച് രൂപീകരിച്ചു. 1987–ലെ തിരഞ്ഞെടുപ്പിൽ അമർ അക്ബർ ഈ പാർട്ടിയുടെ ലേബലിൽ ലോക്സഭയിലേക്ക് വിജയിച്ചു. 1984–ലെ തിരഞ്ഞെടുപ്പിൽ മേനക ഗാന്ധി രാജീവ് ഗാന്ധിക്കെതിരെ അമേഠിയിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
കോൺഗ്രസിൽനിന്നു വിട്ടുവന്ന വി.പി. സിങ്ങിന്റെ ജനതാദളിൽ 1988–ൽ ചേർന്ന അവർ 1989ൽ ആദ്യമായി ലോക്സഭയിലെത്തുകയും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രിയാവുകയും ചെയ്തു. 2004–ലാണ് അവർ ബിജെപിയിലെത്തുന്നത്. 2009–ൽ മകൻ വരുൺ ഗാന്ധിയും ലോക്സഭയിലെത്തി. പിന്നീട് ബിഎസ്പിയിൽ ചേർന്ന അക്ബർ അഹമ്മദ് രണ്ടു വട്ടം കൂടി എംപിയായി. പിന്നീട് സജീവ രാഷ്ട്രീയത്തിൽനിന്ന് ബിസിനസ് മേഖലയിലേക്ക് അദ്ദേഹം കടന്നു. മുൻ മിസ് ഇന്ത്യയും മിസ് യൂണിവേഴ്സുമായിരുന്ന പ്രശസ്ത നടി നൈന ബാൽസാവറിനെ വിവാഹം കഴിച്ചപ്പോഴാണ് അക്ബർ അഹമ്മദ് വീണ്ടും പൊതുശ്രദ്ധയിൽ വന്നത്.
∙ രാഹുലും വരുണും ഒന്നിക്കുമോ? ജോഡോ യാത്രയിലെ ചർച്ച
‘‘ഞാനും വരുണും രണ്ട് പ്രത്യയശാസ്ത്രങ്ങളിലാണ് വിശ്വസിക്കുന്നത്. അദ്ദേഹം ബിജെപിയിലാണുള്ളത്. എന്റെ റാലിയിൽ വരുന്നത് അദ്ദേഹത്തിന് പ്രശ്നമുണ്ടാക്കും. എന്റെ തല മുറിച്ചിട്ടാലും ഞാൻ ആർഎസ്എസ് ഓഫിസിൽ പോകില്ല. അദ്ദേഹത്തിന്റേത് വ്യത്യസ്ത ആശയമാണ്. അതുകൊണ്ട് അവ തമ്മിൽ ചേർന്നു പോകില്ല’, ഭാരത് ജോഡോ യാത്രയിൽ വരുൺ ഗാന്ധി പങ്കെടുക്കുമോ എന്ന ചോദ്യത്തോട് രാഹുൽ ഗാന്ധി പ്രതികരിച്ചത് ഇങ്ങനെയാണ്.
ഏറെക്കാലമായി ബിജെപി നേതൃത്വത്തിന്റെ ‘ഗുഡ്ബുക്കി’ലല്ല വരുണും മാതാവ് മേനക ഗാന്ധിയും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പലപ്പോഴും ബിജെപി സ്വീകരിക്കുന്ന നിലപാടുകൾക്ക് വിരുദ്ധമായതായിരിക്കും പൊതു വിഷയങ്ങളിൽ വരുൺ ഗാന്ധി സ്വീകരിക്കാറുള്ളത്. അതുകൊണ്ടുതന്നെ വരുൺ ഗാന്ധി കോൺഗ്രസിലേക്ക് എന്ന വാർത്തകൾ ഇടയ്ക്കിടെ ഉയർന്നുവരാറുമുണ്ട്. എന്നാൽ നെഹ്റു–ഗാന്ധി കുടുംബത്തിലെ നിലവിലുള്ളവരുമായി അകലം പാലിക്കുന്ന സമീപനമാണ് മേനക ഗാന്ധി സ്വീകരിച്ചിട്ടുള്ളത്.
∙ കോണ്‍ഗ്രസിലും ബിജെപിയും ഭാഗ്യപരീക്ഷണം, സിന്ധ്യ കുടുംബത്തിന്റെ രാഷ്ട്രീയം
‘‘ജ്യോതിരാദിത്യയുടെ വരവ് സിന്ധ്യ കുടുംബത്തിന്റെ ഒരുമിക്കലാണ്, കാരണം എല്ലാവരുടെയും രക്തത്തിൽ ബിജെപിയുടെ ആശയങ്ങളുണ്ട്’’, ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിനെ കുറിച്ച് അദ്ദേഹത്തിന്റെ പിതാവിന്റെ സഹോദരിയും എംപിയും എംഎൽഎയുമൊക്കെയായിരുന്ന യശോദരരാജെ സിന്ധ്യ പറഞ്ഞത് ഇങ്ങനെയാണ്. തുടക്കത്തിൽ, തന്റെ മാതാവായ വിജയരാജെ സിന്ധ്യയ്ക്കൊപ്പം ഭാരതീയ ജനസംഘിൽ പ്രവർത്തിക്കുകയും ഒടുവിൽ മാതാവിനോടു തെറ്റി കോൺഗ്രസിൽ ചേരുകയും ചെയ്തയാളാണ് ജ്യോതിരാദിത്യയുടെ പിതാവ് മാധവറാവു സിന്ധ്യ.
ഗ്വാളിയറിലെ ഈ പഴയ രാജകുടുംബത്തിന്റെ രാഷ്ട്രീയ ചരിത്രവും ഇത്തരത്തിൽ അനേകം അടരുകളുള്ളതാണ്. രണ്ടു വട്ടം കോൺഗ്രസിന്റെ എംപിയായിരുന്നു വിജയരാജെ സിന്ധ്യ. 1960-കളോടെ ആർഎസ്എസ് അവരെ ഭാരതീയ ജനസംഘിലേക്കു ക്ഷണിച്ചു. പിന്നീട് വിജയരാജെ സിന്ധ്യ മത്സരിച്ചത് ജനസംഘിന്റെ ലേബലിലാണ്. 1971-ൽ വിജയരാജെയും മാധവറാവുവും മത്സരിച്ചത് ജനസംഘിന്റെ ഭാഗമായാണ്. വിജയരാജെ സിന്ധ്യ ജനസംഘത്തെ സഹായിക്കുന്നുവെന്ന് ആരോപിച്ച് മാധവറാവു പിണങ്ങി. പിന്നീട് മത്സരിച്ചതും രാജീവ് ഗാന്ധിയുടെയും പി.വി. നരസിംഹ റാവുവിന്റെയും മന്ത്രിസഭകളിൽ അംഗമായതും കോൺഗ്രസുകാരനായിട്ടാണ്.
1980–ൽ ബിജെപി രൂപീകരിച്ചപ്പോൾ വിജയരാജെ സിന്ധ്യ അതിന്റെ സ്ഥാപകാംഗങ്ങളിലൊരാളായി. അഴിമതി ആരോപണത്തെ തുടർന്ന് മാധവറാവു സിന്ധ്യ 1996-ൽ കോണ്‍ഗ്രസ് വിട്ടെങ്കിലും 1998–ൽ പാർട്ടിയിൽ തിരിച്ചെത്തി. 2001–ൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ഈ സീറ്റിലാണ് പിന്നീട് ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കുന്നതും വിജയിക്കുന്നതും മന്ത്രിയാവുന്നതും ഒടുവിൽ 18 വർഷങ്ങൾക്ക് ശേഷം ബിജെപിയിൽ ചേക്കേറുന്നതും. ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവിന്റെ മറ്റൊരു സഹോദരിയും ബിജെപി നേതാവുമായ വസുന്ധര രാജെ രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്നു. പല പാർട്ടികളിലായി കിടന്ന സിന്ധ്യ കുടുംബം ഇപ്പോൾ പൂർണമായി ബിജെപിയിലെത്തിയിരിക്കുകയാണ്.
∙ ഹരിയാനയിലെ ‘വിചിത്ര’ ചൗട്ടാല കുടുംബം
ഹരിയാനയിൽ ഓം പ്രകാശ് ചൗട്ടാലയുടെ മൂത്ത മകൻ അജയ് സിങ് ചൗട്ടാലയും മകൻ ദുഷ്യന്ത് ചൗട്ടാലയും ജനനായക് ജനതാ പാർട്ടി രൂപീകരിച്ചതാണ് ശ്രദ്ധേയമായ നീക്കങ്ങളിലൊന്ന്. കുടുംബ പാർട്ടിയായ ഐഎൻഎൽഡി പിളർത്തിയായിരുന്നു അജയ് ചൗട്ടാലയുടെയും ദുഷ്യന്തിന്റെയും ഈ നീക്കം. തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച ജെജെപി എതിരാളികളായിരുന്ന ബിജെപി നയിക്കുന്ന സർക്കാരിൽ ചേരുകയും ദുഷ്യന്ത് ഉപമുഖ്യമന്ത്രിയാവുകയും ചെയ്തു. ഇന്ന് ഇവരുടെ പ്രധാന എതിരാളിയാണ് ഓം പ്രകാശ് ചൗട്ടാലയും മറ്റൊരു മകൻ അഭയ് ചൗട്ടാലയും നയിക്കുന്ന ഐഎൻഎൽഡി.
ഇതിൽ ചരിത്രത്തിന്റെ ഒരു തനിയാവർത്തനം കൂടിയുണ്ട്. ദേവിലാൽ മുഖ്യമന്ത്രി പദമൊഴിഞ്ഞ് ഉപപ്രധാനമന്ത്രിയാകാൻ ഡൽഹിക്ക് വണ്ടി കയറിയപ്പോൾ അധികാരമേൽപ്പിച്ചത് എല്ലാവരും പ്രതീക്ഷിച്ചിരുന്ന ഇളയ മകൻ രഞ്ജിത് സിങ്ങിനെയല്ല, മറിച്ച് വിദ്യാഭ്യാസമില്ലാത്ത, നിരവധി ആരോപണങ്ങൾ കേൾപ്പിച്ചിരുന്ന ഓം പ്രകാശ് ചൗട്ടാലയെയാണ്. ചേട്ടന്റെ മന്ത്രിസഭയിലും പാർട്ടിയിലും കുറച്ചു കാലം തുടർന്നെങ്കിലും ആദ്യം കോൺഗ്രസ്, പിന്നീട് ബിജെപി, വീണ്ടും കോൺഗ്രസ് എന്നിങ്ങനെ മാറി മാറി നടന്നു രഞ്ജിത് സിങ്ങ്. അജയ് സിങ്ങും ദുഷ്യന്തും ഐഎൻഎൽഡിയിൽ നിന്ന് പുറത്തു പോകാനും അദ്ദേഹത്തിന്റെ പിന്തുണയുണ്ടായിരുന്നു.
ജെജെപി ടിക്കറ്റിൽ മത്സരിച്ച് മന്ത്രിയായെങ്കിലും തന്റെ കൂറ് ബിജെപിയോടും നരേന്ദ്ര മോദിയോടുമാണെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരുടെ മറ്റൊരു സഹോദരൻ പ്രതാപ് സിങ് ചൗട്ടാല ഒരുവട്ടം കോൺഗ്രസ് ടിക്കറ്റിൽ എംഎൽഎ ആയിട്ടുണ്ട്. പിന്നീട് മത്സരിച്ച രണ്ടു തിരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ട അദ്ദേഹമാണ് ചൗട്ടാലയ്ക്കെതിരെ ആദ്യമായി അഴിമതി ആരോപണം ഉയർത്തിയത് എന്ന പ്രത്യേകതയുമുണ്ട്.
∙ മുലായം കുടുംബത്തിന്റെ സ്വന്തം, സമാജ് വാദി പാർട്ടി
യുപിയിൽ അന്തരിച്ച മുലായം സിങ് യാദവ് സ്ഥാപിച്ച സമാജ്‍വാദി പാർട്ടിയുമായി ബന്ധപ്പെട്ട് എന്നും തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. അഖിലേഷ് യാദവ് മുഖ്യമന്ത്രി പദത്തിൽ ഇരുന്നപ്പോഴാണ് പിതാവ് മുലായം അദ്ദേഹത്തെ പാർട്ടിയിൽനിന്ന് പുറത്താക്കുന്നത്. തന്റെ സഹോദരൻ ശിവ്പാൽ യാദവിനോട് മുലായം കൂറ് പ്രഖ്യാപിച്ചതായിരുന്നു. എന്നാൽ അവസാന സമയത്ത് മുലായം മകനെ തന്നെ തിരികെ വിളിച്ച് പാർട്ടി ഏൽപ്പിച്ചു.
മറ്റൊരു പാർട്ടി രൂപീകരിച്ച ശിവ്പാൽ യാദവും ഒടുവിൽ എസ്.പിയിൽ മടങ്ങിയെത്തി. മുലായത്തിന് രണ്ടാമത്തെ ഭാര്യയിലുള്ള, അഖിലേഷിന്റെ അർധ സഹോദരൻ പ്രതീക് യാദവ് തുടക്കത്തിൽ രാഷ്ട്രീയ രംഗത്തുണ്ടായിരുന്നെങ്കിലും കാര്യമുണ്ടായില്ല. എന്നാൽ പ്രതീകിന്റെ ഭാര്യ അപർണ ബിജെപിയിൽ ചേർന്ന് യാദവ കുടുംബത്തെ ഞെട്ടിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഇത്. മുലായം കുടുംബത്തിലെ നിരവധി പേർ സമാജ്‍വാദി പാർട്ടിയുടെ തണലിൽ രാഷ്ട്രീയ രംഗത്തുണ്ട്.
∙ അപ്നാ ദൾ, അപ്നാ പാർട്ടി
യുപിയിലെ കുർമി സമുദായ പാർട്ടിയായ അപ്നാ ദളിന്റെ സ്ഥാപകൻ സോനേലാൽ പട്ടേൽ മരിച്ചതോടെ കുടുംബത്തിൽ അധികാരത്തർക്കം രൂക്ഷമായി. മകൾ അനുപ്രിയ പട്ടേലും ഭർത്താവും ചേർന്ന് ഒരു പാർട്ടിയും മറ്റൊരു മകൻ പല്ലവി പട്ടേൽ മറ്റൊരു പാർട്ടിയുമായി അപ്നാ ദൾ പിരിഞ്ഞു. അനുപ്രിയ പട്ടേൽ ഇന്ന് കേന്ദ്രമന്ത്രിയാണ്. പല്ലവി പട്ടേൽ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുപി ഉപമുഖ്യമന്ത്രിയായിരുന്ന കേശവ പ്രസാദ് മൗര്യയെ തോൽപ്പിച്ചു.
മുൻ കേന്ദ്രമന്ത്രി ജിതേന്ദ്ര പ്രസാദിന്റെ മകൻ ജിതിൻ പ്രസാദ മൻമോഹൻ സിങ്ങിന്റെ യുപിഎ സർക്കാരിൽ മന്ത്രിയായിരുന്നു. കോൺഗ്രസിനെ ‘നന്നാക്കാൻ’ രൂപീകൃതമായ ജി–23 സംഘത്തിലും അംഗമായിരുന്നു. എന്നാൽ 2022–ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 2021 ജൂണിൽ ബിജെപിയില്‍ ചേർന്നു. ബിജെപിയുടെ യുപിയിലെ ബ്രാഹ്മണ മുഖം എന്ന നിലയിലായിരുന്നു ജിതിൻ പ്രസാദയെ അവതരിപ്പിച്ചത്. അതേസമയം, ബിജെപിയിൽനിന്ന് എസ്പിയിലെത്തിയ മുതിർന്ന ഒബിസി നേതാവ് സ്വാമി പ്രസാദ് മൗര്യയുടെ മകൾ സംഘമിത്ര മൗര്യ ഇപ്പോഴും ബിജെപി എംപിയാണ്.
∙ ഗുണം ഏതു പാർട്ടി? ബഹുഗുണമാരുടെ അന്വേഷണം തുടരുന്നു
കോൺഗ്രസിന്റെ യുപി പ്രസിഡന്റായിരുന്ന റീത്ത ബഹുഗുണ ജോഷി ബിജെപിയിലേക്ക് പോവുകയും സംസ്ഥാന മന്ത്രിസഭയിൽ അംഗമാവുകയും ചെയ്തു. 2022–ലെ തിരഞ്ഞെടുപ്പിൽ മകൻ മായങ്ക് ജോഷിക്ക് വേണ്ടി ലക്നൗ കാന്റ് സീറ്റ് ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഒടുവിൽ മായങ്ക് സമാജ്‍വാദി പാർട്ടിയിൽ ചേർന്നു. എന്നാൽ ബഹുഗുണ കുടുംബത്തിൽ ഇതു പുതിയ കാര്യമല്ല എന്നാണു ചരിത്രം പറയുന്നത്. സ്വാതന്ത്ര്യസമര സേനാനിയും എട്ടാമത്തെ യുപി മുഖ്യമന്ത്രിയായിരുന്ന എച്ച്.എൻ. ബഹുഗുണ ദശകങ്ങളോളം കോൺഗ്രസ് നേതാവായിരുന്നെങ്കിലും 1977–ൽ കളംമാറ്റിച്ചവിട്ടി ജനതാ പാർട്ടിയിലെത്തി.
വൈകാതെ കോൺഗ്രസിൽ തിരികെ എത്തിയെങ്കിലും മതിയായ പ്രാധാന്യം കിട്ടുന്നില്ലെന്ന് തോന്നിയതോടെ വീണ്ടും പാർട്ടി വിട്ടു. അദ്ദേഹത്തിന്റെ മക്കളാണ് കോൺഗ്രസ് നേതാവായിരുന്ന മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണയും റീത്ത ബഹുഗുണ ജോഷിയും. 2016–ൽ 10 എംഎൽഎമാർക്കൊപ്പം വിജയ് ബഹുഗുണ ബിജെപിയിലെത്തി. വിജയ് ബഹുഗുണയുടെ മൂത്ത മകൻ സാകേതും നേരത്തേ കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു.
∙ യുവതുർക്കിയുടെ പിന്‍ഗാമി ബിജെപിയിൽ
മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകൻ നീരജ് ശേഖർ മുമ്പ് സമാജ്‍വാദി പാർട്ടി അംഗമായിരുന്നു. പലതായി പിരിഞ്ഞ ജനതാദൾ കുടുംബത്തിൽനിന്ന് സമാജ്‍വാദി ജനതാദൾ എന്ന പാർട്ടി രൂപീകരിച്ചാണ് ചന്ദ്രശേഖർ തന്റെ രാഷ്ട്രീയജീവിതം നിലനിർത്തിയത്. അദ്ദേഹം അന്തരിച്ച ഒഴിവിലാണ് നീരജ് ശേഖർ ആദ്യമായി ലോക്സഭയിലെത്തുന്നത്. 2009–ലും സമാജ്‍വാദി പാർട്ടി അംഗമായി അദ്ദേഹം വിജയിച്ചു. 2014–ൽ മത്സരിച്ചപ്പോൾ ഇടതുപാർട്ടികൾ അടക്കം നീരജിന് പിന്തുണ നൽകി. എന്നാൽ ബിജെപി സ്ഥാനാർഥി വിജയിച്ചു. 2019–ൽ സമാജ്‍വാദി പാർട്ടിയിൽനിന്നു രാജിവച്ച് നീരജ് ചന്ദ്രശേഖർ ബിജെപിയിലെത്തുകയും രാജ്യസഭാംഗമാകുകയും ചെയ്തു.
∙ പാർട്ടി മാറ്റം, കാലുമാറ്റം പഞ്ചാബിലെ വീട്ടുകാര്യം
ഒരുകാലത്ത് കോൺഗ്രസിലെ അതിശക്തനും സോണിയ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജനാർദൻ ദ്വിവേദിയുടെ മകൻ സമീർ ദ്വിവേദി 2020 ഫെബ്രുവരിയിൽ ബിജെപിയില്‍ ചേർന്നു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ കൂടിയായിരുന്ന മുതിർന്ന നേതാവ് കരൺ സിങ്ങിന്റെ മകൻ അജാതശത്രു സിങ്ങും ബിജെപിയിലെത്തിയ നേതാവാണ്. പഞ്ചാബ് പിസിസി പ്രസിഡന്റായിരുന്ന സുനിൽ ഝാക്കർ മുൻ ലോക്സഭാ സ്പീക്കറും കോൺഗ്രസ് നേതാവുമായിരുന്ന ബൽറാം ഝാക്കറുടെ മകനാണ്.
അമരീന്ദർ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഇറക്കിയപ്പോൾ, തന്നെ ആ സ്ഥാനം ഏൽപ്പിക്കും എന്നായിരുന്നു സുനിൽ ഝാക്കർ കരുതിയത് എങ്കിലും പഞ്ചാബി സിഖ് വികാരം എതിരാകും എന്നു കണ്ട് ചരൺജിത് സിങ് ഛന്നിയെ മുഖ്യമന്ത്രി പദം ഏൽപ്പിക്കുകയായിരുന്നു കോൺഗ്രസ്. വൈകാതെ സുനിൽ ഝാക്കർ ബിജെപിയിലെത്തി. ദശകങ്ങളോളം കോൺഗ്രസ് അംഗമായിരുന്ന അമരീന്ദർ സിങ്ങും ഒടുവിൽ എത്തിയത് ബിജെപിയിലാണ്. എന്നാൽ കോൺഗ്രസ് എംപിയായിരുന്ന അമരീന്ദറിന്റെ ഭാര്യയും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന പ്രണീത് കൗർ അമരീന്ദറിനൊപ്പം ബിെജപിയിലേക്ക് പോയിരുന്നില്ല. ഒടുവിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കോൺഗ്രസ് ‘അച്ചടക്കലംഘനം’ ചൂണ്ടിക്കാട്ടി പ്രണീത് കൗറിനെ സസ്പെൻഡ് ചെയ്തു.
∙ ബിഹാറെത്തി, ഇവിടെ എല്ലാം ബന്ധുമയം
ഭർത്താവ് പാർട്ടികൾ പലതു മാറുകയും സ്വന്തമായ പാർട്ടി ഉണ്ടാക്കിയിട്ടും കോൺഗ്രസിൽ ഉറച്ചു നിൽക്കുന്ന ഒരു രാഷ്ട്രീയ നേതാവുണ്ട് ബിഹാറിൽ. രഞ്ജീത് രഞ്ജൻ– 2016ലെ വനിതാ ദിനത്തിൽ തന്റെ ഹാർലി ഡേവിഡ്സൺ ബൈക്കിൽ പാർലമെന്റിലെത്തിയ കോൺഗ്രസ് നേതാവ്. ഇപ്പോൾ രാജ്യസഭാംഗം. ഭർത്താവാണെങ്കിൽ കുപ്രസിദ്ധനുമാണ്. രാജേഷ് രഞ്ജൻ എന്ന പപ്പു യാദവ്. ബിഹാർ രാഷ്ട്രീയത്തിൽ അതിപ്രശസ്തൻ.
ബിഹാറിലെ ‘ഒന്നാം നമ്പർ’ കുടുംബമായ ലാലു പ്രസാദ് യാദവ്–റാബ്രി ദേവിമാരുടെ കാര്യത്തിൽ കഥകൾക്ക് കുറവില്ല. ഇളയ മകൻ തേജസ്വി യാദവ് ഇപ്പോൾ സംസ്ഥാന ഉപമുഖ്യമന്ത്രി, മറ്റൊരു മകൻ തേജ് പ്രതാപ് യാദവ് സംസ്ഥാന മന്ത്രി. ഏതു നിമിഷവും സ്വന്തമായി പാർട്ടിയുണ്ടാക്കി സഹോദരനോട് ഏറ്റുമുട്ടാനുള്ള കളം നേരത്തേ തന്നെ ഒരുക്കിയിട്ടുണ്ട് തേജ് പ്രതാപ് യാദവ്. മക്കളിൽ മിസ ഭാരതി രാജ്യസഭാംഗം. ലാലുവിന്റെ മക്കൾ പ്രീതി കാരണം പാർട്ടി വിട്ടുപോയ നേതാക്കളും നിരവധി.
കേന്ദ്രമന്ത്രിയായിരുന്ന റാം വിലാസ് പാസ്വാന്റെ ലോക്ജനശക്തി പാർട്ടിയിൽ അദ്ദേഹത്തിന്റെ മരണശേഷം അടിപൊട്ടുന്നതാണ് കണ്ടത്. തങ്ങളുടെ സഖ്യകക്ഷിയായ ജെഡി(യു) നേതാവ് നിതീഷ് കുമാറിന് സീറ്റ് കുറയ്ക്കുന്നതിന്റെ ഭാഗമായി പാസ്വാന്റെ മകൻ ചിരാഗ് പാസ്വാനെ മുന്നിൽ നിർത്തി ബിെജപി കളിക്കുന്നു എന്ന് ആദ്യസമയത്ത് അഭ്യൂഹങ്ങൾ പരന്നിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡി(യു) വിജയത്തെ ചിരാഗ് പാസ്വാന്റെ പാർട്ടി പിടിച്ച വോട്ടുകൾ ബാധിക്കുകയും ചെയ്തിരുന്നു. എന്നാൽ ട്വിസ്റ്റ് വന്നത് അതും കഴിഞ്ഞാണ്. പാർട്ടി പിളർത്തി പാസ്വാന്റെ സഹോദരനും എംപിയുമായ പശുപതി കുമാർ പരസ് നരേന്ദ്ര മോദി മന്ത്രിസഭയിൽ മന്ത്രിയായി. ഇപ്പോൾ എവിടെയുമില്ലാത്ത അവസ്ഥയാണ് ചിരാഗ് പാസ്വാന്റേത്.
∙ റെഡ്ഡിയും റാവുവും തീരുമാനിക്കും ആന്ധ്രയും തെലങ്കാനയും
ആന്ധ്രയിൽ കോൺഗ്രസിന്റെ എക്കാലത്തെയും വലിയ നേതാവായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡി ഹെലികോപ്റ്റർ അപകടത്തിൽ മരിക്കുന്നതോടെയാണ് കോണ്‍ഗ്രസ് പാർട്ടിയുടെയും പതനം ആരംഭിക്കുന്നത്. പാർട്ടിയിലെ ഒരു വിഭാഗം എതിർത്തതോടെ മകൻ ജഗൻ മോഹൻ റെഡ്ഡിയെ മുഖ്യമന്ത്രിയോ പാർട്ടി അധ്യക്ഷനോ ആക്കാതിരുന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് വൈകാതെ കാര്യങ്ങൾ കൈവിട്ടു എന്നു മനസിലായി.
ഖനന കേസിൽ ജയിലിലായിരുന്ന ജഗൻ പുറത്തു വന്ന് രൂപീകരിച്ച വൈഎസ്ആർ കോൺഗ്രസ് പാർട്ടി സംസ്ഥാനം തൂത്തുവാരി. എൻ. ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാർട്ടിയും കടപുഴകി. കോൺഗ്രസ് ആന്ധ്രയിൽ നാമാവശേഷമായി. പാർട്ടി രൂപീകരിക്കാനും കെട്ടിപ്പടുക്കാനും ഒപ്പം നിന്ന സഹോദരി വൈ.എസ്. ശർമിള റെഡ്ഡിയും അമ്മ വിജയമ്മയും ജഗനെ വിട്ട് സ്വന്തമായ പാർട്ടിയുണ്ടാക്കി. ഇപ്പോൾ വൈഎസ്ആർ തെലങ്കാന പാർട്ടി രൂപീകരിച്ച് തെലങ്കാനയിലെ കെ.ചന്ദ്രശേഖര റാവു സർക്കാരിനെ താഴെയിറക്കാൻ നോക്കുകയാണ് ശർമിള.
∙ കുടുംബപർവതത്തിൽ ഉദിക്കും ഉദയസൂര്യൻ
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ കുടുംബം തീർച്ചയായും ഡിഎംകെയെ നയിക്കുന്ന എം. കരുണാനിധിയുടെത് തന്നെ. മകൻ എം.കെ. സ്റ്റാലിനാണ് ഇപ്പോൾ തമിഴ്നാട് മുഖ്യമന്ത്രിയും പാർട്ടി നേതാവും. മൂത്ത മകൻ എം.കെ. അഴഗിരി എംപിയും കേന്ദ്രമന്ത്രിയുമായിരുന്നു. എന്നാൽ അധികാരത്തർക്കത്തിൽ അഴഗിരി വിജയിച്ചില്ല. ഇന്ന് മധുര മേഖലയിൽ മാത്രമായി അദ്ദേഹം ഒതുങ്ങിയിരിക്കുന്നു. ഒരുകാലത്ത് സ്റ്റാലിനു പകരം തമിഴ്നാട് രാഷ്ട്രീയത്തിൽ ഉദിച്ചുയരുമെന്ന് കരുതിയിരുന്ന മകൾ കനിമൊഴി ദേശീയ രാഷ്ട്രീയത്തിൽ ഡിഎംകെയുടെ കാര്യങ്ങൾ നോക്കുന്നു.
ജയലളിത അന്തരിച്ചപ്പോൾ അനന്തരാവകാശികൾ ഇല്ലാതായിപ്പോയ എഐഎഡിഎംകെയിലും അധികാര തർക്കത്തിന് കുറവൊന്നുമില്ല. എന്നാൽ അത് ബന്ധുക്കളും സ്വന്തക്കാരും തമ്മിലല്ല എന്നുമാത്രം. അതേസമയം, ജയലളിതയുടെ ഉറ്റതോഴി ശശികലയുടെ മരുമകൻ ടിടിവി ദിനകരനും തമിഴ്നാട് രാഷ്ട്രീയത്തിലെ ഒരു പ്രധാന നേതാവാണ്. കോൺഗ്രസ് നേതാവായിരുന്ന ജികെ മൂപ്പനാരുടെ മകൻ ജി.കെ. വാസൻ ഇപ്പോൾ തമിഴ് മാനില കോൺഗ്രസ് വഴി എൻഡിഎ സഖ്യത്തിലെത്തിയിരിക്കുന്നു.
∙ ദിനംപ്രതി മാറുന്ന മഹാരാഷ്ട്രീയം
ജനാധിപത്യ ഇന്ത്യ അടുത്തകാലത്തു കണ്ട ഏറ്റവും വലിയ അട്ടിമറിയായിരുന്നു ബാൽ താക്കറെ സ്ഥാപിച്ച പാർട്ടിയുടെ നേതൃത്വത്തിൽനിന്നും മുഖ്യമന്ത്രി പദത്തിൽ നിന്നും ഉദ്ധവ് താക്കറെയെ ഇറക്കിവിട്ട് ഒരു പാർട്ടി പ്രവർത്തകൻ ഈ സ്ഥാനങ്ങൾ പിടിച്ചെടുത്തത്. തുടർന്ന് ഓരോരുത്തരായി ശിവസേന വിട്ട് ഏക്നാഥ് ഷിൻഡെയ്ക്കൊപ്പം പോയി. അതിൽ ഏറ്റവും ഒടുവിലത്തേതായിരുന്നു താക്കറെ കുടുംബത്തിന്റെ വലിയ വിശ്വസ്തനായിരുന്ന സുഭാഷ് ദേശായിയുടെ മകൻ ഭൂഷൻ ദേശായി ഷിൻഡെയ്ക്കൊപ്പം പോയത്. ഉദ്ധവ് താക്കറെയുടെ മറ്റു സഹോദരങ്ങളും അവരുടെ മക്കളുമൊക്ക ഇന്ന് ഷിന്‍ഡെയ്ക്കൊപ്പമാണുതാനും.
എൻസിപിയിൽ ആവട്ടെ, എല്ലാം ശരത് പവാറിന്റെ നിയന്ത്രണത്തിലാണെങ്കിലും മരുമകൻ അജിത് പവാർ ഏതു നിമിഷവും കൂടുമാറാമെന്ന അഭ്യൂഹങ്ങൾ കാലങ്ങളായി അന്തരീക്ഷത്തിലുണ്ട്. മഹാ വികാസ് ആഘാഡി സർക്കാർ അധികാരത്തിൽ വരുന്നതിനു മുമ്പ് അജിത് പവാർ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കാൻ പോവുകയും ചെയ്തിരുന്നു. 10 എൻസിപി എംഎൽഎമാരുമായി അജിത് പവാർ ബിജെപിയിലേക്ക് പോകുമെന്നതാണ് മുംബൈയിലെ പുതിയ രാഷ്ട്രീയ ഗോസിപ്പ്. പവാറിന്റെ മകൾ സുപ്രിയ സുളെയ്ക്ക് പാർട്ടിക്ക് മേൽ മികച്ച നിയന്ത്രണമുണ്ട് എന്നതും പ്രധാനമാണ്.
∙ അപ്പുറത്തും ഇപ്പുറത്തും സിൻഹമാരുടെ രാഷ്ട്രീയം
പിതാവ് പാർട്ടി വിട്ടിട്ടും മകൻ അവിടെത്തന്നെ തുടരുന്നു എന്നതിന് ഉദാഹരണമാണ് ഇപ്പോഴത്തെ തൃണമൂൽ കോൺഗ്രസ് നേതാവ് യശ്വന്ത് സിൻഹയും മകൻ ജയന്ത് സിൻഹയും. മുൻ ജനതാദൾ നേതാവായ യശ്വന്ത് സിൻഹ ബിജെപിയിലെത്തി വാജ്പേയി മന്ത്രിസഭയിൽ അടക്കം മന്ത്രിയായിരുന്നു. എന്നാൽ നരേന്ദ്ര മോദി–അമിത് ഷാ എന്നിവർ നേതൃത്വത്തിലേക്ക് വന്നതോടെ സിൻഹ ഉടക്കി. സിൻഹ ഇതിനിടെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയുമായി.
അതേ സമയം, മകൻ ജയന്ത് സിൻഹയാകട്ടെ ബിജെപിയിൽ ഉറച്ചു നിൽക്കുന്നു. ഹസാരിബാഗ് എംപിയായ ജയന്ത് സിൻഹയ്ക്ക് മുമ്പ് മന്ത്രിസ്ഥാനം ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴതില്ല. അതിനിടെ, ആൾക്കൂട്ടക്കൊലയിൽ ശിക്ഷിക്കപ്പെട്ടവർ ജയിലിൽനിന്ന് പുറത്തു വന്നപ്പോള്‍ അവരെ മാലയിട്ടു സ്വീകരിച്ച അദ്ദേഹത്തിന്റെ നടപടി ഏറെ വിമർശനത്തിന് ഇടയാക്കുകയും ചെയ്തു. ജാർഖണ്ഡിലെ ഒന്നാം നമ്പർ രാഷ്ട്രീയ കുടുംബമാണ് സോറന്റേത്. മുൻ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന ഷിബു സോറൻ രൂപീകരിച്ച ജാർഖണ്ഡ‍് മുക്തി മോർച്ച ഇന്ന് നയിക്കുന്നത് മകന്‍ ഹേമന്ദ് സോറനാണ്. അദ്ദേഹം തന്നെയാണ് മുഖ്യമന്ത്രിയും.
∙ പിതാവിന്റെ വഴിയേ പോകുന്ന മക്കൾ
കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന സന്തോഷ് മോഹൻ ദേവിന്റെ മകൾ സുഷ്മിത ദേവ് അഖിലേന്ത്യാ മഹിളാ കോൺഗ്രസിന്റെ അധ്യക്ഷയായിരുന്നു. എന്നാൽ ഇരുട്ടി വെളുക്കുന്നതിനു മുമ്പ് സുഷ്മിത തൃണമൂൽ കോൺഗ്രസിലെത്തി. രാജ്യസഭാ സീറ്റായിരുന്നു പ്രശ്നം.
മുതിർന്ന കോൺഗ്രസ് നേതാവായ രാജേഷ് പൈലറ്റിന്റെ മകനാണ് സച്ചിൻ പൈലറ്റ്, മുരളി ദിയോറയുടെ മകനാണ് മിലിന്ദ് ദിയോറ, സുനിൽ ദത്തിന്റെ മകളും സഞ്‍ജയ് ദത്തിന്റെ സഹോദരിയുമാണ് പ്രിയ ദത്ത്, ആർഎൽഡി നേതാവായിരുന്ന അജിത് സിങ്ങിന്റെ മകൻ ജയന്ത് ചൗധരിയാണ് ഇന്ന് ആ പാർട്ടി നയിക്കുന്നത്.
പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം എംപിയാണ്. ഹിമാചൽ മുഖ്യമന്ത്രിയായിരുന്ന പ്രേം കുമാർ ധുമലിന്റെ മകനാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂർ. അന്തരിച്ച ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകൾ പങ്കജ മുണ്ടെ ബിജെപി നേതാവാണ്, സംസ്ഥാന രാഷ്ട്രീയത്തിൽ ദേവേന്ദ്ര ഫഡ്നാവിസിനാൽ ഒതുക്കപ്പെട്ടിരിക്കുകയാണ് ഇപ്പോഴവർ. എന്നാൽ സഹോദരി പ്രീതം മുണ്ടെ ലോക്സഭാംഗമാണ്. അതുപോലെ ഇവരുടെ കസിൻ ധനഞ്ജയ് മുണ്ടെ എൻസിപിയുടെ മുതിർന്ന നേതാവും എംഎൽഎയുമാണ്. അന്തരിച്ച ബിജെപി നേതാവ് പ്രമോദ് മഹാജന്റെ മകൾ പൂനം മഹാജൻ ലോക്സഭാ എംപിയാണ്.
English Summary: India And Its Powerful Political Families, A Tradition That Is Still Running The Show