ആരാണു ചാരന്മാർ? കഥകൾ കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനുഷ്യർ ഇത്തരം ആളുകളെക്കുറിച്ചു പറയാറുണ്ട്. സിനിമകളുടെ വരവോടെ ചാരന്മാരും ‘ചാരസുന്ദരി’കളും കൂടുതൽ ജനകീയരായി. വേഷംമാറിപ്പോയി

ആരാണു ചാരന്മാർ? കഥകൾ കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനുഷ്യർ ഇത്തരം ആളുകളെക്കുറിച്ചു പറയാറുണ്ട്. സിനിമകളുടെ വരവോടെ ചാരന്മാരും ‘ചാരസുന്ദരി’കളും കൂടുതൽ ജനകീയരായി. വേഷംമാറിപ്പോയി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരാണു ചാരന്മാർ? കഥകൾ കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനുഷ്യർ ഇത്തരം ആളുകളെക്കുറിച്ചു പറയാറുണ്ട്. സിനിമകളുടെ വരവോടെ ചാരന്മാരും ‘ചാരസുന്ദരി’കളും കൂടുതൽ ജനകീയരായി. വേഷംമാറിപ്പോയി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരാണു ചാരന്മാർ? കഥകൾ കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനുഷ്യർ ഇത്തരം ആളുകളെക്കുറിച്ചു പറയാറുണ്ട്. സിനിമകളുടെ വരവോടെ ചാരന്മാരും ‘ചാരസുന്ദരി’കളും കൂടുതൽ ജനകീയരായി. വേഷംമാറിപ്പോയി അന്യരാജ്യത്തെ രഹസ്യങ്ങൾ ചോർത്തുന്ന നിറംപിടിപ്പിച്ച കഥകൾ മുതൽ രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനും എതിർരാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനും ചാരപ്രവൃത്തി ആരോപണം ഉന്നയിക്കുന്നതു വരെ നീളുന്ന അനേകം കാര്യങ്ങൾ നമുക്കറിയാം. ലോകത്ത് ശാക്തിക ചേരികൾ ഉണ്ടായിരുന്നപ്പോഴും പുതിയ കൂട്ടായ്മകൾ രൂപപ്പെടുമ്പോഴുമെല്ലാം ചാരപ്രവർത്തനം ഒഴിവാക്കാനാവാത്ത ഘടകമായിട്ടുണ്ട്. 

 

ADVERTISEMENT

ശീതയുദ്ധക്കാലത്ത് ഇത്തരം ചാരക്കഥകൾ അമേരിക്കയുടെയും സോവിയറ്റ് യ‌ൂണിയന്റെയും കുത്തകയായിരുന്നു. പക്ഷേ പിൽക്കാലത്ത് റഷ്യ ഒരു പരിധി വരെ അമേരിക്കയോട് പിടിച്ചു നിന്നിട്ടുണ്ട്. റഷ്യൻ ചാരന്മാർ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ രാഷ്ട്രീയ എതിരാളികളെ ലോകത്തിന്റെ പല ഭാഗങ്ങളിലായി കൊന്നൊടുക്കിയിട്ടുണ്ട് എന്ന റിപ്പോർട്ടുകൾക്കും കുറവുണ്ടായില്ല. കടുത്ത എതിരാളികളായ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിലെ ഏറ്റവും വലിയ ഘടകങ്ങളിലൊന്നാണു ചാരപ്രവർ‌ത്തന ആരോപണവും അതിന്മേലുള്ള അറസ്റ്റുകളും. 

 

ചൈനീസ് പതാകയുമായി യുവാവ്. ഫയൽ ചിത്രം: ISAAC LAWRENCE / AFP

∙ ചാരപ്രവർത്തനമാണെങ്കിലും ‘മര്യാദ’ വേണം

 

ADVERTISEMENT

എന്നാൽ ഇതിനെയൊക്കെ കവച്ചുവയ്ക്കുന്ന ഒന്നാണ് ഇന്ന് ചൈന നടത്തിക്കൊണ്ടിരിക്കുന്നത്. ലോകം മുഴുവൻ ചൈനയ്ക്കു വേണ്ടി ചാരപ്രവർത്തനം നടത്തുന്നവരെക്കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നതു പോലുള്ള അതിശയോക്തി നിറഞ്ഞ റിപ്പോർട്ടുകൾക്കിടയിലും ചില വാർത്തകൾ സ്തോഭജനകമാണ്. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മിക്ക രാജ്യങ്ങളും സുഹൃദ്‍രാജ്യങ്ങളിൽപ്പോലും ചാരപ്രവർത്തനം നടത്താറുണ്ടെന്ന വസ്തുത നിലനിൽക്കെ, ചൈനയുടേതു മാത്രമെങ്ങനെ ഒറ്റതിരിഞ്ഞു കാണാനാവും എന്ന ചോദ്യവും ഉയരാറുണ്ട്. 

 

ചാരപ്രവർത്തനം പരസ്യമായ രഹസ്യമാണ്; അതില്ലെന്ന് എല്ലാവരും നടിക്കുകയും ഉണ്ടെന്ന് എല്ലാവർ‌ക്കും അറിയുകയും ചെയ്യാം. പക്ഷേ അപ്പോഴും എല്ലാവരും പാലിക്കുന്ന ചില മര്യാദകളുണ്ട്. എന്നാൽ ചൈന ആ മര്യാദകളെയെല്ലാം കാറ്റിൽപ്പറത്തിയിരിക്കുന്നു എന്നതു കൂടിയാണ് പുതിയ വിവാദത്തിലെ കാതല്‍. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും മറ്റു രാജ്യങ്ങളിൽ തങ്ങളെ പ്രതിനിധീകരിക്കുന്നത് അവിടെ അനുവദിച്ചിട്ടുള്ള എംബസികൾ വഴിയാണ്. ആ എംബസി/ ഹൈക്കമ്മിഷനുള്ളിൽ ആ അതിഥി രാജ്യത്തിന് എന്തും ചെയ്യാം. അവർക്കാണ് അവിടെ പരമാധികാരം. തുർക്കിയിലെ സൗദി എംബസിയിലേക്ക് കയറിപ്പോയ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടത് അതിനുള്ളിൽ വച്ചാണെന്നാണ് ഏവരും കരുതുന്നത്. എന്നിട്ടെന്തുണ്ടായി? 

 

ADVERTISEMENT

എല്ലാ രാജ്യങ്ങളും തങ്ങളുടെ രഹസ്യാന്വേഷണ വിദഗ്ധരെ പല എംബസികളിലും ഉദ്യോഗസ്ഥരായി നിയമിക്കാറുണ്ട്. അവിടെ ചാരന്മാരുണ്ടെന്ന് ആതിഥേയ രാജ്യത്തിനും അറിയാം, അവർക്ക് അതറിയാമെന്ന് എംബസികളില്‍ ഉള്ളവർക്കും അറിയാം. എങ്കിലും അത് ഉഭയസമ്മത പ്രകാരമുള്ള കണ്ണടയ്ക്കലാണ്. ഈ ‘മര്യാദ’യ്ക്ക് പുറത്ത് ഓരോ രാജ്യത്തിന്റെയും പരമാധികാരത്തെ ചോദ്യം ചെയ്യുന്ന വിധത്തിൽ ചൈന പെരുമാറുന്നു എന്നാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഉയർന്നു കൊണ്ടിരിക്കുന്ന പരാതികൾ. 

 

അമേരിക്കയിലെയും യൂറോപ്പിലെ വിവിധ രാജ്യങ്ങളിലും ചൈന ‘രഹസ്യ പൊലീസ് സ്റ്റേഷനുകൾ’ സ്ഥാപിക്കുകയും തങ്ങൾക്ക് അഹിതമായവരെ വേട്ടയാടുകയും ചെയ്യുന്നു എന്നാണ് ആരോപണങ്ങൾ. ഈ വിഷയത്തിൽ അമേരിക്കയിൽ കഴിഞ്ഞയാഴ്ച രണ്ടു പേർ അറസ്റ്റിലാവുകയും ചെയ്തു. ഇവർക്കെതിരെ ചാര പ്രവർത്തനവും തെളിവുകൾ നശിപ്പിക്കലും അടക്കമുള്ള കുറ്റങ്ങൾ ചുമത്തുകയും ചെയ്തിട്ടുണ്ട്. 

 

∙ നൂറിലേറെ രഹസ്യ പൊലീസ് സ്റ്റേഷനുകൾ‌?

 

ഊഹിക്കാവുന്നതിലും അധികമാണ് ഇതു സംബന്ധിച്ച് പുറത്തു വരുന്ന കണക്കുകൾ. സ്പെയിൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന ‘സേഫ്ഗാർഡ് ഡിഫൻഡേഴ്സ്’ കഴിഞ്ഞ വർഷം ഒരു കണക്ക് പുറത്തുവിട്ടിരുന്നു. വിവിധ രാജ്യങ്ങളിൽ ചൈനീസ് സർക്കാർ നടത്തുന്ന ‘മനുഷ്യാവകാശലംഘനങ്ങൾ’ പുറത്തുകൊണ്ടുവരുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയാണിത്. അവരുടെ കണക്ക് പ്രകാരം ലോകത്തെ 53 രാജ്യങ്ങളിലായി ചൈനയുടെ 102 രഹസ്യ പൊലീസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. അതത് രാജ്യങ്ങളിലെ പൗരന്മാരായ ചൈനീസ് വംശജർക്കാണ് പലപ്പോഴും ഇതിന്റെ ചുമതല.

 

ചൈനയുമായി ബന്ധപ്പെട്ട് എതിരാഭിപ്രായങ്ങളുള്ള ചൈനീസ് വംശജരെ  നിരീക്ഷിക്കുക, അവരെയും കുടുംബാംഗങ്ങളെയും സമ്മർദ്ദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുക, ചൈനയിൽനിന്ന് രക്ഷപെട്ടവരെ അവിടേക്ക് തിരികെ ചെല്ലാൻ സമ്മർദ്ദം ചെലുത്തുക തുടങ്ങി ഒരു വിദേശ രാജ്യത്ത് തങ്ങളുടെ ഭരണസംവിധാനം ‌അനധികൃതമായി നടപ്പാക്കുകയാണ് ഈ രഹസ്യ പൊലീസ് സ്റ്റേഷനുകൾ വഴി ചൈന ചെയ്യുന്നത് എന്നാണ് ആരോപണം. ചൈനയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി വിദേശത്ത് പ്രവർത്തിക്കുന്നവരുടെ, ചൈനയിലുള്ള ബന്ധുക്കളെക്കുറിച്ചും അവർക്ക് ചൈനയിലുള്ള ബിസിനസുകളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുന്നതും അത് ചൈനീസ് അധികൃതർക്ക് കൈമാറുന്നതും ഈ പൊലീസ് സ്റ്റേഷനുകളുടെ ചുമതലയിൽ വരുന്ന കാര്യമാണെന്ന് വിവിധ ഏജൻസികൾ പറയുന്നു. പരമ്പരാഗത ചാരപ്പണികൾക്ക് പുറമെയാണിത്. 

 

അമേരിക്കൻ വ്യോമസേനയിൽനിന്ന് വിരമിച്ച പ്രതിരോധന കരാറുകാരൻ 67 വയസുള്ള ഷാപൗർ മൊയ്നിയൻ എന്നയാളെ അമേരിക്കൻ കോടതി കഴിഞ്ഞ നവംബറിൽ ശിക്ഷിച്ചിരുന്നു. ഹണിട്രാപ് ഒരുക്കിയായിരുന്നു ഇയാളുമായി ചൈനീസ് ഏജന്റുമാർ ബന്ധം സ്ഥാപിച്ചതെന്നും പിന്നീട് പണത്തിനു വേണ്ടി രഹസ്യങ്ങൾ കൈമാറുകയായിരുന്നു എന്നും കോടതി പറയുന്നു. സമാനമായ കേസുകൾ ഇടക്കിടെ ഇന്ത്യയിലും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ചൈനീസ്, പാക് ഏജൻസികള്‍ക്ക് വേണ്ടി വിവരങ്ങൾ ചോർത്തിയവരെ ഇന്ത്യൻ ഏജൻസികൾ പിടികൂടുന്ന വാർത്തകൾ ഇടയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഇതിൽ ഹണിട്രാപ്പിൽ കുരുങ്ങി വിവരങ്ങൾ പങ്കുവയ്ക്കുന്നവരും പണത്തിനു വേണ്ടി വിവരങ്ങൾ നൽകുന്നവരുമുണ്ട്. 

 

∙ യൂറോപ്പിലെങ്ങും ചൈനയുടെ രഹസ്യ നീക്കങ്ങൾ

 

തങ്ങളുടെ രാജ്യത്ത് ചൈന രണ്ട് പൊലീസ് സ്റ്റേഷനുകൾ അനധികൃതമായി നടത്തുന്നുവെന്ന് നെതർലൻഡ്സ് സർക്കാർ ആരോപിച്ചത് 2022 ഒക്ടോബർ ഒടുവിൽ. ഭിന്നാഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന, യൂറോപ്പിലുള്ള ചൈനീസ് വംശജരെ ലക്ഷ്യമിട്ട് ആംസ്റ്റർഡാമിലും റോട്ടർഡാമിലും രണ്ട് ചൈനീസ് പോലീസ് പോസ്റ്റുകൾ ഉണ്ട് എന്നാണ് ‍ഡച്ച് മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തത്. നയതന്ത്ര കാര്യങ്ങൾ ലക്ഷ്യമിട്ടാണ് ഇതെന്ന് ചൈന പറഞ്ഞെങ്കിലും ഇക്കാര്യം നെതർലൻഡ്സ് സർക്കാരിനെ അറിയിച്ചിട്ടില്ല. പൊലീസ് സ്റ്റേഷൻ ആരോപണം ചൈന നിഷേധിക്കുകയും ചെയ്തിരുന്നു. 

 

ജർമനിയിൽ ചൈന സ്ഥാപിച്ച രണ്ട് അനധികൃത പൊലീസ് സ്റ്റേഷനുകൾ അധികൃതർ കണ്ടെത്തിയ വാർത്തയും കഴിഞ്ഞ വർഷമൊടുവിൽ പുറത്തുവന്നിരുന്നു. ഈ പൊലീസ് സ്റ്റേഷനുകൾക്ക് മേൽനോട്ടം വഹിച്ചിരുന്നതാകട്ടെ, അവിടങ്ങളിൽ താമസിക്കുന്ന ചൈനീസ് വംശജരും. ഇക്കാര്യത്തെക്കുറിച്ച് ജർമൻ അധികൃതർതന്നെ ചൈനയെ പ്രതിഷേധമറിയിച്ചിരുന്നു. ചൈനീസ് വിമർശകരായ നിരവധി പേർ ജർമനിയിൽ അഭയം തേടിയിട്ടുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് സർക്കാരിനെ വിമർശിക്കുകയും പിന്നീട് ചൈന തടവിലാക്കുകയും ചെയ്തിരുന്ന എഴുത്തുകാരൻ ലിയോ യിവു, സമാധാന നൊബേൽ സമ്മാന ജേതാവ് ലിയു ഷിയോബോയുടെ ഭാര്യയും എഴുത്തുകാരിയുമായ ലിയു ഷിയ തുടങ്ങിയവർക്ക് ഉൾപ്പെടെ ജർമനി അഭയം നൽകിയിരുന്നു.

 

ചെക്ക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗിൽ ചൈന ഇത്തരത്തിൽ പ്രവർത്തിപ്പിച്ചിരുന്ന രണ്ട് അനധികൃത സ്റ്റേഷനുകൾ അടച്ചുപൂട്ടിയതായി കഴിഞ്ഞ വർഷം വാർത്തകൾ പുറത്തുവന്നിരുന്നു. കാനഡയിലെ ടൊറന്റോ മേഖലയിൽ അനധികൃത പൊലീസ് സ്റ്റേഷനുകൾ പ്രവർത്തിപ്പിച്ച സംഭവത്തിൽ ചൈനീസ് അംബാസിഡറെ കാനഡ അധികൃതർ വിളിച്ചു വരുത്തിയതും അടുത്തിടെയാണ്. ഏതെങ്കിലും വിധത്തിൽ ഭീഷണിയോ സമ്മർദ്ദമോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ നേരിടുന്നവർക്ക് ബന്ധപ്പെടാനായി ഒരു ഫോൺ നമ്പറും ഇ–മെയിൽ വിലാസവും അധികൃതർ നൽകിയിരുന്നു.

 

കഴിഞ്ഞ വർഷം വിവിധ രാജ്യങ്ങളിൽ ഈ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ചൈന പിന്നാക്കം പോകുമെന്നാണ് കരുതിയിരുന്നത് എങ്കിലും അതുണ്ടായിട്ടില്ല എന്നാണ് നിലവിലെ സംഭവങ്ങൾ കാണിക്കുന്നത്. അമേരിക്കയിൽ ആറിടത്ത് ഇത്തരത്തിൽ പൊലീസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നതായാണ് ‘സേഫ്ഗാർഡ് ഡിഫൻഡേഴ്സ്’ പറയുന്നത്.

 

∙ ബ്രിട്ടനിലും കോളിളക്കം, ഭരണപ്പാർട്ടിയിലും പങ്കാളിത്തം

 

ഇതേസമയത്തു തന്നെയാണ് യുകെയിലും സമാനമായ കോലാഹലങ്ങൾ പൊലീസ് സ്റ്റേഷനുകളെ സംബന്ധിച്ച് ഉണ്ടായത്. ചൈനീസ് ബിസിനസുകാരനായ ലിൻ റുയിയു ലണ്ടന്റെ പ്രാന്തപ്രദേശമായ ക്രോയിഡണിൽ നടത്തുന്ന ഫുഡ് ഡെലിവറി ബിസിനസിന്റെ മറവിൽ രഹസ്യ പൊലീസ് സ്റ്റേഷൻ പ്രവർത്തിപ്പിക്കുന്നുവെന്ന് ദ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇത് വലിയ ബഹളത്തിനിടയാക്കി. തുടർന്ന് പ്രതിപക്ഷമടക്കം ചോദ്യങ്ങളുമായി രംഗത്തെത്തി. ‘ഭയപ്പെടുത്തിയോ സമ്മർദ്ദത്തിലാക്കിയോ അനധികൃതമായോ ഏതെങ്കിലും വ്യക്തിയെ തിരികെ അയയ്ക്കാനുള്ള ഒരു ശ്രമവും വച്ചു പൊറുപ്പിക്കില്ല’ എന്ന് യുകെ സർക്കാർ ഇതിനു പിന്നാലെ വ്യക്തമാക്കുകയായിരുന്നു.

 

ഫു‍ഡ് ഡെലിവറി ബിസിനസ് നടത്തുക മാത്രമല്ല, നിലവിലെ ഭരണകക്ഷിയായ കൺ‌സർവേറ്റിവ് പാര്‍ട്ടിയിലും ലിൻ സജീവമായിരുന്നു എന്ന വാർത്ത പിന്നാലെ പുറത്തുവന്നു. മാത്രമല്ല, മുൻ പ്രധാനമന്ത്രിമാരായ ബോറിസ് ജോൺസനും തെരേസ മേയ്ക്കും ഒപ്പം നിൽക്കുന്ന ലിന്നിന്റെ ചിത്രവും പുറത്തുവന്നു. അതേസമയം, യുകെയി‍ലെ ചൈനീസ് എംബസി ഇക്കാര്യങ്ങൾ നിഷേധിച്ചു.

 

∙ ആദ്യ നിയമനടപടി അമേരിക്കയിൽ 

 

കഴിഞ്ഞ വർഷം ഒക്ടോബറിൽ ന്യൂയോർക്കിലെ മൻഹാറ്റൻ മേഖലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഒരു ‘പൊലീസ് സ്റ്റേഷൻ’ എഫ്ബിഐ കണ്ടെത്തിയിരുന്നു. മൻഹാറ്റനിലെ ചൈനാ ടൗണിലുള്ള ഒരു നൂ‍‍ഡിൽ റസ്റ്ററന്റിനു മുകളിലാണ് ‌പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. ഈ കേസിൽ ചോദ്യം ചെയ്തിരുന്ന ചൈനീസ് വംശജരായ രണ്ട് അമേരിക്കൻ പൗരന്മാരെയാണു കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇത്തരത്തിലുള്ള നാല് പൊലീസ് സ്റ്റേഷനുകൾ കൂടി അമേരിക്കയിൽ ഉണ്ടെന്നാണ് ‘സേഫ്ഗാർഡ് ഡിഫൻഡേഴ്സ്’ അവകാശപ്പെടുന്നത്. 

 

ചൈനീസ് പൊതു സുരക്ഷാ അധികൃതർ യുഎസിൽ പ്രവർത്തിക്കുന്നതായി അറിയിച്ചിട്ടുള്ള നാലു കേന്ദ്രങ്ങൾക്കു പുറമെ യുഎസിൽ അനധികൃതമായി പ്രവർത്തിക്കുന്ന നാല് സര്‍വീസ് സെന്ററുകൾ കൂടി കണ്ടെത്തിയെന്ന് ഈ സന്നദ്ധ സംഘടന പറയുന്നു. യുണൈറ്റ‍ഡ് ഫ്രണ്ട് വർക് ഡിപ്പാർട്ട്മെന്റിന്റെ (യുഎഫ്ഡബ്ല്യുഡി) കീഴിലാണ് ഇവ പ്രവർത്തിക്കുന്നത്. ന്യൂയോർക്ക് സിറ്റിയിൽ തന്നെയാണ് രണ്ടാമതൊരണ്ണം. ലൊസാഞ്ചൽസ്‍, സാൻ ഫ്രാൻസിസ്കോ, ഹൂസ്റ്റൺ, നെബ്രാസ്ക, മിന്നസെോട്ട തുടങ്ങിയ സ്ഥലങ്ങളിലും ഇത്തരം പൊലീസ് സ്റ്റേഷനുകൾ ഉണ്ടെന്ന് ഇവർ ആരോപിക്കുന്നു.

 

മൻഹാറ്റനിലെ റെയ്‍ഡിനിടെ അറസ്റ്റിലായ ഒരാൾ, ഏഴു മിനിറ്റോളം ശുചിമുറിയിൽ ഒളിച്ചെന്നും ഈ സമയത്ത് ചൈനീസ് അധികൃതരുമായി നടത്തിയ മെസെജുകൾ ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് െചയ്യുന്നു. ഇതോടെ, ‘തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു’ എന്ന കേസ് കൂടി ഇവർക്കെതിരെ ചുമത്തി. വിദേശ രാജ്യങ്ങളിൽ അനധികൃത പൊലിസ് സ്റ്റേഷൻ നടത്തിപ്പ് വിഷയത്തിൽ ലോകത്തുണ്ടായ ആദ്യത്തെ നിയമനടപടിയാണ് ഇപ്പോൾ അമേരിക്കയിൽ സംഭവിച്ചിരിക്കുന്നത്. 

 

∙ അപകീർത്തിപ്പെടുത്തലും ആയുധം; എല്ലാം തള്ളി ചൈന 

 

മൻഹാറ്റനിൽ അറസ്റ്റിലായ ആളുമായി ബന്ധപ്പെട്ട് ചൈനീസ് ചരിത്രത്തിലെതന്നെ ഒരു പ്രധാന സംഭവത്തിന് ബന്ധമുണ്ട്. 1989 ലെ ടിയാനൻമെൻ പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇന്നും ചൈന നോട്ടമിട്ടിരിക്കുന്ന വിമതൻ ഷിയോങ് യാന്‍ കഴിയുന്നത് അമേരിക്കയിലാണ്. കഴിഞ്ഞ വർഷം യുഎസ് കോൺഗ്രസിലേക്ക് മത്സരിക്കാനിരുന്ന യാനിെന അപകീർത്തിപ്പെടുത്താൻ ചൈനീസ് അധികൃതരുമായി കൂടിയാലോചിച്ചെന്നാണ് മൻഹാറ്റനിൽ അറസ്റ്റിലായ ആൾക്കെതിരെയുള്ള ആരോപണങ്ങളിലൊന്ന്. ഇതിനായി ഒരു സ്വകാര്യ ഡിറ്റക്ടീവിനെ ചുമതലപ്പെടുത്തുന്ന കാര്യവും ഇയാളും ചൈനീസ് അധികൃതരും തമ്മിലുള്ള ചർച്ചയുടെ ഭാഗമായിരുന്നു എന്നാണ് അധികൃതരുെട വാദം. 

 

2021 ൽ പ്രശസ്ത ചൈനീസ് പിയാനിസ്റ്റായ ലി യുൻഡിയെ കുടുക്കിയ മാതൃക പരീക്ഷിക്കാവുന്നതാണ് തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു എന്ന് അധികൃതർ അവകാശപ്പെടുന്നു. വേശ്യാവൃത്തിക്കായി ഒരു സ്ത്രീയെ ക്ഷണിച്ചു എന്ന പേരിൽ ലി യുൻഡിയെ അറസ്റ്റ് ചെയ്ത സംഭവം വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. വളരെ ചെറുപ്പത്തിൽത്തന്നെ പ്രശസ്തനായ യുൻഡി, ഈ വാർത്ത പുറത്തു വന്നതോടെ വ്യാപകമായി അധിക്ഷേപത്തിനിരയാവുകയായിരുന്നു.

 

എന്നാൽ അനധികൃത, രഹസ്യ പൊലീസ് സ്റ്റേഷൻ ആരോപണങ്ങൾ ശക്തമായി തള്ളിക്കളയുകയാണ് ചൈന. കോവിഡിനെ തുടർന്ന് ‌ലോകത്ത് പലയിടത്തും അകപ്പെട്ടു പോയ ചൈനീസ് പൗരന്മാരെ സഹായിക്കാനായി ഉണ്ടാക്കിയ ‘സേവന കേന്ദ്രങ്ങളാ’ണ് ഇവയെന്നാണ് ചൈന പറയുന്നത്. ഡ്രൈവിങ് ലൈസൻസ് പുതുക്കൽ പോലെ തങ്ങളുടെ പൗരന്മാർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യാനുള്ള കേന്ദ്രങ്ങളാണ് ഇവയെന്നും ചൈന വാദിക്കുന്നു. എന്നാൽ കോവിഡിനെ തുടർന്നല്ല, മറിച്ച് 2016 മുതൽ ഇവ പ്രവർത്തിക്കുന്നുണ്ടെന്നാണ് തെളിവുകൾ നിരത്തി ‘സേഫ്ഗാർഡ് ഡിഫൻഡേഴ്സ്’ ആരോപിക്കുന്നത്.

 

വിദേശങ്ങളിൽ അനധികൃതമായി പൊലീസ് സ്റ്റേഷനുകൾ നടത്തുന്നു എന്നത് മുന്‍പും തങ്ങൾ നിഷേധിച്ചിട്ടുണ്ട് എന്നും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത് എന്നതാണ് തങ്ങളുടെ നയമെന്നും യുകെയിലെ ചൈനീസ് എംബസി വ്യക്തമാക്കി. ഇത്തരത്തിൽ ‘വ്യാജ ആരോപണങ്ങൾ’ ഉന്നയിക്കുന്നതിനെതിരെയും എംബസി മുന്നറിയിപ്പ് നൽകി.   

 

∙ എന്താണ് യുഎഫ്ഡബ്ല്യുഡി? 

 

ചൈനയുമായും ചൈനീസ് പൗരന്മാരുമായും ബന്ധപ്പെട്ട് രാജ്യത്തിനു പുറത്തു സംഭവിക്കുന്ന കാര്യങ്ങളെ ‘ഏകോപിപ്പിക്കു’ന്ന സംവിധാനമാണ് യുണൈറ്റ‍ഡ് ഫ്രണ്ട് വർക്ക് ഡിപ്പാർട്ട്മെന്റ‌് അഥവാ യുഎഫ്ഡബ്ല്യുഡി. എന്നാൽ ഈ ഏജൻസി ചൈനയ്ക്കു വേണ്ടി വിദേശങ്ങളിൽ ചാരപ്പണിയെടുക്കുന്നു എന്ന ആരോപണം കാലങ്ങൾക്കു മുൻപേ ഉയർന്നിട്ടുണ്ട്. മറ്റു രാജ്യങ്ങളിലെ വിവിധ മേഖലകളിൽ, ചൈനയുമായി ബന്ധപ്പെട്ട താൽപര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ഈ സംഘടന പ്രധാനമായും ചെയ്യുക. ഇതിനു കീഴിൽ നൂറുകണക്കിനു ചെറു സംഘടനകള്‍ വിവിധ മേഖലകളിലായി പ്രവർ‌ത്തിക്കുന്നു. 

 

പരസ്യമായാണ് പ്രവർത്തനമെങ്കിലും പലപ്പോഴും ചാരപ്രവൃത്തി പോലുള്ളവയ്ക്കുള്ള മറയായിട്ടാണ് ചൈന ഇത് ഉപയോഗിക്കുന്നത് എന്ന ആരോപണം ശക്തമാണ്. രാഷ്ട്രീയ എതിരാളികളെയും മറ്റും നിരീക്ഷിക്കുന്ന ഈ രഹസ്യ പൊലീസ് സ്റ്റേഷന്റെ ഭാഗമായിട്ടുള്ളവർ യുഎഫ്ഡബ്ല്യുഡി ഏകോപിപ്പിക്കുന്ന ഏതെങ്കിലും സംഘടനയിലോ കൂട്ടായ്മയിലോ അംഗമാകാം എന്നാണു പാശ്ചാത്യ രാജ്യങ്ങളിലെ അന്വേഷകർ പറയുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നയങ്ങള്‍ക്കെതിരെയും സർക്കാരിനെതിരെയും ഉയരുന്ന ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുക എന്നതാണ് യുഎഫ്ഡബ്ല്യുഡിയുടെ ഉദ്ദേശമെന്നാണ് വാഷിങ്ടൻ കേന്ദ്രമായ ‘യുഎസ്–ചൈന ഇക്കണോമിക് ആൻഡ്  സെക്യൂരിറ്റി റിവ്യു കമ്മിഷൻ’ അഭിപ്രായപ്പെടുന്നത്. 

 

അതേസമയം, ചൈന സ്വന്തം അധികാരം വിദേശ രാജ്യങ്ങളിലേക്കു കൂടി നിയമപരമായി നീട്ടുന്നതിന്റെ ഭാഗമാണ് ഈ പൊലീസ് സ്റ്റേഷനുകൾ എന്നാണ് വിമതർ പറയുന്നത്. ചൈനയിലെ ‘ദേശീയ സുരക്ഷാ നിയമം’ പോലുള്ളവ ഇതിനു വേണ്ടി വളച്ചൊടിക്കപ്പെടുന്നു എന്നും ഇവർ ആരോപിക്കുന്നു. ചൈനീസ് സർക്കാരിനെ ഭയപ്പെട്ട് വിദേശങ്ങളിലേക്കു കടന്നിട്ടുള്ള ചൈനീസ്, ഹോങ്കോങ് വിമതർ ഉൾപ്പെടെയുള്ളവരാണ് ഇപ്പോൾ ആശങ്കയുയർത്തിയിരിക്കുന്നത്. 

 

അമേരിക്കയിലാവട്ടെ, അന്വേഷണ ഏജൻസിയായ എഫ്ബിഐക്കെതിരെ രൂക്ഷമായ വിധത്തിലാണ് ഒരു പാർലമെന്റ് സമിതി പ്രതികരിച്ചിരിക്കുന്നത്. അനധികൃത ചൈനീസ് പൊലീസ് സ്റ്റേഷനുകളെ എങ്ങനെയാണ് നേരിടുന്നത് എന്നതിൽ എഫ്ബിഐ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് സമിതി കത്തു നൽകി. ഇത്തരം പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കണ്ടെത്താൻ കഴിയാത്തതിൽ എഫ്ബിഐയെ കഴിഞ്ഞ ഫെബ്രുവരിയിൽ  സമിതി കുറ്റപ്പെടുത്തിയിരുന്നു. സന്നദ്ധ സംഘടന ഇക്കാര്യത്തിൽ തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെയായിരുന്നു ഇത്.

 

English Summary: China's Alleged Secret Overseas Police Stations Explained.