ഇക്കഴിഞ്ഞ മേയ് മൂന്നിന് മണിപ്പൂരിൽ ആരംഭിച്ച അക്രമ സംഭവങ്ങൾക്ക് ഇനിയും അറുതി വന്നിട്ടില്ല. ജൂൺ 17 വെള്ളിയാഴ്ചയും ഇംഫാൽ നഗരത്തിൽ റാപിഡ് ആക്‌ഷൻ ഫോഴ്സും കലാപകാരികളും തമ്മിൽ സംഘർഷമുണ്ടായി. ഗോത്രവർഗ വിഭാഗത്തിൽപ്പെടുന്ന, വിരമിച്ച മുതിർന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള വെയർഹൗസ് അക്രമകാരികൾ തീയിട്ടു നശിപ്പിച്ചു.

ഇക്കഴിഞ്ഞ മേയ് മൂന്നിന് മണിപ്പൂരിൽ ആരംഭിച്ച അക്രമ സംഭവങ്ങൾക്ക് ഇനിയും അറുതി വന്നിട്ടില്ല. ജൂൺ 17 വെള്ളിയാഴ്ചയും ഇംഫാൽ നഗരത്തിൽ റാപിഡ് ആക്‌ഷൻ ഫോഴ്സും കലാപകാരികളും തമ്മിൽ സംഘർഷമുണ്ടായി. ഗോത്രവർഗ വിഭാഗത്തിൽപ്പെടുന്ന, വിരമിച്ച മുതിർന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള വെയർഹൗസ് അക്രമകാരികൾ തീയിട്ടു നശിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇക്കഴിഞ്ഞ മേയ് മൂന്നിന് മണിപ്പൂരിൽ ആരംഭിച്ച അക്രമ സംഭവങ്ങൾക്ക് ഇനിയും അറുതി വന്നിട്ടില്ല. ജൂൺ 17 വെള്ളിയാഴ്ചയും ഇംഫാൽ നഗരത്തിൽ റാപിഡ് ആക്‌ഷൻ ഫോഴ്സും കലാപകാരികളും തമ്മിൽ സംഘർഷമുണ്ടായി. ഗോത്രവർഗ വിഭാഗത്തിൽപ്പെടുന്ന, വിരമിച്ച മുതിർന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള വെയർഹൗസ് അക്രമകാരികൾ തീയിട്ടു നശിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇക്കഴിഞ്ഞ മേയ് മൂന്നിന് മണിപ്പൂരിൽ ആരംഭിച്ച അക്രമ സംഭവങ്ങൾക്ക് ഇനിയും അറുതി വന്നിട്ടില്ല.  ജൂൺ 17 വെള്ളിയാഴ്ചയും ഇംഫാൽ നഗരത്തിൽ റാപിഡ് ആക്‌ഷൻ ഫോഴ്സും കലാപകാരികളും തമ്മിൽ സംഘർഷമുണ്ടായി. ഗോത്രവർഗ വിഭാഗത്തിൽപ്പെടുന്ന, വിരമിച്ച മുതിർന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള വെയർഹൗസ് അക്രമകാരികൾ തീയിട്ടു നശിപ്പിച്ചു.

 

ADVERTISEMENT

അക്രമകാരികളെ തുരത്താൻ കണ്ണീർവാതക പ്രയോഗമടക്കം നടത്തി, അക്രമകാരികൾ ഇംഫാൽ നഗരത്തിൽ റോന്തു ചുറ്റുകയാണ് തുടങ്ങിയ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഈ മാസം 20 വരെ ഇന്റർനെറ്റ് വിലക്ക് സർക്കാർ നീട്ടുകയും ചെയ്തു. എന്തുകൊണ്ടാണ് വംശീയകലാപം തുടങ്ങി അൻപതോളം ദിവസമായിട്ടും ഇത് അടിച്ചമർത്താൻ കഴിയാത്തത്? എന്താണ് മണിപ്പൂരിലെ നിലവിലെ സ്ഥിതിഗതികൾ...? 

 

അക്രമകാരികൾ തീയിട്ടു നശിപ്പിച്ച മന്ത്രി നെംച കിപ്ഹെനിന്റെ വീടിന്റെ ദൃശ്യം (Photo by AFP)

 

∙ 'സംസ്ഥാന സർക്കാരിൽ വിശ്വാസമില്ല, സൈന്യത്തിന്റെ സംരക്ഷണം വേണം'

ADVERTISEMENT

 

അക്രമകാരികൾ തീയിട്ട് നശിപ്പിച്ച കേന്ദ്രമന്ത്രി രാജ്കുമാർ രഞ്ജൻ സിങ്ങിന്റെ വാഹനം (Photo by AFP)

 

മണിപ്പൂരിലെ സ്ഥിതിഗതികൾ സംബന്ധിച്ചുള്ള ഹർജികൾ സുപ്രീം കോടതി മുൻപാകെയുണ്ട്. മേയ് എട്ടിനും 17നും ഹർജികൾ പരിഗണിച്ച കോടതി സ്ഥിതിഗതികൾ സംബന്ധിച്ച് ആരാഞ്ഞിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്ര സർക്കാർ, ഇതു വരെ സ്വീകരിച്ച നടപടികളും ചൂണ്ടിക്കാട്ടി.

 

കലാപത്തിൽ തീയിട്ടു നശിപ്പിച്ച തെരുവ് (Photo by AFP)
ADVERTISEMENT

എന്നാൽ അതിനു ശേഷവും മണിപ്പൂരിൽ അക്രമ സംഭവങ്ങൾ അരങ്ങേറുന്നുണ്ട്. ജൂൺ 15ന് ഇംഫാൽ നഗരം അക്ഷരാർഥത്തിൽ യുദ്ധക്കളമായ സാഹചര്യമായിരുന്നു. സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള റാപ്പിഡ് ആക്‌ഷൻ ഫോഴ്സും തദ്ദേശവാസികളായ അക്രമകാരികളുമായുണ്ടായ ഏറ്റുമുട്ടൽ അത്രത്തോളം രൂക്ഷമായിരുന്നു. ടിയർ ഗ്യാസ് പ്രയോഗിച്ചാണ് അക്രമികളെ തുരത്തിയത്. മൂന്നു വീടുകൾ അഗ്നിക്കിരയാക്കി. പിന്നാലെയായിരുന്നു ജൂൺ 17നും ഇംഫാൽ നഗരത്തിലുണ്ടായ അക്രമങ്ങൾ.  

 

 

ഇതിനിടെ ഗോത്ര സംഘടനകൾ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. ഗുരുതരമായ ചില ആരോപണങ്ങളാണ് അവർ മുന്നോട്ടു വച്ചത്. മണിപ്പൂരിലെ സ്ഥിതിഗതികൾ ശാന്തമാക്കുന്നത് സംബന്ധിച്ച്  കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകിയ ഉറപ്പുകൾ പൊള്ളയാണെന്നും അവ ഇനി വിശ്വാസത്തിലെടുക്കരുതെന്നുമാണ് അവർ ആവശ്യപ്പെട്ടത്.

 

വംശീയ കലാപത്തിനെതിരെ ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ മണിപ്പൂർ നടത്തിയ പ്രതിഷേധത്തിൽ നിന്നുള്ള ദൃശ്യം (Photo by Arun SANKAR / AFP)

സംസ്ഥാന സർക്കാരും പൊലീസും കൈക്കൊള്ളുന്ന നടപടികളിൽ വിശ്വാസമില്ല, അതിനാൽ തങ്ങൾക്ക് സൈന്യത്തിന്റെ സംരക്ഷണം ഉറപ്പാക്കണമെന്നും ഹർജിയിൽ പറയുന്നു.  ഇക്കഴിഞ്ഞ മേയ് 17 ന് ഹർജികൾ പരിഗണിച്ചപ്പോൾ ആവശ്യമായ ഉറപ്പുകൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കോടതിയിൽ നൽകിയിരുന്നു. 'എന്നാൽ അതിനുശേഷം 81 കുക്കികൾ കൊല്ലപ്പെട്ടു, 237 പള്ളികളും 73 അനുബന്ധ കെട്ടിടങ്ങളും കത്തിക്കപ്പെട്ടു, 141 ഗ്രാമങ്ങൾ തകർത്തു, 31,410 കുക്കികൾ കുടിയൊഴിപ്പിക്കപ്പെട്ടു' എന്നാണ് ഹർജിയിൽ പറയുന്നത്.

 

 

വംശീയ കലാപത്തിൽ അഗ്നിക്കിരയായ പള്ളി. ഇംഫാലിൽ നിന്ന് 45 കിലോമീറ്റർ അകലെയാണിത്. (Photo by AFP)

അതിനൊപ്പം, കേന്ദ്ര സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷനെ റദ്ദാക്കി പകരം ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും ലോ കമ്മിഷൻ ചെയർപേഴ്സണുമായ എ.പി. ഷായുടെ നേതൃത്വത്തിലുള്ള കമ്മിഷനെ നിയോഗിക്കണണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനും അന്വേഷണം നടത്തുന്നതിനുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തോട് അനുബന്ധിച്ച് കേന്ദ്ര സർക്കാർ നേരത്തേ ഗുജറാത്ത് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ അധ്യക്ഷതയിലുള്ള കമ്മിഷനെ നിയോഗിച്ചിരുന്നു.

 

മണിപ്പൂരിലുണ്ടായ അക്രമ സംഭവങ്ങൾക്ക് പിന്നിൽ രണ്ട് ഗ്രൂപ്പുകളുടെ സാന്നിധ്യവും ഗോത്രസംഘടനകൾ ആരോപിക്കുന്നുണ്ട്. അരാംബൈ തെങ്കോൽ, മെയ്തെയ് ലീപുൻ എന്നീ സംഘടനകളാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നും ഇവയ്ക്ക് സംസ്ഥാന ഭരണകൂടത്തിന്റെ പിന്തുണയുണ്ട് എന്നുമാണ് ആരോപണം. 

 

കലാപ മേഖലയിൽ നിന്ന് രക്ഷിച്ച പെൺകുട്ടിയെ സൈന്യം ക്യാംപിലേക്ക് മാറ്റുന്നു. (Photo by Arun SANKAR / AFP)

 

കുക്കി സംഘടനകൾക്ക് മേലുള്ള പോപ്പികൃഷി, മയക്കു മരുന്ന് ഉൽപാദന ആരോപണങ്ങളും ഗോത്ര സംഘടനകൾ ഹർജിയിൽ നിഷേധിക്കുന്നു. ഹർജിയിലെ ആരോപണങ്ങൾ ഇങ്ങനെ: 'മയക്കുമരുന്ന് കടത്തിന്റെ തലവന്മാരിലൊരാൾ ഒരു മുൻ മുഖ്യമന്ത്രിയുടെ ബന്ധുവാണ്. മറ്റൊരാൾ നിലവിലുള്ള മുഖ്യമന്ത്രിയുടെ ബന്ധുവും. തൗബാൽ ജില്ലയിൽ ബ്രൗൺ ഷുഗർ, ഹെറോയിൻ ഉൽപാദന കേന്ദ്രങ്ങളുണ്ട്. ഇവിടെയാണ്, ഉൽപാദിപ്പിക്കപ്പെടുന്ന പോപ്പി ബ്രൗൺ ഷുഗറും ഹെറോയിനുമായി മാറ്റുന്നത്. ഇതെല്ലാം നിയന്ത്രിക്കുന്നത് സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വമാണ്, ഇത് കേന്ദ്ര സർക്കാരിനടക്കം എല്ലാവർക്കുമറിയാം'. കേസ് ഇനി ജൂലൈയിലാണ് പരിഗണിക്കുന്നത്.

 

പ്രശ്നത്തിൽ എത്രയും വേഗം ഇടപെടണമെന്നും പ്രധാനമന്ത്രി മൗനം വെടിയണമെന്നും ആവശ്യപ്പെട്ട് 550ഓളം സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ളവരും കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. കോടതി മേൽനോട്ടത്തിലുള്ള ജുഡിഷ്യൽ അന്വേഷണമാണ് ഇവർ ആവശ്യപ്പെട്ടിട്ടുള്ളത്. 

കലാപത്തിൽ കത്തിയെരിഞ്ഞ വീടുകളുടെ അവശിഷ്ടങ്ങൾ (Photo by AFP)

 

 

∙ അരാംബായി തെങ്കോൽ, മെയ്തെയ് ലീപുൻ

വംശീയ കലാപത്തിനെതിരെ ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ മണിപ്പൂർ നടത്തിയ പ്രതിഷേധത്തിൽ നിന്നുള്ള ദൃശ്യം (Photo by Arun SANKAR / AFP)

 

കുക്കി സംഘടനകൾ ആരോപിക്കുന്നത് ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയത് 'കറുത്ത ഷർട്ടുകാർ' എന്നറിയപ്പെടുന്ന അരാംബായ് തെങ്കോൽ ആണെന്നാണ്. മേയ് മൂന്നിന് ആരംഭിച്ച അക്രമ സംഭവങ്ങളോടെയാണ് ഈ മെയ്തെയ് സായുധ സംഘത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത്.

 

സംസ്ഥാനത്തെ മെയ്തെയ് വിഭാഗക്കാരായ രാഷ്ട്രീയക്കാരുടെയും ബിജെപി നേതാക്കളുടെയും ഒത്താശയോടെയാണ് ഇവർ പ്രവർത്തിക്കുന്നത് എന്നാണ് ആരോപണം. കറുത്ത ഷർട്ടുകൾ ധരിച്ച്, തോക്കുകളുമേന്തി നൂറുകണക്കിന് പേർ സഞ്ചരിക്കുകയും തങ്ങളുടെ ഗ്രാമങ്ങൾ ആക്രമിക്കുകയുമാണ് എന്നാണ് കുക്കി വിഭാഗം ആരോപിക്കുന്നത്.

കലാപത്തിൽ പൂർണമായും നശിച്ച വീടുകളുടെ അവശിഷ്ടങ്ങൾ. (Photo by Arun SANKAR / AFP)

 

മണിപ്പൂരി രാജാക്കന്മാർ ഉപയോഗിച്ചിരുന്ന ആയുധത്തിന്റെ പേരിൽനിന്നാണ് ഈ സായുധ സംഘടനയ്ക്ക് ഈ പേരു വന്നത്. മെയ്തെയ് ആധിപത്യമാണ് സംഘടന ലക്ഷ്യം വയ്ക്കുന്നത്. കുക്കി സായുധ സംഘടനകളിൽനിന്ന് മെയ്തെയ് വിഭാഗക്കാരെ രക്ഷിക്കുക എന്നതാണ് തങ്ങളുടെ പ്രഖ്യാപിത നയമെന്നും സംഘടന പറയുന്നു.

 

എന്നാൽ അക്രമ സംഭവങ്ങൾ നടത്തുന്നുവെന്ന ആരോപണങ്ങൾ സംഘടന അടുത്തിടെ നിഷേധിച്ചിരുന്നു. അക്രമ സംഭവങ്ങൾ ആരംഭിച്ചതിനു ശേഷം ആധുനിക തോക്കുകളും വെടിയുണ്ടകളും അടക്കം വലിയ തോതിലുള്ള ആയുധശേഖരം പൊലീസിന് നഷ്ടപ്പെട്ടിരുന്നു. ഇത് എത്തിച്ചേർന്നത് അരാംബായി തെങ്കോലിന്റെ പക്കലാണെന്ന ആരോപണങ്ങളും ഇതിനിടെ ഉയർന്നിരുന്നു.

കലാപത്തിൽ തകർന്ന അമ്പലത്തിന്റെ അവശിഷ്ടങ്ങൾ (Photo by AFP)

 

മറ്റൊരു സംഘടനയായ മെയ്തെയ് ലീപുൻ മെയ്തെയ് വിഭാഗക്കാരുടെ കൂട്ടായ്മ ലക്ഷ്യമാക്കി രൂപീകരിച്ച സംഘടനയാണ്. മണിപ്പൂർ ഉൾപ്പെടെ ഇന്ത്യയിലും രാജ്യത്തിനു പുറത്തുമുള്ള മെയ്തെയ് വിഭാഗക്കാരെ ഒരുമിപ്പിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. മണിപ്പൂർ തങ്ങളുടെ ഭൂമിയാണെന്നും കുക്കി വിഭാഗക്കാർ മ്യാൻമറിൽനിന്നുള്ള കടന്നുകയറ്റക്കാർ മാത്രമാണെന്നും ഇവർ പറയുന്നു.

 

മണിപ്പൂരിൽ വീടുകൾ അഗ്നിക്കിരയായപ്പോൾ (Image by PTI Photo)

താത്കാലികമായി ഇവിടെ താമസസൗകര്യം നൽകിയ ഈ വിഭാഗക്കാർക്ക് മണിപ്പൂരിന്റെ മണ്ണിൽ ഇടമില്ല എന്നാണ് ഇവർ വാദിക്കുന്നത്. സംഘടനയുടെ തലവൻ പ്രമോദ് സിങ് അടുത്തിടെ കുക്കികൾക്കെതിരെ ഭീഷണി മുഴക്കിയതായി ആരോപണങ്ങളുണ്ടായിരുന്നു. കേന്ദ്ര സർക്കാർ വേഗത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഇനിയുണ്ടാകുന്ന ഒരു 'നടപടി' കുക്കി വിഭാഗക്കാർ താങ്ങില്ല എന്നായിരുന്നു മുന്നറിയിപ്പായി നൽകിയത്. ഈ രണ്ടു സംഘടനകളും ചേർന്നാണ് അക്രമസംഭവങ്ങൾ നടത്തുന്നത് എന്നും സംസ്ഥാന ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് ഇവ പ്രവർത്തിക്കുന്നത് എന്നും ഗോത്രസംഘടനകൾ ആരോപിക്കുന്നു.

 

 

∙ അണയാതെ തീ, ജനങ്ങൾ ക്യാംപുകളിൽ

 

മണിപ്പുരിലെ ഇംഫാലിൽ പ്രക്ഷോഭകാരികൾ തീയിട്ട വാഹനങ്ങൾ. (Image by PTI Photo)

ഇക്കഴിഞ്ഞ മേയ് 3നാണ് മണിപ്പൂരിൽ ഇരു വിഭാഗങ്ങൾ തമ്മിൽ പ്രത്യക്ഷ ഏറ്റുമുട്ടൽ ആരംഭിച്ചതെങ്കിലും മാസങ്ങളായി സംഘർഷത്തിനുള്ള സാഹചര്യം  സംസ്ഥാനത്ത് പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.  ഗോത്രവിഭാഗമായ കുക്കികൾക്ക് ഭൂരിപക്ഷമുള്ള ചുരചന്ദ്പൂർ– നോനി ജില്ലയിലെ ഖൗപും മേഖലയിലുള്ള 38 ഗ്രാമങ്ങൾ സംരക്ഷിത വനമേഖലയിലാണ് എന്നു ചൂണ്ടിക്കാട്ടി ഇവിടം  ഒഴിപ്പിക്കുക എന്നതായിരുന്നു ബിജെപി നേതൃത്വം നൽകുന്ന സർക്കാരിലെ മുഖ്യമന്ത്രി എൻ. ബീരേൻ സിങ്ങിന്റെ തീരുമാനം.

 

ജനങ്ങൾ റിസർവ്, സംരക്ഷിത വനമേഖലകൾ കയ്യേറുകയും അവിടെ പോപ്പി തോട്ടങ്ങൾ നിർമിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തുന്നു എന്നുമാണ് മുഖ്യമന്ത്രി  ഒഴിപ്പിക്കലിനുള്ള കാരണമായി പറഞ്ഞത്. അതിനൊപ്പം, മ്യാൻമറിൽനിന്നുള്ള കുക്കി വിഭാഗക്കാർ ഇവിടേക്ക് അനധികൃതമായി കുടിയേറുന്നുവെന്നും തദ്ദേശീയരായ കുക്കികൾ ഇവരെ സംരക്ഷിക്കുന്നു എന്നും വ്യാഖ്യാനങ്ങൾ പ്രചരിച്ചു.

മണിപ്പുരിലെ ഇംഫാലിൽ പ്രക്ഷോഭകാരികൾ തീയിട്ട വാഹനങ്ങൾ. (Image by PTI Photo)

 

എന്നാൽ സ്വാതന്ത്ര്യത്തിനു മുൻപേ താമസിക്കുന്ന ഭൂമിയിൽനിന്ന് തങ്ങളെ ഇറക്കി വിടാനുള്ള പദ്ധതിയാണ് ഇതെന്നും ഭൂരിപക്ഷ വിഭാഗമായ തദ്ദേശീയ മെയ്തെയ് വിഭാഗങ്ങൾക്ക് തങ്ങളുടെ വസ്തുവകകൾ കയ്യേറാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും ആരോപിച്ച്  ‘ഇൻഡിജീനസ് ട്രൈബൽ ലീ‍ഡേഴ്സ് ഫോറം – ഐടിഎൽഎഫ്’ എന്ന സംഘടന സംസ്ഥാന ബന്ദ് പ്രഖ്യാപിച്ചു.

 

ഇതോടെ ജില്ലയിൽ സംഘർഷ സ്ഥിതി രൂക്ഷമായി. പിന്നാലെ മുഖ്യമന്ത്രി ബിരേൻ സിങ് ഇവിടുത്തെ ന്യൂ ലംക ടൗണിൽ ഉദ്ഘാടനം ചെയ്യാനിരുന്ന ഒരു ജിംനേഷ്യം ഗോത്രവിഭാഗക്കാർ തീയിട്ടു നശിപ്പിച്ചു.  ഇതിനെ തുടർന്നുണ്ടായ സംഘർഷത്തിന് പൊലീസ് തടയിട്ടെങ്കിലും മാർച്ച് 17 നുണ്ടായ ഒരു  ഹൈക്കോടതി വിധിയെച്ചൊല്ലിയുള്ള സംഘർഷവും പുകഞ്ഞുകൊണ്ടിരുന്നു.

 

കലാപം നിയന്ത്രിക്കാനായി ഇംഫാലിൽ കർഫ്യൂ പ്രഖ്യാപിച്ചപ്പോൾ (Image by PTI Photo)

മണിപ്പൂർ ജനസംഖ്യയിൽ 53 ശതമാനത്തോളം ഹിന്ദുക്കളായ മെയ്തെയ് വിഭാഗക്കാരും 10 ശതമാനം മെയ്തെയ് മുസ്‌ലിംകളുമാണ്. തലസ്ഥാനമായ ഇംഫാൽ താഴ്‌വരയിലാണ് ഇവർ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ആകെ ഭൂവിസ്തൃതിയുടെ 10 ശതമാനം വരും ഇത്. ബാക്കിയുള്ള ജനസംഖ്യയിൽ നാഗാ, കുക്കി തുടങ്ങിയ വിവിധ ഗോത്രവിഭാഗങ്ങളാണ്.

 

മലമ്പ്രദേശങ്ങളിലെ പത്തോളം ജില്ലകളിലാണ് ഇവർ കഴിയുന്നത്. അതായത്, സംസ്ഥാനത്തെ ബാക്കി ഭൂഭാഗത്തിൽ വിവിധ ഗോത്രവിഭാഗക്കാർ താമസിക്കുന്നു. മണിപ്പൂരിൽ 21 ശതമാനം സംവരണം പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന ഗോത്രവർഗക്കാർക്കും  17 ശതമാനം ഒബിസിക്കാർക്കും രണ്ടു ശതമാനം പട്ടികജാതിക്കാർക്കുമാണ്. തങ്ങളെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണം എന്ന ആവശ്യം ഏറെക്കാലമായി മെയ്തെയ് വിഭാഗക്കാർ ആവശ്യപ്പെടുന്നതാണ്.

 

മലമ്പ്രദേശ ജില്ലകളിൽ ഗോത്രവിഭാഗങ്ങൾ അല്ലാത്തവർക്ക് ഭൂമി വാങ്ങിക്കാൻ കഴിയില്ല. എന്നാൽ ഇംഫാൽ താഴ്‌വരയിൽ ഭൂമി വാങ്ങാൻ ഗോത്രവിഭാഗക്കാർക്ക് കഴിയും. ഇതിനൊപ്പം, തങ്ങൾ പട്ടികവർഗ വിഭാഗമായിരുന്നു എന്നും ഇന്ത്യൻ യൂണിയനിൽ ചേർന്നതിനു ശേഷമാണ് ഈ പദവി നഷ്ടപ്പെട്ടതെന്നുമാണ് മെയ്തെയ്ക്കാർ പറയുന്നത്. തങ്ങളുടെ ഗോത്രവും പാരമ്പര്യവും ഭാഷയുമെല്ലാം സംരക്ഷിക്കാൻ പട്ടികവർഗ പദവി ആവശ്യമാണ് എന്നും ഇവർ വാദിച്ചുകൊണ്ടിരിക്കുന്നു.

 

എന്നാൽ സംസ്ഥാനത്തെ ആകെയുള്ള 60 നിയമസഭാംഗങ്ങളിൽ 40 പേരും ഇംഫാൽ താഴ്‌വരയിൽനിന്നാണ്. മാത്രമല്ല, ഇപ്പോൾത്തന്നെ ഒബിസി സംവരണമുള്ള മെയ്തെയ്ക്കാർ പട്ടികവർഗ പദവി കൂടി നേടുന്നതോടെ തങ്ങൾക്ക് ബാക്കിയുള്ള തൊഴിലവസരങ്ങൾ കൂടി നഷ്ടപ്പെടും എന്ന് ഗോത്രവിഭാഗക്കാർ പറയുന്നു.

 

സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ, ഭരണ മേഖലകളും നിയന്ത്രിക്കുന്നത് മെയ്തെയ്ക്കാരാണെന്നും പ്രധാന വ്യാപാര, ബിസിനസ് സ്ഥാപനങ്ങളെല്ലാം ഈ വിഭാഗക്കാരുടേതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉന്നതനിലയിലുള്ളവരാണ് മെയ്തെയ് വംശജർ എന്നും അതിനാൽ പട്ടികവർഗ പദവിക്ക് അവർ അർഹരല്ല എന്നും കുക്കികൾ ഉൾപ്പെടെയുള്ള ഗോത്രവിഭാഗക്കാർ ആരോപിക്കുന്നു.

 

 

ഇതിനിടെയാണ് പട്ടികവർഗ പദവി ആവശ്യപ്പെട്ടുള്ള മെയ്തെയ് വിഭാഗത്തിന്റെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നത്. ഈ സമുദായത്തിന് പട്ടിക വർഗ പദവി നൽകുന്ന കാര്യത്തിലുള്ള ശുപാർശ സംസ്ഥാന സർക്കാരിനു കേന്ദ്ര സർക്കാരിന് നൽകിക്കൂടേ എന്നായിരുന്നു ഉത്തരവ്. ഐടിഎൽഎഫിന്റെ ബന്ദിനു പിന്നാലെ പട്ടികവർഗ പദവി വിഷയത്തിൽ ഗോത്രവർഗ വിഭാഗങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഓൾ ഇന്ത്യ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് മണിപ്പൂർ (എടിഎസ്‍യുഎം) ചുരചന്ദ്പൂരിൽ മേയ് മൂന്നിന് നടത്തിയ മാർച്ച് അക്രമാസക്തമായി.

 

മെയ്തെയ് വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള ബിഷ്ണുപൂരുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് ചുരചന്ദ്പൂർ. മാർച്ച് സംഘർഷത്തിൽ കലാശിക്കുകയും ഇവിടെ മെയ്തെയ് വിഭാഗക്കാർ ആക്രമിക്കപ്പെട്ടു എന്ന വാർത്ത പരക്കുകയും ചെയ്തതോടെ ഇംഫാലിൽ കുക്കി-സൊ സമുദായങ്ങളും ആക്രമിക്കപ്പെട്ടു. പള്ളികളും വീടുകളുമുൾപ്പെടെ അഗ്നിക്കിരയായി. 16 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അന്നു തുടങ്ങിയ സംഘർഷമാണ് ഏകദേശം 50ഓളം ദിവസങ്ങളായിട്ടും തുടരുന്നത്.

 

∙ 'കുക്കി സായുധ സംഘടനകളെ സംരക്ഷിക്കുന്നു, നീതി വേണം'

 

 

കുക്കി സായുധ സംഘടനകളെ സംരക്ഷിക്കുന്ന കേന്ദ്ര സേന സംസ്ഥാനം വിടണം എന്നും സംസ്ഥാന പൊലീസിനെ ക്രമസമാധാനപാലനം ഏൽപ്പിക്കണമെന്നുമുള്ള ആവശ്യം വിവിധ മെയ്തെയ് സംഘടനകൾ ഉയർത്തിയിരുന്നു. കേന്ദ്രവും അസം റൈഫിൾസും കുക്കി സായുധ സംഘങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്നു എന്നാണ് ഇവരുടെ ആരോപണം. 

 

തങ്ങളല്ല അക്രമകാരികളെന്നും മറിച്ച് അനധികൃത കുടിയേറ്റക്കാരായ കുക്കികളാണ് ഇതിനു പിന്നിലെന്നുമാണ് മെയ്തെയ് സംഘടനകൾ പറയുന്നത്. എത്രയും വേഗം ഇവരെ പുറത്താക്കാൻ എൻആർസി നടപ്പാക്കണമെന്നും മയക്കുമരുന്ന് ഉൽപാദനം അവസാനിപ്പിക്കണമെന്നും മെയ്തെയ് സ്ത്രീ സംഘടനകൾ ഉൾപ്പെടെയുള്ളവ ആവശ്യപ്പെടുന്നു. അനധികൃത കുടിയേറ്റക്കാരാണ് മണിപ്പൂരിലെ അശാന്തിക്ക് കാരണമെന്നും രണ്ടു സമുദായങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലല്ല ഇപ്പോൾ നടക്കുന്നത് എന്നുമാണ് മുഖ്യമന്ത്രി ബിരേൻ സിങ്ങും അവകാശപ്പെടുന്നത്. 

 

 

ഇക്കഴിഞ്ഞ മാർച്ചിൽ കുക്കി നാഷനൽ ആർമി, സൗമി റവല്യൂഷനറി ഫ്രണ്ട് തുടങ്ങിയ സായുധ സംഘടനകളുമായുള്ള ‘സസ്പെൻഷൻ ഓഫ് ഓപറേഷൻസ്’ കരാർ മണിപ്പൂർ സർക്കാർ പിൻവലിച്ചിരുന്നു. വിവിധ ഗോത്രവർഗ സായുധ സംഘടനകളുമായി ചർച്ചകൾ നടത്തുന്നതിനും രാഷ്ട്രീയ പരിഹാരം കാണുന്നതിനുമായാണ് ഈ കരാർ. എന്നാൽ ഈ സംഘടനകളുടെയൊക്കെ നേതാക്കൾ ഇന്ത്യക്കാരല്ലെന്നും മറിച്ച് അനധികൃത കുടിയേറ്റക്കാരാണെന്നുമുള്ള ആരോപണങ്ങളാണ് മെയ്തെയ് വിഭാഗം ഉയർത്തുന്നത്. 

 

ഇതിനിടെയാണ് ബിരേൻ സിങ് സർക്കാർ സംസ്ഥാനത്തെ പോപ്പി കൃഷിക്കെതിരെയും സംരക്ഷിത വനമേഖലകളിൽ താമസമുറപ്പിച്ചിരുന്നവർക്കെതിരെയും നടപടികൾ തുടങ്ങിയത്. പിന്നാലെ ഇതിനെതിരെ വ്യാപകമായ എതിർപ്പുയർന്നു. തുടര്‍ന്നായിരുന്നു കരാറിൽനിന്ന് പിന്മാറാനുള്ള തീരുമാനം. അതേ സമയം, കുക്കി ഗ്രൂപ്പുകൾ പറയുന്നത്, സ്വാതന്ത്ര്യത്തിനു മുന്നേ തങ്ങൾ വസിച്ചിരുന്ന പ്രദേശങ്ങളി‍ൽനിന്നു പോലും ഇറക്കിവിടുകയാണ് സർക്കാരെന്നും മെയ്തെയ് വംശജരെ സഹായിക്കാൻ വേണ്ടിയാണ് ഇതെന്നുമാണ്.

 

 

∙ സമാധാന സമിതിയുടെ കാര്യത്തിലും അനിശ്ചിതത്വം

 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മണിപ്പൂർ സന്ദർശന സമയത്ത്, അക്രമം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി നടപടികൾ സ്വീകരിച്ചിരുന്നു. ഇതിലൊന്നായിരുന്നു ഗവർണർ അനസൂയ ഉയ്കെ അധ്യക്ഷയായ 51 അംഗ സമിതി. 25 മെയ്തെയ് വംശജർ, 11 കുക്കി, 10 നാഗ വംശജർ, മുസ്‌ലിം സമുദായത്തിൽനിന്ന് മൂന്ന്, നേപ്പാളി സമുദായത്തിൽനിന്ന് രണ്ട് എന്നിങ്ങനെയാണ് സമിതിയുടെ ഘടന. 

 

എന്നാൽ തങ്ങളോട് കൂടിയാലോചിക്കാതെയാണ് അംഗങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ ഉൾപ്പെടുത്തിയത് ഒരുവിധത്തിലും അംഗീകരിക്കില്ല എന്നുമുള്ള നിലപാടാണ് കുക്കി സംഘടനകളുടെ കൂട്ടായ്മയായ കുക്കി ഇൻപി മണിപ്പൂർ സ്വീകരിച്ചിരിക്കുന്നത്. അക്രമത്തിന് നേതൃത്വം നൽകിയവർ തന്നെയാണ് സമാധാന സമിതിയിലുമുള്ളത് എന്ന് അവർ പറയുന്നു.

 

അതിനൊപ്പം കുക്കി ഗ്രാമങ്ങൾക്കുള്ള സുരക്ഷ ഉറപ്പാക്കണം എന്നും അവർ ആവശ്യപ്പെടുന്നു. സമാധാന സമിതിയെ സ്വാഗതം ചെയ്തെങ്കിലും മെയ്തെയ് വംശജരും എതിർപ്പുകള്‍ ഉന്നയിച്ചിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാതെയും ‘ലഹരിമരുന്ന് ഭീകരവാദം’ അവസാനിപ്പിക്കാതെയും സമിതികൊണ്ട് പ്രയോജനമില്ലെന്നും ഇക്കാര്യങ്ങൾ നടപ്പാക്കിയാൽ മാത്രമേ സഹകരിക്കൂ എന്നുമാണ് മെയ്തെയ് കൂട്ടായ്മയായ കോഓർഡിനേഷൻ കമ്മിറ്റി ഓൺ മണിപ്പൂർ ഇന്റഗ്രിറ്റിയുടെ നിലപാട്.  

 

 

ഇൻഡിജീനസ് ട്രൈബൽ ലീഡേഴ്സ് ഫോറവും (ഐടിഎൽഎഫ്) സമാധാന സമിതി തള്ളിക്കളയുന്നു. സമാധാന കമ്മിറ്റികൾ രൂപീകരിക്കണമെങ്കിൽ കുക്കി ഗ്രാമങ്ങൾക്ക് ആദ്യം സംരക്ഷണം ഏർപ്പെടുത്തണം എന്നാണ് അവർ പറയുന്നത്. "ആധുനിക ആയുധങ്ങളും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുമായി മണിപ്പൂർ പൊലീസ് മെയ്തെയ് സായുധ സംഘങ്ങളെ കുക്കി ഗ്രാമങ്ങളിലേക്ക് നയിക്കുമ്പോള്‍ എങ്ങനെയാണ് ഒരു മുഖ്യമന്ത്രിക്ക് സമാധാനത്തെക്കുറിച്ച് സംസാരിക്കാൻ പറ്റുന്നത്?  ഈ അക്രമങ്ങളുടെ സൂത്രധാരനായ മുഖ്യമന്ത്രി അധികാരത്തിലിരിക്കുന്നിടത്തോളം കുക്കി–സൊ സമുദായം സുരക്ഷിതമല്ല.

 

സംഘർഷം നടക്കുന്ന മേഖലകളിലേക്ക് വരുന്ന അർധൈസൈനിക വിഭാഗത്തെ തടയുകയാണ് ‘മീരാ പൈബീസ്’ എന്ന സ്ത്രീകളുടെ സംഘം. കുക്കി–സൊ ഗോത്രങ്ങളെ സഹായിക്കാൻ വരുന്ന സൈന്യത്തെ തടയുകയും ഒപ്പം, മെയ്തെയ് സംഘങ്ങൾ ആക്രമണം അഴിച്ചു വിടുകയും ചെയ്യുന്നു. ഇതുവരെ കുറഞ്ഞത് 160 കുക്കി–സൊ ഗ്രാമങ്ങൾ പൊലീസിന്റെ സഹായത്തോടെ മെയ്തെയ് സായുധ സംഘങ്ങൾ ആക്രമിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു.

 

ഈ അക്രമങ്ങളെല്ലാം ‘കുക്കി സായുധസംഘം’ ചെയ്തതാണെന്ന് മുഖ്യമന്ത്രി ആരോപിക്കുയും ചെയ്യുന്നു. ഇത്തരത്തിൽ തങ്ങളുടെ ഗ്രാമങ്ങൾ ആക്രമിക്കാൻ വരുന്നവരെ പ്രതിരോധിക്കുക മാത്രമാണ് ഗോത്രവർഗക്കാർ‌ ചെയ്യുന്നത്. ‌അതിന് അവർക്ക് അവകാശമുണ്ട്.  സമാധാനം പുന:സ്ഥാപിക്കാൻ എല്ലാം ചെയ്യുന്നുവെന്ന സർക്കാർ അവകാശവാദം പൊള്ളയാണ്.

 

ഗോത്രവർഗക്കാരെ പൊലീസിനെയും മെയ്തെയ് സായുധസംഘങ്ങളെയും ഉപയോഗിച്ച് ഉന്മൂലനം ചെയ്യുകയാണ്, ആ സർക്കാരിനെ വിശ്വസിക്കാൻ പറ്റില്ല. ഗോത്രവർഗ മേഖലയിലേക്ക് അവശ്യ സാധനങ്ങൾ എത്തുന്നത് മുഴുവൻ തടഞ്ഞിരിക്കുകയാണ്. മേയിൽ മാത്രം എഴുപതോളം പേരെയാണ് ഇംഫാൽ നഗരത്തിൽ കൂട്ടക്കൊല ചെയ്തത്. എന്നിട്ടും ഞങ്ങൾ സർക്കാരിനെ വിശ്വസിക്കണം എന്നാണോ പറയുന്നത്?" എന്നാണ് ഈ ഗോത്ര സംഘടന പറയുന്നത്. 

 

∙ ആ ഒൻപതു പേരുടെ മരണം

 

ജൂൺ 13 ന് ഒൻപതു മെയ്തെയ് വംശജർ കൊല്ലപ്പെട്ട വിഷയമാണ് പുതിയ സംഘർഷങ്ങൾക്ക് കാരണമായിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ഇവരുടെ കൊലപാതകത്തിനു പിന്നിൽ മ്യാൻമർ പൗരന്മാരാണെന്ന് മെയ്തെയ് വംശജർ ആരോപിക്കുന്നു. എന്നാൽ എങ്ങനെയാണ് ഒൻപത് മെയ്തെയ് വംശജർ കുക്കി ഗ്രാമത്തിലെത്തിയതെന്ന് കുക്കി വംശജര്‍ ചോദിക്കുന്നു. കുക്കി ഗ്രാമങ്ങൾ ആക്രമിച്ച് തീവയ്ക്കുന്ന സംഘത്തിൽ ഉൾപ്പെട്ടവരാണ് അവർ എന്നതാണ് അതിനുത്തരമെന്ന് ഐടിഎൽഎഫ് അവകാശപ്പെടുന്നു.

 

മെയ്തെയ് വംശജർക്ക് ഭൂരിപക്ഷമുള്ള ഇംഫാൽ ഈസ്റ്റിന്റെയും കുക്കികൾക്ക് ഭൂരിപക്ഷമുള്ള കാങ്പോക്പി ജില്ലയുടെയും ഇടയ്ക്കുള്ള ഐജെജാങ് എന്ന കുക്കി ഗ്രാമത്തിൽ വച്ചാണ് 9 മെയ്തെയ് വംശജർ കൊല്ലപ്പെട്ടത്. ഇവർ ആ പരദേശവാസികളല്ലെന്നും ‘വൊളന്റിയർ’മാർ ആണെന്നുമാണ് പൊലീസ് പറയുന്നത്. മിക്കവരും ഇംഫാൽ ഈസ്റ്റ് സ്വദേശികളുമാണ്. 

 

വൈകിട്ട് ആറു മണിയോടെ കുക്കി ഗ്രാമങ്ങൾക്ക് തീയിടാൻ ആളുകൾ വരുന്നതു കണ്ടതോടെ ഇവിടുത്തുകാർ പ്രദേശത്തുനിന്ന് ഒഴിഞ്ഞിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് ചില ഗ്രാമങ്ങൾക്ക് ഇവർ തീയിട്ടുവെന്നും ഇതിനിടെ മലകൾക്ക് മുകളില്‍ നിന്നുള്ള വെടിയേറ്റാണ് ഒൻപതു പേരും കൊല്ലപ്പെട്ടതെന്നും സുരക്ഷാ വിഭാഗങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു.

 

എന്നാൽ ഈ ഗ്രാമങ്ങളിലൊന്നിൽ ഉണ്ടായിരുന്ന വൊളന്റിയർമാർക്ക് ഭക്ഷണം നൽകാൻ എത്തിയപ്പോൾ തങ്ങളുടെ 12 അംഗ സംഘം ആക്രമിക്കപ്പെടുകയായിരുന്നു എന്ന് മെയ്തെയ് വിഭാഗക്കാരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളും പറയുന്നു. വ്യാപകമായ പ്രതിഷേധമാണ് മെയ്തെയ് മേഖലയിൽ ഇതു സംബന്ധിച്ച് ഉണ്ടായത്. നൂറുകണക്കിന് സ്ത്രീകൾ പ്രതിഷേധവുമായി നിരത്തിലിറങ്ങി. ഇതിന്റെ ബാക്കിയായാണ് ഇംഫാൽ നഗരത്തിൽ വീണ്ടും ഉണ്ടായ അക്രമങ്ങളെന്നാണ് റിപ്പോർട്ടുകൾ. 

 

 

∙ രാഷ്ട്രീയ ആരോപണങ്ങളും ശക്തം

 

സായുധ സംഘങ്ങൾ സംബന്ധിച്ച നിരവധി ആരോപണങ്ങളും ഊഹാപോഹങ്ങളും ഇതിനൊപ്പം ഉയരുന്നുണ്ട്. അതിെലാന്നാണ് സായുധസംഘമായ യുണൈറ്റഡ് കുക്കി ലിബറേഷൻ ഫ്രണ്ട് ചെയർമാൻ എസ്.എസ്.ഹവോകിപ്പുമായി ബന്ധപ്പെട്ടുള്ളത്. 2017 ലെയും 2022 ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പുകളിലും തങ്ങളും മറ്റൊരു സായുധ സംഘടനയും ബിജെപിയെ സഹായിച്ചെന്നാണ് ഹവോകിപ്പു പറയുന്നതെന്നും ഇക്കാര്യത്തിൽ എൻഐഎ അന്വഷണം വേണമെന്നും കോൺഗ്രസ് നേതാവ് അജോയ് കുമാർ ആവശ്യപ്പെട്ടു.

 

എന്താണ് ഈ തീവ്രവാദ സംഘടനകൾക്കും ബിജെപിക്കും തമ്മിലുള്ള ബന്ധമെന്ന് വ്യക്തമാക്കണമെന്നാണ് കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെയാണ് മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തതും. ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയമാണ് ഇത്രയും ദിവസങ്ങൾക്കകം നൂറുകണക്കിന് ആളുകൾ മരിക്കാൻ ഇടയാക്കിയതെന്ന് രാഹുൽ കുറ്റപ്പെടുത്തി.

 

പ്രധാനമന്ത്രി രാജ്യത്തെ പരാജയപ്പെടുത്തിയെന്നും അദ്ദേഹം നിശ്ശബ്ദനാണെന്നും രാഹുൽ പറഞ്ഞു. മണിപ്പൂരിലെ അക്രമങ്ങൾ അവസാനിപ്പിച്ച് ശാന്തി പുന:സ്ഥാപിക്കാൻ സർവകക്ഷി സംഘത്തെ അയയ്ക്കണമെന്നും രാഹുൽ ഗാന്ധി ട്വീറ്റിൽ ആവശ്യപ്പെട്ടിരുന്നു. 

 

മേയ് 29 മുതലായിരുന്നു അമിത് ഷാ മണിപ്പൂർ സന്ദർശനം നടത്തിയത്. ഇതിനിടെ നിരവധി സംഘടനകളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ നാഗാ എംഎൽഎമാരും ആവശ്യപ്പെട്ടത് ബിരേൻ സിങ്ങിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നാണ്.

 

മണിപ്പൂരിലെ അക്രമസംഭവങ്ങളിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 114 ആയി എന്നാണ് കണക്കുകൾ. 50,000ത്തോളം പേർ 300ഓളം അഭയാർഥി ക്യാംപുകളിലുണ്ട് എന്നാണ് റിപ്പോർട്ടുകള്‍. ലക്ഷക്കണക്കിന് പേർ പലായനം ചെയ്തു.  കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആർ.കെ.രഞ്ജന്റെ ഇംഫാലിലുള്ള വസതിക്ക് അക്രമികൾ തീയിട്ടു. പെട്രോൾ ബോംബുകളെറിഞ്ഞ് സുരക്ഷാ ജീവനക്കാരെ ഓടിച്ച ശേഷമായിരുന്നു ആക്രമണം.

 

ഇതിനു പുറമെ രണ്ടു വീടുകൾക്ക് കൂടി തീവയ്ക്കുകയും ചെയ്തിരുന്നു. സൈന്യവും അർധസൈനിക വിഭാഗവും ഇവിടെയുള്ള പട്രോളിങ് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.  ഇതിനു തൊട്ടുമുൻപ്, സംസ്ഥാനത്തുള്ള 10 കുക്കി–സൊമി എംഎൽഎമാരിൽ ഒരാളും ബിജെപി എംഎൽഎയും മന്ത്രിയുമായ നെംച കിപ്ഹെന്നിന്റെ ഔദ്യോഗിക വസതിക്കും അക്രമികൾ തീയിട്ടിരുന്നു.

 

English Summary: Why Manipur is still Burning? Explained