മോൻസന്റെ തട്ടിപ്പ്: കളത്തിലിറങ്ങാൻ ഇഡിയും, ഇത് സർക്കാരിനും തലവേദനയാകുന്ന കേസ്
‘ഈ രാഷ്ട്രീയക്കാർ ഇങ്ങനെ തുടങ്ങിയാൽ ഞങ്ങളുടെ കേസിന്റെ കാര്യം എന്താവും സർ, ഒന്നും രണ്ടുമല്ല കോടികളാണു നഷ്ടപ്പെട്ടിരിക്കുന്നത്, അന്നയാൾ കിട്ടാനുണ്ടെന്നു പറഞ്ഞ തുകയ്ക്കു എത്ര പൂജ്യമുണ്ടെന്നു പോലും ഞങ്ങൾക്ക് അറിയില്ല.
‘ഈ രാഷ്ട്രീയക്കാർ ഇങ്ങനെ തുടങ്ങിയാൽ ഞങ്ങളുടെ കേസിന്റെ കാര്യം എന്താവും സർ, ഒന്നും രണ്ടുമല്ല കോടികളാണു നഷ്ടപ്പെട്ടിരിക്കുന്നത്, അന്നയാൾ കിട്ടാനുണ്ടെന്നു പറഞ്ഞ തുകയ്ക്കു എത്ര പൂജ്യമുണ്ടെന്നു പോലും ഞങ്ങൾക്ക് അറിയില്ല.
‘ഈ രാഷ്ട്രീയക്കാർ ഇങ്ങനെ തുടങ്ങിയാൽ ഞങ്ങളുടെ കേസിന്റെ കാര്യം എന്താവും സർ, ഒന്നും രണ്ടുമല്ല കോടികളാണു നഷ്ടപ്പെട്ടിരിക്കുന്നത്, അന്നയാൾ കിട്ടാനുണ്ടെന്നു പറഞ്ഞ തുകയ്ക്കു എത്ര പൂജ്യമുണ്ടെന്നു പോലും ഞങ്ങൾക്ക് അറിയില്ല.
‘ഈ രാഷ്ട്രീയക്കാർ ഇങ്ങനെ തുടങ്ങിയാൽ ഞങ്ങളുടെ കേസിന്റെ കാര്യം എന്താവും സർ, ഒന്നും രണ്ടുമല്ല കോടികളാണു നഷ്ടപ്പെട്ടിരിക്കുന്നത്, അന്നയാൾ കിട്ടാനുണ്ടെന്നു പറഞ്ഞ തുകയ്ക്കു എത്ര പൂജ്യമുണ്ടെന്നു പോലും ഞങ്ങൾക്ക് അറിയില്ല. ഈ രാഷ്ട്രീയ കളികളിൽ ഞങ്ങളുടെ പരാതിയുടെ ഗതി എന്താവും?’ വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ ഇന്നലെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോഴാണു മോൻസനെതിരെ പരാതി പറഞ്ഞവർ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് അവരുടെ ആശങ്ക പങ്കുവച്ചത്.
ഗൾഫിലെ രാജകുടുംബത്തിനു വിശേഷപ്പെട്ട പുരാവസ്തുക്കൾ വിറ്റ ഇനത്തിൽ മോൻസനു കിട്ടിയ ‘2.62 ലക്ഷം കോടി’ രൂപ കേന്ദ്രസർക്കാർ തടഞ്ഞുവച്ചതായി പരാതിക്കാരെ മോൻസൻ വിശ്വസിപ്പിച്ചതെന്നാണു പരാതിയിൽ പറയുന്നത്. ഈ 2.62 ലക്ഷം കോടി അക്കത്തിലെഴുതിയാൽ അതിന് എത്ര പൂജ്യമുണ്ടെന്ന് അറിയില്ലെന്നാണ് അവർ അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞത്.
കേന്ദ്ര സർക്കാർ ഇടപെട്ടതിനെ തുടർന്നു ബാങ്കിൽ കുടുങ്ങിക്കിടക്കുന്ന ഈ 2.62 ലക്ഷം കോടി രൂപ പിൻവലിക്കാനുള്ള തടസ്സങ്ങൾ പരിഹരിക്കാനെന്നു പറഞ്ഞു മോൻസൻ പലപ്പോഴായി 10 കോടി രൂപ വാങ്ങി. വീണ്ടും 25 ലക്ഷം രൂപ ചോദിച്ചെങ്കിലും കൊടുത്തില്ല. തുടർന്ന് 2018 നവംബർ 22നു കൊച്ചി കലൂരിലെ മോൻസന്റെ വീട്ടിൽവച്ചു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഡൽഹിയിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നു നേരിട്ട് ഉറപ്പു നൽകി.
ഈ വിശ്വാസത്തിലാണു മോൻസനു പണം നൽകിയതെന്നാണു പരാതിക്കാരുടെ ആരോപണം. മോൻസൻ അവസാനം കൈപ്പറ്റിയ 25 ലക്ഷം രൂപയിൽ 10 ലക്ഷം രൂപ സുധാകരൻ വാങ്ങിയെന്ന ഗുരുതര ആരോപണവും പരാതിക്കാർ ഉന്നയിച്ചിട്ടുണ്ട്.
‘‘അന്ന് പാർലമെന്റ് ഫിനാൻസ് കമ്മിറ്റി അംഗമായിരുന്ന സുധാകരൻ ആ പദവി ഉപയോഗിച്ചു മോൻസനു പണം വിട്ടുകിട്ടാനാവശ്യമായ ഇടപെടൽ നടത്തുമെന്ന ഉറപ്പിലാണു വീണ്ടും പണം നൽകിയത്. എന്നാൽ കേന്ദ്രസർക്കാർ 2.62 ലക്ഷം കോടി രൂപ തടഞ്ഞുവച്ചതായുള്ള അവകാശവാദം കള്ളത്തരമാണെന്നു ബോധ്യപ്പെട്ടതോടെയാണു മുഖ്യമന്ത്രിക്കു പരാതി നൽകിയത്.’’ പരാതിക്കാർ മൊഴികളിൽ ഉറച്ചു നിന്നതോടെയാണു കെ. സുധാകരനെതിരെ കേസ് റജിസ്റ്റർ ചെയ്യാൻ ക്രൈംബ്രാഞ്ചിനു നിയമോപദേശം ലഭിച്ചത്.
പ്രവാസി മലയാളി ഫെഡറേഷൻ എന്ന സംഘടനയുടെ പേരിൽ 2019ൽ മുഖ്യമന്ത്രി പിണറായി വിജയനു പ്രവാസി പുരസ്കാരം നൽകിയെന്നും അതിന്റെ പോസ്റ്റർ കാണിച്ചശേഷം മുഖ്യമന്ത്രിയുടെ ഓഫിസിൽ വലിയ സ്വാധീനമുണ്ടെന്നും മോൻസൻ അവകാശപ്പെട്ടതായും പരാതിക്കാർ മൊഴി നൽകിയിരുന്നു.
പരാതിക്കാരായ യൂക്കൂബ് പുറായിൽ, എം.ടി.ഷമീർ എന്നിവരുടെ മൊഴികൾ ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തി. ഐജി: ജി.ലക്ഷ്മൺ, മുൻ ഡിഐജി എസ്.സുരേന്ദ്രൻ എന്നിവർക്കെതിരായ കൂടുതൽ തെളിവുകൾ പരാതിക്കാർ അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. ഇവർക്കു പുറമേ പരാതിക്കാരായ സിദ്ദിഖ് പുറായിൽ, അനൂപ് വി.അഹമ്മദ്, സലിം എടത്തിൽ, ഷാനിമോൻ എന്നിവരുടെ തുടർ മൊഴികളും ഈ കേസിൽ നിർണായകമാണ്.
‘കണ്ണു ചികിത്സയ്ക്കു മോൻസനെ സമീപിച്ച തന്റെ പേരു ദുരുപയോഗിച്ചു അയാൾ തട്ടിപ്പു നടത്തിയിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം’ എന്നാണു കെ.സുധാകരന്റെ നിലപാട്. 2018 നവംബറിൽ പാർലമെന്റ് ഫിനാൻസ് കമ്മിറ്റി അംഗമായിരുന്നില്ലെന്ന സുധാകരന്റെ വെളിപ്പെടുത്തലും കേസിൽ നിർണായകമാണ്. കേസിൽ സുധാകരനെ ക്രൈം ബ്രാഞ്ച് പ്രതി ചേർത്തതോടെയാണു കേസു വീണ്ടും ജനശ്രദ്ധയിലെത്തിയത്. അതിനു തൊട്ടുപിന്നാലെ സിപിഎം പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ നടത്തിയ പരാമർശം കേസിനെ കൂടുതൽ വിവാദങ്ങളിലാക്കി. സാമ്പത്തിക തട്ടിപ്പു കേസിലല്ല പോക്സോ കേസിലാണു ക്രൈംബ്രാഞ്ച് കെ.സുധാകരനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണു ഗോവിന്ദൻ പറഞ്ഞത്.
സാമ്പത്തിക തട്ടിപ്പു കേസിൽ കെ. സുധാകരൻ പ്രതി ചേർക്കപ്പെട്ടതോടെ ഐപിഎസ് ഉദ്യോഗസ്ഥരായിരുന്ന ഐജി. ജി.ലക്ഷ്മൺ, ഡിഐജി എസ്.സുരേന്ദ്രൻ എന്നിവരെ കൂടി പ്രതി ചേർത്തതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. ഇവരെ ക്രൈംബ്രാഞ്ച് പ്രതി ചേർത്ത സന്ദർഭമാണ് ഏറ്റവും പ്രധാനം, 2018 ൽ നടത്തിയ സാമ്പത്തിക തട്ടിപ്പു സംബന്ധിച്ച അന്വേഷണം 2023 ജൂണ്‍ ആയിട്ടും എങ്ങുമെത്തിയിട്ടില്ലെന്നും ഈ കേസ് സിബിഐക്കു വിടണമെന്നുമായിരുന്നു പരാതിക്കാരുടെ താൽപര്യം. ഇതിനായി അവർ സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണു കേസിനു രാഷ്ട്രീയ പ്രാധാന്യം ലഭിക്കും വിധം സുധാകരനും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും പ്രതി ചേർത്ത് എഫ്ഐആർ പുതുക്കിയത്.
ഇതിന്റെ ആത്മാർഥതയെയാണു പരാതിക്കാർ ഇപ്പോൾ സംശയിക്കുന്നത്. കേസന്വേഷണം സിബിഐക്കു കൈമാറുന്നതിൽ താൽപര്യമില്ലാത്ത ഏക കക്ഷി ക്രൈംബ്രാഞ്ചാണ്.
പ്രതി മോൻസൻ മാവുങ്കൽ, പരാതിക്കാർ, കൂട്ടുപ്രതി കെ.സുധാകരൻ എന്നിവരും കേസു സിബിഐക്കു വിടണമെന്ന താൽപര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. പരാതിക്കാരും പ്രതികളും ഒരേ പോലെ ക്രൈംബ്രാഞ്ചിനെ അവിശ്വസിക്കുന്ന അസാധാരണ സാഹചര്യമാണ് ഇതിലൂടെയുണ്ടായത്.
‘‘എനിക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകളിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടു, കേസിൽ സുധാകരന്റെ പേരുപറയാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തി, ശരിയായി അന്വേഷിച്ചാൽ ഡിജിപി അടക്കം അകത്താവും...’’ അറസ്റ്റിലായ ഇതുവരെ നിശബ്ദനായിരുന്ന മോൻസൻ മാവുങ്കൽ കോടതി വരാന്തയിലും പുറത്തും നടത്തിയ ഈ ആരോപണങ്ങൾ ഈ കേസിനെ കൂടുതൽ വിവാദത്തിലാക്കി.
ഈ ഘട്ടത്തിൽ കേസന്വേഷണം സിബിഐക്കു വിടുന്ന സാഹചര്യമുണ്ടായാൽ പൊലീസിനു പുറമേ സർക്കാരിനും അതു തലവേദനയാവും. തട്ടിപ്പു കേസിൽ കള്ളപ്പണ ഇടപാടു നടന്നതായി സംശയിക്കപ്പെടുന്നതിനാൽ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിനും ഈ കേസിൽ നിയമപരമായി ഇടപെടാൻ സാഹചര്യമുണ്ട്. അതിനു സംസ്ഥാന സർക്കാരിന്റെയോ ഹൈക്കോടതിയുടെയോ ഉത്തരവിനു കാത്തിരിക്കേണ്ടതില്ല.
പാർലമെന്റ് തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ സംസ്ഥാന കോൺഗ്രസിലെ ഉന്നത നേതാവു തന്നെ പ്രതിയായ കേസിൽ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിനെത്തുന്ന സാഹചര്യത്തോടു കേരളത്തിലെ പ്രതിപക്ഷം എങ്ങനെ പ്രതികരിക്കുമെന്നും കാത്തിരുന്നു കാണാം.
English Summary: Central Agencies are Waiting to Intervene in the Monson Mavunkal Cheating Case