‘കൂട്ടിലടച്ച’ 133–ാം വകുപ്പ്; കുട്ടികളെ കടിച്ചു കീറിയാലും, പേപ്പട്ടി ആണെങ്കിലും ‘നോക്കി നിന്നാൽ’ മതി!
മനുഷ്യനു ഭീഷണിയാകുന്ന കാട്ടുപന്നിയെയും കടുവയെയും പുലിയെയും വരെ കൊല്ലാൻ ഇവിടെ നിയമപ്രകാരം, നിയന്ത്രണങ്ങളോടെ അനുവാദമുണ്ട്. എന്നാൽ, തെരുവിൽ കുട്ടികളെ പോലും കടിച്ചുകീറി കൊല്ലുന്ന നായ്ക്കളെ വെറുതെ വിടാൻ മാത്രം ഇവിടെ നിയമങ്ങൾ ശഠിക്കുന്നത് എന്തിനാണ്? കേരളത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ തെരുവുനായ്ക്കളാൽ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുമ്പോൾ കൊല്ലുന്നതല്ലാതെ മറ്റെന്താണു പ്രതിരോധ മാർഗം എന്ന് ഏതൊരു അച്ഛനും അമ്മയും ചിന്തിച്ചു പോകുന്നതു സ്വാഭാവികം.
മനുഷ്യനു ഭീഷണിയാകുന്ന കാട്ടുപന്നിയെയും കടുവയെയും പുലിയെയും വരെ കൊല്ലാൻ ഇവിടെ നിയമപ്രകാരം, നിയന്ത്രണങ്ങളോടെ അനുവാദമുണ്ട്. എന്നാൽ, തെരുവിൽ കുട്ടികളെ പോലും കടിച്ചുകീറി കൊല്ലുന്ന നായ്ക്കളെ വെറുതെ വിടാൻ മാത്രം ഇവിടെ നിയമങ്ങൾ ശഠിക്കുന്നത് എന്തിനാണ്? കേരളത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ തെരുവുനായ്ക്കളാൽ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുമ്പോൾ കൊല്ലുന്നതല്ലാതെ മറ്റെന്താണു പ്രതിരോധ മാർഗം എന്ന് ഏതൊരു അച്ഛനും അമ്മയും ചിന്തിച്ചു പോകുന്നതു സ്വാഭാവികം.
മനുഷ്യനു ഭീഷണിയാകുന്ന കാട്ടുപന്നിയെയും കടുവയെയും പുലിയെയും വരെ കൊല്ലാൻ ഇവിടെ നിയമപ്രകാരം, നിയന്ത്രണങ്ങളോടെ അനുവാദമുണ്ട്. എന്നാൽ, തെരുവിൽ കുട്ടികളെ പോലും കടിച്ചുകീറി കൊല്ലുന്ന നായ്ക്കളെ വെറുതെ വിടാൻ മാത്രം ഇവിടെ നിയമങ്ങൾ ശഠിക്കുന്നത് എന്തിനാണ്? കേരളത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ തെരുവുനായ്ക്കളാൽ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുമ്പോൾ കൊല്ലുന്നതല്ലാതെ മറ്റെന്താണു പ്രതിരോധ മാർഗം എന്ന് ഏതൊരു അച്ഛനും അമ്മയും ചിന്തിച്ചു പോകുന്നതു സ്വാഭാവികം.
മനുഷ്യനു ഭീഷണിയാകുന്ന കാട്ടുപന്നിയെയും കടുവയെയും പുലിയെയും വരെ കൊല്ലാൻ ഇവിടെ നിയമപ്രകാരം, നിയന്ത്രണങ്ങളോടെ അനുവാദമുണ്ട്. എന്നാൽ, തെരുവിൽ കുട്ടികളെ പോലും കടിച്ചുകീറി കൊല്ലുന്ന നായ്ക്കളെ വെറുതെ വിടാൻ മാത്രം ഇവിടെ നിയമങ്ങൾ ശഠിക്കുന്നത് എന്തിനാണ്? കേരളത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ തെരുവുനായ്ക്കളാൽ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുമ്പോൾ കൊല്ലുന്നതല്ലാതെ മറ്റെന്താണു പ്രതിരോധ മാർഗം എന്ന് ഏതൊരു അച്ഛനും അമ്മയും ചിന്തിച്ചു പോകുന്നതു സ്വാഭാവികം.
കണ്ണൂർ മുഴപ്പിലങ്ങാടിൽ തെരുവുനായ്ക്കൾ കടിച്ചുകൊന്ന ഭിന്നശേഷിക്കാരനായ പതിനൊന്നു വയസ്സുകാരൻ നിഹാൽ നൗഷാദിന്റെ മരണം കേരളത്തിന്റെ മനസ്സാക്ഷിയിൽ ഉണർത്തുന്നത് നിയമത്തിന്റെ വാൾത്തലയേക്കാൾ മൂർച്ചയേറിയ ചോദ്യങ്ങളാണ്. നിഹാലിനു പിന്നാലെ മുഴപ്പിലങ്ങാടിൽതന്നെ ഒൻപതു വയസ്സുകാരി ജാൻവിയെ തെരുവുനായ്ക്കൾ ആക്രമിച്ച സംഭവം നിയമസംവിധാനത്തോടും അധികൃതരോടും ഉള്ള ചോദ്യങ്ങളുടെ മൂർച്ച വർധിപ്പിക്കുന്നു.
∙ നായ്ക്കളെ കൊല്ലാൻ വകുപ്പുണ്ടോ?
തെരുവുനായ്ക്കളെ കൊല്ലാൻ പാടില്ലെന്ന സുപ്രീം കോടതി വിധി നിലനിൽക്കെത്തന്നെ, ആക്രമണകാരികളായ തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ പുതിയ ഒരു നിയമവഴി കണ്ടെത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ക്രിമിനൽ നടപടി ചട്ടത്തിലെ 133–ാം വകുപ്പാണ് സർക്കാർ കണ്ടെത്തിയ പോംവഴി. എന്നാൽ, ഈ വഴിക്കും വിലങ്ങുതടിയാകാൻ കോടതിയും ഉത്തരവുകളും വരുമോയെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് തെരുവുനായ്ക്കളെകൊണ്ട് പൊറുതിമുട്ടിയ പൊതുജനം.
ആക്രമണകാരികളായ തെരുവുനായ്ക്കളെ കുറിച്ച് ക്രിമിനൽ നടപടി ചട്ടത്തിലെ (സിആർപിസി) 133–ാം വകുപ്പ് പ്രകാരം പരാതിപ്പെട്ടാൽ അവയെ കൊല്ലണമോ എന്ന കാര്യത്തിൽ സബ് ഡിവിഷനൽ മജിസ്ട്രേട്ടുമാർക്കോ (ആർഡിഒ) ജില്ലാ മജിസ്ട്രേട്ടുമാർക്കോ (കലക്ടർ) തീരുമാനിക്കാം എന്നാണു സംസ്ഥാന സർക്കാർ കണ്ടെത്തിയിരിക്കുന്ന പോംവഴി. തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷിന്റെയും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയുടെയും നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണു കഴിഞ്ഞ ദിവസം തീരുമാനം ഉണ്ടായത്.
പൊതുജനത്തിനു ശല്യമാകുന്ന മൃഗത്തെ ആവശ്യമെങ്കിൽ കൊല്ലാൻ ഉത്തരവിടാൻ സബ് ഡിവിഷനൽ മജിസ്ട്രേട്ടിനെയും (ആർഡിഒ) ജില്ലാ മജിസ്ട്രേട്ടിനെയും അധികാരപ്പെടുത്തുന്നതാണ് സിആർപിസിയിലെ 133–ാം വകുപ്പ്. നിയമപ്രകാരം ഉത്തരവ് നൽകേണ്ടത് നായയുടെ ഉടമസ്ഥനാണ്. കേന്ദ്ര സർക്കാർ ഈയിടെ പുതുക്കിയ അനിമൽ ബെർത്ത് കൺട്രോൾ റൂൾസിലെ (എബിസി ചട്ടങ്ങൾ) വ്യവസ്ഥ പ്രകാരം തെരുവുനായയുടെ ‘ഉടമസ്ഥൻ’ പ്രാദേശിക അധികൃതർ അഥവാ തദ്ദേശ സ്ഥാപനങ്ങളാണ്. അതിനാൽ, പൊതുജനങ്ങൾ സിആർപിസി പ്രകാരം പരാതിപ്പെട്ടാൽ അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരാകും സബ് ഡിവിഷനൽ മജിസ്ട്രേട്ടിന്റെയോ ജില്ലാ മജിസ്ട്രേട്ടിന്റെയോ ഉത്തരവ് നടപ്പാക്കേണ്ടി വരിക.
തെരുവുനായ്ക്കളെ 133–ാം വകുപ്പ് പ്രകാരം കൊല്ലുന്നത് സംബന്ധിച്ച് സർക്കാരിന് നിർദേശിക്കാൻ ആവുമോയെന്ന് കൂടി പരിശോധിക്കാനാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നത്. ഇക്കാര്യത്തെക്കുറിച്ച് പഠിക്കാൻ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി.രാജമാണിക്യത്തെയും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എ.കൗശികനെയും ഒരാഴ്ച മുൻപ് സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. നിയമവശങ്ങൾ പരിശോധിച്ച് കരട് മാർഗനിർദേശം തയാറാക്കാനാണ് ഇരുവരോടും ആവശ്യപ്പെട്ടത്. തെരുവുനായ്ക്കളെ കൊല്ലാൻ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെ 133–ാം വകുപ്പിന്റെ പ്രയോഗ സാധ്യത വെല്ലുവിളിയാണെന്ന് ഇരു ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു.
നായ്ക്കളെ കൊല്ലാൻ സർക്കാരിനു നിർദേശം നൽകാനാവില്ലെന്നു ഉന്നതതല യോഗത്തിൽ പങ്കെടുത്ത അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പും വിശദീകരിച്ചതോടെ സർക്കാർ വീണ്ടും പ്രതിസന്ധിയിലായി. എന്നാൽ, സബ് ഡിവിഷനൽ, ജില്ലാ മജിസ്ട്രേട്ടുമാർക്ക് ഉചിത തീരുമാനം എടുക്കാൻ സിആർപിസിയിലെ വ്യവസ്ഥ അനുവദിക്കുന്നുണ്ട് എന്ന എജിയുടെ നിയമോപദേശമാണ് ഇപ്പോൾ സർക്കാരിന്റെ ആയുധം. ഇതോടെ, ജനം പരാതി നൽകട്ടെയെന്നും ഉചിതമായ നടപടി കലക്ടർമാരും ആർഡിഒമാരും സ്വീകരിക്കെട്ടെ എന്നും ഉള്ള തീരുമാനത്തിലേക്ക് ഉന്നതതലയോഗം എത്തിച്ചേർന്നു.
∙ നായ്ക്കളെ കൊല്ലാൻ സുപ്രീം കോടതി അനുവദിക്കുമോ?
പേവിഷബാധ ഉള്ളതും ആക്രമണകാരികളും ആയ തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സമർപ്പിച്ച ഹർജി പരിഗണിച്ച സുപ്രീം കോടതി ജൂലൈ 12ന് വാദം കേൾക്കാമെന്ന് അറിയിച്ചിട്ടുണ്ട്. കണ്ണൂരിൽ ഭിന്നശേഷിക്കാരനായ കുട്ടി തെരുവുനായ്ക്കളുടെ കടിയേറ്റ് കൊല്ലപ്പെട്ട സംഭവം ദൗർഭാഗ്യകരമാണെന്ന് കേസ് പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ, തെരുവു നായ്ക്കളെ കൊല്ലാൻ സുപ്രീം കോടതി അനുവദിക്കുമോ എന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിനും സംസ്ഥാനത്തെ നിയമവിദഗ്ധർക്കും ഏറെ പ്രതീക്ഷയില്ല. തെരുവുനായ ശല്യം രൂക്ഷമായപ്പോൾ കഴിഞ്ഞ വർഷം ഇതേ ആവശ്യം ഉന്നയിച്ച് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അതിനാൽ ഇപ്പോഴത്തെ കേസിൽ സംസ്ഥാന സർക്കാർ കക്ഷി ചേരാനുള്ള സാധ്യതയും കുറവാണ്.
∙ പേപ്പട്ടിയെ പോലും കൂട്ടിൽ അടയ്ക്കണം; ദയാവധം മറ്റു ഗുരുതര രോഗങ്ങൾക്കു മാത്രം
യഥാർഥത്തിൽ ഒരു പേപ്പട്ടിയെ പോലും കൊല്ലാൻ ഇപ്പോഴത്തെ നിയമവ്യവസ്ഥ അനുവദിക്കുന്നില്ലെന്നതാണു സത്യം. പേവിഷബാധ ഉണ്ടെന്നു കരുതുന്ന നായയെ പ്രത്യേക കൂട്ടിലടച്ച് നിരീക്ഷിച്ച് സ്വാഭാവിക മരണത്തിന് അനുവദിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആനിമൽ ബെർത്ത് കൺട്രോൾ (എബിസി) 2023 ചട്ടങ്ങളിൽ വ്യക്തമാക്കുന്നത്. പ്രാദേശിക സർക്കാരിന്റെ നിരീക്ഷണ സമിതി നിയമിക്കുന്ന വെറ്ററിനറി ഓഫിസറും മൃഗക്ഷേമ സംഘടനയുടെ പ്രതിനിധിയും അടങ്ങുന്ന സംഘമാണ് നായയെ പരിശോധിച്ച് നടപടി സ്വീകരിക്കേണ്ടത്. പേവിഷബാധ ഉണ്ടെങ്കിൽ നായ 10 ദിവസത്തിനകം മരിക്കുമെന്നും അതിനാൽ സ്വാഭാവിക മരണത്തിനു വിട്ടുകൊടുക്കണമെന്നും ആണ് വ്യവസ്ഥയിൽ പറയുന്നത്. പിന്നീട് പേവിഷ ബാധ ഇല്ലെന്നു തെളിഞ്ഞാൽ നായ മോചിതനാകും. ഈ വർഷം മാർച്ചിലാണ് എബിസി ചട്ടങ്ങൾ പുതുക്കി ഇറക്കിയത്.
എന്നാൽ, ജീവാപായത്തിനു കാരണമാകുന്ന ഗുരുതര മുറിവുകളോ ചികിത്സിച്ചു ഭേദമാക്കാനാകാത്ത രോഗങ്ങളോ ഉള്ള നായ്ക്കളെ വെറ്ററിനറി ഓഫിസർക്ക് മരുന്നു കുത്തിവച്ച് ദയാവധത്തിനു വിധേയമാക്കാം. ഇതിനും മൃഗക്ഷേമ സംഘടനയുടെയോ മൃഗക്ഷേമ ബോർഡിന്റെയോ പ്രതിനിധികളും രോഗവിവരങ്ങൾ പരിശോധിക്കണം. പേവിഷ ബാധ ഇല്ലെന്നു നിരീക്ഷണകാലത്ത് കണ്ടെത്തുന്ന നായ്ക്കളെയും അക്രമസ്വഭാവം പ്രകടിപ്പിക്കുന്നവയെയും മൃഗക്ഷേമസംഘടനകളെ ചികിത്സിക്കാൻ ഏൽപിക്കണം. രോഗം ഭേദമായി 10 ദിവസത്തെ നിരീക്ഷണത്തിനു ശേഷം തുറന്നു വിടാം. പേ ബാധിച്ചു മരിക്കുന്ന നായ്ക്കളുടെ ജഡം ഇൻസിനറേറ്റർ ഉപയോഗിച്ച് കത്തിക്കുകയോ ചീഫ് വെറ്ററിനറി ഓഫിസർ നിർദേശിക്കുന്ന രീതിയിൽ സംസ്കരിക്കുകയോ വേണമെന്നും ചട്ടത്തിൽ പറയുന്നു.
∙ ചട്ടപ്പടി എബിസി; എത്ര നല്ല നടക്കാത്ത സ്വപ്നം!
നായ്ക്കളുടെ വന്ധ്യംകരണത്തിനായുള്ള എബിസി കേന്ദ്രങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് ചട്ടങ്ങളിലെ വ്യവസ്ഥകൾ അതികഠിനമാണ്. എബിസി കേന്ദ്രങ്ങൾക്ക് പ്രവർത്തനാനുമതി ലഭിക്കാൻ 2000 വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ വെറ്ററിനറി ഡോക്ടർ വേണമെന്നു പുതുക്കിയ എബിസി ചട്ടങ്ങളിൽ പറയുന്നു. ഇത്രയും അനുഭവസമ്പത്തുള്ള വെറ്ററിനറി ഡോക്ടർമാരെ കിട്ടാനില്ല. വെറ്ററിനറി കോഴ്സുകൾ പഠിച്ച് ഇറങ്ങുന്നവരെ എല്ലാവരെയും സർജറി ചെയ്യാൻ അനുവദിക്കണം എന്ന കേരള വെറ്ററിനറി കൗൺസിലിന്റെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല.
ചട്ടങ്ങളിലെ മറ്റു പ്രധാന വ്യവസ്ഥകളും കൂടി പരിശോധിക്കുക:
∙ കേന്ദ്രത്തിന്റെ പ്രോജക്ട് കമ്മിറ്റിക്ക് ഓരോ തദ്ദേശ സ്ഥാപനവും പദ്ധതി നിർദേശം അയച്ച് അംഗീകാരം വാങ്ങണം
∙ എല്ലാ എബിസി സെന്ററുകളിലും സിസിടിവി നിർബന്ധം. ഒരു മാസത്തെ ദൃശ്യങ്ങൾ സൂക്ഷിച്ച് പരിശോധിക്കാൻ എത്തുന്ന അധികൃതർക്ക് കൈമാറണം.
∙ നായ്ക്കളെ പിടികൂടുന്ന സംഘത്തിൽ തദ്ദേശ സ്ഥാപനം പരിശീലിപ്പിച്ച രണ്ടിലധികം ജീവനക്കാരും മൃഗസംരക്ഷണ സംഘടനയുടെ പ്രവർത്തകരും.
∙ നായ്ക്കളെ പിടിക്കാൻ പോകും മുൻപ് ബാനറുകളിലൂടെയും ഉച്ചഭാഷിണിയിലൂടെയും ജനങ്ങളെ അറിയിക്കണം. ഒരു സമയം ഒരു സ്ഥലത്തുനിന്നുള്ള നായപിടിത്തം മതി.
∙ ശസ്ത്രക്രിയയ്ക്കു ശേഷം 4 ദിവസം കൂട്ടിൽ പാർപ്പിച്ച് നിരീക്ഷിക്കണം. ഒരേ കുടുംബത്തിൽനിന്നോ പ്രദേശത്തുനിന്നോ ഉള്ള നായകളെ സെന്ററിലെ ഒരേ കൂട്ടിൽ പാർപ്പിക്കണം. ആൺ– പെൺ നായ്ക്കൾ വെവ്വേറെ കൂട്ടിലാക്കണം.
∙ മൃഗങ്ങളിൽനിന്ന് നീക്കം ചെയ്യുന്ന അവയവങ്ങൾ പ്രത്യേകം കവറുകളിൽ 30 ദിവസം വരെ രാസലായിനിയിൽ സൂക്ഷിക്കണം. പരിശോധന പൂർത്തിയാക്കിയ ശേഷം കത്തിക്കുമ്പോൾ വിഡിയോയിൽ ചിത്രീകരിക്കണം.
∙ അവശിഷ്ടങ്ങൾ കത്തിച്ചു കളയാൻ ഇൻസിനറേറ്ററുകൾ ഉപയോഗിക്കണം.
∙ വന്ധ്യംകരണത്തിനു ശേഷം നാലുദിവസം കൂട്ടിൽ പാർപ്പിച്ച് നിരീക്ഷിച്ച ശേഷം നായ്ക്കളെ പഴയ സ്ഥലത്തുതന്നെ തുറന്നുവിടണം.
ഇത്രയും വ്യവസ്ഥകളിൽ ഒന്നു പോലും ലംഘിക്കാതെ ഇരുന്നാൽ മാത്രമേ എബിസി കേന്ദ്രത്തിന് അംഗീകാരം ലഭിക്കുകയുള്ളു. ചട്ടങ്ങൾ തീർത്തും അപ്രായോഗികമാണെന്നും ഇതിലെ വ്യവസ്ഥകൾക്ക് എതിരെ കോടതിയെ സമീപിക്കുമെന്നും മന്ത്രി എം.ബി.രാജേഷ് വ്യക്തമാക്കുന്നു. ‘‘നിലവിലെ എബിസി ചട്ടങ്ങൾ തെരുവു നായ നിയന്ത്രണത്തെ അസാധ്യമാക്കുന്ന തരത്തിലുള്ളതാണ്. ആരാണ് ഇത് എഴുതിയുണ്ടാക്കിയെന്ന് അറിയില്ല. നിയന്ത്രണം നടപ്പാക്കാൻ വേണ്ടിയല്ല, നടപ്പാക്കാതിരിക്കാൻ വേണ്ടിയിട്ടുള്ളതാണ് ഈ ചട്ടങ്ങൾ. സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും കയ്യും കാലും വെട്ടിയിട്ട് പട്ടിയുടെ മുന്നിലിട്ടു കൊടുക്കുന്നതാണ് ചട്ടങ്ങൾ.’’
∙ എബിസി സ്ഥാപിക്കാൻ അരക്കോടി രൂപ വരെ ചെലവ്
കേന്ദ്രനിർദേശം അനുസരിച്ചുള്ള എബിസി സെന്റർ സ്ഥാപിക്കുന്നതിന് അരക്കോടിയോളം രൂപ ചെലവു വരും. വിശാലമായ സ്ഥലവും കെട്ടിടവും അവിടെ സിസിടിവിയും എസി ഓപ്പറേഷൻ തിയറ്ററും കൂടുകളും എല്ലാം ചേർന്നാണിത്. പ്രവർത്തന ചെലവ് വേറെ കണ്ടെത്തണം. ഇപ്പോഴുള്ള സെന്ററുകൾ എല്ലാം കേന്ദ്രനിർദേശം അനുസരിച്ച് മാറ്റം വരുത്തണം. സംസ്ഥാനത്ത് ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ എബിസി സെന്ററുകൾ ഇല്ല.
വന്ധ്യംകരണത്തോടൊപ്പം നായ്ക്കളെ പാർപ്പിക്കാൻ അഭയകേന്ദ്രങ്ങൾ സ്ഥാപിക്കാതെ തെരുവുനായ ശല്യം ഒഴിവാക്കാനാകില്ലെന്ന് മൃഗസംരക്ഷണ വകുപ്പിലെ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. വന്ധ്യംകരണം നടത്തിയശേഷം പുറത്തുവിടുന്ന നായ ശരാശരി ഏഴു വർഷമെങ്കിലും തെരുവിലുണ്ടാകും. അവ ആളുകളെ ഉപദ്രവിക്കാനുള്ള സാധ്യത കൂടുതലാണ്. വന്ധ്യംകരിച്ച നായ ആരെയും കടിക്കില്ലെന്ന് ഉറപ്പുപറയാനാകില്ലല്ലോ എന്ന അദ്ദേഹത്തിന്റെ മറുചോദ്യത്തിന് ആർക്കും ഉത്തരമില്ലെന്നതാണു സത്യം.
എബിസി കേന്ദ്രങ്ങളുടെ നടത്തിപ്പ് എളുപ്പമല്ലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയും ചൂണ്ടിക്കാട്ടുന്നു. ‘‘എബിസി കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതു പോലെത്തന്നെ അഭയകേന്ദ്രങ്ങൾ നിർമിക്കാനും പ്രാദേശികമായി ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്ന് എതിർപ്പ് നേരിടുകയാണ്. എബിസി കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ ശ്രമം നടത്തുകയാണ്. ഇതിന് മൃഗക്ഷേമ സംഘടനകളുടെ കൂടി പിന്തുണ തേടാൻ യോഗം വിളിച്ചു ചേർക്കും.’’
∙ വന്ധ്യംകരണം കൊണ്ട് എണ്ണം കുറയില്ല
വന്ധ്യംകരണംകൊണ്ട് തെരുവുനായ്ക്കളുടെ എണ്ണം കുറയില്ലെന്നതിന് ഇതു വരെയുള്ള എബിസി കണക്കുകൾ തെളിവാണ്. സംസ്ഥാനത്തുള്ള 20 എബിസി കേന്ദ്രങ്ങളിൽ പുതുക്കിയ വ്യവസ്ഥ അനുസരിച്ച് പ്രതിമാസം വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു വിധേയമാക്കാനാവുക പരമാവധി 5000 നായ്ക്കളെയാണ്. ഇനി 25 എണ്ണം കൂടി ഉടൻ തുടങ്ങുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ, 2.89 ലക്ഷം തെരുവുനായ്ക്കളിൽ 70 ശതമാനത്തെ എങ്കിലും എബിസിക്കു വിധേയമാക്കിയാലേ പ്രയോജനമുള്ളുവെന്ന് മൃഗസംരക്ഷണ മേഖലയിലെ വിദഗ്ധർ പറയുന്നു. നായ്ക്കളുടെ വംശവർധനയും ഇതിനിടെ നടക്കുന്നു. നായയുടെ വാൽ സ്ഥിരമായി നിവർത്താനാവില്ല എന്ന പോലെ എബിസി എന്ന അഭ്യാസം തുടരാമെന്നു മാത്രം.
∙ വന്ധ്യംകരണം നായ്ക്കുട്ടികളിൽ വേണം
തുടർച്ചയായി കുറഞ്ഞ കാലത്തേക്ക് തീവ്രയത്നം പോലെ തെരുവുനായ്ക്കളെ എബിസിക്കു വിധേയമാക്കിയാൽ മാത്രമേ അൽപമെങ്കിലം വംശവർധന തടയാൻ സാധിക്കൂ എന്ന് വയനാട് പൂക്കോടിലെ കോളജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിലെ ഡീൻ ആയ ഡോ.എം.കെ.നാരായണൻ പറയുന്നു. ഒന്നര മുതൽ മൂന്നു മാസം വരെ പ്രായമുള്ള തെരുവു നായ്ക്കുട്ടികളെ പിടികൂടി വന്ധ്യംകരണം ചെയ്തു പുനരധിവസിപ്പിക്കുന്ന ഏർലി ന്യൂട്ടറിങ് ഇൻ ഡോഗ്സ് (എൻഡ്) എന്ന പദ്ധതി തൃശൂർ കൊക്കാലയിൽ മുൻപ് വിജയകരമായി നടപ്പാക്കിയ വിദഗ്ധനാണ് ഡോ.നാരായണൻ.
‘എൻഡ്’ പോലുള്ള പദ്ധതി 5 വർഷം തുടർച്ചയായി നടത്തിയാൽ തെരുവുനായ്ക്കളുടെ വംശവർധന തടയാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നായ മനുഷ്യനെ ആശ്രയിച്ച് ജീവിക്കുന്ന മൃഗമാണെന്നും ഒറ്റപ്പെടൽ കൊണ്ടാണ് അത് ആക്രമണകാരിയാകുന്നതെന്നും അദ്ദേഹം പറയുന്നു. മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നത് നിയന്ത്രിച്ചില്ലെങ്കിൽ തെരുവുനായശല്യം വർധിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്.
English Summary: Will Supreme Court Permit Kerala to Use IPC Clause Against Stray Dogs? - Explained