ചെങ്കോട്ട വരെ വെള്ളത്തിൽ, രക്ഷാപ്രവർത്തനം ചെറുവള്ളത്തിൽ, തടാകമായി തലസ്ഥാനം; ഡൽഹിയുടെ ദുഃഖമാകുമോ യമുന?
നാലു പതിറ്റാണ്ടിനു ശേഷം രാജ്യതലസ്ഥാനം പ്രളയത്തിൽ മുങ്ങി. ഒപ്പം കെടുകാര്യസ്ഥതയുടെ മഹാപ്രളയത്തിലും. തലസ്ഥാന നഗരം വെള്ളത്തിൽ മുങ്ങി, ജനജീവിതം ആകെ ദുരിതത്തിലാകുമ്പോൾ രാജ്യത്തിന്റെ പല ഭാഗത്തും ആശങ്കയുടെ മഴയുണ്ട്. ഭരണ സിരാകേന്ദ്രത്തിൽ ഇതാണ് സ്ഥിതിയെങ്കിൽ മറ്റുള്ള സ്ഥലങ്ങളുടെ കാര്യം എങ്ങനെയാകും? യമുനയുടെ തീരം കവിഞ്ഞൊഴുകിയ മഴവെള്ളം സുപ്രീം കോടതിയുടെ സമീപത്തു വരെയെത്തി. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഴയാണ് പ്രളയത്തിനു കാരണമെന്നു വിദഗ്ധർ നിരീക്ഷിക്കുന്നു.
നാലു പതിറ്റാണ്ടിനു ശേഷം രാജ്യതലസ്ഥാനം പ്രളയത്തിൽ മുങ്ങി. ഒപ്പം കെടുകാര്യസ്ഥതയുടെ മഹാപ്രളയത്തിലും. തലസ്ഥാന നഗരം വെള്ളത്തിൽ മുങ്ങി, ജനജീവിതം ആകെ ദുരിതത്തിലാകുമ്പോൾ രാജ്യത്തിന്റെ പല ഭാഗത്തും ആശങ്കയുടെ മഴയുണ്ട്. ഭരണ സിരാകേന്ദ്രത്തിൽ ഇതാണ് സ്ഥിതിയെങ്കിൽ മറ്റുള്ള സ്ഥലങ്ങളുടെ കാര്യം എങ്ങനെയാകും? യമുനയുടെ തീരം കവിഞ്ഞൊഴുകിയ മഴവെള്ളം സുപ്രീം കോടതിയുടെ സമീപത്തു വരെയെത്തി. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഴയാണ് പ്രളയത്തിനു കാരണമെന്നു വിദഗ്ധർ നിരീക്ഷിക്കുന്നു.
നാലു പതിറ്റാണ്ടിനു ശേഷം രാജ്യതലസ്ഥാനം പ്രളയത്തിൽ മുങ്ങി. ഒപ്പം കെടുകാര്യസ്ഥതയുടെ മഹാപ്രളയത്തിലും. തലസ്ഥാന നഗരം വെള്ളത്തിൽ മുങ്ങി, ജനജീവിതം ആകെ ദുരിതത്തിലാകുമ്പോൾ രാജ്യത്തിന്റെ പല ഭാഗത്തും ആശങ്കയുടെ മഴയുണ്ട്. ഭരണ സിരാകേന്ദ്രത്തിൽ ഇതാണ് സ്ഥിതിയെങ്കിൽ മറ്റുള്ള സ്ഥലങ്ങളുടെ കാര്യം എങ്ങനെയാകും? യമുനയുടെ തീരം കവിഞ്ഞൊഴുകിയ മഴവെള്ളം സുപ്രീം കോടതിയുടെ സമീപത്തു വരെയെത്തി. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഴയാണ് പ്രളയത്തിനു കാരണമെന്നു വിദഗ്ധർ നിരീക്ഷിക്കുന്നു.
നാലു പതിറ്റാണ്ടിനു ശേഷം രാജ്യതലസ്ഥാനം പ്രളയത്തിൽ മുങ്ങി. ഒപ്പം കെടുകാര്യസ്ഥതയുടെ മഹാപ്രളയത്തിലും. തലസ്ഥാന നഗരം വെള്ളത്തിൽ മുങ്ങി ജനജീവിതം ആകെ ദുരിതത്തിലാകുമ്പോൾ രാജ്യത്തിന്റെ പല ഭാഗത്തും ആശങ്കയുടെ മഴയുണ്ട്. ഭരണസിരാകേന്ദ്രത്തിൽ ഇതാണ് സ്ഥിതിയെങ്കിൽ മറ്റുള്ള സ്ഥലങ്ങളുടെ കാര്യം എങ്ങനെയാകും? യമുനയുടെ തീരം കവിഞ്ഞൊഴുകിയ മഴവെള്ളം സുപ്രീം കോടതിയുടെ സമീപത്തു വരെയെത്തി. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഴയാണ് പ്രളയത്തിനു കാരണമെന്നു വിദഗ്ധർ നിരീക്ഷിക്കുന്നു.
എന്തുകൊണ്ടാണ് പ്രളയം ഡൽഹിയെ ഇത്രത്തോളം ബാധിക്കാൻ കാരണം? ഇനിയൊരു പ്രളയമുണ്ടാകാതിരിക്കാൻ ഡൽഹി എങ്ങനെയാണ് മാറേണ്ടത്? ഇവയ്ക്കൊപ്പം ഒരു ചോദ്യം കൂടി ഉയരുന്നു,– രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെ രാജ്യത്തിന്റെ ഭരണാധിപരും ഭരണസംവിധാനങ്ങളുമൊക്കെയുള്ള ഡൽഹി എങ്ങനെ ഇത്തരത്തിൽ കെടുകാര്യസ്ഥതയുടെ പര്യായമായി മാറി?
∙ വെള്ളത്തിനെന്ത് വിഐപി, മുഖ്യമന്ത്രിയുടെ വസതിക്കടുത്തു വരെ പ്രളയജലം
വിഐപി മേഖലകളെന്നോ ചേരികളെന്നോ ഭേദമില്ലാതെ ഇരച്ചെത്തിയ പ്രളയജലം അധികാരികൾക്കു പാഠമാകുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ. എന്നാൽ, പരസ്പരം പഴിചാരി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനുള്ള തത്രപ്പാടിലാണ് ലഫ്. ഗവർണർ വി.കെ.സക്സേനയും സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർട്ടി സർക്കാരും. നദീതീരത്തോടു ചേർന്നുള്ള ഒാൾഡ് ഡൽഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളും കടന്ന് സെൻട്രൽ ഡൽഹിയിലേക്കുവരെ പ്രളയജലമെത്തി.
യമുന കരകവിഞ്ഞാൽ ഡൽഹിയിലെ ഒരു പ്രദേശവും സുരക്ഷിതമല്ലെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. സുപ്രീം കോടതിയുടെയും ഡൽഹി സെക്രട്ടേറിയറ്റിന്റെയും മുഖ്യമന്ത്രിയുടെ വസതിക്കു സമീപവുമെല്ലാം പ്രളയജലമെത്തിയത് അധികാരികൾക്ക് പാഠമാകേണ്ടതാണ്. നഗരത്തിലെ റോഡുകളിലെ ഗതാഗതം പൂർണമായി സ്തംഭിപ്പിച്ച പ്രളയം മെട്രോ സർവീസുകളെയും ഗുരുതരമായി ബാധിച്ചു.
∙ അഴുക്കുചാൽ അറ്റകുറ്റപ്പണി ചെയ്താൽ പ്രളയം ഇല്ലാതാകുമോ?
രാജ്യതലസ്ഥാനത്ത് പ്രളയമുണ്ടാവാൻ മഴ ഡൽഹിയിൽ തന്നെ പെയ്യണമെന്നില്ലെന്നു തെളിയിക്കുകയാണ് കരകവിഞ്ഞ യമുന നദി. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും മഴ പെയ്താൽ ഡൽഹിയും കരുതിയിരിക്കണമെന്ന മുന്നറിയിപ്പാണ് 45 വർഷത്തിനു ശേഷമുള്ള പ്രളയം നഗരവാസികൾക്കു നൽകുന്നത്. രാജ്യത്തിന്റെ തലസ്ഥാനം ഇത്തരത്തിൽ മിന്നൽ പ്രളയത്തിന് ഇരയാകുന്നതിനുള്ള കാരണങ്ങൾ പലതാണ്. കഴിഞ്ഞ 45 വർഷങ്ങൾക്കിടെ യമുനയുടെ തീരങ്ങളിൽ നടന്ന അഭൂതപൂർവമായ കയ്യേറ്റങ്ങളാണ് പ്രളയത്തിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നദിയിൽ അടിഞ്ഞുകൂടുന്ന മണലും മാലിന്യങ്ങളും നീക്കംചെയ്യാനും നടപടികളുണ്ടാകുന്നില്ല. മാലിന്യവാഹിനിയാണ് യമുന. നദിയുടെ മലിനീകരണത്തിന് 80 ശതമാനവും കാരണമാകുന്നത് ഡൽഹിയിലെ അഴുക്കുചാലുകളിൽ നിന്നുള്ള മലിനജലവും വ്യവസായശാലകളിൽ നിന്നുള്ള വിഷവസ്തുക്കളുമാണ്. മുൻപ് മത്സ്യസമ്പത്തിൽ മുന്നിലായിരുന്ന നദിയിൽ ഇന്ന് മത്സ്യങ്ങളിൽ പലതും വംശനാശ ഭീഷണിയിലാണ്. നഗരത്തിൽ വർഷങ്ങൾക്കു മുൻപു നിർമിച്ച അഴുക്കുചാലുകളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നത് ഒഴിച്ചാൽ ശാസ്ത്രീയമായ രീതിയിൽ അവയുടെ പുനർനിർമാണത്തിനുള്ള നടപടികൾ കടലാസിൽ ഒതുങ്ങുകയാണ്. ഇതും സ്ഥിതിഗതികൾ കൂടുതൽ കുഴപ്പത്തിലാക്കുന്നു.
∙ ഇല്ല ഇങ്ങോട്ട് വെള്ളം വരില്ല; അധികൃതരുടെ ഉറപ്പിന് എന്തുറപ്പ്?
ഇത്തവണ യമുനയിൽ ജലനിരപ്പ് ഉയർന്നു തുടങ്ങിയപ്പോൾ മുതൽ പ്രളയത്തിനു സാധ്യതയില്ലെന്നാണ് സംസ്ഥാന മന്ത്രിമാർ പറഞ്ഞിരുന്നത്. എന്നാൽ പ്രളയമുണ്ടായാൽ നേരിടാനുള്ള കർമപദ്ധതിയെപ്പറ്റി വ്യക്തമായി ഒന്നും പറഞ്ഞതുമില്ല. ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിക്കുകയെന്നതാണ് അധികൃതരുടെ പ്രധാന നടപടി. എന്നാൽ പ്രളയജലം നിയന്ത്രിക്കുന്നതിന് മുൻകരുതലായി നദീതീരത്ത് സംവിധാനങ്ങൾ സജ്ജമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിന്റെ തെളിവാണ് ഡൽഹി അനുഭവിക്കുന്ന പ്രളയം.
നദിയിലെ ജലം നഗരത്തിലേക്കു കടക്കുന്നത് തടയാൻ നിർമിച്ച ഇന്ദ്രപ്രസ്ഥ വാട്ടർ റഗുലേറ്റർ ശക്തമായ ഒഴുക്കിൽ തകർന്നതാണ് നഗരത്തിലെ പല ഭാഗങ്ങളും വെള്ളത്തിലാവാൻ കാരണമെന്നാണു മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാൾ പറയുന്നത്. ഇതു നന്നാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. യമുന പോലെയുള്ള പ്രധാന നദിയുടെ കരയിലുള്ള നഗരമായ ഡൽഹിയിൽ പ്രളയസാധ്യത മുൻകൂട്ടിക്കണ്ടുള്ള മുൻകരുതലുകളില്ല എന്നതാണ് യാഥാർഥ്യം.
മൺസൂൺ സമയത്തുള്ള തട്ടിക്കൂട്ട് നടപടികളാണ് വർഷംതോറും ആവർത്തിക്കുന്നത്. തീരത്ത് കൃഷി നടത്തി ജീവിക്കുന്ന ആയിരക്കണക്കിന് ആളുകൾ എല്ലാ വർഷവും നദിയിൽ ജലനിരപ്പുയരുമ്പോൾ വീട്ടുസാധനങ്ങളുമായി റോഡരികിലും മറ്റും നിർമിക്കുന്ന താൽക്കാലിക ടെന്റുകളിലാണ് അഭയം തേടുന്നത്. നദിയുടെ തീരം ബലപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചാൽ തന്നെ പ്രളയ ഭീഷണി വലിയൊരളവുവരെ ഒഴിവാക്കാൻ സാധിക്കും.
∙ രക്ഷാപ്രവർത്തനത്തിന് മത്സ്യബന്ധന വള്ളം മാത്രം, ദുരന്തമായി രക്ഷാസേന
രാജ്ഘട്ടിനെയും ചെങ്കോട്ടയെയുമൊക്കെ വെള്ളത്തിലാക്കിയ പ്രളയം രാജ്യതലസ്ഥാനത്തിന് ഉയർത്തുന്ന ഭീഷണി ചെറുതല്ല. വിവിധ വകുപ്പുകളുടെ ഒട്ടേറെ മന്ത്രാലയങ്ങളും സൈനിക കേന്ദ്രങ്ങളുമൊക്കെയുള്ള ഡൽഹിക്ക് പ്രളയ ഭീഷണി ചെറുക്കാനുള്ള സംവിധാനങ്ങൾ അനിവാര്യമാണ്. എന്നാൽ ഇക്കാര്യത്തിൽ ഗൗരവമുള്ള ആലോചനകളുണ്ടാവുന്നില്ലെന്നതാണ് യാഥാർഥ്യം. പ്രളയം നേരിടുന്നതിനു തീരവാസികൾക്ക് ഉൾപ്പെടെ പരിശീലനം നൽകുന്നതിനും നടപടികളുണ്ടാവാറില്ല. രൂക്ഷമായ വെള്ളക്കെട്ടിൽ അകപ്പെട്ട് മുകുന്ദ്പൂരിൽ 3 കുട്ടികളുടെ ജീവൻ നഷ്ടമായ സംഭവമെങ്കിലും അധികാരികളുടെ കണ്ണു തുറപ്പിക്കുമോ?
നദിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ വലിയ തടാകങ്ങൾ നിർമിച്ച് ജലം സംഭരിക്കാനുള്ള പദ്ധതികളും പാതിവഴിയിലാണ്. കശ്മീരി ഗേറ്റിൽ നിന്നു ചെങ്കോട്ടയ്ക്കരികിലൂടെ യമുനാ നദി പരന്നൊഴുകിയത് ദുർഗന്ധവും പരത്തിയാണ്. പലരും വീടുകളിൽ നിന്ന് അവശ്യ സാധനങ്ങൾ മാത്രമെടുത്താണ് സുരക്ഷിത സ്ഥാനങ്ങളിലേക്കു നീങ്ങിയത്. ചില സ്ഥലങ്ങളിൽ ബോട്ടുകൾ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം. നദിയിൽ മീൻപിടിത്തക്കാർ ഉപയോഗിക്കുന്ന ചെറിയ ബോട്ടുകളും മറ്റുമാണ് ഡൽഹിയിൽ അടിയന്തര സാഹചര്യമുണ്ടായാൽ രക്ഷാപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത്.
ബോട്ടുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ദേശീയ ദുരന്ത നിവാരണ സേനയ്ക്കുമുണ്ട്. എന്നാൽ വലിയ തോതിലുള്ള പ്രളയമുണ്ടായാൽ ഈ സംവിധാനങ്ങൾ പോരാതെ വരും. കൂടുതൽ മികച്ച സംവിധാനങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ സേനയെ സജ്ജമാക്കുകയെന്നതാണ് ഇതിനുള്ള പോംവഴി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾക്കായി ശാസ്ത്രീയമായ പ്രളയ പ്രതിരോധ സംവിധാനങ്ങളും ഒരുക്കേണ്ടതുണ്ട്.
∙ വഴിയേത് ഓടയേത്, തടാക സമാനമായി തലസ്ഥാനം
ദേശീയ ദുരന്ത നിവാരണ സേന, ഡൽഹി പൊലീസ്, ഡൽഹി മുനിസിപ്പൽ കോർപറേഷൻ എന്നിവയാണ് യമുനയിൽ ജലനിരപ്പ് ഉയരുമ്പോൾ രക്ഷാപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്നത്. ഇത്തവണ മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാൾ കരസേനയുടെ സഹായവും തേടിയിട്ടുണ്ട്.
യമുനയിലേക്ക് തുറക്കുന്ന അഴുക്കുചാലുകളാണ് നഗരത്തിൽ വെള്ളക്കെട്ടുകൾ സൃഷ്ടിക്കുന്നതിൽ പ്രധാന വില്ലൻ. അഴുക്കുചാലുകളിൽ മണ്ണും മാലിന്യങ്ങളും കെട്ടികിടക്കുന്നതിനാൽ വെള്ളം അതിവേഗം റോഡുകളിലേക്ക് ഒഴുകിപ്പരക്കുന്ന സ്ഥിതിയാണ്. കൃത്യമായി അഴുക്കുചാലുകൾ വൃത്തിയാക്കിയാൽ തന്നെ പ്രശ്നത്തിന് കുറെയൊക്കെ പരിഹാരമാവും. പ്രളയം കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും സൃഷ്ടിക്കുന്ന ദുരിതങ്ങൾ ചില്ലറയല്ല.
വെള്ളം നിറഞ്ഞുകഴിഞ്ഞാൽ പിന്നെ അഴുക്കുചാലുകൾ എവിടെയാണെന്ന് അറിയാതെ കാൽനട യാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും അപകടത്തിൽപ്പെടുന്നതും പതിവാണ്. ഇതോടൊപ്പം കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നു വൈദ്യുതാഘാതമേൽക്കാനും സാധ്യതയേറെ.
∙ പ്രളയത്തിന് പിന്നാലെ രോഗങ്ങളുടെ പ്രളയമോ?
വെറും ജലപ്രളയത്തിൽ ഒതുങ്ങുന്നതല്ല ഡൽഹിക്ക് ഈ വെള്ളപ്പൊക്കം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഡൽഹിയുടെ ആരോഗ്യത്തെയാണ് ഇതു ബാധിക്കുക. യമുന നഗരത്തിന്റെ ജീവവാഹിനിയാണ്. വെള്ളത്തിന് ആശ്രയിക്കുന്നതും ഈ നദിയെ തന്നെ. അതിനാൽ യമുനയിലെ പ്രളയം ഡൽഹിക്ക് ഉയർത്തുന്ന ഭീഷണി ചെറുതല്ല. നദി കരകവിഞ്ഞാൽ നഗരത്തിലേക്കെത്തുന്നത് എല്ലാവിധ മാലിന്യങ്ങളും നിറഞ്ഞ ജലമാണ്. ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ അതീവ ഗുരുതരമാണ്.
ശുദ്ധജലത്തിന് ഡൽഹി ആശ്രയിക്കുന്നതും യമുനയെയാണ്. യമുന മാലിന്യവാഹിനിയായി മാറുമ്പോൾ രാജ്യതലസ്ഥാനത്തെ ജനങ്ങൾക്കു ലഭിക്കുന്ന ശുദ്ധജലത്തിന്റെ ‘ശുദ്ധത’ എത്രത്തോളമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മൺസൂണിൽ എല്ലാ വർഷവും യമുനയിൽ ജലനിരപ്പ് ഉയരാറുണ്ടെങ്കിലും ഇത്തവണ ഹിമാചലിലും ഉത്തരാഖണ്ഡിലും ഡൽഹിയിലും തുടർച്ചയായി പെയ്ത കനത്ത മഴ കണക്കുകൂട്ടലുകൾ തെറ്റിച്ചു. എല്ലാ സംവിധാനങ്ങളും സുസജ്ജമെന്നു വീമ്പടിച്ച അധികാരികളുടെ കണ്ണുതുറപ്പിക്കേണ്ടതാണ് ഡൽഹിയിലെ പ്രളയം.
∙ പെരുമഴ ഹിമാലയത്തിൽ, മുങ്ങിയത് ഡൽഹിയും
എന്താണ് ഡൽഹിയെ മുക്കിയ പ്രളയത്തിനു കാരണം. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല മൺസൂൺ പഠന വിഭാഗം ശാസ്ത്രജ്ഞൻ ഡോ. എസ്. അഭിലാഷ് വിശദീകരിക്കുന്നു. ‘2013ൽ ഉത്തരാഖണ്ഡിൽ പ്രളയത്തിനു വഴിയൊരുക്കിയ മഴയ്ക്കു സമാനമായ സാഹചര്യമാണ് ഡൽഹി പ്രളയത്തിനു കാരണം. ഹിമാലയത്തിൽ മഴയ്ക്ക് വഴിയൊരുക്കിയത് കാലാവസ്ഥയിലെ പ്രതിഭാസമാണ്. മൺസൂണും പടിഞ്ഞാറൻ ചക്രവാതച്ചുഴിയും തമ്മിൽ സംഗമിച്ചതാണ് ഈ പെരുമഴയ്ക്ക് കാരണം. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ മഴയാണ് ഈ ദിവസങ്ങളിൽ ലഭിച്ചത്. ഈ സാഹചര്യം രൂപപ്പെടാനുള്ള സാധ്യത പ്രവചിക്കപ്പെട്ടതുമാണ്.– ഡോ. എസ്.അഭിലാഷ് പറഞ്ഞു.
∙ ഹാത്‍നികുണ്ഡ് അണക്കെട്ട് തർക്ക വിഷയം
ഹരിയാനയിലെ ഹാത്നികുണ്ഡ് അണക്കെട്ടിൽ നിന്നു വെള്ളം തുറന്നുവിടുന്നത് സംബന്ധിച്ച് എല്ലാ മഴക്കാലത്തും ഹരിയാനയും ഡൽഹിയും തമ്മിൽ തർക്കം പതിവാണ്. ചെറിയ അണക്കെട്ടായതിനാൽ വലിയ തോതിൽ ജലം സംഭരിക്കാൻ ഇതിൽ കഴിയില്ല. അതുകൊണ്ടു തന്നെ അണക്കെട്ട് പെട്ടെന്നു നിറയുകയും ചെയ്യും. അണക്കെട്ടിൽ നിന്നു വെള്ളം തുറന്നുവിട്ടാൽ ജലം ഡൽഹിയിലെത്താൻ അധിക സമയമെടുക്കില്ല. വെള്ളമൊഴുക്കിന്റെ ശക്തി അനുസരിച്ച് ജലനിരപ്പിൽ മാറ്റം വരും.
ഹിമാചലിലും ഉത്തരാഖണ്ഡിലും കനത്ത മഴ പെയ്താൽ ഹരിയാനയിലേക്കാണ് ഈ വെള്ളം ഒഴുകിയെത്തുന്നത്. ഇത് ഹാത്‍നികുണ്ഡ് അണക്കെട്ടിലൂടെ യമുനയിലേക്ക് എത്തിച്ചേരുകയും ചെയ്യും. അണക്കെട്ടു നിറഞ്ഞാൽ വെള്ളം തുറന്നുവിട്ടില്ലെങ്കിൽ വൻ ദുരന്തമുണ്ടാകുമെന്നാണ് ഹരിയാന സർക്കാരിന്റെ വാദം. എന്നാൽ, വെള്ളം നിയന്ത്രിച്ച് ഒഴുക്കിവിടുന്നതിലൂടെ ഡൽഹിയിലെ പ്രളയം തടയാൻ കഴിയുമെന്നാണ് ഡൽഹി സർക്കാർ പറയുന്നത്.
∙ കേരളത്തിൽ ‘ഇടുക്കി’ തുറന്നു, അവിടെ ‘ഹത്‌നികുണ്ഡ്’ തുറന്നു
ഇനിയൊരു പ്രളയം വന്നാൽ ഡൽഹി മുങ്ങുമോ. ഈ ചർച്ചയാണ് ഇപ്പോൾ സജീവം. അതിനുള്ള നടപടികൾ വേണമെന്നും ആവശ്യം ഉയരുന്നു. യമുനയെ മാലിന്യമുക്തമാക്കുകയാണ് പ്രധാനം. നദിയെ മാലിന്യമുക്തമാക്കുന്നതോടൊപ്പം നദീ തീരങ്ങളിൽ സംരക്ഷണ ഭിത്തി നിർമിച്ച് പ്രളയ ജലം നഗരത്തിലേക്ക് കടക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികളും ഇക്കാര്യത്തിൽ മാതൃകയാക്കാവുന്നതാണ്.
ഹരിയാനയിലെ ഹാത്നികുണ്ഡ് അണക്കെട്ടിൽ നിന്ന് യമുനയിലേക്ക് ജലം തുറന്നു വിടുന്നതിൽ ഹരിയാന സർക്കാരുമായി കൃത്യമായ ധാരണ ഉറപ്പാക്കാനുള്ള നടപടികൾക്ക് ഡൽഹി സർക്കാരാണ് മുൻകയ്യെടുക്കേണ്ടത്. 2018ലെ പ്രളയ കാലത്ത് ഇടുക്കി ഡാം തുറന്നത് സംസ്ഥാനത്തെ എങ്ങനെയാണു മുക്കിയതെന്ന് കേരളത്തിലുള്ളവർക്ക് അറിയാം. അത്തരമൊരു സാഹചര്യമാണ് ഹാത്‌നികുണ്ഡ‍് അശാസ്ത്രീയമായി തുറന്നു വിട്ടാൽ സംഭവിക്കുക. ഇതിനാകട്ടെ അധികൃതർ തമ്മിലുള്ള ഏകോപനവും ആവശ്യം. പഴിചാരലുകൾ അവസാനിപ്പിച്ച് ഭരണാധികാരികൾ അവസരത്തിനൊത്ത് ഉയർന്നാൽ മാത്രമേ രാജ്യതലസ്ഥാനം പ്രളയ ഭീതിയിൽ നിന്നു മുക്തമാവുകയുള്ളുവെന്ന് ഈ പ്രളയം കാണിച്ചു തരുന്നു. ഭരണകർത്താക്കളുടെ കൺമുന്നിലാണ് പ്രളയം. ഇത് അവർക്കൊരു പാഠമാകുമോ?
English Summary: What are the reasons for the flood that drowned Delhi after 45 years? What are the problems faced by the city?