പോകുന്ന പോക്കിൽ ചീഫ് ജസ്റ്റിസിന്റെ ‘അട്ടിമറി’; മടങ്ങിയെത്തി കുരുങ്ങുമോ ഷെരീഫ്? ഇമ്രാനെ എന്തുചെയ്യും? പ്രതിസന്ധിയിൽ പാക്കിസ്ഥാൻ
2023 ഒക്ടോബർ 21ന് നാലു വർഷത്തെ ‘വിദേശവാസം’ അവസാനിപ്പിച്ച് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ ഒരു ‘അട്ടിമറി’ നടന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് ഉമർ അട്ട ബണ്ട്യാൽ വിരമിക്കുന്ന ദിവസമായിരുന്നു ഇക്കഴിഞ്ഞ സെപ്റ്റംബർ 16. പൊതുവേ ഇമ്രാൻ ഖാൻ പക്ഷപാതിയായി അറിയപ്പെടുന്ന ആളാണ് ബണ്ട്യാൽ. പടിയിറങ്ങുന്ന അതേ ദിവസംതന്നെ അദ്ദേഹം നവാസ് ഷെരീഫിനും കൂട്ടർക്കും മേൽ മറ്റൊരു കൊളുത്തു കൂടി തൂക്കി. അഴിമതിക്കേസുകള്‍ അന്വേഷിക്കുന്ന ‘നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ’യുടെ പ്രവർത്തനങ്ങളിൽ വരുത്തിയ ഭേദഗതികൾ റദ്ദാക്കിക്കൊണ്ടുള്ള അപ്രതീക്ഷിത നീക്കമാണ് ബണ്ട്യാലിൽനിന്നുണ്ടായത്. ഷെരീഫിനെയും കൂട്ടരെയും രക്ഷപെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നു മുൻ ഭേദഗതികൾ എങ്കിൽ അത് റദ്ദാക്കിയതോടെ ഷെരീഫിന്റെ ‘മടങ്ങിവരവി’ന്റെ കാര്യം വീണ്ടും അനിശ്ചിതത്വത്തിലായി. എന്നാൽ പുതിയ നിയമനടപടികൊണ്ട് മടങ്ങിവരവിന് പ്രശ്നമൊന്നുമുണ്ടാകില്ലെന്നും അദ്ദേഹം നിയമനടപടികൾ നേരിടുമെന്നാണ് ഷെരീഫിന്റെ നിയമസംഘം വ്യക്തമാക്കിയിട്ടുള്ളത്.
2023 ഒക്ടോബർ 21ന് നാലു വർഷത്തെ ‘വിദേശവാസം’ അവസാനിപ്പിച്ച് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ ഒരു ‘അട്ടിമറി’ നടന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് ഉമർ അട്ട ബണ്ട്യാൽ വിരമിക്കുന്ന ദിവസമായിരുന്നു ഇക്കഴിഞ്ഞ സെപ്റ്റംബർ 16. പൊതുവേ ഇമ്രാൻ ഖാൻ പക്ഷപാതിയായി അറിയപ്പെടുന്ന ആളാണ് ബണ്ട്യാൽ. പടിയിറങ്ങുന്ന അതേ ദിവസംതന്നെ അദ്ദേഹം നവാസ് ഷെരീഫിനും കൂട്ടർക്കും മേൽ മറ്റൊരു കൊളുത്തു കൂടി തൂക്കി. അഴിമതിക്കേസുകള്‍ അന്വേഷിക്കുന്ന ‘നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ’യുടെ പ്രവർത്തനങ്ങളിൽ വരുത്തിയ ഭേദഗതികൾ റദ്ദാക്കിക്കൊണ്ടുള്ള അപ്രതീക്ഷിത നീക്കമാണ് ബണ്ട്യാലിൽനിന്നുണ്ടായത്. ഷെരീഫിനെയും കൂട്ടരെയും രക്ഷപെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നു മുൻ ഭേദഗതികൾ എങ്കിൽ അത് റദ്ദാക്കിയതോടെ ഷെരീഫിന്റെ ‘മടങ്ങിവരവി’ന്റെ കാര്യം വീണ്ടും അനിശ്ചിതത്വത്തിലായി. എന്നാൽ പുതിയ നിയമനടപടികൊണ്ട് മടങ്ങിവരവിന് പ്രശ്നമൊന്നുമുണ്ടാകില്ലെന്നും അദ്ദേഹം നിയമനടപടികൾ നേരിടുമെന്നാണ് ഷെരീഫിന്റെ നിയമസംഘം വ്യക്തമാക്കിയിട്ടുള്ളത്.
2023 ഒക്ടോബർ 21ന് നാലു വർഷത്തെ ‘വിദേശവാസം’ അവസാനിപ്പിച്ച് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ ഒരു ‘അട്ടിമറി’ നടന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് ഉമർ അട്ട ബണ്ട്യാൽ വിരമിക്കുന്ന ദിവസമായിരുന്നു ഇക്കഴിഞ്ഞ സെപ്റ്റംബർ 16. പൊതുവേ ഇമ്രാൻ ഖാൻ പക്ഷപാതിയായി അറിയപ്പെടുന്ന ആളാണ് ബണ്ട്യാൽ. പടിയിറങ്ങുന്ന അതേ ദിവസംതന്നെ അദ്ദേഹം നവാസ് ഷെരീഫിനും കൂട്ടർക്കും മേൽ മറ്റൊരു കൊളുത്തു കൂടി തൂക്കി. അഴിമതിക്കേസുകള്‍ അന്വേഷിക്കുന്ന ‘നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ’യുടെ പ്രവർത്തനങ്ങളിൽ വരുത്തിയ ഭേദഗതികൾ റദ്ദാക്കിക്കൊണ്ടുള്ള അപ്രതീക്ഷിത നീക്കമാണ് ബണ്ട്യാലിൽനിന്നുണ്ടായത്. ഷെരീഫിനെയും കൂട്ടരെയും രക്ഷപെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നു മുൻ ഭേദഗതികൾ എങ്കിൽ അത് റദ്ദാക്കിയതോടെ ഷെരീഫിന്റെ ‘മടങ്ങിവരവി’ന്റെ കാര്യം വീണ്ടും അനിശ്ചിതത്വത്തിലായി. എന്നാൽ പുതിയ നിയമനടപടികൊണ്ട് മടങ്ങിവരവിന് പ്രശ്നമൊന്നുമുണ്ടാകില്ലെന്നും അദ്ദേഹം നിയമനടപടികൾ നേരിടുമെന്നാണ് ഷെരീഫിന്റെ നിയമസംഘം വ്യക്തമാക്കിയിട്ടുള്ളത്.
2023 ഒക്ടോബർ 21ന് നാലു വർഷത്തെ ‘വിദേശവാസം’ അവസാനിപ്പിച്ച് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ ഒരു ‘അട്ടിമറി’ നടന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് ഉമർ അട്ട ബണ്ട്യാൽ വിരമിക്കുന്ന ദിവസമായിരുന്നു ഇക്കഴിഞ്ഞ സെപ്റ്റംബർ 16. പൊതുവേ ഇമ്രാൻ ഖാൻ പക്ഷപാതിയായി അറിയപ്പെടുന്ന ആളാണ് ബണ്ട്യാൽ. പടിയിറങ്ങുന്ന അതേ ദിവസംതന്നെ അദ്ദേഹം നവാസ് ഷെരീഫിനും കൂട്ടർക്കും മേൽ മറ്റൊരു കൊളുത്തു കൂടി തൂക്കി.
അഴിമതിക്കേസുകള്‍ അന്വേഷിക്കുന്ന ‘നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ’യുടെ പ്രവർത്തനങ്ങളിൽ വരുത്തിയ ഭേദഗതികൾ റദ്ദാക്കിക്കൊണ്ടുള്ള അപ്രതീക്ഷിത നീക്കമാണ് ബണ്ട്യാലിൽനിന്നുണ്ടായത്. ഷെരീഫിനെയും കൂട്ടരെയും രക്ഷപെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നു മുൻ ഭേദഗതികൾ എങ്കിൽ അത് റദ്ദാക്കിയതോടെ ഷെരീഫിന്റെ ‘മടങ്ങിവരവി’ന്റെ കാര്യം വീണ്ടും അനിശ്ചിതത്വത്തിലായി. എന്നാൽ പുതിയ നിയമനടപടികൊണ്ട് മടങ്ങിവരവിന് പ്രശ്നമൊന്നുമുണ്ടാകില്ലെന്നും അദ്ദേഹം നിയമനടപടികൾ നേരിടുമെന്നാണ് ഷെരീഫിന്റെ നിയമസംഘം വ്യക്തമാക്കിയിട്ടുള്ളത്.
∙ കാത്തിരിക്കുന്നത് പ്രധാനമന്ത്രിപദമോ ജയിലോ?
ലണ്ടനിൽ ഷെരീഫിനെ സാക്ഷിയാക്കി സഹോദരനും ഒരു മാസം മുമ്പ് വരെ പാക് പ്രധാനമന്ത്രിയുമായിരുന്ന ഷഹ്ബാസ് ഷെരീഫാണ് നവാസ് ഷെരീഫിന്റെ പാക്കിസ്ഥാനിലേക്കുള്ള മടക്കം പ്രഖ്യാപിച്ചത്. ‘‘രാജ്യം മുഴുവൻ അദ്ദേഹത്തിന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ്. നവാസ് ഷെരീഫ് പ്രധാനമന്ത്രിയായിരുന്നപ്പോഴത്തെ രീതിയിൽ രാജ്യവും സമ്പദ്‍വ്യവസ്ഥയും വീണ്ടും വളരും’’, ഷഹ്ബാസ് പറഞ്ഞു. അതേസമയം, മറ്റൊരു മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഒരു മാസത്തിലധികമായി ജയിലിലാണ്. കേസുകൾക്ക് പിന്നാലെ കേസുകളാണ് അദ്ദേഹത്തിനു മേൽ. പാക്കിസ്ഥാനിൽ എത്രയും വേഗം പൊതു തിരഞ്ഞെടുപ്പ് നടത്തേണ്ടതുമുണ്ട്.
എന്നാൽ കാവൽ സർക്കാർ നവാസ് ഷെരീഫിന്റെ പാർട്ടിക്ക് അനുകൂലമായി പ്രവർത്തിക്കുന്നു എന്നതു പോലുള്ള ആരോപണങ്ങൾ ഉയർത്തുന്നവരിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വരെയുണ്ട്. രാജ്യത്താകട്ടെ, മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ദുരിതവുമാണ്. വിലക്കയറ്റവും ഭീകരവാദവും ജനജീവിതത്തെ പിടിച്ചുലയ്ക്കുന്നു. ചുരുക്കത്തിൽ ഇതാണ് പാക്കിസ്ഥാനിലെ സ്ഥിതി. ഇവിടേക്ക് നവാസ് ഷെരീഫ് വരുമോ?
പുതിയ വിധി അദ്ദേഹത്തിന്റെ മടങ്ങിവരവ് അസാധ്യമാക്കുമോ? വന്നാലും അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമോ? അതോ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കുമോ? എന്താകും ഇമ്രാൻ ഖാന്റെ ഭാവി? തിരഞ്ഞെടുപ്പ് സുതാര്യമായിരിക്കുമോ? ഇപ്പോൾ കാര്യങ്ങൾ നിയന്ത്രിക്കുന്ന ശക്തമായ സൈന്യത്തിന്റെ തുടർനടപടികൾ എന്തായിരിക്കും? അനേകം ചോദ്യങ്ങളാണ് പാക്കിസ്ഥാനെ സംബന്ധിച്ച് ഉയരുന്നത്.
∙ കൈവിട്ട പഞ്ചാബ്, ജനപ്രീതിയിൽ മുൻപനായിരുന്ന കാലം
മുന്നു തവണ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്നു നവാസ് ഷെരീഫ്. വരുന്ന തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ മുസ്‍ലിം ലീഗ് (നവാസ്) വിജയിച്ചാൽ ഷെരീഫ് ആകും തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന് ഷഹ്ബാസ് 2023 ജൂലൈയിൽതന്നെ പ്രസ്താവിച്ചിരുന്നു. 2019 മുതൽ ലണ്ടനിലാണ് ഷെരീഫ് താമസിക്കുന്നത്. പാർട്ടിയിലെ ഏറ്റവും ജനപ്രീതിയുള്ള ആൾ എന്ന നിലയിൽ ഷെരീഫിനെ മുന്നിൽ നിർത്തിയാൽ മാത്രമേ അടുത്ത തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയൂ എന്നാണ് പിഎംഎൽ (നവാസ്) കരുതുന്നത്. എന്നാൽ അതത്ര എളുപ്പമല്ല താനും.
2017 വരെ പഞ്ചാബ് പ്രവിശ്യയിലടക്കം ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള നേതാവായിരുന്നു നവാസ് ഷെരീഫ്. എന്നാൽ അഴിമതി വിഷയത്തിൽ 2017 ൽ അദ്ദേഹത്തിന്റെ സർക്കാർ താഴെപ്പോയതോടെ ജനപിന്തുണയിലും ഇടിവുണ്ടായി. പിന്നാലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും പാക് സുപ്രീം കോടതി അദ്ദേഹത്തിന് വിലക്കേർപ്പെടുത്തി. ആ വർഷം നടന്ന പൊതു തിരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാന്റെ പാർട്ടി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയായിരുന്നു.
∙ ആദ്യം ഭൂട്ടോമാരിൽനിന്ന് പിടിച്ചെടുത്തു, ഇപ്പോൾ ഇമ്രാനും
ഷെരീഫിന്റെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും ശക്തികേന്ദ്രമായിരുന്നു പഞ്ചാബ് മേഖല ഒരിക്കൽ. ഭൂട്ടോമാരുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയിൽനിന്ന് ഷെരീഫ് പിടിച്ചെടുത്തതാണ് പഞ്ചാബ് പ്രവിശ്യ. 1985 ൽ പഞ്ചാബ് മുഖ്യമന്ത്രിയായതോടെയാണ് ഷെരീഫിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഉയർച്ച ആരംഭിക്കുന്നത്. എന്നാൽ പഞ്ചാബ് പ്രവിശ്യയിൽ ഇപ്പോൾ ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്‍രീക്–ഇ–ഇൻസാഫ് ശക്തമായ സാന്നിധ്യമാണ്. പാക്കിസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവിശ്യകളിലൊന്നാണിത്. ഏറ്റവും കൂടുതൽ ജനം പാർക്കുന്ന മേഖലയും അതോടൊപ്പം ആകെയുള്ള പാർലമെന്ററി സീറ്റിന്റെ പകുതിയും ഇവിടെനിന്നാണു താനും.
പഞ്ചാബ് പ്രവിശ്യയിലെ ചെറുപ്പക്കാർക്കിടയിൽ വലിയ പിന്തുണയാണ് ഇമ്രാൻ ഖാനുള്ളത്. 2022 ജൂലൈയിൽ പഞ്ചാബ് പ്രവിശ്യയിലെ 20 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇമ്രാന്റെ പിടിഐ പാർട്ടി 15 സീറ്റുകളും കരസ്ഥമാക്കിയിരുന്നു. 2022 ഒക്ടോബറിൽ പഞ്ചാബ് പ്രവിശ്യയിൽ നടന്ന പാർലമെന്റ് ഉപതിരഞ്ഞെടുപ്പിൽ ഏഴിൽ ആറു സീറ്റുകളും പിടിഐ കരസ്ഥമാക്കി. നവാസ് ഷെരീഫ് രാജ്യത്തില്ലാത്തത് പഞ്ചാബിലടക്കം പാർട്ടിയെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട് എന്നാണ് പാക് ദിനപത്രമായ ‘ഡോൺ’ പറയുന്നത്. ഷെരീഫ് സഹോദരങ്ങൾ പാക്കിസ്ഥാനിൽതന്നെ ഉണ്ടാകണമെന്നത് പാര്‍ട്ടിയിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ ആവശ്യപ്പെടുന്ന കാര്യമാണെന്നും റിപ്പോർട്ട് പറയുന്നു.
∙ അനന്തരാവകാശി മകൾ തന്നെ
നവാസ് ഷെരീഫ് പാക്കിസ്ഥാനിലേക്ക് തിരികെ എത്തിയാൽതന്നെ എന്തായിരിക്കും അദ്ദേഹത്തിന്റെ റോൾ? അങ്ങേയറ്റം മോശമായ അവസ്ഥയിലാണ് ഇന്ന് പിഎംഎൽ(എൻ). അതേ സമയം, ബിലാവൽ ഭൂട്ടോ സർദാരിക്കു കീഴിൽ പിപിപി ശക്തി പ്രാപിച്ചു വരുന്നു. ജാമിയത് ഉലമ–ഇ–ഇസ്‍ലാം (എഫ്) പോലുള്ള പാർട്ടികളും നില ഭേദപ്പെടുത്തുന്നു. എന്നാൽ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലെങ്കിലും പിഎംഎലിന്റെ(എൻ) ശക്തി ചോർന്നു പോയിട്ടുണ്ട്. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് നവാസ് ഷെരീഫിന്റെ അഭാവം തന്നെയാണെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നത്.
ഷെരീഫ് പാക്കിസ്ഥാനിലേക്ക് തിരികെ വരുമെന്നും തിരഞ്ഞെടുപ്പ് മുന്നിൽ നിന്ന് നയിച്ച് പ്രധാനമന്ത്രിയാവുമെന്നും ഒരു വിഭാഗം പറയുന്നു. എന്നാൽ നവാസ് ഷെരീഫിനേക്കാൾ പ്രായോഗികമതിയായ സഹോദരൻ ഷെഹ്ബാസ് ആണ് ഇതിനു പറ്റിയത് എന്നു കരുതുന്ന വിഭാഗവും പാർട്ടിയിൽ ഉണ്ട്. ഇതിനിടയിൽ, പാർട്ടിയുടെ സംഘാടക ചെയർമാനും വൈസ് പ്രസിഡന്റും എന്ന നിലയിൽ ഷെരീഫിന്റെ മകൾ മരിയം നവാസ് ഷെരീഫും ഉണ്ട്. പിതാവിന്റെ അസാന്നിധ്യത്തിൽ മരിയമാണ് പാർട്ടി ‘ഹൈക്കമാൻഡ്’.
∙ ഭൂട്ടോ–ഷെരീഫ്; ആര്‍ക്കാണ് കൂടുതൽ പുരോഗമനം?
എങ്ങനെയായിരിക്കും ഷെരീഫിനും കുടുംബത്തിനും പാർട്ടിയെ ഇനി പുതുക്കിപ്പണിയാൻ സാധിക്കുക എന്നതുതന്നെയാണ് പ്രധാന വെല്ലുവിളി. രാജ്യത്തെ യുവാക്കളിൽ വലിയൊരു വിഭാഗത്തെ ആകർഷിക്കാനുള്ളതൊന്നും ഷെരീഫിന്റെ പാർട്ടിയിൽ ഇല്ല എന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഒരു യാഥാസ്ഥിതിക വലതുപക്ഷ പാർട്ടി എന്ന പ്രതിച്ഛായ മാറ്റിയെടുക്കാൻ ഇടക്കാലത്ത് പിഎംഎൽ(എൻ) ശ്രമിച്ചിരുന്നു.
എന്നാൽ അത് മുന്നോട്ടു കൊണ്ടുപോകാൻ രണ്ടാം നിര നേതൃത്വത്തിന് കഴിഞ്ഞില്ല. പുരോഗമന പാർട്ടിയായി ഇന്നും ഭൂരിഭാഗം പേരും കരുതുന്നത് ഭൂട്ടോ കുടുംബത്തിന്റെ പിപിപി ആണ്. അതേസമയം, ഷെരീഫ് കുടുംബം ഇല്ലെങ്കിൽ പിഎംഎൽ(എന്‍) പാർട്ടിക്ക് നിലനിൽപില്ല എന്നതാണ്.
∙ പാക് കഴുത്തിൽ ഐഎംഎഫിന്റെ കുരുക്ക്
നവാസ് ഷെരീഫിന്റെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും ജനപിന്തുണയിൽ ഇടിവുണ്ടാകാൻ കാരണം ഷെഹ്ബാസ് ഷെരീഫ് സർക്കാരിന്റെ ഭരണ നടപടികൾ കൂടിയാണ്. താൻ പാക്കിസ്ഥാനെ മുന്നോട്ടു നയിച്ചു, അതിന് പ്രാപ്തിയുള്ള ഏക നേതാവ് താനാണ് എന്നൊക്കെ ഇമ്രാൻ ഖാൻ നാഴികയ്ക്ക് നാൽപ്പതു വട്ടം പ്രഖ്യാപിട്ടുണ്ടെങ്കിലും രാജ്യം അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലായതോടെയാണ് അദ്ദേഹത്തെ ഇറക്കി വിട്ട് പ്രതിപക്ഷ കക്ഷികള്‍ ചേർന്ന് ഭരണം പിടിക്കുന്നത്. എന്നാൽ ഈ സഖ്യത്തിന് 16 മാസം മാത്രമാണ് ഭരണം ലഭിച്ചത്. അന്നു സ്വീകരിച്ച നടപടികളും മറ്റും വലിയ തോതിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്തു.
വൈദ്യുതി നിരക്ക് വർധനയാണ് അതിൽ പ്രധാനം. രണ്ടു മാസത്തിനിടെ യൂണിറ്റിന് എട്ടു രൂപയോളം വർധിച്ചു എന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്കും പാക്കിസ്ഥാൻ സാക്ഷ്യം വഹിക്കുന്നുണ്ട്. ഇതിനിടെ, ഷെഹ്ബാസ് ഷെരീഫ് സർക്കാരിന്റെ കാലാവധി അവസാനിക്കുകയും കാവൽ സർക്കാർ അധികാരത്തിൽ വരികയും ചെയ്തു. വൈദ്യുതി നിരക്കുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ആശ്വാസം പകരാനുള്ള നടപടികൾക്ക് ഐഎംഎഫിനോട് പാക്കിസ്ഥാൻ അനുമതി തേടിയിരുന്നു.
എന്നാൽ വൈദ്യുതി ഉൽപാദന സ്ഥാപനങ്ങൾക്ക് നിലവിൽ നൽകുന്ന സബ്സിഡി കൂടി അവസാനിപ്പിക്കണമെന്നാണ് ഐഎംഎഫ് നിർദേശമെന്ന് റിപ്പോർട്ടുകൾ പറയുന്നു. വൻ കടക്കെണിയിലായ പാക്കിസ്ഥാന്‍ ഐഎംഎഫ് അടക്കമുള്ള രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള സഹായാത്താലാണ് മുന്നോട്ടു പോകുന്നത്. അതിനാൽത്തന്നെ അവർ പറയുന്നത് കേട്ടേ മതിയാകൂ എന്ന അവസ്ഥയും.
∙ കാർഗിലിൽ ചതിച്ചത് മുഷറഫോ?
ബേനസീർ ഭൂട്ടോയ്ക്കെതിരെ സൈന്യത്തിന്റെ ആശീർവാദത്തോടെ രാഷ്ട്രീയത്തിൽ ഉയർന്നുവന്ന ആളാണ് ഷെരീഫ്. എന്നാൽ പ്രധാനമന്ത്രിപദത്തിലെത്തുകയും ജനപിന്തുണ വർധിക്കുകയും ചെയ്തതോടെ സൈന്യവുമായി ഷെരീഫ് ഉരസിത്തുടങ്ങി. 2015 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൂട്ടി നിശ്ചയിക്കാതെ ലാഹോറിലെത്തി ഷെരീഫിനെ കണ്ടത് സൈന്യവും അന്നത്തെ പാക് പ്രധാനമന്ത്രിയുമായി ഉരസലുണ്ടാകാൻ കാരണമായ വിഷയങ്ങളിലൊന്നാണ്. തങ്ങളുടെ നിയന്ത്രണത്തിനു പുറത്ത് ഷെരീഫ് പ്രവർത്തിച്ചതാണ് അന്ന് സൈന്യത്തെ അലോസരപ്പെടുത്തിയത്.
മാത്രമല്ല, ഇന്ത്യയുമായും മറ്റ് അയൽരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. എന്നാൽ ഷെരീഫ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് 1999 ൽ കാർഗിൽ നുഴഞ്ഞുകയറ്റവും പിന്നാലെ യുദ്ധവുമുണ്ടാകുന്നത്. എന്നാൽ സൈനിക മേധാവിയായി താൻ നിയമിച്ച പർവേസ് മുഷറഫ് ചതിച്ചതാണ് കാർഗിലിൽ സംഭവിച്ചത് എന്നും തുടക്കത്തിൽ ഇക്കാര്യങ്ങളൊന്നും താനറിഞ്ഞിരുന്നില്ലെന്നും ഷെരീഫ് പറഞ്ഞതായി ചില റിപ്പോർട്ടുകൾ വ്യക്തമാക്കിയിട്ടുണ്ട്.
∙ സൗദിയുമായി അടുത്ത ബന്ധം
2018ലാണ് ഷെരീഫിനെ അൽ–അസീസിയ മിൽസ് ആൻഡ് അവെൻഫീൽഡ് അഴിമതിക്കേസിൽ ശിക്ഷിച്ചത്. സൗദി അറേബ്യയിൽ സ്ഥാപിച്ച അൽ–അസീസിയ ആൻഡ് ഹിൽ മെറ്റൽ എസ്റ്റാബ്ലിഷ്മെന്റ് എന്ന കമ്പനിക്കായി ചെലവഴിച്ച തുകയുമായി ബന്ധപ്പെട്ട കേസിനെത്തുടർന്നായിരുന്നു ഷെരീഫ് വീണ്ടും അധികാരത്തിനു പുറത്തു പോകുന്നത്. എന്നാൽ തന്റെ പിതാവ് 1970കളിൽ ഖത്തറിൽ സ്ഥാപിച്ച സ്റ്റീൽ കമ്പനിയുടെ വരുമാനത്തിൽനിന്ന് തനിക്ക് ലഭിച്ച സ്വത്താണത് എന്ന നിലപാടിലായിരുന്നു ഷെരീഫ് കുടുംബം. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല. ഇതായിരുന്നു ശിക്ഷയിലേക്ക് നയിച്ചത്.
∙ ചികിത്സയ്ക്ക് കുറച്ചു സമയം, പിന്നെ മടങ്ങിവന്നില്ല
2019 ൽ ഇസ്‍ലാമാബാദ് ഹൈക്കോടതി ചികിത്സാർഥം കുറച്ചു സമയത്തേക്ക് ഷെരീഫിനെ മോചിപ്പിക്കാൻ ഉത്തരവിട്ടു. ആ വർഷംതന്നെ ലണ്ടനിലേക്ക് പോയ ഷെരീഫ് പിന്നീട് മടങ്ങിവന്നില്ല. 2020 ൽ അന്നത്തെ ഇമ്രാൻ ഖാൻ സർക്കാർ ഷെരീഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. അതിനടുത്ത വർഷം ഒരു അഴിമതി വിരുദ്ധ കോടതിയും തോഷഖാന കേസിൽ ഷെരീഫിനെ കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. വിലകൂടിയ കാറുകൾ അവയുടെ 15 ശതമാനം മാത്രം മുടക്കി ഷെരീഫ് തോഷഖാനയിൽനിന്ന് വാങ്ങി എന്നായിരുന്നു കേസ്.
വിദേശ രാജ്യത്തലവന്മാരും മറ്റും നൽകുന്ന സമ്മാനങ്ങൾ നിശ്ചിത തുകയ്ക്ക് മുകളിലാണെങ്കിൽ സർക്കാരിലേക്ക് സമർപ്പിക്കണം എന്നാണ് മിക്ക രാജ്യങ്ങളിലേയും ചട്ടം. ഇങ്ങനെയുള്ള വസ്തുക്കള്‍ ശേഖരിച്ചു വയ്ക്കുന്ന സ്ഥലമാണ് തോഷഖാന. ഇവിടെനിന്ന് നിശ്ചിത തുക നൽകി വാങ്ങുകയും ചെയ്യാം. ഇതേ കേസിലാണ് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഇമ്രാൻ ഖാൻ ആദ്യം അറസ്റ്റിലായത്. ഇതിനു പുറമെ അൽ–അസീസിയ മിൽസ് കേസിൽ ബാക്കിയുള്ള ശിക്ഷയുടെ കാര്യവും അനിശ്ചിതത്വത്തിലാണ്.
∙ പോകുന്ന പോക്കിൽ ചീഫ് ജസ്റ്റിസ് കൊടുത്ത അടി
ഈ സംഭവവികാസങ്ങൾ നിലനിൽക്കെയാണ് സുപ്രീം കോടതിയുടെ പുതിയ വിധി വന്നത്. അക്കൗണ്ടബിലിറ്റി ബ്യൂറോ ചെയർമാന്റെയും പ്രോസിക്യൂട്ടർമാരുടെയും കാലാവധി മൂന്നു വർഷമാക്കി കുറയ്ക്കുക, 40 കോടി രൂപയ്ക്ക് മുകളിലുള്ള ആരോപണങ്ങൾ മാത്രം അന്വേഷിക്കുക അടക്കം നിരവധി ഭേദഗതികളാണ് ഷെരീഫ് കുടുംബത്തിന്റെ പിഎംഎൽ(എൻ)– ഭൂട്ടോ, സർദാരി കുടുംബത്തിന്റെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) സർക്കാർ കൊണ്ടുവന്നത്.
2023 ഓഗസ്റ്റ് ആദ്യം സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപ് ഭേദഗതികൾ പാസാക്കിയിരുന്നു. ഷെരീഫ് മാത്രമല്ല, മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരി, മുൻ പ്രധാനമന്ത്രിമാരായിരുന്ന ഷെഹ്ബാസ് ഷെരീഫ്, യൂസഫ് റാസാ ഗിലാനി, രാജാ പർവേസ് അഷറഫ് അടക്കമുള്ള നിരവധി പേരായിരുന്നു ഈ ഭേദഗതികളിലൂടെ രക്ഷപ്പെട്ടത്. എന്നാൽ സുപ്രീം കോടതിയിൽ ഇറങ്ങുന്ന ദിവസം തന്നെ ചീഫ് ജസ്റ്റിസ് ബണ്ട്യാൽ ഒറ്റയടിക്ക് ഇത് അട്ടിമറിച്ചു.
∙ ഇനി ഇസയുടെ കാലം, ഇമ്രാന്റെ ശത്രു
എന്നാൽ പുതിയ ഉത്തരവ് പ്രശ്നമല്ല എന്നാണ് ഷെരീഫുമായി ബന്ധപ്പെട്ട നിയമവൃത്തങ്ങൾ പറയുന്നത്. നിലവിലുള്ള കേസുകൾ എല്ലാം കെട്ടിച്ചമച്ചതാണ്. അതുകൊണ്ട് ഷെരീഫ് ഇതിനെയെല്ലാം നിയമപരമായി നേരിടും എന്ന് അദ്ദേഹത്തിന്റെ പാർട്ടി പറയുന്നു. മുൻപ് ഒട്ടേറെ തവണ ഇമ്രാൻ ഖാൻ സർക്കാരിന്റെ ക്രോധത്തിന് ഇരയായ ജസ്റ്റിസ് ഖാസി ഫായീസ് ഇസയാണ് പുതിയ ചീഫ് ജസ്റ്റിസ്.
പൊതുവെ സ്വതന്ത്ര സ്വഭാവമുള്ള ജഡ്ജിയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇമ്രാൻ ഖാൻ സർക്കാരിന്റെ കാലത്ത് അദ്ദേഹത്തിനെതിരെ അഴിമതി ആരോപണങ്ങൾ അടക്കം നിരവധി പ്രശ്നങ്ങൾ ഉയർന്നു വന്നിരുന്നു. എന്നാൽ അതെല്ലാം, സുപ്രീം കോടതിതന്നെ തള്ളിക്കളയുകയായിരുന്നു.
∙ അന്ന് ഇമ്രാന്‍ തെറിപ്പിച്ചു, ഇന്ന് ഇമ്രാനെ ജയിലിലടച്ചു
അതേസമയം, ചില റിപ്പോർട്ടുകൾ പറയുന്നത്, നിലവിലെ സൈനിക മേധാവി ജനറൽ ആസിം മുനീറിന്റെ ആശീർവാദത്തോടെയാണ് ഷെരീഫിന്റെ തിരിച്ചുവരവ് ആലോചിക്കുന്നത് എന്നാണ്. ജനറൽ മുനീറിനെ സൈനിക തലവനായി നിയമിച്ചത് ഷഹ്ബാസ് ഷെരീഫ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്. ഇമ്രാൻ ഖാനുമായി യതൊരു വിധത്തിലും ചേർന്നു പോകാത്തയാള്‍ എന്നാണ് മുനീർ അറിയപ്പെടുന്നത്. പാക്കിസ്ഥാന്റെ ചാരസംഘടന ഐഎസ്ഐയുടെ ഡയറക്ടർ ജനറൽ പദവിയിൽ നിന്ന് മുനീറിനെ തെറുപ്പിച്ചത് ഇമ്രാന്‍ ഖാനാണ്. ഇതിന്റെ പ്രശ്നങ്ങൾ ഇമ്രാനും സൈനികതലവനുമായി നിലനിൽക്കുമുണ്ട്.
ചുരുക്കത്തിൽ ഷെരീഫ് കുടുംബത്തിന്റെയും സൈനികത്തലവൻ മുനീറിന്റെയും എതിർപക്ഷത്താണ് ഇമ്രാന്റെ സ്ഥാനം. അതുകൊണ്ടുതന്നെ ഷെരീഫും മുനീറും തമ്മില്‍ യോജിച്ചു പ്രവർത്തിച്ചാലും അദ്ഭുതപ്പെടാനില്ല. ഷെരീഫ് തിരിച്ചുവരുന്നതും സൈനികനേതൃത്വത്തിന്റെ പിന്തുണ ഉറപ്പുള്ളതുകൊണ്ടാകണം. നിലവിൽ ജയിലിൽ ആണെങ്കിലും പാക്കിസ്ഥാനിലെ ഏറ്റവും പിന്തുണയുള്ള നേതാവ് പിടിഐ തലവൻ ഇമ്രാൻ ഖാന്‍തന്നെയാണ്. ഇമ്രാൻ ഖാനെ നേരിടാൻ ജനപിന്തുണയുള്ള ഒരു നേതാവ് ആവശ്യമാണെന്ന സൈന്യത്തിന്റെ കൂടി തീരുമാനത്തിന്റെ ഭാഗമാണ് ഷെരീഫിന്റെ മടങ്ങിവരവ് എന്നും പറയാം.
∙ ഉള്ള സമയത്ത് കേസുകളിൽനിന്ന് ഊരി ഷെരീഫ് കുടുംബം
ഇമ്രാൻ ഖാനെ അവിശ്വാസത്തിലൂടെ അധികാരത്തിൽനിന്ന് പുറത്താക്കുകയും അതുവരെ ശത്രുക്കളായിരുന്ന പിഎംഎൽ(എൻ), ഭൂട്ടോമാരുടെ പിപിപി എന്നിവ ചേർന്ന് സർക്കാർ രൂപീകരിക്കുകയും ചെയ്തതിനു പിന്നിൽ സൈന്യത്തിന്റെ ആശീർവാദമുണ്ടായിരുന്നു. ഷെരീഫിനെ പാക്കിസ്ഥാനിൽ തിരിച്ചെത്തിക്കാനുള്ള നടപടികൾക്ക് ഈ സർക്കാർ തുടക്കമിടുന്നതും ഇതിനെ തുടർന്നാണ്. 2023 ജൂണിൽ പാക് പാർലമെന്റ് രാജ്യത്തെ തിരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് എപ്പോൾ വേണമെങ്കിലും നടത്താൻ പാക് തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരം നൽകുന്നതാണ് ഒരു ഭേദഗതി. മറ്റൊന്നായിരുന്നു ശിക്ഷയെ തുടർന്നുള്ള അയോഗ്യത അഞ്ചു വർഷമായി നിയന്ത്രിക്കാനും ഒപ്പം അത് മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാനുമുള്ള ഭേദഗതി. ഷെരീഫിനെ രാജ്യത്ത് തിരികെ എത്തിക്കുകയും തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിരുന്നു ഇത്.
പാക്കിസ്ഥാനിൽ അയോഗ്യത കൽപ്പിക്കപ്പെട്ടാൽ ആജീവാനന്ത കാലത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. ഇതാണ് ഭേദഗതി ചെയ്തത്. ഷെഹ്ബാസ് ഷെരീഫ് സർക്കാർ അധികാരത്തിലിരുന്ന വേളയിൽ ഷെരീഫ് കുടുംബത്തിനെതിരെ ഉണ്ടായിരുന്ന നിരവധി കേസുകളിലും അവർക്ക് അനുകൂല വിധി ലഭിച്ചിരുന്നു. ഇന്ത്യയിൽ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാൽ ആറു വർഷമാണ് ഇപ്പോൾ അയോഗ്യത. എന്നാൽ ഇത് ആജീവാനന്ത വിലക്ക് ആക്കണമെന്നാണ് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഇതുമായി ബന്ധപ്പെട്ട ഒരു കേസിൽ കഴിഞ്ഞ ദിവസം കോടതിയിൽ റിപ്പോർട്ട് നൽകിയത്.
∙ അന്ന് ഓടിച്ചത് മുഷറഫ്, മടക്കിക്കൊണ്ടു വന്നത് സൗദി
മുൻപും ഇതുപോലൊരു മടങ്ങിവരവ് ഷെരീഫിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. 1999 ൽ ജനറൽ പർവേസ് മുഷറഫ് അട്ടിമറിയിലൂടെ ഭരണം പിടിക്കുകയും പ്രധാനമന്ത്രിയായിരുന്ന ഷെരീഫിനെ തടവിലാക്കുകയും ചെയ്തു. ജീവപര്യന്തം ശിക്ഷയാണ് സൈനിക കോടതി അദ്ദേഹത്തിന് വിധിച്ചത്. എന്നാൽ 14 മാസത്തിനു ശേഷം സൗദി അറേബ്യയുടെയും മറ്റും ഇടപെടലുകളുടെ ഫലമായി ഷെരീഫിന്റെ ശിക്ഷ അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ ഉപാധികളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. 10 വർഷത്തേക്ക് പാക്കിസ്ഥാനിലേക്ക് തിരികെ വരില്ല, 21 വർഷത്തേക്ക് സ്വന്തം നാട്ടിൽ രാഷ്ട്രീയ പ്രവർത്തനം നടത്തില്ല എന്നിവയായിരുന്നു ഉപാധികൾ. അങ്ങനെ 2000 ഡിസംബർ മാസത്തിൽ ഷെരീഫ് സൗദിയിൽ തന്റെ നിർബന്ധിത ‘വിദേശവാസം’ തുടങ്ങി. ഷെരീഫിനൊപ്പം ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന സഹോദരങ്ങൾ അബ്ബാസ്, ഷെഹ്ബാസ്, ഭാര്യ, മക്കൾ, മാതാപിതാക്കൾ തുടങ്ങി 18 പേരാണ് അന്ന് സൗദിയിലെത്തിയത്.
ഏഴു വർഷം ഷെരീഫ് സൗദിയിൽ കഴിഞ്ഞു. ഇതിനിടെ 2007 ൽ പാക് സുപ്രീം കോടതി ഷെരീഫിനും സഹോദരങ്ങൾക്കും പാക്കിസ്ഥാനിലേക്ക് തിരികെ വരാമെന്നും അവരെ സർക്കാരിന് തടയാൻ പറ്റില്ലെന്നും വിധി പ്രസ്താവിച്ചു. രണ്ടു ദിവസത്തിനുള്ളിൽ ഇസ്‍ലാമാബാദിൽ ഷെരീഫ് വിമാനമിറങ്ങുകയും ഭരണാധികാരിയായിരുന്ന ജനറൽ മുഷറഫിനെ വിമർശിക്കുകയും ചെയ്തു. അതോടെ, വിമാനത്താവളത്തിന് പുറത്തു പോലും ഇറങ്ങാൻ കഴിയും മുൻപ് ഷെരീഫിനെ മുഷറഫ് സൗദിയിലേക്ക് മടക്കി അയച്ചു.
∙ ഭൂട്ടോ വന്നു, എരിഞ്ഞടങ്ങി
വലിയ തോതിലുള്ള വിമർശനമാണ് മുഷറഫ് പിന്നീട് നേരിട്ടത്. വൈകാതെ അദ്ദേഹം സൗദിയിലെത്തി ഭരണകൂടവുമായി ചർച്ച നടത്തി. ഈ സംഭവങ്ങൾ നടക്കുന്നതിനിടെയായിരുന്നു പാക്കിസ്ഥാനിലേക്ക് ബേനസീർ ഭൂട്ടോ മടങ്ങി വന്നത്. സോഷ്യലിസ്റ്റും പുരോഗമനവാദിയുമായ ബേനസീറിന് മടങ്ങി വരാമെങ്കിൽ വലത്, യാഥാസ്ഥിതിക പാർട്ടി നേതാവായ ഷെരീഫിന് എന്തുകൊണ്ട് പറ്റില്ല എന്നാണ് സൗദി ചോദിച്ചത്. ഇത് പാക്കിസ്ഥാനിലേക്കുള്ള ഷെരീഫിന്റെ മടങ്ങിവരവിനും 2008ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലേക്കും വഴി തെളിച്ചു.
ഒരു ദശകത്തോളം നീണ്ട വിദേശവാസത്തിനു ശേഷമാണ് ബേനസീറും പാക്കിസ്ഥാനിലേക്ക് മടങ്ങി വന്നത്. അമേരിക്കൻ ഇടപെടലിനെ തുടർന്നായിരുന്നു മുഷറഫ് ഇതിനു സമ്മതം മൂളിയത്. എന്നാൽ മടങ്ങിവന്ന് മാസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ റാവൽപിണ്ടിയിൽ ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പ് നീട്ടിവച്ചെങ്കിലും പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ പിപിപിയും പിഎംഎൽ(എൻ) പാർട്ടിയും നേട്ടം കൊയ്തു. സഖ്യകക്ഷി സർക്കാർ രൂപം കൊള്ളുകയും വൈകാതെ മുഷറഫിനെ പ്രസിഡന്റ് പദവിയിൽനിന്ന് പുറത്താക്കുകയും ചെയ്തു. 2013 ലെ തിരഞ്ഞെടുപ്പിൽ ഷെരീഫ് വീണ്ടും പ്രധാനമന്ത്രിയായി.
∙ ഇമ്രാനെ ജീവിതകാലം മുഴുവൻ തടവിലിടുമോ?
ഇമ്രാൻ ഖാന്റെ കാര്യത്തിൽ എന്തു തീരുമാനിക്കും എന്നതു തന്നെയായിരിക്കും നവാസ് ഷെരീഫിന്റെയും അദ്ദേഹത്തിന്റെ പാർട്ടിയുടേയും ഭാവിയും തീരുമാനിക്കുക. ‘തോഷഖാന’ കേസിൽ ഓഗസ്റ്റ് അഞ്ചാം തീയതി അറസ്റ്റിലായ ഇമ്രാൻ ഖാന്റെ ശിക്ഷ മേൽക്കോടതി തടഞ്ഞിട്ടും മറ്റൊരു കേസിൽ അദ്ദേഹം ജയിലിൽ തന്നെയാണ്. ഓദ്യോഗിക രഹസ്യ നിയമം ലംഘിച്ചു എന്നതാണ് ഇമ്രാൻ, മുൻ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി എന്നിവർക്കു മേൽ ചുമത്തിയിരിക്കുന്ന കുറ്റം.
ഇമ്രാൻ ഖാൻ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരുന്നതിന് തൊട്ടു മുൻപ് ഒരു യോഗത്തിൽ സംസാരിക്കുമ്പോൾ അദ്ദേഹം പോക്കറ്റിൽ നിന്ന് ഒരു പേപ്പർ എടുത്തു കാട്ടിയിരുന്നു. തന്നെ പുറത്താക്കാനുള്ള ‘രാജ്യാന്തര ഗൂഢാലോചന’യുടെ തെളിവാണ് അതെന്നായിരുന്നു ഇമ്രാന്റെ വാദം.
അമേരിക്കയാണ് തനിക്കെതിരെയുള്ള നീക്കത്തിനു പിന്നിലെന്ന് ഇമ്രാൻ നിരന്തരം ആരോപിക്കുകയും ചെയ്തിരുന്നു. അമേരിക്കയിലെ മുതിർന്ന ഉദ്യോഗസ്ഥരും അവിടുത്തെ പാക് ഹൈക്കമ്മീഷണറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള ഔദ്യോഗിക കുറിപ്പാണ് ഇമ്രാൻ ഇത്തരത്തിൽ ‘ദുരുപയോഗം’ ചെയ്തത് എന്നാണ് കേസ്. സെപ്റ്റംബർ 26 വരെ ഇരുവരുടെയും റിമാൻഡ് കോടതി നീട്ടിയിരിക്കുകയാണ്.
∙ കാവൽ സർക്കാരോ ഷെരീഫിന്റെ പാവയോ?
എന്നു തിരഞ്ഞെടുപ്പ് നടത്തും എന്നതാണ് പാക്കിസ്ഥാനെ സംബന്ധിച്ച് പ്രധാനപ്പെട്ട മറ്റൊരു വിഷയം. കഴിഞ്ഞ ദിവസം രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ, കാവൽ സർക്കാരിനെതിരെ രംഗത്തു വന്നിരുന്നു. മുന്‍ സർക്കാരിന്റെ ബാക്കി എന്നോണമാണ് ഇമ്രാൻ ഖാനെ കാവൽ സർക്കാര്‍ കണക്കാക്കുന്നത് എന്ന് സർക്കാരിന് അയച്ച കത്തിൽ കമ്മിഷൻ ആരോപിച്ചു. ഇമ്രാൻ ഖാനെ തിരഞ്ഞെടുപ്പിൽനിന്ന് മാറ്റി നിർത്താൻ മുൻ പിഎംഎൽ(എൻ)–പിപിപി സർക്കാർ ശ്രമിച്ചത്. അതിന്റെ ബാക്കിയായുള്ള കാര്യമാണ് ഇപ്പോള്‍ കാവൽ സർക്കാരും പ്രധാനമന്ത്രിയായ അൻവർ ഉൾ ഹഖ് കാക്കറും നടപ്പാക്കാൻ ശ്രമിക്കുന്നത് തുടങ്ങിയവയാണ് ആരോപണങ്ങൾ.
ഓഗസ്റ്റിൽ കാവൽ സർക്കാരിൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ കാക്കറിന്റെ പാർട്ടി മുൻ സർക്കാരിലും അംഗമായിരുന്നു. കഴിഞ്ഞ ദിവസം നവാസ് ഷെരീഫിന്റെ അടുത്ത അനുയായിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ കാക്കറിന്റെ നടപടിക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. പക്ഷപാതരഹിതമായി പെരുമാറേണ്ട സർക്കാർ പക്ഷേ, നവാസ് ഷെരീഫിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നാണ് ആരോപണം. കഴിഞ്ഞ സർക്കാരിൽ പങ്കാളികളായിരുന്ന പിപിപിയും കാവൽ സർക്കാരിന്റെ നടപടികളെ വിമർശിച്ചിരുന്നു. എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത് .
∙ ഷെരീഫും പാക്കിസ്ഥാനും: തിരഞ്ഞെടുപ്പ് എന്ന്?
നവംബറിനു മുൻപ് തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് ഭരണഘടനാനുസൃതമായി ചെയ്യേണ്ടത്. സർക്കാരിന്റെ കാലാവധി കഴിഞ്ഞാൽ 90 ദിവസത്തിനുള്ളിൽ പുതിയ തിരഞ്ഞെടുപ്പ് നടത്തണം. തീയതി പ്രഖ്യാപിക്കാൻ പ്രസിഡന്റിന് അധികാരമുണ്ട്. പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസും അധികാരമേറ്റിരിക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പു തീയതി വളരെ വേഗം പ്രഖ്യാപിക്കപ്പെട്ടേക്കും. അത് നവാസ് ഷെരീഫിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അതിനിടെ, തിരിച്ചെത്തുന്ന നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്യുമോ? അതോ സ്വതന്ത്രനായി വിടുമോ? ഇതിനെക്കുറിച്ച് പ്രധാനമന്ത്രി കാക്കർ പറഞ്ഞത്, അതൊക്കെ നിയമവൃത്തങ്ങൾ നോക്കിക്കൊള്ളും എന്നാണ്.
English Summary: Return of Nawaz Sharif and How it Affects Election Politics in Pakistan? - Explained