അനുയായികള്‍ ലക്ഷക്കണക്കിന്; ‘അദ്ഭുതങ്ങൾ’ കാണിക്കുന്ന മനുഷ്യദൈവം; രാഷ്ട്രീയത്തിലും വിവാദം; ആരാണ് ബാഗേശ്വർ ബാബ?
വലിയ തോതിലുള്ള ജനക്കൂട്ടത്തെയാണ് ഈ 26കാരൻ ആകർഷിച്ചുകൊണ്ടിരിക്കുന്നത്. നിര്‍ണായക തിരഞ്ഞെടുപ്പുകളാണ് വരുന്നത് എന്നതു കൊണ്ട് തന്നെ വലിയ തോതിലുള്ള രാഷ്ട്രീയ വിവാദങ്ങളും ഈ ആൾദൈവത്തെ ചുറ്റിപ്പറ്റി ഉണ്ടാകും എന്നത് ഉറപ്പ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ബിഹാറിൽ തന്റെ മതപരിപാടിയുമായി എത്തിയ ശാസ്ത്രി വീണ്ടും രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ബിജെപിയോട് വ്യക്തമായ ആഭിമുഖ്യം പ്രകടിപ്പിക്കുമ്പോഴും കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളും ഇദ്ദേഹത്തിന്റെ ഭക്തരിൽ ഉൾപ്പെടും. ചെറിയ പ്രായത്തിനുള്ളിൽ എന്തുകൊണ്ടാണ് ശാസ്ത്രികൾക്ക് ഇത്രയധികം പ്രാധാന്യം കൈവന്നത്?
വലിയ തോതിലുള്ള ജനക്കൂട്ടത്തെയാണ് ഈ 26കാരൻ ആകർഷിച്ചുകൊണ്ടിരിക്കുന്നത്. നിര്‍ണായക തിരഞ്ഞെടുപ്പുകളാണ് വരുന്നത് എന്നതു കൊണ്ട് തന്നെ വലിയ തോതിലുള്ള രാഷ്ട്രീയ വിവാദങ്ങളും ഈ ആൾദൈവത്തെ ചുറ്റിപ്പറ്റി ഉണ്ടാകും എന്നത് ഉറപ്പ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ബിഹാറിൽ തന്റെ മതപരിപാടിയുമായി എത്തിയ ശാസ്ത്രി വീണ്ടും രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ബിജെപിയോട് വ്യക്തമായ ആഭിമുഖ്യം പ്രകടിപ്പിക്കുമ്പോഴും കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളും ഇദ്ദേഹത്തിന്റെ ഭക്തരിൽ ഉൾപ്പെടും. ചെറിയ പ്രായത്തിനുള്ളിൽ എന്തുകൊണ്ടാണ് ശാസ്ത്രികൾക്ക് ഇത്രയധികം പ്രാധാന്യം കൈവന്നത്?
വലിയ തോതിലുള്ള ജനക്കൂട്ടത്തെയാണ് ഈ 26കാരൻ ആകർഷിച്ചുകൊണ്ടിരിക്കുന്നത്. നിര്‍ണായക തിരഞ്ഞെടുപ്പുകളാണ് വരുന്നത് എന്നതു കൊണ്ട് തന്നെ വലിയ തോതിലുള്ള രാഷ്ട്രീയ വിവാദങ്ങളും ഈ ആൾദൈവത്തെ ചുറ്റിപ്പറ്റി ഉണ്ടാകും എന്നത് ഉറപ്പ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ബിഹാറിൽ തന്റെ മതപരിപാടിയുമായി എത്തിയ ശാസ്ത്രി വീണ്ടും രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ബിജെപിയോട് വ്യക്തമായ ആഭിമുഖ്യം പ്രകടിപ്പിക്കുമ്പോഴും കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളും ഇദ്ദേഹത്തിന്റെ ഭക്തരിൽ ഉൾപ്പെടും. ചെറിയ പ്രായത്തിനുള്ളിൽ എന്തുകൊണ്ടാണ് ശാസ്ത്രികൾക്ക് ഇത്രയധികം പ്രാധാന്യം കൈവന്നത്?
2023 ജനുവരി മാസത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 126–ാം ജന്മവാർഷികത്തോട് അനുബന്ധിച്ചുള്ള ചടങ്ങിൽ 26 വയസുകാരനായ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി എന്ന ബാഗേശ്വർ ബാബ ഇങ്ങനെ പ്രസ്താവിച്ചു: നിങ്ങളെനിക്ക് രക്തം നൽകൂ, ഞാൻ സ്വാതന്ത്ര്യം നൽകാം എന്ന് നേതാജി പറഞ്ഞതു പോലെ ‘നിങ്ങളെനിക്ക് പിന്തുണ നൽകൂ, ഞാൻ നിങ്ങൾക്ക് ഹിന്ദുരാഷ്ട്രം നൽകാം’. അതിനു ശേഷം ഇക്കഴിഞ്ഞ മാസങ്ങളിലെല്ലാം ബാഗേശ്വർ ബാബ വിവാദങ്ങളിൽ നിറഞ്ഞു നിന്നു. അടുത്ത ബാബാ രാംദേവ് ആണോ എന്ന രീതിയിൽ മാധ്യമങ്ങൾ വാർത്തകൾ നൽകുന്നു. ഉത്തരേന്ത്യൻ മേഖലയിലെ പ്രധാന ഹിന്ദി ടി.വി ചാനലുകള്‍ മണിക്കൂറുകളാണ് ഇദ്ദേഹത്തിന്റെ മതപ്രഭാഷണമായ ‘ഹനുമാൻ കഥ’ റിപ്പോർട്ട് ചെയ്യാനായി മാറ്റിവയ്ക്കുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ബിഹാറിൽ തന്റെ മതപരിപാടിയുമായി എത്തിയ ശാസ്ത്രി വീണ്ടും രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ബിജെപിയോട് വ്യക്തമായ ആഭിമുഖ്യം പ്രകടിപ്പിക്കുമ്പോഴും കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളും ഇദ്ദേഹത്തിന്റെ ഭക്തരിൽ ഉൾപ്പെടും. ചെറിയ പ്രായത്തിനുള്ളിൽ എന്തുകൊണ്ടാണ് ശാസ്ത്രിക്ക് ഇത്രയധികം പ്രാധാന്യം കൈവന്നത്? രാഷ്ട്രീയ നേതാക്കൾ അദ്ദേഹത്തിനു പിന്നിൽ അണിനിരക്കുന്നതിനു പിന്നിലെ കാരണമെന്ത്? അടുത്തു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ശാസ്ത്രിയുടെ പങ്കെന്ത്? പരിശോധിക്കാം.
∙ ഹനുമാൻ ക്ഷേത്രത്തിൽ നിന്ന് തീർഥാടന കേന്ദ്രത്തിലേക്ക്
മധ്യപ്രദേശിലും ഉത്തർ പ്രദേശിലുമായി കിടക്കുന്ന ഭൂഭാഗത്തിന്റെ പേരാണ് ബുന്ദേൽഖണ്ഡ്. ഒട്ടൊക്കെ ദരിദ്രമായ ഈ മേഖലയില്‍ മധ്യപ്രദേശിലെ ഛത്തര്‍പുർ ജില്ലയിലുള്ള ഗഡ എന്ന ഗ്രാമത്തിൽ 1996 ജൂലൈ നാലിനാണ് ശാസ്ത്രിയുടെ ജനനം. ധീരേന്ദ്ര കൃഷ്ണ ഗാർഗ് എന്നാണ് യഥാർഥ പേര്. ഇതേ സ്ഥലത്തു തന്നെയാണ് ഒരു ഹനുമാൻ ക്ഷേത്രത്തോട് അനുബന്ധിച്ച് ഭാഗേശ്വർ ധാം എന്ന തീർഥാടന കേന്ദ്രവും നിർമിച്ചിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് ദിവസവും ഇവിടെ ഒത്തുകൂടുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന പൂജാരി കൂടിയാണ് ശാസ്ത്രി.
ഏതാനും വർഷം മുമ്പ് ഓട്ടോറിക്ഷ ഡ്രൈവറായി ശാസ്ത്രി ജോലി ചെയ്തിരുന്നുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. ഏതാനും വർഷം മുമ്പു വരെ ഇവിടെയുണ്ടായിരുന്നത് ഒരു ചെറിയ ഹനുമാൻ ക്ഷേത്രം മാത്രമായിരുന്നു. എന്നാൽ ശാസ്ത്രിയുടെ വരവോടെ ഇവിടം വലിയ തോതിൽ വികസിച്ചു. റോഡുകളും ഹോട്ടലുകളുമെല്ലാം സമീപ ഗ്രാമങ്ങളിൽ ഉയർന്നു. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ആൾദൈവമായുള്ള ശാസ്ത്രിയുടെ പൊടുന്നനെയുള്ള വളർച്ച.
∙ രാഷ്ട്രീയ നേതൃത്വം ഒപ്പം
രാമചരിതമാനസും ശിവപുരാണവുമാണ് ശാസ്ത്രി ആത്മീയ പ്രഭാഷണം നടത്തുന്ന രണ്ട് പ്രധാനപ്പെട്ട വിഷയങ്ങൾ. ഹനുമാൻ കഥയാണ് പറയാൻ ഇഷ്ടമുള്ള കാര്യം. കഠിനമായ സാധനയിലൂടെ മറ്റുള്ളരുടെ മനസുവായിക്കാനുള്ള സിദ്ധി നേടിയിട്ടുണ്ട് എന്നാണ് ഇയാളുടെ അവകാശവാദം. ഹനുമാനിൽ നിന്നാണ് ഈ സിദ്ധി കിട്ടിയത് എന്നും ശാസ്ത്രി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിന്റെ പ്രദർശനവേദിയാണ് ‘ദിവ്യ ദർബാർ’ എന്നു പേരിട്ടിരിക്കുന്ന ശാസ്ത്രിയുടെ പരിപാടി. വന്നു ചേർന്നിരിക്കുന്ന ലക്ഷണക്കണക്കിന് വിശ്വാസികളിൽ നിന്ന് ഒരാളെ പേരുചൊല്ലി വേദിയിലേക്ക് വിളിക്കുകയും അവരുടെ പ്രശ്നങ്ങൾ ഒരു കടലാസിൽ എഴുതി സദസിനെ വിസ്മയിപ്പിക്കുകയും ചെയ്യുന്നതു പോലുള്ള വിദ്യകളാണ് അവ. ലക്ഷക്കണക്കിന് മനുഷ്യരാണ് ഈ ദിവ്യ ദർബാറിൽ പങ്കെടുക്കാനും തങ്ങളുടെ ദു:ഖങ്ങൾക്ക് പരിഹാരം കാണാനുമായി എത്തിച്ചേരുന്നത്. ശാസ്ത്രിയുടെ കടാക്ഷമുണ്ടായാൽ തന്നെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്നാണ് ഭക്തർ വിശ്വസിക്കുന്നത്.
തന്റെ തീർഥാടന കേന്ദ്രത്തിൽ അന്നപൂർണ കിച്ചൻ എന്ന പേരിൽ രൂപീകരിച്ചിട്ടുള്ള സാമൂഹിക അടുക്കള വഴി ഭക്തർക്ക് സൗജന്യ ഭക്ഷണവും ശാസ്ത്രി നൽകുന്നു. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളുടെ വിവാഹം സൗജന്യമായി നടത്തിക്കൊടുക്കുന്ന ഒരു വാർഷിക പരിപാടിയും ഇവിടെയുണ്ട്. മധ്യപ്രദേശിലെ നിരവധി രാഷ്ട്രീയക്കാർ ശാസ്ത്രിയുടെ അടുപ്പക്കാരാണ്. സംസ്ഥാന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ശാസ്ത്രിയുടെ പരിപാടികളിൽ പതിവായി പങ്കെടുക്കാറുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആഭ്യന്തര മന്ത്രി നരോത്തം മിശ്രയെ ശാസ്ത്രി വിളിക്കുന്നത് ‘ഹിന്ദു സിംഹം’ എന്നാണെന്ന് റിപ്പോർട്ടുകളുണ്ട്. ബിജെപിയോട് കൃത്യമായ ചായ്‍വ് പുലർത്തുമ്പോഴും കോൺഗ്രസിലെ ചില നേതാക്കളും ശാസ്ത്രിയുടെ ഭക്തരിൽ ഉൾപ്പെടും. ഛത്തർപൂരിലെ കോൺഗ്രസ് എംഎൽഎ അലോക് ശുക്ല ഇതിലൊരാളാണ്.
∙ രാമചരിതമാനസും ബിഹാറും
മെയ് 13 മുതൽ 17 വരെയാണ് ശാസ്ത്രിയുടെ പരിപാടി ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്നയുടെ പ്രാന്തപ്രദേശങ്ങളിലുള്ള നൗപത്‍പൂരിൽ തീരുമാനിച്ചിരുന്നത്. ഇതിൽ 15–ന് ദിവ്യ ദർബാറും നടത്താനായിരുന്നു പദ്ധതി. എന്നാൽ ആദ്യ രണ്ടു ദിവസം തന്നെ ഇവിടെ എത്തിച്ചേർന്നത് മൂന്നു ലക്ഷത്തോളം പേരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. 42 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ബിഹാറിൽ ഈ സമയത്തെ താപനില. ജനം തിക്കിത്തിരക്കിയതോടെ ദിവ്യ ദർബാർ ശാസ്ത്രി തന്നെ റദ്ദാക്കി. 16–ന് നിരവധി പേരാണ് ചൂടു താങ്ങാനാവാതെ തളർന്നു വീണത്. ഇതിന്റെ പേരില്‍ സംസ്ഥാന ഭരണകൂടവും പ്രതിപക്ഷമായ ബിജെപിയും ഏറ്റുമുട്ടിയിരുന്നു.
ബിഹാറിലെ പരിപാടി പലതുകൊണ്ടും പ്രധാനപ്പെട്ട ഒന്നായിരുന്നു. കാരണം, അടുത്തിടെയാണ് രാമചരിതമാനസിനെ ചൊല്ലി സംസ്ഥാനത്ത് വിവാദം അരങ്ങേറിയത്. 16–ാം നൂറ്റാണ്ടിൽ രാമായണത്തെ ഉപജീവിച്ച് തുളസീദാസ് അവധി ഭാഷയിൽ രചിച്ച രാമചരിതമാനസിനെ ചൊല്ലി യുപി, ബിഹാർ സംസ്ഥാനങ്ങളിൽ നേരത്തെയും വിവാദങ്ങൾ അരങ്ങേറിയിരുന്നു. ഒരു ചെണ്ടയേയും നിരക്ഷരനേയും താഴ്ന്ന ജാതിക്കാരനേയും മൃഗത്തേയും സ്ത്രീയേയും തുല്യപ്പെടുത്തിക്കൊണ്ടുള്ള വരികൾ ഈ കൃതിയിലുള്ളത് ചൂണ്ടിക്കാട്ടി യുപിയിൽ സമാജ്‍വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യയും ബിഹാറിൽ ആർജെഡി നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ ചന്ദ്രശേഖറും രംഗത്തുവന്നതായിരുന്നു ഇത്. ബ്രാഹ്മണ മേധാവിത്വം അരക്കിട്ടുറപ്പിക്കാനുള്ളതാണ് ഇതെന്നും കൃതിയിൽ നിന്ന് ഇതിലെ വിവാദ ഭാഗങ്ങൾ നീക്കണമെന്നും ആവശ്യമുണ്ടായിരുന്നു. ബിജെപി ഇതിനെതിരെ ശക്തമായി രംഗത്തു വരികയും ചെയ്തു. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു ശാസ്ത്രിയുടെ പരിപാടിക്ക് രാഷ്ട്രീയ നിറവും കൈവന്നത്.
∙ബിജെപി നേതൃത്വം ഒന്നടങ്കം
ബിഹാറിലെ ബിജെപി നേതൃത്വം നേരിട്ടെത്തിയാണ് ശാസ്ത്രിയുടെ പരിപാടികൾക്ക് മേൽനോട്ടം വഹിച്ചത്. കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിങ്, അശ്വിനി കുമാർ ചൗബേ, പാടലീപുത്ര എംപിയും ബിജെപി നേതാവുമായ രാം കൃപാൽ യാദവ്, ബിജെപി സംസ്ഥാന പ്രസിഡന്റ് സമ്രാട്ട് ചൗധരി, ബിഹാർ പ്രതിപക്ഷ നേതാവ് വിജയ കുമാർ സിൻഹ തടുങ്ങിയവർ ശാസ്ത്രിയെ സ്വീകരിക്കാൻ നേരിട്ടെത്തി. ബിജെപിയുടെ ഡൽഹി എംപി മനോജ് തിവാരിയാണ് സ്വയം വാഹനമോടിച്ച് ശാസ്ത്രിയെ ഹോട്ടലിലേക്ക് കൊണ്ടുപോയത്. മുൻ ഉപമുഖ്യമന്ത്രിമാരും ബിജെപി നേതാക്കുളുമായ സുശീൽ കുമാർ മോദി, താരകിഷോർ പ്രസാദ് എന്നിവരും പിന്നീട് ശാസ്ത്രിയെ സന്ദർശിച്ചു.
വൈകാതെ രാഷ്ട്രീയ വിവാദങ്ങൾക്കും തുടക്കമായി. ബിഹാറികളെ ‘ഭ്രാന്തന്മാർ’ എന്നു വിളിച്ചാക്ഷേപിച്ചു എന്നായിരുന്നു അതിലൊരു വിവാദം. ലാലു പ്രസാദ് യാദവിന്റെ മറ്റൊരു മകനും തേജസ്വി യാദവിന്റെ സഹോദരനുമായ സംസ്ഥാന മന്ത്രി തേജ് പ്രതാപ് യാദവാണ് ആൾദൈവത്തിനെതിരെ രംഗത്തെത്തിയത്. ദിവ്യ ദർബാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ശാസ്ത്രി പ്രതികരിച്ചത് ‘വലിയ ആൾക്കൂട്ടമായിരുന്നു, വൻ ജനക്കൂട്ടം, ഭ്രാന്ത് കയറിയപോലാണ് വരുന്നത്’ എന്നായിരുന്നു. ഇതിനെതിരെ വലിയ വിമർശനമാണ് തേജ് പ്രതാപിൽ നിന്നുണ്ടായത്. സംസ്ഥാന സർക്കാർ പരിപാടിക്ക് അനുമതി നല്‍കിയേക്കില്ലെന്ന് നേരത്തെ അഭ്യൂഹം പരന്നെങ്കിലും അനുമതി നൽകി.
∙ ഹിന്ദുരാഷ്ട്രമാകുമെന്ന് ശാസ്ത്രി, വിമർശിച്ച് പ്രതിപക്ഷം
കുറച്ചു നാളുകളായി ശാസ്ത്രി ആവർത്തിച്ചു പറയുന്ന കാര്യമാണ് ഇന്ത്യ ഉടൻ ഹിന്ദുരാഷ്ട്രമാകും എന്നത്. ‘ഹിന്ദുരാഷ്ട്രത്തിനുള്ള തീപ്പൊരി കൊളുത്തുന്നത് ബിഹാറിൽ നിന്നായിരിക്കും’ എന്നായിരുന്നു ഇവിടെ നടത്തിയ പരിപാടിയുടെ നാലാം ദിവസം ഇയാളുടെ പ്രസ്താവന. താൻ ഏതെങ്കിലും മതത്തിന് എതിരല്ലെന്നും എന്നാൽ ഹിന്ദു മതത്തിൽ നിന്നു വിട്ടു പോയവർ സനാതന മതത്തിലേക്ക് തിരികെ വരണമെന്നും അതാണ് അവരുടെ ‘ഘർ വാപസി’ എന്നും നേരത്തയും ശാസ്ത്രി പറഞ്ഞിട്ടുണ്ട്.
ബിഹാറിലെ ജനങ്ങളെ ‘ഉണർത്താൻ’ താൻ അങ്ങേയറ്റം റിസ്കെടുത്താണ് പാറ്റ്നയിലെത്തിയതെന്നും ഇയാൾ അഭിപ്രായപ്പെട്ടിരുന്നു. ‘ബിഹാറിൽ 13 കോടി മനുഷ്യരുണ്ട്. ഈ ഹനുമാൻ കഥയ്ക്കിടയിൽ ഞാൻ പറയുന്നു, നിങ്ങൾ വീടുകളിൽ ചെല്ലുമ്പോൾ ഹനുമാന്റെ പതാക വീടുകളിൽ സ്ഥാപിക്കുക. രാചരിതമാനസ് വായിക്കുക. 13 കോടി മനുഷ്യരിൽ അഞ്ചു കോടി പേരെങ്കിലും ഇത്തരത്തിൽ ചെയ്യുകയും പുറത്തിറങ്ങുമ്പോൾ നെറ്റിയിൽ തിലകം ചാർത്തുകയും ചെയ്താൽ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകുന്ന പാതയിലേക്കെത്തും’, എന്നായിരുന്നു പ്രസ്താവനകളിലൊന്ന്.
രൂക്ഷമായ രീതിയിലാണ് മുഖ്യമന്ത്രി നിതീഷ് കുമാർ ഇതിനോട് പ്രതികരിച്ചത്. രാജ്യം സ്വതന്ത്രമാവുകയും ഭരണഘടന ഉണ്ടാക്കുകയും ചെയ്തപ്പോൾ ജനിച്ചിട്ടു പോലുമില്ലാത്തവരൊക്കെയാണ് ഇപ്പോൾ രാജ്യത്തിന്റെ പേരു മാറ്റാൻ നടക്കുന്നതെന്നാണ് നിതീഷ് കുമാർ പ്രതികരിച്ചത്. ആ ഭരണഘടന അനുസരിച്ച് എല്ലാവർക്കും തങ്ങളുടെ മതവിശ്വാസം പുലർത്താൻ സ്വാതന്ത്ര്യമുണ്ട്. ആ ഭരണഘടനയുടെ അടിസ്ഥാനസ്വഭാവം മാറ്റാൻ ആരും ശ്രമിക്കേണ്ട. ബിഹാർ എല്ലാ മതങ്ങൾക്കും ഇടമുള്ള നാടാണ് എന്ന് അദ്ദേഹം പറഞ്ഞു. ‘എന്തു ബാബ, താൻ അയാളെ ഒരു സന്യാസിയായി പോലും കാണുന്നില്ല’ എന്നാണ് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് പ്രതികരിച്ചത്.
എൽകെ അദ്വാനിയെ രഥയാത്രക്കിടെ ബിഹാറിൽ വച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് അറസ്റ്റ് ചെയ്തതു പോലെ ശാസ്ത്രിയെ അറസ്റ്റ് ചെയ്യണമെന്നാണ് ആർജെഡി സംസ്ഥാന പ്രസിഡന്റ് ജഗദാനന്ദ് സിങ് അഭിപ്രായപ്പെട്ടത്.
എന്നാൽ വലിയ തോതിലുള്ള പിന്തുണയാണ് ശാസ്ത്രിക്ക് ബിജെപി നേതാക്കളിൽ നിന്ന് ലഭിച്ചത്. തന്റെ മതവിശ്വാസമനുസരിച്ചുള്ള അഭിപ്രായം പറയാൻ ശാസ്ത്രിക്ക് അവകാശമുണ്ടെന്നും ഹിന്ദുരാഷ്ട്രം വേണമെന്ന് പറഞ്ഞതിൽ എന്താണ് പ്രശ്നമെന്നുമാണ് സംസ്ഥാന നേതൃത്വം ചോദിച്ചത്. ആർജെഡിക്കെതിരെ ബിജെപി ഇക്കാര്യത്തിൽ രൂക്ഷമായ വിമർശനം ഉന്നയിക്കുകയും ചെയ്തു. ബിജെപിയുടെ ന്യൂനപക്ഷ മോർച്ച ആർജെഡിക്കെതിരെ പോസ്റ്ററുകളും അടിച്ചിറക്കി.
∙ ഛത്തീസ്ഗഡിലും വിവാദം
ഇക്കഴിഞ്ഞ ജനുവരിയിൽ ഛത്തീസ്ഗഡിൽ വലിയ തോതിലുള്ള രാഷ്ട്രീയ വിവാദങ്ങൾക്ക് ശാസ്ത്രി തുടക്കം കുറിച്ചിരുന്നു. റായ്പൂരിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിവാദ പരാമർശങ്ങൾ. ഇവിടെ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രമൺ സിങ്, കോൺഗ്രസ് എംഎൽഎ വികാസ് ഉപാധ്യായ തുടങ്ങിയവരും പങ്കെടുത്തിരുന്നു.
മതപരിവർത്തനം തടയാനും മതം മാറിയവരെ തിരികെ കൊണ്ടുവരാനും ശ്രമിക്കുന്നതിന്റെ പേരിൽ ക്രിസ്ത്യൻ മിഷണിമാർ തന്നെ ‘ടാർഗറ്റ്’ ചെയ്യുന്നു എന്നായിരുന്നു ശാസ്ത്രിയുടെ ആരോപണം. മതപരിവർത്തന വിഷയം ഛത്തീസ്ഗഡിൽ വിവാദ വിഷയമാണ്. ‘ക്രൈസ്തവ മതത്തിലേക്കുള്ള ആളെച്ചേർക്കലിനോട് സംസ്ഥാന സർക്കാർ കണ്ണടയ്ക്കുന്നു’വെന്ന് പ്രതിപക്ഷമായ ബിജെപി അടുത്തിടെ ആരോപിച്ചിരുന്നു. നാരായൺപൂർ ജില്ലയിൽ ക്രൈസ്തവർക്കെതിരെ അക്രമങ്ങൾ ഉണ്ടാവുകയും ഇവിടെ ആവശ്യമെങ്കിൽ ദേശസുരക്ഷാ നിയമം പ്രയോഗിക്കാൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ നിര്‍ദേശം നൽകുകയും ചെയ്തിരുന്നു. ശാസ്ത്രിയുടെ ആരോപണങ്ങളെ ബാഗേൽ തള്ളിക്കളഞ്ഞിരുന്നു.
∙ ലക്ഷ്യം സംസ്ഥാന തിരഞ്ഞെടുപ്പുകളോ?
ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളാണ് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് തുടങ്ങിയവ. ശാസ്ത്രി ഈ മൂന്നു സംസ്ഥാനങ്ങളിലും തന്റെ മതപ്രഭാഷണവുമായി പോകുമെന്നും ഇത് വലിയ തോതിലുള്ള രാഷ്ട്രീയ മാറ്റങ്ങൾക്ക് കാരണമായേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു. ബിഹാറിൽ അടുത്തു തന്നെ മുസഫർപൂർ ജില്ലയിലും പരിപാടി സംഘടിപ്പിക്കാൻ ഒരുങ്ങുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ബാഗേശ്വർ ധാമിൽ നിന്നുള്ള സംഘം ഇവിടെ പരിശോധന നടത്തിയിരുന്നു.
യോഗാ ഗുരു ബാബാ രാംദേവിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള വളർച്ചയാണ് ‘ബാഗേശ്വർ ബാബ’യുടേത് എന്ന റിപ്പോർട്ടുകളും സജീവമാണ്. 2000–ത്തിന്റെ തുടക്കത്തിൽ ടിവിയിൽ തന്റെ യോഗ പരിപാടികൾ സംപ്രേക്ഷണം ചെയ്തു തുടങ്ങിയതോടെയാണ് രാംദേവ് പ്രശസ്തിയിലേക്ക് ഉയർന്നതും ഇന്ന് കോടികളുടെ വിറ്റുവരവുള്ള പതഞ്ജലി എന്ന ബ്രാൻഡ് സ്ഥാപിക്കുന്നതും. ഇന്ന് സോഷ്യൽ മീഡിയയിലും വലിയ പിന്തുണയാണ് ശാസ്ത്രിക്കുള്ളത്.
∙ അത്ഭുതസിദ്ധി തെളിയിക്കാൻ വെല്ലുവിളിച്ചു, എന്നും വിവാദങ്ങൾ
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പൊരുതുന്ന സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ പ്രഫ. ശ്യാം മാനവ് നാഗ്പൂർ സന്ദർശിക്കാനെത്തിയ ശാസ്ത്രിയെ വെല്ലുവിളിച്ചതോടെയാണ് ആൾദൈവം എന്ന നിലയിലുള്ള ശാസ്ത്രിയുടെ പ്രശസ്തി കുതിച്ചുകയറുന്നത്. മറ്റുള്ളവരുെട മനസ് വായിക്കാൻ സാധിക്കുമെന്ന് തെളിയിച്ചാൽ 30 ലക്ഷം രൂപ താൻ സമ്മാനമായി നൽകാം എന്നായിരുന്നു മാനവിന്റെ വാഗ്ദാനം. മാത്രമല്ല, ‘മഹാരാഷ്ട്ര ആന്റി–സൂപ്പർസ്റ്റിഷൻ ആൻഡ് ബ്ലാക് മാജിക് ആക്ട്’ അനുസരിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രഫ. മാനവ് വ്യക്തമാക്കിയിരുന്നു. തുടക്കത്തിൽ വെല്ലുവിളി സ്വീകരിച്ചെങ്കിലും പരിപാടി നടക്കേണ്ടതിന് രണ്ടു ദിവസം മുമ്പ് ശാസ്ത്രി നാഗ്പൂർ വിട്ടു. ആള്‍ൈദവത്തിനെതിരെ അന്ധവിശ്വാസ വിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന് പ്രഫ. മാനവും കൂട്ടരും പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. എന്നാൽ അതോടെ ശാസ്ത്രിക്ക് വ്യാപകമായ പ്രശസ്തി കൈവന്നു.
ഇക്കഴിഞ്ഞ ജനുവരിയിൽ പ്രഫ. മാനവിനും മകനും നിരവധി തവണ വധഭീഷണികൾ േനരിട്ടിരുന്നു. തുടർന്ന് അദ്ദേഹത്തിനുള്ള സുരക്ഷ വർധിപ്പിച്ചു. നരേന്ദ്ര ധബോൽക്കറുടെ വിധിയായിരിക്കും പ്രഫ. മാനവിന് ഉണ്ടാവുക എന്നായിരുന്നു ഭീഷണി. പ്രശസ്ത സാമൂഹിക പ്രവർത്തകനും അന്ധവിശ്വാസ അനാചാരങ്ങൾക്കെതിരെ പൊരുതിയ അന്തശ്രദ്ധ നിർമൂലൻ സമിതി എന്ന സംഘടനയുടെ സ്ഥാപകനുമായിരുന്ന ധബോൽക്കറെ 2013–ൽ പൂനെയിൽ വച്ച് രാവിലെ നടക്കാനിറങ്ങിയപ്പോൾ വെടിവച്ചു കൊല്ലുകയായിരുന്നു. ധബോൽക്കർ സ്ഥാപിച്ച അന്തശ്രദ്ധ നിർമൂലൻ സമിതിയുടെ പ്രസിഡന്റാണ് പ്രഫ. മാനവ്.
ജനുവരിയിൽ മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവ് ഡോ. ഗോവിന്ദ് സിങ് ആൾദൈവം പ്രദർശിപ്പിക്കുന്ന ‘അത്ഭുതസിദ്ധി’കൾക്ക് തെളിവ് ആവശ്യപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ മറ്റൊരു വിവാദവും ഇയാളുടെ പേരിലുണ്ടായിരുന്നു. ലക്ഷക്കണക്കിന് പേർ ആരാധിക്കുന്ന ഷിർദി സായിബാബ ദൈവമല്ലെന്നും മറിച്ച് ‘ഫക്കീർ’ എന്നോ ‘വിശുദ്ധൻ’ എന്നോ വിളിക്കാമെന്നും എന്നാൽ ‘ദൈവ’മെന്ന് വിളിക്കാൻ കഴിയില്ലെന്നുമുള്ള പ്രസ്താവന വലിയ വിവാദമായി. മഹാരാഷ്ട്രയിൽ ഭരിക്കുന്ന ബിജെപിയും പ്രതിപക്ഷമായ ഉദ്ധവ് താക്കറെയുടെ ശിവസേനയും ശാസ്ത്രിക്കെതിരെ രംഗത്തുവന്നു.
വലിയ തോതിലുള്ള ജനക്കൂട്ടത്തെയാണ് ഈ 26കാരൻ ആകർഷിച്ചുകൊണ്ടിരിക്കുന്നത്. നിര്‍ണായക തിരഞ്ഞെടുപ്പുകളാണ് വരുന്നത് എന്നതു കൊണ്ട് തന്നെ വലിയ തോതിലുള്ള രാഷ്ട്രീയ വിവാദങ്ങളും ഈ ആൾദൈവത്തെ ചുറ്റിപ്പറ്റി ഉണ്ടാകും എന്നത് ഉറപ്പ്.
English Summary: Who Is Bageshwar Baba aka Dhirendra Krishna Shastri And 'Political' Controversies - Explained