അരുണയുടെ ആസ്തി 250 കോടി, പ്രചാരണത്തിന് പൊന്നൊരു തരി മാത്രം; രാഹുലിന്റെ കെജിഎഫ്; കണ്ണു കണ്ടതും കർണം കേട്ടതും- കർണാടകീയം
ബിജെപിയുടെ ദക്ഷിണേന്ത്യയിലേക്കുള്ള വാതിൽ അടയുമോ തുറക്കുമോ എന്നു രാജ്യം ചർച്ച ചെയ്യുന്ന കർണാടക തിരഞ്ഞെടുപ്പ്. റിപ്പോർട്ടിങ് യാത്ര ഞങ്ങൾ തുടങ്ങിയത് റോക്കിഭായിയുടെ കെജിഎഫിൽ നിന്നാണ്. കോലാർ ഗോൾഡ് ഫീൽഡ്. കെജിഎഫ് എന്ന കന്നഡ സിനിമയിലൂടെ പ്രശസ്തമായ സ്ഥലം. അവിടെ രാഹുൽ ഗാന്ധിയുടെ റാലി. അതിനു ദേശീയ പ്രസക്തിയുണ്ട്. ഇതേ കോലാറിൽ 2018ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതും രാഹുൽ ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തിലെ എംപി സ്ഥാനം എടുത്തുമാറ്റി, വീട്ടിൽനിന്നു കെട്ടും കിടക്കയുമെടുപ്പിച്ച് ഇറക്കിവിട്ടതും.
ബിജെപിയുടെ ദക്ഷിണേന്ത്യയിലേക്കുള്ള വാതിൽ അടയുമോ തുറക്കുമോ എന്നു രാജ്യം ചർച്ച ചെയ്യുന്ന കർണാടക തിരഞ്ഞെടുപ്പ്. റിപ്പോർട്ടിങ് യാത്ര ഞങ്ങൾ തുടങ്ങിയത് റോക്കിഭായിയുടെ കെജിഎഫിൽ നിന്നാണ്. കോലാർ ഗോൾഡ് ഫീൽഡ്. കെജിഎഫ് എന്ന കന്നഡ സിനിമയിലൂടെ പ്രശസ്തമായ സ്ഥലം. അവിടെ രാഹുൽ ഗാന്ധിയുടെ റാലി. അതിനു ദേശീയ പ്രസക്തിയുണ്ട്. ഇതേ കോലാറിൽ 2018ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതും രാഹുൽ ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തിലെ എംപി സ്ഥാനം എടുത്തുമാറ്റി, വീട്ടിൽനിന്നു കെട്ടും കിടക്കയുമെടുപ്പിച്ച് ഇറക്കിവിട്ടതും.
ബിജെപിയുടെ ദക്ഷിണേന്ത്യയിലേക്കുള്ള വാതിൽ അടയുമോ തുറക്കുമോ എന്നു രാജ്യം ചർച്ച ചെയ്യുന്ന കർണാടക തിരഞ്ഞെടുപ്പ്. റിപ്പോർട്ടിങ് യാത്ര ഞങ്ങൾ തുടങ്ങിയത് റോക്കിഭായിയുടെ കെജിഎഫിൽ നിന്നാണ്. കോലാർ ഗോൾഡ് ഫീൽഡ്. കെജിഎഫ് എന്ന കന്നഡ സിനിമയിലൂടെ പ്രശസ്തമായ സ്ഥലം. അവിടെ രാഹുൽ ഗാന്ധിയുടെ റാലി. അതിനു ദേശീയ പ്രസക്തിയുണ്ട്. ഇതേ കോലാറിൽ 2018ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതും രാഹുൽ ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തിലെ എംപി സ്ഥാനം എടുത്തുമാറ്റി, വീട്ടിൽനിന്നു കെട്ടും കിടക്കയുമെടുപ്പിച്ച് ഇറക്കിവിട്ടതും.
നമ്മുടെ രാജമാണിക്യത്തിലെ ബെല്ലാരി രാജയായ മമ്മൂട്ടി ‘കലിപ്പ് തീരണില്ലല്ലാ...’ എന്നു പറയുന്ന ഡയലോഗ് ഓർത്തുകൊണ്ടാണ് ഒറിജിനൽ ബെല്ലാരി രാജയായ ജനാർദ്ദനൻ റെഡ്ഡിയുടെ നാട്ടിലെത്തിയത്. ആയിരക്കണക്കിനു കോടി രൂപയുടെ ആസ്തി. മകളുടെ കല്യാണംനടത്തിയത് 500 കോടി രൂപ ചെലവിട്ട്. മൈനിങ്, പഞ്ചസാരമില്ല് അടക്കം കർണാടകയിലും ആന്ധ്രയിലുമായി 12 വൻ ബിസിനസ് സംരംഭങ്ങൾ. കർണാടകയിൽ നൂറിടത്ത് കൃഷിഭൂമി. തലങ്ങും വിലങ്ങും പറന്നു നടക്കാൻ സ്വന്തം ഹെലികോപ്റ്ററുകൾ... റെഡ്ഡി ബെല്ലാരിയുടെ രാജാ തന്നെ.
ശരിക്കും ‘കലിപ്പ് തീര്ണല്ലല്ലാ’ എന്നു പറഞ്ഞു നിൽക്കുകയാണു ജനാർദ്ദനൻ റെഡ്ഡി. റെഡ്ഡിക്ക് സ്വന്തം സാമ്രാജ്യമായ ബെല്ലാരിയുടെ അതിർത്തിയിൽ കയറാൻ കഴിയില്ല. ബി.എസ് യെഡിയൂരപ്പയുടെ മന്ത്രിസഭയിൽ മന്ത്രിയായിരിക്കെ കാട്ടിക്കൂട്ടിയ ഖനന അഴിമതിയുടെ കേസിൽ കുടുങ്ങി ജയിലിൽ ആയിരുന്നു. ശേഷം സുപ്രീം കോടതി ജാമ്യം കൊടുത്തു: ഒരു വ്യവസ്ഥയോടെ, ബെല്ലാരി ജില്ലയിൽ കാലുകുത്താൻ പാടില്ല! കാലുകുത്താൻ പറ്റില്ലെങ്കിൽ, കട്ടൗട്ട് കുത്താൻ പറ്റില്ലെങ്കിൽ പിന്നെ മത്സരിക്കുന്നതെങ്ങനെ? അതിനാൽ ബെല്ലാരിയിൽ മത്സരിക്കാനാവില്ലെന്നതിന്റെ കലിപ്പ് ഒരു വശത്ത്.
ബിജെപിയോടുള്ളതാണു രണ്ടാമത്തെ കലിപ്പ്; അതായത്, കേസിൽ പെട്ടതിനാലാവും 2018ലെ തിരഞ്ഞെടുപ്പിൽ റെഡ്ഡിക്ക് ബിജെപി സീറ്റ് കൊടുത്തതേയില്ല. (കേസിൽ പെട്ടവർക്കൊന്നും നിങ്ങൾ സീറ്റ്കൊടുക്കാറില്ലേ എന്നു ചോദിച്ചപ്പോൾ ബിജെപി നേതാക്കൾ താമരവിരിയും പോലെ ചിരിച്ചുപോലും). റെഡ്ഡിയുണ്ടോ വിടുന്നു. ബിജെപി വിട്ട് കക്ഷി നേരേ പുതിയ പാർട്ടിയുണ്ടാക്കി– കെആർപിപി (കല്യാണ രാജ്യ പ്രജാ പക്ഷ) പാർട്ടി. ഫുട്ബോളാണു ചിഹ്നം. ബെല്ലാരി മണ്ഡലം വിടാൻ പറ്റുമോ? അവിടെ ബിജെപി സ്വന്തം സഹോദരൻ സോമശേഖരറെഡ്ഡിയെ നിർത്തിയിരിക്കുന്നതൊന്നും വിഷയമല്ല. ഭാര്യ അരുണയെ പിടിച്ചു സ്ഥാനാർഥിയാക്കി. രാജ ബെല്ലാരിക്കു പുറത്തും റാണി ബെല്ലാരിക്ക് അകത്തും. ജനാർദ്ദനൻ റെഡ്ഡി മത്സരിക്കുന്നത് അടുത്ത ജില്ലയായ കൊപ്പാളിലെ ഗംഗാവതിയിൽ. ആ ‘റാണി’യെ കാണാനാണ് ഞാനും മനോരമ സീനിയർ ഫൊട്ടോഗ്രഫർ വിഷ്ണു വി.നായരും കൂടി ബെല്ലാരിയിലെത്തിയത്.
∙ ‘ഠപ്പേ’ എന്നൊരു ശബ്ദം. അയ്യോ എന്നൊരുനിലവിളി!
റെഡ്ഡിയുടെ വീടിനടുത്ത് മാർബിൾ കൊട്ടാരം പോലൊരു കെട്ടിടം. അതിപ്പോൾ കെആർപിപിയുടെ ഓഫിസ് ആണ്. മുൻപ് ബിജെപിയുടെ ഓഫിസ് ആയിരുന്നു. താമര തട്ടിത്തെറിപ്പിച്ച് ഫുട്ബോൾ വച്ചപ്പോൾ ഓഫിസ് മാറി റെഡ്ഡിയും മാറി. 85 കിലോ സ്വർണ, വജ്രാഭരണങ്ങളും 485 കിലോ വെള്ളി ആഭരണങ്ങളും 250 കോടി രൂപ ആസ്തിയും വെളിപ്പെടുത്തിയ സ്ഥാനാർഥിയാണ് അരുണ. റാണിയുടെ വരവ് പ്രതീക്ഷിച്ച് ബെല്ലാരി സിറ്റിയിലെ ഇടവഴിയിൽ കാത്തുനിന്നു. ഫുട്ബോളുകൾ കയ്യിൽപിടിച്ച് ഒരു കൂട്ടം വന്നു. ഞങ്ങളും അവരുടെ ഒപ്പം കൂടി. പിന്നെയാണു മനസ്സിലായത്. മുൻപിൽ നടക്കുന്ന സാധാരണവേഷധാരിയാണ് അരുണ. 150 രൂപയ്ക്കു കേരളത്തിൽ കിട്ടുന്ന തരമൊരു സാരി. കഴുത്തിൽ ഒരു തരിമാല, കാതിൽ ഒരു കൊച്ചു സ്റ്റഡ്, കയ്യിൽ തൊട്ടാൽ ഒടിഞ്ഞുപോകുന്നതുപോലെ മെലിഞ്ഞൊരു സ്വർണവള.
ഞാൻ അടുത്തു ചെന്നു പരിചയപ്പെടുത്തി. ‘‘അങ്ങു കേരളത്തിൽ നിന്ന് റെഡ്ഡിമാരുടെ തിരഞ്ഞെടുപ്പു കവർ ചെയ്യാനെത്തിയതാണ്. വിജയാശംസകൾ’’! പറഞ്ഞു തീർന്നതും ഠപ്പേ! എന്നൊരു ശബ്ദം. അയ്യോ എന്നൊരുനിലവിളിയും മുഴങ്ങി. എന്റെ തൊട്ടടുത്തു നിന്നിരുന്ന ഒരു പ്രവർത്തകയുടേതാണു നിലവിളി. അവർ കാതുകൾ പൊത്തി നിലത്തേക്കിരുന്നു. തെങ്ങിന്റെ മുകളിൽനിന്ന് രണ്ട് ഉണക്കത്തേങ്ങയും ഒരു കോഞ്ഞാട്ടയും കൂടി അവരുടെ തലയിലേക്കു പതിച്ചതാണ്. അവരെ ആശുപത്രിയിലേക്കു കൊണ്ടുപോയി. കഷ്ടിച്ചാണു ഞാൻ രക്ഷപെട്ടത്.
രക്ഷപ്പെട്ടെന്നത് ശരിയാണോ എന്നു സംശയം തോന്നി. കാരണം ചുറ്റുമുള്ള ചില റെഡ്ഡിമാർ എന്നെ നോക്കുന്നു. ഞാൻ ആശംസ നേർന്നയുടൻ അപശകുനം. തേങ്ങയാണു വീണിരിക്കുന്നത്. അന്ധവിശ്വാസം മൂത്തപ്പോൾ അതിനെതിരെ നിയമം പാസാക്കേണ്ടി വന്ന നാടാണ് കർണാടക. അടുത്ത ‘ഠപ്പേ’ എന്റെ മുഖത്താവുമോ, എന്നെയും വിഷ്ണുവിനെയും കഴുത്തിനു പിടിച്ചു ബെല്ലാരിക്കു പുറത്താക്കുമോ?
ഭാഗ്യം, ഒന്നുമുണ്ടായില്ല. അരുണ അഭിമുഖത്തിനു തയാറായി.
പുതിയ പാർട്ടിയെക്കുറിച്ചും ഭർത്താവ് കൂടെ പ്രചാരണത്തിനില്ലാത്തതിനെക്കുറിച്ചും അരുണ പറഞ്ഞു. ഭർത്താവ് തുടങ്ങിവച്ച വിമാനത്താവളം അടക്കമുള്ള വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നും. ഒടുവിൽ ഞാൻ ഒന്ന് ആശംസിച്ചു: ‘ഭർത്താവുമൊത്ത് കൈകോർത്തുപിടിച്ച് നിങ്ങൾ രണ്ടുപേരും വിധാൻ സൗധയിലേക്കു വലതുകാൽ വച്ച് കയറട്ടെ എന്നാശംസിക്കുന്നു.’ – പറഞ്ഞു തീർന്നതും ഞാൻ തെങ്ങിന്റെ മുകളിലേക്കു നോക്കി. എന്റമ്മേ!
ഭാഗ്യം അവിടെ ഉണക്കത്തേങ്ങയില്ല. പക്ഷേ, നാല് ഉണക്ക തെങ്ങിൻ മടലുകൾ തൂങ്ങിക്കിടന്ന് കാറ്റിലാടി ഞങ്ങളെ നോക്കി ചിരിക്കുന്നു. പിന്നെ നിന്നില്ല. ഞങ്ങൾ ഉടൻ ബെല്ലാരിയിൽ നിന്നു കീഞ്ഞുപാഞ്ഞു!
∙ കെജിഎഫ് അഥവാ ആർജിഎഫ്!
ബിജെപിയുടെ ദക്ഷിണേന്ത്യയിലേക്കുള്ള വാതിൽ അടയുമോ തുറക്കുമോ എന്നു രാജ്യം ചർച്ച ചെയ്യുന്ന കർണാടക തിരഞ്ഞെടുപ്പ്. റിപ്പോർട്ടിങ് യാത്ര ഞങ്ങൾ തുടങ്ങിയത് റോക്കിഭായിയുടെ കെജിഎഫിൽ നിന്നാണ്. കോലാർ ഗോൾഡ് ഫീൽഡ്. കെജിഎഫ് എന്ന കന്നഡ സിനിമയിലൂടെ പ്രശസ്തമായ സ്ഥലം. അവിടെ രാഹുൽ ഗാന്ധിയുടെ റാലി. അതിനു ദേശീയ പ്രസക്തിയുണ്ട്. ഇതേ കോലാറിൽ 2018ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതും രാഹുൽ ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തിലെ എംപി സ്ഥാനം എടുത്തുമാറ്റി, വീട്ടിൽനിന്നു കെട്ടും കിടക്കയുമെടുപ്പിച്ച് ഇറക്കിവിട്ടതും. അതിന്റെ വൈകാരികത നിറഞ്ഞു നിൽക്കുമ്പോഴാണ് വീണ്ടും മറ്റൊരു തിരഞ്ഞെടുപ്പുകാലത്ത് അവിടെ രാഹുൽഗാന്ധി പ്രസംഗിക്കാനെത്തുന്നത്.
കെജിഎഫ് അല്ല ആർജിഎഫ് എന്നാണ് അവിടെ നിൽക്കുമ്പോൾ തോന്നിയത്. രാഹുലിനു വേണ്ടി ഇളകിമറിയുന്ന ജനം. രാഹുൽ ഗാന്ധി ഫോഴ്സ് – അഥവാ ആർജിഎഫ്. നമ്മ മനെ, നിമ്മ മനെ... എന്ന മുദ്രാവാക്യം വേദിയിൽ ഇടയ്ക്കിടെ മുഴങ്ങും. ‘എന്റെ വീട്, നിന്റെ വീടാണ്...’ എന്നർഥം. രാഹുലിനെ വീട്ടിൽനിന്ന് ഇറക്കിവിട്ടെങ്കിൽ ഞങ്ങൾ ഞങ്ങളുടെ വീടിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുന്നു എന്നു കർണാടകയിലെ ജനങ്ങൾ വിളിച്ചു പറഞ്ഞു.
∙ അയ്തു ഗാരന്റികൾ
കോൺഗ്രസ് അഞ്ച് ഗാരന്റികൾ നൽകിയാണു തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ഉറപ്പിച്ച റാലിയായിരുന്നു കെജിഎഫിലേത്. 200 യൂണിറ്റ് വൈദ്യുതി എല്ലാ മാസവും സൗജന്യമായി നൽകുന്ന ഗൃഹജ്യോതി, ഗൃഹനാഥകളായ വനിതകൾക്ക് പ്രതിമാസം 2000 രൂപ നൽകുന്ന ഗൃഹലക്ഷ്മി, 10 കിലോ അരി ബിപിഎൽ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും നൽകുന്ന അന്നഭാഗ്യ, തൊഴിൽരഹിതരായ ബിരുദധാരികൾക്കു പ്രതിമാസം 3000 രൂപവരെ നൽകുന്ന യുവനിധി എന്നീ നാലു പ്രഖ്യാപനങ്ങൾ.
ഭരണത്തിലെത്തിയാൽ ആദ്യ മന്ത്രിസഭായോഗത്തിലെ ആദ്യ തീരുമാനമായി ഇതെല്ലാം നടപ്പാക്കുമെന്നു കോലാർ റാലിയിൽ രാഹുൽ ഗാന്ധി പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് ചിക്കമംഗളൂരുവിൽ രാഹുൽ ഗാന്ധി അഞ്ചാം ഗാരന്റി കൂടി പ്രഖ്യാപിച്ചു– വനിതകൾക്ക് സൗജന്യ ബസ് യാത്രാ പാസ്. മികച്ച സ്വീകരണമാണ് ഈ ഗാരന്റികൾക്കു കർണാടകയിൽ കിട്ടിയിരിക്കുന്നത്. പ്രത്യേകിച്ചും 40% കമ്മിഷൻ എല്ലാ സർക്കാർ നിർമാണപ്രവർത്തികൾക്കും കൊടുക്കേണ്ടി വന്നുവെന്നു കർണാടകയിലെ കോൺട്രാക്ടർമാർ നരേന്ദ്ര മോദിക്കു തുറന്ന കത്തെഴുതിയതിന്റെ പശ്ചാത്തലത്തിൽ. കർണാടകയിലെ പണം മുഴുവൻ കട്ടുകൊണ്ടുപോവുകയും വിലയും നികുതിയും കൂട്ടി ജനങ്ങളുടെ മേൽ ഭാരം അടിച്ചുകൂട്ടിയെന്നുമുള്ള ആരോപണം സജീവമാക്കി നിലനിർത്താൻ ആദ്യഘട്ടത്തിൽ കോൺഗ്രസിനു കഴിയുകയും ചെയ്തു.
∙ ശ്രീവിനായകനിഗെ നോമിനേഷൻ ബി ഫോം സമർപ്പിത!
ബിജെപിയുടെ പത്രികസമർപ്പണം കണ്ടാൽ മത്സരിക്കുന്നത് ‘താൻ പാതി, ദൈവം പാതി’ എന്നു വ്യക്തമായിരുന്നു. ഒരു സീൻ പറയാം. ബെംഗളൂരു സൗത്ത് ജയനഗർ ഗണേശ അമ്പലം. മണിമുഴക്കം. അർച്ചനയും അഭിഷേകവും അലങ്കാര പൂജയും നടത്തുകയാണ് പ്രധാന പൂജാരി ചെന്ന വീര ദേവരു. താലത്തിൽ നീട്ടുന്ന ആരതിയുഴിഞ്ഞ് ഭക്തർ ഗൂഗിൾ പേയിലൂടെ ഇ–ഹുണ്ടിയിലെ ക്യുആർ കോഡ് സ്കാൻ ചെയ്തു കാണിക്കയിട്ട് തൊഴുതു പോകുന്നു. ഭാരത്‌മാതാ കീ ജയ് മുദ്രാവാക്യങ്ങൾ പെട്ടെന്നു പുറത്തു നിറഞ്ഞു. ബിജെപിയുടെ കൊടികളുമായി പലയിടങ്ങളിൽ നിന്നായി നൂറുകണക്കിനു പേർ അമ്പലപരിസരം നിറഞ്ഞു. അവർക്കിടയിൽ നിന്നു ജയനഗർ മണ്ഡലത്തിലെ സ്ഥാനാർഥി സി.കെ രാമമൂർത്തി ശ്രീകോവിലിലേക്കുള്ള ഇടനാഴിയിലൂടെ കയറി വന്നു. പേപ്പറുകൾ നിറച്ച ഒരു നീലഫയൽ എടുത്തു പൂജാരിക്കു സമർപ്പിച്ചു– ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർഥിയായായി സമർപ്പിക്കുന്ന നോമിനേഷൻ ബി. ഫോം!
പൂജാരി അതു സ്വീകരിച്ച് ഭക്തിപൂർവം ഗണേശ വിഗ്രഹത്തിനു മുന്നിൽ സമർപ്പിച്ചു. പൂജകൾ ചെയ്തു. താലത്തിൽ പഴങ്ങൾക്കും ആളിക്കത്തുന്ന ആരതിക്കുമൊപ്പം വച്ച് തിരികെ നൽകി. പുറത്തിറങ്ങുമ്പോൾ അമ്പലത്തിനു ചുറ്റും പാർട്ടിക്കൊടി വീശി ആവേശത്തിൽ അണികൾ. ചെണ്ടമേളവും പടക്കം പൊട്ടിക്കലും ഘോഷയാത്രയും... പിന്നെ നേരെ ബൃഹദ് ബെംഗളൂരു മഹാനഗര പാലികെ ഓഫിസിലെത്തി പത്രിക സമർപ്പിച്ചു. ബിജെപി സ്ഥാനാർഥികളുടെ പത്രിക സമർപ്പണം ഭക്തിപൂർവമുള്ള ആചാരവും ബഹളമയമായ ആഘോഷവുമായിരുന്നു കർണാടകയിൽ. ‘ദൈവം പാതി, താൻ പാതി’ എന്ന അടിയുറച്ച വിശ്വാസം.
വീടുകളിൽ നടക്കുന്ന പ്രത്യേക പൂജകളുടെ തുടർച്ചയാണ് അമ്പലങ്ങളിൽ നടക്കുന്നത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗാവിലെ ദ്യാമവ്വ അമ്പലത്തിൽ പൂജ നടത്തിയശേഷം പത്രിക സമർപ്പിച്ചത് നല്ല സമയം നോക്കിയാണ്. പക്ഷേ, പാർട്ടി അധ്യക്ഷൻ ജെപി നഡ്ഡയുടെ സാന്നിധ്യത്തിൽ രണ്ടാമതൊരു പത്രിക കൂടി സമർപ്പിച്ചു. പാർട്ടി അധ്യക്ഷനോടും ദൈവഭയമുണ്ട്. വിഘ്നങ്ങൾ നീങ്ങി വിജയം കൈവരിക്കാൻ കൂടുതലും ഗണേശക്ഷേത്രങ്ങളിലാണ് സ്ഥാനാർഥികൾ ബി. ഫോമുമായി തൊഴാനെത്തിയത്.
∙ പത്രസമ്മേളനം നടത്തുന്ന ഗ്യാസ്കുറ്റി!
ബെംഗളൂരു ക്വീൻസ് റോഡിലെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫിസിലെ മീഡിയാ സെന്ററിന്റെ വേദിയിൽ എപ്പോഴും ‘ഒരാൾ’ ഇരിപ്പുണ്ട്; ഒരു പാചകവാതക സിലിണ്ടർ! തിരഞ്ഞെടുപ്പു പ്രഖ്യാപനം കഴിഞ്ഞയുടൻ അത് അവിടെ കൊണ്ടുവന്നു വച്ച് മാലയിട്ട് തൊഴുത് കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാർ എന്ന പടനായകൻ വച്ചതാണ് അത്. തിരഞ്ഞെടുപ്പു കഴിയും വരെ അത് പത്രസമ്മേളനങ്ങൾക്കെത്തുന്ന ക്യാമറകളിൽ പെടും; പെടണം. ഗബ്ബർ സിങ് ടാക്സ് എന്ന് ജിഎസ്ടിക്കു നൽകിയ വിളിപ്പേര് സജീവമായി കോൺഗ്രസ് ഉപയോഗിക്കുന്നു. നികുതിക്കൊള്ളയും വിലക്കയറ്റവും ഉണ്ടാക്കുന്ന ദുരിതം ഒരു വശത്ത്. മറുവശത്ത് 40% കമ്മിഷൻ പൊതുമരാമത്ത് നിർമാണപ്രവർത്തികളിൽനിന്നു ബിജെപി നേതാക്കന്മാർ ഈടാക്കുന്നുവെന്നു കരാറുകാർ പ്രധാനമന്ത്രിക്കു കത്തെഴുതുന്ന സ്ഥിതിവരെ എത്തിയ അഴിമതി. വിലക്കയറ്റവും തൊഴിലില്ലായ്മയും ദുസ്സഹമാക്കിയ ജനങ്ങളുടെ പ്രതിഷേധം തന്നെയാണ് കോൺഗ്രസിന്റെ തുറുപ്പുചീട്ട്.
അവിടെ പത്രസമ്മേളനഹാളിൽ കണ്ടത് ജഗദീഷ് ഷെട്ടറെന്ന ബിജെപി നേതാവിന്റെ കോൺഗ്രസ് പ്രവേശനമാണ്. രാജ്യത്തെ മുഴുവൻ മാധ്യമങ്ങളും ക്യാമറയും ചോദ്യവും നീട്ടി കാത്തുനിന്നു. ഷെട്ടറാവട്ടെ ഒന്നും പറയാതെ ഹുബ്ലി–ധാർവാഡ് മണ്ഡലത്തിൽ വോട്ടുചോദിക്കാൻ പോവുകയും ചെയ്തു. ഞങ്ങളുടെ ഹുബ്ലി യാത്ര. ഹുബ്ലിയിലെ പുതിയ കോടതി ജംക്‌ഷനു സമീപം വിദ്യാനഗറിൽ നാലഞ്ചുപേർ കൂടി നിൽക്കുന്നു. എന്താ സംഭവമെന്നു ചോദിച്ചപ്പോൾ ജഗദീഷ് ഷെട്ടർ വരുന്നുവത്രെ! ബെംഗളൂരുവിൽ മാധ്യമങ്ങൾ മുഴുവൻ ഇടികൂടിയിട്ടും പിടികൊടുക്കാത്ത മനുഷ്യൻ ഇതാ മുന്നിൽ. ഒരുസാധാരണ വാഹനത്തിൽ പരിവാരങ്ങളില്ലാതെ വന്നിറങ്ങി. കാർഡ് കൊടുത്തു പരിചയപ്പെട്ടു. ആശംസകൾ നേർന്നു. ചെറുതായൊന്നു സംസാരിച്ചു.
എത്ര സിംപിൾ!
പക്ഷേ, ഷെട്ടർ പാർട്ടി വിട്ടതിന്റെ ആഘാതം ബിജെപിക്ക് അത്ര സിംപിൾ ആയിരിക്കില്ലെന്നു തോന്നുന്നു. രാജാവായല്ല, പ്രജയായി വേഷം മാറി വീടുകൾ കയറിയിറങ്ങുന്ന പഴയകാല രാജാവിനെയാണ് ‘സിംപിൾ ആൻഡ് പവർഫുൾ’ ഷെട്ടറിൽ കണ്ടെത്താനായത്.
∙ സത്യത്തിൽ ഇവിടെ തിരഞ്ഞെടുപ്പുണ്ടോ?
ഈ ചോദ്യം പലതവണ മനസ്സിൽ ചോദിച്ചതാണ്. ഇവിടെയും ചോദിക്കുന്നു. കർണാടകയിലെ ഗ്രാമങ്ങളിലൂടെയും നഗരങ്ങളിലൂടെയും സഞ്ചരിച്ചാൽ ആരും ഈ ചോദ്യം ചോദിച്ചു പോകും. രാഷ്ട്രീയ പാർട്ടികളുടെ ഓഫിസുകളെല്ലാം യുദ്ധക്കളങ്ങൾ. പുറത്തേക്കിറങ്ങിയാലോ? ഒരു പോസ്റ്റർ കാണാനില്ല. കട്ടൗട്ടില്ല. അനൗൺസ്മെന്റ് വാഹനമില്ല. വഴിതോറും വലിച്ചെറിയുന്ന പ്രകടനപത്രികയുടെയും അഭ്യർഥനയുടെയും നോട്ടിസുകളില്ല! ഒരു കിലോ മൈദ പോലും പശയായി ഈ തിരഞ്ഞെടുപ്പിൽ ചെലവായിട്ടില്ല. മൊത്തം കേരള ഹോട്ടലുകളിൽ പൊറോട്ടയായിത്തന്നെ രൂപാന്തരപ്പെടുന്നു. (ബൈദിബൈ, കർണാടകയിലെ ഹോട്ടലുകളിൽ കേരള പൊറോട്ടയ്ക്കു വൻ ഡിമാന്റാണ്.)
കൂടുതൽ അന്വേഷിച്ചപ്പോഴാണ് കർണാടകയുടെ തിരഞ്ഞെടുപ്പ് അച്ചടക്കത്തിന്റെ ഭാഗമാണിതെന്ന് അറിയുന്നത്. കോടതി പോസ്റ്ററുകളും കട്ടൗട്ടുകളും നിരോധിച്ചിട്ടുണ്ടുതാനും. ഇവിടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ തൃശൂർ എംപി ടി.എൻ. പ്രതാപൻ പങ്കുവച്ചതും ഈ കൗതുകമാണ്. പോസ്റ്ററും കട്ടൗട്ടും ബഹളവുമില്ലാത്ത തിരഞ്ഞെടുപ്പ്. ഇത് കേരളത്തിൽ പരീക്ഷിക്കാവുന്ന മാതൃകയാണെന്നും പ്രതാപൻ പറയുന്നു. പക്ഷേ, അനുകരിക്കാനാവാത്ത ചിലത് ഇവിടെ നടക്കുന്നതായി ആരോപണമുണ്ട്. വീടുകൾ തോറും കയറിയിറങ്ങുന്ന പ്രചാരണ സംഘങ്ങൾ പണം, ഇൻഡക്‌ഷൻ കുക്കർ, മിക്സി അങ്ങനെ പലതും വിതരണം ചെയ്യുന്നുണ്ടത്രേ. ഗൂഗിൾപേ വഴിയാണു പണം വിതരണം ചെയ്യുന്നതുപോലും. ഇതൊക്കെ ആരോപണങ്ങളാണ്, തിരഞ്ഞെടുപ്പ് കമ്മിഷൻ വേണം നടപടി സ്വീകരിക്കാൻ.
∙ ക്യാമറാ ഹേ! (അയ്യേ, എഐ അല്ലാട്ടാ)
തിരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച ഉദ്യോഗസ്ഥരും പൊലീസും റോഡ് അരിച്ചു പെറുക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വാഹനങ്ങളിൽ പണം കടത്തുന്നുണ്ടോ? ഞങ്ങളുടെ വാഹനം 30 തവണയെങ്കിലും കർണാടക യാത്രയ്ക്കിടെ തടഞ്ഞു. വിഷ്ണുവിന്റെ വലിയ ക്യാമറാബാഗിനെയാണ് ഉദ്യോഗസ്ഥർക്കു സംശയം. തുറന്നു കാണിക്കാൻ പറയും. നിറയെ പണം ആണെങ്കിലോ? തുറന്നു തുറന്ന് അതിന്റെ സിബ്ബ് കേടാവാറായി. ക്യാമറയാണെന്നു കാണുമ്പോൾ ‘അയ്യേ’ എന്ന ഭാവം. കേരളത്തിലെ എഐ ക്യാമറയെക്കുറിച്ചു കേട്ടിട്ടാണോ, അതോ വിചാരിച്ചതുപോലെ ബാഗിൽ പണമില്ല എന്നു തിരിച്ചറിഞ്ഞിട്ടാണോ ആ ‘അയ്യേ ഭാവം ’എന്ന് അറിയില്ല. ചോദിച്ചില്ല. കാരണം കന്നട അത്രമാത്രം ‘ഗൊത്തില്ല’
∙ യുദ്ധസന്നദ്ധം ബിജെപി
ബിജെപിയുടെ പ്രചാരണ രീതികൾ കണ്ടുപഠിക്കണം. ഒരു വീട്ടിൽ നാലുതവണ വരെയെത്തുന്ന കാർപറ്റ് ബോംബിങ് പ്രചാരണം. 10,848 പരിപാടികളാണു മൊത്തം. 1200 റോഡ് ഷോകൾ, 1200 പൊതുസമ്മേളനം, 224 മഹാറാലി, 224 പത്രസമ്മേളനങ്ങൾ, 8000 തെരുവുയോഗങ്ങൾ... ഇതാണ് 10,848 പരിപാടികൾ. ഇതെല്ലാം ചേർത്ത് ഒരു പേരുമിട്ടിട്ടുണ്ട്. കാർപറ്റ് ബോംബിങ് ക്യാംപെയ്ൻ. അതായത് ‘ഗ്രൗണ്ട് ലെവൽ അറ്റാക്ക്’. നേതാക്കന്മാർ പാർട്ടിവിട്ടതു മൂലവും മറ്റുമുള്ള പ്രശ്നങ്ങൾ അണികൾക്കിടയിൽ അഥവാ ഗ്രൗണ്ട് ലെവൽ ആക്രമണത്തിലൂടെ പരിഹരിക്കുന്നു എന്നതാണു സ്ട്രാറ്റജി.
അതിൽത്തന്നെ 26 സമ്മേളനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു പങ്കെടുക്കുന്നു. അമിത് ഷായും യോഗി ആദിത്യനാഥും സ്മൃതി ഇറാനിയും നിതിൻ ഗഡ്കരിയുമടക്കമുള്ളവർ ഇറങ്ങിയിരിക്കുന്നു. മോദിയുടെ റാലികൾ നഗരങ്ങളെ ഇളക്കിമറിക്കുന്നു. ഈ പ്രചാരണംകൊണ്ട് ബിജെപി, ആദ്യമുണ്ടായിരുന്ന ആഘാതം ചെറുത്തിരിക്കുന്നു. കോൺഗ്രസ് തരംഗത്തെ പിടിച്ചുകെട്ടി നിർത്താൻ ഏകദേശം കഴിഞ്ഞിട്ടുണ്ട്. അധികാരത്തിലെത്തിയാൽ ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടനപത്രികയിലെ വാചകത്തിൽ പിടിച്ച് പ്രചാരണത്തിനു മറ്റൊരു നിറം നൽകിയതോടെ തീവ്രഹിന്ദുമേഖലയിലെ എതിർപ്പ് അനുകൂലമാക്കാൻ ബിജെപിക്കു കഴിഞ്ഞിട്ടുണ്ട്. അതു പരമാവധി കത്തിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഹനുമാൻ സ്വാമിയുടെ വേഷധാരികളെ റാലികളിൽ നിറയ്ക്കുന്നുണ്ട് ബിജെപി.
∙ ഇവർ ‘പ്രിയങ്ക’രർ
പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി. മറ്റിടങ്ങളിലേതു പോലല്ല ഇവർക്കു കർണാടകയിലുള്ള സ്ഥാനം. അവർ ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമക്കൾ എന്ന കണ്ണിലാണ് കർണാടകയിലെ ജനം കാണുന്നത്. പഴയ മൈസൂർ മേഖലയിൽ പര്യടനത്തിനെത്തിയ പ്രിയങ്ക ഗാന്ധിയെ സ്നേഹത്തിൽ പൊതിയുന്ന സ്ത്രീകളുടെ ആവേശം കാണണം. പലരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നു. ബാരിക്കേഡ് കെട്ടിത്തിരിച്ചില്ലായിരുന്നെങ്കിൽ വേദിയിലേക്ക് ഓടിക്കയറി പ്രിയങ്കയെ ‘കടിച്ചു തിന്നേനെ’!. രാഹുലിനോടും ആ സ്നേഹമുണ്ട്.
ആ സ്നേഹവും വിശ്വാസവും ഉപയോഗിച്ചാണു പ്രിയങ്കയും രാഹുലും പ്രചാരണം ശക്തമാക്കുന്നത്. രാഹുൽ ഗാന്ധിയുടെ ചിക്കമംഗളൂർ പ്രസംഗത്തിലും പ്രിയങ്കയുടെ കലബുറഗിയിലെ പ്രചാരണത്തിലും കണ്ടത് ‘നെഹ്റു കുടുംബത്തിൽ നിങ്ങൾക്കു വിശ്വാസമുണ്ടെങ്കിൽ കോൺഗ്രസിനെ വിജയിപ്പിക്കൂ. വാഗ്ദാനങ്ങൾ ആദ്യ മന്ത്രിസഭായോഗത്തിൽ നടപ്പാക്കും’ എന്ന ഉറപ്പാണ്. ഇത് ഗ്രാമങ്ങളിൽ വലിയ ചലനമുണ്ടാക്കുന്നുണ്ട്. ദൈനംദിന ജീവിതത്തിലെ ചെലവിൽ ഈ വാഗ്ദാനങ്ങൾ നടപ്പായാൽ ഉണ്ടാകുന്ന മാറ്റമാണ് അവർക്കു പ്രതീക്ഷ നൽകുന്നത്.
∙ കലബുറഗിയിലെ പ്രിയങ്ക്
വടക്കൻ കർണാടകയിലെ സ്റ്റാർതാരം കലബുറഗിയിലെ പ്രിയങ്ക് തന്നെ. മല്ലികാർജുൻ ഖർഗെയുടെ മകൻ. നരേന്ദ്ര മോദിയെ വിഷസർപ്പമെന്ന് ആക്രമിച്ച അച്ഛൻ മല്ലികാർജുൻ ഖർഗെയുടെ അതേ വീറോടെ സംസാരിക്കുന്നു പ്രിയങ്ക്. ‘‘നരേന്ദ്രമോദി കർണാടകയിൽ ഒരു ചുക്കുമല്ല. ഒന്നിനും കൊള്ളാത്തയാളാണ്’’. (ഈ വാക്കുകൾ പൊതുസമ്മേളനത്തിലും ഉപയോഗിച്ചതിന് അദ്ദേഹത്തിനെതിരെ തിരഞ്ഞെടുപ്പു കമ്മിഷൻ പിന്നീട് കേസെടുത്തു.) ‘‘അദ്ദേഹത്തിന്റെ റാലികൾ ഗുണം ചെയ്യാൻ പോകുന്നില്ല. ഇവിടെ പ്രചാരണത്തിന് അവർ യുപിയിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രംഗത്തിറക്കുന്നു. യോഗിയുടെ വർഗീയ, അവികസിത യുപി മോഡൽ ഇവിടെ കൊണ്ടുവരാൻ ആണോ?. ഞാനൊന്നു ചോദിക്കട്ടെ, മറ്റു മുഖ്യമന്ത്രിമാർ വരുന്നു. കർണാടകയിലെ അവരുടെ മുഖ്യമന്ത്രി എവിടെ? അപ്പോൾ അവർക്കു കാര്യമറിയാം. കർണാടകയിലെ ഭരണനേട്ടം പറഞ്ഞാൽ ആളുകൾ ഓടിക്കുമെന്ന്...’’.
എന്തു പറയണം, എവിടെ ആക്രമിക്കണം; പ്രിയങ്കിന് എല്ലാം കൃത്യമായി അറിയാം.
∙ സിദ്ധനും ഡികെയും
ഒരേസമയം റാലിയിൽ ഒരുമിച്ചുനിന്ന് കൈവീശുമ്പോഴും സർക്കാരെന്ന ലക്ഷ്യത്തിലേക്ക് ഒരുമിച്ച് അമ്പെയ്യുമ്പോഴും ഇരുവരും തമ്മിലൊരു ശീതയുദ്ധമുണ്ടെന്ന് കണ്ടാൽ അറിയാം. സർക്കാർ രൂപീകരിച്ചാൽ ആരു മുഖ്യമന്ത്രിയാകും? പലതവണ ആ സ്ഥാനത്തിന് അരികിൽ എത്തി കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടയാളാണ് ഡി.കെ ശിവകുമാർ. മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷനേതാവുമായ സിദ്ധരാമയ്യ, ഇത് തന്റെ അവസാനത്തെ തിരഞ്ഞെടുപ്പാണെന്നു പറയുന്നതുതന്നെ ഭരണം കിട്ടിയാൽ മുഖ്യമന്ത്രി സ്ഥാനം കിട്ടാനാണെന്നു വ്യക്തം.
അതേക്കുറിച്ചു ചോദിക്കാൻ കൂടിയാണ് ഹോസെപേട്ടിനരികിൽ ജിൻഡാൽ ഗെസ്റ്റ് ഹൗസിൽ വച്ച് സിദ്ധരാമയ്യയെ കണ്ടത്. അദ്ദേഹം യോഗയും നടത്തവും ഒരു മണിക്കൂർ പത്രവായനയും കഴിഞ്ഞുവന്ന് തീൻമേശയിൽ വച്ചു സംസാരിച്ചു: ഇത്തവണ ഭരണം കിട്ടിയാൽ ഡികെയ്ക്കുവേണ്ടി സ്ഥാനത്യാഗം ചെയ്യുമോ എന്ന ചോദ്യത്തിൽനിന്നു മാത്രം അദ്ദേഹം വഴുതിമാറി. ജനാധിപത്യത്തിൽ ആർക്കും മുഖ്യമന്ത്രിപദം ആഗ്രഹിക്കാം എന്ന വാക്കോടെ. ഡി.കെ പക്ഷേ, വളരെ കൂളാണ്. അദ്ദേഹത്തിന്റെ കൂടെ കാറിൽ യാത്ര ചെയ്ത സമയമൊക്കെയും നൂറുകണക്കിനു ഫോൺ കോളുകൾ. എന്തോ കേട്ട് ഗൗരവത്തിലിരുന്നതും പിന്നെ – ‘സസ്പെൻഡ് ഹിം ഇമ്മീഡിയറ്റ്‌ലി ആൻഡ് റിപ്പോർട്ട്’ എന്നു മറുപടി പറയുന്നതും കേട്ടു. സെക്കൻഡുകൾ കൊണ്ടു തീരുമാനമെടുക്കുന്നതിനുള്ള മിടുക്കും കൂൾ ആയി അതു ചെയ്യാനുള്ള കരുത്തും ഡികെയുടെ പ്രത്യേകത.
ഡി.െക വാഹനത്തിൽ നിന്നിറങ്ങി ഐഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയെ കാണാൻ അദ്ദേഹത്തിന്റ വീട്ടിലേക്കു പോയ തക്കം നോക്കി ഡ്രൈവർ കല്യാൺ സിങ്ങിനോടു ചോദിച്ചു. കാറിൽ പോകുമ്പോൾ ഡി.കെ. പാട്ടുകേൾക്കാറുണ്ടോ, പുസ്തകം വായിക്കാറുണ്ടോ, ഉറങ്ങാറുണ്ടോ? ഇല്ല എന്നു മറുപടി. രാഷ്ട്രീയം മാത്രം ജീവിതം. പത്രം കാറിലിരുന്നു വായിക്കും. പിന്നെ രാഷ്ട്രീയം ചിന്തിക്കും, പറയും, ചെയ്യും! അതാണു ഡി.കെ. കേരളത്തിൽ നിന്നാണെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിനു പ്രത്യേക സ്നേഹം. – ‘‘ഐ ലവ് കേരള, ഐ ലവ് മലയാള മനോരമ. ടെൽ ഓൾ മലയാളീസ് ഇൻ ബെംഗളൂരു ടു വോട്ട് ഫോർ കോൺഗ്രസ്’’ എന്നു പറഞ്ഞ് സെൽഫിയും എടുപ്പിച്ചാണ് ഇറക്കിവിട്ടത്.
∙ നിഖിൽ രാജകുമാരാ വിജയീഭവ
നിഖിൽ കുമാരസ്വാമി ഗൗഡയുടെ വീട്ടിലെ ഒരു സംഭാഷണം എങ്ങനെയിരിക്കും (സാങ്കൽപികം):
രാവിലെ കുളിച്ചൊരുങ്ങി മഞ്ഞപ്പൂമഴ നനയാൻ ഇറങ്ങിപ്പുറപ്പെടുകയാണ് നിഖിൽ. അപ്പോൾ അച്ഛൻ കുമാരസ്വാമി പറയുമായിരിക്കും: ‘‘ഡാ തോറ്റിട്ടിങ്ങു വന്നേക്കല്ല്.. കേട്ടാ..’’. അപ്പോ അപ്പുറത്തിരുന്ന് ദേവെഗൗഡ ചിരിക്കും. എന്നിട്ടു പറയും: ‘‘ഡാ അച്ഛന്റേം മുത്തച്ഛന്റേം പേരു കളഞ്ഞേക്കരുത്..’’. നിഖിൽ വാതിൽപ്പടിയിൽനിന്നു തിരിഞ്ഞു നടക്കും. മുത്തച്ഛനോട് പറയും: ‘‘മുത്തച്ഛാ, അങ്ങ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നു എന്നതൊക്കെ ശരിയായിരിക്കും. പക്ഷേ, ഇപ്പോൾ നമ്മള് രണ്ടും ഒരുപോലാ. 2018ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ ‘തോറ്റ എംപികൾ’. അത്ര ഡെക്കറേഷൻ മതി.’’
വീട്ടുകാരെല്ലാം ചിരിക്കും. മുത്തച്ഛനു വാക്കുമുട്ടും. എന്നാലും ആശീർവദിച്ചു വിടും.
കുമാരസ്വാമി പറയും: ‘‘ഡാ ജയിച്ചേക്കണേ.. മൊത്തം 35 സീറ്റ് പിടിച്ചാൽ നമ്മൾക്കു വീണ്ടും രാജാക്കന്മാരാകാം. ഞാൻ രാജാവ്, നീ രാജകുമാരൻ. അതു പറ്റിയില്ലെങ്കിൽ രാഷ്ട്രീയ വനവാസം. നിനക്ക് മാത്രമല്ല, എനിക്കും.’’
അവന്റെ അമ്മ അനിത കുമാരസ്വാമിയാവട്ടെ. ചോറുപൊതി കെട്ടിക്കൊണ്ടുവന്നു ബാഗിൽ വച്ചുകൊടുക്കുന്നുണ്ടാകും.
‘‘മോനേ, ആരോഗ്യം നോക്കണേടാ.. പിന്നെ, ഞാൻ നിനക്കു വിട്ടുതന്ന മണ്ഡലവും നോക്കണേ..’’
സിറ്റിങ് എംഎൽഎയായ അമ്മ അനിതയെ നമസ്കരിച്ച് നിഖിൽ രാമനഗര മണ്ഡലത്തിലേക്കൊരു പോക്കാണ്. ആ ആവേശത്തോടെയാണ് നിഖിലിന്റെ പ്രചാരണം. രാമനഗരയിലെ വീടുകളിൽ നിഖലിനൊപ്പം കയറിയപ്പോൾ ഒരു കാര്യം മനസ്സിലായി. നിഖിലിനെ എല്ലാവർക്കും ഇഷ്ടമാണ്. ജെഡിഎസ് അവർക്കു വേണ്ട മണ്ഡലങ്ങളിൽ മാത്രം കയറിക്കൂടാൻ ശ്രമിക്കുന്ന നി‘ഗൗഡ’മായ നീക്കത്തിലുമാണ്.
∙ ആകാശ യെഡിയൂരപ്പ
ആകാശത്തൊരു കൂറ്റൻ ചുവന്ന തുമ്പി പറക്കുന്നതു കണ്ടാൽ ഓർത്തോണം അത് യെഡിയൂരപ്പയുടെ ഹെലികോപ്റ്ററാണ്. ഒരു ഹെലിപ്പാഡിൽ കാത്തുനിന്നാണ് ഞങ്ങൾ യെഡിയൂരപ്പയെ കണ്ടുപിടിച്ചത്. അദ്ദേഹം ഹെലികോപ്റ്റർ ഇറങ്ങി കൂൾ ആയി വാഹനത്തിൽ വന്നു കയറുന്നു. തിരക്കും ബഹളവുമില്ല. കുറച്ചു സുരക്ഷാ ഉദ്യോഗസ്ഥരും എട്ടോ പത്തോ പാർട്ടിക്കാരും മാത്രം. മനോരമയുടെ വിസിറ്റിങ് കാർഡ് നീട്ടി, സംസാരിക്കാൻ അനുവാദം ചോദിച്ചു. കേരളത്തിൽനിന്ന് ഇത്ര ദൂരം യാത്ര ചെയ്തു വന്നതാണെന്നും വിജയാശംസകൾ നേരുന്നുവെന്നും പറഞ്ഞു. (ഭാഗ്യം അടുത്തെങ്ങും തെങ്ങുണ്ടായിരുന്നില്ല).
ഉച്ചഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം ഭക്ഷണ സ്ഥലത്തെത്തി. അവിടെ ഒരു വലിയ ഹാളിൽ ഒരു മേശ, നാലുകസേര മാത്രം. ഒന്നിൽ യെഡിയൂരപ്പ ഇരുന്നു. മുൻ മുഖ്യമന്ത്രി, ഇത്തവണത്തെ ബിജെപിയുടെ തിരഞ്ഞെടുപ്പു പോരാട്ടത്തിന്റെ ക്യാപ്റ്റൻ. ആ കീരീടത്തിനു നല്ല ഭാരമുണ്ട്. അദ്ദേഹം നാലു തവണ ഭരിച്ച തന്റെ സാമ്രാജ്യത്തിന്റെ അതിരുകൾ ആകാശത്തു പറന്നു നടന്നു കാണുകയാണ്. തീൻമേശയിൽ പ്ലേറ്റ് നിരന്നു. യെഡിയൂരപ്പ സഹായിയുടെ നേരേ കൈനീട്ടി. അയാൾ ഒരു സിറിഞ്ച് കയ്യിൽ വച്ചുകൊടുത്തു. ഇൻസുലിൻ ആണ്. വെളുത്ത സഫാരി ഉടുപ്പ് അൽപം ഉയർത്തി വയറിന്റെ ഇടതുഭാഗത്ത് സിറിഞ്ച് കയറ്റി. അത്രയും നേരം കണ്ണടച്ച് ധ്യാനത്തിലെന്നതു പോലെ യെഡിയൂരപ്പ.
‘‘സാവദി, ഷെട്ടർ തുടങ്ങിയ ലിംഗായത്ത് നേതാക്കൾ പാർട്ടിവിട്ടത് പ്രശ്നമല്ലെന്ന് അങ്ങ് പറയുന്നു... കണ്ണടച്ച് ഇരുട്ടാക്കുന്നതുപോലെ അല്ലേ അത്?’’ – എന്നു ചോദിച്ചു. അദ്ദേഹം കണ്ണുതുറന്നു. കൂളായി മറുപടി: ‘‘അതൊന്നും ബാധിക്കാൻ പോകുന്നില്ല. ഞങ്ങൾ ഭൂരിപക്ഷം നേടും. സർക്കാരുണ്ടാക്കും...’’
ആ വാക്കുകളിലെ ആത്മവിശ്വാസമാണ് ബിജെപിയുടെ കരുത്ത്.
ഹെലികോപ്റ്റർ ആണ് കർണാടക തിരഞ്ഞെടുപ്പിന്റെ പ്രധാന ‘ചിഹ്നം’ എന്നു വേണമെങ്കിൽ പറയാം. ഹെലികോപ്റ്ററുകൾ വാർത്തയിലും ഇടം പിടിച്ചു. ഡി.കെ. ശിവകുമാറിന്റെ ഹെലികോപ്റ്ററിന്റെ ചില്ല് ഒരു പക്ഷി ഇടിച്ചു പൊട്ടിച്ചു കളഞ്ഞു. കോപ്റ്റർ അടിയന്തിരമായി നിലത്തിറക്കേണ്ടി വന്നു. മറ്റൊരിടത്ത് ഡികെയുടെ കോപ്റ്റർ ഇറങ്ങിയ സ്ഥലത്ത് മൈതാനത്തിനരികെ പുല്ലിനു തീപിടിച്ചു കത്തി. ഈ ആകാശപ്പോരാട്ടങ്ങൾ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമോയെന്ന് ആർക്കും തോന്നാം. ആ ചോദ്യത്തിനു വോട്ടർമാർ മറുപടി പറയും. മേയ് പത്തിന്. അതിന് കർണാടക കാത്തിരിക്കുമ്പോൾ ഞങ്ങൾ ‘തേങ്ങ നാടാ’യ കേരളത്തിലേക്കു മടങ്ങുന്നു: ഈശ്വരാ കാത്തോളണേ.. ഞങ്ങളെയും കർണാടകയെയും കേരളത്തെയും.!
ജയ് ജനാധിപത്യം.
English Summary: Interesting Scenes from Election Campaigns of Various Parties: Ground Report from Karnataka